Monday 14 March 2022 03:27 PM IST : By സ്വന്തം ലേഖകൻ

നെടുമുടി വേണുവിന്റെ മൂന്നാം ഭാര്യയുടെ വേഷം, ഭൂതകാലത്തിലെ പ്രിയ... നായികാ നിരയിലേക്ക് ആതിര പട്ടേൽ

athira-patel

ഇതായിരുന്നു ഭൂതകാലം

‘ഭൂതകാല’ത്തിൽ എനിക്ക് അഞ്ചാറു ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ജനുവരിയിലായിരുന്നു ഷൂട്ടിങ്. ചെറിയ സിനിമ ആയിട്ടും ഇത്ര വലിയ സ്വീകാര്യത കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. ഞാനും ഷെയ്ൻ നിഗവും പനമ്പിള്ളിനഗറിൽ വച്ചുള്ള സോങ് ഷൂട്ട് ചെയ്യുമ്പോഴാണ് രേവതി മാം സെറ്റിലേക്കു വന്നത്. എന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം അവർ രണ്ടുപേരും അഭിനയിക്കുന്നതു കാണാൻ പോയി. ഒന്നിച്ച് ഊ ണും കഴിച്ചു. ആദ്യം കുറച്ചു പേടിച്ചെങ്കിലും വളരെ സ്വീറ്റ് ആണ് മാം എന്നു മനസ്സിലായി.

‘ഇഷ്ടി’യിലൂടെ തുടക്കം

എന്റെ ആദ്യസിനിമ മലയാളത്തിലല്ല, സംസ്കൃതത്തിലാണ്, ‘ഇഷ്ടി’. ഭാഷ കുറച്ച് ചാലഞ്ചിങ് ആയിരുന്നു എങ്കിലും സംസ്കൃത പ്രഫസർ കൂടിയായ സംവിധായകൻ ജി. പ്രഭ നന്നായി ഹെൽപ് ചെയ്തു. ഒറ്റ ലൊക്കേഷനിൽ ത ന്നെയായിരുന്നു ആ സിനിമയുടെ 30 ദിവസത്തെയും ഷൂട്ടിങ്. അതിൽ നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയുടെ വേഷമായിരുന്നു. എന്റെ ആദ്യ സിനിമയാണെന്ന് അറിയാവുന്നത് കൊണ്ട് ഷോട്ടിൽ നിൽക്കേണ്ട പൊസിഷനും ലുക് എവിടെയാണ് വേണ്ടതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നു.

ആട് ഭീകരജീവി അല്ല

‘ആട് ടു’ ലൊക്കേഷൻ രസമായിരുന്നു. ഒന്നാം ഭാഗത്തിന്റെ തുടർച്ച ആയതു കൊണ്ട് ക്രൂവിലുള്ള മിക്കവരും തമ്മിൽ നല്ല അടുപ്പമാണ്. കളിയാക്കാനൊക്കെ അവർ ഒറ്റക്കെട്ടാകും. ആ സെറ്റിലേക്കാണ് ഞാൻ ചെല്ലുന്നത്, പാപ്പന്റെ വീട്ടിലെ കുട്ടിയായി. കുറച്ചു സീനുകൾ രാത്രിയാണ് എടുക്കേണ്ടത്. മിക്ക ദിവസവും റെഡിയാകുമ്പോഴേക്കും മഴ പെയ്യും. അപ്പോൾ വില്ലന്മാരായി അഭിനയിക്കുന്ന ചേട്ടന്മാരുമായി ലൂഡോ കളിച്ചിരിക്കും. ഒഡീഷൻ വഴിയാണ് ‘അങ്കമാലി ഡയറീസി’ൽ പെപ്പെയുടെ അനിയത്തിയായത്.

‘വില്ലൻ’ ലക്കിയാണ്

ഇത്രയും സിനിമകൾ ചെയ്തതിനിടെ ഏറ്റവും എക്സൈറ്റ്മെന്റ് തോന്നിയത് ‘വില്ലനി’ലാണ്. അതിൽ മോഹൻലാലിന്റെയും മഞ്ജു വാരിയരുടെയും മോളായാണ് അഭിനയിച്ചത്. രണ്ടു ലെജന്റ്സിന്റെ കൂടെ സ്ക്രീൻ പങ്കിടാനായത് എന്റെ ഭാഗ്യമാണ്. ലൊക്കേഷനിലും അവരോടൊപ്പമാണ് സമയം ചെലവഴിച്ചത്. എല്ലാവരോടും വളരെ സന്തോഷത്തോടെ ഇടപെടുന്ന, നല്ല കമ്പനിയാകുന്ന ശീലമാണ് രണ്ടുപേർക്കും. അതുകൊണ്ട് ടെൻഷൻ തെല്ലുമുണ്ടായിരുന്നില്ല. തമിഴിൽ പ്രഭുദേവയ്ക്കൊപ്പം അഭിനയിച്ച ‘പൊൻമാണിക്കവേൽ’ എന്ന സിനിമ എനിക്ക് ലഭിച്ച മറ്റൊരു ഭാഗ്യമാണ്.

വീട്ടിലെ ‘കൊച്ചുറാണി’

‘ഭൂതകാല’ത്തിനു പുറമേ ഞാനഭിനയിച്ച ‘കൊച്ചുറാണി’ എന്ന ഷോർട് ഫിലിമും യുട്യൂബിൽ ഹിറ്റാണ്. എന്റെ അമ്മ ഹേന ചന്ദ്രനാണ് ആ സിനിമ സംവിധാനം ചെയ്തത് എന്നതാണ് അതിന്റെ സസ്പെൻസ്. ‘കൊച്ചുറാണി’യുടെ സ്ക്രിപ്റ്റും കാര്യങ്ങളുമൊക്കെ നടക്കുമ്പോൾ അമ്മയുടെ മനസ്സിൽ ഞാനായിരുന്നില്ല. എന്റെ സ്വഭാവം വച്ച് കൊച്ചുറാണിക്കു വേണ്ട പക്വതയൊന്നും ഇല്ലെന്ന് തോന്നി കാണും. പിന്നീട് അമ്മയുടെ ഫ്രണ്ട് ആണ് എന്നെ നിർദേശിച്ചത്. അൽപസ്വൽപം അഭിനയമൊക്കെയായി അമ്മയും സിനിമയിൽ ആക്ടീവാണ്.

കന്നട ടു മലയാളം

പേരിലെ പട്ടേൽ പലർക്കും കൺഫ്യൂഷനാണ്. അച്ഛൻ അരവിന്ദ കർണാടക സ്വദേശിയാണ്. കുടുംബപ്പേരാണ് പട്ടേൽ. അച്ഛൻ ക്രൈസ്റ്റ് കോളജിൽ ബിപിഇ വിഭാഗം മേധാവിയാണ്. അമ്മ ഇരിങ്ങാലക്കുടക്കാരി. എന്റെ സ്കൂൾ കാലം ഇരിങ്ങാലക്കുടയിലാണ്. ബെംഗളൂരുവിൽ ഏവിയേഷൻ ഡിപ്ലോമയും ചെയ്തു. ഹോട്ടൽ മാനേജ്മെന്റ് പഠനവും ഇന്റേൺഷിപ്പും കഴിഞ്ഞ് ആ ഫീൽഡും വിട്ടു. അനിയൻ ആദിത്യ പട്ടേൽ ഡിജിറ്റൽ ഫിലിം മേക്കിങ് ഡിഗ്രി കഴിഞ്ഞു. സിനിമ കഴിഞ്ഞാൽ ട്രാവലിങ് ആണ് ഇഷ്ടം.