Friday 28 July 2017 11:26 AM IST : By വിജീഷ് ഗോപിനാഥ്

’നടനും അച്ഛനും തമ്മിലുള്ള സംഘർഷം കാണാൻ നല്ല രസമാണ്..’ മമ്മൂട്ടിയെക്കുറിച്ച് ദുൽഖർ പറയുന്നു

dq-d
ഫോട്ടോ: ഷാനി ഷാകി

ചുവപ്പു കാർപെറ്റ് വിരിച്ച വലിയ വരാന്തയിലൂടെ ദുൽഖർ നടന്നു വന്നു. പടച്ചോന്‍, മമ്മൂട്ടിക്കായി നെയ്ത അതേ തുണികൊണ്ട് തയ്ച്ച മറ്റൊരു കുപ്പായം പോലെയുണ്ട്. അതേ നൂൽ, അതേ ക്വാളിറ്റി. ശബ്ദത്തിന്റെ അതിസുന്ദരമായ കയറ്റിറക്കങ്ങളിൽ, കണ്ണുകളിലെ തിളക്കത്തിൽ... പക്ഷേ, അടുത്ത നിമിഷം അതു മാഞ്ഞു. ഇപ്പോൾ മുന്നിൽ ദുൽഖർ സൽമാൻ എന്ന നടൻ മാത്രമേയുള്ളു. തണൽ തേടി നിൽക്കാതെ പടികള്‍ ഒാരോന്നും തലയുയർത്തി കയറിയ അസ്സൽ നടൻ. ഒരു കഥ കേൾക്കുമ്പോൾ അടുത്ത വെള്ളിയാഴ്ച തന്നെ അതിറങ്ങണമെന്ന് ആഗ്രഹിക്കുന്ന, നല്ല സിനിമയുടെ ഭാഗമാകാൻ ഹരം കൊണ്ടു പറക്കുന്ന  ജീവനോളം സിനിമയെ ചേർത്തു വച്ച ചെറുപ്പക്കാരൻ. ആ പ്രണയത്തിലൂടെയാണല്ലോ  ‘ദുൽഖർ സൽമാന്‍’ എന്ന നീളൻ പേരുകാരൻ ആരാധകരുടെ സ്വന്തം  കുഞ്ഞിക്കയായി മാറിയത്.   

ചുണ്ടിന്റെ കോണിൽ ചെറുചിരിയുടെ പൂത്തിരിയുമായി ദുൽഖർ ഇരുന്നു. ചുറ്റും സന്തോഷത്തിന്റെ പൂവുകൾ വിടർന്നു നിൽക്കുന്നുണ്ട്. കാത്തിരിപ്പിനൊടുവിൽ കുഞ്ഞു രാജകുമാരി എത്തിയിട്ട് ദിവസങ്ങളേ ആയുള്ളൂ– അമാലും ദുൽഖറും കണ്ട സ്വപ്നത്തിലെ മാലാഖക്കുഞ്ഞ്. പുതിയ സിനിമ സി.െഎ.എ. ചെറുപ്പം ഹൃദയത്തിലേറ്റിക്കഴിഞ്ഞു. അജി മാത്യു മുണ്ടും മടക്കി തിരിഞ്ഞു നടക്കുമ്പോൾ, എസ്െഎയുടെ കണ്ണിൽ നോക്കി ‘മനോജ്സാർ മഹാരാജാസ് കോളജിലെ പഴയ കെഎസ്‌യുക്കാരനായിരുന്നല്ലേ എന്നു ചോദിക്കുമ്പോഴൊക്കെ തിയറ്റർ ഇപ്പോഴും തിര തുള്ളുന്നുണ്ട്...

‘‘എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം. മകള്‍ വന്നതോടെ എനിക്കു വന്ന മാറ്റം വലുതാണ്. സ്വർഗത്തിൽ നിന്നെത്തിയ ഒരു തുള്ളി അനുഗ്രഹം. അതാണു മകൾ’’ ചെറുചിരിയിൽ, തിളങ്ങുന്ന കണ്ണില്‍ അച്ഛന്റെ സ്നേഹം നിറഞ്ഞു നിന്നു.

‘‘ഏതൊരാളെയും പോലെ എന്റെ ജീവിതത്തിലെയും വലിയ സ്വപ്നമാണ് മകൾ. അമാലിന്റെ കുഞ്ഞു വേർഷൻ. അച്ഛനായാൽ ഏതൊരാളും മാറും. ചിന്തയിൽ, സ്വഭാവത്തിൽ. ആ മാറ്റം എനിക്കുമുണ്ടായി.’’ ദുൽഖര്‍ പറഞ്ഞു തുടങ്ങി.

ദുൽഖർ സൽമാൻ... മകൾക്കായി അതു പോലൊരു കിടിലൻ പേരു കണ്ടെത്തിയോ?

മകളെക്കുറിച്ച് കൂടുതൽ  നമുക്ക് പിന്നീട് സംസാരിക്കാം. എന്റെ പേര് കൂട്ടുകാർക്കൊെക്ക ആദ്യം പറയാൻ ഒരിത്തിരി പ്രയാസം തോന്നിയിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല അവർ ഡിക്യു എന്നു വിളിക്കാൻ തുടങ്ങിയത്. വിദേശത്ത് പഠിക്കാൻ പോയപ്പോഴും പലരും പേരിൽ തട്ടി വീഴും. ചിലർ കഷ്ടപ്പെട്ട് സൽമ എന്നു വിളിക്കും. ഞാനത് തിരുത്താനും പോകില്ല.

ബിഗ് ബി ഇറങ്ങി പത്താം വാർഷികത്തിനിപ്പുറം അമൽ നീരദിന്റെ സിനിമയിൽ നായകനായതിൽ രസമുണ്ടല്ലേ?

അങ്ങനെ ഒരു പ്ലാനിങ്ങും ഉണ്ടായിരുന്നില്ല. ‘കലി’ കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ ആലോചനയാണ് ഈ സിനിമ. എന്റെ ചില സിനിമകൾ പുറത്തിറങ്ങാൻ വൈകിയതു മുതൽ പല കാരണങ്ങൾ കൊണ്ട് സിെഎഎ നീണ്ടു പോയി. ബിഗ് ബിയുടെ പത്താം വർഷത്തിൽ അമലേട്ടനൊപ്പം ഒരു സിനിമ ഇറങ്ങുന്നത് നിമിത്തമായി തോന്നുന്നുണ്ട്. ബിഗ് ബിയിലെ വാപ്പച്ചിയെ കാണാൻ എനിക്കിഷ്ടമാണ്. അങ്ങനെ ചില സിനിമകളുണ്ട്. കോളജിൽ പഠിക്കുന്ന കാലത്ത് വാപ്പച്ചിയെ കാണണമെന്നു തോന്നുമ്പോൾ ഞാൻ ദളപതിയുടെ വിഡിയോ കസറ്റ് കാണാറുണ്ടായിരുന്നു. ദുബായ്‌‍യിലായിരുന്നപ്പോൾ അത് ബിഗ് ബി ആയി മാറി. അതിലെ സ്‌റ്റൈലിഷ് വാപ്പച്ചിയെ കണ്ടിരിക്കാനുള്ള രസം.

മമ്മൂട്ടി എന്ന നടനും വാപ്പച്ചിയും തമ്മിലുള്ള  വ്യത്യാസം  തിരിച്ചറിയാറില്ലേ?

രണ്ടും രണ്ടു വ്യക്തികളാണ്. ഞാൻ രണ്ടും ആസ്വദിക്കാറുണ്ട്. വാപ്പച്ചി സിനിമയ്ക്കായി കഥ കേൾക്കുമ്പോൾ കാണിക്കുന്ന ആകാംക്ഷയും ആവേശവും എന്നെക്കാൾ കൂടുതലാണ്. അതുണ്ടാക്കുന്ന പ്രോത്സാഹനവും വലുതാണ്. ഞങ്ങളൊക്കെ എപ്പോഴും അടുത്തുണ്ടാകാൻ വാപ്പച്ചിക്ക് വലിയ ആഗ്രഹമാണ്. ചിലപ്പോൾ ഷൂട്ടു കഴിഞ്ഞ് വരാൻ ലേറ്റായാൽ ചോദിക്കും, ‘നീ എന്താ ഇത്രയും വൈകിയത്. നേരത്തെ ഷൂട്ട് തീർക്കാൻ പറഞ്ഞൂടായിരുന്നോ?’ നടനും അച്ഛനും തമ്മിലുള്ള സംഘർഷം കാണാൻ നല്ല രസമാണ്. ഇടയ്ക്കു പറയും, ‘ഫൈറ്റിലൊന്നും നീ റിസ്ക് എടുക്കരുത്, സൂക്ഷിച്ചേ ചെയ്യാവൂ.’ അതേ ആളാണ് ഗ്രേറ്റ്ഫാദറിൽ ആ ഫൈറ്റ് ചെയ്തത്. അതുകണ്ട് എന്റെ നെഞ്ചിടിപ്പു കൂടിപ്പോയി. എല്ലാം സ്വയം ചെയ്യാനിഷ്ടമാണ്. നമ്മൾ ചെയ്താൽ പക്കാ അച്ഛനാകും. ഇതൊക്കെ ഞാനാസ്വദിക്കാറുമുണ്ട്.

ഗോപിസുന്ദർ പറയുന്നത് ദുൽക്കർ നല്ല പാട്ടുകാരനാണെന്നാണ്?

അത് ഗോപിയുടെ നന്മ കൊണ്ടു പറയുന്നതാണ്. ഗോപിക്കുവേണ്ടി മാത്രമേ ഞാൻ പാടിയിട്ടുള്ളു. ‘എബിസിഡി’യുടെ സമയത്ത് മാർട്ടിൻ ചേട്ടനാണ് (മാർട്ടിൻ പ്രക്കാട്ട്)  ‘എടോ താൻ പാടുമോ എന്ന്’ ആദ്യമായി ചോദിക്കുന്നത്. പറ്റുമെങ്കില്‍ ചുമ്മാ ഒന്നു ഗോപിയെ കാണാനും പറഞ്ഞു. സത്യത്തിൽ ഞാൻ പാടാനായി പോയതൊന്നുമല്ല. എന്തൊക്കെയോ പാടി നോക്കി. ഗോപിക്ക് അതിഷ്ടപ്പെട്ടു. അതല്ലാതെ പാടാൻ പറ്റും എന്നെനിക്ക് തോന്നിയിട്ടുമില്ല, അതിനെക്കുറിച്ച് ചിന്തിക്കാറുമില്ല. അത്രയ്ക്ക് പിന്തുണ ഉള്ളതു കൊണ്ട് ചെയ്തു പോകുന്നതാണ്. സിെഎഎയിലും പാടിയിട്ടുണ്ട്. നമുക്ക് എന്തും ചെയ്യാനാവും എന്നു ഗോപി നമ്മളെ തോന്നിക്കും. അതു പോലൊരാളില്ലായിരുന്നെങ്കിൽ ഞാൻ പാടി നോക്കാൻ ശ്രമിക്കുക പോലുമില്ലായിരുന്നു.

ചാർലിയും ക‍ൃഷ്ണനുമൊക്കെ ദുൽഖറിന്റെ ജീവിതത്തിൽ നിന്ന് ഒരുപാട് അകലെയുള്ളവരായിരുന്നില്ലേ?

ആ രണ്ടു സ്ക്രിപ്റ്റുകളും കേട്ടപ്പോൾ നല്ല പേടിയും സംശയവുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ആ രണ്ടു സിനിമകളും ചെയ്യാൻ തീരുമാനിച്ചത്. കംഫർട്ട് സോൺ പിടിക്കാൻ വളരെ എളുപ്പമാണ്. ഒന്നോ രണ്ടോ സിനിമയിൽ എൻജോയ് ചെയ്യാം. പക്ഷേ, അതിൽതന്നെ നിന്നു പോയാൽ പരാജയമാവും. ചാർലിയും കലിയും കമ്മട്ടിപ്പാടവും മൂന്നുതരത്തിലുള്ള  സിനിമകളായിരുന്നു. ഇങ്ങനെ വ്യത്യസ്തമായ സിനിമകൾ കിട്ടുന്നത് ഭാഗ്യമല്ലേ?  

dq-b

കമ്മട്ടിപ്പാടത്തിൽ വിനായകനും മണികണ്ഠനും നന്നായി സഹായിച്ചിട്ടുണ്ട്. ഏത് അവാർഡിലും അവർക്കു രണ്ടുപേർക്കും െക്രഡിറ്റ് കിട്ടുന്നത് സന്തോഷമാണ്. സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ ട്വിറ്ററിലൊരാൾ ‘നല്ല വിഷമമുണ്ടല്ലേ ’ എന്നു മെസ്സേജ് അയച്ചു. ഞാനെന്തിനു വിഷമിക്കണം. അത്ര സത്യസന്ധരായ രണ്ട് നടന്മാരാണ് അവര്‍. ഒറ്റസീനിൽ പോലും എന്റെ ആത്മവിശ്വാസം കളയാൻ ശ്രമിച്ചിട്ടില്ല. അഭിനയിച്ച സിനിമയ്ക്കു കിട്ടുന്ന എല്ലാ അംഗീകാരങ്ങളിലും എല്ലാവരും  ഒരേപോലെ സന്തോഷിക്കും.  

ആറു വർഷം കൊണ്ട് ദുൽഖർ എന്ന ചെറുപ്പക്കാരനെ സിനിമ പഠിപ്പിച്ചതെന്താണ്?

എത്ര നെഗറ്റീവ് കമന്റുകൾ പറഞ്ഞാലും എത്ര ആക്രമിച്ചാലും നടനോടുള്ള സ്നേഹം വളരെ വലുതാണ്. അതു ഞാൻ തിരിച്ചറിഞ്ഞു. പ്രേക്ഷകരുടെ  ആ സ്നേഹം കൂട്ടാനേ ഞാനാഗ്രഹിച്ചിട്ടുള്ളൂ. എന്നാൽ പ്രശസ്തിക്കനുസരിച്ച് ആളുകൾ മാറുന്നത് എനിക്കിഷ്ടമല്ല. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. കരുൺ ചന്തോക്ക്. ഞങ്ങളൊരുമിച്ച് റെയ്സിങ് തുടങ്ങിയതാണ്. റെയ്സിങിൽ വളരെ പെട്ടെന്നാണ് അവൻ താരമായത്. എന്നിട്ടും ഞങ്ങൾക്കിടയിൽ പഴയ ആ ചങ്ങാതി തന്നെയായിരുന്നു. പെരുമാറ്റത്തിലോ സംസാരത്തിലോ മാറ്റമില്ല. ആ കാലത്തുതന്നെ ഞാനുറപ്പിച്ചിരുന്നു ജീവിതത്തിലെ ഏതുയർച്ചയിലും മാറില്ല.

പിന്നെ ഇതു സിനിമയല്ലേ. ഈ വർഷത്തെ വിജയം അടുത്ത വർഷമുണ്ടാകുമെന്ന് ഒരിക്കലും മുൻകൂട്ടി നിശ്ചയിക്കാനാകില്ല. അതുകൊണ്ടുതന്നെ ഇത്തരം മാറ്റങ്ങൾക്ക് വലിയ ആയുസ്സുണ്ടാകില്ല. ആറു വർഷമായിട്ടും ഞാനൊട്ടും മാറിയിട്ടില്ലെന്നു പലരും പറയും, അതാണ് ഏറ്റവും വലിയ അവാർഡെന്ന് വിശ്വസിക്കുന്നു. ജീവിതത്തിൽ മാറാതെ നിൽക്കുന്നവരാണ് ഏറ്റവും നല്ല കൂട്ടുകാർ.

കുറെ പണം കൈയിൽ തന്ന് ഇഷ്ടം പോലെ ചെയ്യ് എന്നു പറഞ്ഞ കുട്ടിക്കാലമൊന്നുമല്ല എന്റേത്. കണ്ണടച്ചു തുറക്കുംമുമ്പ് ഒരാഗ്രഹവും സാധിച്ചു തന്നിട്ടുമില്ല. ഒരു ഗിഫ്റ്റ് തരുമ്പോൾ ഞാനെന്തുകൊണ്ട് അതർഹിക്കുന്നുവെന്ന് മനസ്സിലാക്കി തരും. അതുകൊണ്ടൊക്കെയാകാം ഇങ്ങനെ ചിന്തിക്കുന്നത്.

പുതിയ തലമുറയിൽ ആരോടാണ്   മത്സരിക്കുന്നത്?

ആരോടും മത്സരമില്ല എന്നു പറഞ്ഞാൽ കള്ളമാകും. ഉറപ്പായും അങ്ങനെ ചിന്തിക്കാറുണ്ട്. എല്ലാവരുെടയും സിനിമകൾ കാണാറുണ്ട്. അതെല്ലാം ശ്രദ്ധിക്കാറുമുണ്ട്. അതിലും മികച്ച സിനിമകൾ ചെയ്യണം എന്നാലോചിക്കാറുമുണ്ട്. എന്നാലല്ലേ അഭിനയിക്കാനും നല്ല സിനിമകൾ തിരഞ്ഞെടുക്കാനും വാശി ഉണ്ടാവുകയുള്ളൂ. ഒരു വർഷമിറങ്ങുന്ന നല്ല സിനിമകളുടെ ലിസ്റ്റിൽ എന്റെ സിനിമയുമുണ്ടാകണം– ഇതാണ് ഏറ്റവും വലിയ ആഗ്രഹം. ആ കൂട്ടത്തിൽ എന്റെ പേരില്ലെങ്കിൽ സിനിമ തിരഞ്ഞെടുക്കുന്നതിൽ എന്തോ തെറ്റുണ്ട് എന്ന കാര്യമുറപ്പാണ്. അതെനിക്കു സഹിക്കാനാകില്ല.

എല്ലാവരുടെയും സിനിമ വിജയിക്കണം. അങ്ങനെയായാലേ വലിയ നിക്ഷേപങ്ങൾ ഉണ്ടാവൂ. പുലിമുരുകനും ഗ്രേറ്റ്ഫാദറുമൊക്കെ ഉണ്ടാവുന്നത് ഒരുപാടുപേർക്ക് സിനിമയിൽ നിക്ഷേപിക്കാനുള്ള ധൈര്യം കൂട്ടിയിട്ടുണ്ട്

നൂറു കോടി ക്ലബ്, അങ്ങനെ ഒരാഗ്രഹമുണ്ടോ മനസ്സിൽ?

ആഗ്രഹമില്ലാതില്ല. പക്ഷേ ഇപ്പോൾ പ്ലാന‍്‍ ചെയ്യാൻ പറ്റുന്ന കാര്യമല്ല. ആ ക്ലബ് ലക്ഷ്യം വച്ചുമാത്രം സിനിമ എടുക്കുന്നത് എത്ര ആരോഗ്യകരമാണ് എന്നും എനിക്കറിയില്ല. ഒരു ബിരിയാണി ഉണ്ടാക്കുന്നതു പോലെ കൃത്യമായ ചേരുവയിട്ട് ഉണ്ടാക്കുന്ന ഒന്നല്ലല്ലോ സിനിമ. കോടി ക്ലബ്ബുകൾക്കു പുറകേ ഒാടാൻ താൽപര്യമില്ല. ഞാനിതു വരെ ഒരു മാസ്സ് പടം ചെയ്തിട്ടില്ല. സിനിമയിൽ മാസ്സ് ഇൻ‍‍ട്രോ വേണം എന്നൊരു സംവിധായകനോടും പറഞ്ഞിട്ടില്ല. അതെനിക്ക് മടിയുള്ള കാര്യമാണ്. സൂപ്പർ സ്റ്റാറുകൾ ചെയ്യുമ്പോൾ ഞാനത് നന്നായി ആസ്വദിക്കും. വാപ്പച്ചിയും ലാലങ്കിളും രജനികാന്തുമൊക്കെ അത്തരം സീനിലെത്തുമ്പോൾ കൈയടിച്ചു പോവും, പക്ഷേ അതേ സീനിൽ എന്നെ കാണുമ്പോൾ മുഖം പൊത്തും.   

dq-a

ഒരു നടൻ എന്നാണ് സൂപ്പർസ്റ്റാറാകുന്നത്? അങ്ങനെയൊരു കസേര  സ്വപ്നത്തിലില്ലേ?

ഇല്ലില്ല. അങ്ങനെയൊന്നും ചിന്തിക്കാറില്ല. ആ കസേരയൊക്കെ ഭയമുള്ള കാര്യമാണ്. പണ്ടുകാലത്തൊക്കെ കുറേ വർഷങ്ങൾ പ്രവർത്തിക്കുകയും കുറേ ഹിറ്റുകൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കു കിട്ടുന്ന ഒരംഗീകാരമാണ് സൂപ്പർസ്റ്റാർ പദവി. ഇന്നതു മാറി. മൂന്നു സിനിമ കഴിഞ്ഞാൽ സ്റ്റാർ ആക്ടറും സ്റ്റാർ ഡയറക്ടറുമൊക്കെ ആയി. ഇങ്ങനെ ആളുകൾ പറഞ്ഞുണ്ടാക്കുന്ന സൂപ്പർസ്റ്റാർഡത്തിന് അധികം ബലമുണ്ടാകില്ല എന്നാണ്  വിശ്വാസം. ഇതൊക്കെ കുറേ കഷ്ടപ്പെടുമ്പോൾ കിട്ടുന്നതല്ലേ. എന്തായാലും ഇപ്പോൾ ഞാനതിനെക്കുറിച്ച് ആലോചിക്കുന്നേയില്ല. ആഗ്രഹിക്കുന്നുമില്ല.

മനസ്സു നിറഞ്ഞ് ഒരാൾ ആക്ടർ എന്നു വിളിച്ചാൽ, അതു മതി. അതാണ് സന്തോഷം. പിന്നെ 25 വർഷമൊക്കെ ഈ മേഖലയിൽ നിൽക്കാൻ പറ്റിയാൽ, വിജയിക്കാനായാൽ അന്ന് ആ വിളി കേട്ടാൽ അഭിമാനം തോന്നിയേക്കാം.

സോഷ്യൽ മീഡിയയിലൂടെയുള്ള ചില സിനിമാ വിലയിരുത്തലുകളിൽ അസ്വസ്ഥപ്പെടാറുണ്ടോ?

മത്സരം  നല്ലതാണ്. പക്ഷേ ഒരു സിനിമ ഇല്ലാതാകണം എന്നാഗ്രഹിക്കരുത്. ഒരുപാടുപേരുടെ സ്വപ്നവും അന്നവുമാണ് ഒാരോ സിനിമയും. ചിലർ സിനിമ കണ്ട് ഫെയ്സ്ബുക്കിൽ എഴുതാറുണ്ട് ‘വേസ്റ്റ് ഒാഫ് ടൈം, പൈസ ലാഭിക്കൂ ’ എന്നൊക്കെ. അതെന്ത് ന്യായമാണ്? സിനിമ നല്ലതാണോ മോശമാണോ എന്നത് സ്വയം തീരുമാനിക്കേണ്ട കാര്യമല്ലേ? അതിൽ കയറി ഇടപെടുന്നത് ഒട്ടും ശരിയല്ല.  

സ്വഭാവത്തിൽ പ്രശ്നമുള്ളവർ സിനിമയ്ക്കകത്തും പുറത്തുമുണ്ട്. ചിലര്‍ കഥ പറഞ്ഞു കഴിഞ്ഞ് കൂട്ടിച്ചേർക്കും, ‘‘ഇത് ദുൽഖറിന് വളരെ എളുപ്പത്തിൽ ചെയ്യാനാവും, നിങ്ങളുടെ കരിയറിന് ഏറ്റവും നല്ലതാണിത്.’’ ഇങ്ങനെ എന്നെ ഒരു സംഭവമാക്കിക്കളയുന്നവരോടു പറയാറുണ്ട്, എന്റെ മാത്രമല്ല നിങ്ങളുടെ കരിയറിനും നല്ലതാണ്. ഇതുവരെയുള്ളതിനെ പുച്ഛിച്ചു നടക്കുന്നവരുമുണ്ട്.  ഒരു സുപ്രഭാതത്തിൽ വന്ന് സിനിമയെ മാറ്റിക്കളയാമെന്നൊക്കെ ചിന്തിക്കുന്നത് മണ്ടത്തരമാണ്. നമ്മളെക്കാളുമൊക്കെ വലുതല്ലേ സിനിമ.
എന്റെ മനസ്സിൽ പൊസിറ്റീവ് മത്സരങ്ങളേയുള്ളൂ. ഫാൻസുകാരായാലും നെഗറ്റീവ് രീതിയിലുള്ള ഒരിടപെടലും  പ്രോത്സാഹിപ്പിക്കില്ല. ഞാനതിന്റെ ഭാഗവുമല്ല. ചവിട്ടി താഴ്ത്തി ചീത്തവിളിച്ച് സിനിമയ്ക്കു പിന്നിലുള്ള അദ്ധ്വാനത്തെ ഇല്ലാതാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.  

സ്പോർട്സ് കാറുകളിൽ പറക്കാനാഗ്രഹിക്കുന്ന ദുൽഖർ. എന്നിട്ടും അത്തരം ഫോട്ടോകളധികം കണ്ടിട്ടില്ല?

എന്റെ യാത്രകൾ അല്ലെങ്കിൽ സ്പീഡിൽ വണ്ടിയോടിക്കുന്ന കാര്യങ്ങളറിഞ്ഞ് ഏതെങ്കിലും കുട്ടികൾ വണ്ടിയുമായി പോയെന്നു വിചാരിക്കുക. അവർക്ക് മോശമായതെന്തെങ്കിലും സംഭവിച്ചാൽ. അത്തരമൊരു കുറ്റപ്പെടുത്തൽ ഭയമാണ്. അതുകൊണ്ടുതന്നെയാണ് ഞാനതിനെക്കുറിച്ചു പറയാത്തതും ഫോട്ടോകൾ പോസ്റ്റ് ചെയ്യാത്തതും. പിന്നെ, ദുൽഖറിനിത്രയും വാഹനങ്ങളുണ്ട്, ഇത്ര സ്പീഡിലാണ് ഒാടിക്കുന്നത്, അവർക്കെല്ലാം എന്തുമാകാമല്ലോ എന്നൊക്കെയുള്ള ചിന്ത മറ്റുള്ളവരിൽ എന്തിനാണുണ്ടാക്കുന്നത്. സത്യത്തിൽ ഇതു ‘ജന്മനാ’ ഉള്ള ഒരു പ്രശ്നമാണ്. ജീൻ വഴി കൈമാറി കിട്ടിയതാണ്. മറിച്ചായിരുന്നെങ്കിൽ സ്റ്റാംപ് കളക്‌ഷനോ കോയിൻ കളക്‌ഷനോ തുടങ്ങാമായിരുന്നു. ആളുകളിതെല്ലാം നെഗറ്റീവ് ആയെടുക്കുമോ എന്നു നല്ല പേടിയുണ്ട് .

എങ്കിലും എത്ര വേഗത്തിൽ വണ്ടിയോടിച്ചിട്ടുണ്ട്?

മൂന്നൂറൊന്നും തൊട്ടിട്ടില്ല. അതൊക്കെ പതിനെട്ടു വയസ്സിന്റെ ക്രേസുകളാണ്. ഇപ്പോൾ ടോപ് സ്പീഡ് വട്ടൊന്നുമല്ല. റൈഡ് ആസ്വദിക്കാൻ സ്പീഡിലോടിക്കേണ്ട ആവശ്യമില്ല. വേഗത്തിൽ വണ്ടിയോടിച്ച് സ്പീഡോമീറ്ററിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. അതു ഞാൻ പ്രോത്സാഹിപ്പിക്കുകയുമില്ല. വേഗത, പൂജ്യത്തിൽ നിന്ന് നൂറ്റിപ്പത്തിലേക്കെത്താൻ സെക്കന്റുകൾ മതി. എന്നാൽ അതേ വേഗത്തിൽ ബ്രേക്ക് ചെയ്യാനായി സാധിക്കണമെന്നില്ല. രണ്ടു പ്രാവശ്യം അപകടത്തിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടിട്ടുണ്ട്. വീട്ടുകാരുടെ പ്രാർഥന കൊണ്ടുകൂടിയാണ് ഒന്നും സംഭവിക്കാതിരുന്നത്. അല്ലാതെ എന്റെ കഴിവുകൊണ്ടോ മിടുക്കു കൊണ്ടോ അല്ല. പേടി ഒരു ദൗർബല്യമായി കരുതുന്നത് കൗമാര കാലത്തിലാണ്.
ഇപ്പോൾ പഴയ കാറുകളാണിഷ്ടം. എല്ലാ പഴയ വണ്ടിയിലും ഒരു കഥ കണ്ടുപിടിക്കാൻ എനിക്ക് ഇഷ്ടമാണ്. വനിതയുെട കവറിലുള്ള  ഈ മഴ്സിഡസ് ഞാനൊരുപാടു സ്വപ്നം കണ്ടു സ്വന്തമാക്കിയ കാറാണ്.

സാമ്രാജ്യം സിനിമയിൽ വാപ്പച്ചി ഉപയോഗിക്കുന്ന മഴ്സിഡസ് ഉണ്ട്. ആ സിനിമയും അതിൽ വാപ്പച്ചിയെ സ്‌റ്റൈലിഷായി അവതരിപ്പിച്ച രീതിയുമൊക്കെ എനിക്കൊരുപാട് ഇഷ്ടമാണ്. അതുകൊണ്ടാകാം ആ കാർ മനസ്സിൽ കയറിയത്. ഒടുവിലൊരെണ്ണം കിട്ടി. കാലുകുത്തിയാൽ പൊളിഞ്ഞ് താഴേയ്ക്കു പോവും, അത്രയ്ക്കു തുരുമ്പു പിടിച്ചിരുന്നു. മൂന്നു വർഷം കൊണ്ടാണ് ഈ രൂപത്തിലാക്കിയത്. വിദേശത്തു നിന്നൊക്കെ കൂട്ടുകാർ നാട്ടിൽ വരുമ്പോൾ  പാർട്സ് കൊണ്ടുവരാൻ പറയും. ചെന്നൈയിലെത്തിയാൽ ആ കാറാണ് ഞാനേറ്റവും കൂടുതൽ ഉപയോഗിക്കാറുള്ളത്. പഴയ വണ്ടിയുമായി പോകുമ്പോൾ ചിലർ അദ്ഭുതത്തോെട നോക്കും. കുട്ടികളൊക്കെ കൈവീശി കാണിക്കും. ഒാട്ടോറിക്ഷാക്കാരൊന്നും വലിയ വില തരില്ല. ആഞ്ഞുപിടിച്ച് ഒാവർടേക്ക് ചെയ്യാനായി നോക്കും.

dq-c

ബിസിനസും സിനിമയും എങ്ങിനെ ഒരുമിച്ചു കൊണ്ടു പോകുന്നു?

ഞാനിതിന്റെയെല്ലാം വലിയ ആളാണെന്ന തോന്നലൊന്നും ഇല്ല. ഇതൊക്കെ നോക്കി നടത്താൻ അടുപ്പമുള്ളവരുണ്ട്. അല്ലാതെ എന്റെ തലയിൽ കൂടി മാത്രം പോകുന്നു എന്ന ചിന്തയൊന്നും ഇല്ല. ബിസ്സിനസ്സ് എന്നൊന്നും പറയണ്ട, ഇൻവെസ്റ്റ്മെന്റ്സ് എന്നു പറഞ്ഞാൽ മതി.  ചെറുപ്പം മുതൽക്കേ വായിച്ചു വന്ന ഒരു കാര്യമുണ്ട്– പൈസയ്ക്കു പിറകെ ഒാടിനടന്നാൽ പിന്നോട്ടേ പോവൂ. അതു കൊണ്ടു തന്നെയാണ് പൈസയ്ക്കു വേണ്ടി മാത്രം സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നത്. അതിനായുള്ള ധൈര്യം, അതാണ് എനിക്ക് ഇൻവെസ്റ്റ്മെന്റ്സ്. ഒരു ബാക്ക് അപ് പോലെ ഇൻഷുറൻസ് പോലെ, അതു ഞാൻ മനസ്സിൽ കാണുന്നു. ചെറിയ സിനിമകള്‍ നിർമിക്കുന്നതിനെക്കുറിച്ചും ആലോചിക്കാറുണ്ട്. നല്ല പ്രതിഫലത്തിനായി മോശം സ്ക്രിപ്റ്റിനു യെസ് പറയാന്‍ കഴിയില്ല. നോ പറയാനുള്ള ആ ധൈര്യം ഇതുനൽകുന്നുണ്ട്. അതെപ്പോഴും ഉണ്ടാവണമെന്ന ആഗ്രഹം കൊണ്ടാണ് ബിസിനസ്സുമായി മുന്നോട്ടുപോകുന്നത്. അതും പരമാവധി നിശബ്ദമായി മറ്റുള്ളവരെ അറിയിക്കാതെ.  കണ്ണേറൊക്കെ എനിക്കു പേടിയുള്ള കാര്യമാണ്.

ഈ ലക്കം വനിത മെൻസ് സ്പെഷലാണ്. ദുൽക്കറിന്റെ വാർഡ്രോബിലെന്തൊക്കെയുണ്ട്?

സ്റ്റൈലിഷായി നടക്കൽ ക്രേസായിരുന്നു. വാപ്പച്ചിയായിരുന്നു ഇക്കാര്യത്തിൽ സ്വാധീനിച്ചത്. അന്ന് ഇന്നത്തെപ്പോലെ സ്‌റ്റൈലിസ്റ്റുകളൊന്നുമില്ലല്ലോ. എല്ലാം വാപ്പച്ചി തന്നെയാണ് ചെയ്തിരുന്നത്. അതു കണ്ടാണ് ഞാനും പഠിച്ചത്. ഷോപ്പ് ചെയ്യാനും വാർഡ്രോബിലെന്തൊക്കെയുണ്ടന്നു നോക്കിനിൽക്കാനുമൊക്കെയുള്ള മനസ്സ് ഇപ്പോൾ മാറിത്തുടങ്ങി. എന്നാലും ഇഷ്ടമാണ് ഫാഷനോട്. സ്റ്റൈലിസ്റ്റ് അഞ്ചോ പത്തോ ഒൗട്ട് ഫിറ്റുകൾ അയച്ചു തന്നാൽ അതിൽ ഏറ്റവും നല്ലത് തിരഞ്ഞെടുക്കാൻ എനിക്കറിയാം അത് പാരമ്പര്യമായി കിട്ടിയതായിരിക്കും.  

അമാലും ഉമ്മച്ചിയും എപ്പോഴും പരാതി പറയുന്നത് ഏതു കാര്യത്തിനായിരിക്കും?

എന്നെ കാണാന്‍ കിട്ടാത്തതിനേ പരാതിയുള്ളൂ രണ്ടാൾക്കും. ഒരു സിനിമയോട് നോ പറഞ്ഞാൽ കുറച്ചു സമയത്തേക്ക് ഞാൻ മെന്റലി ഡിറ്റാച്ഡ് ആയിരിക്കും. അപ്പോൾ മറ്റൊരു ലോകത്തായിരിക്കും.  അത് അമാലിന്റെ പരാതിയാണ്. ഉമ്മച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാത്തപ്പോൾ അടുത്ത പരാതിയായി. സിനിമ മോശമായാല്‍ ‘എന്തിനാ അങ്ങനെ അഭിനയിച്ചതെന്നൊക്കെ’ ഉമ്മച്ചി ചോദിക്കാറുണ്ട്. ഞാൻ ചെയ്യുന്ന പ്രവൃത്തിയിലും തീരുമാനത്തിലുമൊക്കെ അവരുടെ ചിന്താഗതിയും കാഴ്ചപ്പാടുമൊക്കെയുണ്ട്. അതാണ് എന്നെ ഞാനാക്കുന്നത്.

അച്ഛനായതിന്റെ ഗൗരവം മനസ്സിലുണ്ടോ?

ചിരിച്ചു കൊണ്ട് ദുൽഖർ എഴുന്നേൽക്കുന്നു.  മനസ്സിലപ്പോൾ  കുഞ്ഞു രാജകുമാരിയുടെ പാൽപ്പു‍ഞ്ചിരി നിറഞ്ഞിട്ടുണ്ടാവും.

കുഞ്ഞു ദുൽഖർ മുതൽ നടൻ വരെ-  കുഞ്ചൻ

കൊച്ചിയിൽ ഞങ്ങൾ അയൽക്കാരാണ്.  കുഞ്ഞുനാള‍്‍ മുതൽക്കേ കാണുന്നതല്ലേഅവനെ. എവിടെ വച്ചു കണ്ടാലും അങ്കിളെന്നു വിളിച്ച് കവിളിൽ ഒരുമ്മ തരുന്ന ശീലം മാറിയിട്ടില്ല. വാപ്പയുടെ അഭിനയ ഗുണവും ഉമ്മയുടെ വളർത്തുഗുണവും കൊണ്ടാണ് അവൻ ഇത്ര മിടുക്കനായത്. അവന്റെ ആദ്യ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യവും കിട്ടി.
 കാറിന്റെ ക്രേസ് ചെറുപ്പത്തിലേ ഉണ്ട്.  വാപ്പായ്ക്കും മോനും, ആർക്കാണു കൂടുതൽ ക്രേസ് എന്ന സംശയമേയുള്ളൂ. കുട്ടിക്കാലത്തേ കാറിന്റെ ഒരു കൂമ്പാരം ഉണ്ട്. അതിപ്പോഴുമുണ്ടെന്നാണു തോന്നുന്നത്.

ബിഗ് ബിയുടെ പ്രേക്ഷകൻ ഇന്നു നായകൻ- അമൽ നീരദ്

‘മോസ്റ്റ് ഡൗൺ ടു എർത്ത് ഹ്യൂമൻ ബീയിങ്’ എന്നുള്ളത് ദുൽഖറിനെ സംബന്ധിച്ചിടത്തോളം വിശേഷണമല്ല, യാഥാർഥ്യമാണ്.  അത് സിനിമയില്‍ ഒരുപാടാവശ്യമുള്ള കാര്യമാണ്.  ഒരു ടിപ്പിക്കൽ ‘താരപുത്ര’നുമായി ഡീൽ ചെയ്യേണ്ടി വന്നാൽ നമ്മള്‍ വിഷമിച്ചു പോവും. പക്ഷേ ദുൽഖർ അങ്ങനെയല്ല.
ബിഗ് ബിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾ ആ സിനിമ ആദ്യമായി കാണുന്നത് ദുൽഖറാണ്. ദുൽഖറിന്റെ റെസ്പോൺസ് ധൈര്യം കൂട്ടി. കുള്ളന്റെ ഭാര്യ എ ന്ന സിനിമ സ്നേഹത്തിനും സൗഹൃദത്തിനും കാരണമായി.   ആ രസതന്ത്രം സിെഎ എയ്ക്ക് ഒരുപാടു  ഗുണം ചെയ്തു.

ദുൽഖർ, നിങ്ങൾ പാട്ടു പഠിച്ചിട്ടുണ്ടോ?- ഗോപിസുന്ദർ

‘ജോണി മോനേ ജോണി’ പാടുന്നതിനു മുമ്പ് ദുൽഖർ പാട്ടു പാടുമെന്ന് എനിക്കറിയില്ല. ആദ്യ ടേക്കിൽ തന്നെ മടിയൊന്നുമില്ലാതെ പാടി എന്നെ ഞെട്ടിച്ചു. ഒരു പക്കാ പ്രഫഷനൽ ഗായകനെ പോലെയാണ് ദുൽഖർ എന്നു തോന്നിയിട്ടുണ്ട്. ആ പാട്ട് ദു ൽഖറിനെ കുട്ടികളുടെ പ്രിയങ്കരനാക്കി.
പിന്നെ ഒാരോ പാട്ടിലും ഞെട്ടിച്ചു  കൊണ്ടിരിക്കുകയാണ്. കടുത്ത പനിയും വച്ചാണ് ചാർലിയിലെ പാട്ടു പാടിയത്. അത്ര ആത്മാർഥതയാണ്. ഇപ്പോൾ സിെഎഎയിലെ പാട്ടും ഹിറ്റായി. ഡി.ക്യു പാട്ടു പഠിച്ചിട്ടുണ്ട് എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. 

ആദ്യ സിനിമയിലെ നായകൻ- ഗൗതമി നായർ

സെക്കന്റ് ഷോ സിനിമയുടെ സെറ്റിലേക്ക് വരുമ്പോൾ മമ്മൂക്കയ്ക്ക് ദുൽഖർ എന്നൊരു മകൻ ഉണ്ടെന്നു പോലും എനിക്കറിയില്ലായിരുന്നു. പതുക്കെയാണ് പരിചയപ്പെട്ടത്.  
ഒരു ദിവസം ഷൂട്ട് തീർന്ന രാത്രിയിൽ  ഞാനും ദുൽഖറും ശ്രീനാഥും സണ്ണിവെയിനും  എല്ലാവരുമായി റോഡരികിലെ തട്ടുകടയിൽ പോയി ഭക്ഷണം കഴിച്ചു. ഇത്രയും വലിയ നടന്റെ മകനായിട്ടു കൂടി ദുല്‍ഖർ ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ വന്നു.  ദുൽഖർ സൽമാൻ – ആ പേരിന്റെ കൗതുകത്തെക്കുറിച്ച് ഇനി കാണുമ്പോൾ ചോദിക്കണം.