അനിഖയെ ഒാർമിക്കുമ്പോൾ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ ലയക്കുട്ടി ഒാടി വരും, നമ്മുടെ മനസ്സിലേക്ക്. ‘ഭാസ്കർ ദ് റാസ്കലി’ലെ ശിവാനിയെയും ‘ദ് ഗ്രേറ്റ് ഫാദറി’ലെ സാറയെയും സ്നേഹവാത്സല്യങ്ങളോടെ നാം ചേർത്തു പിടിച്ചതാണ്. കാലം മാറുമ്പോൾ കൗമാരഭംഗിയുടെ ഒരു പുതുകിരണം പോലെ അനിഖ നമുക്കരികിലുണ്ട്. അടുത്തയിടെ ക്വീൻ എന്ന വെബ് സീരീസിലും തിളങ്ങി ഈ സുന്ദരിക്കുട്ടി. കോഴിക്കോട്
ദേവഗിരി സിഎംെഎ പബ്ലിക് സ്കൂളിൽ 11–ാം ക്ലാസ് വിദ്യാർഥിനിയായ അനിഖയ്ക്ക് ഒാൺലൈൻ പഠനം കഴിയുമ്പോൾ പ്രകൃതിദത്ത സൗന്ദര്യ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നത് അമ്മ രജിതയാണ്. രജിതയ്ക്ക് അനിഖ ‘കനി’ ആണ്. അഴകിന്റെ വഴികളെക്കുറിച്ച് അനിഖ മനസ്സു തുറക്കുന്നു.
I Love Makeup
‘‘മേക്കപ് എനിക്ക് ഏറെ ഇഷ്ടമാണ്. നിലവാരമുള്ള മേക്കപ് പ്രോഡക്‌റ്റുകൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഫോട്ടോ ഷൂട്ടുകളിലും ഷൂട്ടുകളിലും മാത്രമേ ഹെവി മേക്കപ് ഉപയോഗിക്കൂ. ബ്രഷ് പോലുള്ളവയുടെ ഹൈജീൻ പ്രധാനമാണല്ലോ. കോസ്മറ്റിക്സിൽ എനിക്കു വിശ്വാസമുള്ള കുറേ ബ്രാൻഡുകളുണ്ട്. ലിപ്സ്, കവിളുകൾ ഇവയുടെ മേക്കപ്പിൽ ബ്ലഷ്, ഹൈലൈറ്റ് ഇവ ഒക്കെ കൂടുതൽ ശ്രദ്ധിക്കും’’. മേക്കപ് മാറ്റുന്നതിലും അനിഖ ഏറെ ശ്രദ്ധിക്കും. മേക്കപ് റിമൂവറുകളൊക്കെ ഒഴിവാക്കും. വെളിച്ചെണ്ണ കൊണ്ട് മുഖം നന്നായി സ്ക്രബ് ചെയ്ത ശേഷം ഫെയ്സ് വാഷോ ക്ലെൻസറോ ഉപയോഗിക്കും.
Beauty tips from my mom
‘‘മുടിയും സ്കിന്നും നന്നായി ശ്രദ്ധിക്കണമെന്ന് അമ്മ എപ്പോഴും പറയും’. സൗന്ദര്യ പരിചരണത്തിന്റെ മുഴുവൻ ക്രെഡിറ്റും അനിഖ അമ്മയ്ക്കാണു നൽകുന്നത്. ‘‘വീട്ടിൽ തന്നെ തയാറാക്കുന്ന തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ അമ്മ തലയിൽ തേച്ചു തരും. വീക്കെൻഡിലാണ് എണ്ണ തേയ്ക്കുന്നത്. എണ്ണ ഒരു ദിവസത്തോളം തലയിലിരുന്നാൽ
മുഖത്തു കുരു വരും. അതിനാൽ എണ്ണ വച്ചാൽ 20 മിനിറ്റു കഴിയുമ്പോൾ കഴുകും. ഈ കുരുക്കളിൽ ചെറിയ ഉള്ളിയുടെ നീര് പുരട്ടു
മ്പോൾ അവ മാറുന്നതായി കണ്ടിട്ടുണ്ട്. മുടിയിൽ കളർ ചെയ്തിട്ടുണ്ട്. കളർ നിലനിർത്തുന്നതിന് ഇടയ്ക്ക് ഒാർഗാനിക് ഹെയർ മാസ്കും ഇടാറുണ്ട്.’’
മുഖം ക്ലെൻസ് ചെയ്യാൻ അനിഖ പാൽ പുരട്ടും. ടാൻ മാറുന്നതിന് തൈരും മഞ്ഞളും കടലമാവും ചേർത്ത പായ്ക്ക് ഇടും. അത് 20 മിനിറ്റു കഴിയുമ്പോൾ കഴുകും. മുഖം വൃത്തിയാകുന്നതിന് നാരങ്ങാനീരും തേനും ചേർത്ത് ഇടയ്ക്കു മുഖത്തു പുരട്ടും. അഞ്ചു മിനിറ്റ് കഴിയുമ്പോൾ കഴുകും.
‘‘എന്റെ ചർമം അൽപം കോംബിനേഷൻ പ്രകൃതമാണ്. അൽപം ഒായിലിയുമാണ്. ഡ്രൈ ആയ സ്കിന്നിൽ പാൽപ്പാട പുരട്ടാറുണ്ട്. വീക് എൻഡുകളിൽ ചിലപ്പോൾ ചാർക്കോൾ മാസ്ക്കോ തൈരോ ഫെയ്സ് മാസ്ക് ആയി ഇടും. ഇപ്പോൾ ശനിയും ഞായറും സൗന്ദര്യ പരിചരണത്തിനായി മാറ്റി വച്ചിരിക്കുകയാണ്. രാത്രിയിലും സ്കിൻ കെയർ റുട്ടീൻ ഉണ്ട്. സിറമോ അലോവെര ജെല്ലോ മുഖത്തു പുരട്ടും. ഉറങ്ങും മുൻപ് കഴുകിക്കളയും. വെള്ളം കുടിക്കുകയും കൃത്യമായി ഉറങ്ങുകയും ചെയ്യുന്നതിനാൽ ക ണ്ണിന് ഡാർക് സർക്കിൾ പ്രശ്നമില്ല’’.
My Beauty Diet
‘‘സൗന്ദര്യത്തിനു വേണ്ടി ഇലക്കറികൾ, ചീരയിലയും മുരിങ്ങയിലയുമൊക്കെ കഴിക്കണമെന്ന് അമ്മ പറയാറുണ്ട്. സാലഡും കഴിക്കാറുണ്ട്. പാലിൽ ഹോർലിക്സിട്ടു കുടിക്കും, മുട്ട കഴിക്കും, തൈര് കുടിക്കാനും ഇഷ്ടമാണ്. ബദാമും ഡ്രൈ ഫ്രൂട്ട്സും കഴിക്കും. എള്ളും കഴിക്കാറുണ്ട്. കാർബോഹൈഡ്രേറ്റ് കുറയ്ക്കും. ചോറ് അളവു കുറച്ച് പച്ചക്കറികൾ, തോരനൊക്കെ കൂടുതൽ കഴിക്കും. എണ്ണയുള്ള ഭക്ഷണവും കുറയ്ക്കും. എന്നാൽ ബർഗർ വലിയ ഇഷ്ടമാണ്. രാത്രി വീട്ടിൽ എല്ലാവരും ചപ്പാത്തി കഴിക്കും. അല്ലെങ്കിൽ ചെറുപയറുമുളപ്പിച്ചതു കൊണ്ടുള്ള സാലഡ് കഴിക്കും. ഈ സാലഡ് മുടിക്കു നല്ലതാണെന്നും അമ്മ പറയാറുണ്ട് .’’ ഒരു ലീറ്ററിന്റെ വാട്ടർ ബോട്ടിൽ ഒപ്പം കരുതിയിട്ടുണ്ട് അനിഖ. രാവിലെ മുതൽ ഉച്ച വരെയുള്ള സമയം കൊണ്ട് ഒരു ലീറ്റർ വെള്ളം കുടിക്കും. ഉച്ച കഴിഞ്ഞ് വൈകുന്നേരം വരെയുള്ള സമയം കൊണ്ട് അടുത്ത ഒരു ലീറ്റർ തീർക്കും. വൈകുന്നേരം മുതൽ രാത്രി വരെയുള്ള സമയം കൊണ്ടു ഒരു ലീറ്റർ കൂടി കുടിക്കും. എട്ടു മണിക്കൂർ ഉറങ്ങാനും ശ്രദ്ധിക്കാറുണ്ട്.
My Ways to Relax
‘‘സ്ട്രെസ് അനുഭവപ്പെട്ടാൽ റിലാക്സ് ചെയ്യുന്നത് മേക്കപ് പരീക്ഷണങ്ങളിലൂടെയാണ്. പുതിയ ലുക്സ് ട്രൈ ചെയ്യുമ്പോൾ മനസ്സു നിറയും’’. ശരീരത്തിനും ചർമത്തിനും ചേരുന്ന സൗന്ദര്യപരിചരണ മാർഗങ്ങളും മേക്കപ്പും മാത്രം തിരഞ്ഞെടുക്കണമെന്നും അനിഖ ഒാർമിപ്പിക്കുന്നു. കാഴ്ചയിലെ ഭംഗി മാത്രമല്ല സ്വഭാവവും പ്രധാനപ്പെട്ടതാണെന്നാണ് അനിഖ വിശ്വസിക്കുന്നത്.
വ്യത്യസ്ത മേക്കപ് ലുക്കുകളെയൊക്കെ ആരാധകർ അഭിനന്ദിക്കാറുണ്ടെന്നു പറയുന്നു, അനിഖ. ഇൻസ്‌റ്റഗ്രാമിൽ ഒരു കോടിയിലേറെ പേർ അനിഖയെ പിന്തുടരുന്നുണ്ട് . നമ്മുടെ കൺമുന്നിൽ വളർന്നു വന്ന ഒരു മിടുക്കിക്കുട്ടി, അഴകിന്റെ രാജകുമാരിയാകാൻ കാലം അവളെഒരുക്കുകയാണ്.