Monday 02 September 2024 03:52 PM IST

‘ഒടുവിൽ വീട്ടുകാരോടു അങ്ങോട്ടുപോയി ചോദിച്ചു, ‘പ്ലീസ് ഒന്നു കെട്ടിച്ചു തരുമോ’: ഹക്കിം–സന പ്രണയം പൂവണിഞ്ഞതിങ്ങനെ

V.G. Nakul

Senior Content Editor, Vanitha Online

hakkim-sana-cover

‘ഇതു ശരിക്കും കല്യാണമാണോ? അതോ തൊട്ടുപിന്നാലെ സിനിമാ അനൗൺസ്മെന്റ് വരുമോ? സന അൽത്താഫിന്റെയും ഹക്കിം ഷാജഹാന്റെയും വിവാഹചിത്രങ്ങൾ ഒരു ദിവസം  പെട്ടെന്നു സോഷ്യൽ മീഡിയയിൽ വന്നപ്പോൾ ഉ യർന്ന സംശയങ്ങളിൽ ചിലതു മാത്രമാണിത്. കൺഫ്യൂഷനിൽ നിന്നു പുതിയ കഥകളുടെ ആവി പറക്കും മുൻപേ വിവാഹവാർത്തയുമായി ഇരുവരുമെത്തി.

ഫ്രണ്ട്സ്, ഇത് റീലല്ല, റിയലാണ്. സിനിമാക്കഥ പോലെ ട്വിസ്റ്റും ടേണുമുള്ള പ്രണയകഥ   പങ്കുവയ്ക്കുന്നു മലയാളത്തിന്റെ പ്രിയ യുവതാരങ്ങൾ.   
വിവാഹം എന്തേ റജിസ്ട്രാർ ഓഫിസിലായി ?

സന: ഞങ്ങളെ സംബന്ധിച്ചു  പണ്ടേ മനസ്സിലുള്ള സങ്കൽപമായിരുന്നു ഇത്. കല്യാണ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പിന്നാലെ ഉപ്പയ്ക്ക് കുറേ കോളുകൾ വന്നു, പലർക്കും അറിയേണ്ടത് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണോ എന്നാണ്.

ഹക്കിം: എന്റെ വീട്ടിലും പലരും വിളിച്ചു ചോദിച്ചു. എന്താ സംഭവിച്ചതെന്ന്. വീട്ടുകാർ സ മ്മതിച്ചതാണെങ്കിൽ കല്യാണം റജിസ്ട്രാർ ഓഫിസിൽ നടത്തിയത് എന്തിനെന്നാണു പ ലരും ചിന്തിച്ചത്.  ഞങ്ങൾ പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും അധികമാർക്കും അറിയുമായിരുന്നില്ല.

വിവാഹദിവസം തന്നെയല്ലേ പുതിയ വീട്ടിലേക്ക് മാറിയതും?

ഹക്കിം : വിവാഹ ദിവസം തന്നെയാണ് പുതിയ ഫ്ലാറ്റിലേക്കു താമസം മാറിയതും.  രാവിലെ ഒന്നിച്ചു പോയി രണ്ടാളുടെയും അച്ഛനമ്മമാരെ കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് കാക്കനാട് സബ്‌റജിസ്ട്രാർ ഓഫിസിലെത്തി വിവാഹം. തിരിച്ചു വരും വഴി  റസ്‌റ്ററന്റിൽ കയറി ഭക്ഷണം കഴിച്ചു. പിന്നെ, പുതിയ വീട്ടിലെത്തി പാലുകാച്ചി. അപ്പോഴേക്കും രണ്ടുവീട്ടുകാരും  എത്തി. വിശേഷം പറഞ്ഞ്, മധുരം കഴിച്ച്, ഞങ്ങളെ അവിടെയാക്കി കുടുംബക്കാർ മടങ്ങി.

സന : ഹക്കിയുടെ അനിയനും എന്റെ കസിനും ഒരു സുഹൃത്തും ക്യാമറാമാനും മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്. അവരാണു സാക്ഷികളായി ഒപ്പിട്ടതും. ആ നിമിഷങ്ങളുടെ വിഡിയോ വേണമെന്നുമുണ്ടായിരുന്നു. അതിൽ നിന്നു സ്ക്രീൻ ഷോട്ട് എടുത്താണു സോഷ്യൽമീഡിയയില്‍ പോസ്റ്റ് ചെയ്തത്. കല്യാണം ലളിതമാക്കിയതു വാർത്തയാക്കുക എന്ന ഉദ്ദേശത്തോടെയല്ല. അതുകൊണ്ടാണു വിവാഹശേഷം ഇതുവരെ ഒന്നും സംസാരിക്കാതിരുന്നതും. അതിനെ ജാഡയായി കാണേണ്ടതില്ല.

ഹക്കിം : വിവാഹത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോഴേ, നമുക്ക് റജിസ്റ്റർ മാര്യേജ് പോരേ എന്നാണ് ഞാ ന്‍ ചോദിച്ചത്. സനയും അതിനോടു യോജിച്ചു. രണ്ടു കുടുംബങ്ങൾക്കും  സുഹൃത്തുക്കൾക്കും ഒന്നിച്ചിരിക്കാനും സന്തോഷം പങ്കിടാനുമുള്ള അവസരം എന്ന നിലയിലാണു ചെറിയൊരു വിരുന്നൊരുക്കി നിക്കാഹ് നടത്തിയത്.  
പ്രണയം തിരിച്ചറിഞ്ഞ നിമിഷം ഏതാണ് ?

ഹക്കിം : 30 വയസ്സു വരെ, ജീവിതത്തിൽ കല്യാണമേ വേണ്ട എന്നുറപ്പിച്ചതാണ ഞാൻ‌. അതു വീട്ടിൽ പറഞ്ഞ്, സ മ്മതം വാങ്ങിയതുമാണ്. സനയുമായി സംസാരിച്ച് അടുപ്പത്തിലായപ്പോൾ,  കല്യാണം കഴിച്ചാലോ എന്നായി.

സന : സത്യത്തിൽ എനിക്കും കല്യാണം എന്ന ഏർപ്പാടിനോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും സുഹൃത്തുക്കൾ കല്യാണം കഴിക്കാൻ തീരുമാനിച്ചാൽ, ‘എന്തിനാ നിങ്ങൾ കല്യാണം കഴിക്കുന്നേ?’ എന്നു ചോദിച്ചിരുന്ന ആളാണ് ഞാൻ.

സഹോദരിയുടെ വിവാഹം 26 വയസ്സിലായിരുന്നു. ‘ഇ ത്ര നേരത്തെ കല്യാണം വേണോ, മുപ്പതായിട്ടു പോരേ’ എന്നായിരുന്നു എന്റെ ഉപദേശം. ആ ഞാൻ 24 വയസ്സിൽ കല്യാണം കഴിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ എ ല്ലാവരും കൂടി കളിയാക്കി കൊന്നു. ജോലി കിട്ടി ബെംഗളൂരുവിലെത്തി ഒറ്റയ്ക്ക് താമസം തുടങ്ങിയപ്പോഴാണു കല്യാണം കഴിക്കണം, കുടുംബം വേണം എന്നുള്ള തോന്നൽ തുടങ്ങിയത്. അപ്പോഴേക്കും ഹക്കിയുമായി അടുപ്പമായിരുന്നു. ഒടുവിൽ വീട്ടുകാരോടു അങ്ങോട്ടു പോയി ചോദിച്ചു, ‘പ്ലീസ് ഒന്നു കെട്ടിച്ചു തരുമോ’ എന്ന്.
ഹക്കിം :  ഞങ്ങൾ തമ്മിലുള്ള അടുപ്പം ‍വീട്ടുകാർക്ക് അറിയാമായിരുന്നു. എതിർപ്പുകളൊന്നുമുണ്ടായില്ല.

സന : കുറേ വര്‍ഷം മുൻപ്  തമിഴ് സിനിമയ്ക്കു വേണ്ടി അഭിനയ പരിശീലനം നടത്തിയിരുന്നു. ആക്ട് ലാബിലെ സജീവ് സാർ വീട്ടിൽ വന്നാണ് ട്രെയിനിങ് തന്നിരുന്നത്. കൂട്ടത്തിൽ ചിലപ്പോൾ ഹക്കിയും  ഉണ്ടാകാറുണ്ട്.  അങ്ങനെ തമ്മിൽ പരിചയപ്പെട്ടു.
പിന്നീട് കോവിഡിന്റെ ഫസ്റ്റ് ലോക്ഡൗൺ കാല ത്താണു പരിചയം പുതുക്കുന്നത്. എന്റെ അതേ ഫ്ലാറ്റ് സമുച്ചയത്തിലാണു ഹക്കിയും സഹോദരനും താമസിച്ചിരുന്നത്. ഇടയ്ക്കു ലിഫ്റ്റിൽ വച്ചൊക്കെ കാണും.

അങ്ങനെ കൂട്ടായി. രണ്ടാളും വീട്ടിൽ കുടുങ്ങിയിരിപ്പല്ലേ. എ ങ്ങോട്ടും പോകാനുമില്ല. ഒന്നും ചെയ്യാനുമില്ല. കൂടുതൽ  സംസാരിച്ചതോടെ പരസ്പരം ഒരിഷ്ടം തോന്നിത്തുടങ്ങി.
ഹക്കിം : ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നൊന്നും ര ണ്ടാളും പറഞ്ഞിട്ടില്ല. ഒരു ഘട്ടമെത്തിയപ്പോൾ  കല്യാണം കഴിച്ചാലോ എന്നായി. വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോഴേ സമ്മതം  കിട്ടി.  കല്യാണമേ വേണ്ട എന്നു പ്രഖ്യാപിച്ച  ഒ രാൾ കല്യാണം കഴിക്കാൻ തീരുമാനിച്ചതേ ഭാഗ്യം എന്ന മട്ടിലായിരുന്നു വീട്ടുകാരുടെ പ്രതികരണം.
വിവാഹത്തിനു മാധ്യമശ്രദ്ധ വേണ്ടെന്നു തീരുമാനിച്ചത് എന്തുകൊണ്ടാണ്?

സന : കല്യാണം കഴിഞ്ഞപ്പോൾ കുറേ ഓൺലൈൻ ചാനലുകൾ ഇന്റർവ്യൂ ചോദിച്ചിരുന്നു. താൽപര്യമില്ല, തീർത്തും സ്വകാര്യമായ കാര്യമാണെന്നു പറഞ്ഞൊഴിഞ്ഞു. വിരുന്ന് എവിടെയെന്നു തിരക്കിയ മീഡിയാസിനോടും ഫാമിലി ഫ ങ്ഷനാണ് എന്നു കൃത്യമായി പറഞ്ഞിരുന്നു. പക്ഷേ, ചിലർ തിരക്കിപ്പിടിച്ച് അവിടെയെത്തി, ഫോണിലോ മറ്റോ ചടങ്ങ് പകർത്തി. ഞങ്ങളത് അറിഞ്ഞിരുന്നില്ല. വിഡിയോ സോഷ്യൽ മീഡിയയിൽ വന്നപ്പോൾ  ഞെട്ടി. അതു നല്ല നടപടിയല്ലെന്നു തോന്നിയതിനാലാണു പ്രതികരിച്ചത്.
ഇൻസ്റ്റഗ്രാമിൽ എന്റെ കുറിപ്പു വന്നതോടെ ചിലർ വിഡിയോ റിമൂവ് ചെയ്തു. ആരൊക്കെയോ ഹക്കിയെ വിളിച്ചു ക്ഷമയും പറഞ്ഞു. ഞാൻ  ഇപ്പോള്‍‌ സിനിമയിൽ നിന്നു മാറി നിൽക്കുന്ന ഒരാളാണ്. ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. പബ്ലിസിറ്റി പരിപാടികളോടൊന്നും താൽപര്യമില്ല.

hakkim-sana-17

വിവാഹം ഏറ്റവും വ്യക്തിപരമായ കാര്യമല്ലേ? അതേക്കുറിച്ച് ആരെങ്കിലും പബ്ലിക് പോസ്റ്റ് ഇടുന്നതു ഞങ്ങളുടെ സമ്മതത്തോടെയും ഇഷ്ടത്തോടെയുമാകേണ്ടേ? വിശേഷങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതു പോലെയല്ല, എന്റെ അനുമതിയില്ലാതെ മറ്റൊരാൾ ചെയ്യുന്നത്.   
ലളിതവിവാഹത്തിന്റെ കാര്യത്തിലെന്ന പോലെ എല്ലാത്തിലും ഒ രേ അഭിപ്രായമാണോ?

സന : ഞങ്ങളുടെ ഇഷ്ടങ്ങൾ തീർത്തും വ്യത്യസ്തമാണ്. എനിക്കു ഞാൻ പറയും പോലെ കാര്യം നടക്കണം എന്നാണ്, ഹക്കിക്കും അങ്ങനെ തന്നെ. അങ്ങനെയുള്ള രണ്ടു മനുഷ്യർക്ക് ഒരു മിഡിൽ ഗ്രൗണ്ട് കണ്ടെത്താൻ വളരെ പ്രയാസമാണ്. അതാണു ഞങ്ങളുടെ ബന്ധത്തിന്റെ സൗന്ദര്യം.

ഹക്കിം  : ഒരു തീരുമാനമെടുത്താൽ മാറ്റാൻ പൊതുവേ എ നിക്കു ബുദ്ധിമുട്ടാണ്. ഇവള്‍ പറഞ്ഞാലേ എന്തെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയാറാകൂ. കല്യാണ ഡ്രസിന്റെ നിറം ഏ തു വേണമെന്നതിനു സനയും ഞാനും ഒരാഴ്ച തർക്കിച്ചു. ഇവൾക്ക് ബേജ് മതി. അതെന്താ മറ്റേ കളർ എടുത്താൽ എ ന്നു ഞാൻ. ഒടുവിൽ പുള്ളിക്കാരി തളർന്നു. ഞാനും ബേജ് അംഗീകരിച്ചു. ഇതൊന്നും വഴക്കുകളിലേക്ക് പോകില്ല. ഏ തു വഴക്കാണെങ്കിലും ഒരു രാത്രിക്കപ്പുറം പോകരുതെന്നു നിർബന്ധമുണ്ട്. അതാണു റൂൾ.
സന : കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രണ്ടാളും പരസ്പരം കൃത്യമായി മനസ്സിലാക്കി.  പല സാഹചര്യങ്ങളിലും അ ഭിപ്രായവ്യത്യാസം ഉണ്ടാകാറുണ്ട്. രണ്ടിലൊരാൾ യോജിപ്പിനു തയാറാകുന്നതോടെ തർക്കവും തീരും.

ഹക്കിം : സന, പാൻ ഇന്ത്യൻ ഭക്ഷണങ്ങളുടെ ആരാധികയാണ്. എനിക്കാണെങ്കിൽ ഉമ്മയുണ്ടാക്കുന്ന ചോറും മീൻകറിയും കഴിച്ചാലേ തൃപ്തിയാകൂ.
സന : ഹക്കി എന്നൊക്കൊണ്ടു ചോറ് കഴിപ്പിക്കും. ഞാൻ ഹക്കിയെ കൊണ്ടു സൂഷിയും.

സനയ്ക്കു സിനിമ മടുത്തെന്നു പറയുന്നു, ഹക്കിമിനു സിനിമ ജീവനും. ഇതെങ്ങനെ ഒത്തുപോകുന്നു?
സന : സ്കൂൾ പഠനകാലത്താണ് മറിയം മുക്കിൽ നായികയാകുന്നത്. മലയാളത്തിലും തമിഴിലും സിനിമകളായതോടെ പഠനം പാളം തെറ്റുമെന്നു തോന്നി. ഒപ്പം സിനിമയോടുള്ള താൽപര്യവും കുറഞ്ഞു. സിനിമ കരിയറാക്കണമെന്നോ മരിക്കും വരെ ചെയ്യേണ്ട ജോലി ആണെന്നോ തോന്നിയിട്ടില്ല. അഭിനയം അല്ല പാഷൻ എന്നും മനസ്സിലായി. ‘ഒടിയനു’ ശേഷം  സിനിമയിൽ അഭിനയിച്ചിട്ടില്ല. സിനിമയിലേക്കു മടക്കമില്ല എന്നിതിന് അർഥമില്ല. അത്ര ഗംഭീരമായ കഥാപാത്രം വന്നാൽ അപ്പോൾ ആലോചിക്കാം.
സിനിമ വിട്ടതോടെ പഠനത്തിൽ കൂടുതൽ സജീവമായി. എസിസിഎ റാങ്കോടെ പാസായി. ജോലി കിട്ടിയതോടെ പിന്നെ അതായി ലോകം. അതിനിടെ  ചില പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. ഞാൻ തന്നെ നിർമിച്ച ഒരു മ്യൂസിക് വിഡിയോയിലും വേഷമിട്ടു.

hakkim-sana

ഞാൻ ജനിച്ചതും വളർന്നതും കൊച്ചിയിലാണ്. ഉപ്പ അ ൽത്താഫിനും  ഉമ്മ ഷമിക്കും  ഞങ്ങൾ രണ്ടു മക്കൾ. സ ഹോദരി ഷമ വിവാഹിതയായി കാനഡയിൽ.
ഹക്കിം :  ബുദ്ധിയുറച്ച കാലം മുതലേ, സിനിമാ നടനാകണം എന്നതു മാത്രമായിരുന്നു സ്വപ്നം. 19 വയസ്സിലാണു സിനിമ ലക്ഷ്യമിട്ട് കൊച്ചിയിൽ എത്തുന്നത്. തൊടുപുഴയിലെ വളരെ യാഥാസ്ഥിതികമായ  കുടുംബമാണ് എന്റേത്.  ഉപ്പ ഷാജഹാന്റെയും ഉമ്മ  സുഹർബാന്റെയും മൂന്ന് മക്കളിൽ മൂത്തയാൾ.

സിനിമ എന്നൊന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങാൻ പറ്റില്ല. ബികോം കഴിഞ്ഞ് ആദ്യ ആറുമാസം കാറ്റ് കോച്ചിങ് എന്നു പറഞ്ഞാണ് കൊച്ചിയിൽ വന്നിരുന്നത്. ചാൻസ് തെണ്ടി നടക്കുന്ന കാലത്ത് അഭയസ്ഥാനം ആക്ട് ലാബ് ആയിരുന്നു. ആറു വർഷത്തോളം അവിടെയുണ്ടായിരുന്നു. ആക്ടേഴ്സിന്റെ കമ്യുണിറ്റിയായിരുന്നു അന്നത്.  
ഞങ്ങളുടെ മെന്റർ ആയിരുന്നു പൂന ഫിലിം ഇൻസ്റ്റ്യൂട്ടിൽ ഗസ്റ്റ് ഫാക്കൽ‌റ്റി ആയിരുന്ന സജീവ് സാർ. പിന്നീടാണ് ഇതൊരു ഇൻസ്റ്റ്യൂട്ട് ആക്കിക്കൂടേ എന്നു തോന്നുന്നതും ആക്ട് ലാബ് ഉണ്ടാകുന്നതും. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലെ ഒരു കുഞ്ഞുകഥാപാത്രമാണ് സിനിമയിലെ ആദ്യ അവസരം.  പിന്നീട് ചാർലി മുതൽ അദ്ദേഹത്തിനൊപ്പം സഹസംവിധായകനായി.

കൊച്ചിയിലെ ആദ്യ 12 വർഷം സ്ട്രഗിൾ ചെയ്ത കാലമായിരുന്നു. ‘പ്രണയ വിലാസം’  വന്നതോടെയാണു ഞാനാഗ്രഹിച്ച തരത്തിലേക്കു കരിയർ രൂപപ്പെടുന്നത്.
ഞങ്ങൾ പ്രണയത്തിലാണ് എന്നറിഞ്ഞ ശേഷം ചിലർ രണ്ടുപേർക്കും  കൂടി അഭിനയിക്കാവുന്ന തരത്തിലുള്ള ക ഥകൾ പറഞ്ഞിരുന്നു. പക്ഷേ, ഞങ്ങളുടെ  പ്രണയത്തോളം രസം ആ കഥകളിലൊന്നും തോന്നിയില്ല.

വി. ജി. നകുൽ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ