Thursday 13 December 2018 02:13 PM IST : By നിതിൻ ജോസഫ്

‘ദൃശ്യ’ത്തിലെ അനുക്കുട്ടി ഇനിമുതൽ നായിക! അരങ്ങേറ്റം തമിഴ് ചിത്രം ’കുഴലി’യിലൂടെ

easther1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വയനാട്ടിലുള്ള കുസൃതിക്കാരൻ കുഞ്ചുവിന്റെ കഥ പറയാം. വീടു മുഴുവൻ ഓടിനടന്ന് വികൃതി കാട്ടുന്ന കുഞ്ചു. ചേച്ചി സിനിമയിൽ അഭിനയിച്ച് സ്റ്റാറാകുന്നതു കണ്ടപ്പോ കുറേ സന്തോഷോം പിന്നെ, ലേശം അസൂയേമൊക്കെ തോന്നിയ കുട്ടിക്കുറുമ്പനാണ് കക്ഷി. പക്ഷേ, ഇന്ന് ഇത്തിരി ജാഡയിലാട്ടോ. ആളിപ്പോ ചില്ലറക്കാരനല്ല. പന്ത്രണ്ട് സിനിമകളിൽ അഭിനയിച്ച സെലിബ്രിറ്റിയാണ്. അപ്പോ കുറച്ച് ജാഡയൊക്കെ ആകാം, അല്ലേ.?

തിയറ്ററുകളിൽ സേഫ്‌ലാൻഡിങ് നടത്തിയ ടേക്ക്‌ഓഫിൽ നീളൻ മുടിയും നുണക്കുഴിയുമായി ദുബായിൽ നിന്നു വന്ന ഇബ്രു. തീവ്രവാദികളുടെ തോക്കിനു മുമ്പിൽ ഭയന്നുനിൽക്കുന്ന ഉമ്മയുടെയും കൂടെയുള്ളവരുടെയും രക്ഷകനായി ഇബ്രു ഖുർആൻ വചനങ്ങൾ ഉറക്കെ ചൊല്ലിയപ്പോൾ നിലയ്ക്കാത്ത കൈയടിയാണ് തിയറ്ററിൽ മുഴങ്ങിയത്. ഇപ്പോ ആളെ മനസ്സിലായില്ലേ. പ്രേക്ഷകരുടെ പ്രിയതാരം എസ്തർ അനിലിന്റെ കുഞ്ഞനിയൻ എറിക് സക്കറിയയാണ് മേൽപറഞ്ഞ കുസൃതിക്കുഞ്ചു.

മുമ്പൊരിക്കൽ വനിതയുടെ ഫോട്ടോഷൂട്ടിന് തയാറായി നിൽക്കുന്ന എസ്തറിന്റെ കൈയിൽനിന്ന് ചോക്‌ലേറ്റും അടിച്ചുമാറ്റിക്കൊണ്ട് ഓടിയ എറിക് ഇന്ന് ഫോട്ടോഷൂട്ടിന് ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോഴും കുസൃതിക്ക് കുറവൊന്നും വന്നിട്ടില്ല. നല്ല കഥാപാത്രങ്ങളിലൂടെ ചേച്ചിയുടെ വഴി പിന്തുടരുകയാണ് ഈ അഞ്ചാം ക്ലാസുകാരൻ. ‘‘ചേച്ചി എവിടെയെങ്കിലും ചെല്ലുമ്പോൾ പലരും വന്ന് പരിചയപ്പെടും. കൂടെ നിന്ന് ഫോട്ടോ എടുക്കും. നമ്മളെയൊന്നും ആരും മൈൻഡ് പോലും ചെയ്യില്ലാരുന്നു. അപ്പോ ചെറുതായിട്ട് അസൂയ തോന്നീട്ടുണ്ട്. പക്ഷേ, ഇപ്പോ ഞാനും സെലിബ്രിറ്റിയാ... എനിക്കുമുണ്ട് കുറേ ഫാൻസ്.’’എറിക് പറഞ്ഞു തുടങ്ങി.

എറിക് ടേക്ക്‌ഓഫിലേക്ക് എത്തിയത്?

‘‘അതിവൻ മഹേഷ് അങ്കിളിനെ സോപ്പിട്ട് മേടിച്ചെടുത്ത റോളാ.’’എസ്തറിന്റെ വകയാണ് ഡയലോഗ്.

‘‘അയ്യെടാ... ആരു പറഞ്ഞു, എന്തൊരസൂയ.. മഹേഷ് അങ്കിൾ (സംവിധായകൻ മഹേഷ് നാരായണൻ) വിശുദ്ധൻ സിനിമയുടെ എഡിറ്ററായിരുന്നു. ആ സിനിമയിൽ എന്നെ കണ്ടപ്പോൾ അങ്കിളിന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് എന്നെ ടേക്ക്ഓഫിലേക്ക് വിളിക്കുന്നത്. പിന്നെ, എന്റെ ഹൈറ്റും വെയ്റ്റും ആക്ടിങ്ങുമെല്ലാം നോക്കി ഓകെ ആണെന്ന് തോന്നിയപ്പോൾ അങ്കിൾ എന്നെ ഫിക്സ് ചെയ്തു. ഞാനും അങ്കിളുമായി നല്ല കമ്പനിയായിരുന്നു. അതിനാണ് ഈ എസ്തർ വെറുതെ കളിയാക്കുന്നത്. ഒരു ദിവസം അങ്കിൾ അപ്പനോട് പറഞ്ഞു, ഇവനൊരു നല്ല നടനാണ്, ഇവന് നല്ലൊരു ഭാവിയുണ്ട് എന്ന്. അതൊന്നും ഈ കുഞ്ഞേച്ചിക്ക് അത്ര ഇഷ്ടപ്പെട്ടില്ലന്നേ’’

ടേക്ക്‌ഓഫിൽ എറിക് സ്റ്റാറായല്ലോ. സിനിമ കണ്ടിട്ട് ചേച്ചി എന്താ പറഞ്ഞത്?

എറിക്– എസ്തറേ, എസ്തർ എന്താ അന്ന് പറഞ്ഞത്?

എസ്തർ– അടിപൊളിയായിട്ടുണ്ട് കുഞ്ചൂന്ന് പറഞ്ഞു.

എറിക്– അയ്യോ, ആ പേര് പറയല്ലേ...കുഞ്ചു അല്ല, എറിക്.

എസ്തർ– അല്ലാ,  നീ എന്നെ ചേച്ചീന്ന് വിളിക്ക്.  അല്ലെങ്കിൽ നിനക്ക് കുഞ്ചുന്നൊരു പേരുണ്ടെന്ന് ഞാൻ എല്ലാവരോടും പറയും. കുഞ്ചു...കുഞ്ചു...കുഞ്ചൂൂൂ...

എറിക്– ഞാൻ എസ്തറിനെ എസ്തർ എന്നാണ് വിളിക്കുന്നത്. അല്ലേ എസ്തറേ..?

എസ്തർ– (ഒരൽപം  പരിഭവം മുഖത്തുണ്ട്) എന്നെ ആരും ചേച്ചിയെന്ന് വിളിക്കൂല്ല. എന്നെക്കാളും  ചെറിയ കുട്ടികൾ വരെ പേരാണ് വിളിക്കുന്നത്. അവർക്കൊക്കെ ഞാനിപ്പഴും ദൃശ്യത്തിലെ അനുക്കുട്ടിയാണ്.

easther4

‘ദൃശ്യ’ത്തിലെ അനുക്കുട്ടി പുതിയ രണ്ടു സിനിമകളിൽ നായികയാണല്ലോ?

എസ്തർ– ഇപ്പോൾ ‘കുഴലി’ എന്ന തമിഴ്ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകനായ ‘കലൈ’യാണ്. ‘കാക്കമുട്ടൈ’ എന്ന ചിത്രത്തിലെ ‘പെരിയ കാക്കമുട്ടൈ’യായി അഭിനയിച്ച ‘വിഗ്നേഷ്’ ആണ് നായകൻ. ഈ സിനിമയുടെ ഷൂട്ട് തമിഴ്നാട്ടിലെ കമ്പത്ത് നടക്കുന്നു. അതിനുശേഷം ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ‘ഓൾ’ എന്ന സിനിമയിലും ഞാനാണ് നായിക. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്ത മാസം ആരംഭിക്കും. ഇതോടൊപ്പം ഹാലിദാ ഷമീൻ സംവിധാനം ചെയ്യുന്ന ‘മിൻമിനി’ എന്ന തമിഴ്സിനിമയാണ് വരാനുള്ളത്. രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ രണ്ടുവർഷങ്ങൾക്ക് മുൻപ് തന്നെ ചിത്രീകരിച്ചിരുന്നു. രണ്ടാം ഷെഡ്യൂള്‍ ഉടൻ തന്നെ ആരംഭിക്കും. ചിത്രത്തിനായി കഷ്ടപ്പെട്ട് ബൈക്ക് ഓടിക്കാനും പഠിച്ചു.

കുഞ്ചുവിന്റെ അടുത്ത സിനിമയേതാണ്?

എറിക്– ‘വിമാനം’ എന്ന സിനിമയാണ് ഇപ്പോ ചെയ്യുന്നത്. പൃഥ്വിരാജ് അങ്കിളിന്റെ ചെറുപ്പമാണ്. ഒരു ദിവസം ഷൂട്ടിനിടയിൽ അങ്കിൾ ഞാൻ അഭിനയിച്ച സീനുകൾ കണ്ടിട്ട് പറഞ്ഞത് എന്താണെന്നോ? ‘‘എന്നെക്കാളും നന്നായിട്ടാണ് നീ അഭിനയിച്ചത്’’ എന്ന്.

എസ്തർ– എത്ര നല്ല നടക്കാത്ത കാര്യം. പുളുവാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്.

എറിക്– കണ്ടോ...അസൂയ..അസൂയ...

എസ്തർ– അവൻ ഫുൾ യൂത്ത് ഐക്കൺസിന്റെ സിനിമയാണ് ചെയ്യുന്നത്. അതിന്റെ ജാഡയുണ്ടോന്നൊരു ചെറിയ  സംശയം. കുഞ്ചു അഭിനയിച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ ‘ടേക്ക്‌ഓഫ്’ ആണ്. സൂപ്പർ സിനിമ. പാർവതിചേച്ചിയുടെയും ചാക്കോച്ചൻ അങ്കിളിന്റെയും ഫഹദ് അങ്കിളിന്റെയും എ ല്ലാം അഭിനയം അടിപൊളിയല്ലേ..

എറിക്– അപ്പോ ഞാനോ? എന്റെ അഭിനയം കൊള്ളൂല്ലേ?

എസ്തർ– അതിന് നീ ആ സിനിമയിൽ അഭിനയിച്ചിട്ടില്ലല്ലോ. ടേക്ക്‌ഓഫിലെ ഇബ്രുവും കുഞ്ചുവും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഇവനെപ്പോലെ തന്നെ വികൃതിയായ ക്യാരക്ടറാണ്. ഇവൻ വീട്ടിൽ ചെയ്യുന്നതുപോലെ ക്യാമറയ്ക്കു മുന്നിലും ചെയ്തു. പാർവതി ചേച്ചീടെ പെറ്റ് ആണിപ്പോ ഇവൻ.

എറിക്– പാർവതി ചേച്ചിയെ ഞാൻ വിളിക്കുന്നത് ഉമ്മച്ചിയെന്നാണ്. എന്നെ തിരിച്ച് ഇബ്രുവെന്നും വിളിക്കും. ഞങ്ങൾ നല്ല കമ്പനിയാ. പിന്നെ, ഞാനത്ര വികൃതിയൊന്നുമല്ലല്ലോ. ഞാൻ പാവമല്ലേ?

എസ്തർ– വികൃതികൾ കാണിക്കാൻ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചുണ്ടാകും. മുമ്പ് ഹോംസ്റ്റേ നടത്തിക്കൊണ്ടിരുന്ന കാലത്ത് ഒത്തിരി വിദേശികൾ വരാറുണ്ടായിരുന്നു. അന്ന് അവരുടെ ഗൈഡ് ഞങ്ങളാണ്. അവരെ സ്ഥലങ്ങളെല്ലാം കാണിക്കാൻ അപ്പ ഞങ്ങളെ ഏൽപിക്കും. ആദ്യമൊക്കെ ഞങ്ങൾ നല്ല ബഹുമാനത്തോടെ നിൽക്കും. പക്ഷേ, രണ്ട് ദിവസം അവരുമായി നല്ല കൂട്ടാകും. പിന്നെ  കുസൃതി ഒപ്പിക്കാൻ തുടങ്ങും. അവരെക്കൊണ്ട് ചപ്പാത്തി പരത്തിക്കും, പോകുന്ന വഴിക്ക് വെള്ളത്തിൽ തള്ളിയിടും, ചെളിയിൽ ചാടിക്കും, ഇതൊക്കെയാണ് മെയിൻ ഹോബി. അപ്പോഴെല്ലാം അവർക്ക് ഭയങ്കര സന്തോഷമാണ്. ഇതൊക്കെ വല്യ കാര്യങ്ങളാണ് അവർക്ക്.

എസ്തർ– കുഞ്ചൂ, ഞാൻ അഭിനയിച്ചതിൽ നിനക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയേതാ?

എറിക്– അത് ദൃശ്യം തന്നെ. നമ്മുടെ വീട്ടിലെല്ലാവരും ‘ദൃശ്യം’ ഫാൻസല്ലേ.

എസ്തർ– ‘ദൃശ്യ’ത്തിന്റെ കാര്യത്തിൽ ഏറ്റവും സീനിയർ ഞാനാ. ജീത്തു അങ്കിളിനെക്കാളും സീനിയറാണിപ്പോ. ജീത്തു അങ്കിൾ മലയാളത്തിലും തമിഴിലും മാത്രമേ ദൃശ്യം ചെയ്തുള്ളൂ. പക്ഷേ ഞാൻ മൂന്ന് ഭാഷകളിൽ അഭിനയിച്ചു. മലയാളം, തമിഴ്, പിന്നെ തെലുങ്കും. തമിഴിലും തെലുങ്കിലും അഭിനയിക്കുമ്പോൾ നല്ല രസമായിരുന്നു. കമൽ ഹാസൻ അങ്കിളിനും വെങ്കിടേഷ് അങ്കിളിനും പോലും സംശയം വരുമ്പോ എന്നെ വിളിച്ച് ചോദിക്കും. ആരോ എന്നെക്കുറിച്ച് ചോദിച്ചപ്പോ കമൽ അങ്കിൾ പറഞ്ഞത് ഞാൻ മൂപ്പരുടെ ഗൈഡാണെന്നാ..

എറിക്–  നമ്മളെന്തെങ്കിലും പറഞ്ഞാൽ അത് പുളു. എന്റെ എസ്തറേ ഇത്രേം കട്ടിക്കു പുളുവടിക്കാതെ. ഉള്ളത് പറയാല്ലോ. എന്റെ ഫേവറിറ്റ് മലയാളോം തമിഴുമാണ്. തെലുങ്ക് കണ്ടിട്ട് എനിക്കൊന്നും മനസ്സിലായില്ല.

എസ്തർ– അത് നിനക്ക് ബുദ്ധിയില്ലാത്തതുകൊണ്ടാ.. ഇവന്റെ ഫേവറിറ്റ് ഫുഡ് എന്താണെന്നോ? ചോറും സോസും. ചോറിന്റെ കൂടെ ടൊമാറ്റോ സോസ് ഒഴിച്ചാണ് കഴിക്കുന്നത്.

എറിക്– അത് പണ്ടല്ലേ? ഇപ്പോ അതൊക്കെ നിർത്തി. ഇപ്പോ എന്റെ ഫേവറിറ്റ് കഞ്ഞിയും തൈരുമാ. ‘കഞ്ഞി ഈസ് ദ സീക്രട്ട് ഓഫ് മൈ എനർജി’.

എസ്തർ– ‘ടേക്ക‌്ഓഫി’ന്റെ ഷൂട്ടിന് ഹൈദരാബാദിൽ പോയപ്പോൾ തൈരു കുടിക്കുന്നതായിരുന്നു ഇവന്റെ പ്രധാന ഹോബി. ഒരു ദിവസം അഞ്ചും ആറും കപ്പ് തൈരു കുടിക്കും. അങ്ങനെയാ ഇവന്റെ വണ്ണം കുറച്ചു കൂടിയത്.

easther3

വയനാടൻ വിശേഷങ്ങൾ?

എറിക്– അപ്പ അനിൽ കർഷകനാണ്. കാവുംമണ്ണിലെ വീട്ടിലാണെങ്കിൽ അപ്പയ്ക്ക് ഓരോ ദിവസവും കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തണം. ഒരു ദിവസം പച്ചക്കറിയാണെങ്കിൽ അടുത്ത ദിവസം പൂച്ചെടികൾ, അടുത്ത ദിവസം അത് മാറ്റി വേറെ എന്തെങ്കിലുമൊക്കെ.

എസ്തർ– കൃഷിയെന്ന് വെച്ചാൽ അത്ര വല്യ തോട്ടമൊന്നുമല്ല കേട്ടോ. പറഞ്ഞതെന്താന്നു വച്ചാൽ ചില ഇന്റർവ്യൂവിൽ എഴുതിയിരിക്കുന്നത് ഞങ്ങൾക്ക് സ്വന്തമായി വലിയ എസ്റ്റേറ്റൊക്കെ ഉണ്ടെന്നാണ്. അതു വായിച്ചിട്ട് ഞങ്ങളും ഞെട്ടാറുണ്ട്. വീട്ടിൽ രണ്ട് ശാസ്ത്രജ്ഞരാണ് ഉള്ളതെന്ന് വേണമെങ്കിൽ പറയാം. അപ്പ കൃഷിയിൽ പരീക്ഷണം നടത്തുമ്പോ അമ്മയുടെ പരീക്ഷണങ്ങൾ പാചകത്തിലാണ്. ആ പരീക്ഷണങ്ങളുടെ ഇരകളാണ് ഞങ്ങൾ. അമ്മയുടെ മാസ്റ്റർപീസ് ഐറ്റംസ് കുറെയുണ്ട്. അതിൽ എന്റെ ഫേവറിറ്റ് മത്തങ്ങാപ്പായസോം മാങ്ങാക്കറിയുമാണ്. ഇവനിഷ്ടം കലത്തപ്പവും.

എറിക്– മഞ്ജു അമ്മ വല്യ കുക്കിങ് എക്സ്പേർട്ടാണെങ്കിലും അത് ഞങ്ങൾ അമ്മയോടു പറയാറില്ല. പറഞ്ഞാൽ ചിലപ്പോൾ അഹങ്കാരമായാലോ?

എസ്തർ– അതിന് അഹങ്കാരം ഇപ്പോ അമ്മയ്ക്കല്ലല്ലോ..നിനക്കല്ലേ? കൂഞ്ചൂന് കുറച്ച് ജാഡ കൂടിയോന്നൊരു സംശയം.

എറിക്– ദേ കണ്ടോ, പിന്നേം അസൂയ.

എസ്തർ– ‘ടേക്ക‌്ഓഫ്’ ഹിറ്റായപ്പോ സ്കൂൾ അടച്ചുപോയി. അതുകൊണ്ട് ഷൈൻ ചെയ്യാനുള്ള ചാൻസ് കിട്ടിയില്ല. ഇനി അവധി കഴിഞ്ഞ് സ്കൂളിൽ ചെല്ലുമ്പോ ജാഡ കൂടും. ഒരു ദിവസം ഞാൻ ക്ലാസ്സിൽ ഫ്രണ്ട്സിനോടു വർത്തമാനം പറഞ്ഞോണ്ടിരിക്കുമ്പോ ഇവൻ ഇവന്റെ കുറേ ഫ്രണ്ട്സിനേം കൂട്ടി എസ്തറേന്നും വിളിച്ചോണ്ട് എന്റെ ക്ലാസ്സിലേക്ക് കേറി വന്നു. വരുന്ന സ്റ്റൈൽ കണ്ടാൽ രജനീകാന്താണെന്നാ വിചാരം. ഒരു കാര്യവുമില്ലാതെ വെറുതെ വന്നതാ. വന്നിട്ട് ഫ്രണ്ട്സിനെയെല്ലാം എനിക്കു പരിചയപ്പെടുത്തിത്തന്നു. പക്ഷേ, കൂടെ വരുന്ന ഫ്രണ്ട്സ് മൊത്തം പെൺകുട്ടികളാ. ഒരൊറ്റ ആൺകുട്ടി പോലുമുണ്ടാകില്ല. അതു കാണുമ്പോ എന്റെ ഫ്രണ്ട്സൊക്കെ പറയുന്നതു കേൾക്കാം, ‘‘അവന്റെയൊരു യോഗം കണ്ടോ, ചുറ്റും ഗേൾഫ്രണ്ട്സാ’’ എന്ന്.

എറിക്– അവരൊക്കെ ഗേൾഫ്രണ്ട്സല്ല, എന്റെ ഫ്രണ്ട്സാ. ക്ലാസ്സിലെ നോട്സൊക്കെ എഴുതിത്തരണമെങ്കിൽ ഗേൾസ് വേണം. ബോയ്സാരും എഴുതിത്തരൂല്ല. എല്ലാം എന്നെപ്പോലെ മടിയൻമാരാ. പിന്നെ, കുറച്ചൊക്കെ ഷൈൻ ചെയ്യുന്നത് ഒരു രസമല്ലേ? എന്നുവെച്ച് പഠനത്തിൽ ഞാനത്ര പോക്കൊന്നുമല്ല. അത്യാവശ്യം മാർക്കൊക്കെ ഉണ്ട്.

എസ്തർ– കുഞ്ചു  പഠിക്കണമെങ്കിൽ ഒരു വഴിയുണ്ട്.  കുറച്ച് മോഹനവാഗ്ദാനങ്ങളൊക്കെ കൊടുക്കണം. ഇത്ര എ പ്ലസ് വാങ്ങിയാൽ ഇൻസ്റ്റഗ്രാം അക്കൗണ്ട്, ഇത്ര മാർക്ക് വാങ്ങിയാൽ സൈക്കിൾ, എന്നൊക്കെ പറഞ്ഞാലേ ആശാൻ പഠിക്കൂ. വീട്ടിൽ അപ്പയ്ക്കും  അമ്മയ്ക്കും പഠനത്തിന്റെ കാര്യത്തിൽ അധികം  നിർബന്ധങ്ങളൊന്നും ഇല്ല. ഞങ്ങൾക്ക്  താൽപര്യമുള്ളത് മാത്രം പഠിച്ചാൽ മതിയെന്ന ലൈനാണ് അവരുടേത്. ഏതെങ്കിലും സബ്ജക്റ്റ് പഠിക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ അത് വിട്ടുകളഞ്ഞേക്ക് എന്നങ്ങ് പറയും രണ്ടാളും.

എറിക്– ഞങ്ങള്‍ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് ഇപ്പോ അപ്പയോട് ചോദിച്ചാൽ അപ്പയ്ക്ക് ചിലപ്പോ ഉത്തരം മുട്ടും.

എസ്തർ– ഞാനും പഠനത്തിൽ ആവറേജാണ്. അത്യാവശ്യം മാർക്ക് കിട്ടി ജയിച്ചു പോകും. അത്രേ ഉള്ളൂ. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോള്‍ എന്റെ ആഗ്രഹം എയർഹോസ്റ്റസ് ആകാനായിരുന്നു. സിനിമയിൽ വന്നപ്പോ ആ മോഹമൊക്കെ പോയി.

എറിക്– എന്റെ ആഗ്രഹം പൈലറ്റാകാനായിരുന്നു. പക്ഷേ, ഇപ്പോ സിനിമയാ എനിക്കും ഏറ്റവും ഇഷ്ടം.

എസ്തർ– ഞങ്ങൾക്ക് രണ്ടുപേർക്കും  അഭിനയിക്കാൻ ഇഷ്ടമാണ്. പക്ഷേ, ഞങ്ങളുടെ ചേട്ടൻ ഇവാൻ ഈ എരിയയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. പലരും ചേദിക്കാറുണ്ട്, ഇനി ചേട്ടനും നടനാകുമോയെന്ന്. അവന്റെ താൽപര്യങ്ങൾ ഫൊട്ടോഗ്രഫിയും സിനിമാട്ടോഗ്രഫിയുമാണ്. അപ്പ അവനൊരു ക്യാമറ വാങ്ങിക്കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഫുൾടൈം  അതിന്റെ പിന്നാലെയാണ് കക്ഷി. ഞങ്ങൾ രണ്ടു പേരും അഭിനയിക്കുമ്പോൾ റീടേക്ക് എടുക്കുന്നത് കണ്ടാൽ അവൻ ചിലപ്പോ ചോദിക്കും, ‘‘നിനക്ക് ഇത് ഒറ്റ ടേക്കിൽത്തന്നെ ചെയ്തു തീർത്താലെന്താ, എന്തിനാ വെറുതെ സമയം കളയുന്നത്.’’ ഭാവിയിൽ ചിലപ്പോ വല്യ സംവിധായകനോ സിനിമാട്ടോഗ്രഫറോ ആയേക്കാം. അവൻ സംവിധായകനായാൽ ചിലപ്പോ എന്നെ നായികയാക്കിയാലോ, അല്ലേ കുഞ്ചൂ.?

എറിക്– അയ്യെടാ, അതൊക്കെ വെറുതെ തോന്നുന്നതാ. ചേട്ടൻ സിനിമ ചെയ്താൽ ഹീറോ ഞാൻതന്നെ. നോ ഡൗട്ട്.

എസ്തർ– അങ്ങനെ ആണെങ്കിൽ നമുക്ക് അപ്പയെ പ്രൊഡ്യൂസറാക്കാം. സന്തോഷ് പണ്ഡിറ്റിനെപ്പോലെ എല്ലാം നമുക്കു തന്നെ ചെയ്യാം.

രണ്ടു പേരിൽ ആരാണ് ബെസ്റ്റ് ആക്ടർ?

എറിക്– അങ്ങനെ ചോദിച്ചാൽ... ഞാനല്ലേ എസ്തറേ നിന്നെക്കാളും നന്നായിട്ട് അഭിനയിക്കുന്നത്.

എസ്തർ– അയ്യെടാ, ആരു പറഞ്ഞു?

എറിക്–  ദേ, ഈ ചേട്ടൻ പറഞ്ഞു. അല്ലേ ചേട്ടാ..?

‘അയ്യോ, പണി പാളിയോ’  എന്നൊരു ഭാവം ചേട്ടൻ ഇവാന്റെ മുഖത്ത് . ‘ഇനി ഇവിടെ നിന്നാൽ ശരിയാകൂല്ല.. ഞാൻ മുങ്ങുവാണേ.... എസ്േേേകപ്’

easther2