Wednesday 03 November 2021 03:43 PM IST

‘അടുത്ത പ്രസവം ഇത്ര ലേറ്റാക്കണമായിരുന്നോ എന്നാണ് മിക്കവരും ചോദിച്ചത്’: 30കളിലെ പ്രെഗ്നെൻസി: അശ്വതി പറയുന്നു

Roopa Thayabji

Sub Editor

aswathy-sree-74

സുരാരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന പുതിയ കോമഡി ഷോയുടെ ഉദ്ഘാടന എപ്പിസോഡ് നടക്കുകയാണ്. നടൻ ദിലീപാണ് മുഖ്യാതിഥി. ഓഡിയൻസിനിടയിൽ നിന്ന് ഒരു പെൺകുട്ടിയെ ക്ഷണിച്ച് അവളുടെ കൂട്ടുകാരിക്കു സർപ്രൈസ് കൊടുക്കാനായി ഇരുവരും ചേർന്ന് ഫോൺ ചെയ്യുന്നു. ‘ഹലോ, ഇതാരാണെന്നു മനസ്സിലായോ...’

കിണഞ്ഞു പരിശ്രമിച്ചിട്ടും മറുതലയ്ക്കലുള്ള ആളിന് മലയാളികൾക്കു മുഴുവൻ സുപരിചിതമായ ദിലീപിന്റെയോ സുരാജിന്റെയോ ശബ്ദം പിടികിട്ടുന്നില്ല. ഒടുക്കം സ ത്യം വെളിപ്പെടുത്തേണ്ട ഗതികേടായി. സഹഅവതാരക ഫോൺ വാങ്ങി ഇതൊരു സർപ്രൈസ് കോളായിരുന്നു എ ന്നു പറയുന്നു. കേട്ടപാടേ മറുതലയ്ക്കൽ നിന്ന് അദ്‌ഭുതം കലർന്ന പൊട്ടിച്ചിരി, ‘അയ്യോ അശ്വതി ചേച്ചിയല്ലേ...’

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് അത്ര പരിചിതമാണ് അശ്വതിശ്രീകാന്തിന്റെ ശബ്ദം. അവതാരകയായി ടെലിവിഷനിലെത്തി, ‘ചക്കപ്പഴം’ എന്ന ഹിറ്റ് സീരിയലിലൂടെ കരിയർ ഒന്നു മാറ്റിപ്പിടിച്ച അശ്വതിയുടെ വീട്ടിലിപ്പോൾ സന്തോഷത്തിന്റെ ‘ഓണം ബംപർ’ അടിച്ചിരിക്കുകയാണ്. മൂത്തമകൾ പദ്മയ്ക്ക് അനിയത്തി കുട്ടിയായി കമല വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ഈ വീട്ടിലേക്ക് എത്തിയത്.

കോമഡിയും കൗണ്ടറും പറഞ്ഞ് പ്രേക്ഷകരെ കയ്യിലെടുത്ത അശ്വതി ഒരിക്കൽ ഇതെല്ലാം അവസാനിപ്പിച്ച് വീട്ടിലിരിക്കാൻ തീരുമാനിച്ചിരുന്നു എന്നു കേട്ടാലോ? തമാശയ്ക്കും ചിരിക്കുമപ്പുറം അങ്ങനെയൊരു ഫ്ലാഷ് ബാക് കൂടിയുണ്ട് ചിരിവീടിനു പറയാൻ.

ഈ പ്രായത്തിൽ ഇതു വേണമായിരുന്നോ എന്നു ചോദിച്ചവരുണ്ടോ ?

മൂത്തയാൾക്ക് എട്ടുവയസ്സ് പ്രായമുള്ളതു കൊണ്ട് അടുത്ത പ്രസവം ഇത്ര ലേറ്റാക്കണമായിരുന്നോ എന്നാണ് മിക്കവരും ചോദിച്ചത്. ‘ഇത്തവണ കുറച്ചുകൂടി പ്രശ്നങ്ങൾ കാണും, കാരണം 30കളിലെ പ്രഗ്‍നൻസി അങ്ങനെയാണല്ലോ’ എന്നും ഉപദേശിച്ചിരുന്നു. സത്യം പറഞ്ഞാൽ ആദ്യത്തെ പ്രസവത്തെക്കാൾ സുഖമായിരുന്നു രണ്ടാമത്തേത്. നടുവേദന, കാലിൽ നീര്, കുട്ടിയുടെ പൊസിഷൻ പ്രശ്നം അങ്ങനെ കുറേ കോംപ്ലിക്കേഷൻസ് ആദ്യ ഗർഭകാലത്ത് ഉണ്ടായിരുന്നു. പക്ഷേ, ഇത്തവണ ഒരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. ഫോട്ടോസ് കണ്ടാൽ മനസ്സിലാകും, കുറച്ചു വയറുണ്ടെന്നതല്ലാതെ ഛർദി അടക്കം യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.

അത്ര പ്രശ്നമായിരുന്നോ ആദ്യത്തെ ഗർഭകാലം ?

കല്യാണം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ ഗർഭിണിയായി. ഒ ന്നുകൂടി ആലങ്കാരികമായി പറഞ്ഞാൽ കുഞ്ഞിനെ കുറിച്ചൊക്കെ പ്ലാൻ ചെയ്തു ഗർഭം ധരിക്കാനുള്ള സമയം കിട്ടിയില്ല. 26 വയസ്സേ എനിക്കുള്ളൂ, ശ്രീക്ക് 27ഉം. പേരന്റിങ്ങിനെ കുറിച്ചും പ്രഗ്‍നൻസിയെ കുറിച്ചും അത്ര ധാരണ ഇല്ലാത്തതു കൊണ്ട് ആശങ്കകളും ടെൻഷനും ആവോളം. ഷുഗറും ബിപിയും നീരും വേദനയും ഒക്കെയായിരുന്നു അന്നു മെയിൻ. ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞിന്റെ കിടപ്പ് ശരിയല്ലാത്തതു കൊണ്ട് അവസാന മാസം വരെ ഡോക്ടർമാർ പറഞ്ഞിരുന്നത് സിസേറിയൻ വേണ്ടി വരുമെന്നാണ്. രണ്ടുപേർക്കും ജോലി ദുബായിൽ ആയിരുന്നതിനാൽ അവിടെ മതി പ്രസവമെന്നു നേരത്തേ പ്ലാൻ ചെയ്തു. എട്ടര മാസം കഴിഞ്ഞപ്പോഴേക്കും ശ്രീകാന്തേട്ടന്റെ അമ്മ ഞങ്ങളുടെ അ ടുത്തേക്കു വരികയും ചെയ്തു.

ഡെലിവറി ഡേറ്റിനു പത്തു ദിവസം മുന്‍പായിരുന്നു അ വസാന ചെക്കപ്പ്. പരിശോധിച്ചപ്പോൾ അതുവരെ പൊസിഷൻ ശരിയല്ലാതിരുന്ന കുഞ്ഞിന്റെ തലയൊക്കെ താഴേക്കു വന്ന്, കുഞ്ഞ് പുറത്തേക്കു വരാനുള്ള ഒരുക്കത്തിലായിരുന്നു. നേരേ ലേബർ റൂമിലേക്കു വിട്ടോളാൻ ഡോക്ടർ പറഞ്ഞു. അതൊരു പാകിസ്ഥാനി ഡോക്ടറായിരുന്നു.

ഭാഷയായിരുന്നു പ്രധാന പ്രശ്നം. ചുറ്റുമുള്ളവരിൽ ഒറ്റ മലയാളി പോലുമില്ല. അസ്വസ്ഥത തോന്നുമ്പോൾ ഇംഗ്ലിഷിലല്ലാതെ ഒരക്ഷരം പറഞ്ഞാൽ അവർക്കു മനസ്സിലാകില്ല. വേദന വരുമ്പോൾ നമ്മൾ ‘അയ്യോ, അമ്മേ...’ എന്നൊക്കെയല്ലാതെ എങ്ങനെ കരയാനാണ്. നാലഞ്ചു മണിക്കൂർ പ്രസവവേദന കഴിഞ്ഞ് പദ്മ പുറത്തുവന്നു.

ഫോട്ടോ: ബേസിൽ പൗലോ