Thursday 31 May 2018 11:32 AM IST

’സിമന്റും മണലും പോലെയാണ് ഞങ്ങൾ, ഒരുമിച്ച് നിന്നാലേ ബലമുള്ളൂ...’

Vijeesh Gopinath

Senior Sub Editor

dharma-pishu2 ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

രമേഷ് പിഷാരടിയുടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് തുറന്ന് അകത്തു കയറിയപ്പോൾ കണ്ടത് ‘ആനയുടെ തുമ്പിക്കൈ’ക്കു താഴെ അന്തം വിട്ടിരിക്കുന്ന ധർമജനെയാണ്. ‘എന്നാലും ധറൂ... എന്നോടിത് വേണമായിരുന്നോടാ’ എന്ന മുഖവുമായി പിഷാരടി നിൽക്കുന്നു. മദമിളകി പിഷു കുത്തിക്കൊല്ലുമോ എന്നു പേടിച്ചിട്ടെന്നു തോന്നുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ധർമജൻ മുറിയില്‍ നിന്നു പതുക്കെ രക്ഷപ്പെട്ടു.

ഈ ആനക്കഥയുടെ തുടക്കം ഇവിടെയല്ല. നാലു ദിവസം മുൻപ് ധർമജന്റെ വീട്ടിലേക്ക് ഒരു ചിത്രകാരൻ എത്തി. ചുമരിൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്ന ആളാണ്. കൈയില്‍ പണിയായുധങ്ങളുമുണ്ട്. എന്തു വരപ്പിക്കണം എന്നു കുറേ ആലോചിച്ച് ഒ‍ടുവിൽ ധർമൻ ഫാമിലി ഫോട്ടോ കൊടുത്തു. സ്വീകരണമുറിയിലെ ചുമരിൽ  ‘അതുപോലെ’ വരയ്ക്കാൻ പറഞ്ഞു. ഒടുവിൽ ചുമരില്‍ വാർന്നു വീണ  സ്വന്തം  മുഖം കണ്ടു ഞെട്ടിയ ധർമൻ അപ്പോൾ തന്നെ ഫോണെടുത്തു പിഷാരടിയെ വിളിച്ചു.‘ഡാ...  നിന്റെ വീട്ടിലേക്ക് ഞാനൊരു ഗിഫ്റ്റ് കൊടുത്തു വിടുന്നുണ്ട്.’  ആ ഗിഫ്റ്റാണ് പണിയായുധങ്ങളുമായി ദേ, ഈ നിൽക്കുന്നത്.

വന്ന ഉടൻ  ‘ഈ ചുമരിന് ആനയാ ബെസ്റ്റ്’ എന്നു പറഞ്ഞ് വര തുടങ്ങിയതാണ്. കൊമ്പും തുമ്പിക്കൈയും വരച്ചു. ചെവിയുടെ പണി തുടങ്ങിയിട്ടില്ല. ഇടയ്ക്ക് പിഷുവിന്റെ മക്കൾ പീലിയും  വീരനും  വന്നു നോക്കും. ധർമന്റെ മക്കൾ അമ്മുവും ആമിയും  ഒരു ചിരിക്കു വകുപ്പുണ്ടോ എന്ന മട്ടിൽ ചുറ്റി നടക്കുന്നുണ്ട്. എന്തും സംഭവിക്കാം. ധർമന്റെ ഗിഫ്റ്റ് കണ്ട ‘ധർമ’സങ്കടത്തിൽ പിഷാരടി പറഞ്ഞു തുടങ്ങി. ‘‘ഞങ്ങളിങ്ങനെയാണ്.  ഉദാഹരണത്തിന്  ആയിരം  രൂപ കടം ചോദിച്ച്  ഒ രാൾ വന്നാൽ അഞ്ഞൂറു ഞാൻ കൊടുക്കും. ബാക്കി അഞ്ഞൂറ് അവനോടു വാങ്ങിക്കോളാൻ പറയും. ഫ്ലാറ്റു വേണോ വീടു വേണോ എന്നൊക്കെ ചോദിച്ചു ചിലർ ശല്യപ്പെടുത്തുമ്പോൾ ഇവന്റെ നമ്പറും കൂടി കൊടുക്കും...’’

തിളച്ചെണ്ണയിൽ വീണ കടുകു പോലെ കോമഡികൾ ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ട്. ഇതിനിടയിൽ  ഞങ്ങൾ മിണ്ടിയാൽ ചിരി കരിഞ്ഞു പോകാന്‍ ചാൻസ് ഉണ്ടെന്നു  പറഞ്ഞ് പിഷാരടിയുടെ ഭാര്യ സൗമ്യയും ധർമജന്റെ ഭാര്യ അനുജയും അടുക്കളയിലേക്കു വലിഞ്ഞു.

സൗമ്യയ്ക്കു മുൻപേ പിഷാരടിയുടെ ‘ഭാര്യ’  ധർമനായിരുന്നില്ലേ?

ധർമജൻ: ‘ശരിക്കും കല്യാണം കഴിക്കും’ മുൻപ് കല്യാണം  കഴിച്ച ആൾക്കാരാണു ഞങ്ങൾ. രണ്ടു പേരും ഭാര്യയും ഭർത്താവും ആയി ഒരുപാടു സ്റ്റേജുകളിൽ വേഷമിട്ടിട്ടുണ്ട്. ചാനൽ പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്.  മിക്കവാറും ഞാനായിരിക്കും ഭാര്യ. ശരിക്കുള്ള കല്യാണം കഴിഞ്ഞ് പ്രോഗ്രാമുകൾക്ക് പോകുമ്പോള്‍ പിഷാരടിയോട് പലരും ചോദിക്കും ‘ഭാര്യയെ കൊണ്ടുവന്നില്ലേ?’ ഇത് കേൾക്കുമ്പോ അവൻ കൺഫ്യൂഷനാകും. ശരിക്കും ഏതു ഭാര്യയെ ആണ് ഉദ്ദേശിച്ചത്? കുറേ നാൾ നാട്ടുകാർ വിചാരിച്ചിരുന്നത് അവന്റെ ശരിക്കുമുള്ള ഭാര്യ ഞാനും ആര്യയുമൊക്കെ ആണെന്നാ.

പിഷാരടി: ഞങ്ങൾ ഒരുമിച്ചു പ്രോഗ്രാം ചെയ്യാൻ തുടങ്ങിയിട്ടു പതിനഞ്ചു വർഷമായി. ഈ കൂട്ട് ഇത്രയും ഹിറ്റ് ആകുമെന്ന് ഒട്ടും  വിചാരിച്ചിരുന്നില്ല. കാണാൻ ചെറുതാണെങ്കിലും  പ്രായത്തിൽ എന്നെക്കാൾ മൂത്തത് ഇവനാണ്. പക്ഷേ, കണ്ടാൽ പ്രായം തോന്നില്ല. ആദ്യം കല്യാണം  കഴിച്ചതും ഇവനാണ്. പ്രായം കുറവാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ചില നമ്പരുകള്‍ ഇവനുണ്ട്. ‘ചങ്ക്സ്’ സിനിമയില്‍ പ്ലസ് ടു വിദ്യാർഥിയായി അഭിനയിക്കുക, കട്ടപ്പനയിലെ ഋത്വിക് റോഷനിൽ  സ്കൂൾ വിദ്യാർഥിയായി അഭിനയിക്കുക... അങ്ങനെ പലതും.

പിഷുവിന്റെയും ധർമന്റെയും സൗഹൃദത്തിന്റെ ജാതകപ്പൊരുത്തം അത്ര കിടിലനാണോ?

പിഷാരടി: ഞാനും ഇവനും  ഇത്ര സുഹൃത്തുക്കളാകേണ്ടതേയല്ല. ഞങ്ങളുടെ സ്വഭാവങ്ങൾ തമ്മിൽ അത്ര വലിയ വ്യത്യാസങ്ങളുണ്ട്. ധർമനും എനിക്കും ഇടയിൽ ഒരുപോെലയുള്ള സ്വഭാവം, താൽപര്യം  ഒന്നും  ഇതു വരെ കണ്ടെത്താനായിട്ടില്ല. ആലോചനയിൽ പോലും വ്യത്യാസമുണ്ട്. തിരുവനന്തപുരത്തു പോകാനൊരുങ്ങുമ്പോള്‍, ‘ട്രെയിനിനു പോകാം’ എന്നു ഞാന്‍ പറഞ്ഞാൽ, ‘വേണ്ട, നമുക്കു വോൾവോയ്ക്ക് പോകാം’ എന്നിവൻ പറയും. ഇനി ‘കാറിനു പോകാ’മെന്നു ഞാന്‍  പറഞ്ഞാൽ,  ‘ട്രെയിനല്ലേ നല്ലത്’ എന്നിവന്‍ ചോദിക്കും. അത്രയ്ക്ക് പൊരുത്തമാണ്. ഞാൻ പക്കാ വെജിറ്റേറിയനാണ്.  ഇവൻ  മീൻ വറുത്തതില്ലാതെ നാലുമണി ചായ പോലും കുടിക്കാത്ത ആളാണ്. എന്നാൽ രണ്ടുപേർക്കും  ഒരു ജീവിതമുണ്ടായത് ഒരുമിച്ചു നിന്നപ്പോഴാണ്.  ധർമൻ മറുപടി പറയും മുമ്പേ ആ വിളി മുഴങ്ങി.      

‘പിഷു സാർ...’ നമ്മുടെ ‘ആനക്കാരന്‍’ ആണ്. വര പകുതിക്കു വച്ചു നിന്നു പോയി. പെൻസിൽ നെറ്റിയിൽ വച്ച്  ആരോടെന്നില്ലാതെ  അയാൾ പറഞ്ഞു ‘‘ആനയുെട ചെവിക്ക് ഇത്തിരി വലുപ്പം കൂടിപ്പോയോ എന്നൊരു സംശയം. മൊത്തത്തിൽ വലുപ്പക്കൂടുതലാണോ അതോ ഇടതും വലതും തമ്മിൽ വ്യത്യാസം  ഉണ്ടോ?’ അത്യാവശ്യമായി ഒരു ടേപ്പ് വേണം. തുമ്പിക്കൈ  അ ളന്നിട്ടു കണക്കു കൂട്ടണം. എന്നിട്ടു വേണം മായ്ച്ച് പുതുതായി വരയ്ക്കാൻ...’ പിഷാരടിയുടെ ദയനീയ മുഖത്തേക്ക് ധർമൻ ഏറുകണ്ണിട്ടു നോക്കി...

ഈ ചിരിവണ്ടിയുടെ കാറ്റഴിച്ചു വിടാൻ  ആരെങ്കിലുമൊെക്ക ശ്രമിച്ചിരിക്കില്ലേ...?

ധർമജൻ: അഴിച്ചു വിട്ട പട്ടം പോലെയാണു ഞാൻ. അതിന്റെ ചരട് ഇവന്റെ കൈയിലാണ്. അല്ലെങ്കിൽ അതു പാറിപ്പോയെനെ. അതെനിക്ക് നന്നായറിയാം.
പലപ്പോഴും പരാജയത്തിനു ഒരുത്തരവാദിയെ കിട്ടില്ല. ഒ രാൾ മറ്റൊരാളെ പഴിചാരും, വിജയത്തിനും  അതു തന്നെ. ഞാ ൻ കാരണം  എന്ന ചിന്തവരും. ഞങ്ങൾക്കിടയിൽ അങ്ങനൊരു സംഭവമില്ല. ഈ സൗഹൃദം കൊണ്ട്  ഒരു മുതലെടുപ്പും ഞ ങ്ങള്‍ നടത്തില്ല. കു‍ടുംബങ്ങൾ തമ്മിലും നല്ല ബന്ധമാണ്. എന്നു വച്ചാൽ‌ എന്നും കാണും, ഒരുമിച്ചു യാത്ര പോകും  എന്നൊന്നുമല്ല. പ ക്ഷേ, സൗമ്യയും അനുജയും തമ്മിൽ നല്ല സ്നേഹബന്ധം ഉണ്ട്. കുട്ടികൾ ഒരുമിച്ചു ചേർന്നാലും ബഹളമാണ്.

z-pish-dharm

പിഷാരടി: സിമന്റും  മണലും പോലെയാണ് ഞങ്ങൾ. ഒരുമിച്ചു നിന്നാലേ  ബലമുള്ളു. ഇവൻ ചെയ്യുന്നതൊന്നും  എനിക്കു ചെയ്യാനാകില്ല. തിരിച്ചും അങ്ങനെ തന്നെ. അപ്പോ രണ്ടുപേർക്കും മനസ്സിലായി, ഒരുമിച്ചു നിന്നാലേ ആവശ്യക്കാരുള്ളൂ. ഒരിക്കൽ ഞാനും  ഇവനും ചേര്‍ന്ന് ഒരു സ്ക്രിപ്റ്റ് എഴുതുകയാണ്. അപ്പോള്‍ ഞങ്ങളുടെ  ഒരു ‘സുഹൃത്ത്’ എന്നെ ഫോ ൺ ചെയ്ത് എവിടെയുണ്ടെന്നു ചോദിച്ചു. തിരുവനന്തപുരത്താണെന്നു പറഞ്ഞപ്പോൾ അടുത്ത ചോദ്യം ‘ധർമൻ എവിടെയുണ്ട്?’ ഒരു രസത്തിനു െവറുേത   പറഞ്ഞു, ‘ധർമനിപ്പോ വല്ലാത്തൊരു സ്വഭാവമാണ്. ഒരുമിച്ചു പോകാൻ പറ്റുമെന്നു തോന്നുന്നില്ല.’

അതു േകട്ടയുടന്‍ അയാൾ കടുത്ത ഉപദേശം. ‘ആൾക്കാർ മാറാൻ അധികം സമയം വേണ്ട. ഒരുമിച്ചു പോകാൻ പറ്റില്ല എന്നു തോന്നിയാൽ ഉപേക്ഷിക്കുകയാണു നല്ലത്.’ ഞാൻ ഞെട്ടിപ്പോയി. ഫോൺ കട്ട് െചയ്ത  ഉടൻ  ധർമന്റെ ഫോൺ റിങ്  ചെ യ്യാൻ തുടങ്ങി. അതേ ആൾ തന്നെ വിളിക്കുകയാണ്. ഫോൺ സ്പീക്കറിലിട്ടു ധർമൻ പറഞ്ഞു. ‘പിഷാരടിയൊക്കെ ഭയങ്കര അഹങ്കാരിയായിപ്പോയി. വിളിച്ചാലും ഫോൺ എടുക്കില്ല.’ എന്നോടടിച്ച അതേ ഡയലോഗ് ഇവനോടും  അയാൾ പറ‌ഞ്ഞു. ‘വിട്ടേക്കെടാ അതാ നല്ലത്...’ ആ പറഞ്ഞയാൾ ഇപ്പോഴും  ഇവിടെയൊക്കെയുണ്ട്. ഇതു വായിക്കുമ്പോൾ അവൻ ഞെട്ടും. സൗഹൃദപരമായി  പരസ്പരം  കളിയാക്കാറുണ്ട്. അത്  ഇ വന്റെ ചില പുതിയ അവകാശികളിൽ ചിലർക്കിഷ്ടപ്പെട്ടില്ല. നീയാരാടാ ധർമനെ കളിയാക്കാനെന്ന മട്ടിൽ അവർ ഇറങ്ങി. വർഷങ്ങൾക്കു മുൻപുള്ള വിഡിയോ കണ്ടിട്ടാണ് ഇങ്ങനെ ചോദിക്കുന്നത്. എന്നാൽ അങ്ങനെയൊന്നും ഞങ്ങളെ വേർപെടുത്താനാകില്ല.’’

ചായ എത്തി. കഥകൾക്കിടയിലേക്ക് സൗമ്യയും അനുജയും കടന്നു വന്നു. കുട്ടികൾ കളികൾക്കും ‘ആനവര’യ്ക്കും ഇടയിൽ ഒാടി നടക്കുന്നു. ധർമജന്റെ പ്രണയ വിവാഹമായിരുന്നു. പിഷാരടി  ഒരൊറ്റ പെണ്ണുകാണലിനേ പോയിട്ടുള്ളൂ. അതുപക്ഷേ, കേരളത്തിലൊന്നുമല്ല. അങ്ങ് പുണെയില്‍. ആ പെൺകുട്ടിയെ തന്നെ വിവാഹവും ചെയ്തു.

അത്രയൊന്നും പ്ലാനിങ് ഇല്ലാത്ത ധർമജൻ എങ്ങനെയാണ് പ്രണയം വിജയിപ്പിച്ചു വിവാഹം കഴിച്ചത്?

അപ്പോൾ കേട്ടത് അനുജയുടെയും പിഷാരടിയുടെയും പൊട്ടിച്ചിരിയായിരുന്നു. അതിനുത്തരം വേറാരു പറഞ്ഞാലും ശരിയാവില്ലെന്ന മട്ടിൽ പിഷാരടി തുടങ്ങി. ‘‘ഒരു സിനിമയിൽ ജഗതി ജനറേറ്റർ അടിച്ചു കൊണ്ടു പോകുന്ന സീൻ ഉണ്ട്. തിരക്കുള്ള വഴിയരികിലെ കടയ്ക്കു പുറത്തിരിക്കുന്ന ജനറേറ്ററും എടുത്ത് ഒറ്റ ഒാട്ടം. ധർമൻ അങ്ങനെയാണ് അനുജയെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുവന്നത്. ഇവനും ഞാനും എപ്പോഴും ഒരുമിച്ചു നടക്കുന്നതല്ലേ? എന്നിട്ടും  എന്നോടു പോലും  ഒന്നും  പറഞ്ഞിരുന്നില്ല. കാര്യമായ ഒരു പ്ലാനിങ്ങും ഉണ്ടായിരുന്നില്ല. ഒരുച്ചയ്ക്ക് ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോൾ  ‘എന്നാൽ കല്യാണം കഴിക്കാം’ എന്നു തീരുമാനിച്ചെന്നാ തോന്നുന്നത്. നേരെ പോയി അനുജയെ വിളിച്ചിറക്കി കൊണ്ടു വന്നു. നമ്മളൊക്കെ ആണെങ്കിൽ  പ്ലാൻ ചെയ്ത് പ്രാന്തായേനെ. കാറുമായി നേരെ വീടിനടുത്തു ചെന്നു. വീട്ടുകാർ എല്ലാവരും  മുറ്റത്തു നിൽക്കുന്നുണ്ട്. ഇവനെ കണ്ടതും അനുജ വേഗം ഇറങ്ങി വന്നു. രണ്ടുപേരും കാറിൽ കയറിക്കഴി‍ഞ്ഞ് ഇവൻ എന്നെ വിളിച്ചിട്ടു പറഞ്ഞു ‘ഡാ ഞാനിവളെ കൊണ്ടു പോരുവാ...’ എന്ന്. അപ്പോഴാണ് ഇതൊക്കെ ഞാനറിഞ്ഞത്.   

ധർമജൻ: ഞങ്ങളുടെ പ്രണയത്തിലും കോമഡി ഉണ്ട്. സത്യത്തിൽ അനുജയെ ഞാൻ പെണ്ണു കാണാന്‍ പോയതാണ്. എന്തോ കാരണങ്ങളാൽ വീട്ടുകാർക്കിഷ്ടപ്പെട്ടില്ല. പക്ഷേ, ഞങ്ങൾക്കിഷ്ടമായി. പ്രണയമായി. അന്നെനിക്ക് ഇഷ്ടം മാത്രമേ െെകയിലുള്ളൂ. വേറൊന്നും ഇല്ല.  സ്റ്റേജ് ഷോ മാത്രം  ചെയ്യുന്ന കാലം. അന്നത്തെ സാഹചര്യത്തിൽ ഞാൻ വിളിച്ചപ്പോൾ ഇവൾ എന്തുകൊണ്ടിറങ്ങി വന്നു എന്നതിന്റെ ഉത്തരം എനിക്കിപ്പോഴും അറിയില്ല. ആരോടും േചാദിക്കാനും  പറയാനും ഒന്നും പോയില്ല. ഒരു താലിയും സാരിയും വാങ്ങാന്‍ അധികം സമയമൊന്നും വേണ്ടല്ലോ.  കാറിൽ കയറിക്കഴിഞ്ഞതും  ഇവൾ ഭയങ്കര കരച്ചിൽ. തിരിച്ചു വീട്ടിൽ െകാണ്ടു െചന്നാക്കേണ്ടി വരുമോ എന്നു മാത്രമായിരുന്നു അപ്പോള്‍ പേടി.

രണ്ടുപേരുടെയും കോമഡി വീട്ടിൽ ഏൽക്കാറുണ്ടോ?

അനുജ: വീട്ടിൽ കോമഡിക്കൊന്നും വലിയ സ്ഥാനമില്ല. സിനിമ കാണും ചിരിക്കും എന്നല്ലാതെ അതിനെക്കുറിച്ചുള്ള ചർച്ചകളൊന്നും  ഇല്ല. അങ്ങനെ പറയാറൊന്നുമില്ല.
സൗമ്യ: കല്യാണം കഴിഞ്ഞിട്ടാണ് ഇവരുടെ രണ്ടുപേരുടെയും കോമഡി ഷോ  ഒക്കെ കാണാൻ തുടങ്ങിയത്. അതിലൊന്നും ഞാനും അഭിപ്രായങ്ങളൊന്നും പറയാറില്ല.  
വളരെ സെയ്ഫായി പറഞ്ഞ ആ ഉത്തരത്തിലേക്ക് ധർമജൻ അൽപം പെട്രോൾ ഒഴിച്ചു.

‘ഞങ്ങളുടെ കോമഡി ഒട്ടും ചെലവാകാത്ത സ്ഥലമാണ് വീട്. സത്യത്തിൽ  പിള്ളേരുടെ കോമഡിക്കാണു വില. ഒരിക്കൽ ഞാനും  മൂത്ത മകളും  ശബരിമലയ്ക്കു  പോകാനായി മാല ഇട്ടു.  പിന്നെ, ഞാന്‍ ലൊക്കേഷനിലേക്കു പോയി. ഇടയ്ക്കിടെ വീട്ടിലേക്കു വിളിക്കും. ഫോണെടുക്കുമ്പോൾ ‘സ്വാമി ശരണം’ എന്നു ഞാൻ പറയും. തിരിച്ചും അങ്ങനെ വേണമെന്നു ഞാൻ പറഞ്ഞിരുന്നു.

ഒരു ദിവസം വിളിച്ചപ്പോള‍്‍ മോളാണ് ഫോണെടുത്തത്. ഞാന്‍ പറഞ്ഞു, ‘സ്വാമി ശരണം’. മോളുടെ മറുപടി, ‘സെയിം ടു യൂ’
‘‘പിഷു സാറേ....’’ വീണ്ടും ചിത്രകാരന്‍.  ‘ഒരു ചുമരും കൂടി കിട്ടുമോ? വലിയൊരു ചുമരു കിട്ടിയാൽ ആനയെ ഒന്നു വലുതാക്കാമായിരുന്നു. ഇതിപ്പോ ആനയുടെ തലപ്പൊക്കം ഇത്തിരി കുറയുമോന്നൊരു ഡൗട്ട്. തുമ്പിക്കൈ കറക്ട്. കൊമ്പ് കറക്ട്.  ചെവി ഇത്തിരി വലുതായിപ്പോയി.  പക്ഷേ...ആ... പിഷാരടി ഇടപെടുന്നു. ‘ചേട്ടാ... ഒരു സംശയം ചോദിക്കട്ടെ, വരച്ചു കഴിഞ്ഞാ ആനയെ കണ്ടാ കുഴിയാന ആയി തോന്ന്വോ...ഇല്ലല്ലോ.. എന്നാ  തകർത്തങ്ങ് വരച്ചോ. ബാക്കി നമ്മക്ക് അപ്പോ നോക്കാം..

മക്കൾക്ക് പേരിട്ടപ്പോൾ ‘ധർമജൻ’ എന്ന പേരിനെക്കുറിച്ച് ഒാർത്തിരുന്നോ?

ധർമജൻ: എന്റെ പേര് കുട്ടിക്കാലത്ത് എനിക്കൊരുപാട് ഇടി മേടിച്ചു തന്നിട്ടുണ്ട്. ഷാജി, ബാബു, തുടങ്ങിയ പേരുകള്‍ക്കിടയിൽ  ഒരു ധർമജൻ. ഞാൻ ചെറുതാണെങ്കിലും പേരിനു നല്ല കനമായിരുന്നു. വായിൽ കൊള്ളാത്ത പേരായതു കൊണ്ടു ധ ർമജനു പകരം അമൃതാഞ്ജൻ എന്നൊക്കെ പിള്ളേരു വിളിക്കും. പക്ഷേ, എന്റെ  മക്കളുടെ  പേരിട്ടത് ഞാനല്ല. വൈഗ, വേഗ എന്ന രണ്ടു പേരും പറഞ്ഞു തന്നത് പിഷാരടിയാണ്. അതിനു പിന്നിൽ ഒരു കഥയുമുണ്ട്.

പിഷാരടി: ധർമന്റെ മൂത്തമോളുടെ ഇരുപത്തെട്ടുകെട്ട്. അ ന്നാണ് പേരിടേണ്ടത്. തലേ ദിവസം ഞങ്ങളൊരുമിച്ച് പ്രോഗ്രാം. അതു കഴിഞ്ഞിറങ്ങുമ്പോൾ ഇവൻ പറഞ്ഞു,‘നീ രാവിലെ ഏഴുമണിക്ക് വീട്ടിലെത്തണം. ഏഴരയ്ക്കുള്ളിൽ ചടങ്ങു നടത്തണം എന്നാണ് ജ്യോത്സ്യൻ പറഞ്ഞിരിക്കുന്നത്.’ പറഞ്ഞതു പോലെ അനുജയുടെ വീട്ടിൽ ഞാൻ കൃത്യസമയത്തെത്തി. ധർമനെ കാണാനില്ല. അനുജയുടെ അച്ഛന്‍ നീ ആണല്ലേടാ ആ വില്ലൻ എന്ന മട്ടിൽ രൂക്ഷമായി എന്നെ നോക്കുന്നു. സമയം പോകും തോറും എനിക്കു ടെൻഷനായി. ഒടുവിൽ ഫോൺ ചെയ്തു നോക്കിയപ്പോൾ അവന്റെ ഉത്തരം കേട്ട്  ഞെട്ടിപ്പോയി. ‘പിഷൂ.. ഡാ ഞാൻ ചെറായിയില് നിൽക്കുവാ. ഒരു സിഡി കടേടെ ഉദ്ഘാടനം ഏറ്റിട്ടുണ്ടായിരുന്നു. അവരെന്നെ വിടണില്ല.’

അന്തം വിട്ടു പോയി. ‘ഇവിടെ നിന്നാ എനിക്ക് ഇടി ഉറപ്പാ. എങ്ങോട്ടു പോണമെന്നു’ ചോദിച്ചപ്പോഴുള്ള അവന്റെ മറുപടിയിൽ പിന്നെയും പിന്നെയും ഞാൻ ഞെട്ടി. ‘നിന്നോടാരാ അവിടെ നിൽക്കാൻ പറഞ്ഞത്. ഒാടി വാ. നമ്മൾ ഒരുമിച്ചു കട ഉദ്ഘാടനം ചെയ്യുമെന്നാ ഞാൻ പറഞ്ഞിരുക്കുന്നത്.’ ഞാൻ ഒരുവിധം  ഒാടി രക്ഷപ്പെട്ടു. ഞങ്ങൾ ചെറായിയിൽ നിൽക്കുമ്പോൾ ധർമന്റെ ഫോണിലേക്ക് കോൾ. അവന്റെ ചേട്ടനാണ്.   കൊ‍ച്ചിനെന്തു പേരിടണമെന്നു ചോദിച്ചിട്ടു വിളിച്ചതാണ്. ചടങ്ങ് മുടക്കാൻ പറ്റില്ലല്ലോ. ഒന്നു ഹോൾഡ് ചെയ്യാൻ പറഞ്ഞ് അവൻ എന്നോടു ചോദിച്ചു, ‘ഡാ... ഒരു പേരു പറ. ഞാനൊന്നും കണ്ടുവച്ചിട്ടില്ല.’ ‘എന്തായാലും വൈകി, എന്നാ വൈഗ’ എന്നു പേരിടാൻ ഞാൻ പറഞ്ഞു.

pishu-dharmajan5

ധർമജൻ: അവൾടെ പേര് ഹിറ്റ് ആയി. നല്ല പേരെന്ന് എല്ലാവരും പറഞ്ഞു. അപ്പോൾ രണ്ടാമത്തെ മോൾടെ പേരീടിലും ഞാ ൻ പിഷുവിനെ ഏൽപ്പിച്ചു. അവളുടെ പേരാണ് വേഗ.

അടുത്ത ജന്മത്തിൽ പിഷാരടിയുടെ ശരിക്കുമുള്ള ഭാര്യയായി ധർമജനെ കിട്ടിയാലോ?

ധർമജൻ: ഒരു കാര്യം  ഉറപ്പാ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം പിഷാരടി എന്നെ ഉപേക്ഷിക്കും. ഒരു മിനിറ്റ് പിഷാരടി ഒന്നും  മിണ്ടിയില്ല. ഞാൻ രക്ഷപ്പെട്ടെന്ന മട്ടിലാണെന്നു തോന്നുന്നു  സൗമ്യ. അനുജയുടെ മുഖഭാവം ക‍ൃത്യമായി മനസ്സിലാക്കാനായില്ല. ‘‘ഒരു ജന്മത്തിലെ പാപം അടുത്തതിൽ   അനുഭവിക്കേണ്ടി വരും  എന്നാണല്ലോ.’’ പിഷാരടി പറഞ്ഞു. ‘‘കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്തോ ചെറിയ പാപം ചെയ്തിട്ടുണ്ട്്. അതു കൊണ്ടാണ് ഇപ്പോഴിവനെ കൂട്ടുകാരനായി കിട്ടിയത്. അതോടെ പാപത്തിനിളവു കിട്ടി എന്നാ ഞാൻ‌ വിശ്വസിക്കുന്നത്. ഇതിപ്പോ അടുത്ത ജന്മത്തിൽ ഭാര്യയാകുക എന്നൊക്കെ പറഞ്ഞാൽ ഇനിയൊരു ജന്മമേ വേണ്ട എ ന്നു ഞാനങ്ങു തീരുമാനിക്കും. അല്ലാതെ വേറൊരു വഴിയുമില്ല.’’

പിഷാരടി സംവിധായകനും ധർമജൻ നിർമാതാവുമാകുന്നു. സ്വപ്നങ്ങൾ വലുതാവുകയല്ലേ?

പിഷാരടി:  ‘പഞ്ചവർണ്ണതത്ത’ എന്ന സിനിമയുെട നിർമാതാവ് മണിയൻ പിള്ള രാജു ചേട്ടൻ എഴെട്ടു  വർഷം മുൻപ് ‘ഇങ്ങനെ നിന്നാ പോര സിനിമ ചെയ്യണമെന്നു’ പറഞ്ഞിരുന്നു. അന്നതിനുള്ള സാഹചര്യം ആയിരുന്നില്ല.  സർക്കസുകാർ ട്രപ്പീസുകളിക്കു മുൻപ് വല കെട്ടില്ലേ. അങ്ങനൊരു വല കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ. താഴെ പോയാലും വലയിലല്ലേ വീഴൂ. ഇപ്പോ ആ വലകെട്ടി കഴിഞ്ഞെന്നു തോന്നി. അങ്ങനെയാണ് ഞാൻ മണിയൻ പിള്ള രാജു ചേട്ടന്റെ അരികിലേക്കു ചെന്നത്.  

അഞ്ചു വയസ്സുള്ള എന്റെ മകനും എഴുപത്തഞ്ചു വയസ്സുള്ള അച്ഛനും ഒരുപോലെ ഇഷ്ടപ്പെടുന്നതായിരിക്കണം സിനിമ. നൂറിലധികം കിളികൾ, ആന, ഒട്ടകം, കുതിര,  അണ്ണാൻ അങ്ങനെ ഒരുപാടു ജീവികളും  സിനിമയിലുണ്ട്. സിനിമയിൽ കിളികളെയും  മൃഗങ്ങളെയും അഭിനയിപ്പിക്കാനുള്ള സർട്ടിഫിക്കറ്റുകൾ വച്ച ഫയലിന് സിനിമയുടെ സ്ക്രിപ്റ്റിനെക്കാൾ കനമുണ്ടായിരുന്നു.

സിനിമയിൽ ജയറാമേട്ടന് വലിയ ചെവിയാണുള്ളത്. ദിവസവും രണ്ടുമണിക്കൂർ മേക്കപ്പിട്ടാണ്   ചെവി ഫിറ്റ്ചെയ്യുന്നത്.   തത്തയെ തോളിലിരുത്തി നിൽക്കുന്ന ജയറാമേട്ടന്റെ ഇൻട്രൊഡക്‌ഷൻ സീന്‍. ആക്‌ഷൻ പറ‍ഞ്ഞതും തത്ത  ചെവിക്കിട്ട് ഒറ്റക്കൊത്ത്. ചെവി പറിഞ്ഞുപോയി. അങ്ങനെ തത്തകാരണം രണ്ടുമണിക്കൂർ ഷൂട്ടിങ് വൈ കി. ഈ തത്ത കൃത്യം എട്ടുമണിക്കുറങ്ങുന്നതു കൊണ്ട് ഷൂട്ട് അതിനു മുൻപ് തീർക്കണം.

ധർമജൻ: ‘നിത്യ ഹരിത നായകൻ’ എന്നാണ്  ഞാനും സുഹൃത്തുക്കളും കൂടി നിർമിക്കുന്ന സിനിമയുടെ പേര്. വിഷ്ണു ഉണ്ണിക‍ൃഷ്ണനാണ് നായകൻ. പലർക്കും ഞാൻ നിർമാതാവാകുന്നു എന്നു കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. പിന്നെ, സിനിമയിൽ ഒരു സർപ്രൈസുണ്ട്, ഇതിൽ  പിഷാരടി അഭിനയിക്കുന്നില്ല.

ആഫ്രിക്കൻ തത്ത മുതൽ പഴയ കാല ടേപ് റെക്കോർഡർ വരെ. പിഷാരടിയുടെ ക്രെയ്സ് ഇതൊക്കെയാണോ?

പിഷാരടി: പണ്ട് ഗിനി പന്നിയെയും  കുട്ടിത്തേവാങ്കിനെയുമൊക്കെ വീട്ടിൽ വളർത്തിയിട്ടുണ്ട്. എല്ലാ ജീവികളെയും എനിക്ക് ഇഷ്‍ടമാണ്. ഇതിപ്പോ ഫ്ലാറ്റായതു കൊണ്ട് ആഫ്രിക്കൻ തത്തയെ മാത്രമേ വളർത്താൻ പറ്റിയിട്ടുള്ളു. ‘ഇമ’ എന്നാണതിന്റെ പേര്. എന്റെ കൈയിലുള്ള ആന്റിക് സാധനങ്ങളെന്നു പറഞ്ഞാ ൽ രാജാവ് ഉപയോഗിച്ച മൊന്തയും കട്ടിലും ഒന്നുമല്ല. ചെറുപ്പകാലത്ത് സ്വാധീനിച്ച ചില സാധനങ്ങൾ, അന്നാഗ്രഹിച്ചിട്ടു കിട്ടാതെ പോയത് അതൊക്കെയാണ്. ടേപ് റിക്കോര്‍ഡര്‍ അതിലൊന്നാണ്. അന്നേ ഞാൻ കസെറ്റ് വാങ്ങും. പക്ഷേ അതിടാൻ ടേപ് റിക്കോ‍ർഡറില്ല. കവലയിലെ േലാട്ടറിക്കച്ചവടമുള്ള കൂട്ടുകാരന് കസെറ്റ് കൊടുക്കും. ഒറ്റ കുഴപ്പമേയുള്ളൂ, പാട്ട് ഒറ്റയടിക്ക് കേൾക്കാനാകില്ല. ‘മുക്കാലാ... മുക്കാബുലാ’ കഴിയുമ്പോള്‍ ‘നാളെ... നാളെ... നാളെയാണ്...’ എന്നു കേൾക്കും. അതു കഴിഞ്ഞേ ‘ലൈലാ.. ഒാ ലൈല’ വരൂ.

പിന്നീടു വീട്ടിൽ ടേപ് റിക്കോർഡർ വാങ്ങാൻ  തീരുമാനിച്ചു. ഞാനും അച്ഛനും എറണാകുളത്തു പോയി ടേപ് റിക്കോർഡറും കസെറ്റുകളും വാങ്ങി. ഒരു ഭക്തിഗാന കസെറ്റ് വാങ്ങാൻ അമ്മ  പ്രത്യേകം പറഞ്ഞിരുന്നു. അച്ഛൻ കുറേ തിരഞ്ഞ് എടുത്തത് ‘വിഷ്ണു ലോകം’ എന്ന കസെറ്റാണ്. രാത്രി േടപ് വയ്ക്കാന്‍ അമ്മ സമ്മതിച്ചില്ല. നാളെ വെളുപ്പിനെ ഭക്തിഗാനമിട്ടു  തുടങ്ങാം  എന്നു നിർബന്ധം പിടിച്ചു. പിറ്റേന്നു വെളുപ്പിനെ എല്ലാവരും കുളിച്ചു വന്ന് ഭക്തിഗാന കസെറ്റ്  ഇട്ട് കൈ കൂപ്പി നിന്നു. ആദ്യ പാട്ടു വന്നു ‘കസ്തൂരി...  എന്റെ കസ്തൂരി... അഴകിൻ ശിങ്കാരി... കളിയാടാൻ വാ...’ വീടു മൊത്തം ഞെട്ടി. ‘വിഷ്ണുലോകം’ ഒരു സിനിമാ പേരാണെന്ന് പാവം അച്ഛന് അപ്പോഴും മനസ്സിലായില്ല..

ചിരി പീലിവിടർത്തിയപ്പോള്‍ പിഷാരടിയുടെ മകൾ  പീലി ഒാടി വന്ന് ആ ഞെട്ടിക്കൽ വാർത്ത അറിയിച്ചു. ‘ആനയുടെ തലയിൽ ലൈറ്റ്’...  വരച്ചു വന്നപ്പോള്‍ ചുമരിലെ  െെലറ്റ്  കൃത്യം ആനയുടെ മസ്തകത്തിനു മുകളിലാണ്.  കാർട്ടുണിൽ കാണുന്നതു പോലെ  നെറുകയിൽ  ‘ബൾബുമുഴ’യുള്ള ആന.   ‘ഡാ.. ധറൂ... ’  കൺട്രോളു പോയ പിഷാരടിയുടെ അലർച്ച. ഇടഞ്ഞ കൊമ്പന്റെ മുന്നിൽ നിന്നു ധർമജൻ ജീവനും കൊണ്ട് ഒാടിത്തുടങ്ങി...

dharma-pishu3