Tuesday 01 October 2024 02:40 PM IST

‘കുറേ കലാകാരികൾ പറയുമായിരുന്നു, ‘ദേവിക ചെയ്യുന്നത് മോഹിനിയാട്ടമൊന്നുമല്ല’ എന്ന്; അന്നത്തെ കാലത്ത് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ല’

V.G. Nakul

Senior Content Editor, Vanitha Online

_DSC1046 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

നൃത്തത്തിന്റെ പെരുങ്കടലാട്ടമാണ് എന്നും മേതിൽ ദേവികയുടെ മനസ്സിൽ. കടല്‍ കാറ്റിന്റെ ‌കൈതൊട്ടു നിൽക്കുന്ന പൂവാറിന്റെ തീരത്തായിരുന്നു വനിതയുടെ കവർ ഫോട്ടോഷൂട്ട്. തീരത്തെ മണല്‍ പായയിൽ തിരകൾ അഴകോടെ ചുവടുകൾ വയ്ക്കുന്നതു നോക്കി, നേർത്ത ചിരിയോടെ ദേവിക സംസാരിച്ചു തുടങ്ങിയതും നൃത്തത്തെക്കുറിച്ച്. 

‘‘കുട്ടിക്കാലം ദുബായിലായിരുന്നു. നാലു  വയസ്സു മുതൽ നൃത്തം പഠിച്ചു തുടങ്ങിയതാണ്. 20 വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി പൂർണമായും അർപ്പിച്ചിരുന്നു. ഓരോ സൃഷ്ടി കഴിയുമ്പോഴും  ഞാൻ എന്നെത്തന്നെ വെല്ലുവിളിക്കും. അതാണ് ഏതു കലാരൂപത്തെയും മെച്ചപ്പെടുത്തുന്നത് എന്നാണ് വിശ്വാസം. 

എന്റെ ആദ്യ കാഴ്ചക്കാരിയും ഞാനാണ്. കലാസൃഷ്ടി എന്നത് ഒട്ടും ശാന്തതയില്ലാത്ത പരിപാടിയാണ്. അതിങ്ങനെ ഉള്ളിൽ അലതല്ലിക്കൊണ്ടേയിരിക്കും. തിരക്കഥയും  സംഗീതവും കൊറിയോഗ്രാഫിയുമൊക്കെ ഒരുക്കി, ഇവയെല്ലാം ചേർന്ന് അരങ്ങിൽ ‌‌വരും വരെ എല്ലാ സൃഷ്ടാക്കളും ഒരു ഡാർക്ക് സ്പേസിലാണ്.’’

ബാങ്ക് ജോലി വേണ്ടെന്നു വച്ച്, ചാനലിലെ ജോലി ഉപേക്ഷിച്ചു പൂർണമായും നൃത്തത്തിലേക്കു കടക്കാനുള്ള തീരുമാനത്തിനു പിന്നിൽ?

പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്, ശ്രമിച്ചിരുന്നെങ്കിൽ ഒരു നല്ല ജോലി അന്നു കിട്ടുമായിരുന്നില്ലേ എന്ന്. പക്ഷേ, ‘ആം എ വാണ്ടറർ’. ബാങ്കിലെ ജോലിക്കു ഓഫർ വന്നെങ്കിലും ചേർന്നില്ല. ചാനലിലും മറ്റു ചില കമ്പനികളിലും  കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. 

നൃത്തം പഠിക്കുന്ന കാലത്ത് ഇന്നത്തെയത്ര അവസരങ്ങളില്ല. വിദേശ യൂണിവേഴ്സിറ്റികളിൽ നിന്ന് അവസരം വന്നപ്പോഴും പോകാനായില്ല.  പതിനേഴ്, പതിനെട്ടു വയസ്സാണ്. ‘അയ്യോ, അത്ര ദൂരം പോകണ്ട’ എന്നായിരുന്നു വീട്ടിലെ നിലപാട്. ആ കാലം അങ്ങനെയാണ്. അപ്പോൾ നമ്മൾ ഉള്ളതു വച്ചു സന്തോഷിക്കുക എന്നേയുള്ളൂ.

എം.എ. ഡാൻസ് കോഴ്സ് സൗത്ത് ഇന്ത്യയിൽ അധികം ഇല്ലായിരുന്നു. അതിനാൽ കൊൽക്കൊത്തയിൽ പോയാണു പഠിച്ചത്. പിഎച്ച്ഡി കേരള യൂണിവേഴ്സിറ്റിയിൽ നിന്നാണ്. ഞാൻ പഠനം കഴിഞ്ഞ് തിരികെയെത്തിയ കാലത്ത് എന്താണ് എംഎ ഡാൻസിന്റെ  വാലിഡിറ്റി, എലിജിബിലിറ്റി എന്നെല്ലാം ചോദ്യങ്ങളുണ്ടായി. അതൊക്കെ തെളിയിച്ചാണ് പിഎച്ച്ഡിക്കു അഡ്മിഷൻ നേടിയത്. 

ഞാൻ മനസ്സിലാക്കിയത്, നമ്മൾ വൺ ഓഫ് ദി ഫസ്റ്റ് ആകുമ്പോഴോ, വൺ ആകുമ്പോഴോ, ചേഞ്ച് മേക്കേഴ്സ് ആകുമ്പോഴോ ആൾക്കാരെ ബോധ്യപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു മാറ്റം വരുമ്പോൾ ആർക്കും അംഗീകരിക്കാനാകില്ല. ഡാൻസിൽ എന്ത് എം.എ എന്നു  ചിലർ ചോദിച്ചിട്ടുണ്ട്. ഇന്നും അതേ, പുതിയ ആശയങ്ങൾ അവതരിപ്പിക്കുമ്പോൾ എതിർപ്പുകൾ ആദ്യം വരും. പിന്നീടാണ് ആളുകൾ അതിനോടു പഴകുന്നത്. 

ഒരു കാലത്തു മോഹിനിയാട്ടത്തിൽ എനിക്കു പരിഗണന കിട്ടാത്ത പ്രശ്നമുണ്ടായിരുന്നു. കുറേ കലാകാരികൾ പറയുമായിരുന്നു, ‘ദേവിക ചെയ്യുന്നത് മോഹിനിയാട്ടമൊന്നുമല്ല’ എന്ന്. ഇപ്പോള്‍ ഒരു ഫെസ്റ്റിവൽ നടക്കുമ്പോൾ, ഈ വ്യത്യസ്തത കാരണമാണ് എന്നെ വിളിക്കുന്നത്. 

സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനം മാറ്റാൻ ദേവികയെ പ്രേരിപ്പിച്ചതെന്താണ്? 

നേരത്തെയും പല അവസരങ്ങളും വന്നിരുന്നു. കാബൂളിവാല, കൊച്ചു കൊച്ചു സന്തോഷങ്ങൾ  തുടങ്ങിയ സിനിമകൾ അക്കൂട്ടത്തിലുണ്ട്. നടിയാകണോ നർത്തകിയാകണോ എന്നു ഞാൻ സ്വയം ചോദിച്ചിരുന്നു. നൃത്തം മാത്രം മതി എന്നാണ് അക്കാലം എനിക്കു തന്ന ഉത്തരം. 

 മുൻപ് ‘ഹ്യൂമൻസ് ഓഫ് സംവൺ’ എന്ന ഒരു ഇംഗ്ലിഷ് സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിന്റെ കഥ പറയുമ്പോൾ സംവിധായകൻ സുമേഷ് ഒരു നോ ആണ് പ്രതീക്ഷിച്ചത്. പക്ഷേ, ഞാൻ യെസ് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്തു തെല്ല് അമ്പരപ്പ് ഉണ്ടായിരുന്നു. ഒരു ദിവസത്തെ ഷൂട്ടേ ഉള്ളു. മൂന്നാർ വരെ ഒന്നു പോയി വരാം.  എങ്ങനെയാകും എന്നെ ബിഗ് സ്ക്രീനിൽ കാണാൻ എന്ന കൗതുകവുമുണ്ടായിരുന്നു. അങ്ങനെയാണ് ആ സിനിമയിൽ അഭിനയിച്ചത്. പല കഥകളും ശ്രദ്ധാപൂർവം കേട്ടിട്ടു തന്നെയാണു വേണ്ടെന്നു വച്ചിട്ടുള്ളത്. അല്ലാതെ ഒറ്റയടിക്ക് നോ പറഞ്ഞിട്ടില്ല.

സംവിധായകൻ വിഷ്ണു മോഹൻ വളരെ വിശദമായി സംസാരിച്ചാണ് ‘കഥ ഇന്നു വരെ’യിൽ അഭിനയിക്കാൻ എന്നെ സമ്മതിപ്പിച്ചത്. ബിജുമേനോനാണു അതിൽ എന്റെ നായകൻ.  സിനിമ എനിക്കു പറ്റുമോ എന്ന സംശയം ഉണ്ടായിരുന്നു. നന്നായി ആസ്വദിച്ചാണ് അഭിനയിച്ചത്. 

അമ്മ മേതിൽ രാജേശ്വരിയും എൻജിനീയറായിരുന്ന അച്ഛന്‍ എൻ.രാജഗോപാലനും എഴുത്തിനെയും വായ നയെയും ഏറെ ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങൾ മൂന്നു പെ ൺമക്കളെ വളർത്തുന്നതിന്റെയും വീടു നോക്കുന്നതിന്റെയും തിരക്കിനിടയിലും അമ്മ എഴുത്തു മുടക്കിയിട്ടില്ല. എനിക്കും ഫിക്‌ഷൻ എഴുതണമെന്നുണ്ട്. അതിനുശേഷം സിനിമയാക്കണം. സമയമാകുമ്പോൾ വിശദമായി പറയാം. 

Tags:
  • Celebrity Interview
  • Movies