Saturday 29 September 2018 03:02 PM IST

ചെന്പരത്തിയിലെ ആ ശോഭന ഇന്ന് ഇങ്ങനെ! പ്രശസ്ത നടന്റെ അമ്മ

V.G. Nakul

Sub- Editor

shobana

ഹൈദരാബാദിൽ ബൻജാര ഹിൽസ് എ. എൽ.എ കോളനിയിലെ സെവൻ ഹി ൽസ് എന്ന വീടിന്റെ വാതിൽ തുറന്നത് ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ താരനായികയായിരുന്ന റോജാ രമണിയാണ്. ആ േപരു പറഞ്ഞാൽ മലയാളികൾ തിരിച്ചറിയില്ല. അവരോടു ‘ചെമ്പരത്തി ശോഭന’ എന്നു തന്നെ പറയണം. മലയാള സിനിമയുടെ ചരിത്രത്തിൽ നിത്യവിസ്മയമായ ‘ചെമ്പരത്തി’യിലെ നായിക. ‘പുഷ്പപാദുകം പുറത്തു വയ്ക്കു നീ, നഗ്നപാദയായ് അകത്തു വരൂ...’ എന്ന് നായകന്‍ അേപക്ഷിക്കുന്ന ‘ചക്രവര്‍ത്തിനി.’

IMG_3378

ബാലനടിയായി തുടങ്ങി നായികയായി വളർന്ന് പതിനാറു വർഷം തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു േശാഭന. മലയാളത്തിൽ ഇരുപതിലധികം ചിത്രങ്ങൾ. പുരസ്ക്കാരങ്ങളും അംഗീകാരങ്ങവും നിറഞ്ഞ അഭിനയ ജീവിതം. ഒറിയ സിനിമയിലെ താരരാജാവായ ചക്രപാണിയെ വിവാ ഹം കഴിച്ച് സിനിമ വിട്ട അവർ ഡബ്ബിങ് ആർട്ടിസ്റ്റായി മടങ്ങി വന്നു. അവിടെയും മിന്നും താരമായി. തെലുങ്കിലെ യുവനായകൻ തരുണിന്റെ അമ്മ എന്ന നിലയിലാണ് പിന്നീടു ശ്രദ്ധ നേടിയത്. തരുൺ നായകനായ ‘പ്രണയമായ്’ വൻ വിജയമായിരുന്നു. അപ്പോഴും േശാഭന കാണാമറയത്തു തന്നെ നിന്നു. 37 വർഷങ്ങൾക്കു ശേഷം അവർ ഒരു മലയാള മാധ്യമത്തോടു സംസാരിക്കുന്നു. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ ചരിത്ര സന്ദർഭത്തിൽ.

‘‘അവസാനമായി കേരളത്തിലേക്കു വന്നതു പോലും 37 വ ര്‍ഷം മുന്‍പാണ്. മേനക സുരേഷ്, വിധുബാല തുടങ്ങി ചിലരുമായി മാത്രം സംസാരിക്കാറുണ്ട്. ‘വനിത’ പോലൊരു പ്രസിദ്ധീകരണത്തില്‍ നിന്ന് എന്നെ തേടി വന്നതു തന്നെ വലിയ അതിശയം.’’ േശാഭന പറയുന്നു. ‘‘ചെമ്പരത്തി സിനിമയും ‘ചക്രവർത്തിനി’ എന്ന പാട്ടുമൊക്കെ മലയാളികൾ മറന്നിട്ടില്ല എന്നറിയുമ്പോൾ വളരെ സന്തോഷം. മലയാളത്തില്‍ നിന്ന് അഭിമുഖത്തിന് ആളു വരുന്നു എന്നു പറയുമ്പോഴുള്ള എന്റെ സന്തോഷം കണ്ടു വീട്ടിലെല്ലാവരും അതിശയപ്പെടുകയായിരുന്നു. ‘എന്താ ഇത്രയും എക്സൈറ്റ്മെന്റ്? എത്രയോ അഭിമുഖങ്ങൾ കഴിഞ്ഞിരിക്കുന്നു’ എന്നാണവർ ചോദിച്ചത്. പക്ഷേ, എന്നെ സംബന്ധിച്ചു ഇതു വളരെ സവിശേഷമാണ്.’’ വാക്കുകളില്‍ സന്തോഷത്തിളക്കം. പിന്നെ തെലുങ്കിന്റെ കലർപ്പുള്ള മലയാളത്തിൽ അവർ പതിയെ പാടി. ‘ചക്രവർത്തിനീ നിനക്കു ഞാനെന്റെ.... ’

എവിെടയായിരുന്നു ഇത്രയും കാലം... ?

IMG_7623

വിവാഹത്തോടെയാണ് ഞാൻ സിനിമ വിട്ടത്. പിന്നെ അഭിനയിച്ചിട്ടേയില്ല. 1967 ലാണ് ബാലനടിയായി ആദ്യ സിനിമയില്‍ അഭിനയിക്കുന്നത്, ‘ഭക്തപ്രഹ്ലാദ’. അന്നു മുതൽ വിവാഹം വരെ സിനിമയുടെ തിരക്കിലായിരുന്നു. 135 സിനിമയിൽ അഭിനയിച്ചു. കല്യാണത്തിനു ശേഷം കുറച്ചു കാലം മാറി നിന്ന ശേഷം മടങ്ങിവരാം എന്നാണു കരുതിയത്. പക്ഷേ, മോനു ണ്ടായതോെട അതിന്റെ തിരക്കുകളിലായി. അതിനിടയിൽ തെലുങ്കിൽ നിന്നു ഡബ്ബിങ്ങിന് അവസരം വന്നു. തുടർച്ചയായി വീട്ടിൽ നിന്നു മാറി നിൽക്കണ്ട, പുറത്തേക്കു പോകണ്ട, ഷെഡ്യൂളില്ല, വെറുതേ ഒരു സമയംപോക്കാകുമല്ലോ എന്നു കരുതിഡബിങ് തുടങ്ങി. സുഹാസിനിക്കു വേണ്ടിയാണ് ആദ്യം ശ ബ്ദം നൽകിയത്. ആ സിനിമ വലിയ ഹിറ്റായി. അതോടെ തെലുങ്കിൽ സുഹാസിനിക്കു ധാരാളം അവസരങ്ങൾ വന്നു. തുടർച്ചയായി 20 സിനിമകളിൽ ഞാനവർക്കു ശബ്ദം നൽകി. ആ സമയത്ത് മറ്റു ഭാഷകളിൽ നിന്നു ധാരാളം നായികമാർ തെലുങ്കിലേക്കു വന്നു. അവർക്കൊക്കെ ഞാനാണ് ശബ്ദം നൽകിയത്. അങ്ങനെ ടൈംപാസായി തുടങ്ങിയ ഡബ്ബിങ് കരിയറായി മാറി. തുടർച്ചയായി 18 വർഷം 500 സിനിമകള്‍.

ആറാം വയസ്സില്‍ സിനിമയില്‍. എങ്ങനെയായിരുന്നു തുടക്കം ?

ആന്ധ്രയിലെ രാജമുണ്ട്രിയിലാണ് ജനിച്ചത്. കുട്ടിക്കാലത്തു തന്നെ ചെന്നെയിലേക്കു വന്നു. ഒരു ദിവസം ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഒരു നീല വാൻ വന്നു പരിസരത്തുള്ള കുട്ടികളൊക്കെ കയറുന്നു. അതു കണ്ടു ഞാനും കയറി. പക്ഷേ, വാനുമായി വന്ന ആൾ ലിസ്റ്റിൽ പേരില്ല എന്നു പറഞ്ഞ് എന്നെ ഇറക്കി വിട്ടു. എനിക്കാകെ വിഷമമായി.

എ.വി.എം സ്റ്റുഡിയോയിൽ ‘ഭക്തപ്രഹ്ളാദ’യെന്ന സിനി മയുടെ ടെസ്റ്റിനു വേണ്ടിയാണ് അവരെയൊക്കെ കൊണ്ടു പോയതെന്ന് പിന്നീടറിഞ്ഞു. മൂന്നു നാലു ദിവസം കഴിഞ്ഞ് അച്ഛന്‍ ഞങ്ങളെ എ.വി.എം സ്റ്റുഡിയോ കാണിക്കാൻ കൊണ്ടു പോയി. അവിടേക്കു ചെന്നതും പ്രായമായ ഒരാൾ ഒാടി വന്ന് ‘‘ആഹാ, പ്രഹ്ളാദ കാരക്ടറിനു വേണ്ടി വന്നതാണല്ലേ?’’എന്നു ചോദിച്ചു.

പ്രഹ്ലാദനായി അഭിനയിക്കാന്‍ ഒരു കുട്ടിയെ കിട്ടാതെ ചിത്രീകരണം വൈകുന്ന സമയമായിരുന്നു അത്. ‘ഞങ്ങൾ സ്റ്റുഡിയോ കാണാൻ വന്നതാണെന്നു’ പറഞ്ഞെങ്കിലും പുള്ളി വിടുന്നില്ല. എന്നെ വിളിച്ചു കൊണ്ടു പോയി, പാട്ടു പാടിച്ചു, ഡാന്‍സ് െചയ്യിച്ചു. കുേറ ഫോട്ടോകളും എടുത്തു. പിന്നെ മൂന്നു ദിവസം കഴിഞ്ഞു വീണ്ടും സ്റ്റുഡിയോയിലേക്കു വിളിപ്പിച്ചു. ആൺകുട്ടിയുെട രൂപത്തിൽ പുതിയ ഫോട്ടോയെടുപ്പ്. അതിനുേശഷം ഫുൾ കോസ്റ്റ്യൂമിൽ മേക്കപ്പിട്ട് വീണ്ടും േഫാട്ടോഷൂട്ട്. സംസ്കൃതം പഠിക്കാനും ശരിക്കുള്ള പാമ്പിന്‍റെയും ആനയുെടയും കൂെട അഭിനയിച്ചു േനാക്കാനും ഡയലോഗ് പറയിക്കാനും ഒക്കെ വീണ്ടും പോേകണ്ടി വന്നു. ഒടുവിലാണ് സ്റ്റുഡിയോ ഉടമയായ എ.വി.എം. ചെട്ടിയാരുെട മുന്നിലെത്തിയത്. അദ്ദേഹം ചേര്‍ത്തു നിര്‍ത്തി പേര് ചോദിച്ചു. ‘റോജാ രമണി.’ ഞാൻ പറഞ്ഞു.

‘നിനക്ക് എന്തു വേണം?’ വീണ്ടും ചോദ്യം.

‘എനിക്കൊരു റേഡിയോ വേണം’

അക്കാലത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉപകരണമാണത്. അരമണിക്കൂറിനുള്ളിൽ ചെറിയ മർഫി റേഡിയോ കിട്ടി. പിന്നെ അദ്ദേഹം പറഞ്ഞു, ‘നിനക്കു ഞാനൊരു സൈക്കിൾ തരാം സ്റ്റുഡിയോ മൊത്തം ഒന്നു ചുറ്റി വാ. പിന്നെ ഒരു കാര്യം കൂടി‍, ഇന്നു മുതൽ നീ റോജാ രമണിയല്ല, പ്രഹ്ളാദയാണ്. ആരു ചോദിച്ചാലും അങ്ങനെ പറഞ്ഞാൽ മതി.’

അങ്ങനെ ഞാന്‍ ആ വലിയ സിനിമയുെട ഭാഗമായി.

ആ സിനിമയുമായി ബന്ധപ്പെട്ട മായാത്ത ഓർമ?

എല്ലാ ഒാര്‍മകളും മായാത്തതാണ്. ഭക്ത്രപഹ്ലാദയുെട ആദ്യ പ്രിന്‍റ് അന്നത്തെ രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണനെ കാണിച്ചു. പകുതി കണ്ടപ്പോൾ തന്നെ ‘പ്രഹ്ലാദനായി അഭിനയിച്ച ആൺകുട്ടി വളരെ നന്നായിരിക്കുന്നു’ എന്നു പറഞ്ഞു. അപ്പോഴാണ് അത് ആൺകുട്ടിയല്ല പെൺകുട്ടിയാണെന്ന് ചെട്ടിയാരുടെ മകൻ പറയുന്നത്. അദ്ദേഹത്തിനതു വിശ്വസിക്കാനായില്ല. എന്നെ കാണണമെന്നായി. പിറ്റേന്നു പുലര്‍ച്ചെയുള്ള ഫ്ളൈറ്റിൽ ഞാനും അച്ഛനും കൂടി ഡല്‍ഹിയിലെത്തി. രാഷ്ട്രപതിയോടൊപ്പമിരുന്ന് സിനിമ കണ്ട് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

പന്ത്രണ്ടാം വയസ്സിൽ നായികയായി ‘ചെമ്പരത്തി’യിലേക്ക്. എങ്ങനെയായിരുന്നു ആ വരവ് ?

IMG-20180720-WA0001

പ്രഹ്ളാദയുടെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിൽ അഭിനയിച്ചു. പിന്നീടു ശിവാജി ഗണേശനൊപ്പം ഇരുമലർകൾ എന്ന ചിത്രം. അതോടെ തിരക്കായി. മലയാളത്തിൽ പൂമ്പാറ്റ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ 10 വയസ്സാണ്. രണ്ടു വര്‍ഷം െകാണ്ട് 50 സിനിമകൾ കഴിഞ്ഞിരുന്നു.

ഇനി സിനിമ നിർത്തി കുറച്ചു കാലം പഠിക്കാൻ പോയ ശേഷം കല്യാണം കഴിക്കാനായിരുന്നു അച്ഛന്‍റെ ഉപദേശം. എനിക്കതൊന്നും ഉൾക്കൊള്ളാനേ പറ്റിയില്ല. അതുവരെ സ്കൂളിൽ പോയിട്ടില്ല. ട്യൂഷനുണ്ടായിരുന്നെങ്കിലും വലിയ പ്രയോജനമുണ്ടായില്ല. ഒരു അദ്ധ്യാപകന്‍ വീട്ടില്‍ വന്ന് ‘ശിവാജി ഗണേശൻ എന്തു പറഞ്ഞു’ ‘എം. ജി.ആർ എന്തു തന്നു’ എന്നൊക്കെ ചോദിച്ച് കാശും വാങ്ങി പോകും. എനിക്കും അ തായിരുന്നു ഇഷ്ടം.

അച്ഛനോട് എതിർത്തു പറയാൻ ധൈര്യമില്ലാത്തതിനാ ൽ ഒറ്റയ്ക്കിരുന്നു കരഞ്ഞു. അക്കാലത്താണ് നാരായണ റാവു എന്ന കുടുംബസുഹൃത്ത് വഴി ചെമ്പരത്തിയിലേക്കുള്ള ക്ഷണം വരുന്നത്. സംവിധായകൻ പി.എൻ മേനോനും നിർമാതാവ് എസ്.കെ നായരും ഒക്കെ വീട്ടിൽ വന്നു.

ദൈവം കൊണ്ടു വന്ന അവസരമാണ്. അല്ലെങ്കിൽ ഈ പ്രായത്തിൽ നായികയാകാൻ പറ്റില്ല. പക്ഷേ അച്ഛൻ സമ്മതിക്കണം. മേക്കപ്പ് വേണ്ട, വേലക്കാരിയാണ്, മുണ്ടും ബ്ലൗസും മാത്രമാണ് വേഷം എന്നൊക്കെ പറഞ്ഞു. ആരു കാണും ഈ സിനിമ എന്നായിരുന്നു അപ്പോഴെന്‍റെ ചിന്ത. എങ്ങനെയെങ്കിലും അഭിനയിച്ചാൽ മതി എന്ന മോഹവും മനസ്സിലുണ്ട്. അച്ഛന് കഥ ഇഷ്ടമായതോടെ എല്ലാം ശുഭമായി.

എന്തൊക്കെയായിരുന്നു ഷൂട്ടിങ് അനുഭവങ്ങൾ ?

IMG_2403

കൊല്ലത്തായിരുന്നു ചിത്രീകരണം. ഷൂട്ടിങ് തുടങ്ങിയ ദിവസം തന്നെ രസകരമായ ഒരു അനുഭവം ഉണ്ടായി. രാവിലെ െസറ്റില്‍ ഇടവേളയായപ്പോള്‍ എല്ലാവരും വിസ്കി കുടിക്കുന്നു. ഞാനും അമ്മയും ഞെട്ടി. പ്രൊഡക്‌ഷൻ ബോയ് ഗ്ലാസില്‍ വിസ്കി െകാടുക്കുന്നു. എല്ലാവരും വാങ്ങി കുടിക്കുന്നു. എനിക്കും അമ്മയ്ക്കും ഓരോ ഗ്ലാസ് കൊണ്ടു തന്നു. ‘വേണ്ട... ഞങ്ങള്‍ വിസ്കി കുടിക്കില്ല...’ എന്നു പറഞ്ഞു നിരസിച്ചപ്പോഴാണ് ചിരിയോെട അയാള്‍ പറയുന്നത്, ‘ഇതു ജീരകവെള്ളമാണ്.’

നിര്‍മാതാവ് എസ്.കെ നായരുടെ ലീല ഹോട്ടലിലായിരുന്നു താമസം. അദ്ദേഹത്തിന്‍റെ ഭാര്യ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. വലിയ ആഡംബരങ്ങൾ ഒന്നുമില്ല. െസറ്റിലെല്ലാം ലുങ്കിയും മുണ്ടുമൊക്കെ ഉടുത്തു കുറച്ചു പേർ.

ആദ്യ നാലു ദിവസം എനിക്കു വലിയ നിരാശയായിരുന്നു. മധുസാർ മാത്രമാണ് ഒരു വലിയ താരം. രാഘവനും സുധീറുമൊക്കെ പുതിയ ആളുകള്‍. പക്ഷേ പതിയെപ്പതിയെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. അപ്പോഴും ഈ സിനിമ ആരു കാണുമെന്ന സംശയത്തിലായിരുന്നു ഞാൻ.

റിലീസിനു ശേഷം റാവു ഒരു ബൊക്കെയുമായി വീട്ടിൽ വന്നു. സിനിമ വലിയ ഹിറ്റാണെന്നു പറഞ്ഞു. പക്ഷേ, ഞങ്ങൾ വിശ്വസിച്ചില്ല. കുറച്ചു കഴിഞ്ഞ് പി.എൻ മേനോൻ സാർ വിളിച്ചു. അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു.

പ്രണയവിവാഹമായിരുന്നു അല്ലേ ?

ഹിന്ദിയിൽ വലിയ വിജയമായിരുന്ന ‘ചോട്ടീ ബഹൻ’ എന്ന സിനിമ ഒറിയയിലേക്കു റീമേക്കു ചെയ്തപ്പോൾ ഞാനും ചക്രപാണിയുമായിരുന്നു പ്രധാന വേഷങ്ങളിൽ. ചെന്നൈ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നു പഠിച്ചിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു. തെലുങ്കരാണെങ്കിലും അച്ഛൻ ഒറീസയിൽ റെയിൽവേ ഉദ്യോഗസ്ഥനായതിനാൽ അദ്ദേഹം അവിടെയാണു പഠിച്ചതും വളർന്നതുമൊക്കെ. ആ സിനിമ വലിയ ഹിറ്റായി. പിന്നീടു തുടർച്ചയായി അഞ്ചു സിനിമകളിൽ ഞ ങ്ങൾ ഒന്നിച്ചഭിനയിച്ചു. അതിനിടയിലാണ് പ്രണയം. രണ്ടു പേ രും ഇഷ്ടം വീട്ടിൽ പറഞ്ഞു. എതിർപ്പുകളൊന്നുമുണ്ടായില്ല. എണ്‍പത്തിയൊന്നില്‍ വിവാഹം.

ഭർത്താവിപ്പോള്‍ സിനിമ വിട്ട് ഇ.ടി.വി ഒറിയൻ ചാനലിന്റെ മേധാവിയായി പ്രവർത്തിക്കുന്നു. ബാലതാരമായാണ് മകന്‍ തരുണിന്‍റെയും തുടക്കം. അഞ്ജലി, അഭയം തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് നായകനായത്. മകൾ അമൂല്യ അമേരിക്കയിൽ ഇന്റീരിയൽ ഡിസൈനിങ് പഠിച്ച് മടങ്ങി വന്നു. രണ്ടു പേരുടെയും കല്യാണമാണ് ഇനിയുള്ള വലിയ സ്വപ്നം. പലരും ചോദിക്കും ഇങ്ങനെ വെറുതെ ഇരുന്നാൽ ബോറടിക്കില്ലേന്ന്. സത്യത്തിൽ എനിക്ക് 24 മണിക്കൂർ തികയാറില്ല.

മടങ്ങി വരവ് പ്രതീക്ഷിക്കാമോ ?

dog

സിനിമയിലേക്ക് മടങ്ങി വരവ് ഉണ്ടാകില്ല. ടെലിഫിലിമോ ഷോ ർട്ട് ഫിലിമോ ആണെങ്കിൽ നോക്കാം. തെലുങ്ക് സിനിമയിലേക്കും സീരിയിലേക്കും വിളിക്കുന്നുണ്ട്. ഇനിയിപ്പോ അമ്മ വേഷങ്ങളാകുമല്ലോ കിട്ടുക. അതു വേണ്ട. നായികയെന്ന നിലയിൽ കിട്ടിയ അംഗീകാരങ്ങൾ തന്നെ ധാരാളം മതി.