Friday 14 December 2018 10:30 AM IST

മകനു കിട്ടിയ അവാർഡ് നെഞ്ചോടു ചേർത്ത് ഐ.വി. ശശി!

Sujith P Nair

Sub Editor

anu-iv3
ഫോട്ടോ: ശ്യാം ബാബു

ഒരു യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു ഐ.വി. ശശി. തലേന്നു തന്നെ മുടി വെട്ടിയൊതുക്കി. ഒരു മാസത്തേക്കുള്ള മരുന്നുകൾ സീമ ബാഗിൽ എടുത്തുവച്ചു. ആരോഗ്യപ്രശ്നങ്ങൾ കാര്യമായി അലട്ടുന്നില്ല, പ്രമേഹമാണ് ഏക വില്ലൻ. പെട്ടിയിൽ കൊച്ചുമകൻ ആരവിന് നൽകാൻ കുറേ സമ്മാനപ്പൊതികൾ കരുതിയിട്ടുണ്ട്. ‘അമ്മച്ചൻ എന്താ വരാത്തേ’ന്നുള്ള നാലു വയസ്സുകാരൻ ആരുവിന്റെ സ്ഥിരം പരിഭവം തീർക്കാനായി ഓസ്ട്രേലിയയിലേക്കു പറക്കുകയാണ്.

പക്ഷേ, ഐ.വി. ശശി സിനിമകളിലെപ്പോലെ, ജീവിതം ഒരു ട്വിസ്റ്റ് കാത്തുവച്ചു. പെട്ടെന്ന് ചെറിയൊരു ശ്വാസം മുട്ടൽ. കൈകാലുകൾ കുഴയുന്നതു പോലെ. സീമയുടെ  മടിയിലേക്ക് തല ചായ്ച്ചു കിടന്നു. കണ്ണുകൾ വിടർത്തി ആ മുഖത്തേക്ക് ഒന്നു നോക്കി. അടുത്ത നിമിഷം ആ ശ്വാസം നിലച്ചു. തയാറെടുപ്പുകളൊന്നും വേണ്ടാത്ത ഒരിടത്തേക്ക് അദ്ദേഹം യാത്ര പോയി. 69 വർഷത്തെ സിനിമാ റ്റിക് ജീവിതത്തിന് കാലം ‘കട്ട്’ പറയുമ്പോൾ ഐ.വി. ശശിയെന്ന ഹിറ്റ് മേക്കറുടെ മനസ്സിൽ ‘ബേ ണിങ് വെൽസ്’ എന്ന ബ്രഹ്മാണ്ഡ ചിത്രം ബാക്കിയായി.

ദിവസങ്ങളേ ആയുള്ളൂ, സാലി ഗ്രാമത്തിലെ ‘അനീസി’ൽ നിന്ന് സന്തോഷം പടിയിറങ്ങിയിട്ട്. പ്രതിസന്ധികൾ ഒരുപാടു തരണം ചെയ്തിട്ടുണ്ടെങ്കിലും സീമയ്ക്ക് അപ്പോഴെല്ലാം കൂട്ടായി ഐ. വി. ശശി ഉണ്ടായിരുന്നു. അമ്മക്കിളിയുടെയും മക്കളായ അനുവിന്റെയും അനിയുടെയും കണ്ണുകൾ തോർന്നിട്ടില്ല. ‘‘ഒക്ടോബർ 23നായിരുന്നു ആരുവിന്റെ പിറന്നാൾ. അതിനു മുമ്പ് ഓസ്ട്രേലിയയിൽ എത്തണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.’’ അനു പറയുന്നു. ‘‘എന്റെ ചില തിരക്കുകൾ മൂലം ഞങ്ങൾ തന്നെയാണ് 24ന് നാട്ടിൽ നിന്നു പുറപ്പെട്ടാൽ മതിയെന്നു പറഞ്ഞത്. ആദ്യമായാണ് അ ച്ഛൻ ഒറ്റയ്ക്കു വരുന്നത്. അതിന്റെ ടെൻഷനുണ്ടായിരുന്നു.

പക്ഷേ, തലേന്ന് ഫെയ്സ്ടൈമിൽ കണ്ടപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു. ‘അച്ഛൻ മുടിയൊക്കെ വെട്ടി പയ്യനായല്ലോ’ എന്നു പറഞ്ഞു ഞങ്ങൾ ഒരുപാട് ചിരിച്ചു. സിഡ്നിയിലെ വീട്ടിൽ അച്ഛന്റെ മുറിയൊക്കെ ഞങ്ങൾ ഒരുക്കിയിരുന്നു. ഒരു മാസത്തേക്ക്  അച്ഛൻ താമസിക്കാൻ വരുന്നതിന്റെ ത്രില്ലിലായിരുന്നു ഭർത്താവ് മിലനും മകൻ ആരവും. ചീസ് അച്ഛനു വലിയ ഇഷ്ടമാണ്. അതൊക്കെ വാങ്ങി വച്ചു. പക്ഷേ...’’ വാക്കുകൾ ഇടറി അനു നിർത്തി.

നെറ്റിയില്‍ മുത്തം തന്ന നിമിഷം

വീട്ടിലൊരു അവാർഡിന്റെ ആഹ്ലാദം  തിരതല്ലുന്നതിനിടെയാണ് ദുഃഖം പടി കടന്നുവന്നതെന്ന് മകനും സംവിധായകനുമായ അനി ഒാര്‍ക്കുന്നു.‘‘ഒരു സുഹൃത്തിന്റെ വിവാഹം കഴിഞ്ഞു ഞാന്‍ മടങ്ങിയെത്തിയത് തലേന്ന് ഏറെ വൈകിയാണ്. അ പ്പോൾ അച്ഛൻ ഉറങ്ങിയിരുന്നില്ല. ഷിക്കാഗോ ഷോർട് ഫി ലിം ഫെസ്റ്റിവലിൽ ഞങ്ങളുടെ ഹ്രസ്വചിത്രത്തിനായിരുന്നു ഒന്നാം സമ്മാനം. അവാർഡ് പ്രഖ്യാപിക്കും മുമ്പ് മടങ്ങേണ്ടി വന്നതിനാൽ ട്രോഫി വാങ്ങാൻ പറ്റിയില്ല. അവരതു കൊറിയർ ചെയ്തിരുന്നു. കിടക്കാൻ ഒരുങ്ങുന്നതിനിടയിലാണ് െകാ റിയര്‍ വന്നിരിക്കുന്നതു കണ്ടത്. തുറന്നു നോക്കിയപ്പോൾ ട്രോഫി. അതുമായി മുറിയിൽ ചെന്നപ്പോഴേക്കും അച്ഛൻ ഉറങ്ങിയിരുന്നു.

പിറ്റേന്നു രാവിലെ എണീറ്റതു മുതൽ അച്ഛന് എന്തൊക്കെയോ അസ്വാസ്ഥ്യം. അമ്മ ഇഡ്ഡലിയും ചമ്മന്തിയും വാരി കൊടുക്കുകയാണ്. അതിനിടെ ഞാൻ ട്രോഫി അച്ഛന്റെ കൈയിൽ കൊടുത്തു. കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരുമ്മ ത ന്നു. പിന്നെ, ഒന്നും സംസാരിക്കാതെ ഇരുന്നു. നെഞ്ചിലൊരു പിടുത്തം അനുഭവപ്പെടുന്നു എന്നു പറഞ്ഞ് പെട്ടെന്ന് അമ്മ യുടെ മടിയിലേക്കു കിടന്നു. ഞാൻ വെള്ളം കൊണ്ടുവന്ന പ്പോൾ നെഞ്ചിലേക്ക് ചാരിയിരുത്തി അമ്മ രണ്ടു കവിൾ കുടിപ്പിച്ചു. ഞങ്ങൾ നെഞ്ചു തിരുമ്മി കൊടുക്കുന്നതിനിടെ പെട്ടെന്ന് ശ്വാസം മുട്ടൽ വന്നു. മൂന്നു പ്രാവശ്യം ദീർഘമായി ശ്വാസമെടുത്തു, അമ്മയുടെ മുഖത്തേക്ക് ഒന്നു നോക്കി.

സുഹൃത്തിന്റെ സഹായത്തോടെ കാറിൽ അച്ഛനുമായി ആശുപത്രിയിലേക്ക് പാഞ്ഞു. പോകുന്ന വഴിക്ക് ഞാൻ പൾസ് പരിശോധിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും ഹൃദയമിടിപ്പ് വല്ലാതെ കുറഞ്ഞു. ആശുപത്രിയിൽ എത്തി അൽപം കഴിഞ്ഞപ്പോഴേക്കും അതു സംഭവിച്ചു.’’ചേച്ചി അനുവിനെ വിളിച്ചു വിവരം പറയുമ്പോള്‍ നിയന്ത്രണം വിട്ട് അനി െപാട്ടിക്കരഞ്ഞു. ‘‘ഡ്രൈവ് ചെയ്യുകയായിരുന്നു ഞാന്‍. ഞങ്ങളുടെ അടുത്തേക്ക് വരാനിരുന്ന അച്ഛന്റെ മരണവാർത്തയാണ് കേൾക്കുന്നത്.’’ അനുവിന്‍റെ കണ്ണുകള്‍ വീണ്ടും നിറയുന്നു. ‘‘വലിയ രോഗങ്ങളിൽ നിന്നു പോലും രക്ഷപ്പെടാൻ അച്ഛന് പ്രത്യേക കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നവളാണ് ഞാൻ. മുമ്പ് സ്ട്രോക് വന്ന് വലതുവശം മുഴുവൻ തളർന്നു പോയപ്പോഴും നിശ്ചയദാർഢ്യം കൊണ്ടു മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. പിന്നീട് ട്യൂമർ വന്നപ്പോഴും അച്ഛൻ തോറ്റു കൊടുത്തില്ല.

വല്ലാത്ത വേദനയാണെന്നു പറഞ്ഞു കുറച്ചു നാളായി അച്ഛൻ ഇൻസുലിൻ കുത്തിവയ്പ് എടുത്തിരുന്നില്ല. അതാകാം, ഷുഗറിന്റെ അളവ് നന്നായി ഉയർന്നിരുന്നു. ഹൃദയാഘാതം വന്നത് മനസ്സിലാകാതെ പോയത് അതുകൊണ്ടാണ്. അല്ലെങ്കിൽ അച്ഛൻ ഇക്കുറിയും മരണത്തെ കീഴടക്കുമായിരുന്നു.’’ അമ്മ കരയുന്നതെന്തിനാണെന്ന് മനസ്സിലാകാതെ ആ രവ് ഒപ്പമുണ്ട്. കരഞ്ഞു തളർന്നെങ്കിലും കരുത്ത് ഒട്ടും ചോരാതെ അടുത്തു തന്നെ സീമയും.

ഇന്നും തിളങ്ങുന്ന ഒാര്‍മകള്‍

‘‘ഞങ്ങൾ ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈ യിലാണ്. ഞങ്ങൾക്കു പേരിട്ടതു പോലും അച്ഛന്റെ പ്രിയ പ്പെട്ട അക്ഷരത്തിലായിരുന്നു. അ, ആ, ഇ, ഈ... എന്നിവയി ലാണ് അച്ഛന്റെ ഭൂരിഭാഗം സിനിമകളും.’’ അനുവിന്റെ ഓർമകളില്‍ അച്ഛന് പത്തരമാറ്റ് തിളക്കം. ‘‘അമ്മയായിരുന്ന് അന്നു ഞങ്ങളുടെ അറിവിലെ സെലിബ്രിറ്റി. ടിവിയിൽ കാണുന്നതും അമ്മയുടെ സിനിമകൾ. സ്കൂളിൽ ടീച്ചർമാർ സംസാരിച്ചിരുന്നതും അമ്മയുടെ അഭിനയത്തെക്കുറിച്ചായിരുന്നു. സംവിധായകന്റെ വില മനസ്സിലാകാനുള്ള തിരിച്ചറിവൊ ന്നുമില്ല അന്ന്. ‘വർണ്ണപ്പകിട്ടി’ന്റെ ഷൂട്ടിങ് ഒറ്റപ്പാലത്ത് നടക്കുന്നു. സ്കൂൾ അവധി ആയതിനാൽ അച്ഛൻ ഞങ്ങളെ ഒപ്പം കൂട്ടി. അന്നു കോഴിക്കോട്ട് ഒരു ചടങ്ങിൽ പങ്കെടുക്കാൻ അച്ഛനൊപ്പം പോയി. പതിനാലു വയസ്സോ മറ്റോ ആണ് എനിക്കന്നു പ്രായം. ജനങ്ങൾ ‘ശശി സാർ’ എന്നു വിളിച്ചു ചുറ്റും കൂടുന്നതു കണ്ട് ഞാൻ അദ്ഭുതപ്പെട്ടു.

anu-iv2

വീട്ടിൽ അമ്മ വലിയ സ്ട്രിക്ടായിരുന്നു. അച്ഛനാണ് ഞങ്ങളുടെ ‘സൈഡ്’. രണ്ടു മാസത്തിലൊരിക്കൽ ഒക്കെയാണ് അച്ഛൻ വീട്ടിൽ വരുന്നത്. അന്നേരം കൈ നിറയെ സ മ്മാനങ്ങൾ കാണും. കമൽഹാസൻ അങ്കിളുമായി അച്ഛന് നല്ല സൗഹൃദമായിരുന്നു. അദ്ദേഹം ഇടയ്ക്കിടെ വീട്ടിൽ വരും. ചിലപ്പോൾ ഞാനും അച്ഛനും വഴക്കുണ്ടാക്കും. ഞാൻ ഉച്ചത്തിൽ സംസാരിക്കുമ്പോഴൊന്നും അച്ഛൻ മിണ്ടില്ല. ന മ്മൾ തണുത്തു എന്നു മനസ്സിലാകുമ്പോൾ എവിടെയാണ് തെറ്റു പറ്റിയതെന്നു പറഞ്ഞു തരും. ജീവിതത്തിൽ ഒരിക്കൽ മാ ത്രമേ എന്നെ വഴക്കുപറഞ്ഞിട്ടുള്ളൂ, നാലു വയസ്സുള്ളപ്പോൾ. അച്ഛൻ പറഞ്ഞതു കേൾക്കാതെ ടെലിവിഷൻ സെറ്റിന്റെ അടുത്തു പോയി കളിച്ചതിനായിരുന്നു അത്. വഴക്കു കേട്ട് ഭയന്നിട്ട് എനിക്ക് ഫിറ്റ്സ് വന്നു. അതിൽ പിന്നെ ശബ്ദം ഉയർത്തിപ്പോലും അച്ഛൻ എന്നോടു സംസാരിച്ചിട്ടില്ല.

അധികം ശബ്ദമുയർത്തി സംസാരിക്കാത്ത, ശാന്തനായ മനുഷ്യനായിരുന്നു. പക്ഷേ, ലൊക്കേഷനിൽ അദ്ദേഹം വേറൊരാളാകും, ശരിക്കും ടെറർ. എല്ലാവരെയും വരച്ച വരയിൽ നിർത്തുന്ന അച്ഛനെ കണ്ട് ഞങ്ങൾ അതിശയിച്ചിട്ടുണ്ട്. അപ്പോൾ മാത്രമാണ് ഞാൻ അച്ഛനെ ഭയന്നിട്ടുള്ളത്. അ ന്നൊക്കെ അവധിയായാൽ ലൊക്കേഷനിൽ മമ്മൂട്ടി അങ്കിളിനൊപ്പം സുറുമിയും ദുൽഖറും വരും. ഞാനും സുറുമിയും വ ലിയ സുഹൃത്തുക്കളായിരുന്നു. അച്ഛന്മാർ തിരക്കിലാണെങ്കിലും ഞങ്ങൾ വീട്ടിലൊക്കെ പോകുമായിരുന്നു. ‘ദേവാസുര’ത്തിന്റെ സെറ്റിൽ വച്ച് പ്രത്യേക ശൈലിയിൽ ലാലങ്കിൾ പാട്ടു പഠിപ്പിച്ചു തരുമായിരുന്നു.’’

അനിക്കുമുണ്ട് അച്ഛനെക്കുറിച്ച് തങ്കത്തിളക്കമുള്ള ഓർ മകൾ. ‘‘ചേച്ചിയെ പോലെ എനിക്കും അറിയില്ലായിരുന്നു അച്ഛൻ വലിയ സംവിധായകനാണെന്ന്. 1992 ലാണെന്നു തോന്നുന്നു. എനിക്കന്ന് നാലു വയസ്സേയുള്ളൂ. അച്ഛന്റെ ഒപ്പം ‘ദേവാസുരം’ കാണാൻ കൊച്ചിയിലെ തിയറ്ററിൽ പോയി. അവിടുത്തെ ആരവം ഇപ്പോഴും ചെവിയിലുണ്ട്. അച്ഛനെ കണ്ടു ജനങ്ങൾ ആർത്തു വിളിച്ചു. ആ സിനിമയ്ക്കിടെ മുഴങ്ങി യ കൈയടി ഇന്നും മനസ്സിലുണ്ട്. ഒരുപക്ഷേ, സിനിമ എന്റെ മനസ്സിൽ കയറിയത് അവിടെ വച്ചാകാം. ലാലങ്കിളിന്റെ മകൻ പ്രണവായിരുന്നു എന്റെ കൂട്ട്. അവനും ചെന്നൈയിലുണ്ടായിരുന്നല്ലോ. അവന്റെ വീട്ടിൽ സ്ഥിരം പോകുമായിരുന്നു.

ഒരിക്കൽ പ്ലേ സ്റ്റേഷൻ വേണമെന്ന് അച്ഛനോടു പറഞ്ഞെങ്കിലും പിന്നീട് ഞാനതു മറന്നു. ആയിടെ അച്ഛനും അമ്മയും ദുബായിൽ പോയി. ഒരു ദിവസം രാവിലെ ഞാൻ ഉണർന്നു നോക്കുമ്പോൾ രണ്ടുപേരും എന്റെ ഇരുവശത്തു മായി കിടക്കുന്നു. ശരിക്കും അദ്ഭുതം വരാനിരുന്നതേയുള്ളൂ. എനി ക്കു സർപ്രൈസായി എന്റെ മുറിയിൽ ഞാൻ കൊതിച്ച പ്ലേ സ്റ്റേഷനുമുണ്ടായിരുന്നു.’’

‘കഴുതക്കുട്ടി’ എന്ന വിളി കേട്ട്

മകള്‍ അനുവിന്‍റെ സിനിമാ മോഹത്തക്കുറിച്ച് ആദ്യം മനസ്സിലാക്കിയത് അച്ഛന്‍ തന്നെയാണ്. സീമയും സപ്പോര്‍ട്ട് ചെയ്തു. അങ്ങനെ അനു ‘സിംഫണി’യില്‍ നായികയായി. ‘‘പക്ഷേ, അഭിനയം എനിക്കു പറ്റിയ മേഖലയല്ലെന്ന് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു.’’ അനു ഒാര്‍ക്കുന്നു. ‘‘ക്യാമറയുടെ പിന്നിലെത്തിയപ്പോൾ അച്ഛൻ ആളാകെ മാറി. ഞാൻ സ്വിമ്മിങ് പൂളിൽ ചാടുന്ന സീൻ ഷൂട്ട് ചെയ്യുകയാണ്. എനിക്ക് വാട്ടർ ഫോബിയ ഉണ്ട്, നീന്തൽ അറിയുകയുമില്ല. ‘നീ ചാടുന്നതായി അഭിനയിച്ചാൽ മതി, ഡ്യൂപ്പിനെ ഇടാം’ എന്ന് അച്ഛൻ ഉറപ്പു തന്നു. പക്ഷേ, സെറ്റിൽ ചെന്നപ്പോൾ ഡ്യൂപ്പില്ല. ഞാൻ തന്നെ ചാടണമെന്ന് അച്ഛന് നിർബന്ധം. വെ ള്ളത്തിൽ അഞ്ചാറുപേരുണ്ട്, അവർ നിന്നെ എടുത്തുപൊക്കും എന്നായിരുന്നു അച്ഛന്റെ നിലപാട്. ഐ.വി. ശശി എ ന്ന അച്ഛനോട് നമുക്ക് എന്തും പറഞ്ഞു സമ്മതിപ്പിക്കാം. പക്ഷേ, സംവിധായകനോട് എതിർത്തു പറയാൻ കഴിയില്ല. ഞാൻ രണ്ടും കൽപിച്ച് വെള്ളത്തിൽ ചാടി.

ഒന്നുരണ്ടു തവണ അച്ഛന്റെ ഏറ്റവും വലിയ ചീത്ത വാക്കായ ‘കഴുതക്കുട്ടി’ എന്ന വിളി കേൾക്കാനും അക്കാലത്തു ‘ഭാഗ്യ’മുണ്ടായി. പഠനമാണ് ഇനി വഴിയെന്ന് ഒറ്റ സിനിമയോടെ എനിക്കു മനസ്സിലായി. പിന്നീട് ഒന്നു രണ്ടു സിനിമകളിലേക്ക് വിളിച്ചെങ്കിലും ആ വഴിക്കു പോയില്ല.’’

‘നിനക്ക് പെണ്ണു കിട്ടില്ലെന്നായിരുന്നു സിനിമാമോഹത്തെക്കുറിച്ച് കേട്ടപ്പോൾ അമ്മ പറഞ്ഞതെന്ന് അനി. ‘‘പഠിച്ചു ജോലി വാങ്ങാനായിരുന്നു അമ്മയുടെ ഉപദേശം. അച്ഛൻ പക്ഷേ, ഫുൾ സപ്പോർട്ടായിരുന്നു. അച്ഛനോട് ആദ്യമായി ഒരു കഥ പറയുന്നത് ‘ബൽറാം വേഴ്സസ് താരാദാസി’ന്റെ ഒരുക്കങ്ങൾ നടക്കുമ്പോഴാണ്. ഒരു പൊലീസ് സ്റ്റോറി. കഥ കേട്ടപ്പോൾ ഒരു വികാരവും അച്ഛന്റെ മുഖത്തുണ്ടായില്ല. പക്ഷേ, മുഴുവൻ കേട്ടുകഴിഞ്ഞ് അഭിനന്ദിച്ചു. അച്ഛന് അന്നേ തോന്നിക്കാണും എന്റെ വഴി ഇതാണെന്ന്.

പ്രിയൻ അങ്കിളിനോട് എന്നെ ശുപാർശ ചെയ്തത് അച്ഛനാണ്. ‘ആക്രോശ്’ ആയിരുന്നു അസിസ്റ്റന്റായി ജോലി ചെയ്ത ആദ്യ ചിത്രം. ഇപ്പോൾ ‘ഒപ്പം’ അടക്കം എട്ടു ചിത്രങ്ങളായി. സ്വതന്ത്ര സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്. ദുൽഖർ നായകനായി മലയാളത്തിൽ ചെയ്യാനിരുന്ന കഥ പക്ഷേ, എഴുതി വന്നപ്പോൾ തമിഴ് പശ്ചാത്തലത്തിലാകും നന്നാകുക എന്നു തോന്നി.

പ്രതിസന്ധിയുടെ നാളുകള്‍

2007 ലാണ് സാമ്പത്തിക പ്രതിസന്ധി ഞങ്ങളെ കീഴടക്കിയത്. അച്ഛന്റെ രോഗവും മറ്റു പ്രശ്നങ്ങളുമെല്ലാം കൂടിയായപ്പോൾ ഞങ്ങൾ തകർന്നു. അച്ഛന് പൊരുതാനുള്ള ആർ ജവം കിട്ടിയത് അമ്മയിൽ നിന്നാണ്. ഒരുപാട് സ്വപ്നം കണ്ടു പണിത വീട് നഷ്ടപ്പെടുന്നതിൽ വലിയ വേദനയുണ്ടായിരുന്നെങ്കിലും കോടമ്പാക്കത്തെ വീട് വിറ്റ് കടങ്ങൾ തീർക്കാൻ അച്ഛൻ തീരുമാനിച്ചു. ഞങ്ങൾ അമ്മമ്മയുടെ വീട്ടിലേക്ക് താമസം മാറി. സാമ്പത്തിക പ്രശ്നങ്ങളൊന്നും അച്ഛൻ ഞ ങ്ങളെ അറിയിച്ചിരുന്നില്ല. ഞങ്ങൾക്ക് ഒരു കുറവും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കടം വീട്ടിയതിനു ശേഷമാണ് ഈ വീട്ടിലേ ക്ക് താമസം മാറിയത്.’’ അനി പറയുന്നു.

‘‘എന്റെ വിവാഹവുമായി ബന്ധപ്പെട്ടും ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.’’ അനു ഒാര്‍ക്കുന്നു. ‘‘അന്ന് അച്ഛൻ ഒന്നേ പറഞ്ഞുള്ളൂ, ‘നിനക്ക് ശരിയെന്നു തോന്നുന്ന, ഉചിത മായ തീരുമാനമെടുക്കാം.’ എന്റെ തീരുമാനത്തിനൊപ്പം അ ച്ഛൻ നിന്നു. പിന്നീട് മിലൻ എന്റെ ജീവിതത്തിലേക്കു വ ന്നത് അച്ഛനു വലിയ സന്തോഷമായി. കേരളത്തിലാണ് മി ലന്റെ വേരുകളെങ്കിലും ബെംഗളൂരുവിലാണ് കുടുംബമെല്ലാം. ഓസ്ട്രേലിയയിൽ ബാങ്കിങ് മേഖലയിലാണ് ജോലി. ഞാൻ എജ്യുക്കേഷനിസ്റ്റായി പ്രവർത്തിക്കുന്നു.

അച്ഛന്റെ സിനിമകളിൽ അനുവിന് ഏറ്റവും  ഇഷ്ടം ‘ആ ൾക്കൂട്ടത്തിൽ തനിയെ’യും ‘ദേവാസുര’വുമാണ്. അനിക്കും അതു തന്നെ. ഈ രണ്ടു ചിത്രങ്ങള്‍ മാത്രം മതി, മലയാളികൾ എക്കാലവും അദ്ദേഹത്തെ ഒാര്‍മിക്കും എന്നോര്‍മിപ്പിച്ചു െകാണ്ട് അനു പറയുന്നു. ‘എങ്കിലും വെള്ളത്തൊപ്പിയും വെ ളുത്ത ഷർട്ടും ധരിച്ച് ഐ.വി. ശശി എന്ന സംവിധായകൻ ഞങ്ങളുടെ മാത്രമല്ല, സിനിമയെ സ്നേഹിക്കുന്ന എല്ലാ മലയാളികളുടെയും മനസ്സിൽ എക്കാലവും കാണും.’’

ani-iv1