Thursday 13 December 2018 02:50 PM IST

’ചേട്ടന്റെ സിനിമാ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ തുടങ്ങിയിട്ടേയുള്ളൂ’; ബിഗ് ബ്രദേഴ്സ് ഒരുമിച്ചപ്പോൾ!

Vijeesh Gopinath

Senior Sub Editor

indra087
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ ‌

ഫോട്ടോഷൂട്ടിനിടയിൽ പൃഥ്വിരാജിനോട് ചേർന്നു നിന്നപ്പോൾ ഇന്ദ്രജിത് ഒാർമച്ചുമരിൽ തൂക്കിയിട്ട ചില പഴയ ചിത്രങ്ങളെക്കുറിച്ചു പറഞ്ഞു. തിരുപ്പതിയിൽ നിന്നെത്തിക്കഴിഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്ന ‘രണ്ട് ഉണ്ണിമൊട്ടകളുടെ’ ഫോട്ടോ. തലയിൽ കളഭം തേച്ചിട്ടുണ്ട്. അന്ന് സ്കൂളിൽ പഠിക്കുന്നു രണ്ടാളും. മറ്റൊരു ഫോട്ടോയിൽ കുറച്ചുകൂടി മുതിർന്നിരിക്കുന്നു, ഒരേ പോലുള്ള വെളുത്ത ഷർട്ടിട്ട്, ടക് ഇൻ ചെയ്‍ത് അമ്മയുടെ ഇടതും വലതുമായാണിരിക്കുന്നത്. അടുത്ത ചിത്രത്തിൽ സുകുമാരനും മല്ലികയുമുണ്ട്. അതില്‍ പൃഥ്വിയുടെ കവിളിൽ തൊടുന്ന അച്ഛന്റെ സ്നേഹം. നടുക്ക് വലിയ കണ്ണട വച്ച് ‘പാവമായിരിക്കുന്ന’ ഇന്ദ്രജിത്.   

രണ്ടു ഭാവമുള്ള പുഴകളായി എത്ര വേഗമാണ് പിന്നീടിവർ സിനിമയുടെ കടലിലേക്ക് ഒഴുകിയെത്തിത്തുടങ്ങിയത്. ചടുലവേഗത്തിൽ കുത്തിയൊഴുകിയ പൃഥ്വിരാജിന്റെ യാത്രയെ അഹങ്കാരിയെന്നു വിമർശകരും ആൺകുട്ടിയെന്ന് ആരാധകരും  മാർക്കിട്ടു. ‘എനിക്കു മാർക്കിടേണ്ടത് ഇപ്പോഴല്ലെന്ന’ ഭാവത്തിൽ പൃഥ്വി ഒരു കൂസലുമില്ലാതെ പാഞ്ഞു. അപ്പുറത്തു ചേട്ടൻ പതിഞ്ഞ താളത്തിൽ തുടങ്ങി. വില്ലനിൽ നിന്ന് നായകനിലേക്ക്, ഇന്ദ്രനു മാത്രം കഴിയുന്ന താളത്തിലും വേഗത്തിലും സഞ്ചരിച്ചു. വട്ടുജയനായി വിറപ്പിച്ചും അന്തോണിയായി ചിരിപ്പിച്ചും. ഇപ്പോഴിതാ ടിയാനിൽ രണ്ടു പേരും കൈകോർത്ത് ഒഴുക്കു തുടരുന്നു..

ഇന്ദ്രനായിരുന്നു ആദ്യമെത്തിയത്, വോൾവോയുടെ ആഡംബര എസ്‌.യു.വി.യിൽ. പൃഥ്വി പതുക്കെയേ വരൂ എന്നാദ്യമേ പറഞ്ഞിട്ടുണ്ട്, സ്കൂളിൽ നിന്നു മകൾ അലംകൃത  തിരിച്ചെത്തണം,  പത്തുദിവസത്തേക്ക് ഷൂട്ടിനായി പുണെയിലേക്ക് പോകുകയാണ്. അപ്പോൾ മോളെ ഒരിക്കൽ കൂടി കണ്ടിട്ടിറങ്ങാനായി കാത്തു നിൽക്കുയാണ്. കാലം പൃഥ്വിരാജിനെ കുറച്ചു സോഫ്റ്റാക്കിയോ? ഒട്ടുമില്ല ഇന്റർവ്യൂവിനിടയിൽ ഇന്ദ്രൻ ഉത്തരത്തിന്റെ പൂത്തിരി കത്തിക്കുമ്പോൾ പൃഥ്വി കൊളുത്തിയിടുന്നത് കുഴിമിന്നൽ തന്നെ.

ആരാണ് കൂടുതൽ സെൻസിറ്റീവ്?

ഇന്ദ്രജിത്: ഞങ്ങൾ രണ്ടുപേരും സെൻസിറ്റീവാണ്. സങ്കടവും ദേഷ്യവും  പുറത്തുകാണിക്കാതെ ഉള്ളിലൊതുക്കി നടക്കുന്ന വരെ കണ്ടിട്ടില്ലേ? പൃഥ്വി അങ്ങനെ ഒരാളാണ്. കുട്ടിക്കാലത്ത് കരച്ചിൽ വരുമ്പോൾ പുറത്തു കാട്ടാതെ പിടിച്ചു വയ്ക്കും. പ്രതിസന്ധികളെ ബോൾഡായി നേരിടും. രാജുവിന്  ചില ചട്ടക്കൂടുകളുണ്ട്. ഞാൻ എല്ലാവരുമായും പെട്ടെന്ന് സൗഹൃദത്തിലാകും. എനിക്കിഷ്ടമല്ലാത്ത കാര്യം ആരെങ്കിലും പറഞ്ഞാൽ ഒരു പരിധിവരെ മൗനം പാലിക്കും. അയാളോടു വെറുതെ തർക്കിച്ച് വെറുപ്പുണ്ടാക്കുന്നതിനേക്കാളും ഭേദം അതാണെന്നോർക്കും. എന്നിട്ടു പതുക്കെ ‘നോ’ പറയും. രാജു പക്ഷേ, അങ്ങനെയല്ല. അഭിപ്രായം എന്തായാലും വെട്ടിത്തുറന്നു പറയും.

പൃഥ്വിരാജ്: ചേട്ടൻ കുറച്ചു കൂടി സെൻസിറ്റീവാണെന്നു തോന്നിയിട്ടുണ്ട്. ഒരോ സാഹചര്യവും കൈകാര്യം ചെയ്യുന്ന രീതിയിലാണ് വ്യത്യാസം. ഇഷ്ടമല്ലാത്ത കാര്യത്തിനോട് ‘പറ്റില്ല’ എന്നു തുറന്നു പറയാന്‍ തയാറായവരാണ് ഞങ്ങൾ. ആ സ്വഭാവം ആൾക്കാരിപ്പോൾ അംഗീകരിച്ചെന്നു തോന്നുന്നു. രണ്ടുപേരുടെ ജീവിതത്തിലും കുടുംബമാണ് വലുത്. അച്ഛനും അമ്മയും അതു പോലെയായിരുന്നു. ശക്തമായ വ്യക്തിത്വമുള്ള രണ്ടാളുകളായിരുന്നു അവർ. ജീവിതത്തിൽ എല്ലാ കാര്യത്തിനും അച്ഛനു സമയമുണ്ടായിരുന്നു. പഠനത്തിനും വായനയ്ക്കും എല്ലാം. അന്ന് അച്ഛൻ കുടുംബത്തെ ശ്രദ്ധിച്ചതു പോലെ ഇപ്പോൾ ഞങ്ങൾക്കു കഴിയുന്നില്ല. ആ അക്കാദമിക്  ഉയർച്ചയും അറിവിനു വേണ്ടിയുള്ള ആഗ്രഹങ്ങളും  ഒന്നും എനിക്കു കിട്ടിയിട്ടില്ല. അതുപോലെ അമ്മയ്ക്കുള്ള ഡിപ്ലോമസിയും എനിക്കില്ല. ഞങ്ങൾ പഠിച്ചതും വളർന്നതുമെല്ലാം ഒരേ സാഹചര്യത്തിലായിരുന്നെങ്കിലും  തികച്ചും വ്യത്യസ്തരായ രണ്ടു കഥാപാത്രങ്ങളെ പോലെയായി. അച്ഛനേയും അമ്മയെയും പോലെ.  
സൈനിക് സ്കൂളിൽ ഒരേ വർഷം പ്രവേശനം നേടിയവർ. 

indra098

സിനിമയിൽ കാണുന്ന പോലെ സ്കൂളിലൊരു  പ്രശ്നമുണ്ടാകുമ്പോൾ ഏട്ടൻ ചാടി വീഴാറുണ്ടായിരുന്നോ ?

ഇന്ദ്രജിത്: അങ്ങനെയൊരു സ്കൂളായിരുന്നില്ല അത്. അനിയനും ചേട്ടനുമൊക്കെ സ്കൂളിനു പുറത്ത്. ശനിയാഴ്ച പരസ്പരം കാണാം. മാസത്തിലൊരിക്കലേ വീട്ടിൽ പോകാനാവുകയുള്ളു. സ്വയം മോട്ടിവേറ്റഡ് ആവുക– അതാണ് പാഠം. അല്ലാതെ പരസ്പരം ആശ്രയമാകുക– അതുപോലുള്ള ദുർബലമായ വികാരങ്ങൾക്കൊന്നു അവിടെ സ്ഥാനമില്ല.
സ്കൂളിലെ പല പ്രോഗ്രാമുകളിലും രണ്ടു പേർക്കും സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്.  ഒരേ വർഷം ‘പെഹ്‌ ലാ നഷാ..’ എന്ന അക്കാലത്തെ ഹിറ്റ്  പാട്ടുപാടി സബ്ജൂനിയർ വിഭാഗത്തിൽ രാജുവും ജൂനിയർ വിഭാഗത്തിൽ ഞാനും  സമ്മാനം വാങ്ങിയിട്ടുണ്ട്. പക്ഷേ, സൈനിക് സ്കൂൾ ഒാർമകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് മാർക്ക് ആന്റണിയായി ഞാനഭിനയിച്ച  ഏകാംഗ നാടകമായിരുന്നു. ഒരു നടനിലേക്കുള്ള ആദ്യ തോന്നൽ എന്നൊക്കെ പറയാം. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ. അതു കാണാനായി അച്ഛനുമമ്മയും വന്നിരുന്നു. അച്ഛനവസാനമായി കണ്ട എന്റെ പെർഫോമെൻസ് അതാകും. അതു കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലായിരുന്നു അച്ഛന്റെ വേർപാട്.

അസുഖത്തിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. മൂന്നാറിലേക്ക് ഒരവധിക്കാല യാത്ര പോയതായിരുന്നു ഞങ്ങൾ. പത്താം ക്ലാസിലായതു കൊണ്ട് രാജു വന്നില്ല. അവിടെ വച്ചാണ് അച്ഛനാദ്യമായി പുറംവേദന വരുന്നത്, അതോടെ യാത്ര അവസാനിപ്പിച്ച്  ഞങ്ങൾ തിരുവനന്തപുരത്തേക്കു മടങ്ങി. കൊച്ചിയിലെത്തിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ആയിരുന്നെന്ന് അപ്പോഴാണു തിരിച്ചറിഞ്ഞത്.  മൂന്നു ദിവസം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു പോരാനൊരുങ്ങുമ്പോൾ അടുത്ത അറ്റാക്ക്. അതോടെ... രണ്ടു കുട്ടികളെ ചേർത്തു പിടിച്ച് അമ്മ എല്ലാ ശക്തിയോടെയും നിന്നു. ഞങ്ങൾ പരസ്പരം തണലാകുകയായിരുന്നു. അപ്പോഴും അമ്മയും രാജുവുമായിരുന്നു ബോൾഡ്.

പൃഥ്വിരാജ്: അച്ഛനുണ്ടായിരുന്നെങ്കിലെന്ന് എല്ലായ്പോഴും തോന്നാറുണ്ട്. ഞങ്ങളുടെ വിജയമൊക്കെ അച്ഛൻ ശരിക്കും ആസ്വദിച്ചേനെ. ഞങ്ങൾ രണ്ടാളും  ഞങ്ങളുടേതായ രീതിയിൽ വിജയിച്ചവരാണ്. സിനിമയില്‍ രണ്ടുപേരും രണ്ടു പാതകളിലാണു പോകുന്നത്. ചിലപ്പോള്‍ അതിൽ നിന്നു മാറി ഒരുമിച്ചു സിനിമകൾ ചെയ്യുന്നു, അതു പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നു. ഇതിലൊക്കെ  അച്ഛനൊരുപാട് അഭിമാനം തോന്നിയേനെ.

ടിയാനില്‍ അച്ഛനും കൊച്ചച്ഛനുമൊപ്പം നക്ഷത്ര അഭിനയിച്ചതിന്റെ സന്തോഷങ്ങളെന്തെല്ലാമാണ് ?

പ‍ൃഥ്വിരാജ്: ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നതിന്റെ പേടിയൊന്നും നക്ഷത്രയ്ക്കില്ലായിരുന്നു. പുതിയ തലമുറയിലെ കുട്ടികൾക്കുള്ള ആത്മവിശ്വാസം വലുതാണ്. കുറേ ആൾക്കാർ മുന്നിൽ നിൽക്കുമ്പോൾ സംസാരിക്കാനും  അഭിനയിക്കാനുമൊക്കെയുള്ള മടിയും ചമ്മലുമൊന്നുമറിയാതെയാണ് അവർ വളരുന്നത്. പ്രാർഥനയും  നക്ഷത്രയും അലംകൃതയും ഒരുമിച്ചിരിക്കുന്നതു വല്ലപ്പോഴുമാണ്. ഒരുമിച്ചു കൂടുമ്പോൾ നച്ചുവിനെ–നക്ഷത്രയോടു കുസൃതി കാണിക്കുക എന്നതാണ് മോളുടെ ഏറ്റവും വലിയ ഹോബി.

ഇന്ദ്രജിത്: വീട് ‘പെൺപുലികൾ’ കവർന്നു കഴിഞ്ഞു. എനിക്കു രാജുവിനും മാത്രമല്ല, കസിന്‍സിനും കൂടുതൽ പെൺകുട്ടികൾ തന്നെയാണ്. ഗേൾ ഗാങ് തന്നെയുണ്ട്. എല്ലാവരും കൂടിച്ചേരുമ്പോഴുള്ള കുസൃതി കാണുമ്പോൾ അവരുടെ പ്രായത്തിൽ നമ്മളൊക്കെ എത്രയോ പാവമായിരുന്നെന്നു തോന്നും. മൂത്തമോൾ പ്രാർഥന എട്ടാം ക്ലാസിലായി.  പ്രാർഥനയ്ക്ക്  പാട്ടിനോടാണു താൽപര്യം. നക്ഷത്ര അവിചാരിതമായാണ് ടിയാനിലേക്കെത്തുന്നത്.  ഞാനും  മുരളി ഗോപിയും സംവിധായകൻ  കൃഷ്ണകുമാറും ടിയാനെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു. അപ്പോഴാണ് സ്കൂളിൽ നിന്ന് നക്ഷത്രയെത്തുന്നത്. ആ വരവു കണ്ടപ്പോൾ ‘ടിയാനിലേ കുട്ടിയുടെ റോളിലേക്ക് മോളെ തിരഞ്ഞെടുത്താലോ’ എന്ന് ടിയാന്റെ തിരക്കഥാകൃത്തുകൂടിയായ മുരളി ചോദിച്ചു. അല്ലാതെ ഞാനും പൃഥ്വിയുമുള്ള സിനിമയിലേക്ക് പ്ലാൻ ചെയ്ത് അഭിനയിപ്പിച്ചതൊന്നുമല്ല.  

അവളാദ്യമായി ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോൾ അച്ഛനെന്ന നിലയിൽ നല്ല പേടിയുണ്ടായിരുന്നു. പക്ഷേ, നക്ഷത്രയിൽ ഒരാർട്ടിസ്റ്റുണ്ടെന്നു തിരിച്ചറിഞ്ഞതോടെ അതു മാറി. മലയാളത്തിൽ നിന്നു കൊണ്ട് ഇന്ത്യയുടെ സിനിമ, അതാണു ടിയാൻ. കഥകേട്ട് ആവേശത്തോടെ ഞാൻ രാജുവിനെ വിളിച്ചു. അതേ ത്രില്ലോടെയാണ് രാജു അതിന്റെ തിരക്കഥ വായിച്ചത്. ഇതുവരെ ചർച്ചചെയ്യപ്പെടാത്ത വിഷയവും അതു പറഞ്ഞ രീതിയുമൊക്കെ ഞങ്ങളെ അദ്ഭുതപ്പെടുത്തി.

ജീവിതത്തിൽ ഏട്ടൻ ഒരു ഹീറോ ആയി തോന്നിയത് എപ്പോഴൊക്കെയാ‌യിരിക്കും?

പ‍ൃഥ്വിരാജ്: എല്ലാ അനുജന്മാർക്കും ഒരു ഘട്ടത്തിൽ ഏട്ടൻ ഹീറോ ആയി തോന്നും. എനിക്കും തോന്നിയിട്ടുണ്ട്. അതു പോലെ ഏതു മക്കൾക്കും അച്ഛൻ ഹീറോ ആയി മാറിയ നിമിഷങ്ങളുമുണ്ടാകാം. എന്റെ ജീവിതത്തിലും അത്തരം തോന്നലുകളുണ്ടായിട്ടുണ്ട്. പ്രത്യേക സംഭവം കൊണ്ടായിരിക്കില്ല. ചേട്ടൻ ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കുക, ഒരു പോലുള്ള ഉടുപ്പുകളിടുക. അതൊക്കെ ഞാനും ചെയ്തിട്ടുണ്ട്. ഇപ്പോഴും ജീവിതത്തിലെ സന്തോഷവും സങ്കടവും എല്ലാം ഷെയർ ചെയ്യുന്നത് ഏട്ടനോടാണ്. ഞാനും ഏട്ടനും അമ്മയുമടങ്ങുന്ന ഒരു കുഞ്ഞുഫാമിലിയല്ലേ ഞങ്ങളുടേത്. അപ്പോൾ ജീവിതത്തിലെ എല്ലാ കാര്യവും പരസ്പരം പങ്കുവയ്ക്കാറുണ്ട്.

indra-prithvi
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ ‌

സിനിമയില്‍ പൃഥ്വിരാജിന്റേതു പോലെ ഒരു തുടക്കം ഇന്ദ്രജിത്തിനു കിട്ടിയില്ലെന്നു തോന്നിയിട്ടുണ്ടോ?

പൃഥ്വിരാജ്: കരിയറിന്റെ തുടക്കത്തിൽ ഞാൻ ഭാഗ്യവാനാണെന്നു വിശ്വസിക്കുന്നു. കുറച്ചു കൂടി സ്ഥിരതയുണ്ടായിരുന്നു. വലിയ സംവിധായകരുടെ കൂടെ, നിർമാതാക്കളുടെ കൂടെ സിനിമകൾ ചെയ്യാനായി. ഞങ്ങളൊക്കെ വന്നപ്പോൾ ചില സംവിധായകരുടെ, പ്രൊഡക്‌ഷൻ കമ്പനിയുടെ  സിനിമയിൽ അഭിനയിക്കുക  എന്നതായിരുന്നു വലിയ ഭാഗ്യവും നേട്ടവുമായി കരുതിയിരുന്നത്, ആഗ്രഹമായി കൊണ്ടു നടന്നത്.  

അതു ശരിക്കും അനാരോഗ്യകരമായിരുന്നു, അതു മാറിക്കഴിഞ്ഞു. ഇന്നാരാണ് സംവിധായകൻ എന്നത് വിഷയമല്ലാതായിരിക്കുന്നു. ഫാൻസ് ഉള്ള സംവിധായകരൊക്കെ ഉണ്ടാവും, പക്ഷേ, ആത്യന്തികമായി സിനിമ നന്നായാൽ മതി. പ്രേക്ഷകർ അങ്ങനെയാണ് കരുതുന്നത്. ഇങ്ങനെയൊരു സമയത്താണ് ഞാൻ കരിയർ തുടങ്ങേണ്ടിയിരുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്.

ചേട്ടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് എന്റെ വിശ്വാസം. ഇനിയാണ് ഇന്ദ്രജിത് എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിക്കുന്ന സിനിമകൾ ഉണ്ടാകുക, എങ്ങനെയാണ് ആ നടനെ എക്സ്പ്ലോയിറ്റ് ചെയ്യേണ്ടതെന്നു തിരിച്ചറിഞ്ഞ സംവിധായകർ ഉണ്ടാകുക...

ഇന്ദ്രജിത്: തുടക്കത്തിൽ, വലിയ സംവിധായകരുടെ  സിനിമകൾക്കായി കാത്തിരുന്നെങ്കിൽ ചിലപ്പോൾ കിട്ടിയേനെ. പക്ഷേ, അതു വേണ്ട എന്നു ഞാൻ ഉറപ്പിച്ചു. കുറച്ചു ലോങ് റൂട്ട് എടുക്കാനായിരുന്നു തീരുമാനം. എന്റെ യാത്ര രാജുവിനെക്കാളും കഠിനമായിരിക്കും എന്നപ്പോൾ അറിയാമായിരുന്നു. എങ്കിലും തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു.
ദൈവാധീനമാകാം, തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ എനിക്കു കിട്ടിത്തുടങ്ങി. ‘മീശമാധവൻ’ കഴിഞ്ഞ ഉടൻ അഭിനയിക്കുന്നത് ‘മിഴി രണ്ടിലും’ ആയിരുന്നു. പിന്നീടും അങ്ങനെയായിരുന്നു.

ഈ നടൻ ഒരു നല്ല അഭിനേതാവാണ് എന്നഭിപ്രായം പ്രേക്ഷകമനസ്സിൽ കിട്ടുന്നത് അത്ര എളുപ്പമല്ല. കിട്ടിക്കഴിഞ്ഞാൽ പെട്ടെന്നിറങ്ങിപ്പോകുകയുമില്ല. പണ്ടു ചെയ്ത കഥാപാത്രങ്ങളുടെ ‘റിട്ടേൺസ്’ ഇന്നാണു കിട്ടിത്തുടങ്ങിയത്.  ഇപ്പോൾ ഞാനെവിടെ എത്തി നിൽക്കുന്നുവോ ആ യാത്ര തന്നെയാണ് ഞാനുദ്ദേശിച്ചതും.  അന്നെടുത്ത തീരുമാനങ്ങൾ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു.

മകളുണ്ടായിക്കഴിഞ്ഞു പൃഥ്വി അൽപം മാറിയോ?

പൃഥ്വിരാജ്: അങ്ങനെ എടുത്തു പറയാവുന്ന മാറ്റങ്ങളൊന്നുമില്ല. ജീവിതം എന്നു പറയുന്നത് ഒരൊഴുക്കല്ലേ? കാമുകനാകുക, ഭർത്താവാകുക, അച്ഛനാകുക എന്നതൊക്കെ അതിനിടയിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്. ഒരു കുഞ്ഞുണ്ടായപ്പോഴാണ് എന്നിലുണ്ടെന്ന് എനിക്കുപോലുമറിയാത്ത ‘ക്ഷമയുടെയും സഹിഷ്ണുതയുടെയും’ ചില മുഖങ്ങൾ ഞാൻ കണ്ടുതുടങ്ങിയത്. മോളുടെ കുഞ്ഞുവികൃതികൾ കണ്ട് ഞാൻ ചിരിച്ചുകൊണ്ടിരിക്കുന്നതു കാണുമ്പോൾ സുപ്രിയയ്ക്ക് വലിയ അദ്ഭുതമാണ്. അതൊരു മാറ്റമായിരിക്കാം.
അവൾ ആദ്യമായി സ്കൂളിലേക്ക്  പോയപ്പോൾ എനിക്ക് വലിയ ടെൻഷനായിരുന്നു. മൂന്നുമണിക്കൂറോളം നേരം അവൾക്കു പരിചയമില്ലാത്ത സ്ഥലത്ത് ഇരിക്കുമ്പോൾ എങ്ങനെയായിരിക്കും എന്ന ഉത്കണ്ഠ. അവൾക്കു പക്ഷേ, ഒരു കുഴപ്പവുമില്ലായിരുന്നു.

പൃഥ്വിയുടെ ഫെയ്സ്ബുക്  പോസ്റ്റുകൾ മനസ്സിലാക്കാൻ ഇംഗ്ലിഷ് –മലയാളം നിഘണ്ടു വേണമെന്നാണല്ലോ ട്രോളന്മാർ പറയുന്നത്?

പൃഥ്വിരാജ്: ഞാനെഴുതുന്നത് വലിയ ലേഖനങ്ങളാണെന്നു വിശ്വാസമില്ല. എന്റെ ചില അഭിപ്രായങ്ങൾ, പ്രസ്താവനക ൾ മാത്രമാണത്. പഠിച്ച ചുറ്റുപാടുകൾ കൊണ്ടും വായിച്ച പുസ്തകങ്ങൾ കൊണ്ടുമാകാം ഇംഗ്ലിഷിൽ എഴുതുന്നത്. വ ളരെ നന്നായി മലയാളം എഴുതാനും വായിക്കാനും അറിയുന്ന ആളാണു ഞാൻ. എങ്കിലും ചിന്തകൾ വാക്കുകളിലേക്കു മാറ്റുമ്പോൾ കൂടുതൽ സൗകര്യം ഇംഗ്ലിഷാണ്. ഇതെന്റെ അധ്യാപ കരുടെ ഗുണമായിരിക്കാം. അല്ലെങ്കിൽ ദോഷമായിരിക്കാം. അ തുമല്ലെങ്കിൽ വായിച്ച പുസ്തകങ്ങളുടെ ‘കുഴപ്പമായിരിക്കാം’. എന്റെ ഇംഗ്ലിഷ് അത്ര കടുകട്ടിയാണെന്ന് തോന്നിയിട്ടില്ല. പോസ്റ്റ് ചെയ്യും മുമ്പ് ഒന്നുകൂടി വായിച്ചു നോക്കി വീണ്ടും തിരുത്തി അങ്ങനെയൊന്നുമല്ല. ടൈപ് ചെയ്യുന്നു, ഉടൻ പോസ്റ്റ് ചെയ്യുന്നു അത്രയേേയുള്ളു.

indra056
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ ‌

ഇന്ദ്രജിത്: ആറാം ക്ലാസിൽ രാജു എഴുതിയ ഒരു കവിത വീട്ടിലിപ്പോഴുമുണ്ട്. അതിലെ വാക്കുകൾ വായിച്ച് അന്നു കൂടെ പഠിക്കുന്നവർ ഞെട്ടിയതാണ്. ആ പ്രായത്തിലുള്ള കുട്ടി  എഴുതിയതാണെന്ന് പലർക്കും വിശ്വസിക്കാനായില്ല

പൃഥ്വിരാജ്: അന്നു ഫെയ്സ്ബുക്കൊന്നും  ഇല്ലാത്തതു ഭാഗ്യം. ഫെയ്സ്ബുക്  പേജിലെ പോസ്റ്റുകൾക്കു താഴെ വരുന്ന പല കമന്റുകളും വായിച്ച് ഞാൻ പൊട്ടിച്ചിരിക്കാറുണ്ട്. ദയവു ചെയ്തു നിർത്തരുത് വീണ്ടും വീണ്ടും എഴുതൂ...

പൂർണിമയും സുപ്രിയയും രണ്ടുപേർക്കും എ പ്ലസ് തരുന്നത് എന്തിനൊക്കെയായിരിക്കും ?

പൃഥ്വിരാജ്: ഞാനും സുപ്രിയയും അങ്ങനെ ഗ്രേഡിടു‍ന്ന ഭാര്യാഭർത്താക്കന്മാരല്ല.  രണ്ടുപേരും വിവാഹം എന്ന ‘കൺസപ്റ്റിന്റെ നിയോമോഡേൺ’ ലോകത്തു ജീവിക്കുന്നവരാണ്. തുല്യ പങ്കാളികളാണ് ഞങ്ങൾ.  ഞാൻ വിവാഹം കഴിച്ചത് ഏറ്റവും അടുത്ത സുഹൃത്തിനെയാണ്. എന്റെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാര്യങ്ങളും പറയാനായി തിരഞ്ഞെടുക്കുന്ന സുഹൃത്തും ഇപ്പോഴും സുപ്രിയയാണ്. ജീവിതത്തിലൊരു സന്തോഷമുണ്ടാകുമ്പോൾ ഭാര്യയിൽ നിന്ന് ഒാടിപ്പോയി മറ്റു പലർക്കുമൊപ്പം അതാഘോഷിക്കേണ്ട ആവശ്യം എനിക്കില്ല.
സുപ്രിയ അവരുടെ ജേണലിസം കരിയർ താൽക്കാലികമായി വേണ്ട എന്നു വച്ചതുകൊണ്ടാണ് എനിക്കു സിനിമകൾ ചെയ്യാനാകുന്നത്. മോള്‍ വളരുന്നതു വരെ ഫ്രീലാൻസായി എഴുതാനാണു സുപ്രിയ തീരുമാനിച്ചിരിക്കുന്നത്. ഒാൺലൈൻ പോർട്ടലുകൾക്കും ബിബിസി ഒാൺലൈനു വേണ്ടിയും വീണ്ടും എഴുതി തുടങ്ങിയിട്ടുണ്ട്.

ഇന്ദ്രജിത്: എന്റെ ബാച്ചിൽ ആദ്യം വിവാഹം കഴിക്കുന്നത് ഞാനാണ്. ഇരുപത്തിമൂന്നാം വയസ്സിൽ.  അതോടെ ജീവിതം മാറി എന്ന തോന്നൽ ഒരിക്കലും എനിക്കും പൂർണിമയ്ക്കും  ഉണ്ടായിട്ടില്ല. പഴയ ജീവിതം അതിന്റെ തുടർച്ചയായി ജീവിക്കുന്നു അത്രയേയുള്ളൂ.

രണ്ടു പേരും ഒരേ കാലത്ത് നായകന്മാരായി. എന്തുകൊണ്ടാകും നിങ്ങൾക്കിടയിൽ മത്സരങ്ങളില്ലാതെ പോയത്?

പൃഥ്വിരാജ്: മലയാള സിനിമയിൽ മത്സരിക്കാൻ മാത്രം തിരക്ക് ഇപ്പോഴുമില്ല എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. ഒരു വർഷം ഏതാണ്ട് നൂറ്റമ്പതോളം സിനിമകൾ ഉണ്ടാകുന്നു.  നായകന്മാർ എന്നു പറയുമ്പോൾ മനസ്സിലേക്കു വരുന്ന എത്ര നടന്മാരുണ്ടാകും? പത്തുപേർ എന്നു വച്ചോളൂ. ഒരാൾ തുടർച്ചയായി ചെയ്താലും ഒരു വർഷം അഞ്ചു സിനിമകൾ ചെയ്യാനാകും. അപ്പോഴും ബാക്കി 145 സിനിമകളില്ലേ? പിന്നെന്തിനു മത്സരിക്കണം? ഞാനിപ്പോൾ അഭിനയിക്കുന്ന  സിനിമകൾ രണ്ടരവർഷം മുമ്പ് കരാറൊപ്പിട്ടവയാണ്. എന്നെ ആവശ്യമാണെന്ന് അതിന്റെ സംവിധായകനും നിർമാതാവും വിചാരിച്ചതു കൊണ്ടാണല്ലോ ഇത്രയും നാളവർ കാത്തിരുന്നത്.  

indra-prithvi4
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ ‌

ഇന്ദ്രജിത്:  ഏതു സിനിമയായാലും കഥാപാത്രത്തിന് അനുസരിച്ചാണ് ഞങ്ങൾ രണ്ടാളും ഒരുമിച്ചെത്തുന്നത്. അല്ലാതെ അവർ ചേട്ടനും അനുജനുമാണ് എന്നാലെടുത്തേക്കാം  എന്നുള്ള തു കൊണ്ടല്ല. ഒരുമിച്ചഭിനയിക്കുമ്പോൾ ഒരു ഗിവ് ആന്‍ഡ് ടേക്ക് രണ്ടുപേരിലുമുണ്ട്. നമ്മൾ വിചാരിച്ചാൽ മാത്രം ചെയ്യാവുന്ന ഒന്നല്ല സിനിമ അതു നമ്മളിലേക്ക് എത്തിച്ചേരണം.  ടിയാന്‍ അത്തരമൊരു സിനിമയാണ്. വളരെ പതുക്കെ എന്നിലേക്കെത്തിയ സിനിമ.

അഹങ്കാരിയെന്നും ചങ്കൂറ്റമുള്ളവനെന്നും വിളിച്ച് അകറ്റി നിർത്തിയ പലരും ഇഷ്ടപ്പെടാൻ തുടങ്ങിയോ?

പൃഥ്വിരാജ്: എനിക്കറിയില്ല. വർഷങ്ങൾക്കു മുമ്പ് മനോരമ ന്യൂസിലെ ‘നേരെ ചൊവ്വേ’യിൽ വന്ന അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ സുഹൃത്ത് അയച്ചു തന്നു. അടുത്ത പത്തുവർഷം കഴി‍ഞ്ഞ് ഞാൻ ചെയ്യുമെന്നു പറഞ്ഞ ആഗ്രഹങ്ങളെക്കുറിച്ച് അതിൽ പറയുന്നുണ്ട്. എനിക്കിഷ്ടമുള്ള സിനിമകൾ ചെയ്യണം, സിനിമ സംവിധാനം ചെയ്യണം, നല്ല സിനിമകൾക്കു പണം മുടക്കുന്ന നിർമാതാവാകണം.. ദൈവാനുഗ്രഹത്താല്‍. ഇതൊക്കെ സാധിച്ചുകൊണ്ടിരിക്കുന്നു.

അന്നിതു കേട്ട് വലിയ വായില്‍ സംസാരിക്കുന്നു എന്നു പറഞ്ഞവർക്ക് ഞാനിതിനൊക്കെ വേണ്ടി ശ്രമിക്കുന്നു എന്നു തോന്നിയിരിക്കാം. അതാകാം അവർ മാറിയത്. എനിക്കിപ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യമുണ്ട്. എനിക്കിഷ്ടപ്പെട്ട സിനിമ, അതു ചെയ്യേണ്ട രീതിയിൽ ചെയ്യാനാകുന്നു. ഇത് ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. കരിയറിലുടനീളം ഈ അവസ്ഥ തുടർന്നാൽ മതി എന്നാണ് ആഗ്രഹിക്കുന്നത്, അല്ലാതെ ഇതിനേക്കാള്‍ വലിയ താരമാകണമെന്നോ ഒന്നുമില്ല.

indra211