Tuesday 04 July 2017 11:51 AM IST : By രൂപാ ദയാബ്ജി

15 വർഷത്തെ കരിയറിൽ നിന്ന് ചന്ദ്രാ ലക്ഷ്മൺ ആദ്യമായി ബ്രേക് എടുക്കുന്നതിന് ഒരു ലക്ഷ്യമുണ്ട്!

chandra01
ഫോട്ടോ: സരിൻ രാംദാസ്

‘സ്വന്തം’ സീരിയലിൽ അഭിനയിക്കുന്ന കാലം. 100 എപ്പിസോഡെങ്കിലും കഴിയാതെ ഒരു ചാനലിനും അഭിമുഖം കൊടുക്കരുതെന്ന് ചന്ദ്രാ ലക്ഷ്മണിനോട് പ്രൊഡ്യൂസർ കർശന നിർദേശം വച്ചു. സാന്ദ്ര നെല്ലിക്കാടൻ എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചന്ദ്ര ആദ്യമൊന്ന് അമ്പരന്നു. ‘ആ സീരിയലിൽ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ദേവിയായിരുന്നു. വായ തുറന്നാൽ കൊഞ്ചലുള്ള കിച്ച് കിച്ച് ശബ്ദമല്ലേ എന്റേത്. ഞാൻ സംസാരിക്കുന്നത് കേട്ടാൽ കഥാപാത്രത്തിന്റെ മുഴുവൻ ഇമേജും പോകുമെന്നു പേടിച്ചാണ് നിർമാതാവ് അങ്ങനെ പറഞ്ഞത്.’ നല്ല കൊഞ്ചലുള്ള ശബ്ദത്തിൽ ഇതു പറഞ്ഞ് ചെന്നൈ തിരുവാൺമയൂരിലെ വീട്ടിലിരുന്ന് ചിരിക്കുന്നു, ചന്ദ്രാ ലക്ഷ്മൺ. സീരിയലിലെ നായികയുടെ ഇമേജ് പോകുമെന്നു പേടിച്ചാണ് അന്ന് ഇന്റർവ്യൂ കൊടുക്കാതിരുന്നത്. കഴിഞ്ഞ കുറേക്കാലമായി ചന്ദ്ര അഭിമുഖങ്ങളൊന്നും നൽകിയിരുന്നില്ല. പല കഥകളും ഇറങ്ങിയത് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു ആ മൗനം.

എവിടെയായിരുന്നു ഇത്ര കാലം ?

കല്യാണം കഴിച്ച് അമേരിക്കയിലാണ് എന്നായിരുന്നു എന്നെക്കുറിച്ച് ഒടുവിൽ വന്ന വാർത്ത. ഇതൊക്കെ കാണുന്നുണ്ടായിരുന്നു. ഞാൻ എവിടെയും പോയിട്ടില്ല. പക്ഷേ, അതിനൊന്നും മറുപടി പറയണമെന്ന് തോന്നിയില്ല. അതുകൊണ്ട് കഥകൾ വന്നതു പോലെ തന്നെ പോയി. മലയാളത്തിൽ കെ. കെ രാജീവിന്റെ ‘മഴയറിയാതെ’ ആണ് അവസാനം അഭിനയിച്ചത്. മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും തമിഴിലും തെലുങ്കിലും സീരിയലുകളുടെ തിരക്കായിരുന്നു. 15 വർഷത്തെ കരിയറിൽ ഇതുവരെ ബ്രേക്കെടുത്തിട്ടില്ല. പക്ഷേ, ഇപ്പോൾ അവധിയെടുത്തിരിക്കുകയാണ്.

‘മ്യൂറൽ ഓറ’ എന്ന പേരിൽ കന്റെംപ്രറി മ്യൂറൽ ബിസിനസുണ്ട് ഞങ്ങൾക്ക്. അമ്മയാണ് അതിന്റെ പ്രധാന ചുമതലക്കാരി. അമ്മയ്ക്ക് ചിത്രരചനയിലുള്ള താൽപര്യമാണ് ഈ ബിസിനസിലേക്ക് നയിച്ചത്. ഇപ്പോൾ ഞാനും കൂടെ ചേർന്നു. ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മാത്രമല്ല ഈ ബ്രേക്ക്. ഒരേ താളത്തിലുള്ള ഈ പോക്കിനു ഒരു മാറ്റം വേണം. ഇനി കുറച്ച് നല്ല കഥാപാത്രങ്ങൾ അഭിനയിക്കണം. ഒാട്ടം തുടരുകയും ഒപ്പം മാറ്റം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്താൽ നടക്കണമെന്നില്ല. ജീവിതത്തിലും ചില മാറ്റങ്ങൾക്കൊരുങ്ങുകയാണ്. 33 വയസ്സായി, ഈ വർഷം വിവാഹിതയാകണമെന്നാണ് വീട്ടുകാരുടെ താൽപര്യം. ആലോചനകൾ നടക്കുന്നു.  

പ്രണയം ഉണ്ടായിരുന്നില്ലേ ?

ഇഷ്ടങ്ങളൊക്കെ തോന്നിയിട്ടുണ്ട്. അങ്ങനെതോന്നാത്തവർ ആരാണുള്ളത്? പക്ഷേ, അത്തരം ഇ ടങ്ങളൊന്നും പ്രണയബന്ധമായി വളർന്നില്ല. മുമ്പ് പ്രണയലേഖനങ്ങളൊക്കെ ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. മേഘം’ ചെയ്യുന്ന സമയത്ത് രക്തം കൊണ്ട് പതിവായി കത്തെഴുതി അയയ്ക്കുന്ന ആളുണ്ടായിരുന്നു. അതൊക്കെ ഇത്തിരി കടന്ന കൈയാണ്. ഇന്നും  പ്രണയ സന്ദേശങ്ങൾക്കു കുറവില്ല. കത്തിനു പകരം അത് ഫെയ്സ്ബുക്ക് മെസഞ്ചറിലായി എന്നു മാത്രം.

പൃഥ്വിരാജിന്റെ നായികയായി സിനിമയിലെത്തിയിട്ടും സീരിയലിലേക്ക് ചുവടുമാറ്റി ?

മൂന്നു സിനിമകളിൽ പൃഥ്വിരാജും ഞാനും ഒന്നിച്ച് അഭിനയിച്ചു, സ്റ്റോപ് വയലൻസ്, ചക്രം, കാക്കി. അയ്യർ സമുദായമാണ് എന്റേത്. അമ്മ മാലതി ലക്ഷ്മൺ തിരുവനന്തപുരംകാരിയാണ്, അച്ഛൻ ലക്ഷ്മൺ കുമാറിന്റെ നാട് കോഴിക്കോട്. തിരുവനന്തപുരത്ത് എസ്ബിഐയിലായിരുന്നു അമ്മയ്ക്ക് ജോലി. ഹിന്ദുസ്ഥാൻ ലീവറിന്റെ സൗത്ത് സോൺ സെയിൽസ് മാനേജരായിരുന്നു അച്ഛൻ. അവർ രണ്ടുപേരും വോളണ്ടറി റിട്ടയർമെന്റ് എടുത്തിട്ടാണ് ചെന്നൈയിലേക്ക് വന്നത്. അമ്മയുടെ നാട്ടിലായിരുന്നു  കുട്ടിക്കാലം. മൂന്നാംക്ലാസു വരെ കൊച്ചിയിൽ പഠിച്ചു. നാലാം ക്ലാസ് മുതൽ തനി ‘ചെന്നൈ പെണ്ണായി’. സ്കൂളിൽ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. സ്പോർട്സിൽ മാത്രമേ കൈവയ്ക്കാത്തതുള്ളൂ. പ്ലസ്‌ടു കഴിഞ്ഞപ്പോൾ മോഡലിങ് തുടങ്ങി. ആ സമയത്താണ് ‘സ്റ്റോപ് വയലൻസി’ലേക്ക് ചാൻസ് വന്നത്. ‘വയലൻസ്’ കഴിഞ്ഞ സമയത്തു തന്നെ സീരിയലിൽ അഭിനയിക്കാൻ തുടങ്ങി. സിനിമാ ബാക്ക്ഗ്രൗണ്ടോ ഗോഡ്ഫാദറോ ഇല്ലാതെ വന്നയാളാണ് ഞാൻ.

സീരിയൽ ഓഫർ സ്വീകരിക്കുമ്പോൾ എനിക്കറിയില്ലായിരുന്നു സീരിയൽ കമ്മിറ്റ് ചെയ്താൽ പിന്നെ, സിനിമ കിട്ടില്ല എന്ന്. കുറേക്കാലം കഴിഞ്ഞാണ് പലരും ചോദിക്കാൻ തുടങ്ങിയത്, എന്തിനാ സീരിയലിലേക്ക് പോയതെന്ന്. അപ്പോഴേക്കും വൈകിപ്പോയി. ബോയ്ഫ്രണ്ടിലെ പാട്ടുരംഗത്തും ബൽറാം വേഴ്സസ് താരാദാസിലും ഇടയ്ക്ക് ചെറിയ റോളുകളിൽ വന്നുപോയി.

chandra02

‘ചക്ര’ത്തിൽ വിദ്യാ ബാലൻ ചെയ്യേണ്ടിയിരുന്ന റോൾ അല്ലേ ചന്ദ്ര അഭിനയിച്ചത് ?

‘ചക്ര’ത്തിലേക്ക് ലോഹിതദാസ് അങ്കിൾ വിളിക്കുന്നത് ഒരു ദിവസം രാത്രി രണ്ടുമണിക്കാണ്. ‘വയലൻസി’ൽ ഞങ്ങളൊന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ഉറക്കത്തിൽ നിന്നുണർന്ന് ഞാൻ ഫോണെടുക്കുമ്പോഴാണ് അങ്കിളിന് സമയത്തെക്കുറിച്ച് ഓർമ വന്നത്. ‘രാവിലെ തിരിച്ചു വിളിക്കണം’ എന്നുമാത്രം പറഞ്ഞ് കട്ട് ചെയ്തു. ‘രാത്രി എഴുതിക്കൊണ്ടിരുന്നപ്പോഴാ ഈ കഥാപാത്രത്തിനു നിന്റെ മുഖമാണ് ചേരുന്നത് എന്നു തോന്നിയത്. അന്നേരം തന്നെ വിളിച്ചതാ. ഉടനേ ഷൂട്ടിങ്ങിന് റെഡിയാകണേ...’ പിറ്റേന്നു വിളിച്ചപ്പോൾ ഇത്ര മാത്രമേ പറഞ്ഞുള്ളൂ. അഭിനയിച്ചു തുടങ്ങിയ ശേഷമാണ് ‘ചക്രം’ പണ്ടുനിർത്തിയ പ്രോജക്ടായിരുന്നു എന്നും ലാലേട്ടനും വിദ്യാബാലനും ശോഭനചേച്ചിയും ചെയ്യാനിരുന്ന സിനിമയിൽ വിദ്യാ ബാലന്റെ റോളാണ് എനിക്കു തന്നതെന്നും പറയുന്നത്. അത് അറിഞ്ഞപ്പോൾ ശരിക്കും എക്സൈറ്റഡായി.

അഭിനയം തന്നെയായിരുന്നോ മോഹിപ്പിച്ച പ്രഫഷൻ ?

എന്നെ ഡാൻസ് പഠിപ്പിച്ചു തുടങ്ങിയത് നടി ശാന്തികൃഷ്ണയാണ്. രണ്ടരവയസ്സായിരുന്നു അന്ന്. അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ ഉച്ച വരെ എന്നെ ശ്രീനാഥ് അങ്കിളിന്റെ വീട്ടിൽ വിടും. ആന്റി വീട്ടിൽ ഡാൻസ് ക്ലാസ് നടത്തുന്നുണ്ട്. നടൻ യദുകൃഷ്ണനൊക്കെ അവിടെ ഡാൻസ് സ്റ്റുഡന്റായിരുന്നു. ഒരിക്കൽ ശ്രീനാഥ് അങ്കിളാണ് പറഞ്ഞത്, എനിക്കും എന്തെങ്കിലും സ്റ്റെപ്പ് പറഞ്ഞുകൊടുക്കാൻ. അതാണ് തുടക്കം. പിന്നെ, കൊച്ചിയിൽ കലാമണ്ഡലം ഗോപിനാഥ് മാഷിന്റെയടുത്ത് പഠിച്ചു. ചെന്നൈയിൽ വന്ന ശേഷവും ഡാൻസും പാട്ടും പഠിച്ചു. പത്താം ക്ലാസ്സായപ്പോഴാണ് അതൊക്കെ വിട്ടത്. വിദേശത്തും നാട്ടിലും ഡാൻസ് സ്റ്റേജ് ഷോ ചെയ്യുമായിരുന്നു. കലാമാസ്റ്ററിന്റെ സഹോദരി ജയന്തി മാസ്റ്ററുടെ അടുത്ത് കുറച്ചുകാലം സിനിമാറ്റിക് ഡാൻസ് പഠിച്ചിരുന്നു. ഇപ്പോൾ കുറച്ചുനാളായി യു. ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് മ്യൂസിക്കിൽ മാൻഡലിൻ പഠിക്കുന്നുണ്ട്. ഓരോ സമയത്തും ഓരോ ക്രേസാണ്.

ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ അഭിനയത്തിന്റെ എബിസിഡി അറിയില്ലായിരുന്നു. മലയാളം പറയാനേ അറിയില്ല. അന്ന് കുറേ പേടിച്ച സീൻ ഇപ്പോഴും ഓർമയുണ്ട്. ലിഫ്റ്റിൽ നിന്നിറങ്ങി വരുമ്പോൾ വിജയരാഘവൻ ചേട്ടനും ബീന ചേച്ചിയും വെട്ടേറ്റ് കിടക്കുന്നത് കണ്ട് അലറിക്കരയണം. കൊച്ചിയിലെ ഒരു അപ്പാർട്ട്മെന്റിന്റെ ഏഴാം നിലയിലാണ് ഷൂട്ടിങ്. ഷോക്ക് ആയി പേടിച്ച് നിലവിളിക്കണം എന്നു ഡയറക്ടർ പറഞ്ഞെങ്കിലും അമ്പരപ്പു കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല. വിജയരാഘവൻ ചേട്ടനാണ് പോംവഴി കണ്ടത്, ‘ഷോട്ട് ആകുമ്പോൾ എല്ലാവരും നിലവിളിക്കണം. അപ്പോൾ ചന്ദ്രയും നില വിളിക്കും.’ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ സീൻ ഓക്കെയാക്കിയത്.

ചെന്നൈയിൽ താമസമാക്കിയതു കൊണ്ടാണോ മലയാളത്തിലേക്ക് കാണാത്തത്?

നേരത്തേ അഭിനയിച്ചിരുന്നതും ചെന്നൈയിൽ നിന്നു വന്നിട്ട് തന്നെയായിരുന്നു. ഇപ്പോഴും മലയാളത്തിൽ നിന്ന് ഓഫറുകൾ വരുന്നുണ്ട്. ഇവിടെ സീരിയൽ അഭിനയിച്ചു കൊണ്ടിരുന്ന സമയത്തായതിനാൽ ചില നല്ല അവസരങ്ങൾ സ്വീകരിക്കാൻ കഴിയാതെ പോയി. മൂന്നും നാലും വർഷമെടുക്കും സാധാരണ തമിഴ് സീരിയലുകൾ തീരാൻ. ചിലത് അതിലും നീളും. ഞാൻ തമിഴിൽ ആദ്യം ചെയ്ത ‘കോലങ്ങൾ’ തീരാൻ എട്ടു വർഷമെടുത്തു. നാലുവർഷം ടെലികാസ്റ്റ് കഴിഞ്ഞ് ദേവയാനി ചേച്ചി പ്രസവാവധിക്ക് പോയ സമയത്താണ് എന്നെ വിളിച്ചത്.
സീരിയലിൽ മലയാളത്തെക്കാൾ താരങ്ങൾ തമ്മിൽ കൂടുതൽ അടുപ്പം കാണിക്കുന്നത് തമിഴിലാണെന്ന് തോന്നുന്നു. ഓരോരുത്തരും വീട്ടിൽ നിന്നു ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്ന് ഒന്നിച്ച് കഴിക്കും. ഇക്കഴിഞ്ഞ മൂന്നു വർഷവും തുടർച്ചയായി യുടിവി പിക്ചേഴ്സിന്റെ രണ്ടു പ്രോജക്ടുകളുണ്ടായിരുന്നു. ചെന്നൈയിലും ഹൈദരാബാദിലുമായി മാറിമാറി ഷൂട്ടിങ്. യാത്ര ചെയ്യാനും ഉറങ്ങാനുമേ സമയമുണ്ടായിരുന്നുള്ളൂ. ഡാൻസ് പ്രാക്ടീസൊക്കെ മുടങ്ങിയിരുന്നു. ഇപ്പോൾ അതെല്ലാം വീണ്ടും തുടങ്ങി.

അഭിനയം അല്ലാതെയുള്ള ഇഷ്ടങ്ങൾ ?

സാരിയിലും ഇന്റീരിയർ ഡെക്കറേഷനിലും വുഡൻ സ്റ്റഫിലും കലാപരീക്ഷണങ്ങൾ നടത്താറുണ്ട്. കുക്കിങ് ഇഷ്ടമാണ്. എല്ലാ തരം പാചകവും ചെയ്യും. ഹോട്ടൽ മാനേജ്മെന്റ് പഠിച്ചതും ആ ഇഷ്ടം കൊണ്ടാണ്. അച്ഛൻ നോൺവെജ്  കഴിക്കുമായിരുന്നു. സായ് ഭക്തനായതോടെ ആ ശീലം ഉപേക്ഷിച്ചു. ഏഴ് വർഷമായി അച്ഛനും പ്യൂവർ വെജിറ്റേറിയനാണ്.
പെറ്റ്സ് ആണ് എന്റെ മറ്റൊരു ഇഷ്ടം. ആദ്യമെനിക്ക് നായ്ക്കളെ പേടിയായിരുന്നു. ഒരിക്കൽ മഞ്ജു പിള്ള ചേച്ചിയുടെ ബ്രദർ എനിക്കൊരു ലാബ്രഡോറിനെ തന്നു. മണിക്കുട്ടി എന്നായിരുന്നു അവളുടെ പേര്. മൂന്നു വയസ്സായപ്പോൾ അവൾ നല്ല വലുപ്പം വച്ചു. ഫ്ലാറ്റിൽ വളർത്താൻ പറ്റാത്തതു കൊണ്ട് അവളെ സുഹൃത്തിന് കൊടുത്തു. കുറച്ചുകാലം അലങ്കാര പക്ഷികളെ വളർത്തി. പിന്നെ, ചക്കു എന്ന ഒരു മാസം പ്രായമുള്ള പോമറേനിയൻ നായ്ക്കുട്ടിയെ കിട്ടി. ഇപ്പോൾ അവൾക്ക് ഒമ്പത് വയസ്സായി.

ഇടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകുമോ ?

സിനിമയിൽ ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നു തന്നെയാണ് ലക്ഷ്യം. സീരിയലും സിനിമയും ഒരുമിച്ച് കൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല. അതു കൊണ്ട് ബ്രേക് അനിവാര്യമാണ്. സിനിമയിൽ നല്ല കഥാപാത്രങ്ങളെന്ന ഭാഗ്യം  ഇനിയും വരുമെന്ന് തന്നെയാണ് പ്രതീക്ഷ.