Wednesday 14 August 2024 04:00 PM IST

‘പ്രണയം മറക്കാൻ കഴിയാത്തിടത്തോളം മറ്റൊരാളുടെ ജീവിതം കളയുന്നത് എന്തിനാണ്?; ആ അവസാന ട്വിസ്റ്റ് എന്റെ ജീവിതത്തിൽ ഉണ്ടായില്ല..’

Vijeesh Gopinath

Senior Sub Editor

_DSC9179 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ആ പ്രണയകഥയിൽ ഒരു സിനിമയുണ്ടല്ലോ....

അച്ഛനുമമ്മയും വിവാഹത്തെക്കുറിച്ചു പറഞ്ഞപ്പോ ൾ തന്നെ സംഗീതവും നൃത്തവും അറിയുന്ന ഒരാൾ‌ വേണം എന്നായിരുന്നു എന്റെ മനസ്സിൽ. അന്നു സിനിമാക്കാരനു പെണ്ണുകിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്. 

അങ്ങനെ വിവാഹാലോചനകൾ മുന്നോട്ടു പോവുമ്പോൾ ഞങ്ങളുടെ ഫാമിലിയിൽ തന്നെയുള്ള ഒരു കുട്ടി വന്നു പറഞ്ഞു, ‘എനിക്ക് ബാബുച്ചേട്ടനെ ഇഷ്ടമാണ്. ഞാൻ കണ്ട പലരേക്കാൾ ബാബുച്ചേട്ടനാണ് എനിക്കു ചേരുന്നതെന്ന് ഉറപ്പാണ്.’ 

അങ്ങനെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. അതു പ്രണയമായി. സിനിമയില്‍ കാണുന്ന പ്രണയമല്ല, മുതിർന്ന രണ്ടുപേരുടെ വേരുള്ള പ്രണയം. വിവാഹാലോചന വീടുകളിലെത്തി. രണ്ടു വീട്ടുകാരും എതിർത്തു. ഞാൻ സിനിമാക്കാരനായതാണ് അവരുടെ വീട്ടുകാര്‍ കണ്ട കുഴപ്പം. അവരുടെ സമ്പത്തായിരുന്നു എന്റെ വീട്ടിലെ പ്രശ്നം.

വീട്ടുകാരുടെ മനസ്സു മാറാനായി ഞങ്ങൾ‌ കാത്തിരിക്കാൻ തീരുമാനിച്ചു. ഒന്നും രണ്ടുമല്ല, എട്ടര വർഷം. അതിനിടിൽ വീട്ടുകാര്‍ തമ്മില്‍ പല പൊട്ടിത്തെറികളുണ്ടായി. മാതാ അമൃതാനന്ദമയിയും കരുണാനിധിയും വരെ ഇതിൽ ഇടപെട്ടിട്ടുണ്ട്. ആ കുട്ടിയെ അമ്മയ്ക്ക് (അമൃതാനന്ദമയി) അറിയാമായിരുന്നു. അതുകൊണ്ട് അമ്മയോടു സംസാരിക്കാൻ ഞാൻ അമൃതപുരിയിലേക്കു പോയി. ചുരുക്കം പേർക്കു മാത്രം പ്രവേശനമുള്ള  പർണകുടീരത്തിൽ വച്ച് മണിക്കൂറുകളോളം അമ്മ എ ന്നോടു സംസാരിച്ചു. വിവാഹവുമായി മുന്നോട്ടു പോകാൻ ഉപദേശിച്ചു.  

അതിനിടെ അവളെ തമിഴ്നാട്ടിലേക്കു വീട്ടുകാർ കടത്തി. അവിടെ നിന്നു കാനഡയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. തമിഴ്നാട്ടിൽ എവിടെയോ ഒളിപ്പിച്ച അവളെ മോചിപ്പിക്കാൻ നടൻ കൊച്ചിൻ ഹനീഫ വഴി കരുണാനിധിയെ സമീപിച്ചു. ഹേബിയസ് കോർപ്പസ് ഹർജി നൽകാനും തീരുമാനിച്ചു. 

ഒടുവിൽ ഞങ്ങൾ തിരിച്ചറി‍ഞ്ഞു, ഞങ്ങൾ രണ്ടുപേരുടെയും സന്തോഷത്തിനായി ഒരുപാടു പേരെ സങ്കടപ്പെടുത്തേണ്ട. അങ്ങനെ  തീരുമാനമെടുത്തു, പിരിയാം. പക്ഷേ, അന്നേ ഞാൻ എന്റെ മനസ്സിനോടു പറഞ്ഞു ഇനി എനിക്കു മറ്റൊരു വിവാഹം ഉണ്ടാവില്ല. മറക്കാൻ കഴിയാത്തിടത്തോളം മറ്റൊരാളുടെ ജീവിതം കളയുന്നത് എന്തിനാണ്? പക്ഷേ, ഞാൻ വിരഹകാമുകന്റെ റോൾ എടുത്തില്ല. സിനിമയിൽ സജീവമായി. സംഘടനയുടെ പ്രവർത്തനങ്ങളിൽ ഓടിനടന്നു. 

ആ കുട്ടി ഇപ്പോള്‍ വിദേശത്ത് ഡോക്ടറാണ്. ഇന്നും എനിക്കു ജീവിതത്തിലൊരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ ടെലിപ്പതി പോലെ അവള്‍ വിവരമറിയും. ആ നിമിഷം വരും അവളുടെ ഫോൺ. ഗൾഫിലൊരു വലിയ പ്രോഗ്രാം നടക്കുന്നു. ഉറങ്ങാതിരിക്കാനും ക്ഷീണം മാറാനും ഞാന്‍ എനർ‌ജി ഡ്രിങ്ക് കുടിക്കുന്നുണ്ട്. ഷോ തീർന്ന് റൂമിലെത്തിയപ്പോൾ എന്റെ കൈ വിറയ്ക്കാൻ തുടങ്ങി. സംസാരിക്കാൻ വിഷമം. ആ സമയത്ത് അവളുടെ ഫോണ്‍ വന്നു. ഷുഗർ ലെവൽ കുറയ്ക്കാൻ ചില മരുന്നുകള്‍ പറഞ്ഞു തന്നു. 

2018ല്‍ െകാച്ചിയിൽ നടന്ന വനിത ഫിലിം അവാര്‍ഡ്െെനറ്റ്. മലയാളത്തിലേയും ഹിന്ദിയിലേയുമൊക്കെ വലിയ താരങ്ങളുണ്ട്. േഷാ നടക്കുന്നതിനിടയില്‍ വലിയ മഴ െപയ്തു. ആകെ വേവലാതിയായി. കാണി കള്‍ േപാകാതെ നോക്കണം, താരങ്ങളുടെ സുരക്ഷിതത്വം നോക്കണം. മൊത്തം ടെൻഷന്‍. അങ്ങനെയിരിക്കുമ്പോള്‍ അവളുടെ മെസേജ്. ‘എന്തെങ്കിലും കുഴപ്പമുണ്ടോ, കൂളായിരിക്കൂ...’ മനസ്സിന്റെ അദ്ഭുതങ്ങൾ. 

അവളുടെ അമ്മയുടെ അവസാന നാളുകളില്‍ എന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞു. അരികിൽ ചെന്നപ്പോൾ എന്റെ കൈ പിടിച്ച് ആ അമ്മ പറഞ്ഞു, ‘ഞങ്ങളെ സങ്കടപ്പെടുത്തേണ്ടെന്നു കരുതിയാണ് മോളെ വേണ്ടെന്നു വച്ചതെന്നറിയാം. അങ്ങനെയൊരു മനസ്സ് ഈ ലോകത്ത് നിനക്ക് മാത്രേ ഉണ്ടാവൂ...’

അനിയത്തിപ്രാവിന്‍റെ ക്ലൈമാക്സ് ജീവിതത്തിൽ അനുഭവിച്ച ആളാണ് ഞാൻ. പക്ഷേ, സിനിമയില്‍ നായകനു നായികയെ കിട്ടി. 

ആ അവസാന ട്വിസ്റ്റ് എന്റെ ജീവിതത്തിൽ ഉണ്ടായില്ലെന്നു മാത്രം. കുറ്റബോധം ഒന്നുമില്ല. സിനിമയല്ലല്ലോ ജീവിതം. 

Tags:
  • Celebrity Interview
  • Movies