Friday 11 March 2022 11:11 AM IST : By സ്വന്തം ലേഖകൻ

‘അതു കേട്ടതും എന്റെ കണ്ണുനിറഞ്ഞു, ഞാൻ അർജുനെ കെട്ടിപ്പിടിച്ചു’: ഹൃദയംതൊടും അനുഭവം പങ്കിട്ട് ഹരിശ്രീ അശോകൻ

arjun-ashokan-new

കാക്കനാട് ചെമ്പുമുക്കിൽ ചെന്ന് ഹരിശ്രീ അശോകന്റെ വീട് ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു; പറക്കാട്ട് ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ കുറച്ചു പോയാൽ ഒരു സ്റ്റേഡിയം കാണാം. അതിനു തൊട്ടടുത്തിരിക്കുന്ന ‘എടുത്താൽ പൊങ്ങാത്ത വീടാണ് അശോകന്റേത് ’

എടുത്താൽ പൊങ്ങാത്ത വീടാണ് എന്നതുകൊണ്ട് സാമാന്യം വലിയൊരു വീട് എ ന്നാകാം ടിയാൻ ഉദ്ദേശിച്ചത്. പേര് വായിക്കുമ്പോഴേ ഒാർമയിൽ തെളിഞ്ഞു രമണന്റെ മുഖം. പഞ്ചാബിഹൗസ് എന്നാണ് ഹരിശ്രീ അശോകന്റെ വീട്ടുപേര്.

‘‘ഈ വീടിന് എതിരെ ഞാൻ കേസ് കൊടുത്തിരിക്കുകയാണ്. ഒരുപക്ഷേ, സ്വന്തം വീടിന് എതിരേ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമാനടൻ ഞാനായിരിക്കും’’

സംഗതി സത്യമാണ്. കേസ് കോടതിയുടെ പരിഗണനയിലാണ്. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി വച്ച വീടാണ്. താമസിക്കാൻ തുടങ്ങിയപ്പോഴേക്കും തറ പൊളിയാൻ തുടങ്ങി. ടൈലുകൾ ഒന്നില്ലാതെ ഇളകി. ഇപ്പോൾ വീടിനകത്ത് നടക്കാൻ പോലും കഴിയാത്ത അവസ്ഥ.

‘‘എങ്കിലും ഞങ്ങൾ ഇവിടെ തന്നെ താമസിച്ചുകൊണ്ട് പോരാട്ടം തുടരുന്നു.’’ ഭാര്യ പ്രീത, മകൻ അർജുൻ, മരുമകൾ നിഖിത, പേരക്കുട്ടി അൻവി എന്നിവരാണ് അശോകനൊപ്പം പ ഞ്ചാബിഹൗസിലുള്ളത്. മകൾ ശ്രീക്കുട്ടി ഭർത്താവ് സനൂപിനും മകൻ ദേവദത്തിനുമൊപ്പം കുവൈത്തിലാണ് താമസം.

സിനിമയിൽ കോമഡി ചെയ്യുന്നവരൊക്കെ ജീവിതത്തിൽ ഗൗരവക്കാരാണെന്ന് പറയാറുണ്ട്. അശോകനിപ്പോൾ കൂടുതൽ ഗൗരവക്കാരനായോ?

എന്റെ മകൻ അർജുൻ കൂടെ കൂടെ ചോദിക്കും. ‘അച്ഛന് ഇത്തിരി ചിരിച്ചാൽ എന്താ? ഇത്ര പിശുക്ക് കാണിക്കണോ ചിരിക്കാൻ’ എന്നിട്ട് ഞങ്ങളുടെ വിവാഹ ഫോട്ടോ ചൂണ്ടി അവൻ പറയും. ആ കല്യാണ ഫോട്ടോയിൽ അച്ഛൻ എത്ര സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്ന് അതുപോലെ ചിരിച്ചാൽ എന്തെന്ന്. ‘അതെന്റെ ഒടുക്കത്തെ ചിരിയായിരുന്നെടാ. അതോടെ ചിരി സോൾഡ് ഔട്ട് ആയി. പിന്നെ, അതുപോലെ ചിരിച്ചിട്ടേയില്ല’ എന്ന് ഞാൻ മറുപടിയും പറഞ്ഞു. വെറുതെ തമാശ പറഞ്ഞതാണ് കേട്ടോ. പ്രീതയെ പങ്കാളിയായി കിട്ടിയതാണ് എന്റെ ഭാഗ്യം. വിവാഹത്തിനു ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞതെന്നാണ് വിശ്വസിക്കുന്നതും.

കോഴിക്കോട് അങ്ങാടിയിൽ ചുമടെടുത്താണ് ജീവിക്കുന്നത് എന്നൊരു ട്രോൾ കണ്ടിരുന്നോ?

ജീവിക്കാൻ വേണ്ടി ഒരുപാട് ചുമടും കുഴിയും ഒക്കെ എടുത്തിട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ട് ഈ ‘ട്രോൾ ചുമടും’ എനിക്ക് പ്രശ്നമല്ല. ട്രോളുകാർ എപ്പോഴും എന്നെ കൂടി പരിഗണിക്കണം എന്നേ പറയാനുള്ളൂ. ആ ഫോട്ടോ ഒരു സിനിമാ സ്റ്റിൽ ആണ്. അന്ത്രു ദ് മാൻ എന്ന സിനിമയിൽ ഞാൻ വളരെ വ്യത്യസ്തമായ വേഷമാണ് ചെയ്യുന്നത്. അതിലെ ഒരു രംഗമാണ് മാർക്കറ്റിലൂടെ കൈവണ്ടി വലിച്ചു കൊണ്ടു പോകുന്നത്. അത് ട്രോൾ ആയി.

കോമഡിയില്‍ നിന്ന പലരും ഗൗരവമുള്ള വേഷങ്ങളിലേക്ക് മാറി ?

മുൻപത്തെ തരത്തിലുള്ള കോമഡി കഥാപാത്രങ്ങൾ ഇ പ്പോൾ വരുന്നില്ലെന്നതാണ് സത്യം. പക്ഷേ, ഹിറ്റായ പല കോമഡി കഥാപാത്രങ്ങളുടെയും ഉള്ളിൽ നല്ല നൊമ്പരം ഉണ്ടായിരുന്നു. ഇപ്പോൾ വരുന്ന വേഷങ്ങളൊക്കെ കുറച്ചു ഗൗരവം ഉള്ളവയാണ്. ‘അന്ത്രു ദ് മാനി’ലേത് അത്തരമൊരു കഥാപാത്രമാണ്. ഒരു തെയ്യംകലാകാരന്റെ ജീവി തത്തെ ആസ്പദമാക്കി ഒരു സിനിമ വരുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ട പ്രാഥമിക തയാറെടുപ്പിലാണ് ഞാൻ.

അർജുൻ അശോകന് കൊടുത്തിട്ടുള്ള ഉപദേശമെന്താണ്?

മിമിക്രി പഠിപ്പിക്കുന്ന ചില സ്കൂളുകൾ ഞാൻ കണ്ടിട്ടുണ്ട്.

മിമിക്രി പഠിപ്പിക്കാൻ പറ്റില്ല. പക്ഷേ, പഠിക്കാൻ പറ്റും എന്നാണ് ഞാൻ കരുതുന്നത്. അതുപോലെയാണ് അഭിനയവും.

ഉപദേശിച്ചു നന്നാക്കാൻ പറ്റുന്നതാണ് ഒരാളിന്റെ അഭിനയശേഷി എന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ മകന്റെ അഭിനയത്തെക്കുറിച്ച് ഞാൻ അവനോട് അഭിപ്രായം പറയാറില്ല. നല്ലൊരു നടനാകാൻ കഠിനാധ്വാനം വേണമെന്ന് ഞാൻ കൂടെ കൂടെ പറയും. അവന്റെ അഭിനയം നന്നായിരുന്നു എന്ന് എന്നോട് പലരും പറയാറുണ്ട്. അതു കേൾക്കുമ്പോൾ അച്ഛൻ എന്ന നിലയിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നാറുണ്ട്.

അവനോട് ഞാൻ ഒന്നുരണ്ടു കാര്യങ്ങളെ പറയാറുള്ളൂ. ഭക്ഷണം കഴിക്കുമ്പോൾ ബാക്കി വയ്ക്കരുത്. ആരെങ്കിലും വിശന്നിരിക്കുന്നതു കണ്ടാൽ കഴിയുമെങ്കിൽ ആഹാരം വാങ്ങി കൊടുക്കണം. പിന്നെ, അവസരം തരുന്ന നിർമാതാവിന് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യരുത്.

പണ്ടൊരു നിർമാതാവ് താങ്കളെ നന്നായി വേദനിപ്പിച്ചു, ഇല്ലേ ?

അതെ. ഞാൻ ടെലികോം ഡിപാർട്മെന്റിൽ മസ്ദൂർ ആയി ജോലി ചെയ്യുന്ന സമയം. സിനിമയിൽ അഭിനയിക്കാനുള്ള മോഹം കൊണ്ട് ചാൻസും അന്വേഷിക്കുന്നു. ഒരു നിർമാതാവ് മദ്രാസിൽ ചെല്ലാൻ പറഞ്ഞു.

പെങ്ങൾ അവളുടെ കമ്മൽ പണയം വച്ചാണ് പെട്ടിയും ഡ്രസ്സുമൊക്കെ വാങ്ങിച്ചു തന്നത്. മദ്രാസിൽ ചെന്ന് രണ്ടുദിവസം വെറുതെ ഇരുന്നു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് പോലും തന്നില്ല. ആത്മഹത്യയെക്കുറിച്ചു പോലും ആലോചിച്ചു. പിന്നീട് സിനിമയിൽ നാലാൾ അറിയുന്ന നിലയിൽ എത്തിയപ്പോൾ ആ നിർമാതാവ് ഡേറ്റ് ചോദിച്ചു വന്നു. ‘പട്ടിണി കിടന്നാലും തന്റെ സിനിമയിൽ അഭിനയിക്കാൻ ഇല്ല’ എന്ന് മറുപടി നൽകി. ഇപ്പോൾ തോന്നുന്നു, ഞാനന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നു.

അന്ന് ഞാൻ അറിയപ്പെടാത്ത ആളായതു കൊണ്ട് അ യാൾ അങ്ങനെ പെരുമാറി. പിന്നീട് ആവശ്യമെന്ന് തോന്നിയപ്പോൾ എന്നെ അന്വേഷിച്ചു വന്നു. അത് ഓരോരുത്തരുടെയും ജന്മസ്വഭാവമാണ്. മുങ്ങിച്ചാകാൻ തുടങ്ങുന്ന ഒരു ഉറുമ്പിനെ കയ്യിലെടുത്ത് നിങ്ങൾ രക്ഷിക്കുന്നു. അ തേ നിമിഷം ആ ഉറുമ്പ് നിങ്ങളെ കടിച്ചിരിക്കും. അതാണ് ഉറുമ്പിന്റെ സ്വഭാവം. അതുപോലെയാണ് ചില മനുഷ്യരും.

ഈ കഥകളൊക്കെ അർജുനനോട് പറഞ്ഞിട്ടുണ്ടോ?

ഞാൻ വളർന്നു വന്ന സാഹചര്യം അവനറിയാം. അവന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം പറയാം. ഞങ്ങൾ എറണാകുളത്ത് ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. അർജുൻ എന്നോടു പറഞ്ഞു ‘കൂട്ടുകാർക്കൊക്കെ സൈക്കിൾ ഉണ്ട്.’ ഞാൻ പറഞ്ഞു ‘നിനക്കും ഒരു സൈക്കിൾ വാങ്ങാം’. ഞാൻ ഒരു സൈക്കിൾ വാങ്ങി കൊടുത്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ സൈക്കിൾ കാണാനില്ല.

ഞാൻ അർജുനോട് ചോദിച്ചു സൈക്കിൾ എവിടെ? അവൻ പറഞ്ഞു അവന്റെ ഒരു കൂട്ടുകാരന് കൊടുത്തു. രാവിലെ പത്രം ഇടാൻ പോയാണ് ആ കൂട്ടുകാരൻ അവന്റെ കുടുംബത്തെ നോക്കുന്നത്. അതിനുശേഷമാണ് അവൻ സ്കൂളിൽ വരുന്നത്. സൈക്കിൾ വാങ്ങാൻ നിവൃത്തിയില്ല. സൈക്കിളില്ലെങ്കിൽ ജീവിതം വഴിമുട്ടും. ഞാൻ തടസ്സം പറയുമോ എന്ന് പേടിച്ചാണ് അവൻ അത് പറയാതിരുന്നത്. അതു കേട്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു. ഞാൻ അവനെ കെട്ടിപ്പിടിച്ചു. മകനെ കുറിച്ച് എനിക്ക് അഭിമാനം തോന്നി.

ഈ അടുത്ത കാലത്ത് എന്റെ മകൾക്കും മരുമകനും ഗ ൾഫിലെ ഒരു ലോട്ടറി അടിച്ചു. ഞാൻ പറഞ്ഞു, അതിൽ ഒ രു കോടി രൂപ ബുദ്ധിമുട്ടുമുള്ളവർക്ക് കൊടുത്താൽ നന്നായി. ഞങ്ങളുടെ കുടുംബത്തിൽ തന്നെ ധാരാളം പേരുണ്ട് സഹായിക്കേണ്ടതായി.

harisree-22

ഇടയ്ക്ക് ഒരു ഇടവേളയുണ്ടായി. എന്തായിരുന്നു കാരണം ?

ഇടവേളയുണ്ടായി എന്നതു വാസ്തവം. പക്ഷേ, കാരണം അറിയില്ല. നമ്മൾ ഒരു ഹോട്ടൽ നടത്തുന്നു. കുറേപ്പേർ അ വിടെ സ്ഥിരമായി ആഹാരം കഴിക്കാൻ വരും. തൊട്ടപ്പുറത്ത് വേറൊരു ഹോട്ടൽ തുടങ്ങുന്നു. രുചിയുള്ള ഭക്ഷണം ആണെങ്കിൽ ആളുകൾ അങ്ങോട്ടു പോകും. അവിടെ മടുക്കുമ്പോൾ വേറെ അന്വേഷിക്കും. നമ്മുടെ വിഭവങ്ങളിൽ പുതുമ കൊണ്ടുവരിക, അല്ലെങ്കിൽ ഹോട്ടൽ പൂട്ടുക. അ തേയുള്ളൂ വഴി.

സിനിമാക്കാർ എന്നു പറഞ്ഞാൽ സമ്മേളനങ്ങൾക്ക് അതിഥികൾക്ക് കൊടുക്കുന്ന ബൊക്കെ പോലെയാണ്. ആ സമയത്ത് വലിയ സ്നേഹത്തോടെ കൊടുക്കും. വലിയ സ്നേഹത്തോടെ വാങ്ങും. പിന്നെ, ഏതെങ്കിലും മൂലയ്ക്ക് കിടക്കുന്നത് കാണാം. വെള്ളിവെളിച്ചത്തിൽ ഉണ്ടെങ്കിലേ സ്നേഹവും താരപ്രഭയും ഉള്ളൂ.

‘മിന്നൽ മുരളി’യിൽ വ്യത്യസ്ത കഥാപാത്രമായിരുന്നു. താടി ഇല്ലാത്ത അശോകനെ അധികം കണ്ടിട്ടില്ല?

താടി ഇല്ലാതെ വളരെകുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചില സിനിമകളിൽ താടിയില്ലാതെ അഭിനയിച്ചു. കഷ്ടകാലത്തിന് ആ സിനിമകളൊന്നും നന്നായി ഓടിയില്ല. അശോകന് താടി ഇല്ലാത്തതു കൊണ്ടാണ് സിനിമ ഓടാത്തതെന്ന് ആരോ പറഞ്ഞു. അതിനുശേഷം എനിക്ക് ബ്ലേഡിന്റെ കാശ് ലാഭമായി. എനിക്ക് താടി എടുക്കേണ്ടി വന്നിട്ടില്ല.

കൊച്ചിൻ ഹനീഫ മുതൽ കലാഭവൻ മണി വരെ താങ്കളോടൊപ്പം നിന്ന പലരും വിട്ടുപോയി?

വല്ലാത്ത നഷ്ടബോധം ഉണ്ട് എനിക്ക്. അവരിൽ പലരും എനിക്ക് താങ്ങും തണലും ആയിരുന്നു. കൊച്ചിൻ ഹനീഫയുടെ പൊട്ടിച്ചിരി ഒരു കെട്ടിപ്പിടുത്തം ആണെന്ന് ഞാ ൻ പലപ്പോഴും പറയാറുണ്ട്. ആ ചിരിയിൽ എല്ലാം ഉണ്ട്.

ഹനീഫയുടെ മിമിക്രി കണ്ട് അദ്ദേഹത്തെ അനുകരിച്ചാണ് ഞാൻ സ്റ്റേജിൽ എത്തുന്നത്. ഇവരെല്ലാം പോയപ്പോൾ അങ്ങനെയുള്ള കഥാപാത്രങ്ങൾ ഇല്ലാതായി.

മക്കളെ കൊണ്ട് വീട്ടിൽ ഇംഗ്ലിഷ് സംസാരിപ്പിക്കുന്നതാണ് അശോകന്റെ ഹോബി എന്ന് കേട്ടിട്ടുണ്ട്?

കേട്ടത് ശരിയാണ്. പത്താം ക്ലാസിൽ ഞാൻ പഠനം നിർത്തിയത് പഠിക്കാൻ മോശമായതുകൊണ്ടല്ല. സാഹചര്യം അങ്ങനെയായിരുന്നു. മക്കൾ പല ഭാഷ പഠിക്കുന്നതും അറിവു നേടുന്നതും സന്തോഷമുള്ള കാര്യമാണ്. ഇടയ്ക്ക് ഞാൻ മക്കളോടു പറയും. നിങ്ങൾ ഇത്തിരിനേരം ഇംഗ്ലിഷിൽ സംസാരിക്ക്. അച്ഛൻ കേൾക്കട്ടെ എന്ന്. അവർ സംസാരിക്കും. ഞാൻ കേട്ടിരിക്കും.

സിനിമാക്കാർ പലരും രാഷ്ട്രീയത്തിൽ ഇറങ്ങുന്ന കാലമാണ് അശോകനെയും പ്രതീക്ഷിക്കാമോ ഉടനെ?

കുട്ടിക്കാലത്ത് ഞാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പോ സ്റ്ററൊട്ടിക്കാൻ പോയിട്ടുണ്ട്. പശപ്പാത്രം ചുമക്കലാണ് പ്രധാന പണി. അത് പാർട്ടിയിലുള്ള വിശ്വാസം കൊണ്ടാ യിരുന്നുവെന്ന് പറഞ്ഞാൽ നുണയാകും. ‌വിശപ്പ് സഹിക്കാൻ വയ്യാത്ത കൊണ്ടായിരുന്നു.

പോസ്റ്റർ ഒട്ടിച്ചു കഴിഞ്ഞാൽ വയറുനിറയെ കപ്പ പുഴുങ്ങിയതും കട്ടൻ ചായയും കിട്ടും. എന്നെപ്പോലെ കപ്പ പുഴുങ്ങിയതിനുവേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവർ ഇ ന്നും കാണും. കാരണം പട്ടിണിക്കാർക്ക് ഇന്നും കുറവ് ഇല്ലല്ലോ. അവർ കുറയാനും പാടില്ലല്ലോ. എങ്കിലേ പോസ്റ്ററൊട്ടിക്കാൻ ധാരാളം ആളുകൾ ഉണ്ടാകൂ. എല്ലാ പാർട്ടിയിലും നല്ലവരുണ്ട്. എല്ലാ പാർട്ടിയിലും മോശക്കാരും ഉണ്ട്.

ഹരിശ്രീ അശോകനും അർജുൻ അശോകനും ഒരുമിച്ചുള്ള ഒരു സിനിമ ഉടൻ പ്രതീക്ഷിക്കാമോ?

ചർച്ചകൾ നടക്കുന്നു. അച്ഛനും മകനും ആയിട്ടാണോ അപ്പൂപ്പനും ചെറുമകനും ആയാണോ എന്നൊന്നും പറയാറായിട്ടില്ല.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ