Tuesday 17 August 2021 05:30 PM IST : By സ്വന്തം ലേഖകൻ

അധികം സ്വർണ വേണ്ട, ‘ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും’ അതായിരുന്നു മനസിൽ... പക്ഷേ...

athmiya-wedding

ഹായ് സിസ്സി...’’ എന്നായിരുന്നു സനൂപിന്റെ മെസേജുകളുടെയെല്ലാം തുടക്കം.   ഞങ്ങൾ ആങ്ങളയും പെങ്ങളും പോലുള്ള സ്നേഹമായിരുന്നു. മനംകൊത്തി പറവൈ’ എന്ന എന്റെ ആദ്യത്തെ സിനിമ കണ്ട് ആശംസ അറിയിക്കാനായി അയച്ച മെസേജിലൂടെയാണ് സനൂപ് എന്നിലേക്ക് എത്തുന്നത്. സത്യം പറഞ്ഞാൽ അദ്ദേഹം എന്റെ സീനിയറായി കോളജിൽ പഠിച്ചതാണ്. പക്ഷേ, എനിക്ക് അറിയുകപോലുമുണ്ടായിരുന്നില്ല.

മാജിക് പോലൊരു പ്രണയം

എന്തോ മാജിക്കൽ റിലേഷൻ ഞങ്ങൾക്കിടയിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ വളരെ അടുത്ത ആരെ യോ പോലെ. പക്ഷേ, അതിന് സൗഹൃദത്തിനപ്പുറം  അർഥങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്റെ നാട്ടുകാരനാണ്, ഏത് ആവശ്യത്തിനും കൂടെയുണ്ടാകും എന്നൊരു ഉറപ്പ്. പക്ഷേ, കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഞാൻ സോഷ്യൽ മീഡിയയിൽ നിന്നൊക്കെ ഒരു ബ്രേക് എടുത്തു. കരിയറിൽ കൂടുതൽ ശ്രദ്ധിക്കുക മാത്രമായിരുന്നു ലക്ഷ്യം. ആ സമയത്ത് സനൂപ് എവിടെയാണ് എന്നൊന്നും ഞാൻ അന്വേഷിച്ചതേയില്ല. തിരിച്ചും അന്വേഷണമൊന്നും വന്നില്ല. പിന്നീട് ഞങ്ങൾ കണ്ടുമുട്ടുന്നത് 2017ലാണ്. ആ സൗഹൃദം വളർന്നു, പ്രണയമായി, മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തി.

കണ്ണൂർ  തന്നെയാണ് സനൂപിന്റെ വീട്. 2019 മാർച്ചിൽ ത ന്നെ സനൂപിന്റെ വീട്ടുകാർ വന്നു വാക്കാൽ ഉറപ്പിച്ചതുമാണ്. ശരിക്കും പറഞ്ഞാൽ രണ്ട് വർഷത്തോളം  ഒരുക്കത്തിന് സമയമുണ്ടായിരുന്നു. പക്ഷേ, ഞങ്ങൾ രണ്ടു പേരും അവസാന നിമിഷ ഒരുക്കത്തിന്റെ ആളുകളാണ്. അതു കൊണ്ടു തന്നെ തുടക്കം മുതൽ പ്ലാൻ ചെയ്യുന്ന പരിപാടി ഉണ്ടായിരുന്നില്ല. സിംപിൾവിവാഹം അത്രയേ മനസ്സിലുണ്ടായിരുന്നുള്ളൂ. കോവിഡ് വന്നതോടെ ആകെ അങ്കലാപ്പിലായി.

പ്രിയപ്പെട്ടവരില്ലാതെ...

എന്റെ പ്രിയപ്പെട്ടവരെല്ലാം വിവാഹത്തിന് ഉണ്ടാകണമെന്നായിരുന്നു ആഗ്രഹം. എനിക്ക് രണ്ട് ചേച്ചിമാരാണ്. അ തിൽ തന്നെ ഒരാള്‍ മാത്രമേ നാട്ടിലുള്ളൂ. ബാക്കിയെല്ലാവരും വിദേശത്താണ്. അവരും എന്റെ കല്യാണം കാത്തിരുന്നതുമായിരുന്നു. പക്ഷേ, കോവിഡ് കാലമായതു കൊണ്ട് എത്താൻ കഴിഞ്ഞില്ല.

എന്റെ വല്യേച്ചിയും, വല്യേട്ടനും കുഞ്ഞേട്ടനുമില്ലാതെ കല്യാണം നടത്തേണ്ടി വന്നു എന്നതാണ് ഏറ്റവും വലിയ  സങ്കടം. അതുപോലെ തന്നെ വലിയൊരു ആഗ്രഹമായിരുന്നു ഗുരുവായൂർ നടയിൽ വിവാഹം വേണമെന്ന്. പക്ഷേ, കൃത്യം ആ സമയത്ത് അവിടെ കോവിഡ് പ്രശ്നങ്ങൾ മൂലം വിവാഹം അനുവദിച്ചില്ല.  വീടിനടുത്തുള്ള ഓഡിറ്റോറിയത്തിലായിരുന്നു താലികെട്ട്, ധാരാളം സ്വർണം അണിയരുതെന്നുണ്ടായിരുന്നു. അതുകൊണ്ട് കുറച്ച് ആന്റിക് ആഭരണങ്ങൾ മാത്രം തിരഞ്ഞെടുത്തു. വിവാഹ വസ്ത്രവും പരമ്പരാഗത രീതികളിൽ നിന്ന് മാറി വ്യത്യസ്തമായതാണ് പരീക്ഷിച്ചത്. 

2021 ജനുവരി 25നായിരുന്നു വിവാഹം. 19ാം തീയതി വരെ എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. അതു നേരത്തെ ഏറ്റെടുത്ത ചിത്രമായിരുന്നു. അതുകൊണ്ടു വെഡ്ഡിങ് ഷോപ്പിങ്ങൊക്കെ അവസാനത്തെ ഒരാഴ്ചയിലെ ഓട്ടമായിരുന്നു.

വിവാഹ സാരി കണ്ണൂരിലുള്ള ആൻസ് ബൊട്ടീക്കിൽ ആണ് ചെയ്തത്. പുരാണ സീരിയലുകളിലെ കഥാപാത്രങ്ങളെ പോലെ വേണം ഒരുങ്ങി വരുമ്പോൾ എന്നായിരുന്നു ആഗ്രഹം.
ഡിസൈൻ ഞാൻ തന്നെ വരച്ചു കൊടുത്തു. വെള്ള സാരി ചുവപ്പ് ബോർഡർ എന്നതൊക്കെ എന്റെ ആവശ്യങ്ങളായിരുന്നു. കൊതിച്ചതിലും ഇരട്ടി പെർഫക്ഷനായിരുന്നു ആ സാരി കയ്യിൽ കിട്ടുമ്പോൾ. പ്രിയപ്പെട്ടവർക്ക് എത്താൻ കഴിഞ്ഞില്ല എന്ന സങ്കടമൊഴിച്ചാൽ എല്ലാം ഹാപ്പി ആയി നടന്നു. നമ്മുടെ വിവാഹചടങ്ങുകളിൽ ഇപ്പോൾ വന്ന മാറ്റം ചിലപ്പോൾ സ്ഥിരമാകാനും സാധ്യതയുണ്ടല്ലേ.

കോവിഡിലെ ഏക അനുഗ്രഹം

സിംപിളായി വേണം  കല്യാണം എന്നാണ് ഞാൻ  ചെറുപ്പം മുതലേ പ്ലാൻ ചെയ്തത്. പക്ഷേ,  വീട്ടിൽ അവസാനത്തെ വിവാഹമായതുകൊണ്ട് കുറച്ചു കൂടി ആഘോഷത്തോടെ നടത്തണമെന്നായിരുന്നു എല്ലാവർക്കും. എങ്കിലും  എന്റെ തീരുമാനത്തിന് അവസാനം എല്ലാവരും സമ്മതിച്ചു.
‘ഒരു രക്തഹാരം അങ്ങോട്ടും ഒന്ന് ഇങ്ങോട്ടും’ എന്നായിരുന്നു എന്റെ മനസ്സിൽ. പക്ഷേ, അതിലും ചെറിയ കോംപ്രമൈസുകൾ നടത്തിയാണ് വിവാഹം നടന്നത്. പിന്നെ, കോവിഡ് കാലമായതുകൊണ്ട് ഒരുപാട് വലിയ കല്യാണം വച്ച് ആർഭാടം ആക്കേണ്ടിയിരുന്നില്ല എന്നതു വലിയൊരു ആശ്വാസമാണ്. സത്യം പറഞ്ഞാൽ കോവിഡ് കാലത്തെ കല്യാണം കൊണ്ടുള്ള ഒരനുഗ്രഹം അതായിരുന്നു.