Saturday 18 January 2020 05:33 PM IST

‘മോളില്ലാതായ ശേഷം കുറേനാൾ അമ്പലത്തിൽ പോയില്ല, പ്രാർഥിക്കാൻ ഒന്നുമില്ലായിരുന്നു; സംഗീതത്തോടുപോലും മുഖം തിരിച്ചു!’

Tency Jacob

Sub Editor

chithra556ll

സങ്കടത്തിന്റെ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക്  കൈപിടിച്ച ഗബ്രിയേൽ പൊസേന്തി അച്ചനൊപ്പം ഗായിക ചിത്ര... 

സഹനത്തിന്റെ സന്തോഷം

ചിത്ര: പരിചയപ്പെട്ട അന്നുമുതൽ ചോദിക്കണമെന്ന് കരുതിയൊരു കാര്യമുണ്ട്. അച്ചന്റെ ശരിയായ പേര് എന്താണ്?

അച്ചൻ: വീട്ടിലെ പേര് വർഗീസ് എന്നാണ്. അച്ചൻ പട്ടം  കിട്ടുന്ന സമയത്ത് നമുക്കിഷ്ടമുള്ള ഒരു വിശുദ്ധന്റെ പേര് തിരഞ്ഞെടുക്കണം. വായിച്ചിട്ടുള്ള ജീവചരിത്രങ്ങളിൽ എനിക്കേറെ ഇഷ്ടമുള്ള ഒരു വിശുദ്ധനായിരുന്നു ഇറ്റലിയിലെ ഗബ്രിയേൽ പൊസേന്തി. ‘സഹിക്കുന്നവൻ’ എന്നാണ് ‘പൊസേന്തി’ എന്ന പേരിനർഥം. വർഷങ്ങൾക്കു ശേഷം ആ പേരെന്റെ ജീവിതത്തിൽ അന്വർഥമായി.

ഏറെ ആഗ്രഹിച്ച പുരോഹിതവേഷം കിട്ടിയിട്ട് ആറു വർഷം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാൻ താമരശ്ശേരിയിൽ നിന്നു ബത്തേരിയിലെ ആശ്രമത്തിലേക്കു പോവുകയായിരുന്നു. വയനാടൻ ചുരം കയറിയ ഉടൻ ഞങ്ങളുടെ ബസ് എതിരെ വന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നു. പിന്നിലെ നീളൻ സീറ്റിലിരുന്ന ഞാൻ തെറിച്ച് ഇടയിലെ കമ്പിയിലിടിച്ച് ബസിന്റെ മുന്നിലേക്കു വീണതോർമയുണ്ട്. രക്ഷപ്പെടാനായി ആളുകൾ തിടുക്കം കൂട്ടി എന്റെ ദേഹത്തു ചവിട്ടിയാണ് അവർ ഓടിപ്പോയത്. 

ഒൻപതുപേർ ആ അപകടത്തിൽ മരിച്ചു. ചേട്ടന്റെ മകൻ എന്നെ അന്വേഷിച്ചു വന്നു നോക്കുമ്പോൾ ഞാൻ ബസിന്റെ ഉള്ളിൽ ബോധമില്ലാതെ കിടക്കുകയാണ്. അപ്പോഴേക്കും രണ്ടു മൂന്നു മണിക്കൂറുകൾ കഴിഞ്ഞിരുന്നു. സെർവിക്കൽ കോഡിനു ക്ഷതമേറ്റു. നെഞ്ചിനു താഴെ തളർന്നു പോയി.   

ദീർഘനാളത്തെ ഫിസിയോ തെറപ്പിയുടെ ഫലമായാണ് അൽപനേരം ഇങ്ങനെ ഇരിക്കാനെങ്കിലും പറ്റുന്നത്. കമ്യൂണിക്കേഷൻ ആൻഡ് മീഡിയയാണ് ഞാൻ പഠിച്ചത്. പക്ഷേ, ദൈവത്തിന് എന്നെ അങ്ങനെയായിരുന്നില്ല ഇഷ്ടപ്പെട്ടിരുന്നതെന്ന് തോന്നുന്നു. ശരി, ഞാനീ വേഷം സ്വീകരിക്കുന്നു. 

ചിത്ര: എന്നാലും ഇത്ര സഹനക്കടൽ താണ്ടിയൊരാളാണെന്ന് ചിരി കണ്ടാൽ തോന്നില്ല.

അച്ചൻ: ദുരിതങ്ങളും ദുഃഖങ്ങളും വരുമ്പോൾ നമ്മളെല്ലാം ചോദിക്കും, ‘എന്തിന് ഈ കുരിശ് എനിക്കു തന്നു?’ ‍ഞാൻ കണ്ട ഒരു വിഡിയോയിലെ നായകൻ  ചോദിക്കുന്നത് ‘‘ ഈ കുരിശ് എങ്ങനെ ഞാൻ എടുക്കണം’എന്നാണ്. ദുഃഖത്തെ മാറ്റാൻ എളുപ്പവഴി ഇത്രയേയുള്ളൂ. എന്റെ കുരിശ് ഞാൻ സന്തോഷത്തോടെ വഹിച്ചു. ചിത്രാജിയും അങ്ങനെയല്ലേ.

ചിത്ര: ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോൾ മരിച്ചതിനുശേഷം ഞാൻ ദൈവത്തോട് ആവർത്തിച്ചു ചോദിച്ച ചോദ്യം ‘‘എന്നോട് എന്തിനു ഇതു ചെയ്തു’ എന്നു തന്നെയാണ്. കുറേ നാളുകൾ ഞാൻ അമ്പലത്തിലേക്കൊന്നും പോയില്ല. പ്രാർഥിക്കാനെനിക്ക് ഒന്നുമില്ലായിരുന്നു. ഏറ്റവും വലിയ ആനന്ദമായ സംഗീതത്തോടു പോലും മുഖം തിരിച്ചു. ഇനിയൊന്നുമില്ല എന്നുറപ്പിച്ച് ഞാൻ ഇരുട്ടിലടച്ചിരിക്കുമ്പോൾ ചുറ്റുമുള്ളവരുടെ ജീവിതം കൂടെ ഇരുട്ടിലാകുകയായിരുന്നു. 

എന്റെ പ്രഫഷനു വേണ്ടി ജോലി വേണ്ടെന്നു വച്ച വിജയേട്ടൻ, വർഷങ്ങളായി ഒപ്പമുള്ള സ്റ്റാഫ്... ഞാൻ സങ്കടം ഉള്ളിലൊതുക്കിയാൽ ഇവരുടെയെല്ലാം ജീവിതത്തിൽ പ്രകാശം പരക്കും. ആ സമയം ഈശ്വരൻ എത്രയോ ദൂതൻമാരെ എന്റെ അടുക്കലേക്കയച്ചു. സങ്കടങ്ങൾക്കു കരുതലുമായി വന്നവർ എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരായിരുന്നില്ല, ദൈവം തന്നെയായിരുന്നു. അതിൽ ക്രിസ്ത്യാനിയും മുസ്‌ലിമും ഹിന്ദുവുമുണ്ടായിരുന്നു. എത്ര പേരുടെ പ്രാർഥനയാലാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അവരൊക്കെ പറഞ്ഞു തന്ന വലിയൊരു കാര്യമുണ്ട്. ‘നടക്കേണ്ടത് നടക്കും. സങ്കടപ്പെടാതെ എഴുന്നേറ്റു നടക്കൂ.’ അതു മനസ്സിലാക്കാനുള്ള ബുദ്ധി തന്നതാണ് ഏറ്റവും വലിയ ഭഗവൽ കൃപ.

Tags:
  • Celebrity Interview
  • Movies