Saturday 22 January 2022 03:31 PM IST

‘എനിക്ക് ഒരു മോനും മോളും, ഇപ്പോൾ അത്രയേ പറയുന്നുള്ളൂ... അതുപോതും’: മിന്നലിലെ ഷിബു, നടനത്തിന്റെ ഗുരു

Roopa Thayabji

Sub Editor

guru-soma-sundaram

പോണ്ടിച്ചേരിയിലെ കടലിനഭിമുഖമായി ശാന്തമായ മറ്റൊരു കടൽ പോലെ ഗുരു സോമസുന്ദരം നിന്നു. പിന്നെ, തരിമണലിലൂടെ ചെരിപ്പില്ലാതെ നടന്നു ചെന്ന് നുരയുന്ന തിരയെ തൊട്ടു. മണലിൽ തെളിഞ്ഞ വെൺശംഖെടുത്ത് ചെവിയിൽ ചേർത്തു. കാതിലിരമ്പിയ കടലിന്റെ സന്തോഷം മുഖത്തു വിരിയുന്നത് ക ണ്ടപ്പോൾ ഓർമ വന്നത് ‘മിന്നൽ മുരളി’യിലെ ഷിബുവിനെയാണ്. ചിരിച്ചുകൊണ്ട് ഭയപ്പെടുത്തുകയും, കൺനിറഞ്ഞു ചിരിച്ച് പ്രണയിക്കുകയും ചെയ്യുന്ന ‘പാവം വില്ലനെ.’

ആ സന്തോഷം തന്നെയാണ് ഗുരുവിന് പറയാനുണ്ടായിരുന്നതും. ‘‘എ നിക്ക് സിനിമയിൽ ആദ്യ അവസരം തന്ന സംവിധായകൻ ത്യാഗരാജൻ സാറിനോട് ഇക്കാര്യം പറയാൻ വിളിച്ചപ്പോൾ അദ്ദേഹം സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ‘പടം സൂപ്പർ, നീയും സൂപ്പർ’ എന്ന കോംപ്ലിമെന്റാണ് എനിക്കു കിട്ടിയ അവാർഡ്. സുഹൃത്തു കൂടിയായ സംവിധായകൻ സിമ്പുദേവൻ വിളിച്ചു ചോദിച്ചത് ‘ഇങ്ങനെയൊക്കെ അഭിനയിക്കാൻ സാധിക്കുമോ’ എന്നാണ്. മലയാളത്തിൽ നിന്ന് നടന്‍ ജയസൂര്യയടക്കം പലരും വിളിച്ചു. നാടകകാലം മുതലുള്ള സുഹൃത്തുക്കൾക്കും ഉലകത്തിലെ എല്ലാ തിയറ്റർ ആർട്ടിസ്റ്റുകൾക്കും പുതുവർഷ സമ്മാനമായി ഈ സന്തോഷത്തിന്റെ പെരുംപങ്ക് ഞാൻ നൽകുന്നു.’’

‘ഷിബു’വിനെ കുറിച്ച് ആദ്യം കേട്ടപ്പോൾ എന്തായിരുന്നു മനസ്സിൽ ?

ശശികുമാർ സാറിന്റെ ‘പരമഗുരു’വിൽ അഭിനയിക്കാനായി ഞാൻ മൂന്നാറിലെ ലൊക്കേഷനിലുണ്ടായിരുന്ന സമയത്താണ് ബേസിൽ ജോസഫ് ആദ്യമായി വിളിക്കുന്നത്. ‘തമിഴിലെ ‘ജോക്കറും’ ‘വഞ്ചകർ ഉലക’വുമൊക്കെ കണ്ടു. എന്റെ പുതിയ സിനിമയിൽ ഒരു റോളുണ്ട്. അതിനെ കുറിച്ചു സംസാരിക്കാനാണ്. എവിടെയുണ്ട്, എറണാകുളത്തേക്ക് ഒന്നു വരാമോ ?’ എ ന്നു ചോദിച്ചു. മൂന്നാറിലുണ്ട് എന്നു കേട്ടപ്പോൾ അങ്ങോട്ടു വരാമെന്നേറ്റു ഫോൺ കട്ട് ചെയ്തു.

ബേസിലിനെ ആദ്യം കണ്ട സീൻ മറക്കാൻ പറ്റില്ല. ഫോണിലും സ്പീക്കറിലും ബാക്ഗ്രൗണ്ട് മ്യൂസിക് പ്ലേ ചെയ്താണ് കഥ പറയുന്നത്. ആ ഒന്നര മണിക്കൂർ റേഡിയോ നാടകം കൺമുന്നിൽ കാണുന്നതു പോലെ ഞാനിരുന്നു. മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ആദ്യം ചെറിയ പേടി തോന്നി, മലയാളം അറിയില്ലല്ലോ. ആറുമാസം കൂടിയുണ്ടായിരുന്നു ഷൂട്ടിങ് തുടങ്ങാൻ. ആ സമയം കൊണ്ടു ഭാഷ പഠിക്കാമെന്നുറപ്പിച്ച് സിനിമ ചെയ്യാമെന്നേറ്റു. കോവിഡ് കാരണം ഷൂട്ടിങ് രണ്ടു വർഷത്തോളം വീണ്ടും നീണ്ടു.

എന്തൊക്കെയാണ് ആ കാലം കൊണ്ടു പഠിച്ചത് ?

2019 ജൂണിലാണ് സിനിമയുടെ കഥ കേട്ടത്. അപ്പോഴേ തീരുമാനിച്ചു മലയാളം പഠിക്കുമെന്ന്. ‘30 ദിവസം കൊണ്ട് മലയാളം പഠിക്കാം’ എന്ന ബുക്കു വാങ്ങി. യുട്യൂബായിരുന്നു ആശാൻ. ‘ഹൗ ടു ലേൺ മലയാളം’ എന്ന് ടൈപ് ചെയ്ത് അക്ഷരം മുതൽ പഠിക്കാൻ തുടങ്ങി. ക, കാ, കി, കീ...

‘അമ്മ’ എന്ന വാക്കാണ് ആദ്യം വായിക്കാനും എഴുതാനും പഠിച്ചത്. ഞാൻ മലയാളം വായിക്കാൻ പഠിച്ചു എന്നറിഞ്ഞപ്പോൾ ലൊക്കേഷനിൽ എല്ലാവർക്കും എന്നെക്കൊണ്ട് പോസ്റ്ററുകളും മറ്റും വായിപ്പിക്കുന്നത് ശീലമായിരുന്നു. ഒരു ദിവസം പ്രൊഡ്യൂസർ സോഫിയ പോൾ ഒരു ബോർഡ് വായിക്കാൻ പറഞ്ഞു. തപ്പിത്തടഞ്ഞ് ഞാൻ വായിച്ചു, ‘ദാ...ക്ഷാ...യണി ബി...സ്കറ്റ്.’ സ്ക്രിപ്റ്റിലെ ഡയലോഗുകൾ വായിച്ചും എഴുതിയും പഠിച്ചെങ്കിലും കുഴപ്പിച്ച ചില വാക്കുകളുമുണ്ട്. ‘പശ്ചാത്തലത്തിൽ സംഗീതം കേൾക്കാൻ തുടങ്ങി’ എന്ന ഡയലോഗ് കുറേ പ്രാവശ്യം പറഞ്ഞിട്ടും ‘പശ്ചാത്തലത്തിൽ’ നാക്കുടക്കി വീണു. തിരക്കഥാകൃത്ത് ജസ്റ്റിനാണ് ഓരോ അക്ഷരവും ഉച്ചരിക്കുമ്പോഴുള്ള നാക്കിന്റെ പൊസിഷൻ പറഞ്ഞു തന്നത്.

ഈ സിനിമയ്ക്കു വേണ്ടിയാണ് കുട്ടവഞ്ചി തുഴയാൻ പഠിച്ചതും. ബൈരക്കുപ്പയിലെ കുട്ടവഞ്ചി തുഴച്ചിൽകാരനായ സാമിയേട്ടനും ഞാനും രണ്ടു ദിവസം ഒന്നിച്ചു വഞ്ചി തുഴഞ്ഞു. മൂന്നാം ദിവസം തുഴയെടുത്ത് തന്നിട്ട് സാമിയേട്ടൻ പറഞ്ഞു, തനിയെ തുഴയാൻ. ഷൂട്ടിങ്ങിനിടെ ബീഡി വലിക്കണമെന്നു തോന്നുമ്പോൾ ഞാൻ വഞ്ചിയെടുത്ത് പുഴയിലേക്കിറങ്ങും. ആ ബാലൻസും കുട്ടവഞ്ചിയോടുള്ള ഇന്റിമസിയും മിന്നലേൽക്കുന്ന ഷോട്ടെടുത്തപ്പോൾ ഗുണം ചെയ്തു.

ഷിബുവിനെ പോലെ കാലങ്ങളോളം കാത്തിരുന്ന റൊമാൻസ് അറിഞ്ഞിട്ടുണ്ടോ ?

ഞാൻ റൊമാന്റിക്കാണ്, പക്ഷേ, ഉള്ളിൽ തോന്നിയ പ്രണയങ്ങളൊന്നും തുറന്നുപറയാനുള്ള ധൈര്യം ഉണ്ടായിട്ടില്ല. അങ്ങനെ നോക്കിയാൽ ഞാനും ഷിബുവിനെപ്പോലെ തന്നെ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയോടു വല്ലാതെ ഇഷ്ടം തോന്നി. എന്റെ മനസ്സു പകർത്തി ലൗ ലെറ്റർ എഴുതി. അവൾ വരുന്ന വഴിയിൽ കാത്തുനിന്നു. ദൂരെ നിന്ന് അവളും കൂട്ടുകാരികളും നടന്നുവരുന്നത് മിന്നായം പോലെ കണ്ടു, അവളുടെ പട്ടുപാവാടയുടെ തിളക്കം കണ്ട മാത്രയിൽ നാണവും പേടിയും മനസ്സിലേക്കു കുതിച്ചെത്തി. കത്ത് കീറിയെറിഞ്ഞ് ഞാൻ ഓടി.

ഇപ്പോൾ പ്രണയവും കാത്തിരുപ്പും നല്ല റോളുകൾക്കു വേണ്ടിയാണ്. ഇതു ജോലിയാണെങ്കിലും പ്രതിഫലത്തിനു വേണ്ടി മാത്രം അഭിനയത്തെ കാണാൻ ഇഷ്ടമില്ല.

ഇനി കുടുംബത്തെ കുറിച്ചു പറയൂ ?

തിരുവണ്ണാമലയിലാണ് ഇപ്പോൾ താമസം. ജോലി ആവശ്യത്തിനാണ് ചെന്നൈയിലേക്കുള്ള യാത്രകൾ. പോണ്ടിച്ചേരി ഇഷ്ടസ്ഥലമാണ്. ഇടയ്ക്ക് ഇവിടേക്കും വരും.

കുടുംബം..., ചെറിയ ഫാമിലിയാണ്, ഒരു മോനും മോളും. ഇപ്പോൾ അത്രയേ പറയുന്നുള്ളൂ. ‘അതു പോതും’. പിന്നെ, ഞാൻ ഗോഡ്മദർ പോലെ കരുതുന്ന ഒരാളുണ്ട്, ഗുരു അമ്മാൾ. ആ പേരിൽ നിന്നെടുത്തതാണ് എന്റെ പേരിനു മുന്നിലെ ഗുരു.

പൂർണരൂപം വനിത ജനുവരി ആദ്യലക്കത്തിൽ വായിക്കാം

ഫോട്ടോ: വിനോദ് ഡി.കെ.