Saturday 15 June 2019 04:58 PM IST

‘ആരുടെ മോഹം ആദ്യം സഫലമായാലും മറ്റു രണ്ടുപേരെയും സഹായിക്കും’; മൂവർസംഘമെടുത്ത പ്രതിജ്ഞയുടെ ട്വിസ്റ്റു നിറഞ്ഞ ക്ലൈമാക്സ്!

Sujith P Nair

Sub Editor

dibu2 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഈ കഥ നടക്കുന്നത് 2003 ലാണ്, ട്രിച്ചി എൻജിനീയറിങ് കോളജിൽ സഹപാഠികളായ മൂന്നുപേർ ഒരു സ്വപ്നം കണ്ടു. ആദ്യത്തെയാൾക്ക് നടനാകണം. രണ്ടാമന് സംവിധായകൻ, മൂന്നാമന് സംഗീത സംവിധായകനും. ആ സ്വപ്നം മനസ്സിൽ വച്ച് അവർ ഒരു സിനിമാ പോസ്റ്റർ തന്നെ ഡിസൈൻ ചെയ്തു. ‘ആരുടെ മോഹം ആദ്യം സഫലമായാലും മറ്റു രണ്ടുപേരെയും സഹായിക്കു’മെന്ന് മൂവർ സംഘം പ്രതിജ്ഞയുമെടുത്തു.

വർഷങ്ങൾക്കിപ്പുറം ട്വിസ്റ്റുനിറഞ്ഞ ക്ലൈമാക്സ്. നടനാകാൻ മോഹിച്ചവൻ നായകനും തമിഴിലെ എണ്ണം പറഞ്ഞ താരവുമായി. സുഹൃത്തിന്റെ സംവിധാന മോഹം നിറവേറ്റാനായി അവൻ നിർമാതാവിന്റെ റോൾ ഏറ്റെടുത്തു. ആ ചിത്രത്തിൽ സംഗീതം നിർവഹിക്കാൻ മൂന്നാമനെ ഏൽപ്പിക്കുകയും ചെയ്തു. നായകൻ ശിവകാർത്തികേയൻ, സംവിധായകൻ അരുൺരാജ കാമരാജ, സംഗീത സംവിധായകൻ ദിബു നൈനാൻ തോമസ്. ഇവരുടെ സൗഹൃദക്കൂട്ടായ്മയിൽ വിരിഞ്ഞ ‘കനാ’ യുടെ ജനപ്രീതിയിൽ തമിഴ് സിനിമാലോകം മാത്രമല്ല സന്തോഷിക്കുന്നത്. കൂട്ടത്തിലെ ദിബു മലയാളിയാണ്, തനി കോട്ടയംകാരൻ.

‘കനാ’യിലെ ‘വായാടി പെത്തപ്പുള്ളൈ...’ തെന്നിന്ത്യ ഏറ്റുപാടിയപ്പോൾ യൂട്യൂബിൽ ഗാനം കണ്ടവരുടെ എണ്ണം നൂറു മില്യൺ (10 കോടി) കഴിഞ്ഞു. തമിഴ് സിനിമാ ചരിത്രത്തിൽ ഒരു മലയാളി നേടുന്ന വലിയ വിജയമാണിത്. ‘കനാ’യിലെ തന്നെ ‘ഒറ്റയടിപ്പാതയിലേ...’ എന്ന ഗാനവും മലയാളികളടക്കം ഏറ്റുപാടുന്നു. പാട്ടുകളെല്ലാം റെക്കോഡുകൾ തകർത്തു മുന്നേറുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ദിബു നൽകുന്നത് കൂട്ടുകാർക്കാണ്. ‘‘അന്നത്തെ എഞ്ചിനിയറിങ് കോളജ് വിദ്യാർഥികളിൽ നിന്ന് ഞങ്ങളെല്ലാം ഒരുപാട് മാറി. പക്ഷേ, പഴയ സൗഹൃദം അതേപടി തുടരുന്നു. പരസ്പരം ബഹുമാനിച്ച്, ഓരോരുത്തർക്കും  തങ്ങളുടേതായ സ്പേസ് നൽകിയാണ്  മുന്നോട്ടു പോകുന്നത്. അതാണ് ഈ സൗഹൃദത്തിന്റെ കരുത്തും.’’ വർഷങ്ങൾ  താലോലിച്ച സ്വപ്നം സഫലമാകുന്നതിന്റെ ആത്മവിശ്വാസമുണ്ട് ദിബുവിന്റെ വാക്കുകളിൽ.

ക്യാംപസിലെ മൂവർ സംഘം സിനിമയിലും ക്ലിക്കായി?

കോളജിൽ ജോയിൻ ചെയ്തപ്പോൾ റാഗിങ്ങിൽ നിന്നു രക്ഷപ്പെടാനാണ് പാട്ടിനെ കൂട്ടുപിടിച്ചത്. എന്റെ കീബോർഡ് വായന ഇഷ്ടപ്പെട്ട അവർ എന്നെയും ഒപ്പം ചേർത്തു. ശിവ (ശിവകാ ർത്തികേയൻ) അന്നേ ഫെയ്മസാണ്. മൈം, സ്റ്റാൻഡപ് കോമഡി ഒക്കെയായി ക്യാംപസിലെ സ്റ്റാർ.

‌ഒരിക്കൽ മൈം അവതരിപ്പിക്കുമ്പോൾ റിക്കോർഡഡ്  മ്യൂസിക്കിനു പകരം  ആദ്യമായി ലൈവ് മ്യൂസിക് ചെയ്തു. ജഡ്ജസിനരികിലായി വേദിക്ക് അഭിമുഖമായി നിന്നു ലൈവായി ഞാൻ ഇൻസ്ട്രമെന്റ്സ് വായിച്ചു. ക്ലൈമാക്സിൽ വയലിൻ ഉപയോഗിച്ചുള്ള രംഗമാണ്. മൈം അവസാനിച്ചതും ഓഡിറ്റോറിയമാകെ നിശബ്ദത. പിന്നെ, കേട്ടത് നിലയ്ക്കാത്ത കയ്യടി. ഒരിക്കലും മറക്കാനാകാത്ത നിമിഷമാണത്.

‘കനാ’യിലെ ഗാനം യൂട്യൂബിൽ കാണികളുടെ എണ്ണം പത്തു കോടി കഴിഞ്ഞു?

അരുൺ ആണ് ശിവയുടെ മകൾ ആരാധനയെക്കൊണ്ട് പാടിക്കാമെന്നു പറഞ്ഞത്. കേട്ടപ്പോൾ എനിക്കും ഇഷ്ടമായി. പക്ഷേ, നാലു വയസ്സുകാരി വരികൾ എങ്ങനെ പഠിച്ചു പാടും എന്നായിരുന്നു ശിവയുടെ ടെൻഷൻ. റിക്കോർഡിങ്ങിനു രണ്ടാഴ്ച മുൻപു തന്നെ സൗണ്ട് ട്രാക്ക് അയച്ചുകൊടുത്തു. അദ്ഭുതകരമായി അവൾ ആ വരികൾ വേഗത്തിൽ പഠിച്ചു.

അച്ഛനും മകളും ഒരുമിച്ചാണ് റിക്കോർഡിങ്ങിന് വന്നത്. തെറ്റുവന്നാൽ റീ ടേക്ക് എടുക്കാൻ പറ്റുമോ എന്നായിരുന്നു എ ന്റെ ടെൻഷൻ. അവിടെയും ആരാധന ഞങ്ങളെ ഞെട്ടിച്ചു. ഒറ്റ മണിക്കൂറിൽ റിക്കോർഡിങ് പൂർത്തിയായി. യുട്യൂബിൽ പാട്ട് വൈറലായി. മറ്റു രണ്ടു പാട്ടുകളും ഇതുപോലെ തന്നെ ജനങ്ങൾ ഏറ്റെടുത്തു. അനിരുദ്ധ ആലപിച്ച ‘ഒറ്റയടി പാതയിലേ..’ എന്ന ഗാനം കേട്ട് വിജയ് സേതുപതി വിളിച്ച് അഭിനന്ദിച്ചു.

‘മരഗത നാണയ’മാണ്  ‘കനാ’യിലേക്ക് വഴി തുറന്നത്?

‘മരഗത നാണയ’ത്തിലേക്ക് സംഗീതം നിർവഹിക്കാൻ എന്നെ ഏൽപ്പിക്കും മുൻപ് ഞാൻ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന സന്തോഷ് നാരായണനോട് പ്രൊഡക്ഷൻ കമ്പനി റഫറൻസ് തേടിയിരുന്നു. അദ്ദേഹം പറഞ്ഞപ്പോഴാണ് ശിവയുമായുള്ള സൗഹൃദത്തെ കുറിച്ച് അവർ അറിഞ്ഞത്. അവർ ശിവയോടും അഭിപ്രായം തേടി. ‘ദിബുവിനെ സംഗീതം  ഏൽപ്പിക്കുന്നെങ്കിൽ പിന്നെ ടെൻഷൻ വേണ്ട’ എന്ന് ശിവ പറഞ്ഞത്രേ.

ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന കോമഡിയും ഫാന്റസിയും കലർന്ന ചിത്രമായിരുന്നു ‘മരഗത നാണയം.’ ചിത്രവും  പാട്ടുകളും തമിഴ്നാട്ടിൽ വലിയ ഹിറ്റായി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തിയ ആളെന്ന നിലയിൽ എനിക്കു വലിയ അംഗീകാരമായിരുന്നു അത്. മെലഡിയാണ് എനിക്കിഷ്ടം.  

ഗാനരചയിതാവ് സംവിധായകനുമായത് ഗുണമായോ?

അരുൺ കാമരാജയുടെ ‘നെരുപ്പ് ഡാ...’ ഒക്കെ ആസ്വാദകർ ഏറ്റെടുത്ത ഗാനങ്ങളാണ്. വരികളെക്കുറിച്ചു സംഗീതത്തെക്കുറിച്ചുമെല്ലാം അവന് നല്ല ബോധ്യമുണ്ട്. വരികളാണ് സംഗീതത്തിന്റെ ആത്മാവ്. അതിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള സംഗീതമാണ് എന്റെ രീതി. ‘കനാ’യുടെ പശ്ചാത്തല സംഗീതവും ഗ്രാമീണ രീതിയിലുള്ളതാണ്. മലയാളിയായ എനിക്ക് ഏറ്റവും വെല്ലുവിളി അതായിരുന്നു.

dibu5

‘കനാ’യിലെ ഗാനങ്ങൾ എഴുതിയതും ഞങ്ങളുടെ ട്രിച്ചി ഗ്യാങിലുള്ള ഒരാളാണ്, ജികെവി. അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് ‘ഔട്ട്സ്റ്റാൻ‍ഡിങ്’ സ്റ്റുഡ‍ന്റ് എന്നാണ്. കോളജിനു മുന്നിലുള്ള ടീ ഷോപ്പിലെ സ്ഥിരം സാന്നിധ്യം. ചായക്കടയിലെ പാട്ടുസംഘത്തിൽ അങ്ങനെ അവനും അംഗമായി. അതുവഴി ഞങ്ങളുടെ ബാൻഡിലും. ‘കനാ’യിൽ  ഞാനും പാടുന്നുണ്ടെന്ന് കേൾക്കുമ്പോൾ എന്നെ അറിയാവുന്ന നാട്ടുകാർ ഞെട്ടും. അടുത്തിടെ വീട്ടിലേക്ക് വിളിച്ചപ്പോൾ അയൽപക്കത്തെ ആന്റി ചോദിച്ചത് ‘നീ പാട്ടും പാടി നടന്ന് ഒടുവിൽ സിനിമയിലെത്തിയോ’ എന്നാണ്. ഞാൻ സംഗീതത്തിൽ സീരിയസ്സാണെന്ന് ആർക്കും അറിയില്ലായിരുന്നു.

സംഗീതമാണ് വഴിയെന്ന് തിരിച്ചറിഞ്ഞത് ?

എൻജിനീയറിങ് കഴിഞ്ഞപ്പോഴേക്കും സംഗീതം തലയ്ക്കു പിടിച്ച് ട്രിച്ചിയിൽ നിന്നു ചെന്നൈയിലേക്ക് പോയി. ഒരു വർഷത്തോളം അവിടെ താമസിച്ച് സിനിമകളിൽ സംഗീത സംവിധായകനാകാൻ ശ്രമിച്ചു. ഞാൻ ചെയ്ത മ്യൂസിക് സിഡിയുമായി നിർമാതാക്കളെ കാണാൻ പോകും. പക്ഷേ, നിരാശയായിരുന്നു ഫലം.

ഒരു വർഷമാണ് ഞാൻ എനിക്കു നൽകിയിരുന്നത്. എങ്ങും എത്തില്ല എന്നു കണ്ടപ്പോൾ ന്യൂസീലൻഡിലേക്ക് വിമാനം ക യറി. അപ്പോഴും സംഗീതം കൈവിട്ടില്ല. അവിടുത്തെ അസോസിയേഷൻ പരിപാടികളിൽ സ്ഥിരം സാന്നിധ്യമായി. ആ സമയത്താണ് ഓഡിയോ എൻജിനീയറിങ് ബിരുദം നേടിയത്. 2014 ൽ ന്യൂസീലൻഡിൽ നിന്ന് തിരിച്ചുവന്നു. പക്ഷേ, വളരെ നാൾ മുൻപേ ഞാൻ തയാറെടുപ്പ് തുടങ്ങിയിരുന്നു. അധിക ഷിഫ്റ്റ് ജോലി ചെയ്തു പണം സേവ് ചെയ്തു. അതുകൊണ്ട്  നാട്ടിലെത്തി രണ്ടു വർഷം സ്വപ്നത്തിനു പിന്നാലെ പായാൻ പറ്റി.

ഭാര്യ ചിഞ്ചുവിനോട് ആഗ്രഹത്തെക്കുറിച്ചു നേരത്തേ തന്നെ പറഞ്ഞു. അന്ന് അവൾക്ക് ജോലിയുണ്ട്. മോൾ ഇസബെല്ല ജനിച്ചിരുന്നു. ചിഞ്ചു പിന്തുണച്ചതോടെ സ്വപ്നങ്ങൾക്കു ചിറകു മുളച്ചു. ഇക്കുറി സന്തോഷ് നാരായണന്റെ അസിസ്റ്റന്റായാണ് ചേർന്നത്. അതോടെ ദിശാബോധം വന്നു.

‘കബാലി’ വരെ സന്തോഷ് നാരായണനൊപ്പം നിന്നു. പിന്നീടാണ് ‘മരഗത നാണയ’ത്തിലൂടെ സ്വതന്ത്രനായത്. ചിത്രം  സൂപ്പർ ഹിറ്റാകുകയും ഗാനങ്ങൾ സ്വീകരിക്കപ്പെടുകയും ചെയ്തപ്പോൾ ഉറപ്പിച്ചു, ഇതാണെന്റെ വഴി. ഭാര്യയും മകളും ഓ സ്ട്രേലിയയിലാണ്. സമയം കിട്ടുമ്പോഴെല്ലാം ഞാൻ അവിടേക്ക് പോകും.

കലാപാരമ്പര്യം അവകാശപ്പെടാനില്ലാത്ത കുടുംബത്തിൽ നിന്ന് സംഗീതത്തിലേക്ക് ?

ചേച്ചി ഷെറിനാണ് പാട്ടുമായി ബന്ധമുണ്ടായിരുന്ന ഏക ആൾ. എന്നേക്കാൾ പത്തു വയസ്സിനു മൂത്തതാണ് ചേച്ചി. കുട്ടിക്കാലത്തേ പിയാനോ വായിക്കാൻ പഠിച്ച ചേച്ചിയിലൂടെയാണ് ഞാനും  പാട്ടിലേക്ക് ആകർഷിക്കപ്പെട്ടത്. രണ്ടാം ക്ലാസ് മുതൽ കുറച്ചു നാൾ ശാസ്ത്രീയമായി പാട്ടു പഠിച്ചിരുന്നു. സ്കൂളിൽ മ്യൂസിക് ടീച്ചർ വലിയ പിന്തുണയാണ് നൽകിയിരുന്നത്.

കോട്ടയം എംടി സെമിനാരി സ്കൂളിൽ വച്ച് കീബോർഡ് വായന തുടങ്ങി. സ്കൂളിലെ പരിപാടികൾക്കെല്ലാം സ്ഥിരമായി പങ്കെടുക്കും. പ്ലസ് വണ്ണിനെത്തിയപ്പോൾ സ്വന്തമായി ബാൻഡ് തുടങ്ങി. അക്കാലത്ത് കോട്ടയത്തും പരിസരത്തും സ്ഥിരമായി പരിപാടി അവതരിപ്പിച്ചിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന നോബിൻ കന്നടയിലെ തിരക്കുള്ള സംഗീത സംവിധായകനാണിപ്പോൾ

ട്രിച്ചിയിൽ പഠിക്കുമ്പോൾ സീനിയേഴ്സ് ഒരിക്കൽ പിടിച്ചു. ഏതെങ്കിലും മ്യൂസിക് ഐറ്റത്തിൽ പങ്കെടുത്താൽ റാഗിങ്ങിൽ നിന്നു രക്ഷപ്പെടാം. പിയാനോ ആണ് ഞാൻ വായിച്ചത്. കഴിഞ്ഞയുടൻ കൂട്ടത്തിൽ നിന്നൊരാൾ വന്നു കെട്ടിപ്പിടിച്ചു. സന്തോഷ് നാരായണനായിരുന്നു അത്. അതോടെ ഞങ്ങൾ ഒരു ബാൻഡായി. ആദ്യമൊക്കെ കീ ബോർഡായിരുന്നു എന്റെ ഐറ്റം. റിഥം പ്ലെയർ ഇല്ലാതെ വന്നപ്പോൾ ആ റോളിലേക്ക് മാറി. ട്രിച്ചി റേഡിയോയിലൊക്കെ ഞങ്ങളുടെ പരിപാടി സ്ഥിരമായി വന്നു തുടങ്ങി. ചില്ലറ പോക്കറ്റ് മണിക്കും പരിപാടി തുണയായി.

സംഗീതസംവിധായകനാകാൻ മോഹിക്കുന്നവരോട് ?

ചിലർക്ക് അനായാസം ലക്ഷ്യത്തിലെത്താൻ സാധിക്കും. എ ല്ലാവർക്കും അങ്ങനെ ആകണമെന്നില്ല. നാട്ടിൽ ഞാൻ അവസരം ചോദിക്കാത്ത സംവിധായകരില്ല. ഇപ്പോഴാണ് മനസ്സിലാകുന്നത് എന്റെ രീതി ശരിയായിരുന്നില്ലെന്ന്. നമ്മൾ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന മേഖലയിൽ ഒരു ബേസിക് ഡിഗ്രിയെങ്കിലും നേടണം. പിന്നെ, വേണ്ടത് മികച്ച ഒരാളോടൊപ്പമുള്ള അനുഭവ പരിചയമാണ്. എന്നിട്ടു മാത്രമേ സ്വതന്ത്ര അവസരങ്ങൾക്കായി ഇറങ്ങാവൂ. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകുമെന്ന് ഉറപ്പ്.

dibu09