വാരാപ്പുഴയിലെത്തി വഴി ചോദിച്ചിട്ടുള്ളവർ പലരും കേട്ടിട്ടുണ്ടാകാം ഇങ്ങനെയൊരു മറുപടി. ‘മ്മടെ ധർമജന്റെ വീടിന്റവിടെ നിന്ന് ഒരു നൂറ് മീറ്റർ മാറി.’ വീട് ധർമജന്റെ ആണെങ്കിലും മേൽവിലാസം നാട്ടുകാർക്കു കൂടി സ്വന്തം.
വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. വീട്ടുകാരെത്തും മുൻപേ അക്കി വന്നു മുഖം കാണിച്ചു. ഒാമനത്തമുള്ള കുഞ്ഞൻ നായ്ക്കുട്ടി. ‘‘വിരുന്നുകാരെ ആദ്യം വരവേൽക്കാനുള്ള അവകാശം അക്കിയുടേതാണ്’’ പിന്നാലെ വന്ന ധർമജന്റെ ഭാര്യ അനുജ പറഞ്ഞു. അപ്പോൾ മുറ്റത്തൊരു സൈക്കിൾ മണി മുഴങ്ങി. രണ്ടു കവർ പാലുമായി ചിരിയോടെ പ്രിയതാരം കടന്നു വന്നു.
സ്വീകരണമുറിയിലെ ഷെൽഫിൽ നിറയെ ഉണ്ട് ധർമജനു കിട്ടിയ അവാർഡുകളും ചിത്രങ്ങളും. അവയെല്ലാം മനോഹരമായി അടുക്കി വച്ചിരിക്കുന്നു. രണ്ടോ മൂന്നോ നിമിഷം അവ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും ധർമജൻ ബോൾഗാട്ടി എന്ന കലാകാരന്റെ വളർച്ചയുടെ ജീവചരിത്രം.
‘വി.സി. കുമാരന്റെയും മാധവിയുടേയും മകൻ ധർമജൻ’ ഇതാണ് എനിക്കെന്നും പ്രിയപ്പെട്ട മേൽവിലാസം. മുളവുകാടാണ് സ്വദേശം. അച്ഛനു കൂലിപ്പണിയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകൻ. മൈക്ക് അനൗൺസ്മെന്റ് എന്നും എനിക്കു കൗതുകമായിരുന്നു. കുട്ടിക്കാലത്തു വീടിനടുത്ത പറമ്പിൽ ഒരു യോഗം നടക്കുന്നു. ഞാൻ ‘മൈക്കിനെ’ നോക്കി. മൈക്ക് എന്നെയും കണ്ടു കാണും. അനുവാദം ഒന്നും ചോദിച്ചില്ല. നേരെ എടുത്തങ്ങ് അനൗൺസ് ചെയ്തു.
‘പ്രിയപ്പെട്ട നാട്ടുകാരെ. നമ്മുടെ പ്രിയ നേതാവ്, നാടിൻ പൊന്നോമന...’ അതാണ് കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനത്തിലേക്കുള്ള എന്റെ അരങ്ങേറ്റം. പിന്നെ, തിരഞ്ഞെടുപ്പു കാലത്തു പകൽ മുഴുവൻ അനൗൺസ്മെന്റ്. രാത്രി പോസ്റ്റർ ഒട്ടിക്കൽ, ചുവരെഴുത്ത്. അങ്ങനെ രസകരമായ പരിപാടികൾ. സേവാദളിന്റെ ജില്ല, സംസ്ഥാന അംഗമായിരുന്നു ഞാൻ. വിദ്യാർഥി രാഷ്ട്രീയത്തിലും സജീവം.
കണ്ണുനിറച്ച നഷ്ടം
കളിപ്പാട്ടങ്ങളോ കളർപെൻസിലുകളോ ഒന്നുമില്ലാത്ത കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. എങ്കിലും ഒന്നുമാത്രം സമൃദ്ധമായിരുന്നു, വായന. അച്ഛൻ ധാരാളം പുസ്തകം വാങ്ങിത്തരും. പത്തു നല്ല പുസ്തകം വായിച്ചാൽ പത്തു വരിയെങ്കിലും എഴുതാൻ സാധിക്കുമെന്ന് അച്ഛൻ ഇടയ്ക്കിടെ പറയും.
2018ലെ പ്രളയത്തി ൽ എന്റെ വീടിന്റെ ആദ്യത്തെ നില വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തനങ്ങൾക്കായി ഞാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. എല്ലാം ഒന്ന് ഒതുങ്ങി തിരികെ വീട്ടിലെത്തുമ്പോൾ കാണുന്നതുവെള്ളത്തിലും ചെളിയിലും കുതിർന്നു കിടക്കുന്ന പുസ്തകങ്ങളാണ്.
എനിക്കു സഹിക്കാനായില്ല. കരഞ്ഞു പോയി. ഇഷ്ടത്തോടെ ഓടിപ്പോയി ആവർത്തിച്ചു വായിക്കുന്ന പുസ്തകങ്ങളുണ്ടായിരുന്നു ആ കൂട്ടത്തിൽ.
മുകുന്ദനാണ്, നീ സംസാരിച്ചോ
എം.മുകുന്ദനാണ് പ്രിയപ്പെട്ട എഴുത്തുകാരൻ. ഇന്നസെന്റും മാമുക്കോയയും ഉള്ള സെറ്റിൽ ഞങ്ങൾ സംസാരിച്ചിരിക്കുന്നു. ഇക്കയോടു പലതും പറഞ്ഞ കൂട്ടത്തിൽ മുകുന്ദന്റെ എഴുത്തിനോടുള്ള ഇഷ്ടവും പറഞ്ഞു. ഇന്നസെന്റേട്ടൻ ഇക്കയെ ഒന്നു നോക്കി. പിന്നെയും പലതും പറഞ്ഞിരിക്കുന്നതിനിടെ ആരെയോ ഫോണിൽ വിളിച്ച് ഇക്ക സംസാരിക്കുന്നു. പിന്നെ, എന്റെ നേരെ ഫോൺ നീട്ടി. ‘മുകുന്ദനാണ്, നീ സംസാരിച്ചോ.’
എനിക്കാണേൽ കയ്യും കാലും വിറച്ച്, എന്തു ചെയ്യണം, എന്തു പറയണം എന്നൊന്നും അറിയാത്ത അവസ്ഥ. അപ്പോഴത്തെ ആവേശത്തിൽ പ്രിയപ്പെട്ട പുസ്തകങ്ങൾ, വാചകങ്ങൾ, കഥാപാത്രങ്ങൾ അങ്ങനെ ഒരുപാടു മിണ്ടി. ഞാൻ നിർത്തുവോളം അദ്ദേഹം കേട്ടിരുന്നു എന്നത് ഓർമയിലെ വലിയ സന്തോഷം.
മാധവിക്കുട്ടിയുമായും വളരെ അടുപ്പമുണ്ടായിരുന്നു. അമ്മ ഇ ടയ്ക്ക് ഫ്ലാറ്റിലേക്കു വിളിക്കും. ചായ ഉണ്ടാക്കി തരും. ചിലപ്പോൾ ഞാൻ അമ്മയ്ക്കും ചായ ഉണ്ടാക്കി കൊടുക്കും. വലിയ സ്നേഹമായിരുന്നു.
സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രൻ, കെ.ആർ. മീര തുടങ്ങിയവരുടെ എഴുത്തിനോടും ഇഷ്ടമാണ്. ജീവിതത്തിലെ രസകരമായ സംഭവങ്ങ ൾ കോർത്തിണക്കി പുതിയ പുസ്തമെഴുതുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണു ഞാനിപ്പോൾ.
സിനിമയുടെ തിരക്കുകളുമുണ്ട്. ആട് സിനിമയുടെ മൂന്നാം ഭാഗമുണ്ട്. പഴേ ടീം മുഴുവനും പവറോടെ വരുന്ന സിനിമയാണത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന അപൂർവ പുത്രന്മാർ, ബർമൂഡ, എ പാൻ ഇന്ത്യൻ സ്റ്റോറി തുടങ്ങിയ സിനിമകളാണ് പിന്നെയുള്ളത്. തമിഴിലും ചർച്ചകൾ നടക്കുന്നു. ഇതിനിടയിൽ എഴുതാനും സമയം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
അങ്ങനെ ധർമജൻ ബോൾഗാട്ടി പിറന്നു
സ്കൂളിൽ ഞാനും മറിമായത്തിലെ പാരിജാതനും (സലീം ഹസൻ) ഒരുമിച്ചായിരുന്നു. ഞങ്ങൾ സുഹൃത്തുക്കളെല്ലാവരും ചേർന്ന് സ്കിറ്റുകൾ അവതരിപ്പിക്കും. എഴുത്തിലൂടെയാണു ഞാൻ കലാരംഗത്തേക്കു കടന്നുവരുന്നത്. അഭിനയം എത്രത്തോളം വഴങ്ങും എന്നു സംശയമുണ്ടായിരുന്നു. എങ്കിലും എഴുത്തിൽ നല്ല വിശ്വാസമുണ്ട്.
1994 മുതൽ ഞാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. കോമഡി കസറ്റുകൾക്കു വേണ്ടി സ്കിറ്റ് എഴുതിയാണു തുടക്കം. പിന്നീട് എട്ടു സുന്ദരികളും ഞാനും, സുന്ദരീ സുന്ദരീ തുടങ്ങിയ സീരിയലുകൾക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതി. പതിയെ നാലാൾ പേരറിഞ്ഞു തുടങ്ങിയപ്പോൾ തോന്നി,പേരിനു മുഴക്കം പോരാ. അനൗൺസ് ചെയ്യുമ്പോൾ പേരിനൊരു താളം വേണം. അങ്ങനെ ഞാൻ ധർമജൻ ബോൾഗാട്ടിയായി. (വിവിധ മോഡുലേഷനുകളിൽ സ്വന്തം പേര് അനൗൺസ് ചെയ്തു കേൾപ്പിക്കാൻ ധർമജൻ പ്രത്യേകം ശ്രദ്ധിച്ചു.)
തമാശ അവതരിപ്പിക്കുന്നവരെല്ലാം ജീവിതത്തിലും കൊമേഡിയന്മാരായിരിക്കുമെന്ന് പലർക്കുമൊരു ധാരണയുണ്ട്. കോമഡി ഒന്നും പറയാതെ സാധാരണ മനുഷ്യരെ പോലെ വർത്തമാനം പറഞ്ഞാൽ മസിൽ പിടിക്കുകയാണെന്നും ചിലർക്കു തോന്നാം. സത്യത്തിൽ ജീവിതം ശ്രദ്ധിച്ചാൽ കിട്ടുന്നത്ര തമാശ പലപ്പോഴും സിനിമയിൽ ഇല്ല.
പണ്ടു ഞങ്ങളുടെ വീട്ടിൽ സഹായിക്കാൻ വന്നിരുന്ന ചേച്ചി ഒരാവശ്യം പറഞ്ഞു. മകനൊരു ജോലി വേണം. എ ന്റെ സുഹൃത്തിന്റെ വർക്ക്‌ഷോപ്പിൽ പറഞ്ഞു ജോലി റെഡിയാക്കി. ജോലിക്കു പോകുന്ന ആദ്യ ദിവസം ചേച്ചി മകന് ഉച്ചയ്ക്കു കഴിക്കാൻ ചോറ്, കറി, മീൻ വറുത്തത്, ചെമ്മീൻ തുടങ്ങി ഗ്രാൻഡ് ലഞ്ച് കൊടുത്തു വിട്ടു. അവിടെ എത്തിയപ്പോ ടൂൾസ്, ടയർ, കരിഓയിൽ, കാറിന്റെ അടിയിൽ കയറി കിടക്കുന്ന ആശാൻ എന്നിങ്ങനെ വർക്ക്ഷോപ്പിന്റെ ആംബിയൻസ് സെറ്റാണ്.
കുറച്ചു സമയം ഇവൻ അവിടെ വെറുതേയിരുന്നു. ഉച്ചകഴിഞ്ഞു പണി പഠിപ്പിച്ചു തുടങ്ങി. ആശാൻ കാറിന്റെ അടിയിൽ കയറി കിടന്നിട്ട് ‘ആ 18ന്റെ സ്പാനർ ഇങ്ങെടുക്ക്’ എന്ന് പറഞ്ഞു. ഇവൻ എഴുന്നേറ്റ് പുള്ളീടെ അടുത്തേക്ക് ചെന്നിട്ട് ചോദിക്കുവാണേ, ‘അല്ല ചേട്ടാ ഞാനിപ്പോ ഇങ്ങോട്ട് വന്നില്ലാരുന്നേൽ ചേട്ടൻ സ്പാനർ എങ്ങനെ എടുത്തേനെ’ എന്ന്. എങ്ങനെയുണ്ട്? ആ ചേട്ടൻ എ ന്നെ ഇനി പറയാൻ ഒന്നുമില്ല. അവൻ ചോദിച്ചതു ന്യായമാണെന്ന് എനിക്കും തോന്നി. പക്ഷേ, എല്ലായിടത്തും എല്ലായ്പ്പോഴും പറയാൻ പറ്റുന്ന ഒന്നല്ലല്ലോ ഈ ‘ന്യായം’. അ ങ്ങനെ ജീവിതത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തമാശകൾ സ്റ്റേജിൽ ഉപയോഗിക്കാറുണ്ട്.
ചിരിയുടെ കോക്ടെയ്ൽ
ഞാൻ ഒറ്റയ്ക്കു നിന്നപ്പോഴും പിഷാരടി ഒറ്റയ്ക്കു നിന്നപ്പോഴും ഒന്നുമായിരുന്നില്ല. ഞങ്ങൾ ഒരുമിച്ചു നിൽക്കുമ്പോഴാണു ജീവൻ വീഴുന്നത്. ‘ധർമജനും പിഷാരടിയും’ എന്നു പറയുമെങ്കിലും ഈ രണ്ടു പേരുകളിൽ മാത്രം ഒതുങ്ങുന്നതല്ല ഞങ്ങളുടെ സൗഹൃദവലയം. പിഷാരടി – ധർമജൻ എന്നൊരു കോംബോ എങ്ങനെയോ രൂപപ്പെട്ടു. വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സുബി.
അവളുടെ അവസാന ചടങ്ങുകളെല്ലാം കഴിഞ്ഞ് അവളെ യാത്രയാക്കി ഞാൻ കൊല്ലത്തേക്ക് പോയി. അവിടെ നാദിർഷിക്കയുടെ ഷോ നടക്കുകയാണ്. ഷോ തുടങ്ങുന്നതിനു തൊട്ടു മുൻപ് എനിക്കു വീട്ടിൽ നിന്നൊരു കോൾ വന്നു. സുബിക്കു പിന്നാലെ എന്റെ അമ്മച്ചിയും അങ്ങുപോയി. പെട്ടെന്ന് സ്റ്റേജിൽ നിന്നു പരിപാടി തുടങ്ങുകയാണെന്ന് അനൗൺസ്മെന്റ് വന്നു. കലാകാരനല്ലേ. മരണോം ജനനോം ഒന്നുമില്ല. പരിപാടി കാണാൻ വരുന്നവർക്കു നമ്മുടെ അവസ്ഥ മനസ്സിലാകണം എന്നില്ല. ഞാൻ നാദിർഷിക്കയോടു കാര്യം പറഞ്ഞു. കേട്ടപ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. വീട്ടിലേക്കു പൊയ്ക്കോളൂ എന്നു പറഞ്ഞു. സ്‍റ്റേജിൽ കയറിയിട്ട് പോകാം എന്നു ഞാൻ പറഞ്ഞെങ്കിലും ഇക്കാക്ക സമ്മതിച്ചില്ല.
പകരം വയ്ക്കാൻ കഴിയാത്ത സ്നേഹം
എനിക്ക് ഏറെ അടുപ്പമുള്ള മനുഷ്യനാണ് മമ്മൂക്ക. ഒരു ഷോയിൽ ഞങ്ങൾ സ്വയം പരിചയപ്പെടുത്തുകയാണ്. മമ്മൂക്കയുടെ ഫിഗർ അനുകരിച്ച് സിനിമയിലെത്തിയ ടിനി ടോം, ശബ്ദം അനുകരിക്കുന്നതിൽ കേമനായ സുരാജ് വെഞ്ഞാറമൂട്, അടുത്ത ഊഴം എന്റെയാണ്.
മമ്മൂക്കയുമായി ഒരു ബന്ധം പറയണല്ലോ. ഞാൻ മമ്മൂക്കയെ നോക്കി. പിന്നെ, സ്വയം ഒന്നു നോക്കി. അദ്ദേഹമാണെങ്കിൽ ആകാംക്ഷയോടെ എന്നെ ശ്രദ്ധിക്കുന്നുണ്ട്. പതിയെ മൈക്ക് കയ്യിലെടുത്തു. എന്നിട്ടൊരു കാച്ച്, ‘ടിനി മമ്മൂക്കയുടെ രൂപസാദൃശ്യം അവതരിപ്പിച്ചു, സുരാജ് ശബ്ദം പറഞ്ഞു. പക്ഷേ, എനിക്കും മമ്മൂക്കയ്ക്കും ഇതിന്റെയൊന്നും ആവശ്യമില്ല. ഞങ്ങൾ സ്വന്തം കഴിവുകൊണ്ടാ ഇവിടെ വരെ എത്തിയത് എന്ന്.’ അതങ്ങ് ഏറ്റു. നല്ല കയ്യടി കിട്ടി. സിനിമയിൽ എല്ലാവരുമായി അടുപ്പമുണ്ടെങ്കിലും ദിലീപേട്ടനോടും മണിച്ചേട്ടനോടുമൊക്കെയുള്ളത് സഹോദരതുല്യമായ സ്നേഹമാണ്. മണിച്ചേട്ടൻ ഇന്ന് ഒപ്പമില്ല. എ ങ്കിലും അദ്ദേഹത്തെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ല.
‘പാപ്പീ അപ്പച്ചാ’ എന്ന സിനിമയിലെ കുട്ടാപ്പി ആയാണ് സിനിമാജീവിതത്തിന്റെ തുടക്കം. ഒരു ദിവസം എനിക്കൊരു കോൾ വന്നു. എടുത്തപ്പോൾ മറുതലയ്ക്കൽ ദിലീപേട്ടന്റെ ശബ്ദം. ‘എടാ ഞാൻ ദിലീപാണേ...’ അദ്ദേഹം പറഞ്ഞു. ‘ആ പറഞ്ഞോ ചേട്ടാ...’ എന്ന് ഞാനും പറഞ്ഞു. എനിക്ക് ആളെ മനസ്സിലായില്ല എന്നു കരുതി ദിലീപേട്ടൻ വീണ്ടും പറഞ്ഞു, ‘എടാ ഞാൻ സിനിമാ നടൻ ദിലീപാണ്.’ ഞാൻ ആദ്യത്തെ മറുപടി ആവർത്തിച്ചു.
‘പാപ്പീ അപ്പച്ചാ’ എന്ന സിനിമയിൽ എനിക്കൊരു കഥാപാത്രമുണ്ട്, ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. ചേട്ടൻ ഡേറ്റ് പറഞ്ഞാൽ മതി എത്തിക്കോളാം എന്നു മറുപടി കൊടുത്തു. ഫോൺ വയ്ക്കുന്നതിനു മുൻപ് ദിലീപേട്ടൻ ഒരു ഡയലോഗ്, ‘എടാ, നിന്നെ ഞാൻ കൊല്ലാൻ വിളിച്ചതല്ല, അഭിനയിക്കാൻ വിളിച്ചതാണ്’ എന്ന്. എങ്ങനെ ചിരിക്കാതിരിക്കും. പിന്നീടൊരിക്കൽ ആ കോളിനെക്കുറിച്ച് ദിലീപേട്ടൻ ചോദിച്ചു. ‘എടാ, നിനക്ക് ശരിക്കും എന്നെ മനസ്സിലാകാത്തതാണോ അതോ എക്സൈറ്റ്മെന്റുകൾ ഇല്ലാത്തതാണോ?’ എന്ന്. സത്യമാണ്. എനിക്ക് ഒന്നിനെക്കുറിച്ചും ഓവർ പുളകം ഇല്ല. അതാണു പ്രകൃതം.
‘പാപ്പീ അപ്പച്ചാ’ ഡബ്ബിങ്ങിനു ചെന്നപ്പോൾ സംവിധായകൻ ലാൽ സാർ ഉണ്ടായിരുന്നു. കണ്ടപ്പോഴേ അദ്ദേഹം പറഞ്ഞു. ‘നീ വരുമെന്ന് അറിയാമായിരുന്നു.’ എനിക്കു കാര്യമൊന്നും മനസ്സിലായില്ല. മിഴിച്ചു നിന്ന എന്നെ നോക്കി അദ്ദേഹം പറഞ്ഞു. ‘ഇവിടെ വരുന്ന കാര്യമല്ല. നീ സിനിമയിൽ വരുമെന്നറിയാമായിരുന്നു’ എന്നാണു പറഞ്ഞത്. അ തു കേട്ടപ്പോൾ ഭയങ്കര സന്തോഷം. വല്ലാത്ത ആശ്വാസം. അവസാനമായി സംവിധായകൻ സിദ്ദിഖ് ഇക്ക ഭാഗമായ പൊറാട്ടു നാടകത്തിൽ നല്ലൊരു വേഷം ചെയ്യാൻ സാധിച്ചതും എന്റെ ഭാഗ്യമാണ്.
വൈറലായി രണ്ടാം വിവാഹം
‘‘ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഞാൻ വിളിച്ചു. അനു വന്നു. അടുത്തുള്ള അമ്പലത്തിൽ പോയി താ ലി കെട്ടി. ചെറിയ വാടക വീട്ടിൽ ജീവിതം തുടങ്ങി. തിരക്കിനിടയിൽ കല്യാണം റജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. 16 വർഷത്തിനു ശേഷമാണ് ഇതൊന്നു രേഖയിലാക്കണമെന്നു തോന്നിയത്. വൈഗ പത്തിലും വേദ ഒൻപതിലുമാണ്. അങ്ങനെ മക്കളെ സാക്ഷിയാക്കി പൂണൂർപ്പള്ളി ക്ഷേത്രത്തിൽ താലികെട്ടി. അനുവിനു രണ്ടാമത്തെ വിവാഹ ചടങ്ങാണു കൂടുതൽ ഇഷ്ടമായതെന്നു തോന്നുന്നു. കാരണം അതിന് എല്ലാവരുടെയും ആശിർവാദവും സമ്മതവും ഉണ്ടായിരുന്നു. വിശേഷം പറഞ്ഞു തീർന്ന് ഫാമിലി ഫോട്ടോയ്ക്കായി എല്ലാവരും ഒന്നിച്ചിരുന്നു.
ക്ലിക്ക് ചെയ്യുന്നതിനു തൊട്ടുമുൻപ് അക്കി നൂഴ്ന്നുകയറി ഫ്രെയിമിൽ ഇടംപിടിച്ചു. ‘ഇപ്പോഴാണ് പെർഫക്ട് ഫാമിലി ഫോട്ടോ ആയത്.’ സിനിമയുടെ അവസാനം ശുഭം എന്ന് എഴുതി കാണിക്കും പോലെ ധർമജന്റെ കമന്റ്. ചിരി ഒപ്പിട്ട ആ ഫ്രെയിം മനസ്സിലും ക്യാമറയിലും പതിഞ്ഞു.
അഞ്ജലി അനിൽകുമാർ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ