അരികിലിരുന്ന ജീവിതപങ്കാളി ജഗത് ദേശായിയുടെ തോളിലേക്കു ചാഞ്ഞ് അമല ആ വരികൾ ആവർത്തിച്ചു. ‘പ്രണയമില്ലെങ്കില്‍ ജീവിതത്തിനെന്താണു സൗന്ദര്യം.’
വിവാഹം, സിനിമയിലേക്കുള്ള സജീവമായ തിരിച്ചുവരവ്, അമ്മയാകാനുള്ള ഒരുക്കങ്ങൾ, വിഷാദത്തിലൂടെ കടന്നു പോയ രണ്ട് വർഷങ്ങൾ. തെന്നിന്ത്യൻ സിനിമയുടെ ‘മൈന’യായി തുടങ്ങി, ബോളിവുഡ് നായികാനിരയിലേക്കു വളർന്ന അമലയ്ക്കു പറയാനുണ്ടായിരുന്നു, ഒരുപാട് പുതിയ വിശേഷങ്ങൾ.
അമല: ഇതുവരെ ജീവിതം എന്ന വണ്ടിയുടെ ഡ്രൈവിങ് സീറ്റിലായിരുന്നു ഞാൻ. ഇപ്പോൾ പാസഞ്ചർ സീറ്റിലേക്കു മാറി. സിനിമ, യാത്രകൾ എന്നിങ്ങനെ ഒരേ പാതകളിലൂടെയുള്ള യാത്രയ്ക്ക് ഒരു മാറ്റം വന്നിരിക്കുന്നു. കുടുംബജീവിതം, ഗർഭകാലം. ഒരു പുതിയ അധ്യായം തുറന്നതു പോലെ. അമ്മയാകാനൊരുങ്ങുന്നതിന്റെ ശാരീരികവും മാനസികവുമായ വ്യത്യാസങ്ങള്‍ ആസ്വദിക്കുകയാണ്. എക്കാലവും ജീവിതത്തിൽ മാറ്റങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഗോവയിൽ കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയിലാണു ജഗിനെ കാണുന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന വില്ല ജഗിന്റെതായിരുന്നു. ആ പരിചയം സൗഹൃദമായി. അപ്പോഴേക്കും രണ്ടുപേ ർക്കും അതിനുമേെല ഒരിഷ്ടം പരസ്പരം തോന്നിത്തുടങ്ങിയിരുന്നു. രണ്ടാളും ആഗ്രഹിക്കുന്ന തരം പങ്കാളികളാണു ഞങ്ങളെന്നു തോന്നി.
എന്റെ വീട്ടിലും വിവാഹാലോചനകൾ നോക്കുന്നുണ്ടായിരുന്നു. ആദ്യം കണ്ടപ്പോഴേ പ്രപ്പോസ് ചെയ്യാന്‍ തോന്നി എന്നാണു ജഗ് പറഞ്ഞത്. ഒരുപാടു കാലമായി സിംഗിൾ ആയി ജീവിച്ച ആളാണു ഞാൻ. അതുകൊണ്ടു തന്നെ എടുത്തുചാടിയുള്ള പ്രണയത്തോടു താൽപര്യമുണ്ടായിരുന്നില്ല. ഇനി എടുക്കുന്ന ഒരു തീരുമാനം ശരിയായിരിക്കണം എ ന്നു നിർബന്ധമുണ്ടായിരുന്നു.
മമ്മിയോടും ഞാൻ പറഞ്ഞിരുന്നു, ഇനി ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കിൽ, ആറു മാസമോ ഒരു വർഷമോ ഡേറ്റ് ചെയ്തിട്ടേ തീരുമാനമെടുക്കൂ എന്ന്. പക്ഷേ, നമ്മൾ വിചാരിക്കും പോലെയല്ലല്ലോ കാര്യങ്ങൾ. എന്നെയും ജഗിനെയും തമ്മിൽ അടുപ്പിക്കുന്ന അദൃശ്യശക്തി ഞങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതാണു ബ്ലെസിയേട്ടൻ മുൻപു പറഞ്ഞ ജീവിതത്തിന്റെ സൗന്ദര്യം.
ജഗത്: മറ്റൊരു വില്ലയിൽ നിന്നു ചെക്ക് ഔട്ട് ചെയ്ത് അമലയും കുടുംബവും എന്റെ വില്ലയിലേക്കു കാറിൽ വന്നിറങ്ങുമ്പോഴാണു അമലയെ ആദ്യം കണ്ടത്. ഞാനും അപ്പോൾ കാറിൽ നിന്നിറങ്ങുകയായിരുന്നു.
ഉറക്കക്ഷീണത്തിൽ, പിങ്ക് ടീഷർട്ടും ജീൻസും കൂളിങ് ഗ്ലാസുമൊക്കെയായി ലേസി ലുക്കിലായിരുന്നു കക്ഷി. ആ നിമിഷം മനസ്സിൽ ഒരിഷ്ടം തോന്നി. ആദ്യമായി നേരിൽ ക ണ്ടയാളെ വീണ്ടും കാണണമെന്നു തോന്നുന്ന ഫീൽ ഇല്ലേ, അതായിരുന്നു അപ്പോൾ മനസ്സിൽ.
അമല: പരിചയപ്പെട്ടു കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാ നും ജഗും ഒന്നിച്ചൊരു പാർട്ടിയിൽ പങ്കെടുത്തു. എല്ലാവരും ആഘോഷിക്കുമ്പോൾ, ഞങ്ങൾ അതിലൊന്നും പെടാ തെ പുലരുവോളം സംസാരിച്ചിരുന്നു. പരസ്പരം തുറന്നു പറഞ്ഞു. ഒരു ഘട്ടത്തിൽ തന്റെ ജീവിതത്തിലെ ഒരു മോ ശം അനുഭവം പറയവേ ജഗ് പൊട്ടിക്കരഞ്ഞു. ആ നിമിഷ ത്തിൽ എനിക്കു തോന്നി, ഇത് വേറൊരാളല്ല, ജീവിതത്തിലേക്കു ചേർത്തു പിടിക്കേണ്ട മനുഷ്യനാണ് ദാ, അരികിൽ ഇരിക്കുന്നത്. ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു നിമിഷം.
ജഗത്: സത്യത്തിൽ അമലയെ പരിചയപ്പെടുമ്പോഴും ഡേറ്റ് ചെയ്യുമ്പോഴും ആക്ടർ ആണെന്ന് അറിയില്ലായിരുന്നു.
അമല: എന്റെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പേജിന്റെ ലിങ്കാണ് ഞാൻ ജഗിനു കൊടുത്തിരുന്നത്. അതിൽ എന്റെ ഫ്രണ്ട്സ് മാത്രമാണുള്ളത്. യാത്രകളിലൊന്നും ഞാനൊരു അഭിനേത്രിയാണെന്ന് ആരോടും പറയാറില്ല. ഫ്രീഡം പോകും. ജ ഗിനോടു പറഞ്ഞത്, ബിസിനസ് സംരംഭകയാണെന്നാണ്. സിനിമയിലോ മോഡലിങ്ങിലോ ഒന്നു ശ്രമിക്കാവുന്നതാണ് എന്നായിരുന്നു ജഗിന്റെ മറുപടി.
ജഗത്: വില്ലയിലെ റജിസ്റ്ററിൽ അമലയുടെ പേര് കണ്ട് എന്റെ ടീമിലൊരാൾ ഇതു നടി അമലപോൾ ആണോ എ ന്നു കമ്പനി ഗ്രൂപ്പിൽ മെസേജ് ഇട്ടു. ചോദിച്ചപ്പോൾ കക്ഷി സത്യം പറഞ്ഞു. അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ച ‘ഭോല’യിലെ പാട്ട് കാണിച്ചു. ശരിക്കും ഷോക്ക് ആയി. ഇ ത്ര വലിയ നായികയാണോ അതൊന്നും പറയാതെ എനിക്കൊപ്പം പ്രണയിച്ചു നടക്കുന്നത്.
അമലയുടെ സഹോദരൻ അഭിജിത്തിനും കുടുംബത്തിനുമൊപ്പം ബെംഗളൂരുവിലെ ഷെഫ് പിള്ളയുടെ റസ്റ്ററന്റിലാണ് ഞങ്ങൾ ഓണം ആഘോഷിച്ചത്. അവിടെ വച്ചു അമലയെ കണ്ടു ധാരാളം ആളുകൾ കൂടി. എല്ലാവരും സെൽഫി എടുക്കുന്നു, വിഡിയോ എടുക്കുന്നു. അപ്പോഴാണ് അമലയുടെ താരപ്രഭ ശരിക്കും മനസ്സിലാക്കിയത്.
അമല: എന്റെ ബോയ്ഫ്രണ്ട്സിനെ പൊതുവേ അത്ര ഇ ഷ്ടമല്ലാത്ത ആളാണു ചേട്ടൻ. പക്ഷേ, ജഗിനെ പരിചയപ്പെട്ടപ്പോഴേ ഇഷ്ടമായി. ഡേറ്റിങ് തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾ, എന്റെ പിറന്നാളിനു കുറച്ചു ദിവസം മുൻപു ജഗ് പ്രപ്പോസ് ചെയ്തു. വൈകാതെ വിവാഹവും. ദേ, ഇപ്പോൾ ഞങ്ങളുടെ പൊന്നോമന വന്നതിന്റെ സന്തോഷത്തിലും.
അമ്മയാകുന്നത് സ്ത്രീയുടെ ജീവിതത്തിന്റെ ആനന്ദം നിറഞ്ഞ അനുഭവങ്ങളിലൊന്നാണ്. ഒപ്പമുണ്ടായിരിക്കുമ്പോൾ നമുക്കു സമാധാനം തോന്നുന്ന ഒരാളോടൊപ്പമാകുമ്പോളാണ് അതു പൂർണമായി ആസ്വദിക്കാൻ കഴിയുന്നത്.
ഫെയറി ടൈം റൊമാൻസിലും ടൈം ലെസ് ക്ലാസിക്സിലുമൊക്കെ വിശ്വസിക്കുന്ന ആളാണു ഞാൻ. ജീവിതത്തി ൽ ചില മോശം ബന്ധങ്ങളിലൂടെ കടന്നു പോയിക്കഴിയുമ്പോൾ, നമുക്ക് അതിനോടൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടും. എല്ലാം തീർന്നു എന്നു തോന്നുന്നിടത്തു ശരിയായ ഒരാൾ വരും. നമ്മൾ എന്തിലാണോ വിശ്വസിച്ചിരുന്നത്, അതാണു സത്യം എന്നു സ്വയം ബോധ്യപ്പെടും.
ഉപാധികളില്ലാത്ത സ്നേഹം മമ്മിയിൽ നിന്നല്ലാതെ അനുഭവിക്കുന്നതു ജഗിലൂടെയാണ്. ഗുജറാത്താണു നാട്. അച്ഛന്റെയും അമ്മയുടെയും ഒറ്റമോൻ. റിയൽ എസ്റ്റേറ്റ് ബിസിനസ്. ഗോവയിൽ സെറ്റിൽഡ്.
ഒട്ടും നല്ല കുട്ടിക്കാലമായിരുന്നില്ല എന്റേത്. തണൽക്കുടയ്ക്കു താഴെ വളർന്നു വന്ന കുട്ടിയല്ല ഞാൻ. ധാരാളം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ട്. അതുകൊണ്ടു ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ അംഗീകരിക്കാനും പൊരുത്തപ്പെടാനും കഴിയാറുണ്ട്.
ഞങ്ങളുടെ വിവാഹത്തിന്റെയന്ന് അപ്രതീക്ഷിതമായി നല്ല മഴ പെയ്തു. പലരും അത് ആശങ്കയോടെ ചർച്ച ചെയ്യുന്നതു കണ്ടു.
നമുക്കു നിയന്ത്രിക്കാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനിത്ര ടെൻഷൻ എന്നാലോചിച്ചിരിക്കവെയാണു ജഗ് പറയുന്നത്, ‘മഴ നമുക്കു നിർത്താൻ പറ്റില്ല. ചടങ്ങു പ ക്ഷേ, കൃത്യമായി നടത്താൻ പറ്റും’ എന്ന്. അങ്ങനെയൊരു മാനസിക പൊരുത്തം ഞങ്ങൾക്കിടയിലുണ്ട്.
ജഗത്: അത്യാവശ്യം വർക്കൗട്ട് ചെയ്യുകയും ശരീരം ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ് ഞാൻ. പക്ഷേ, ഗർഭിണിയായ ശേഷം അമലയ്ക്കൊപ്പം ഞാനും വണ്ണം വച്ചു തുടങ്ങി.
വർക്കൗട്ട് ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും പട്ടിണി കിടന്നിട്ടും മാറ്റമില്ല. വയറിങ്ങനെ കൂടിക്കൂടി വരുന്നു. ആ കെ പേടിച്ചു. ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, ഗർഭകാലത്ത് അമ്മയോടൊപ്പം അച്ഛന്റെയും ശരീരത്തിലും ചില മാറ്റങ്ങൾ വരാമത്രെ.
പ്രസവം കഴിയുന്നതോടെ സാധാരണ നിലയിലേക്കെത്തും. ഇതിനൊരു പേരുമുണ്ട്, ‘സ്പിരിച്വൽ പ്രഗ്‌നൻസി.’
വീണ്ടെടുത്ത സന്തോഷം
ആദ്യ വിവാഹ ബന്ധം വേർപിരിയുമ്പോൾ ഇതു സംഭവിക്കേണ്ടതാണെന്നേ ചിന്തിച്ചുള്ളൂ. രണ്ടു വഴിയേയുള്ളൂ, ഒന്നുകിൽ പിരിയാം. അല്ലെങ്കിൽ ക്ഷമയോടെ തുടരാം. എന്നെ സംബന്ധിച്ച്, എത്ര കോടി രൂപ തരാം എന്നു പറഞ്ഞാലും, എത്ര ആഡംബരം ഉണ്ടെങ്കിലും സന്തോഷമില്ലാത്ത, സ്വാതന്ത്ര്യം ഇല്ലാത്ത സാഹചര്യത്തിൽ മുന്നോട്ടു പോകാനാകില്ല.
പൊതുവേ ആരേയും കുറ്റപ്പെടുത്താറില്ല. എല്ലാം എന്റെ തെറ്റായിരുന്നു. ജീവിതത്തില്‍ അത്ര മികച്ച തീരുമാനമല്ല എടുത്തതെന്നും അംഗീകരിക്കുന്നു. കുറ്റബോധമില്ല. അതേക്കുറിച്ചു കൂടുതൽ ചിന്തിക്കാറുമില്ല. ഒരു സാഹചര്യത്തിൽ ചെയ്യാനാകാത്തതു മറ്റൊരു സാഹചര്യം വരുമ്പോൾ നന്നായി ചെയ്യുകയല്ലേ പ്രധാനം.
വിഷാദത്തിന്റെ മറുകര തേടി
നാലു വർഷം മുൻപായിരുന്നു പപ്പയുടെ വേർപാട്. അ തെന്നെ വല്ലാതെ ഉലച്ചു. അഞ്ചു വർഷം കാൻസറിനോടു പൊരുതിയാണു പപ്പ പോയത്. അക്കാലം അതിജീവിക്കാൻ നന്നേ വിഷമിച്ചു. മനസ്സ് കടുത്ത വിഷാദത്തിൽ വീണുപോയി. ജീവിതത്തിൽ ഇനിയൊരിക്കലും എനിക്കു ചിരിക്കാൻ കഴിയില്ലെന്നു പോലും തോന്നിയ നിമിഷങ്ങളുണ്ട്. എങ്ങനെ ഇതു മറികടക്കുമെന്നും അറിയുമായിരുന്നില്ല.
അക്കാലത്തു ഞാൻ വീടിനു പുറത്തേക്ക് ഇറങ്ങാറേ ഇല്ലായിരുന്നു. എല്ലാവർക്കും പേടി തുടങ്ങി. പുറത്തിറങ്ങുന്ന കാര്യം തീരുമാനിക്കാൻ പോലും വലിയ മാനസികസമ്മർദം തോന്നി. ഒരിക്കല്‍ സുഹൃത്തിനെ കാണാൻ ഫ്ലാറ്റിൽ പോയപ്പോൾ ലിഫ്റ്റിൽ കയറാൻ സാധിച്ചില്ല. ഭയം നാലുപാടു നിന്നും ഞെരുക്കും പോലെ... ഒടുവിൽ പതിനൊന്നു നിലകളും നടന്നു തന്നെ കയറി.
അന്നെനിക്കൊരു കാര്യം മനസ്സിലായി. ഞാൻ പെട്ടുനിൽക്കുകയാണ്. പുറത്തുകടന്നേ പറ്റൂ. എന്റെ വ്യക്തിത്വം, ഇഷ്ടങ്ങൾ അതിനൊക്കെ പ്രധാന പരിഗണന ന ൽകാൻ തുടങ്ങി. മറ്റുള്ളവർ പറയുന്നതല്ല, എന്റെ തീരുമാനങ്ങളാണു പ്രധാനമെന്നു സ്വയം പറഞ്ഞുറപ്പിച്ചു.
പപ്പയുടെ മരണശേഷമാണു സിനിമയിൽ നിന്നു ബ്രേക് എടുക്കുന്നത്. ആ സമയത്ത് എന്തു ചെയ്താലും ശരിയാകില്ലെന്നു തോന്നി. ‘ഗോയിങ് വിത് ദ് ഫ്ലോ’ എന്നതാണ് എന്റെ ഫിലോസഫി. നാളെയെക്കുറിച്ചുള്ള ചിന്തകളാണു പലപ്പോഴും കാര്യങ്ങൾ സങ്കീർണമാകുന്നത്. രണ്ടു വർഷം പോണ്ടിച്ചേരിയില്‍ ഒരു ഇന്റ ർനാഷനൽ കമ്യൂണിറ്റിയുടെ ഭാഗമായി താമസിച്ചിരുന്നു. പല രാജ്യത്തു നിന്നുള്ളവരുണ്ട്. യോഗ, മിനിമൽ ലൈഫ് ഒക്കെയായി കടന്നു പോയ ആ കാലം എന്നെ വളരെയധികം സ്വാധീനിച്ചു. ബോധപൂർവമായ ശ്രമങ്ങളാൽ പതിയെ ആ ഞെരുക്കത്തിൽ നിന്നു പുറത്തു ക ടന്നു.
പിന്നീടു ‘ടീച്ചർ’ എന്ന സിനിമയിലൂടെയാണു തിരിച്ചെത്തുന്നത്. അക്കാലത്ത് അഭിനയം എനിക്ക് ആർട് തെറപി പോലെ ആയിരുന്നു. അതുകൊണ്ടൊക്കെയാകാം വലിയ കുഴപ്പങ്ങളിലേക്കു വീഴാതിരുന്നത്.
യാത്രകൾ എന്നെ വീണ്ടെടുക്കാനുള്ള മാർഗമാണ്. തുടർന്നു ബാലിയിലേക്കും തായ്‌ലൻഡിലേക്കും ഒരു മാസം നീണ്ട യാത്ര. ആ യാത്രയിൽ ഞാൻ ഞാനുമായി കൂടുതൽ അടുക്കാൻ തുടങ്ങി. അത്രകാലത്തെ റിലേഷൻഷിപ്പും സൗഹൃദങ്ങളുമൊക്കെ നമ്മൾക്കു നമ്മളിൽ നിന്നൊളിച്ചോടാനുള്ള മാർഗം മാത്രമായിരുന്നുവെന്നു തോന്നി. ബാലിയിലെയും തായ്‌ലൻഡിലെയും സ്ട്രീറ്റുകളിലൂടെ ഒറ്റയ്ക്കു ബൈക്ക് ഓടിച്ചു പോകുമ്പോൾ, ഞാൻ മനസ്സ് നിറഞ്ഞു ചിരിച്ചു. അപ്പോൾ ആ നിമിഷം എനിക്കു മനസ്സിലായി, ഐയാം ഹാപ്പി!
വി.ജി.നകുല്‍
ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍