Wednesday 12 December 2018 12:05 PM IST : By ശ്യാമ

ബിജു േസാപാനം ചില്ലറക്കാരനല്ല! സോഷ്യൽ മീഡിയയിൽ ആള് പുലിയാണ് കേട്ടോ

biju1 ഫൊട്ടോ: സരിൻ രാംദാസ്

നമ്മളെ െപാട്ടിച്ചിരിപ്പിക്കുന്ന ബിജു േസാപാനം അഭിനയം തുടങ്ങിയത് ഭാസന്റെയും കാളിദാസന്‍റെയും സംസ്കൃത നാടകങ്ങളിലെ നായകനായാണ്...

പറയുന്നതു തനി ‘തിരോന്തരം’ ഭാഷ. തൊടുന്നതെല്ലാം അബദ്ധം. എപ്പോഴും േകള്‍ക്കുന്നതു ഭാര്യയുെടയും നാലു മക്കളുടെയും പരിഹാസവും കുറ്റപ്പെടുത്തലും. എങ്കിലും ഉപ്പും മുളകും സീരിയലില്‍ ബാലഗോപാലന്‍ തമ്പി എന്ന ബാലുവിനെ കാണുമ്പോള്‍ എല്ലാവരും ചിരി തുടങ്ങും. ഇപ്പോ സീരിയലില്‍ ബാലു കരഞ്ഞാലും ജനം ചിരിക്കുംഎന്നാണ് അവസ്ഥ.
‘‘പലരും ചോദിക്കാറുണ്ട്, നാടന്‍ പച്ച മനുഷ്യന്മാരെ പോെല എങ്ങനെയാ അഭിനയിക്കുക എന്നൊക്കെ. അഭിനയിക്കാനുള്ള പക്വതയും നാടന്‍ രീതികളും ഒക്കെ കിട്ടുന്നത് നാടകക്കളരികളില്‍ നിന്നാണ്. ആ പരിശീലനമാണ് എന്നെ ഞാന്‍ ആക്കിയത്.’’ ബിജു പറയുന്നു. 

നാടകസർവ്വകലാശാല

1995ലാണ് ഞാൻ കാവാലം നാരായണപ്പണിക്കർ സാറിന്റെ സോപാനം നാടകട്രൂപ്പില്‍ ചേർന്നത് തുടങ്ങുന്നത്. ചെറുപ്പം മുതൽക്കേ അഭിനയമോഹമുണ്ട്, മോഹമെന്നു പറഞ്ഞാൽ പോരാ, ഭ്രാന്ത് തന്നെ. പക്ഷേ, എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല. പത്തിരുപത്തി മൂന്നു വയസ്സേയുള്ളൂ പ്രായം. എന്റെ വീടിനടുത്ത് നാടകത്തിലും മറ്റ് സംഗീതപരിപാടികളിലുമൊക്കെ വീണ വായിക്കുന്ന അരുണൻ ചേട്ടനുണ്ട്. ചേട്ടൻ ഒരിക്കൽ സുഹൃത്തായ നെടുമുടി വേണുവിനോടു എന്റെ കാര്യം പറഞ്ഞു. വേണു ചേട്ടനാണ് എന്നെ കാവാലത്തിന്റെയടുത്ത് എത്തിക്കാൻ നിര്‍ദ്ദേശിക്കുന്നത്.

ലോകം മുഴുവനും അറിയുന്ന നാടകാചാര്യന്‍റെ അരികിലേക്കാണു പോകുന്നത്. ഉള്ളില്‍ ഒരു കിടുകിടുപ്പായിരുന്നു. അേദ്ദഹം എന്തു ചോദിക്കും, അഭിനയിച്ചു കാണിക്കാന്‍ പറയുമോ, അതോ ‘ഈ രൂപമൊന്നും നാടകത്തിനു പറ്റിയതല്ല’ എന്നു പറഞ്ഞു മടക്കി അയക്കുമോ.... പണിക്കർ സാറിനെ പോയി കണ്ടു. നാട്യശാസ്ത്രത്തിനനുസരിച്ചുള്ള നാടകങ്ങളാണ് അവിടെ അരങ്ങേറുന്നത്. നല്ല താളബോധം വേണം, മെയ്‌വഴക്കം വേണം. ആകെ അങ്കലാപ്പ്. ഇതൊക്കെ എന്നെക്കൊണ്ടു താങ്ങാൻ പറ്റുമോ? എന്ന് ഉള്ളിലിരുന്നു ആരോ ചോദിക്കുന്ന ശബ്ദം. ആ ശബ്ദത്തിന്റെ ഇരട്ടി ഉറപ്പോടെ ഞാൻ തീരുമാനിച്ചു, സോപാനത്തിൽ ചേരണം.

ആദ്യത്തെ ആറു മാസം കളരിക്കു പുറത്തു നിന്നാണ് പഠനം. എല്ലാം നോക്കിക്കണ്ടു മനസ്സിലാക്കണം, മനസ്സിനെ പാകപ്പെടുത്തണം. കഥകളി, പൊറാട്ട് നാടകങ്ങൾ, കാക്കരശ്ശി നാടകം, തിടമ്പു നൃത്തം അങ്ങനെ പലതിനെയും കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള അവസരമുണ്ടായിരുന്നു അവിടെ. നാടകത്തിലേക്ക് ഈ കലാരൂപങ്ങളിൽ നിന്നുള്ള ചേരുവകൾ ചേർക്കുമ്പോൾ അവയെ കുറിച്ചു ശാസ്ത്രീയമായി അറിഞ്ഞിരിക്കണം എന്നു പണിക്കർസാറിനു നിർബന്ധമായിരുന്നു. അങ്ങനെ ഒരു നാടകം മുഴുവൻ പഠിക്കാൻ കുറഞ്ഞത് രണ്ടു മാസമെടുക്കും. ഭാസന്റേയും കാളിദാസന്റേയുമൊക്കെ നാടകങ്ങളിലെ നായകനാകനാകാൻ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്.

സംസ്കൃത നാടകം അഭിനയിക്കുമ്പോള്‍ സംസ്കൃതം പഠിക്കണം എന്നും പണിക്കര്‍ സാര്‍ പറഞ്ഞു. അതിനു പുറത്തു നിന്ന് അദ്ധ്യാപകര്‍ വരും. ഭാഷയിലും ഉച്ചാരണത്തിലും തെറ്റു വരാതിരിക്കാനാണ് സംസ്കൃത പഠനം. മലയാളത്തിലേക്കു തർജിമ ചെയ്ത നാടകങ്ങൾ വായിച്ച് ആദ്യം അർഥം മനസ്സിലാക്കും, പിന്നീടു സംസ്കൃത സംഭാഷണങ്ങൾ അധ്യാപകർ പഠിപ്പിച്ചു തരും. പാടി അഭിനയിക്കുന്നതായിരുന്നു അവിടുത്തെ രീതി.

കാളിദാസന്റെ വിക്രമോർവ്വശ്ശീയം നാടകം കളിക്കുമ്പോൾ സംസ്കൃത പണ്ഡിതന്മാരൊക്കെയാണ് കാണികളായിട്ട് മുന്നിലിരുന്നത്. ഒരക്ഷരത്തിന്‍റെ ഉച്ചാരണം തെറ്റിയാല്‍ നാടിനു തന്നെ നാണക്കേടാണ്. അത്ര സൂക്ഷ്മതയോടെയായിരുന്നു പഠനവും അവതരണവും. ഡൽഹിയിൽ ഭാസന്റെ ഊരുഭംഗം അവതരിപ്പിച്ചു. ഭാസന്റെ തന്നെ പ്രതിമമ നാടകത്തില്‍ രാമന്റെ വേഷം ചെയ്തതു ഞാനാണ്.

ഇപ്പോഴും നാടകം കളിക്കാറുണ്ട്. താമസിയാതെ സിംലയിൽ പോകും. ഭാസന്റെ മധ്യമവ്യായോഗം എന്ന നാടകമാണ് അവിടെ ചെയ്യുക. 2017 ഫെബ്രുവരിയിൽ ഡൽഹി സ്കൂള‍്‍ ഓ ഫ് ഡ്രാമയിലും നാടകം അവതരിപ്പിക്കുന്നുണ്ട്. കാവാലം സാറിന്റെയടുത്ത് സിനിമാക്കാരൊക്കെ ധാരാളം വരുമായിരുന്നു. അരവിന്ദൻ, ജോൺ പോൾ, നെടുമുടി വേണു ഭരത് ഗോപി... ഇവരുടെയൊക്കെ പിൻതലമുറക്കാരും വന്നിരുന്നു. അവിടുന്നു വളർന്ന സൗഹൃദത്തിലൂടെയാണ് ‌ഞാൻ സിനിമയിലേക്കും സീരിയലിലേക്കും എത്തുന്നത്.

biju2

മനസ്സിൽ തട്ടിയ ഉപദേശം

അഭിനയം തുടങ്ങിയ കാലത്ത് സിനിമയിലെത്തുക എന്നുതന്നെയായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നെ ഏറെ സ്വാധീനിച്ച നടനാണ് ഭരത് ഗോപി. ഒരോ റോളിനനുസരിച്ചും അദ്ദേഹം സ്വയം സ്റ്റൈൽ ചെയ്യും, ആളാകെ മാറുന്ന അവസ്ഥ. സോപാനത്തിൽ വച്ചു ഞാൻ ഗോപിച്ചേട്ടനെ കണ്ടിട്ടുണ്ട്. എങ്ങനെയെങ്കിലും സിനിമയിലെത്തുക എന്നു കരുതി നടന്ന എന്നെ കണ്ടിട്ട് അന്ന് ചേട്ടൻ പറഞ്ഞു ‘‘നീ നാടകം നന്നായി ചെയ്യൂ, നല്ല നടനായി അറിയപ്പെടാൻ ശ്രമിക്കൂ... സിനിമ വരും നിന്നെ തേടി.’’ എപ്പോഴും മനസ്സിൽ ഓർക്കുന്ന വാക്കുകളാണിത്. കാവാലം സാറിന്റെയൊപ്പം ഭാഗവതജ്ജ്വുകം എന്ന നാടകത്തിൽ ഗുരുവും ശിഷ്യനുമായി നെടുമുടി വേണുവും ഭരത് ഗോപിയും അഭിനയിച്ചിരുന്നു. ഗോപിച്ചേട്ടൻ ചെയ്ത ശിഷ്യന്‍റെ വേഷം പിന്നീട് ഞാനും അഭിനയിച്ചു.

ഇരുപതു വർഷത്തോളം കാവാലം സാറിനൊത്ത് നിൽക്കാൻ സാധിച്ചു. ടഗോറിന്റെ നാടകം രാജ,  മലബാറിലെ പഞ്ചുരുളി തെയ്യം വരുന്ന കല്ലുരുക്കി,  ഒറ്റമുലച്ചി തുടങ്ങിയ നാടകങ്ങളെല്ലാം അദ്ദേഹം പറഞ്ഞു തന്നതും ചെയ്തതും മങ്ങാത്ത ഓർമകളാണ്. ‘സരസ്വതിയെ ഉപാസിക്കുക, ലക്ഷ്മി താനെ വന്നോളും’ (കലയെ ഉപാസിക്കുക, പണം വരും) എന്നതായിരുന്നു സാറിന്റെ ഫിലോസഫി. ഗുരുകുലസംമ്പ്രദായം പോലെയായിരുന്നു സോപാനത്തിൽ അതുകൊണ്ടുതന്നെ സാറിനൊപ്പം ഒരുപാടു യാത്രകൾ ചെയ്യാൻ സാധിച്ചു, വായിക്കുന്ന പുസ്തകങ്ങളിൽ നിന്നു ലഭിക്കുന്ന അറിവുകൾ ശിഷ്യർക്കും പറഞ്ഞു തരാൻ യാതൊരുമടിയും സാറിനുണ്ടായിരുന്നില്ല.

മഴവില്‍ മനോരമയിലെ മറിമായത്തിലുണ്ടായിരുന്ന ശ്രീകുമാർ, ഉപ്പും മുളകിന്റെ തിരക്കഥ എഴുതുന്ന സുരേഷ് ബാബു,  ഒക്കെ സുഹൃത്തുക്കളാണ്. ഇവരുമായി സ്ഥിരം കലാചർച്ചകൾ ചെയ്യാറുണ്ട്. അങ്ങനെ എന്തേലും റിയലിസ്റ്റിക്കായി ചെയ്യണം എന്നു കരുതിയിരിക്കുമ്പോളാണ് മറിമായം കാണുന്നത്, അത് നല്ല ഇഷ്ടമായി. ഇന്നിപ്പോ ഇന്റർനെറ്റ് വന്നതോടു കൂടി ആളുകൾ കാണാ ത്ത സിനിമയില്ല. വേൾഡ് ക്ലാസിക്കുകളൊക്കെ കാണുന്നതോടു കൂടി പ്രേക്ഷകരുടെ വീക്ഷണം മാറും. പണ്ട് നല്ലത് ചീത്ത എന്നു മാത്രം അഭിപ്രായം പറഞ്ഞവർ വരെ ഇപ്പോൾ ‘ആംഗിൾ ശരിയായില്ല’, ‘ലൈറ്റിങ് നന്നായി’ എന്നു തുടങ്ങി എഡിറ്റിങ്ങിനെ കുറിച്ചു വരെ സംസാരിക്കുന്നു. വളരെ നല്ല മാറ്റമാണിത്, അതുെകാണ്ടാണ് ആളുകളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ സിനിമയും സീരിയലും ഒക്കെ ശ്രമിക്കുന്നത്.

ആദ്യം അഭിനയിച്ചത് ബാക്‌ബെഞ്ചേഴ്സ് എന്ന സീരിയലിലാണ്. അതിൽ അഭിനയിച്ചിരുന്ന ടി.പി. മാധവൻ സാറിനു സുഖമില്ലാതാകുകയും സാർ ചെയ്ത പ്രിൻസിപ്പാളിന്റെ വേഷം എനിക്കു കിട്ടുകയും ചെയ്തു. പിന്നെ വന്നതാണ് ഉപ്പും മുളകിലെ ബാലു.  ഇതിനിടയിൽ സിനിമയിൽ ചില ചെറിയ വേഷങ്ങൾ. കെയർ ഓഫ് സൈറബാനു എന്ന സിനിമയിലും ഒരു റോൾ ചെയ്യുന്നുണ്ട്.

ഗുരുകുലത്തിൽ നിന്ന് പഠിച്ചത്

സീരിയലിൽ ഇടയ്ക്ക് തിരുവനന്തപുരം ഭാഷ പറയും. ഡയലോഗ് എഴുതിയിരിക്കുന്നത് ‘എവിടെയെങ്കിലും നോക്കിനിന്നു സമയം കളയരുതേ’ എന്നാവും അതു നമ്മൾ ‘ടാ..ടാ..ടാ.. എവിടേലുമൊക്കെ പോയി വായ്നോക്കി നിക്കല്ല്, ഇങ്ങ് വേഗം വരണേഡേയ്’ എന്നാക്കും. പറയുന്ന കാര്യങ്ങളിൽ മാക്സിമം ഇംപ്രോവൈസ് ചെയ്യാനുള്ള സ്വാതന്ത്രം നടന് ഉണ്ടാകണം.
സ്വാഭാവികമായി ചെയ്യുന്നതു തന്നെയാണ് പ്രേക്ഷകർ കൂടുതല്‍ സ്വീകരിക്കുന്നത്. എല്ലാ എപ്പിസോഡിലും എന്തെങ്കിലും ഒരു നല്ല മെസേജ് ഉണ്ടാകും, അഭിനയിക്കുന്നത് പല പ്രായത്തിലുള്ള ആളുകളും... അതൊക്കെ കൊണ്ടാണെന്നു തോന്നുന്നു സോഷ്യൽമീഡിയയിലൊക്കെ നല്ല സപ്പോർട്ടാണ്.

ന്യൂസിലാന്റിലുള്ള ഒരു രണ്ടു വയസ്സുകാരി ഫാനുണ്ടെനിക്ക്, അവള്‍ ബാലൂ എന്നു കൊഞ്ചി വിളിക്കുന്ന വോയിസ് മെസേജുകൾ വാസ്ആപ്പിൽ വരും. നന്നായി അഭിനയിക്കുന്നു എന്നു പറഞ്ഞു കേൾക്കാനാണിഷ്ടം, അതിപ്പോ നാടകത്തിലായാലും സീരിയലിലായാലും സിനിമയിലായാലും. ബാലു ആയി തന്നെ സിനിമ ചെയ്യാനുള്ള ഓഫർ വന്നിരുന്നു, അതേതായാലും വേണ്ടെന്നു വച്ചു. വലിച്ചു നീട്ടിയാൽ ആ കഥാപാത്രം ബോറാകും. അഭിനയം ഇല്ലാത്തപ്പോൾ ഇത്തിരി വരയ്ക്കും. നാടകത്തി ൽ സെറ്റ് ഡിസൈനിങ്ങ്, കോസ്റ്റ്യൂം ഡിസൈനിങ്, മേക്കപ്പ് ഒക്കെ ചെയ്തിരുന്നു.

അനുഭവം തരുന്ന എപ്പിസോഡുകള്‍

സീരിയൽ പലപ്പോഴും സെറ്റിലുള്ളവരുെട ജീവിതത്തിലുണ്ടായിട്ടുള്ള അനുഭവങ്ങൾ തന്നെ കഥയായി മാറും. എനിക്കുണ്ടായ ഒരു അനുഭവം ഈയടുത്ത് ഒരു എപ്പിസോഡായി. ഒരിക്കൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് പന്തു കളിച്ചു. പേപ്പർ വച്ചുണ്ടാക്കിയ പന്തിന്റെ മുകളിൽ എവിടുന്നോ കിട്ടിയൊരു ചുവന്ന പട്ടും ചുറ്റി. കളിയൊക്കെ കഴിഞ്ഞ് പന്തൊക്കെ എറിഞ്ഞു കളഞ്ഞു എല്ലാവരും പലവഴിക്കു പോയി.

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അന്നു ഞങ്ങള്‍ കളിച്ച വീട്ടിൽ വലിയ പൂജയും ഹോമവും ഒക്കെ നടക്കുന്നു. കാര്യം തിരക്കിയപ്പോള്‍  ആരോ പറഞ്ഞു. ‘ചുവന്ന പട്ടിൽ പൊതിഞ്ഞ് ആരോ കൂടോത്രം ചെയ്തു ആ വീട്ടിലെ കിണറ്റിൽ ഇട്ടിരിക്കുന്നത്രെ. ഹൊ! ഇതൊക്കെ ഇന്നത്തെക്കാലത്തുമുണ്ടെന്ന് വിശ്വസിക്കാൻ വയ്യ.’ ഞങ്ങൾ േനാക്കുമ്പോള്‍ അതാ, ചുവന്ന പട്ടുടുപ്പിച്ചു തട്ടിക്കളിച്ച അതേ പന്ത് അഴുകി ഒരു പരുവമായി പൂജാരിക്കരികില്‍ പ്ലിങ്ങസ്യാ മട്ടിലിരിക്കുന്നു. ഇത്തരം ജീവിതാനുഭവങ്ങളാണല്ലോ നമുക്കൊക്കെ ഇഷ്ടംപോലെയുള്ളത്.   

അവരുടെ സ്വന്തം ഞാൻ

വഴിലൂടെ നടന്നു പോകുമ്പോ ഒരാൾ ഓടി വന്നു ചോദിച്ചു ‘അല്ല, എന്താണ്  കണ്ടിട്ടും നോക്കാതെ പോവണത്?’  എനിക്ക് ആളെ ഒരു പരിചയവുമില്ല. ഇങ്ങനെ ചോദിച്ചാലും ഞാൻ നിങ്ങളെ ആദ്യമായി കാണുകയാണെന്നു തിരിച്ചു പറയാൻ പറ്റില്ല. കാരണം അവര്‍  ബാലു എന്ന കഥാപാത്രത്തെയാണ് കാണുന്നത് എന്നെയല്ല. അപ്പോൾ ഞാൻ മിണ്ടാതെ പോയാൽ അതവർക്കു സങ്കടമാണ്. ഒരിക്കല്‍ ഒരു എപ്പിസോഡിൽ ബാ ലു വെള്ളമടിച്ചു വരുന്ന സീൻ ഉണ്ടായിരുന്നു. ഉടനെ ഒരുപാടു േപര്‍ വിളിച്ചു പറഞ്ഞു, ‘തമാശ കാണിക്കാൻ വെള്ളമടിക്കണമെന്നില്ല, ബാലു വെള്ളമടിക്കണ്ട...’

സീരിയലിലെ കൂട്ട് ഞങ്ങൾ അഭിനേതാക്കൾക്കിടയിലുമുണ്ട്. അങ്ങോടും ഇങ്ങോടും അഭിപ്രായം പറയാനും വലിപ്പച്ചെറുപ്പമൊന്നു നോക്കാതെ അത് ഉൾക്കൊള്ളാനുള്ള മനസ്സും എ ല്ലാവരും കാണിക്കുന്നു. സീരിയലിൽ എന്റെ മക്കളായി അഭിനയിക്കുന്ന നാലു കുട്ടികളും അന്നു മുതൽ ഇന്നു വരെ എന്നെ ‘അച്ഛാ’ എന്നു തന്നെയാണ് വിളിക്കുന്നത്. തിരുവനന്തപുരം നെട്ടയത്താണ് വീട്. ഭാര്യ ലക്ഷ്മിയും മകൾ ജ്യോതി ലക്ഷ്മിയും ചേരുന്നതാണ് കുടുംബം. നാടകവും സീരിയലും ഒക്കെ കാരണം വീട്ടിലേക്കു പോക്ക് നന്നേ കുറവാണ്. കലാകാരനെ മനസ്സിലാക്കുന്ന കുടുബം കിട്ടിയ കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്.