തമിഴിൽ നിന്നെത്തി എആർഎമ്മിലെ പാട്ടുകളിലൂടെ മലയാളത്തിന്റെ മനംകവർന്ന സംഗീത സംവിധായകൻ ദിബു നൈനാൻ തോമസ്
അങ്ങു വാനക്കോണില്...
പരിചിതമല്ലാത്ത സ്റ്റൈൽ തിരഞ്ഞ എആര്‍എം സംവിധായകൻ ജിതിൻ ലാലിനോട് എന്നെ കുറിച്ചു പറഞ്ഞതു ഗായകൻ ഹരിശങ്കറാണ്. ചെന്നൈയിലെ ആദ്യ മീറ്റിങ്ങിൽ തന്നെ വൈബ് സെറ്റായി. ‘അങ്ങു വാനക്കോണില്...’ ആദ്യം പ്ലാൻ ചെയ്തതു താരാട്ടു പോലെയാണ്. പക്ഷേ, രഹസ്യം ഒളിച്ചിരിക്കുന്ന വരികളിലെ ഡെപ്ത് കിട്ടണമെങ്കിൽ മോട്ടിവേഷൻ നൽകുന്ന ട്യൂൺ വേണമെന്ന സജഷൻ ജിതിന് ഇഷ്ടപ്പെട്ടു. ലോകം കീഴടക്കാൻ നായകനെ പ്രേരിപ്പിക്കുന്ന ഫീലിൽ വിജയലക്ഷ്മി പാടിയതു ഹിറ്റായി.
‘കിളിയേ തത്തക്കിളിയേ...’ എന്ന ഗാനത്തിനും പ്രത്യേകതകളുണ്ട്. 30 ചെണ്ട കലാകാരന്മാരും മസഡോണിയയിൽ നിന്നുള്ള 40 സ്ട്രിങ് ആ ർട്ടിസ്റ്റുകളും തകിലും നാദസ്വരവും ഒക്കെയായി നൂറോളം പേർ ആ പാട്ടിന്റെ പിന്നണിയിലുണ്ട്.
കൈവിരൽ പിടിക്കുവാൻ കൂടെ...
അമ്മ ഗ്രേസ് തോമസ് നന്നായി പാടുമായിരുന്നു. ദുബായിൽ അക്കൗണ്ടന്റായിരുന്ന പപ്പ തോമസ് മാത്യുവിനും പാട്ടു ജീവനായിരുന്നു. കസറ്റുകളുടെ വലിയ ശേഖരമുണ്ടായിരുന്ന പപ്പ വീട്ടിലെ മൂന്നു മുറിയിലും മ്യൂസിക് സിസ്റ്റം സെറ്റ് ചെയ്തിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരമാണു ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കർണാടിക് പ ഠിച്ചുതുടങ്ങിയത്, ഗണേഷ് ഭാഗവതരാണു ഗുരു.
പാട്ടുപഠിക്കാൻ ഇരിക്കുമ്പോൾ ഐസ് വരും. ഐസ് കഴിക്കാൻ പറ്റാത്തതിൽ അന്നു പാട്ടിനെ ശപിച്ചിട്ടുണ്ട്. കോട്ടയം എംടി സെമിനാരി സ്കൂൾ കാലത്താണ് ഓർക്കസ്ട്ര പഠിച്ചത്. ഞാൻ പാട്ടി ൽ പേരെടുത്തതു കാണാൻ അമ്മയും പപ്പയും ഇന്നില്ല. അവർ ഉപയോഗിച്ചിരുന്ന ചെരിപ്പും ഉടുപ്പുമൊക്കെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആദ്യ അവാർഡ് ആ ഓർമകൾക്കു മുന്നിലാണു സമർപ്പിച്ചത്.
നീ കവിതൈകളാ...
എൻജിനീയറിങ് കഴിഞ്ഞ് ഒരു വർഷം ചെന്നൈയിൽ നിന്നു, സിനിമയാണു ലക്ഷ്യം. അതു ഫലം കാണാതെ ന്യൂസീലൻഡിലേക്കു പോയ പിറകേ ചിഞ്ചുവുമായി വിവാഹം കഴിഞ്ഞു. ജീവിതം സുഗമമായി മുന്നോട്ടു പോകുമ്പോഴും പാട്ട് ഉള്ളിലിരുന്നു വിളിക്കുന്നു. ചിഞ്ചുവാണു പറഞ്ഞത്, ധൈര്യമായി പോകൂ, ഒരു ടെൻഷനും വേണ്ട.
മൂന്നു മാസം ഗർഭിണിയായ ചിഞ്ചുവിനെ അവിടെ നിർത്തി ഞാൻ ചെന്നൈയിലേക്കു വിമാനം കയറി. സന്തോഷ് നാരായണന്റെ അസിസ്റ്റന്റായാണു തുടക്കം. മരഗതനാണയമാണു സ്വതന്ത്ര സംഗീതസംവിധായകനായ ആദ്യസിനിമ. ഇപ്പോൾ ഇളയമോൾ നോറയ്ക്കു രണ്ടു വയസ്സാകുന്നു, മൂത്തയാൾ ഇസബെല്ല നാലാം ക്ലാസ്സിലും. ചിഞ്ചുവും മക്കളുമെല്ലാം ചെന്നൈയിലുണ്ട്.
കൺകൾ ഏതോ...
ട്രിച്ചി എൻജിനിയറിങ് കോളജിൽ റാഗിങ്ങിൽ നിന്നു രക്ഷപ്പെടാൻ സീനിയേഴ്സിനോടു കമ്പനി കൂടണമെന്നു കൂട്ടുകാരൻ ഉപദേശിച്ചു. ഫൈൻ ആർട്സ് ക്ലബ്ബിൽ ചേരാനായി ഞാൻ പിയാനോ വായിച്ചതിനു പിറകേ ഒരാൾ വന്നു കെട്ടിപ്പിടിച്ചു. ആ സീനിയറാണു തമിഴ് സംഗീതസംവിധായകൻ സന്തോഷ് നാരായണൻ. ക്ലാസ്സിൽ രണ്ടു സിനിമാമോഹികൾ കൂടിയുണ്ടായിരുന്നു, ശിവകാർത്തികേയനും അരുൺരാജയും. ശിവകാർത്തികേയനെ നായകനാക്കി തമിഴിൽ ‘കനാ’ സിനിമ സംവിധാനം ചെയ്തത് അരുൺ രാജയാണ്. സംഗീത സംവിധാനം ഞാനും.
സ്പോട്ടിഫൈയിൽ 200 മില്യൻ കടന്ന ‘അടിയേ...’ , ചിത്താ സിനിമയിലെ ‘കൺകൾ ഏതോ... ’ എല്ലാം പ്രിയപ്പെട്ടവയാണ്. അടുത്ത റിലീസ് ഡീസലും മിസ്റ്റർ എക്സുമാണ്. അനൗൺസ് ചെയ്യാൻ മൂന്നു സിനിമകളുമുണ്ട്.
രൂപാ ദയാബ്ജി