Saturday 23 October 2021 02:30 PM IST

‘വീട്ടിലൊരാൾ ഗർഭിണിയായതു പോലെയാണ് ലൊക്കേഷനിലുള്ളവരും കെയർ ചെയ്തത്; വേഗത്തിൽ നടന്നാൽ വഴക്കു പറയും’: മനസ്സ് തുറന്ന് അശ്വതി ശ്രീകാന്ത്

Roopa Thayabji

Sub Editor

aswathy65443babuyt ഫോട്ടോ: ബേസിൽ പൗലോ

സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന പുതിയ കോമഡി ഷോയുടെ ഉദ്ഘാടന എപ്പിസോഡ് നടക്കുകയാണ്. നടൻ ദിലീപാണ് മുഖ്യാതിഥി. ഓഡിയൻസിനിടയിൽ നിന്ന് ഒരു പെൺകുട്ടിയെ ക്ഷണിച്ച് അവളുടെ കൂട്ടുകാരിക്കു സർപ്രൈസ്  കൊടുക്കാനായി ഇരുവരും ചേർന്ന് ഫോൺ ചെയ്യുന്നു. ‘ഹലോ, ഇതാരാണെന്നു മനസ്സിലായോ...’

കിണഞ്ഞു പരിശ്രമിച്ചിട്ടും മറുതലയ്ക്കലുള്ള ആളിന് മലയാളികൾക്കു മുഴുവൻ സുപരിചിതമായ ദിലീപിന്റെയോ സുരാജിന്റെയോ ശബ്ദം പിടികിട്ടുന്നില്ല. ഒടുക്കം സ ത്യം വെളിപ്പെടുത്തേണ്ട ഗതികേടായി. സഹഅവതാരക ഫോൺ വാങ്ങി ഇതൊരു സർപ്രൈസ് കോളായിരുന്നു എ ന്നു പറയുന്നു. കേട്ടപാടേ മറുതലയ്ക്കൽ നിന്ന് അദ്‌ഭുതം കലർന്ന പൊട്ടിച്ചിരി, ‘അയ്യോ അശ്വതി ചേച്ചിയല്ലേ...’

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് അത്ര പരിചിതമാണ് അശ്വതിശ്രീകാന്തിന്റെ ശബ്ദം. അവതാരകയായി ടെലിവിഷനിലെത്തി, ‘ചക്കപ്പഴം’ എന്ന ഹിറ്റ് സീരിയലിലൂടെ കരിയർ ഒന്നു മാറ്റിപ്പിടിച്ച അശ്വതിയുടെ വീട്ടിലിപ്പോൾ സന്തോഷത്തിന്റെ ‘ഓണം ബംപർ’ അടിച്ചിരിക്കുകയാണ്. മൂത്തമകൾ പദ്മയ്ക്ക് അനിയത്തി കുട്ടിയായി കമല വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ഈ വീട്ടിലേക്ക് എത്തിയത്.

കോമഡിയും കൗണ്ടറും പറഞ്ഞ് പ്രേക്ഷകരെ കയ്യിലെടുത്ത അശ്വതി ഒരിക്കൽ ഇതെല്ലാം അവസാനിപ്പിച്ച് വീട്ടിലിരിക്കാൻ തീരുമാനിച്ചിരുന്നു എന്നു കേട്ടാലോ? തമാശയ്ക്കും ചിരിക്കുമപ്പുറം അങ്ങനെയൊരു ഫ്ലാഷ് ബാക് കൂടിയുണ്ട് ചിരിവീടിനു പറയാൻ.

ഈ പ്രായത്തിൽ ഇതു വേണമായിരുന്നോ എന്നു ചോദിച്ചവരുണ്ടോ?

മൂത്തയാൾക്ക് എട്ടുവയസ്സ് പ്രായമുള്ളതു കൊണ്ട് അടുത്ത പ്രസവം ഇത്ര ലേറ്റാക്കണമായിരുന്നോ എന്നാണ് മിക്കവരും ചോദിച്ചത്. ‘ഇത്തവണ കുറച്ചുകൂടി പ്രശ്നങ്ങൾ കാണും, കാരണം 30കളിലെ പ്രഗ്‍നൻസി അങ്ങനെയാണല്ലോ’ എന്നും ഉപദേശിച്ചിരുന്നു. സത്യം പറഞ്ഞാൽ ആദ്യത്തെ പ്രസവത്തെക്കാൾ സുഖമായിരുന്നു രണ്ടാമത്തേത്. നടുവേദന, കാലിൽ നീര്, കുട്ടിയുടെ പൊസിഷൻ പ്രശ്നം അങ്ങനെ കുറേ കോംപ്ലിക്കേഷൻസ് ആദ്യ ഗർഭകാലത്ത് ഉണ്ടായിരുന്നു.

പക്ഷേ, ഇത്തവണ ഒരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. ഫോട്ടോസ് കണ്ടാൽ മനസ്സിലാകും, കുറച്ചു വയറുണ്ടെന്നതല്ലാതെ ഛർദി അടക്കം യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.

അത്ര പ്രശ്നമായിരുന്നോ ആദ്യത്തെ ഗർഭകാലം?

കല്യാണം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ ഗർഭിണിയായി. ഒ ന്നുകൂടി ആലങ്കാരികമായി പറഞ്ഞാൽ കുഞ്ഞിനെ കുറിച്ചൊക്കെ പ്ലാൻ ചെയ്തു ഗർഭം ധരിക്കാനുള്ള സമയം കിട്ടിയില്ല. 26 വയസ്സേ എനിക്കുള്ളൂ, ശ്രീക്ക് 27ഉം. പേരന്റിങ്ങിനെ കുറിച്ചും പ്രഗ്‍നൻസിയെ കുറിച്ചും അത്ര ധാരണ ഇല്ലാത്തതു കൊണ്ട് ആശങ്കകളും ടെൻഷനും ആവോളം.  ഷുഗറും ബിപിയും നീരും വേദനയും ഒക്കെയായിരുന്നു അന്നു മെയിൻ. ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞിന്റെ കിടപ്പ് ശരിയല്ലാത്തതു കൊണ്ട് അവസാന മാസം വരെ ഡോക്ടർമാർ പറഞ്ഞിരുന്നത് സിസേറിയൻ വേണ്ടി വരുമെന്നാണ്. രണ്ടുപേർക്കും ജോലി ദുബായിൽ ആയിരുന്നതിനാൽ അവിടെ മതി പ്രസവമെന്നു നേരത്തേ പ്ലാൻ ചെയ്തു. എട്ടര മാസം കഴിഞ്ഞപ്പോഴേക്കും ശ്രീകാന്തേട്ടന്റെ അമ്മ ഞങ്ങളുടെ അ ടുത്തേക്കു വരികയും ചെയ്തു.

ഡെലിവറി ഡേറ്റിനു പത്തു ദിവസം മുന്‍പായിരുന്നു അ വസാന ചെക്കപ്പ്. പരിശോധിച്ചപ്പോൾ  അതുവരെ പൊസിഷൻ ശരിയല്ലാതിരുന്ന കുഞ്ഞിന്റെ തലയൊക്കെ താഴേക്കു വന്ന്, കുഞ്ഞ് പുറത്തേക്കു വരാനുള്ള ഒരുക്കത്തിലായിരുന്നു. നേരേ ലേബർ റൂമിലേക്കു വിട്ടോളാൻ ഡോക്ടർ പറഞ്ഞു. അതൊരു പാകിസ്ഥാനി ഡോക്ടറായിരുന്നു.

ഭാഷയായിരുന്നു പ്രധാന പ്രശ്നം. ചുറ്റുമുള്ളവരിൽ ഒറ്റ മലയാളി പോലുമില്ല. അസ്വസ്ഥത തോന്നുമ്പോൾ ഇംഗ്ലിഷിലല്ലാതെ ഒരക്ഷരം പറഞ്ഞാൽ അവർക്കു മനസ്സിലാകില്ല. വേദന വരുമ്പോൾ നമ്മൾ ‘അയ്യോ, അമ്മേ...’ എന്നൊക്കെയല്ലാതെ എങ്ങനെ കരയാനാണ്. നാലഞ്ചു മണിക്കൂർ പ്രസവവേദന കഴിഞ്ഞ് പദ്മ പുറത്തുവന്നു.  

പോസ്റ്റ്പാർടം സ്ട്രെസ്സും നേരിട്ടു ?

ചെറിയ കാര്യത്തിനു പോലും എനിക്കു ടെൻഷനാണ്. സാമ്പത്തികമായി സെറ്റിൽഡ് ആയിരുന്നില്ല. സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കിയാണ് ഞാൻ അന്ന്. ഗർഭകാലത്തെ ബുദ്ധിമുട്ടുകൾ കൊണ്ട് ലീവെടുത്താൽ ജോലിക്കു വല്ല പ്രശ്നവും വരുമോ എന്ന പേടിയുമുണ്ട്. പ്രസവം കഴിഞ്ഞപ്പോൾ ആ ടെൻഷൻ മുഴുവൻ കുഞ്ഞിലും കണ്ടു. ഭയങ്കര ഇൻസെക്യൂരിറ്റി ഉണ്ടായിരുന്നു പദ്മയ്ക്ക്. ഞാൻ അടുത്തുനിന്നു മാറിയാൽ കരഞ്ഞു ബഹളമുണ്ടാക്കും. 45 ദിവസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ നിർത്തി ഞാനൊന്നു പുറത്തു പോയി. അന്ന് അവളുണ്ടാക്കിയ പുകിലു പറയേണ്ട.

വീസ പുതുക്കാനായി ഇതിനിടെ ശ്രീയുടെ അമ്മ നാട്ടിൽ പോയി. അപ്പോൾ മോളെയും കൊണ്ടാണ് ‍ഞാൻ ജോലിക്കു പോകുന്നത്. കുഞ്ഞിനെ പുറത്തു കിടത്തിയിട്ട് വോയ്സ് ബൂത്തില്‍ കയറും. ബ്രേക്കിന് ഇറങ്ങി വരുമ്പോൾ സ്ട്രോളറിൽ കിടന്ന് അവൾ കരഞ്ഞു തളർന്നിട്ടുണ്ടാകും.

പ്രസവം കഴിഞ്ഞ പാടേ ആശുപത്രിയിൽ നിന്നു തന്നെ കുപ്പിപ്പാലു കൊടുത്തു തുടങ്ങി. അതുകൊണ്ട് മുലപ്പാൽ കുറവായിരുന്നു. അതോടെ ഞാനൊരു മോശം അമ്മയാണെന്ന ചിന്തയായി. കുഞ്ഞിന്റെ കരച്ചിൽ കാണുമ്പോൾ എല്ലാം നിർത്തി വീട്ടിലിരുന്നാലോ എന്നുവരെ ചിന്തിച്ചു. ഒരു ദിവസം ഇതു പറഞ്ഞു കരഞ്ഞപ്പോൾ ശ്രീയാണ് ധൈര്യം തന്നത്. ‘നീ നല്ല അമ്മയല്ലെങ്കിൽ പിന്നെ, ആരാണ് ഈ ലോകത്തിലെ ഏറ്റവും നല്ല അമ്മ...’

രണ്ടാമത്തെ ഗർഭകാലം ഏറ്റവും സന്തോഷമായിരിക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്. മറ്റു രണ്ട് ആഗ്രഹങ്ങളും ഉണ്ടായിരുന്നു, കുഞ്ഞിന് എന്റെ പാലു തന്നെ കൊടുക്കണമെന്നും കുഞ്ഞ് രാത്രി സമാധാനമായി ഉറങ്ങണമെന്നും. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഗർഭിണിയാകുന്നത് ശരീരം കൊണ്ടു മാത്രമല്ല, മനസ്സു കൊണ്ടു കൂടിയാണ്.

aswathyyellowww

കമല കൃത്യം ഡേറ്റിൽ തന്നെ വന്നോ ?

13 ദിവസം മുന്‍പാണ് അവസാന ചെക്കപ്പ്. കുട്ടിയുടെ വള ർച്ചയൊക്കെ പൂർത്തിയായിരുന്നതു കൊണ്ട് ഡോക്ടർ പറഞ്ഞു, വച്ചു താമസിപ്പിക്കേണ്ട എന്ന്. പെയിൻ വരാനുള്ള മരുന്നു തന്നു. അങ്ങനെ സെപ്റ്റംബർ 12 ആണ് ഡേറ്റ് പറഞ്ഞിരുന്നതെങ്കിലും ഓഗസ്റ്റ് 31ന് കമലയെ പ്രസവിച്ചു. സെപ്റ്റംബർ 19 ആണ് പദ്മയുടെ ബർത്ഡേ. അവൾക്കുള്ള ജന്മദിന സമ്മാനം കൂടിയായി അത്.

കോവിഡ് കാലത്തെ സീരിയൽ അഭിനയവും ഗർഭകാലവുമൊക്കെ റിസ്കായിരുന്നോ ?

ആശുപത്രിയിൽ പോകുന്നതിനേക്കാൾ റിസ്കായിരുന്നു ഷൂട്ടിങ്ങിനു പോകുന്നത്. പക്ഷേ, കോവിഡിനൊപ്പം ജീവിക്കാൻ എല്ലാവരും പഠിച്ചു. വീട്ടിലൊരാൾ ഗർഭിണിയായതു പോലെയാണ് ലൊക്കേഷനിലുള്ളവരും കെയർ ചെയ്തത്. വേഗത്തിൽ നടന്നാൽ വഴക്കു പറയും. ഞാൻ മുറിയിലേക്കു ചെല്ലുമ്പോൾ കട്ടിൽ ഒഴിഞ്ഞു തരും. ഒൻപതാം മാസം തുടങ്ങുന്നതു വരെ ഷെഡ്യൂൾ മുടക്കിയില്ല.

ഇത് ആൺകുട്ടിയാണെന്നാണ് ‘ചക്കപ്പഴ’ത്തിലെ മുത്തശ്ശി ലക്ഷണം നോക്കി പ്രവചിച്ചിരുന്നത്. പെൺകുട്ടി ആയതിൽ ഏറ്റവും സന്തോഷം പദ്മയ്ക്കാണ്. അവൾക്കാണ് കൂടെപ്പിറപ്പു വേണമെന്ന ചിന്ത തന്നെ ആദ്യം തോന്നിയത്. പദ്മയുടെ ആഗ്രഹം അനിയത്തിയെ ആയിരുന്നു. അതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട് കേട്ടോ. പദ്മയ്ക്കു അടുത്തു പരിചയമുള്ള ആൺകുട്ടികളൊക്കെ കുറുമ്പന്മാരാണ്. കമല വന്നതോടെ അവൾ സൂപ്പർ ഹാപ്പി.

ജോലി വേണ്ട എന്നു തീരുമാനിച്ചിടത്തു നിന്ന് കരിയറും കുടുംബവും മാനേജ് ചെയ്യുന്ന No.1 അവതാരകയായി ?

പദ്മയ്ക്ക് ഒരു വയസ്സുള്ളപ്പോഴാണ് ടിവിയിൽ കോമഡി ഷോ അവതരിപ്പിക്കാൻ വിളി വന്നത്. ഓഫർ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു മാസത്തിൽ ഒരു വട്ടമേ ഷൂട്ടിങ് ഉള്ളൂ, അതും നാലു ദിവസം. ‘അവസരങ്ങൾ ഇപ്പോഴേ വരൂ, നാളെ കുഞ്ഞ് വളർന്ന് അവളുടെ വഴിക്കു പോകും. അപ്പോൾ നിരാശപ്പെട്ടിട്ട് കാര്യമില്ല.’ ശ്രീയുടെ ആ ഡയലോഗിൽ ഞാൻ വീണു. ദുബായിൽ നിന്ന് കുഞ്ഞുമായി പാലായിലെ വീട്ടിലേക്കു വരും. അവളെ അവിടെയാക്കി വെളുപ്പിന് പിറവത്തെ സ്റ്റുഡിയോയിലേക്കു പോകും. രാത്രി ഒരു മണിക്കും മറ്റുമാണ് പലപ്പോഴും ഷൂട്ടിങ് കഴിഞ്ഞ് വീട്ടിൽ ചെന്നിരുന്നത്.

പക്ഷേ, ഷോ ഹിറ്റായി. മാസത്തിൽ മൂന്നു പ്രാവശ്യം വരെ ഷെഡ്യൂൾ വന്നു. അങ്ങനെ ഒരിക്കൽ കുഞ്ഞിനെ ദുബായിൽ നിർത്തിയിട്ട് ഷൂട്ടിങ്ങിനു വന്നു. ഫോൺ ചെയ്യുമ്പോഴെല്ലാം ഫോണിലൂടെ പദ്മയുടെ കരച്ചിൽ കേൾക്കാം. തിരികെ പോകാൻ വിമാനത്താവളത്തിൽ ഇരിക്കുമ്പോൾ അനൗൺസ്മെന്റ്, ഫ്ലൈറ്റ് നാലു മണിക്കൂർ ഡിലേ. ലോഞ്ചിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞുപോയി. എന്റെ കരിയറിനു വേണ്ടി നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാമെന്ന ഓപ്ഷൻ പറഞ്ഞതും ശ്രീ ആണ്. അങ്ങനെ കൊച്ചിയിൽ ഫ്ലാറ്റ് എടുത്തു.  

_BAP9382

പ്രണയിച്ചു വിവാഹം കഴിച്ചത് അപ്പോൾ നന്നായി ?

പ്ലസ് വണ്ണിനു പഠിക്കുമ്പോൾ എന്റെ സീനിയറായിരുന്നു അപ്പു എന്നു ഞാൻ വിളിക്കുന്ന ശ്രീകാന്ത്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് പ്രണയം പരസ്പരം തുറന്നു പറഞ്ഞത്. മൂന്നാം വർഷം പ്രേമം വീട്ടിൽ പൊക്കി. ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന്, അമ്മ തലയിൽ തൊട്ടു സത്യം ചെയ്യിച്ചു.

പിന്നീട് ഒന്നര വർഷം സ്വയം പ്രഖ്യാപിത ബ്രേക് അപ്. ഞാൻ കോട്ടയത്ത് എംബിഎയ്ക്കു പഠിക്കുന്നതിനിടെ ഒരു ദിവസം  കൂട്ടുകാരിയുടെ നമ്പർ തപ്പിപ്പിടിച്ച് ശ്രീ വിളിച്ചു. അങ്ങനെ ‘ക്ലാസ്മേറ്റ്സ്’ റിലീസായ തിയറ്ററിൽ വച്ചു വീണ്ടും കണ്ടു. സ്ക്രീനിൽ ‘കാത്തിരുന്ന പെണ്ണല്ലേ... കാലമേറെയായില്ലേ...’ കേട്ടപ്പോൾ കൂടെ ഞങ്ങളും കരഞ്ഞു. പ്രേമം സീരിയസ്സാണെന്നു മനസ്സിലായതോടെ എല്ലാവരെ കൊണ്ടും നല്ലതു പറയിച്ച് വിവാഹം കഴിക്കണമെന്നു വാശിയായി. ദുബായിൽ സ്വന്തം ബിസിനസ് വിജയമായ ശേഷമാണ് ശ്രീ വിവാഹാലോചനയുമായി വന്നത്.

അമ്മ ടിവിയിൽ, അച്ഛൻ ജോലിയിൽ. പദ്മ ഫുൾടൈം ഓൺലൈനിലാണോ ?

പദ്മയിപ്പോൾ മൂന്നാം ക്ലാസ്സിലാണ്. അവൾക്ക് ഫോൺ കൊടുക്കാറേ ഇല്ല. ഓൺലൈൻ ക്ലാസ് ലാപ്ടോപ്പിൽ ആണ് അറ്റൻഡ് ചെയ്യുന്നത്. ഡാൻസ് ക്ലാസിൽ പങ്കെടുക്കുന്നത് ഐപാഡ് വഴിയാണ്. ഇതിലെല്ലാം പേരന്റൽ കൺട്രോൾ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. അവൾ ചെയ്യുന്നതെല്ലാം കൃത്യമായി ചെക്ക് ചെയ്യുന്നുമുണ്ട്.

ടിവി കാണുന്നതിനും കൃത്യസമയം ഉണ്ട്. ഒരു പരിധിയിൽ കൂടുതൽ ടിവി കാണുന്നു എന്നു തോന്നിയാൽ ഒ ന്നു നോക്കിയാൽ മതി, പദ്മയ്ക്കു കാര്യം മനസ്സിലാകും. ഈ ഫ്ലാറ്റിൽ നിറയെ കുട്ടികളുണ്ട്. അവരുമായി കളിക്കാനും സ്ഥലമുണ്ട്. അതുകൊണ്ട് വീട്ടിലിരുന്ന് ബോറടിയോ ഓൺലൈനിലുള്ള ആക്ടിവിറ്റികളോ ഇല്ല.

അടുത്ത പുസ്തകം എഴുതി തുടങ്ങിയോ ?

പണ്ടുതൊട്ടേ അൽപം റൊമാന്റിക് ആയതു കൊണ്ടാകും കഥയും കവിതയുമൊക്കെ സ്കൂള്‍ തൊട്ടേയുണ്ട്. കവിത കളെഴുതിയ ഡയറിയിൽ ശ്രീകാന്തേട്ടന്റെ ഫോട്ടോ കണ്ടിട്ടാണ് അമ്മ പ്രേമം പിടിച്ചതു പോലും.

അങ്ങനെ എഴുതിക്കൂട്ടിയ കുറേ കുറിപ്പുകൾ ചേർത്താണ് ആദ്യത്തെ പുസ്തകം, ‘ഠ യില്ലാത്ത മുട്ടായികൾ’ പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ കവിതാ പുസ്തകം ‘മഴയുറുമ്പുകളുടെ രാജ്യം‌’. മൂന്നാമത്തേത് ആത്മകഥാംശമുള്ള നോവലാണ്. എഴുത്ത് പകുതിയോളമായി.  ഇതിനിടെ ‘കുഞ്ഞെൽദോ’ എന്ന സിനിമയ്ക്കു പാട്ടെഴുതി, ഗസ്റ്റ് റോളിൽ അഭിനയിക്കുകയും ചെയ്തു.

Tags:
  • Celebrity Interview
  • Movies