Tuesday 15 February 2022 03:01 PM IST

‘ഗൗതം മേനോൻ സിനിമ പോലെ സിനിമാറ്റിക് സർപ്രൈസ്, എലിക്കു വേണ്ടി അന്ന് ഞാൻ കരുതിവച്ചത്’: ബേസിൽ പറയുന്നു

Roopa Thayabji

Sub Editor

basil-joseph-new

സൂപ്പർമാനും സ്പൈഡർമാനും പോ ലെ മലയാളത്തിൽ നിന്ന് ഒരു സൂപ്പർ ഹീറോ, ‘മിന്നൽ മുരളി.’ സൽസ ശാപമേറ്റ ഗ്രാമത്തിന്റെ കഥ പറഞ്ഞ ബേസിൽ ജോസഫിന്റെ പുതിയ സിനിമ മിന്നലേറ്റ് സൂപ്പർ ഹീറോയായ ചെറുപ്പക്കാരന്റെ കഥയാണ്. കോവിഡും ലോക്ഡൗണും നീട്ടിയ ഷൂട്ടിങ്ങിനു ശേഷം ഒടിടിയിൽ റിലീസ് ചെയ്ത ‘മിന്നൽ മുരളി’ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുമ്പോൾ ബേസിലിന്റെ ചുണ്ടിലൊരു ചിരിയുണ്ട്. സംവിധായകനായും നടനായും സിനിമയിൽ നിറയുന്നതിന്റെ സന്തോഷച്ചിരി.

പള്ളീലച്ചനാക്കാൻ വീട്ടുകാർ മോഹിച്ച മകനാണ് ബേസിൽ ജോസഫ്. പള്ളീലച്ചന്റെ മോന് പ ക്ഷേ, സിനിമയിലേക്കാണ് ദൈവവിളി ഉണ്ടായത്. ‘‘വീട്ടിലാർക്കും സിനിമയെ കുറിച്ച് ഒന്നുമറിയില്ല. പല വഴി നടന്ന്, ഒടുവിൽ സിനിമയുടെ ട്രാക്കിലെത്തിയപ്പോഴും അവർ സന്തോഷിച്ചത് എന്റെ ചിരി കണ്ടാണ്. ഇഷ്ടമുള്ള കാര്യം ചെയ്യാൻ കിട്ടുന്ന സ പ്പോർട്ടിനെക്കാൾ വലുതായി എന്തുണ്ട്.’’

സിനിമയും സ്വപ്നങ്ങളും നിറച്ച് ബേസിൽ സംസാരിക്കുന്നതു കേട്ട് ഭാര്യ എലിസബത്ത് അടുത്തുണ്ട്.

‘മിന്നൽ മുരളി’ മിന്നലാകുകയാണല്ലോ ?

ഈ സിനിമയ്ക്കു വേണ്ടി ഞാനടക്കം എല്ലാവരും മൂന്നിരട്ടി ജോലി ചെയ്തിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിനു പത്തു ദിവസം മുൻപ് ക്യാമറാമാൻ മാറി. സെറ്റിന്റെ പണി തുടങ്ങിയതുകൊണ്ട് ഷൂട്ടിങ് നീട്ടി വയ്ക്കാൻ പറ്റുമോ എന്നറിയില്ല. ടെൻഷനടിച്ച് ഫ്ലാറ്റിനു താഴെ ചായക്കടയിൽ ഇരിക്കുമ്പോൾ നിർമാതാവ് സോഫിയ പോൾ വിളിച്ചു. കുറേ വർഷം മുൻപ് കടം കയറി സ്വന്തം വീടു വരെ വിറ്റ് ഗൾഫിലേക്കു പോയതാണ് അവർ. വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി ആദ്യം ചെയ്തത് ആ വീട് തിരിച്ചു വാങ്ങുകയാണ്. ഇത്ര ആത്മവിശ്വാസമുള്ള പ്രൊഡ്യൂസറുള്ളപ്പോൾ എന്തിനു ടെൻഷനടിക്കണം? ആ വിശ്വാസം ശരിവച്ച് സമീർ താഹിർ ഇക്ക ക്യാമറമാനായി വന്നു.

മിന്നൽ ലോഗോയും സൂപ്പർ ഹീറോ കോസ്റ്റ്യൂമും ഡിസൈൻ ചെയ്തത് സ്റ്റോറി ബോർഡ് ടെക്നീഷ്യനായ പവിശങ്കറാണ്. സൂപ്പർ ഹീറോ സീനുകൾ യാഥാർഥ്യമായത് മനു ജഗത് എന്ന ആർട് ഡയറക്ടറിന്റെയും വിഎഫ്എക്സ് ഡയറക്ടറായ ആൻഡ്രുവിന്റെയും കൂട്ടായ ശ്രമമാണ്. സൂപ്പർ ഹീറോ സ്പീഡിൽ ഓടുന്ന രംഗം ഉണ്ട്. എയർപോർടിലെ വാക്കലേറ്റർ പോലെ പ്ലൈവുഡിൽ ടയർ പിടിപ്പിച്ചു പ്ലാറ്റ്ഫോം ഉണ്ടാക്കി ട്രക്കു കൊണ്ട് വലിച്ചു നീക്കി അതിനു മുകളിലൂടെ ടൊവീനോ ഓടിയാണ് അതെടുത്തത്. ആക്‌ഷൻ ഡയറക്ടറായ വ്ലാഡ് റിംബർഗിന്റെ ഹോളിവുഡ് അനുഭവ പരിചയവും സഹായമായി.

2019 ഡിസംബറിൽ ഷൂട്ടിങ് തുടങ്ങിയപ്പോൾ 2020 ഓണം റിലീസെന്നാണ് പ്ലാൻ ചെയ്തത്. ബാലതാരമായി അഭിനയിച്ച പയ്യൻ യുവനടനാകുന്ന മട്ടിൽ സിനിമ നീണ്ടു. പള്ളിയുടെ സെറ്റ് പൊളിച്ചതടക്കം തടസ്സങ്ങൾ പലതുണ്ടായി.

മലയാളത്തിൽ ഒരു സൂപ്പർ ഹീറോ സിനിമ. ഈ ആലോചന തന്നെ പുതുമയുള്ളതാണ് ?

സോഫിയ പോളിനൊപ്പം പുതിയ സിനിമയുടെ ആലോചനയിലിരിക്കെ ആണ് കോ– റൈറ്ററായ അരുൺ അനിരുദ്ധൻ മിന്നലേറ്റ് സൂപ്പർ പവർ കിട്ടുന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞത്. വലിയ ബജറ്റ് വേണ്ടി വരുന്ന ആ സിനിമ സംവിധായകനെന്ന നിലയിൽ എനിക്കു കുറച്ചുകൂടി വലുപ്പം വന്ന ശേഷം ചെയ്താൽ പോരേ എന്നായിരുന്നു ആദ്യ ആലോചന.

അന്നു വൈകിട്ട് എലിസബത്തിനോട് കഥ പറഞ്ഞപ്പോ ൾ എക്സൈറ്റഡായി. ഇതാണ് ഇനി ചെയ്യേണ്ടത് എന്നു പ്രോത്സാഹിപ്പിച്ചു. 18ാം വയസ്സു മുതൽ എനിക്ക് സ്ക്രിപ്റ്റ് അയച്ചു തരുന്ന ജസ്റ്റിൻ മാത്യു എന്നൊരു പയ്യനുണ്ട്. ആ എഴുത്ത് ഇഷ്ടമുള്ളതു കൊണ്ട് അവനെയും വിളിച്ചു. ആസമയത്ത് ‘വൈറസ്’, ‘കക്ഷി അമ്മിണിപിള്ള’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ആ സെറ്റുകളിൽ വന്നു താമസിച്ച്, സഞ്ചരിക്കുന്ന തിരക്കഥാരചനാ സംഘം പോലെയാണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. അഞ്ച് ഭാഷകളിൽ ഇറക്കാൻ പ്ലാനുണ്ടായിരുന്നു. എട്ടുകാലി കടിച്ച് പവർ കിട്ടിയ സ്പൈഡർമാന് ഇത്രയും ആരാധകരുള്ളപ്പോൾ സൂപ്പർ പവർ കിട്ടുന്ന മുരളിക്കും പാൻ ഇന്ത്യൻ അപ്പീൽ ഉണ്ടെന്ന വിശ്വാസമാണ് നയിച്ചത്.

basil-vanitha-

ടൊവീനോയുമായുള്ള കെമിസ്ട്രിയും ഗുണം ചെയ്തു ?

‘ഗോദ’യുടെ കഥ പറയാൻ ചെല്ലുമ്പോഴാണ് ആദ്യമായി ടൊവീനോയെ കാണുന്നത്. ഇപ്പോഴും വാട്സാപ്പിൽ പരസ്പരം സ്റ്റിക്കർ അയച്ചു കളിക്കുന്ന കുട്ടികളാണ് ഞങ്ങൾ, അതാകും ഈ കെമിസ്ട്രിയുടെ രഹസ്യം. സൂപ്പർ ഹീറോയ്ക്കു വേണ്ട ബോഡി ഉണ്ടാക്കാനും അതു നിലനിർത്താനും ടൊവി നന്നായി കഷ്ടപ്പെട്ടു. ആദ്യ ലോക്ഡൗൺ ഇ ളവു വന്നപ്പോൾ 40 ദിവസം ഫൈറ്റ് ഷൂട്ടിങ് ആണ് പ്ലാൻ ചെയ്തത്. അതിനു വേണ്ടി ട്രെയ്നർക്കൊപ്പം ഫൈറ്റ് പ്രാക്ടീസ് തന്നെയായിരുന്നു. ഓരോ ദിവസവും പുതിയ ടെക്നിക് പഠിച്ച് വിഡിയോ എടുത്ത് അയച്ചു തരും. വെടിവച്ച് ബലൂൺ പൊട്ടിക്കുന്നതും വളയം എറിയുന്നതുമൊക്കെ അവന്റെ സ്വന്തം പ്രാക്ടീസാണ്. ചിലപ്പോൾ ആവേശം മൂത്ത് പുരപ്പുറത്തു നിന്ന് ‘ശരിക്കും ചാടിയാലോ’ എന്നൊക്കെ ചോദിച്ചു കളയും. അത്രമാത്രം ഡെഡിക്കേറ്റഡ്.

എനിക്ക് മിന്നലേറ്റിട്ടില്ല, പക്ഷേ മിന്നലിൽ നിന്ന് ജസ്റ്റ് എസ്കേപ്പായിട്ടുണ്ട്. ‘ഗോദ’യുടെ പ്രമോഷൻ പരിപാടിക്കിടെ ഹോട്ടൽ ബാൽക്കണിയിൽ ഞാനും ടൊവീനോയും നായിക വാമിഖ ഗബ്ബിയും കൂടി സംസാരിച്ചു കൊണ്ടു നിൽക്കുന്നു. പെട്ടെന്നാണ് ഒരു മിന്നൽ വന്നത്. ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു സ്പാർക്ക്. കണ്ണു തുറന്നു നോക്കുമ്പോൾ ടൊവീനോ ഇല്ല. മിന്നൽ പോലെ അവൻ പാഞ്ഞു കളഞ്ഞു.

‘ജാൻ ഏ മനി’ലെ ജോയിമോനായും തകർത്തു ?

ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുമ്പോൾ തന്നെ സംവിധായകൻ ചിദംബരം പറഞ്ഞിരുന്നു, ‘ജോയ്മോനായി അഴിഞ്ഞാടിക്കോ’ എന്ന്. എന്റെയുള്ളിലൊരു ബർത്ഡേ പ്രേമി ഉണ്ട്, അതു ജോയിമോനിലൂടെ പുറത്തു ചാടിയതാണ്. ‘മനോഹര’ത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ആ ബർത്ഡേ പ്രേമി ഇതിനു മുൻപ് പുറത്തുവന്നത്. ലൊക്കേഷനിൽ വച്ച് കേക്ക് മുറിച്ചപ്പോൾ വിനീതേട്ടൻ പാട്ടുപാടി. ഞാൻ മതിമറന്നു ഡാൻസ് ചെയ്തു പോയി.

ഇതൊക്കെ അറിയാവുന്നതു കൊണ്ട് ആഘോഷങ്ങൾ സർപ്രൈസ് ആക്കുന്നത് എലിസബത്തിന് ഹരമാണ്. ആഗസ്റ്റ് 17ന് വിവാഹ വാർഷികം പ്രമാണിച്ച് പുറത്തു പോയി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് എന്നെ ഡ്രസ് ചെയ്യിച്ച് ഇറക്കി. അപ്പോഴതാ ഡോറിൽ അടുത്ത വീട്ടിലെ ആന്റി. അവരുടെ ബാൽക്കണിയിൽ വീണു കിടന്ന ചെടി റെഡിയാക്കി കൊടുക്കാമോ എന്നാണ് ചോദ്യം. ഞാൻ ചെല്ലുമ്പോൾ പെട്ടെന്ന് എല്ലാവരും കൂടി ബലൂണൊക്കെ പൊട്ടിച്ച് സർപ്രൈസ് വിഷ് ചെയ്യുന്നു.

ഇൻഫോസിസിൽ ജോലി ചെയ്യുന്ന സമയത്ത് എലിയുടെ ബർത്ഡേക്കു ഞാനും ഞെട്ടിച്ചിട്ടുണ്ട്. ബെർത് ഡേ ദിവസം രാത്രി 12 മണിക്ക് ഞാനും പത്തിരുപത്തഞ്ച് കൂട്ടുകാരും കൂടി മെഴുകുതിരിയൊക്കെ വാങ്ങി എലിയുടെ ഹോസ്റ്റലിനു മുന്നിലെത്തി. അവൾ കോറിഡോറിൽ നിന്നു താഴേക്ക് നോക്കുമ്പോൾ ഞങ്ങൾ മെഴുകുതിരി കത്തിച്ച് ഹാർട് ഷേപ്പിൽ നിൽക്കുന്നു. ഗൗതം മേനോൻ സിനിമ പോലുള്ള സിനിമാറ്റിക് സർപ്രൈസ്.

ഞാൻ തേർഡ് ഇയറിനു പഠിക്കുമ്പോഴാണ് ഫസ്റ്റ് ഇ യറിൽ ജോയിൻ ചെയ്ത എലിയെ ‘നോട്ട്’ ചെയ്തത്. സാധാരണ കോളജ് റൊമാൻസ് പോലെയാണ് തുടങ്ങിയതും പ്രോഗ്രസ് ചെയ്തതും.

ഏഴു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ടീച് ഫോർ ഇന്ത്യ എന്ന എൻജിഒയിലാണ് എലിസബത്ത് വർക് ചെയ്യുന്നത്.

വിനീത് ശ്രീനിവാസനൊപ്പം അസിസ്റ്റ് ചെയ്തതാണ് സ്വതന്ത്രമായി സിനിമയെടുക്കാനുള്ള ധൈര്യം തന്നത് ?

ഇൻഫോസിസിൽ നിന്നു നാലുമാസം ലീവ് എടുത്തു പോയാണ് ‘തിര’യിൽ അസിസ്റ്റ് ചെയ്തത്. ആദ്യത്തെ സിനിമ വീട്ടുകാർക്കൊക്കെ വന്നു കാണാവുന്നതു തന്നെ ആകണമെന്നാണ് വിനീതേട്ടൻ എല്ലാവരോടും പറയാറ്.

ഏതാണ്ട് ഒരു വർഷം കൊണ്ട് ‘കുഞ്ഞിരാമായണ’ത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. വായിച്ചു ത്രില്ലടിച്ച വിനീതേട്ടൻ അഭിനയിക്കാമെന്നേറ്റു. പിന്നാലെ ജോലി രാജി വച്ചു, അന്നെനിക്ക് 24 വയസ്സേയുള്ളൂ.

വിനീതേട്ടനും ധ്യാനും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമയാണത്. പിന്നെ, റിമി. പണ്ടായിരുന്നെങ്കിൽ കൽപന ചേച്ചിയെ കൊണ്ട് ചെയ്യിക്കേണ്ട റോളാണത്. ഇപ്പോഴും എന്റെ ഫേവറിറ്റ് ആണ് കുഞ്ഞിരാമായണം. അത്ര ഇന്നസെന്റായി ഇനി സിനിമ ചെയ്യാനാകുമോ എന്നറിയില്ല.

പള്ളീലച്ചന്റെ മോൻ ‘ഒരു തുണ്ടുപടം’ നിർമിച്ചത് അന്ന് വിവാദമായില്ലേ ?

സുൽത്താൻ ബത്തേരിയിലെ സെന്റ് മേരീസ് സൂനോറോ പള്ളിയെ ചുറ്റിപ്പറ്റിയാണ് കുട്ടിക്കാലം. ചേച്ചി ഷിൻസിയായിരുന്നു ക്വയറിലെ ഹാർമോണിയം പ്ലേയർ. കീബോർഡ് കം വോക്കലിസ്റ്റ് ആണ് ഞാൻ. ആദ്യമായി സ്റ്റേജിൽ കയറിയത് സൺഡേ സ്കൂൾ മത്സരത്തിനാണ്. പ്രസംഗം, പാട്ട്, ഗ്രൂപ് സോങ്, സുറിയാനി ഗ്രൂപ് സോങ്...

തിയറ്ററിൽ സിനിമ കാണിക്കുന്നത് കുറവായിരുന്നു. കാബൂളിവാല, മൈഡിയർ കുട്ടിച്ചാത്തൻ ടു, നാടോടി ഒക്കെയാണ് ആകെ തിയറ്ററിൽ കണ്ടത്. സിഇടിയിൽ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിന് അഡ്മിഷൻ കിട്ടിയതോടെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. കൂട്ടുകാരുമൊന്നിച്ച് ചെയ്ത ഷോർട് ഫിലിമാണ് ‘ഒരു തുണ്ടുപടം’. എ ഷോർട് ഫിലിം എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ, കേട്ടവർക്ക് ചില സംശയങ്ങൾ ഉണ്ടായി. ഒരിക്കൽ നാട്ടിൽ ചെന്നപ്പോൾ ഒരു അങ്കിൾ വഴിയിൽ തടഞ്ഞ് ചോദിച്ചു, ‘ഇപ്പോൾ മറ്റേ പരിപാടിയൊക്കെ ഉണ്ടോ ?’

ജീവിതത്തിൽ ഇല്ലെങ്കിലും സിനിമയിൽ പള്ളീലച്ചനായി ?

‘ജോജി’യിലെ പള്ളീലച്ചനായത് സ്വന്തം അച്ഛനെ മനസ്സിൽവച്ചാണ്. അച്ഛന്റെ സുഹൃത്തുക്കളാണ് സുറിയാനി പ്രാർഥന ട്യൂണിൽ പാടി അയച്ചു തന്നത്. എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. അതിൽ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. ആ ആഗ്രഹം സിനിമയിലൂടെ സാധിച്ച സന്തോഷത്തിലാണ് അവർ.

രൂപാ ദയാബ്ജി

ഫോട്ടോ: ബേസിൽ പൗലോ