Wednesday 17 February 2021 02:27 PM IST

അനിച്ചേട്ടനൊപ്പം ഇറങ്ങിച്ചെല്ലാൻ ഞാൻ തയാറായിരുന്നു, പക്ഷേ അമ്മ കൈപിടിച്ചു തന്നാലേ കൊണ്ടു പോകൂ എന്ന് അദ്ദേഹം തീരുമാനമെടുത്തു

Tency Jacob

Sub Editor

anil-panachuran-wife

കായംയംകുളം ദേവികുളങ്ങര പുതുപ്പള്ളി പനച്ചൂർ വീടിന്റെ തെക്കേമുറ്റത്ത് അനിലിന്റെ ചിതയിൽ ആരോ ഒരു വെളുത്ത പൂവ് ഇറുത്തു വച്ചിരിക്കുന്നു. ‘‘ഈയിടെയായി എഴുതുന്ന കവിതകളെല്ലാം വീട്ടുകാരനാകുന്നതിനെക്കുറിച്ചായിരുന്നു. ഒരു തിരക്കഥയും നോവലും എഴുതുന്നുണ്ടായിരുന്നു. ഒന്നും മുഴുമിപ്പിക്കാതെ എഴുത്തുമേശയിൽ എല്ലാം അടുക്കിവച്ച് അനിച്ചേട്ടൻ പോയി.’’

കോളജ് കാലം തൊട്ടേ അനിച്ചേട്ടനു സിനിമാ സംവിധായകനാകാനായിരുന്നു ഇഷ്ടം. ഞാനാണ് ഒരു കവിയും ഗാനര ചയിതാവുമാകണം എന്ന മോഹം ആ മനസ്സിൽ നട്ടത്. എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു ആ കവിതകൾ.’’

അനിൽ എഴുതാനിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പൂമുഖത്ത് തനിയെയിരുന്നു മായ ഒരു നിമിഷം നിശബ്ദയായി.

‘‘ഞങ്ങളുടെ പ്രണയത്തെക്കുറിച്ചല്ലാതെ എനിക്കൊന്നും ഈ നിമിഷത്തിൽ ഓർത്തെടുക്കാനാകുന്നില്ല. ആ കാലത്തിലേക്കാണ് ഞാൻ വീണ്ടും വീണ്ടും വീണു കൊണ്ടിരിക്കുന്നത്.

ശബ്ദമാണ് ആദ്യം കേട്ടത്

അമ്മയ്ക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലായിരുന്നു ജോലി. അങ്ങനെയാണ് ഞങ്ങൾ ആ നാട്ടുകാരായത്. പത്താംക്ലാസ്സിൽ പഠിക്കുമ്പോള്‍ അമ്മയുടെ നാടായ മാവേ ലിക്കരയിൽ ഒരു കല്യാണത്തിനു പോയി. അപ്പോഴാണ് ആദ്യമായി അനിൽ പനച്ചൂരാൻ എന്ന പേരു കേൾക്കുന്നത്. ബന്ധുവായ ഒരു ചേട്ടൻ ‘എന്റെ നാട്ടിൽ ഒരു കവിയുണ്ട്, ചെറുപ്പമാണ്, പക്ഷേ, ആൾ സ്വാമിജിയാണ്’ എന്നെല്ലാം പറഞ്ഞു.

കവിത വായിക്കാനും കേൾക്കാനും എനിക്കു വലിയ ഇഷ്ടമായിരുന്നതുകൊണ്ട് അനിച്ചേട്ടന്റെ ‘പൂക്കാത്ത മുല്ല’ എന്ന കവിതയും ചൊല്ലി കേൾപ്പിച്ചു. പിന്നീടു ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്തു ഫോൺ ചെയ്ത പ്പോൾ പിന്നണിയിൽ ആരോ ഈ കവിത പാടുന്നു. ‘ഇതെനിക്ക് അറിയാവുന്ന കവിതയാണല്ലോ, നിനക്കിത് എവിടുന്നു കിട്ടി’ എന്നു ഞാൻ അമ്പരപ്പോടെ ചോദിച്ചു. കുറേ അന്വേഷിച്ചിരുന്നെങ്കിലും അതുവരെ ഒരു പുസ്തകത്തിലും ഞാൻ അനി ൽ പനച്ചൂരാെന്‍റ കവിത കണ്ടിരുന്നില്ല.

‘എന്റെ കൂടെ പഠിക്കുന്ന ആളാണ്. ഞങ്ങളൊരുമിച്ചാണ് താമസിക്കുന്നത്.’ എന്നു സുഹൃത്ത് പറഞ്ഞു. അനിച്ചേട്ടൻ സ ന്യാസമൊക്കെ ഉപേക്ഷിച്ചു തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിക്കുന്ന കാലമായിരുന്നു അത്.

‘എന്നെയൊന്നു പരിചയപ്പെടുത്തി തരണേ’ എന്നു സുഹൃത്തിനോടു പറഞ്ഞെങ്കിലും കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ആ സ്വരം കേൾക്കാൻ കഴിഞ്ഞത്.

‘എടീ, മോളെ’ എന്നൊക്കെ വിളിച്ചു വാത്സല്യത്തിലായിരുന്നു സംസാരം. നല്ല അറിവുള്ള മനുഷ്യൻ എന്നു വിലയിരുത്തുകയും ചെയ്തു. പതിയെ പതിയെ എല്ലാം മറന്നു.

ഏറെനാള്‍ ഒരു ദിവസം ഫോൺ ബെല്ലടിച്ച് എടുത്തപ്പോ ൾ ‘ഹലോ, ആരാണ്’ എന്നു ഗാംഭീര്യത്തിലൊരു ചോദ്യം.

‘ഞാൻ മായയാണ്.’ എന്നു പറഞ്ഞപ്പോള്‍ ‘ഞാൻ സത്യമാണ്’ എന്നു മറുപടി. അതോെട ആളെ മനസ്സിലായി. അനിച്ചേട്ടന്‍ വീണ്ടും പറഞ്ഞു, ‘ഓർമയുണ്ടോ, നമ്മൾ കൃത്യം ഒരു വർഷം മുൻപ് ഇതേ ദിവസമാണ് സംസാരിച്ചു വച്ചത്.’’അതൊരു പ്രണയതുടക്കമാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

ഒഴുകി വന്ന പ്രണയനദി

ഞങ്ങൾ ഫോണിൽ സംസാരിക്കുന്നതു പതിവായി. കൊച്ചുവർത്തമാനങ്ങളൊന്നുമല്ല, ഗൗരവ വിഷയങ്ങളാണ് എന്നോടു പങ്കുവയ്ക്കുന്നത്. എന്റെ സുഹൃത്തു പോലുമറിയാതെ എ ന്തിനാണിങ്ങനെ വിളിക്കുന്നതെന്നു ഞാൻ പലപ്പോഴും ചിന്തിച്ചു. ഒരു ദിവസം അനിച്ചേട്ടൻ അതു തെളിച്ചു പറഞ്ഞു.‘ഒരു പ്രണയനദി ഇവിടെ നിന്ന് ഒഴുകി ഒഴുകി അവിടേക്ക് വരുന്നുണ്ട്. മായ അതു കാണുന്നുണ്ടോ?’

അപ്പോഴേക്കും ഞാനും ആ നദിയിലേക്കിറങ്ങാൻ കൊതിച്ചിരുന്നു. പിന്നെ, തമ്മിൽ കാണണമെന്നാഗ്രഹമായി രണ്ടുപേർക്കും. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം അമ്പലത്തിൽ സ്ഥിരമായി പോകുന്ന ആളായിരുന്നു ഞാൻ. അവിടെവച്ചു കാണാമെന്നു പറ‍ഞ്ഞു. കാത്തു നിന്നു കണ്ടപ്പോൾ ഞെട്ടിപ്പോയി. താടിയും മുടിയുമൊക്കെ നീട്ടി വളർത്തി, മുറുക്കി ചുവപ്പിച്ച്, ചുരുണ്ടു കൂടിയ ചേരാത്തൊരു ഉടുപ്പും തേഞ്ഞു തീരാറായ ചെരുപ്പും ധരിച്ച ഒരു പ്രാകൃത രൂപം. തിരിച്ചു പോയാലോ എന്നാണ് ആദ്യം മനസ്സിൽ വന്നത്. ആ നിമിഷം തന്നെ അനിച്ചേട്ടൻ എന്നെ കണ്ടു. അപരിചിതത്വമൊന്നുമില്ലാതെ വ ന്നു സംസാരിച്ചു. എനിക്ക് ആ സ്നേഹം മനസ്സിലായി. ഹൃദയം കൊണ്ടു സംവദിക്കുന്ന ഒരാൾ. ഞാനും അകലമൊട്ടുമില്ലാ തെ ആ ഹൃദയത്തിനരികിലേക്കു ചേരാൻ തുടങ്ങി.

ഒരിക്കലും ഞങ്ങൾക്കിടയിൽ ഇഷ്ടമാണോ, കല്യാണം ക ഴിക്കാമോ എന്നുള്ള ചോദ്യങ്ങൾ ഉണ്ടായിട്ടേയില്ല. ‘ഞാൻ പഠിത്തം കഴിഞ്ഞു പോകുമ്പോൾ എന്റെ കൂടെ നീയുമുണ്ടാകും’ എന്നൊരു വാക്കു മാത്രം.

ആദ്യം കണ്ടുമുട്ടിയ ഓർമയ്ക്ക് മൂന്നു വരികൾ എന്റെ കയ്യിലുണ്ടായിരുന്ന സംഗീത പുസ്തകത്തിൽ കുറിച്ചിട്ടിരുന്നു.

കനവിൽ വിരിയും

പൂക്കളിറുത്തൊരു

വരണമാല്യമണീക്കാം ഞാൻ...’’

അരികു പൊടിഞ്ഞു തുടങ്ങിയ പഴക്കമേറിയ പുസ്തകത്തിലെ സ്നേഹം തിണർത്തു കിടക്കുന്ന ആ വരികളിൽ മായ തലോടിക്കൊണ്ടേയിരുന്നു.

ജീവിത തീരത്തടുക്കുന്നു

‘‘അനിച്ചേട്ടന്റെ അച്ഛൻ ഉദയഭാനു, അമ്മ ദ്രൗപദി. അച്ഛ ൻ മിലിട്ടറിയിൽ നിന്നു വിരമിച്ച ശേഷം മുംബൈയിൽ ജോലി ചെയ്തിരുന്നു. അനിച്ചേട്ടൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന് അസുഖമായി ജോലിക്കു പോകാൻ കഴിയാതെ വീട്ടിലിരിക്കുന്നത്. ആ സമയത്ത് ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ ആവശ്യക്കാർക്ക് ചെയ്തു കൊടുത്താണ് അനിച്ചേട്ടൻ വീടു കൊണ്ടുപോയിരുന്നത്.

സ്വാമിജിയായി ജീവിച്ചിരുന്ന ഒരാൾ അതിൽ നിന്നൊക്കെ മാറി വൈവാഹിക ജീവിതത്തിലേക്കു കടക്കുന്നത് അനിച്ചേട്ടന്റെ ചുറ്റുമുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ വീട്ടുകാർക്ക് അനിച്ചേട്ടന്റെ മദ്യപാനവും സാമ്പത്തിക ബുദ്ധിമുട്ടുമൊക്കെയായിരുന്നു പ്രശ്നം. ഞാൻ ഇറങ്ങിച്ചെല്ലാൻ തയാറായിരുന്നെങ്കിലും അമ്മ കൈ പിടിച്ചു തന്നാൽ മാത്രമേ കൊണ്ടു പോകുകയുള്ളൂ എന്നായിരുന്നു അനിച്ചേട്ടന്റെ നിലപാട്.

താൽപര്യമില്ലാത്തതു കൊണ്ടു അച്ഛൻ ഒഴിഞ്ഞുമാറി. ഒടുവിൽ, രണ്ടു മൂന്നു ബന്ധുക്കളെ കൂട്ടി അമ്മ എന്നെ അമ്പലത്തിലെത്തിച്ചു. പുലർച്ചെയായിരുന്നു മുഹൂർത്തം. എത്താതായപ്പോൾ അമ്മ തിരിച്ചു പോകാനൊരുങ്ങി. പക്ഷേ, എനിക്കുറപ്പായിരുന്നു വരുമെന്ന്. വൈകിയെത്തിയതിന്റെ പരിഭ്രമത്തിൽ എന്റെയടുത്തേക്ക് ഓടിയെത്തി കൈ കവർന്ന ആ നിമിഷം!

അരികത്തു നീ വന്നു നിറഞ്ഞുനിന്നാൽ

അഴലൊക്കെ അകലേക്കു പോയൊളിക്കും

അഴകിന്റെ അഴകാകും ആത്മസഖീ–നിന്റെ

നിഴലിനെ പോലും ഞാൻ സ്നേഹിക്കുന്നു.