Friday 22 March 2019 12:20 PM IST

സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നിൽ നിന്നു പുറത്തുവന്നു; സ്വന്തം മരണം കണ്ടുനിന്ന വിചിത്രാനുഭവം പറഞ്ഞ് ജോജു!

V.G. Nakul

Sub- Editor

jojuj1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘മ്മടെ ജോജൂനെ സമ്മതിക്കണം. വല്ലാത്ത ധൈര്യം തന്നെ’ യെന്നു കൂട്ടുകാർ പറയും. ഇല്ലെങ്കിൽ യാതൊരുറപ്പുമില്ലാതെ 15 വർഷം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി മാത്രം നിൽക്കുമോ. അതൊന്നുമൊരു സംഭവമല്ലെന്ന മട്ടിൽ ചിരിക്കുന്നു ജോസഫ് ജോർജ് എന്ന ജോജു. ആ വിശ്വാസത്തിന്റെ തിളക്കമാണ് ജോജു ആദ്യമായി നായകനായ ‘ജോസഫ്’ എന്ന ചിത്രം. റോളുകൾ പലതായിരുന്നു ഈ സിനിമയിൽ ജോജുവിന്. നായകനാകുന്നതിനൊപ്പം ‘പണ്ട് പാടവരമ്പത്തിലൂടെ’ എന്ന പാട്ട് പാടി ഗായകനുമായി. സിനിമയുടെ നിർമാതാവും ജോജു തന്നെ.

ചങ്കു കൊടുത്തു സ്നേഹിച്ചാൽ ചതിക്കില്ല സിനിമ എന്ന വിശ്വാസം മാത്രമാണ് ജോജു ജോർജ് എന്ന മനുഷ്യന്റെ ഏറ്റവും വലിയ ക്യാപിറ്റൽ. ജോസഫിന്റെ വിജയപതാകയ്ക്ക് പിന്നാലെ ഇനിയും അണിയണിയായി വരുന്നുണ്ട് കുറെ സിനിമകൾ. കാണാൻ പോകുന്ന പൂരത്തിന് ട്രെയിലർ വേണ്ട എന്ന അഭിപ്രായമാണ് ജോജുവിന്. ‘ആ സസ്പെൻസ് അങ്ങനെ തന്നെയിരിക്കട്ടെ’ എന്ന ആമുഖത്തോടെ ആൾക്കൂട്ടത്തിൽ നിന്ന് നായകനും നിർമാതാവുമായി മാറിയ കഥയുടെ വാതിൽ തുറക്കുന്നു, ജോജു.

റിസ്ക് എടുക്കാൻ ധൈര്യമുള്ള ആളാണ് ജോജു?

ഇഷ്ടം തോന്നുന്ന കാര്യങ്ങളിൽ വല്ലാത്ത ധൈര്യമാണെനിക്ക്. അങ്ങനെ ഒരു തീരുമാനമെടുത്താൽ പിന്നെ, ആരു പറഞ്ഞാലും മാറില്ല. പരാജയപ്പെട്ടാല്‍ സങ്കടവുമില്ല. എന്നാൽ മറ്റു കാര്യങ്ങളിൽ ആ ധൈര്യമൊട്ടില്ല താനും. അതിനെ ധൈര്യം എന്നു വിളിക്കണോ ഇഷ്ടത്തിന്റെ ബലം എന്നു പറയണോ എന്നെനിക്കറിയില്ല.

‘ജോസഫ്’ കണ്ട്, ‘നീ നല്ല നടനായി, നിന്നിലൊരു നടന്റെ സ്പാര്‍ക്ക് കണ്ടു’ എന്നൊക്കെ പലരും പറഞ്ഞു. പക്ഷേ, പരീക്ഷയ്ക്കു മുന്‍പുള്ള തയാറെടുപ്പ് മാത്രമാണിത്. വാങ്ങുന്ന പൈസയില്‍ വർധന ഉണ്ടാകാം. നടൻ എന്ന നിലയിൽ വളർന്നോ എന്നൊന്നുമറിയില്ല. 100 ദിവസം അഭിനയിച്ചിട്ട് 1000 രൂപ പ്രതിഫലം കിട്ടിയിട്ടുള്ള എന്നെ സംബന്ധിച്ച് പണം രണ്ടാമതാണ്. സാമ്പത്തികമായി വളര്‍ന്നതു കൊണ്ട് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ പറ്റുന്നു. നടനെന്ന നിലയില്‍ കിട്ടുന്ന അംഗീകാരം അതിനൊക്കെ എത്രയോ മുകളിലാണ്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കാലം മുതല്‍ പരിചയമുള്ള സുഹൃത്ത് ‘ജോസഫ്’ കണ്ടു വിളിച്ചു. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നപ്പോൾ അവനെന്നെ ഇഷ്ടമായിരുന്നില്ലത്രേ. ഞാനൊരു വൃത്തികെട്ടവനാണെന്നും ഡയലോഗ് തട്ടിയെടുക്കുമെന്നും  സ്വന്തം കാര്യം  മാത്രമേ ചിന്തിക്കുകയുള്ളൂവെന്നും  പലരോടും  പറഞ്ഞിരുന്നു പോലും. അവന്‍ വളരെ ഇമോഷനലായി; ‘അളിയാ സിനിമ കണ്ടു. നീ അഭിനയത്തെ ഇത്ര ആത്മാർഥമായാണ് കാണുന്നതെന്ന്  ഇപ്പോഴാ മനസ്സിലായത്. ഞാന്‍ നിന്നെക്കുറിച്ച് വളരെ മോശമായിട്ട് പലതും പറഞ്ഞിട്ടുണ്ട്. ക്ഷമിക്ക്്’ എന്നു പറഞ്ഞപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു’’.

പണം രണ്ടാമതെന്നു പറയുമ്പോഴും വിജയിച്ച നിർമാ താവല്ലേ ജോജു. ചാർലി, ഉദാഹരണം സുജാത ഇപ്പോൾ ജോസഫും?

ലോകത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ ഗൈഡ് ലൈന്‍ ഉണ്ട്. എന്നെ സംബന്ധിച്ച് സിനിമയില്‍ എളുപ്പവഴികളില്ല. ‘ജോസഫ്’ പരാജയമാണെങ്കില്‍ അഭിനയം നിര്‍ത്തിയാലോ എന്നു ചിന്തിച്ചിരുന്നു. അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ മറ്റു നടന്‍മാരെ വച്ച് സിനിമ നിർമിക്കാനും കടങ്ങള്‍ വീട്ടിയ ശേഷം അടുത്തത് എന്തെന്ന് ആലോചിക്കാമെന്നും തീരുമാനിച്ചിരുന്നു. അത്രയും വലിയ റിസ്കായിരുന്നു ‘ജോസഫ്’.

ഇപ്പോള്‍ പ്യൂണില്‍ നിന്ന് ക്ലര്‍ക്കായി പ്രമോഷന്‍ ലഭിച്ച അവസ്ഥയിലാണ്. ഉത്തരവാദിത്തം കൂടി. എന്നു കരുതി ഇതിന്റെ  ധൈര്യത്തില്‍  ഉടന്‍  ഒരു സിനിമ നിർമിച്ചേക്കാം എന്നൊന്നുമില്ല. ഇതു പോലെ സ്വാഭാവികമായേ അടുത്തതും സംഭവിക്കൂ. നിർമാതാവെന്ന നിലയില്‍ ഒരു സിനിമയെയും ഞാന്‍ തേടിപ്പോയതല്ല. എല്ലാം എന്നിലേക്കു വന്നു ചേര്‍ന്നവയാണ്. മുന്‍കൂറായി ആസൂത്രണം ചെയ്യുന്നവയൊക്കെ ഒരു പരിധി വരെ പരാജയപ്പെടാറാണ് പതിവ്.

പലരും ഒപ്പം നിന്നു ചതിച്ചതായി പറഞ്ഞിട്ടുണ്ട്. ഈ വ ജയം അവർക്കുള്ള മറുപടിയാണോ ?

ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി എന്നെ ചതിച്ചവരും അവഗണിച്ചവരുമുണ്ട്. ഇപ്പോള്‍ അതൊന്നും  എന്നെ ബാധിക്കാറേയില്ല. ഒക്കെയും കഴിഞ്ഞ അധ്യായങ്ങളാണ്. അത്തരക്കാരുമായി പിന്നീട് ബന്ധമുണ്ടാക്കാതിരിക്കുക. അതൊക്കെ അവിടെ വിട്ടുകളയുക. അവര്‍ക്ക് അവരുടെ വഴി. എനിക്ക് എന്റെയും. മുറിഞ്ഞു പോയ സൗഹൃദങ്ങളൊന്നും ഒന്നോ രണ്ടോ വര്‍ഷത്തെ ബന്ധങ്ങളല്ല. ദീര്‍ഘകാലത്തെ അടുപ്പമുള്ളവരായിരുന്നു പലരും. ഇത്തരം അനുഭവങ്ങളില്‍ നിന്നുള്ള ഗുണം ഞാന്‍ മാനസികമായി വളര്‍ന്നു എന്നതാണ്.

നായകനാകാൻ ഇത്ര വൈകിയതെന്തേ ?

എനിക്ക് സിനിമാ നടനാകാമെങ്കില്‍ ഈ ഭൂമിയില്‍ ആര്‍ക്കുമാകാം. അഭിനയത്തെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഒരു തനി നാട്ടുമ്പുറത്തുകാരന്‍. പരിചിതമായ ഒരേയൊരു കല സിനിമയായിരുന്നു. അതില്‍ മുഖം കാണിക്കുക എന്നതായിരുന്നു ഏക ആഗ്രഹം. അങ്ങനെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. നന്നായി അഭിനയിച്ചിരുന്നെങ്കില്‍ പണ്ടേ രക്ഷപ്പെടുമായിരുന്നു. എന്തുകൊണ്ടിത്ര വൈകി എന്നു ചോദിച്ചാല്‍, അതാണുത്തരം.

‘വാസ്തവം’, ‘സെവന്‍സ്’, ‘ബെസ്റ്റ് ആക്ടര്‍’ ഒക്കെയാണ് തലവര മാറ്റിയത്. അപ്പോൾ സിനിമയിൽ 15 വര്‍ഷം കഴിഞ്ഞിരുന്നു. ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ വന്നതോടെ ഗ്രാഫ് മാറി.

മുറ്റം നിറയെ വണ്ടികളാണല്ലോ ?

21-ാം വയസ്സിലാണ് ആദ്യത്തെ വണ്ടി വാങ്ങിയത്. ഒരു ഒമ്നി വാന്‍. ഇതിനോടകം ഒരുവിധപ്പെട്ട എല്ലാ വലിയ വണ്ടികളും ഉപയോഗിച്ചിട്ടുണ്ട്. ഇനിയുള്ളത് പ്രീമിയം കാറ്റഗറിയാണ്. കൊച്ചുനാളു മുതല്‍ വണ്ടികളോടും വണ്ടി ഉള്ളവരോടും വലിയ ഇഷ്ടവും ആരാധനയുമുണ്ട്. മമ്മൂക്ക എന്നു ചിന്തിക്കുമ്പോള്‍, കലക്കന്‍ വണ്ടികളില്‍ അദ്ദേഹം വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് മനസ്സില്‍ തെളിയുക.

എനിക്ക് ഡ്രൈവറില്ല. എന്റെ വണ്ടികള്‍ ഞാനും ഭാര്യയും ചുരുക്കം ചില സുഹൃത്തുക്കളുമല്ലാതെ മറ്റാരും ഓടിക്കാറുമില്ല. മക്കളപ്പോലെയാണ് ഓരോ വണ്ടിയും കൊണ്ടുനടക്കുന്നത്. ദുല്‍ഖറിനോട് എനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ട്. അദ്ദേഹത്തിന്റെ കളക്‌ഷനിലുള്ള വണ്ടികള്‍ തന്നെയാണ് കാരണം. വാഹനങ്ങളുടെ കാര്യത്തില്‍ വളരെ അപ്ഡേറ്റഡുമാണ് കക്ഷി. 

ജോസഫ് എന്നാണ് ജോജുവിന്റെ യഥാർഥ പേരെന്ന് പലർക്കുമറിയില്ല ?

എന്റെ യഥാർഥ പേര് ജോസഫ് ജോർജ് എന്നാണ്. വീട്ടില്‍ വിളിക്കുന്ന പേരാണ് ജോജു. സിനിമയിലേക്കു വന്നപ്പോഴും അ തായി പേര്. ഇങ്ങനെയൊക്കെ രക്ഷപ്പെടുമെന്നു തോന്നിയിരുന്നെങ്കില്‍ ഒരു കിടിലൻ പേരൊക്കെ പണ്ടേ ഡിസൈന്‍ ചെയ്തേനെ. കാരണം, ബിജു എന്നൊക്കെ പറയും പോലെ ഒരു സാധാരണ പേരാണല്ലോ ജോജു. എങ്കിലും ഈ പേരില്‍ ഹാപ്പിയാണ്. സിനിമ വന്നപ്പോള്‍ കഥാപാത്രത്തിന് ജോസഫ് എന്നു പേരു വന്നത് യാദൃച്ഛികമായിരുന്നു. എഴുതിയ ആള്‍ക്കും എന്റെ പേര് ജോസഫ് എന്നാണെന്ന് അറിയില്ലായിരുന്നു. ‘ജോസഫ്’ എന്ന് മലയാളത്തില്‍ എഴുതിയാണ്  ഞാന്‍ ഒപ്പിടുന്നത്. സ്കൂളില്‍ മലയാളം പഠിപ്പിച്ച ചന്ദ്രന്‍ മാഷ് ഒപ്പിടുന്നത് കണ്ടാണ് മലയാളത്തില്‍ ഒപ്പിടാന്‍ തുടങ്ങിയത്.

സംസാരിച്ചു തുടങ്ങിയതു മുതൽ ഭാര്യയെ പല തവണ വിളിച്ചു. എന്തിനും ഏതിനും അബ്ബ വേണമല്ലേ?

എന്റെ ലൈഫ് സ്റ്റൈല്‍ മാറ്റിയതും എന്നെ ഡിസൈന്‍ ചെയ്തതും അബ്ബയാണ്. ഭാര്യ എനിക്കായി ഒരുക്കി വച്ചിട്ടുള്ള മനോഹരമായ കുടുംബാന്തരീക്ഷമാണ് എന്റെ വിജയം. ഏറ്റവും സുരക്ഷിതനാണെന്നു തോന്നുന്നതും വീട്ടിലെത്തുമ്പോഴാണ്. ഭയങ്കരമായി മൂഡ് സ്വിങ്സ് ഉള്ള ആളാണ് ഞാന്‍. അ തു കൃത്യമായി മനസ്സിലാക്കി മുന്നോട്ടു കൊണ്ടു പോകുന്നത് അവളാണ്. മാനസ്സികമായി അബ്ബയെ ഡിപ്പന്‍ഡ് ചെയ്യാതെ എ നിക്കു ജീവിക്കാനാകില്ല.

മക്കൾ മൂന്നൂ പേരാണ്. സാറ, ഇയാൻ, ഇവാൻ. അവർക്കും സിനിമയില്‍ വരണമെന്നാണാഗ്രഹം. ഞാന്‍ പല വണ്ടികളി ൽ വരുകയും പോകുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ അവരുടെ വിചാരം ഇങ്ങനെ വണ്ടിയിലൊക്കെ കയറണമെ ങ്കില്‍ സിനിമയിലെത്തണമെന്നാണ്.

jojuj004

സിനിമ പോലെ ഹരം ഭക്ഷണത്തിലുമുണ്ടല്ലേ ?

മനോഹരമായ ഭക്ഷണ സംസ്‌കാരത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അമ്മയും അമ്മായിമാരുമൊക്കെ കലക്കന്‍ പാചകക്കാരാണ്. അവര്‍ക്കൊക്കെ അവരുടെതായ സിഗ്‌നേച്ചര്‍ വിഭവങ്ങളുണ്ട്്. ഒരു ചമ്മന്തിയാണെങ്കില്‍ കൂടി, അവരുണ്ടാക്കുന്നതിനൊന്നും സ്ഥിരം കഴിക്കുന്ന ടേസ്റ്റല്ല. അത്രയും ആത്മാർഥമായി പാചകം ചെയ്യുന്ന മനുഷ്യരാണവര്‍. എന്റെ നാടായ കാക്കുളിശ്ശേരിയിലെ ആണുങ്ങളും പാചകത്തിൽ ഒട്ടും മോശ മല്ല. ബന്ധുവായ കുഞ്ഞപ്പന്‍ ചേട്ടന്‍ ബീഫ് ഉലര്‍ത്തുന്ന ചീന ച്ചട്ടിയുടെ അടിയില്‍ അവസാനം വരുന്ന ഒരു സ്പൂണ്‍ ഗ്രേവി നാവില്‍ വച്ചാല്‍ സ്വര്‍ഗം കിട്ടിയതു പോലെയാണെനിക്ക്.

കുക്കിങ്ങില്‍ ദൈവം അനുഗ്രഹിച്ചിട്ടുള്ള ആളുകളാണ് എ ന്റെ കുടുംബത്തിലുള്ളവർ. അങ്ങനെയൊരു പശ്ചാത്തലത്തില്‍ വളര്‍ന്നതിനാല്‍ ഞാനൊരു ഫൂഡ് അഡിക്ടായി. നല്ല ഭക്ഷണം കഴിക്കുന്നതിനൊപ്പം കഴിപ്പിക്കുന്നതാണ് മറ്റൊരു സ ന്തോഷം. കേരളത്തില്‍ എവിടെയും നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളറിയാം. ബ്രെഡും ബീഫ് സ്റ്റൂവുമാണ് ഫേവറിറ്റ്.

നല്ല കറിയാണെങ്കില്‍ മിനിമം ഒരു പായ്ക്കറ്റ് ബ്രെഡൊക്കെ ഒറ്റയിരുപ്പില്‍ കഴിക്കും. വണ്ണം കൂടുന്നതിനെക്കുറിച്ചൊന്നും  ആകുലപ്പെടാറില്ല. കഴിഞ്ഞ 10 വര്‍ഷമായി തടി കുറയ്ക്കണമെന്നു ചിന്തിക്കുന്നതല്ലാതെ നടന്നിട്ടില്ല. ഭക്ഷണം പോലെയാണ് ഉറക്കവും. നന്നായി ഉറങ്ങും. എന്തെങ്കിലും ടെന്‍ഷനുണ്ടെങ്കില്‍ ഉറങ്ങാന്‍ പറ്റില്ല. അപ്പോള്‍ ഭക്ഷണം കൂടും.

‘എന്റെ മരണം, കണ്ടു നിന്ന ഞാൻ ’

ഞാനെന്റെ മരണം കണ്ടു നിന്നവനാണ്. ആരെങ്കിലും വിശ്വസിക്കുമോ. പതിനഞ്ചു വര്‍ഷം മുന്‍പാണ്. എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറി. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതു വരെ നേരിയ ഓർമയുണ്ട്. പിന്നെ, നടന്നതൊക്കെ സിനിമ പോലെയാണ്. സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നിൽ നിന്നു പുറത്തുവന്നു.

നോക്കുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്. ഒരു നഴ്സ് അടുത്തു നിന്നു കരയുന്നു. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്. അതിനിടെ, അത്ര കാലത്തെ ജീവിതം മുഴുവന്‍ ഒരു സ്ക്രീനിലെന്ന പോലെ എന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങി.  

പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല. കയ്യും കാലുമൊക്കെ അനക്കാന്‍ പറയുകയാണ്. ശ്രമിക്കണമെന്നുണ്ട്, പറ്റുന്നില്ല. എനിക്കു കരച്ചില്‍ വന്നു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു.

അടുത്ത ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതു നിന്റെ രണ്ടാം ജന്മമാണെന്നാണ്. ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയത്രേ. അപ്പോഴാണ് ഞാന്‍ കണ്ടതൊന്നും സ്വപ്നമല്ലെന്ന് എനിക്ക് പൂർണ ബോധ്യം  വന്നത്.

സൂര്യയും മാധുരി ദീക്ഷിതും

‘കാക്ക കാക്ക, ദ് പൊലീസ്’ ഒക്കെ ഇറങ്ങിയ കാലം മുതല്‍ നടൻ സൂര്യയെ സ്വപ്നം കാണുമായിരുന്നു. മിക്കതും എന്റെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട കാഴ്ചകളാകും. ഞങ്ങൾ കൂട്ടുകാരാണെന്നും ഒരുമിച്ചു യാത്ര പോയെന്നുമൊക്കെ വെബ് സീരിസ് പോലെ ദിവസവും കാണുകയാണ്. പിന്നീട് സൂര്യയെ രണ്ടു തവണ നേരിൽ കണ്ടെങ്കിലും ഈ സംഭവം പറയാൻ തോന്നിയില്ല. വട്ടാണെന്നു കക്ഷി കരുതിയാലോ...

അതേ പോലെ, സിനിമ കണ്ടു തുടങ്ങിയ കാലം മുതല്‍ പല നടിമാരോടും കടുത്ത പ്രണയവും ആരാധനയുമൊക്കെ തോന്നിയിട്ടുണ്ട്. പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും ഒന്നിച്ച് ജീവിക്കുന്നതും സ്വപ്നം കാണും. അതിലൊരാളാണ് മാധുരി ദീക്ഷിത്.

കറുപ്പും വിശ്വാസവും

എന്റെ ഇഷ്ടനിറം നീലയാണ്. പക്ഷേ, ഷര്‍ട്ട് വാങ്ങിയാലും ചെരുപ്പ് വാങ്ങിയാലും അവസാനം കറുപ്പിൽ എത്തും. ‘ശ നി ദേവന്റെ അനുഗ്രഹം ഉള്ളയാളാണ്. അത് കൊണ്ട് കറുപ്പ് അണിയുന്നത് നല്ലതാണ്’ എന്ന് അടുത്തിടെ സുഹൃത്തായ ജ്യോതിഷി പറഞ്ഞിരുന്നു. അതിനും എത്രയോ മുൻപേ തുടങ്ങിയതാണ് കറുപ്പുമായുള്ള ആത്മബന്ധം.

‘ഇനിയെങ്കിലും ആ കറുത്ത ഷര്‍ട്ടൊന്നു മാറെടാ’ന്നു കൂട്ടുകാരൊക്കെ പറയും. പക്ഷേ, അതു ബോധപൂർവം തിരഞ്ഞെടുക്കുന്നതല്ല. ഇപ്പോള്‍ മാറാന്‍ ശ്രമിക്കുന്നുണ്ട്.

ഞാനൊരു തികഞ്ഞ വിശ്വാസിയാണ്. അതു മതവുമായി ബന്ധപ്പെട്ടതല്ല. വര്‍ഷങ്ങളായി എന്റെ കഴുത്തില്‍ രുദ്രാക്ഷവും ബുദ്ധനുമൊക്കെയുണ്ട്. ഇട്ടപ്പോള്‍ നല്ല ഭംഗി തോന്നി. പിന്നെ, ഊരിയിട്ടില്ല. ഇപ്പോള്‍ മക്കളുടെ കഴുത്തിലുമുണ്ട്. അമ്പലങ്ങളിലും പള്ളിയിലും മാത്രമല്ല പൊസിറ്റീവ്  എനര്‍ജി കിട്ടുന്ന എവിടെയും പോകും.

ദിവസവും പ്രാർഥിക്കും. ദൈവത്തോടുള്ള നന്ദി പറയലാണത്. അല്ലാതെ ഒന്നും ചോദിക്കാറോ  ഇന്നതു വേണമെന്നു പറയാറോയില്ല. ആഗ്രഹിച്ചതൊക്കെ തന്ന ഒരു ശക്തിയോട് ‘എനിക്കിങ്ങനെ ഒരാവശ്യമുണ്ടെന്നു’ പറയാന്‍ മാത്രം മണ്ടനല്ല ഞാന്‍.