Tuesday 30 October 2018 05:06 PM IST

നടന ചാതുര്യത്തിന്റെ നാൽപ്പത് സംവത്സരങ്ങൾ; നെടുമുടി ഓർത്തെടുക്കുന്നു, ജീവിതത്തെ സ്വാധീനിച്ച പത്ത് മുഖങ്ങൾ

Vijeesh Gopinath

Senior Sub Editor

nedu ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അപ്പോൾ ഒാർമവരമ്പിനു മടവീണു. കുട്ടനാടിന്റെ ഒരു കഷണവും മനസ്സിലെടുത്തു തിരുവനന്തപുരത്തേക്കു വന്നതിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയതായിരുന്നു. അന്ന് ‘നെടുമുടിക്കാരൻ വേണു’ വിന് നാടകത്തിന്റെ അരങ്ങത്ത് ആടിത്തിമിർക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, കാലം സിനിമയുടെ കരയിലാ ണ് ‘നെടുമുടി വേണു’വിനെ അടുപ്പിച്ചത്...

നാലു പതിറ്റാണ്ടിലേറെയായെങ്കിലും ആ യാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴൊക്കെയും നെടുമുടി കൊട്ടിക്കയറിക്കൊണ്ടിരുന്നു. കായലിനു കാറ്റു പിടിച്ചതു പോലെ, ചിലപ്പോൾ പാടവരമ്പത്തെ പുന്നെല്ലിൻ മണം ആ സ്വദിച്ച്, മറ്റു ചിലപ്പോൾ ഒാർമക്കള്ളിന്റെ ലഹരിയിൽ തലകുടഞ്ഞ്... പോയകാലം ചെമ്പട താളമായി മുറുകിക്കൊണ്ടിരുന്നത് പെട്ടെന്നാണ് നിലച്ചത്. ഒാർമകളിൽ പ്രളയജ ലം കലങ്ങിമറിഞ്ഞു, ആ പഴയ നെടുമുടി...

‘‘കുട്ടനാട് തകർന്നു പോയില്ലേ... കൂട്ടപ്പലായനം കണ്ടപ്പോൾ നെഞ്ചു പിടഞ്ഞു. എന്റെ തറവാട്ടിൽ നിന്ന് എല്ലാവർക്കും മാറിത്താമസിക്കേണ്ടി വന്നു. ഇപ്പോ‍ൾ നെടുമുടിയെന്നോ മങ്കൊമ്പെന്നോ കൈനകരിയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. ഒരുമിച്ചൊഴുകുന്ന വലിയ നദി. അതിന്റെ അടിയിലാണ് ഒരുപാടു പേരുടെ സ്വപ്നങ്ങൾ... നാട് പ ഴയതു പോലെയാകാൻ നാളുകളേറെ കാത്തിരിക്കണം. പക്ഷേ, ഉറപ്പായും തിരിച്ചുവരും. കുട്ടനാട്ടുകാരുടെ ആത്മവിശ്വാസത്തെ ഒരു പേമാരിക്കും മുക്കികൊല്ലാനാകില്ല. ’’

നിശബ്ദതയ്ക്കൊടുവിൽ നെടുമുടി പറഞ്ഞു. ‘‘വരൂ... അവാർഡ് മുറിയിലേക്ക് പോവാം. അവിടെയാണ് സ്മൃതി ഫലകങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടം...’’

‘ഇത്രയും സ്നേഹിച്ചിട്ടും നീ എന്നെ കൊല്ലാൻ പറഞ്ഞില്ലേ’; കൊലപാതക ക്വട്ടേഷൻ നൽകിയ ശേഷം മാപ്പിരന്ന് ഭാര്യ

nedu_2 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘തമ്പി’ന്റെ വാതിൽ തുറന്നു. അകത്ത് കുട്ടികളുടെ ബഹളം. മൂത്തമകൻ ഉണ്ണിയും കുടുംബവും ദുബായിൽ നിന്ന് അവധിക്ക് നാട്ടിൽ വന്നതാണ്. പേരക്കുട്ടികളെ കണ്ടതോടെ നെടുമുടിക്ക് മുത്തശ്ശൻ ഭാവം. ‘‘മക്കളുടെ കുട്ടിക്കാലം കണ്ടിട്ടില്ല. സിനിമയുടെ തിരക്കിലായിരുന്നു. ഇപ്പോൾ പേരക്കുട്ടികൾ എത്തുമ്പോൾ ഒരുമാസം സിനിമയില്‍ നിന്നു മാറിനിൽക്കും.’’

മുകൾനിലയിലെ മുറിയിലേക്കു നടന്നു. വാതിൽ തുറന്നത് തകരയിലെ ചെല്ലപ്പനാശാരിയായിരുന്നോ? ആ അ ലമാരയ്ക്കപ്പുറത്തുള്ള കുട മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിലെ രാവുണ്ണി മാഷിന്റേതാണെന്നു തോന്നി. ഭരതത്തിലെ കല്ലിയൂർ രാമനാഥൻ ലഹരിയിൽ തടഞ്ഞുവീണ സ്വരം ഇവിടെയെവിടെയോ പതിഞ്ഞു നിൽക്കും പോലെ...

അഭിനയത്തിന്റെ തുലാസ്സിൽ നായകനൊപ്പം തുല്യപ്പെട്ടു നിന്ന എത്രയോ വേഷങ്ങൾ, പ്രേക്ഷകമനസ്സിൽ വൈകാരിക ഭാവങ്ങളുടെ കൈയൊപ്പിട്ട എത്രയെത്ര കഥാപാത്രങ്ങൾ. ഇപ്പോൾ മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യനി’ൽ മുഴുനീള വക്കീൽ വേഷം ചെയ്യുകയാണ്.

‘ഇതുവരെ ഏതാനും സിനിമകളില്‍ മാത്രമാണ് വക്കീൽ കോട്ടിട്ട് അഭിനയിച്ചത്. നോക്കൂ, നാൽപതു വർഷമായിട്ടും പുതിയ കഥാപാത്രങ്ങൾ കൊണ്ട് സിനിമ വരൂ വരൂ എന്നു വിളിച്ചു കൊണ്ടേയിരിക്കുന്നു.’ േവണു പറയുന്നു.

മുറി നിറയെ പല രൂപത്തിലുള്ള പുരസ്കാരങ്ങളും ഫലക ങ്ങളുമാണ്. മികച്ച നടനുള്ള മൂന്നെണ്ണം ഉള്‍പ്പെടെ ആറ് സം സ്ഥാന അവാർഡുകൾ. മൂന്ന് ദേശീയ അവാർഡുകൾ.. ആടിത്തീർത്ത അഞ്ഞൂറിലധികം കഥാപാത്രങ്ങൾക്കു നടുവിൽ നെടുമുടി വേണു ഇരുന്നു. നാൽപതു വർഷത്തെ സിനിമാ ജീവിതത്തിലെ പത്തു മുഖങ്ങളാണു കണ്ടെത്തേണ്ടത്. പക്ഷേ പറഞ്ഞു തുടങ്ങിയത് നെടുമുടിയിൽ നിന്നു തന്നെയായിരുന്നു. അമ്മയുടെ അരികിൽ നിന്ന്...

‘‘ജീവിതത്തെ സ്വാധീനിച്ച പത്തു മുഖങ്ങൾ തിരിച്ചറിയാനുള്ള ശ്രമം അത്ര എളുപ്പമല്ല. വഴിവക്കിൽ വച്ച് കണ്ടവർ പോലും വലിയ പാഠങ്ങൾ ആയി മാറിയിട്ടുണ്ട്. അമ്മയെക്കുറിച്ചു പറയുമ്പോഴേക്കും അച്ഛനും ചേട്ടനും ഒപ്പമെത്തും. അതുപോലെ ഒാരോ മുഖത്തെക്കുറിച്ച് ഒാർക്കുമ്പോഴും ഒരു പാടു പേർ ഒരുമിച്ചെത്തും.’’ കുട്ടിക്കാലത്തിന്റെ വരമ്പിലൂടെ നെടുമുടി നടന്നു തുടങ്ങി.

‘കീമോ ചെയ്തു, അവൾ മുറുക്കെ പിടിച്ചിടം വെട്ടിയെറിഞ്ഞു’, വേദനയൊളിപ്പിച്ച് നന്ദു പറയുന്നു ‘കാൻസർ വിട്ടുപോകാത്ത പ്രണയിനി’

അമ്മയുടെ വിരൽത്തുമ്പ്...

nedu_4

‘‘വാക്കും അർഥവും പോലെ അമ്മയും അച്ഛനും. രണ്ടുപേ രും അധ്യാപകർ. എട്ടരയുടെ ലിറ്റിൽ ഫ്ലവർ ബോട്ടു പിടിക്കാ ൻ ഒാടുന്ന അമ്മയുടെ രൂപമാണ് മനസ്സിൽ. ഒന്നരയും മുണ്ടും ആണ് വേഷം. ‘ബോബ്കട്ട്’ ചെയ്ത പോലെ മുടി. മാറാത്ത തലവേദനയുള്ളതു കൊണ്ടായിരുന്നു അമ്മ മുടി മുറിച്ചത്.

പണ്ടു ഞങ്ങൾക്ക് ഒരു വളവരമ്പൻ വള്ളമുണ്ടായിരുന്നു. അതിലായിരുന്നു അച്ഛനും അമ്മയും ഞങ്ങൾ അഞ്ചു മക്കളും ഒരുമിച്ചു സ്കൂളിലേക്കു പോയിരുന്നത്. അച്ഛൻ പെൻഷനായതോടെ സാമ്പത്തിക പ്രയാസത്തിലായി. വള്ളം വിറ്റു. അങ്ങനെ അമ്മയുടെ യാത്ര ബോട്ടിലും. അച്ഛൻ തി കഞ്ഞ കലാകാരനായിരുന്നു. സംഗീതനാടകങ്ങളും ‘വാമനാവതാരം’ എന്ന ആട്ടക്കഥയും രചിച്ചിട്ടുണ്ട്. കലയുടെ വരം മക്കളി ലേക്ക് പകര്‍ന്നു കൊടുക്കാൻ അച്ഛൻ ആഗ്രഹിച്ചു.

അന്ന് നെടുമുടിയിലെത്തിയാൽ പിന്നെ തിരിച്ചുപോക്ക് പ്രയാസമായിരുന്നു. അതുകൊണ്ട് ഗുരുക്കന്മാരെ വീട്ടിൽ നിർത്തി പഠിപ്പിക്കുകയായിരുന്നു. രണ്ടും മൂന്നും പേർ എപ്പോഴും വീട്ടിലുണ്ടാകും. ക്ഷമയുടെ മുഖമായിരുന്നു അമ്മയ്ക്ക്. അഞ്ചു മക്കളെ വളർത്തണം. പിന്നെ സ്കൂളിലെ ജോലി. ഇതിനൊ ക്കെ പുറമേ ഗുരുക്കന്മാരുടെ കാര്യങ്ങള്‍... എന്നിട്ടും ദുർമുഖം കാണിച്ചില്ല.

ഞാൻ കൊട്ടും പാട്ടും പഠിക്കാനുള്ള പ്രായമായപ്പോഴേക്ക് ഗുരുക്കന്മാരെ വീട്ടിൽ വരുത്തിയുള്ള പഠനം അവസാനിച്ചിരുന്നു. എന്റെ താളബോധം ‘കേട്ടു പഠിച്ച’തിൽ നിന്നുണ്ടായതാണ്. ചേട്ടന്മാരെ പഠിപ്പിക്കുമ്പോൾ ഞാൻ അടുത്തിരിക്കും. ചിലപ്പോൾ ഗുരുക്കന്മാരുടെ മടിയിലാകും സ്ഥാനം.

അന്നൊക്കെ വീട്ടിൽ കച്ചേരിയുണ്ടാവും. ഞാനായിരുന്ന ഘടം വായിച്ചിരുന്നത്. കുട്ടിയായതുകൊണ്ട് ഘടത്തിനു പി ന്നിലിരിക്കുന്ന എന്നെ കാണില്ല. രണ്ടു കൈ മാത്രമേ കാണാ നാവൂ. പല നാടുകളിൽ നിന്നുള്ള കലാകാരന്മാര്‍ വീട്ടിലെത്തും. കൊട്ടും പാട്ടും... ചേട്ടൻമാർക്കൊപ്പം പല സ്ഥലങ്ങളിലും കച്ചേരിയവതരിപ്പിക്കാനും പോയിട്ടുണ്ട്. ഗുരുക്കന്മാരിൽ നിന്നു പഠിച്ചില്ലെങ്കിലും കല കൊണ്ട് ജീവിച്ചു പോകുമെന്ന് അമ്മയും അച്ഛനും വിശ്വസിച്ചിരുന്നു.

ഞാൻ സിനിമയിലെത്തും മുന്നേ അച്ഛൻ മരിച്ചു. പി ന്നീട് അമ്മയെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. സി നിമയിൽ ഞാൻ മരിക്കുന്ന രംഗങ്ങൾ അമ്മയ്ക്ക് കണ്ടിരിക്കാനാവില്ല, അങ്ങനെ അഭിനയിക്കരുതെന്ന് അമ്മ പറയും.

എനിക്ക് തൊട്ടു മുകളിലുള്ള ചേട്ടൻ രാമചന്ദ്രൻ നായർ നന്നായി മ‍ൃദംഗം വായിക്കും. എന്നിലേക്ക് വായനയുടെ വെളിച്ചം കൊണ്ടുവന്നത് ചേട്ടനായിരുന്നു. ഡിറ്റക്ടിവ് നോവലുകളിൽ കറങ്ങി നടന്ന എന്റെ കൈയിലേക്ക് േചട്ടനാണ് ആശാനെയും വള്ളത്തോളിനെയും വൈലോപ്പിള്ളിയേയുമൊക്കെ വച്ചു തന്നത്.

ചേട്ടന്റെ ജീവിതത്തിന്റെ ചിട്ട പലപ്പോഴും അദ്ഭുതപ്പെടു ത്തിയിരുന്നു. മാസികകളൊക്കെ വരുത്തും. അതിലെ പേജൊ ന്നു ചുളിയുന്നതു പോലും ഇഷ്ടമല്ല. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. നാളുകള്‍ക്കു ശേഷം അമ്മയും പോയി.

ഇപ്പോൾ ആലോചിക്കുമ്പോൾ അവരൊക്കെ തന്നതിന്റെ നൂറിലൊരംശം പോലും തിരിച്ചു കൊടുക്കാനായില്ലെന്നു തോ ന്നാറുണ്ട്. എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നു. എ ന്നാലും പോരാ എന്ന തോന്നൽ...

അമ്മയുടെയും ചേട്ടന്റെയും ചിതാഭസ്മവുമായി ഞാൻ കാശിക്കു പോയി. നിമഞ്ജനം ചെയ്യുന്നതിനു മുൻപ് പലതരം സാധനങ്ങള്‍ സമർപ്പിക്കുന്ന ചടങ്ങുണ്ട്. കാർമികൻ എന്റെ കൈയിലേക്ക് പഞ്ചസാര തന്നപ്പോൾ അമ്മയുടെ മധുരപ്രിയം പെട്ടെന്ന് ഒാർമ വന്നു. ഒരൽപം കൂടി പഞ്ചസാര തരാൻ അ ദ്ദേഹത്തോടൂ പറഞ്ഞു. ഇനിയെനിക്ക് അമ്മയ്ക്കു വേണ്ടി മ റ്റൊന്നും ചെയ്യാനാവില്ലല്ലോ...

അന്നു തിരമാലകൾ ധനുഷ്കോടിയെ വിഴുങ്ങിയിട്ടും ക്ഷേത്രത്തിനുള്ളിലേക്ക് കടന്നില്ല! ദൈവം ജീവൻ രക്ഷിച്ച മാരിമുത്തു പറയുന്നു, ജീവിതത്തിന്റെ കഥ, രാമേശ്വരത്തിന്റെയും

nedu_1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സുശീലയുടെ അരികിലേക്ക്

ഇനി സുശീലയെക്കുറിച്ചാണു പറയേണ്ടത്. എന്റെ ജീവിതം ഇത്രയും ശാന്തമായത് സുശീലയുടെ തണലുള്ളതു കൊണ്ടു കൂടിയാണ്. ഈ മുഖം എന്നാണ് ആദ്യമായി കണ്ടതെന്ന് പറയാനാവില്ല. കാരണം, ഒാർമ വച്ചപ്പോൾ മുതൽ സുശീലയെ ഞാൻ കാണുന്നുണ്ട്. ഒരേ നാട്ടുകാർ.

അന്നൊന്നും സംസാരിച്ചിട്ടില്ല. കാണുമ്പോൾ തന്നെ സു ശീല ഒഴിഞ്ഞു മാറുകയാണ് പതിവ്. ഒരേ നാട്ടുകാരായിട്ടും അപരിചിതരെപ്പോലെ ഞങ്ങളങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് ജോൺ എബ്രഹാമിന്റെ രംഗപ്രവേശനം. ഞാനന്ന് തമ്പിലും ആരവത്തിലും അഭിനയിച്ച സമയം. ജോൺ സംവി ധാനം ചെയ്യുന്ന ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ സിനിമയുടെ ചിത്രീകരണം കുട്ടനാട്ടിലും പരിസരത്തും നടക്കുന്നു.

ഒരു ദിവസം ജോൺ വീട്ടിലേക്കു വന്നു. ജോണിനൊരു പ്ര ത്യേകതയുണ്ട്, വന്നാൽ നേരെ അടുക്കളിയിലേക്ക് കയറും. തി ളക്കമുള്ള കണ്ണിൽ സൂത്രമോ അനാവശ്യമോ ഒന്നുമില്ലല്ലോ. അതുകൊണ്ടു തന്നെ എല്ലാവർക്കും പെട്ടെന്ന് ഇഷ്ടമാവും. ജോണിന്റെ അച്ഛനെ അമ്മയ്ക്കറിയാമായിരുന്നു. ആ ഒരടുപ്പം കൂടി ഉണ്ടായിരുന്നു.

വൈകുന്നേരമായപ്പോൾ ജോൺ രഹസ്യമായി പറഞ്ഞു, ‘എനിക്ക് കുറച്ച് ചാരായം വേണം.’ ഞാൻ ഞെട്ടി. അമ്മ അറിഞ്ഞാൽ വലിയ കുഴപ്പമാകും. എങ്ങനെയെങ്കിലും സംഘടി പ്പിക്കണമെന്ന് ജോൺ ‍നിർബന്ധിച്ചു തുടങ്ങി. അമ്മയോട് ഞാ ൻ കാര്യം പറഞ്ഞു, ‘സാറിന്റെ മോനല്ലേ, അവനെ സങ്കടപ്പെടുത്തണ്ട. പക്ഷേ, അധികമാകണ്ട’.

അങ്ങനെ ചാരായം വന്നു. കുറേ നേരം സംസാരിച്ച് ഉറങ്ങി. പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ ജോണിനോടു ഒരു കാര്യം പറഞ്ഞു, ‘സിനിമാക്കാർ വഴിപിഴച്ചു പോകും എന്നൊക്കെ കേൾക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീവിഷയത്തി ൽ. എന്റെ മോനും...’ ആ വാചകം മുഴുമിപ്പിക്കാൻ ജോൺ സ മ്മതിച്ചില്ല. അമ്മയെ ചേർത്തു നിർത്തി നെറുകയിൽ കൈ വ ച്ചു പറഞ്ഞു, ‘അമ്മയുെട മോൻ വഴിതെറ്റില്ല. ഭയം വേണ്ട, ഇ തു പറയുന്നത് ജോൺ ആണ്, ജോൺ എബ്രഹാം...’

നെറുകയിൽനിന്നു കൈയെടുത്ത് തിരിഞ്ഞു നടന്ന ജോ ണിനൊരു സന്യാസിയുടെ ഭാവമായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല, ഇതു പറഞ്ഞു കഴിഞ്ഞതും എന്റെ മനസ്സിലേക്ക് സുശീലയുടെ രൂപമാണ് കടന്നു വന്നത്. അതിന്റെ കാരണം ഇപ്പോഴും അറിയുകയുമില്ല.

അന്ന് ജോണിനെ ബസ് കയറ്റിവിട്ട് ഞാൻ നേരെ സുശീലയുടെ വീട്ടിലേക്കാണു പോയത്. അവിടെത്തുമ്പോൾ ആൾ പനിച്ചു വിറച്ചു കിടക്കുന്നു. ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസമായെന്ന് പറഞ്ഞപ്പോള്‍ ഞാൻ കൊടുത്തോളാമെന്നു പറഞ്ഞ് കട്ടിലിനരികിൽ ഇരുന്നു. അന്നാണ് ആദ്യമായി മുഖത്തോടു മുഖം നോക്കി സംസാരിക്കുന്നത്.

കുറേ നാട്ടുകാര്യങ്ങൾ പറഞ്ഞു. അതിനിടയിൽ സുശീല കഞ്ഞി കുടിച്ചു. എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരം ഞാൻ ചോ ദിച്ചു, ‘എന്റെ കൂടെ ജീവിക്കാൻ തയാറാണോ?’

‘എതിർപ്പൊന്നുമില്ല’ എന്നായിരുന്നു സുശീല മറുപടി പറ ഞ്ഞത്. വീട്ടുകാരുമായി ആലോചിച്ചു. ആദ്യം കുഴപ്പമൊന്നുമില്ലായിരുന്നെങ്കിലും എന്റെ സിനിമാഭിനയം സുശീലയുടെ വീട്ടിലൊരു പ്രശ്നമായി. അവർ വിവാഹത്തിന് എതിരായി. അങ്ങനെ രജിസ്റ്റർ വിവാഹം കഴിച്ചു.

ജോണിന്റെ വാചകവും അപ്പോൾ സുശീലയുടെ മുഖം മനസ്സിലേക്കു വന്നതും വിവാഹവും എല്ലാം നിമിത്തങ്ങൾ ആയാ ണ് എനിക്കു തോന്നിയിട്ടുള്ളത്. തെറ്റായ പലരിലേക്കും വഴിമാറിയൊഴുകാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും ഇല്ലാതെ ദൈവം സുരക്ഷിതമായ കരങ്ങളിലാണ് എന്നെ ഏൽപിച്ചതെന്ന് ഇപ്പോൾ തോന്നുന്നു.

അതു വേണ്ട, പാടില്ല എന്നൊന്നും സുശീല പറഞ്ഞിട്ടില്ല. പക്ഷേ, അതു ഭംഗിയായി അവതരിപ്പിച്ച് ആ വഴിയിലേക്ക് എത്തിക്കാനറിയാം. കേന്ദ്രസർക്കാർ ജോലി ഉപേക്ഷിച്ചത് എനിക്കും മക്കൾക്കും വേണ്ടിയായിരുന്നു. കൂടെ ജോലി ചെയ്തവരൊക്കെ വലിയ സ്ഥാനങ്ങളിലെത്തി, പെൻഷനായി.

മക്കളുടെ കുട്ടിക്കാലത്ത് ഞാൻ വീട്ടിലെത്തുന്നത് വല്ല പ്പോഴുമാണ്. ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത സ്ഥലത്തേ ക്കുള്ള ഒാട്ടമായിരുന്നു. ഒരിക്കൽ അപൂർവം എന്ന വാക്ക്, വാക്യത്തിൽ പ്രയോഗിക്കാൻ മകൻ ഉണ്ണിയോടു ടീച്ചർ പറഞ്ഞു. അവൻ എഴുതിയ ഉത്തരം ഇങ്ങനെയായിരുന്നു.‘അപൂർവമായി മാത്രം വീട്ടിലെത്തുന്ന ജീവിയാണ് അച്ഛൻ.’ പക്ഷേ, അതി ന്‍റെ ഒരു കുറവുമില്ലാതെ സുശീല മക്കളെ വളർത്തി. മൂത്ത മകൻ ഉണ്ണിയും ഭാര്യ മരീനയും മക്കൾ നിരഞ്‍ജനും അതീതും ദുബായിലാണ്. ഇളയ മകന്‍ കണ്ണൻ ബിടെക് കഴിഞ്ഞു.

കണ്ണുകളെ വിശ്വസിക്കാമോ?; ഡായിൻ യൂൺ പറയുന്നു, ‘എന്റെ ശരീരമാണ് എന്റെ ക്യാൻവാസ്’-ചിത്രങ്ങൾ

ജോയി എന്ന കൂട്ടുകാരൻ

നെടുമുടിയിലെ വീടിനു മുന്നിലൂടെ ഒരു കൈത്തോട് ഒഴുകുന്നുണ്ടായിരുന്നു. അതിനപ്പുറത്തായിരുന്നു ഒൗതപ്പുലയന്റെ വീട്. ഒൗതയുടെ മകനായിരുന്നു ജോയി, എന്റെ കൂട്ടുകാരൻ. നെടുമുടിക്ക് പുറത്തുള്ള നാട് എങ്ങനെയായിരുന്നെന്ന് കു ട്ടിക്കാലത്ത് എന്നോടു പറഞ്ഞു തന്നത് ജോയിയാണ്. എന്നെക്കാൾ ‘ലോകവിവരം’ അവനായിരുന്നു.

ഒളിച്ചുകളിയിൽ ജോയിയെ കണ്ടുപിടിക്കാൻ വലിയ പ്രയാ സമാണ്. അവൻ എവിടെയും ഒളിക്കും. ചിലപ്പോൾ തെങ്ങിനു മുകളിൽ, മറ്റു ചിലപ്പോൾ കൈതക്കാടിനുള്ളിൽ. നല്ല എള്ളിൽ കറുപ്പായതു കൊണ്ടു കണ്ടുപിടിക്കാൻ അത്ര എളുപ്പവുമല്ല.അതുകൊണ്ടുതന്നെ ജോയിയെ സ്വന്തം ടീമിൽ കിട്ടാൻ എല്ലാവരും മത്സരിക്കും. പക്ഷേ, എങ്ങനെ നോക്കിയാലും ഞാനും ജോയിയും ഒരേ ടീമിലാവും.

നാടകം കളിക്കാൻ പോകുമ്പോഴും വള്ളം തുഴയാൻ പോകുമ്പോഴുമെല്ലാം ജോയി ഒപ്പമുണ്ടാകും. വള്ളം തുഴയലിൽ ജോയിയെ തോൽപിക്കാനാവില്ല. വെള്ളപ്പൊക്കം വരുമ്പോൾ കുട്ടികൾക്ക് ആഘോഷകാലമാണ്. ഇന്നുണ്ടായത്ര വെള്ളപ്പൊക്കമൊന്നും അല്ല. അതുവരെ കൈത്തോടിൽ കെട്ടിയിരുന്ന വള്ളം വീടിന്റെ തൂണിൽ കെട്ടിയിടാം. അരമതിലിൽ നിന്നു വെള്ളത്തിലേക്കു ചാടി മുങ്ങാംകുഴിയിടാം. അപ്പോൾ കായലും കരയും എല്ലാം ഒന്നാകും. തെങ്ങുകൾക്കിടയിലൂടെ വള്ളം വെ ട്ടിച്ച് തുഴയാൻ മിടുക്കനായിരുന്നു ജോയി.

പിൽക്കാലത്ത് ഞാൻ സിനിമയിലെ വേഷങ്ങൾ ചെയ്തു. അവൻ ജീവിതത്തിൽ പല വേഷങ്ങളുമിട്ടു. കല്യാണ ബ്രോക്കറായി, ട്രാക്ടർ ഡ്രൈവറായി. തിരുവനന്തപുരത്തേക്കു ഞാൻ പോന്നെങ്കിലും ആ ബന്ധം നിലനിന്നു. കഴിഞ്ഞവർഷം അവൻ മരിച്ചു. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ പോയി.

വലിയ വികൃതിക്കുട്ടിയായിരുന്നില്ല ഞാൻ. ചില ചെറിയ തമാശകളൊക്കെ ഒപ്പിക്കും. അത്രമാത്രം. അന്ന് അമ്മയുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ഞങ്ങൾ അമ്മച്ചി എന്നു വിളിക്കും. നല്ല പ്രായമുണ്ട്, ബ്ലൗസൊന്നും ഇടില്ല, കൂനും ഉണ്ടായിരുന്നു. ഇടയ്ക്ക് അമ്മച്ചിക്കൊരു തോന്നൽ, ആരോ കൂടോത്രം ചെയ്തിരിക്കുന്നു. അതോടെ ആകെ കുഴപ്പമായി. പേടി മാത്രമല്ല, എല്ലാവരെയും ചീത്തവിളിക്കാനും തുടങ്ങി. ‌

അവസാനം ഞാനൊരു ബുദ്ധി പ്രയോഗിച്ചു. ജ്യോത്സ്യന്റെ വേഷം കെട്ടി. അങ്ങനെ പേരുകേട്ട ജ്യോതിഷിയും മാന്ത്രികനുമായ ‘കല്യാണശ്ശേരി’ വീട്ടിലെത്തി. നല്ല മേക്കപ്പ് ആയിരുന്നു. അച്ഛന്റെ ഷർട്ടും പൗഡറും ഒക്കെ കൊണ്ട് ഒരു പരീക്ഷണം. അതു വിജയിച്ചു. അമ്മച്ചിക്ക് ആളെ മനസ്സിലായില്ല.

ചില മന്ത്രവിദ്യകളൊക്കെ ഞാൻ കാണിച്ചു. പ്രാർഥനകൾ, പിറുപിറുക്കലുകൾ... ഒടുവിൽ കണ്ണടച്ചു തുള്ളിക്കൊണ്ടു പറഞ്ഞു, ‘ഉണ്ട്, ഈ വീട്ടിൽ കൂടോത്രമുണ്ട്, അത് ഞാൻ കണ്ടെത്തി കഴിഞ്ഞു. ആ കാണുന്ന അലമാരയിലാണു സാ ധനം.’ പിന്നെ ഒാടിച്ചെന്ന് അലമാരയില്‍ നിന്ന് എന്തോ എടു ത്ത് തോട്ടിലേക്ക് എറിയുന്നതു പോലെ അഭിനയിച്ചു.

അതോടെ കൂടോത്രം ഇല്ല എന്ന ധൈര്യം വന്നു. വരുന്നവ രോടെല്ലാം കല്യാണശ്ശേരി വിശേഷങ്ങൾ മാത്രം. പക്ഷേ, മറ്റൊരു കുഴപ്പം പറ്റി. മാന്ത്രികവാർത്ത പാട്ടായി. നാട്ടിലെ മ റ്റു ചില അമ്മൂമ്മമാരുടെ പേടി മാറ്റാനായി എനിക്ക് ബുക്കിങ് വന്നു തുടങ്ങി. പക്ഷേ, ഞാനത് തുടർന്നില്ല.

അത്ര നിഷ്കളങ്കരായിരുന്നു ഞങ്ങൾ. എങ്ങും പച്ചപ്പ്, സൗന്ദര്യം. കുട്ടനാട്ടുകാരുടെ നടപ്പിനൊരു താളമുണ്ട്. ഒറ്റത്തടിപ്പാലത്തിൽ കയറുമ്പോൾ, വഴുക്കുള്ള വരമ്പിലൂടെ നടക്കുമ്പോൾ ആ താളം തിരിച്ചറിയാനാവും. പുറമേ നിന്നു വരുന്നവർക്ക് ആ താളമില്ല. അതുകൊണ്ട് പെട്ടെന്നു നമുക്ക് പുറംനാട്ടുകാരെ പിടികിട്ടും. ഇപ്പോൾ നെടുമുടിയിലേക്കു തിരിച്ചു വരണം എന്നു തോന്നാറില്ല. കടുംചായമുള്ള വീടുകളും നീരൊഴുക്കു തടഞ്ഞുകൊണ്ട് പൊങ്ങി വന്ന റോഡുകളും, വാഹനത്തിരക്കും.... തിരുവനന്തപുരത്തേക്കു പോരുമ്പോൾ എന്റെ മനസ്സിലൊരു നാടുണ്ടായിരുന്നു. അതിപ്പോഴും പച്ചപിടിച്ച് പരന്നു കിടക്കുന്നുണ്ട്. ആ ചിത്രം നശിപ്പിക്കാൻ ഇഷ്ടമില്ല. അതുകൊണ്ടാണ് മടങ്ങിവരവിനെക്കുറിച്ച് ആലോചിക്കാത്തത്.

കെട്ടിയ പെണ്ണും നാട്ടുകാരും കാൺകെ തുണിയുരിഞ്ഞ് ചെക്കന്റെ ഡാൻസ്; കല്യാണപേക്കൂത്തിനെ നിർത്തിപ്പൊരിച്ച് സോഷ്യൽമീഡിയ–വിഡിയോ

ആ കുട്ടിയാണ് സാർ, ഇത്...

കന്നിനെ കയം കാണിക്കരുതെന്ന് ഒരു ചൊല്ലുണ്ട്. എന്റെ കൗമാരത്തെക്കുറിച്ച് അങ്ങനെ പറയാം. നാടകവും പാട്ടുമൊക്കെയായി സജീവമായ കാലം. സ്കൂൾ ജീവിതം കഴിഞ്ഞതോടെ നെടുമുടിക്കപ്പുറമുള്ള ലോകത്തിന്റെ എല്ലാ സ്വാതന്ത്ര്യവും ആസ്വദിച്ചു. അതിന്റെ ‘റിസൽട്ട്’ പ്രീഡിഗ്രി പാസ്സാവാൻ അ ഞ്ചു പ്രാവശ്യം എഴുതേണ്ടി വന്നു. ‌

ഡിഗ്രിക്ക് ഒരിടത്തും അഡ്മിഷനായില്ല. ഒടുവില്‍ അച്ഛൻ ഒരു കത്തു തന്നു, ആലപ്പുഴ എസ്ഡി കോളജ് മാനേജർ പാ ർത്ഥസാരഥി അയ്യങ്കാറിനായിരുന്നു ആ കത്ത്. എന്താണ് എ ഴുതിയതെന്ന് ഞാന്‍ േനാക്കിയില്ല. കത്തും കൊണ്ട് അദ്ദേഹ ത്തിന്റെ വീട്ടിലേക്കു പോയി. അകത്തേക്കു കയറും മുന്നേ ആരോടോ ഉള്ള ആ അലർച്ച കേട്ടു, ‘മൂന്നു പ്രാവശ്യം എഴുതി യിട്ടാണ് പരീക്ഷ ജയിച്ചതെന്നോ? ഇവിടെ അഡ്മിഷനില്ല.’

ഒന്നു ഞെട്ടി, അഞ്ചാമത്തെ തവണ എഴുതി ജയിച്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. പെട്ടെന്ന് പാർത്ഥസാരഥി സാർ പുറ ത്തേക്കു വന്നു. കത്തു കൊടുക്കണോ എന്ന സംശയത്തിൽ പരുങ്ങിക്കളിച്ച എന്നെ നോക്കി ഘനഗംഭീര ശബ്ദത്തിൽ ചോദ്യം, ‘എന്താ ഇവിടെ നിൽക്കുന്നത്?’ ഒന്നും മിണ്ടാതെ കത്തു കൊടുത്തു. അതു വായിച്ച് എന്നെ അടിമുടി നോക്കി പിന്നെ അകത്തേക്ക് നോക്കി പറഞ്ഞു. ‘ഇവനെ ഉള്ളില്‍ കൊ ണ്ടിരുത്ത്, ചായയും കൊടുക്ക്...’

പിന്നീടദ്ദേഹം പുറത്തേക്കു പോയി. സന്ധ്യയോെട മടങ്ങി വന്നപ്പോള്‍ കൂടെ പ്രശസ്ത വയലിനിസ്റ്റ് കളർകോട് മ ഹാദേവൻ ഉൾപ്പടെ ഒരുപാടു പേരുണ്ട്. പാർത്ഥസാരഥി സാ ർ മകനേയും മകളേയും വിളിച്ചു. എനിക്കു ഘടം എടുത്തു ത ന്നു. കച്ചേരി തുടങ്ങി. ഒടുവിൽ തനിയാവർത്തനം വായിച്ചു തീര്‍ന്നപ്പോള്‍ നിർത്താൻ പറ‍ഞ്ഞു. നീണ്ട കൈയടികൾക്കൊടുവിൽ മുന്നിലിരിക്കുന്നവരോട് അദ്ദേഹം ഉറക്കെ ചോദിച്ചു, ‘ഇവന് കോളജിൽ അഡ്മിഷൻ കൊടുക്കലാമാ?’

ഒരുമിച്ചുള്ള ഉത്തരം വന്നു ‘ധാരാളമാ കൊടുക്കലാം...’

അതായിരുന്നു ഇന്റർവ്യൂ. കത്തിനു പിന്നിൽ അദ്ദേഹം എഴുതി, തീർച്ചയായും അഡ്മിഷൻ കൊടുക്കണം. അത് പിറ്റേ ദിവസം ഒാഫിസിൽ കൊടുക്കാൻ പറഞ്ഞു,

അപ്പോഴാണ് അച്ഛൻ എഴുതിയത് ഞാൻ വായിക്കുന്നത്. ‘പണ്ട് അമ്പലപ്പുഴ അമ്പലത്തിൽ കച്ചേരിക്കിടെ കണ്ട ആ കുട്ടിയാണ് കത്തുമായി സഹായത്തിന് ഇപ്പോൾ അങ്ങേയ്ക്കു മുന്നിൽ വന്നിരിക്കുന്നത്. അന്ന് ഇവൻ ഘടം വായിക്കുന്നതു കണ്ട് അങ്ങേയ്ക്കൊപ്പം അയയ്ക്കാൻ പറ‍ഞ്ഞിരുന്നല്ലോ. ഇളയ കുട്ടിയായതു കൊണ്ടുള്ള വാത്സല്യം കാരണം അന്നയച്ചില്ല. സാധിക്കുമെങ്കിൽ അഡ്മിഷൻ കൊടുക്കുമല്ലോ...’’

അങ്ങനെയാണ് എസ് ഡി കോളജിലേക്ക് ഞാനെത്തുന്നതും നാടകത്തിന്റെയും പിന്നീട് സിനിമയുടെയും ഒഴുക്കിലേക്ക് ഇറങ്ങിപ്പോകുന്നതും.

കുഞ്ഞിനെ കുളിപ്പിക്കേണ്ടത് പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ? ദിവസവും എണ്ണ തേപ്പിക്കാമോ? അറിയേണ്ടതെല്ലാം

ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; അമ്മയുടെ ൈകയ്യിൽ നിന്നും കൈക്കുഞ്ഞ് തെറിച്ചു വീണു; പിന്നെ സംഭവിച്ചത്; വൈറൽ വിഡിയോ