Thursday 13 December 2018 10:40 AM IST : By ടെൻസി ജെയ്ക്കബ്

പച്ചക്കണ്ണുള്ള സമ്മാനം! ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിൽ സജീവമായ ഡോ. ദിവ്യയുടെ വിശേഷങ്ങൾ

divya ഫോട്ടോ: സരിൻ രാംദാസ്

. ടെൻസി ജെയ്ക്കബ്

‘‘ഓർമയിലെ ആദ്യ സമ്മാനം എനിക്ക് അഞ്ചുവയസ്സുള്ളപ്പോഴാണ് കിട്ടുന്നത്. അന്നു ഞങ്ങൾ മസ്കത്തിലായിരുന്നു. അച്ഛന്റെ കൂട്ടുകാരെല്ലാം ചേർന്ന് സുഹ‍ൃത്തിന്റെ വീട്ടിൽ ഒരു ഒത്തുചേരൽ. ഞാനെപ്പോഴും പാട്ടുപാടിയാണ് നടപ്പ്.  ‘ പുഴയോരത്തിൽ പൂന്തോണിയെത്തീല്ല, മന്ദാരം  പൂക്കും.. ടാം ടാം..’ അങ്ങനെ സ്വന്തമായി മ്യൂസിക് ഇട്ടാണ് പാടുന്നത്. ഇതു കേൾക്കാൻ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. അന്ന് എല്ലാവരുടെയും മുമ്പിൽ പാടാൻ പറഞ്ഞപ്പോൾ എനിക്കെന്തോ വലിയ ചമ്മൽ.

പല പല വാഗ്ദാനങ്ങളായി. അവസാനം ആ വീട്ടിലെ ഷോകെയ്സിൽ വച്ചിരിക്കുന്ന വലിയൊരു ദിനോസറുണ്ട്. വായിൽനിന്നു തീയും പുകയും  കണ്ണി ൽ പച്ച ലൈറ്റും  കത്തുന്ന ഒരു ദിനോസർ. ഇന്നത് സാധാരണമാണെങ്കിലും അന്നത് അപൂർവമാണ്. അതു തരാമെന്നായി. അതിലെനിക്കൊരു ചാഞ്ചാട്ടം. കിട്ടുമെന്നുറപ്പില്ല. അവസാനം പറ്റിച്ചാലോ? എനിക്കതിൽ ചെറിയ കണ്ണുണ്ട് എന്നായപ്പോൾ അച്ഛനും കൂട്ടുകാരും നല്ല പ്രോത്സാഹനം. അങ്ങനെ ഞാൻ പാടി. ദിനോസറിനെ കിട്ടുകയും ചെയ്തു. ആ സമ്മാനം  ഇപ്പോഴും എന്റെ കൈയിൽ ഭദ്രമായിരിപ്പുണ്ട്. അതായിരുന്നു കലാരംഗത്തേക്കു വരാനുള്ള ആദ്യ പ്രോത്സാഹനം.’’  ബാല്യത്തിന്റെ കലാസുഗന്ധമുള്ള ഓർമയിൽ ചിരി വിരിയുന്നുണ്ട് ഡോ. ദിവ്യയുടെ മുഖത്ത്. ‘പ്രണയം’ സീരിയലിലെ നായികയായി വീണ്ടും മിനിസ്ക്രീനിൽ സജീവമാകുന്ന ദിവ്യയുടെ വിശേഷങ്ങൾക്കൊപ്പം.

ഇടവേളയ്ക്കു ശേഷം വീണ്ടും സീരിയലിൽ സജീവമായല്ലേ ?

‘പാദസര’ത്തിലെ കൃഷ്ണവേണി നല്ലൊരു കഥാപാത്രമായിരുന്നു. അതിനുശേഷം  മഴവിൽ മനോരമയ്ക്കുവേണ്ടി ശ്രീകുമാരൻ തമ്പി സാറിന്റെ ‘ബന്ധുവാര് ശത്രുവാര്’ എന്ന സീരിയൽ ചെയ്തു. പിന്നീട് ഒമ്പതുമാസത്തോളം ബ്രേക്ക് എടുത്തു. പക്ഷേ, അപ്പോഴും ആങ്കറിങ്ങും ക്ലിനിക്കും മാഗസിനിലേക്കുള്ള ആരോഗ്യ പംക്തികളുടെ എഴുത്തുമെല്ലാമായി തിരക്കു തന്നെയായിരുന്നു.

അപ്പോഴാണ് പ്രണയം സീരിയലിലേക്ക് വിളിക്കുന്നത്. ഏറ്റെടുക്കുമ്പോൾ കുറച്ചു ടെൻഷനുണ്ടായിരുന്നു. വരദ വളരെ നന്നായഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കഥാപാത്രമാണ് ലക്ഷ്മി. ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്ത് രണ്ടാഴ്ച ക‌ഴിഞ്ഞപ്പോൾ ഞങ്ങൾ ഗുരുവായൂരമ്പലത്തിൽപ്പോയി. ആളുകളെല്ലാം അടുത്തുവന്ന് അഭിനയത്തെക്കുറിച്ചും ‍ഡ്രസ്സിനെപ്പറ്റിയുമെല്ലാം വളരെ നന്നായി പറഞ്ഞു.  

അഭിനയിക്കുന്നതു കൊണ്ടുള്ള ഗുണം മനസ്സിലാകുന്നത് ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്. ഇരുപതു വർഷം ഡോക്ടറായിരുന്നാലും കിട്ടാത്ത സ്നേഹവും പ്രശസ്തിയുമാണ് സീരിയൽ കൊണ്ട് കിട്ടുന്നത്. ക്ലിനിക്കിൽ വരുന്ന രോഗികൾ ആദ്യം സീരിയലിനെക്കുറിച്ചുള്ള കമന്റുകൾ പറഞ്ഞു കഴിഞ്ഞിട്ടാണ് അവരുടെ പ്രശ്നങ്ങൾ പറയാൻ തുടങ്ങുന്നത്. നാലുചുവരുകൾക്കുള്ളിലിരുന്നുകൊണ്ടു പറയുന്ന അഭിപ്രായങ്ങൾ കേൾക്കുന്നതിനേക്കാൾ സന്തോഷമുണ്ട്  ഇത്തരം സന്തോഷ വർത്തമാനങ്ങൾ കേൾക്കാൻ.
സ്നേഹം പ്രകടിപ്പിക്കാൻ പൊതുവേ വിമുഖതയുള്ളവരാണ് നമ്മുടെ ആളുകൾ. ക്ലിനിക്കിൽ ഒതുങ്ങിക്കൂടാം എന്നു ചിന്തിച്ചിരിക്കുമ്പോൾ കിട്ടുന്ന ഈ സ്നേഹം തന്നെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്..

മറ്റൊരു കരിയറിനൊപ്പം അഭിനയവും കൊണ്ടുപോകുന്നത് ഗുണമോ ദോഷമോ?

തീർച്ചയായും ഡോക്ടർ എന്ന പ്രഫഷൻ എനിക്ക് ഇൻഡസ്ട്രിയിൽ ബഹുമാനം നേടിത്തരുന്നുണ്ട്. ക്ലിനിക്കിൽ എന്റെ മുമ്പിലെത്തുന്നത് പച്ചയായ മനുഷ്യരാണ്. എന്നാൽ സെറ്റുകളിൽ കാണുന്നത് എല്ലായ്പ്പോഴും അങ്ങനെയുള്ളവരാകണമെന്നില്ല. അവരെന്താണെന്നോ അവരുടെ ജീവിതസാഹചര്യമെന്താണെന്നോ നമുക്ക് അറിയാൻ കഴിയില്ല. ‍മുഖംമൂടിയില്ലാത്ത ആളുകൾ ഇല്ലെന്നല്ല.

ജാഡകളും മറ്റും പെട്ടെന്നുതന്നെ തിരിച്ചറിയാനാകുന്നത് ആളുകളുമായി നിരന്തരം ഇടപഴകുന്നതുകൊണ്ടു തന്നെയാണ്. ഷൂട്ടിങ് സെറ്റുകളിൽ പൊതുവേ കളിയാക്കലുകൾ കൂടുതലാണ്. അതിനെ അതി‍ജീവിക്കാൻ അൽപം  ബോൾഡാകുക തന്നെ വേണം. പത്താംക്ലാസ്സും  പ്ലസ്ടുവുമൊക്കെ കഴിഞ്ഞെത്തുന്ന കുട്ടികളെ ഷൂട്ടിങ് സെറ്റുകളിൽ കാണുമ്പോൾ ഞാൻ പറയാറുണ്ട് ആദ്യം പഠിച്ചു ജോലി നേടൂ. ഒപ്പം അഭിനയവും കൊണ്ടുപോകാം. അഭിനയം പാഷനാണെങ്കിൽ നായികയായി മാത്രമേ അഭിനയിക്കൂ എന്നില്ല. അമ്മയായും അമ്മൂമ്മയായും മുത്തശ്ശിയായുമെല്ലാം അഭിനയിക്കാം.

divya2

ഗായിക, നർത്തകി, അവതാരക, അഭിനേത്രി, ഡോക്ടർ. ബഹുമുഖ പ്രതിഭയാണല്ലോ?

ഒന്നുകൂടിയുണ്ട്. കൃഷി. ടെറസ്സിലും അഞ്ചുസെന്റിലെ വീടൊഴിഞ്ഞുള്ള ഭാഗത്തു ചട്ടിയിലുമൊക്കെയായി ഞങ്ങൾ കൃഷിചെയ്യുന്നുണ്ട്. മുളക്, നിത്യവഴുതന, കോവൽ അങ്ങനെ. ഒരു മെഴുക്കുപുരട്ടിക്കോ സാമ്പാറിനോ ഉള്ളതൊക്കെയേ കിട്ടൂ. എന്നാലും വിഷമില്ലാത്തത് കഴിക്കാമല്ലോ. പലരും ചോദിക്കാറുണ്ട്, എല്ലാം കൂടി എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന്. എല്ലാം ഒരുമിച്ചുകൊണ്ടുപോകാൻ ഏറ്റവുമധികം വേണ്ടത് കുടുംബത്തിന്റെ പിന്തുണയാണ്. അതെനിക്ക് വേണ്ടുവോളമുണ്ട്. ഭർത്താവ് അനുശങ്കറായാലും മകൾ വേദയായാലും വീട്ടുകാരായാലും നല്ല സപ്പോർട്ടാണ്. കലാകാരിയാണെങ്കിലും ചില പെൺകുട്ടികൾ വിവാഹത്തിനുശേഷം വീട്ടിലൊതുങ്ങിക്കൂടേണ്ടി വരുന്നതു കാണുമ്പോൾ ഞാനെത്ര ഭാഗ്യവതിയാണെന്നോർക്കും. എല്ലാവരും പറയുന്നതു കേൾക്കാം സമയം തികയുന്നില്ലെന്ന്. ടൈം മാനേജ്മെന്റ് ശരിയാണെങ്കിൽ എല്ലാം നന്നായി പോകും. ഞാൻ മാസത്തിലെ പതിനഞ്ചുദിവസം ഷൂട്ടിങ്ങിനും ബാക്കി ദിവസം ക്ലിനിക്കിനുമായി പകുത്തു വെച്ചിരിക്കുകയാണ്.

ചെറുപ്പത്തിലേ കരിയർ ലക്ഷ്യം ഉണ്ടായിരുന്നോ?

പാട്ടും ഡാൻസും ചെറുപ്പത്തിലേ പഠിക്കാൻ തുടങ്ങിയിരുന്നു. അച്ഛൻ ജി.വി. നായർ. ഒമാൻ അറബ് ബാങ്കിലായിരുന്നു ജോലി.അമ്മ ശശികല വീട്ടമ്മയും. പത്തു വയസ്സുവരെ ഞങ്ങൾ മസ്കത്തിലായിരുന്നു. പിന്നീടാണ് കൊല്ലത്തേക്ക് പോന്നത്. അഞ്ചുവയസ്സിൽ തുടങ്ങി പ്ലസ്ടു വരെ പാട്ടും ഡാൻസും സജീവമായി കൊണ്ടുപോയിരുന്നു. അച്ഛനായിരുന്നു കൂടുതൽ ഉത്സാഹം.

പാഠപുസ്തകങ്ങൾ  പഠിക്കാനല്ല അച്ഛനുമമ്മയും നിർബന്ധിച്ചിരുന്നത്. സാധകം ചെയ്യാനായിരുന്നു. പാട്ടു പഠിപ്പിക്കാൻ തിരുവനന്തപുരത്തു നിന്നൊക്കെ സാറിനെ കൊണ്ടുവന്നിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കും. പ്രഫഷനൽ കോഴ്സിനു ചേർന്നു കഴിഞ്ഞ് പിന്നെ, അതെല്ലാം മുടങ്ങി. സ്കൂളിൽ പഠിക്കുമ്പോൾ ബഹിരാകാശത്തു പോകാനായിരുന്നു മോഹം. പിന്നീട് കണക്കിനോടുള്ള ഇഷ്ടക്കുറവും സയൻസിനോടുള്ള ഇഷ്ടവും ഡോക്ടറാകാൻ കാരണമായി.

‘പ്രണയ’ത്തിലെ നായിക ലക്ഷ്മിയെപ്പോലെ കൂൾ ആയാണോ പ്രതിസന്ധികളെ നേരിടുന്നത് ?‌

പൊതുവേ വൈകാരികമായി പ്രതികരിക്കുന്ന ആളല്ല ഞാൻ. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും. ചെറിയ കാര്യങ്ങൾക്കൊന്നും ദേഷ്യപ്പെടാറില്ല. എപ്പോഴും സന്തോഷമായിരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.

സിനിമയിൽ പ്രതീക്ഷിക്കാമോ?

ഞാൻ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. ‘മഹാസമുദ്രം’, ‘രസതന്ത്രം’ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. അതിനുമുമ്പ് ഒരു സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. അതുകണ്ടിട്ടാണ് ചിപ്പിചേച്ചി ‘നോക്കെത്താ ദൂരത്ത്’ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. സിനിമയിൽ ഇനിയും  നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ‍ദൃശ്യത്തിൽ ആശാ ശരത് ചെയ്ത പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാനിഷ്ടമാണ്. മരംചുറ്റി ഓടാനോ  ആൾക്കൂട്ടത്തിലൊരാളായി നിന്നു സിനിമയുടെ എണ്ണംകൂട്ടാനോ താൽപര്യമില്ല. സിനിമയാണ്  മഹാസംഭവം എന്ന തോന്നലുമില്ല. സിനിമയായാലും സീരിയലായാലും കഥാപാത്രം നന്നായാൽ മതി.

ക്ലിനിക്കിലെ വിശേഷങ്ങൾ എന്തുണ്ട്?

തിരുവന്തപുരം  കവടിയാറിലാണ് ഡോ. ദിവ്യാസ് ഹോമിയോപ്പതി സ്പെഷ്യൽ ക്ലിനിക്ക്. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ഹോമിയോപ്പതിയിലൂടെയുള്ള പരിഹാരം പഠനകാലത്തേ എനിക്ക് താൽപര്യം തോന്നിയ ഏരിയ ആണ്. ജീവിതശൈലി രോഗങ്ങൾ കൊണ്ടു വലയുന്നവരിൽ മുതിർന്നവർ മാത്രമല്ല. കുട്ടികളും ഉണ്ട്. ക്ലിനിക്കിൽ എത്തുന്നവരുടെ ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെ വിശദമായി ചോദിച്ചറിയും. ഈ രണ്ടു കാര്യങ്ങളും ശ്രദ്ധിച്ചാൽത്തന്നെ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങും. ഹോമിയോപ്പതിയോടൊപ്പം യോഗയും കൂടി ചേർന്നുള്ള ചികിത്സയാണ് ഞാൻ നൽകുന്നത്.