Saturday 05 March 2022 03:17 PM IST

‘ആരും വിശന്നിരിക്കുന്നത് അവന് ഇഷ്ടമായിരുന്നില്ല; കയ്യിലുള്ള പൈസ തീരും വരെ ആഹാരം വാങ്ങിക്കൊടുക്കും’; അനുജൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ ഓർമയിൽ കൈതപ്രം

V R Jyothish

Chief Sub Editor

kaithapram88666 ഫോട്ടോ: എസ്. എസ്. ഹരിലാൽ, അഖിൻ കൊമാച്ചി

‘‘നീ എന്റെ അനുജനായി പിറക്കണം നമുക്ക് ഒരുമിച്ച് വീണ്ടും പാട്ടുകൾ ചെയ്യണം.’’- അന്തരിച്ച സംഗീതസംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ ഓർമയിൽ ജ്യേഷ്ഠനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി

ഞാനും അനുജൻ വിശ്വനാഥനും തമ്മിൽ പതിമൂന്നു വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഞാനാണ് അവനെ എടുത്തുവളർത്തിയത്. അക്ഷരാർഥത്തിൽ അങ്ങനെ പറയുന്നതാണു ശരി. കാരണം, വിശ്വനാഥൻ ജനിക്കുമ്പോഴേക്കും അച്ഛൻ അസുഖമായി കിടപ്പിലായിപ്പോയി. പിന്നെ, വീട്ടിലുള്ളത് ഞാനാണ്. അവൻ കരയുമ്പോൾ എടുത്തുകൊണ്ടു നടന്നിരുന്നതും ആഹാരം കൊടുക്കുന്നതുമെല്ലാം ഞാനായിരുന്നു. അൽപം മുതിർന്നപ്പോൾ സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തതും ഞാനായിരുന്നു.

സംഗീതത്താൽ മാത്രം സമൃദ്ധമായിരുന്നു അക്കാലത്ത് ഞങ്ങളുടെ കണ്ണാടി ഇല്ലം. ചെൈമ്പ വൈദ്യനാഥഭാഗവതരുടെ ശിഷ്യനായിരുന്നു ഞങ്ങളുടെ അച്ഛൻ കേശവൻ നമ്പൂതിരി. സംഗീതം കൊണ്ടുമാത്രം ജീവിക്കാവുന്ന ചുറ്റുപാടായിരുന്നില്ല അക്കാലത്ത്. അങ്ങനെയാണ് സംഗീതവും ശാന്തിപ്പണിയുമായി ഞാൻ നാടുവിട്ടത്. തലശ്ശേരിയിലും പൂഞ്ഞാറിലും തിരുവനന്തപുരത്തുമായി കുറേ അലഞ്ഞു നടന്നു.

അഞ്ചു മക്കളായിരുന്നു ഞങ്ങൾ. അതിൽ അച്ഛന്റെയും അമ്മയുടെയും സംഗീതവാസന കിട്ടിയത് എനിക്കും വിശ്വനാഥനുമായിരുന്നു. വല്ലപ്പോഴുമാണ് ഞാൻ കൈതപ്രത്ത് ചെന്നിരുന്നത്. അപ്പോൾ അറിഞ്ഞത് ജന്മസിദ്ധമായി കിട്ടിയ സംഗീതവാസന വിശ്വനാഥൻ പുഷ്ടിപ്പെടുത്തുന്നുണ്ട് എന്നാണ്. മൃദംഗം പഠിക്കാനും പോകുന്നുണ്ട്. മൃദംഗത്തിൽ മാത്രമല്ല വായ്പ്പാട്ടും വിശ്വനാഥനെ പഠിപ്പിക്കണമെന്ന് എനിക്കു തോന്നി. അങ്ങനെ എന്നോടൊപ്പം വിശ്വനാഥനും തിരുവനന്തപുരത്തേക്കു വന്നു. ശ്രീസ്വാതിതിരുനാൾ സംഗീത കോളജിൽ ഗാനഭൂഷണത്തിനു ചേർന്നു. വഴുതയ്ക്കാട് ഗണപതിക്ഷേത്രത്തിലെ ശാന്തിപ്പണിയും കിട്ടി. അതിരാവിലെ ഉണർന്ന് അമ്പലത്തിലെത്തും. പൂജ കഴിഞ്ഞ് നടയടച്ച് കോളജിലേക്ക്. അവിടെ നിന്നു വീണ്ടും അമ്പലത്തിലേക്ക്. ഒത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും ഗാനഭൂഷണം പാസ്സായി.

Kausthubham1-copy1

വിശക്കുന്നവർക്ക് അന്നം കൊടുത്ത്

ദാനശീലനായിരുന്നു വിശ്വനാഥൻ. ആരും വിശന്നിരിക്കുന്നത് അവന് ഇഷ്ടമായിരുന്നില്ല. കയ്യിലുള്ള പൈസ തീരും വരെ ആഹാരം വാങ്ങിക്കൊടുക്കും. തിരുവനന്തപുരത്ത് ഞങ്ങൾ താമസിച്ചിരുന്ന വഴുതയ്ക്കാട് ഗണപതി ക്ഷേത്രത്തിനടുത്ത് ഒരു ചായക്കടയുണ്ടായിരുന്നു. അവിടെ നിന്നാണ് ഭക്ഷണം. ഒരിക്കൽ ഞാൻ ആ കടയുടെ മുന്നിലൂടെ നടക്കുമ്പോൾ കടക്കാരൻ എന്നെ വിളിച്ചു. ഒരു വലിയ പാത്രം സാമ്പാർ എന്നെ ഏൽപ്പിച്ചിട്ടു പറഞ്ഞു; ‘ഇവിടെ ഉണ്ടായിരുന്ന ഇഡ്ഡലി മുഴുവൻ അനുജൻ സുഹൃത്തുക്കൾക്കുവേണ്ടി വാങ്ങിക്കൊണ്ടുപോയി. പിന്നെ ഈ സാമ്പാർ മാത്രം ഇവിടെ വച്ചിട്ടെന്താ... തിരുമേനി ഇതുകൂടി കൊണ്ടുപോകു.’ ഇതായിരുന്നു വിശ്വനാഥനോടുള്ള മറ്റുള്ളവരുടെ പെരുമാറ്റം. അവന് വലുപ്പച്ചെറുപ്പമുണ്ടായിരുന്നില്ല. എല്ലാവരിലും നന്മ മാത്രം കണ്ടു. എപ്പോഴും ചിരിച്ചല്ലാതെ വിശ്വനാഥനെ കണ്ടിട്ടേയില്ല.

ഈ കാലത്താണ് സിനിമയിൽ എനിക്ക് അവസരം കിട്ടുന്നത്. തിരക്കായിട്ടില്ല. ഒന്നും രണ്ടും സിനിമകൾ. ആ സമയത്ത് വിശ്വനാഥൻ കൈതപ്രത്തേക്ക് തിരിച്ചുപോയി. ഗാനഭൂഷണം കഴിഞ്ഞ് നാട്ടിൽ നിന്നപ്പോൾ അവന് മാതമംഗലം സ്കൂളിൽ അധ്യാപകനായി ജോലി കിട്ടി.

യഥാർഥത്തിൽ അച്ഛൻ കിടപ്പിലാവുന്നതുവരെ അ വിടെ സംഗീതാധ്യാപകനായിരുന്നു. ആ ജോലിയാണ് അവർ വിശ്വനാഥനു കൊടുത്തത്. കുറച്ചുമാസങ്ങളേ അ വിടെ ജോലി ചെയ്തുള്ളൂ. അപ്പോഴേക്കും നീലേശ്വരം രാജാസ് ഹൈസ്കൂളിൽ പാർട് ടൈം ജോലി കിട്ടി. അവിടെയും അധികകാലം നിന്നില്ല. പയ്യന്നൂരിൽ ‘ശ്രുതിലയ’ എന്ന ഒരു സംഗീതവിദ്യാലയം സ്ഥാപിച്ചു. അവിടെ മുഴുവൻ സ മയവും കുട്ടികൾക്കു ക്ലാസെടുത്തു. എനിക്കു തോന്നിയിട്ടുണ്ട് അധ്യാപനമാണ് വിശ്വനാഥനിലെ സംഗീതജ്ഞനെ മെച്ചപ്പെടുത്തിയതെന്ന്.

ഇക്കാലത്ത് എനിക്ക് സിനിമയിൽ നല്ല തിരക്കായി. വിശ്വനാഥനും സിനിമയിൽ താത്പര്യമുണ്ടെന്നറിഞ്ഞപ്പോ  ൾ ഞാൻ പറഞ്ഞു; ‘സ്ഥിരം ജോലിയും സിനിമയും ഒത്തുപോകില്ല. എന്തുവേണമെന്ന് നീ തന്നെ തീരുമാനിച്ചാൽ മ തി. അങ്ങനെ വിശ്വനാഥൻ എന്നോടൊപ്പം കൂടി. അന്ന് ‘ദേശാടന’ത്തിന്റെ ചർച്ചകൾ നടക്കുന്ന സമയമാണ്. ദേശാടനത്തിന് പിന്നണിസംഗീതമൊരുക്കി വിശ്വൻ ഞങ്ങളെ അ ദ്ഭുതപ്പെടുത്തി.

‘ദേശാടന’ത്തിൽ ഞങ്ങളുടെ ഒരുമിച്ചുള്ള സംഗീതയാത്ര ആരംഭിച്ചു എന്നു പറയാം. പിന്നെയും കുറച്ചു സിനിമകൾ. അതിനുശേഷമാണ് ജയരാജ് വിശ്വനാഥന് ഒരു അവസരം കൊടുക്കുന്നത്; ‘കണ്ണകി’യിൽ. തൃശൂർ നെല്ലായ് ധ ന്വന്തരി ക്ഷേത്രത്തിൽ വച്ചായിരുന്നു അതിന്റെ കംപോസിങ്. ക്ഷേത്രത്തിൽ ദീപാരാധന തുടങ്ങുന്നതിനു മുൻപു നാലു പാട്ടുകൾക്ക് വിശ്വനാഥൻ ട്യൂണിട്ടിരുന്നു. ഒരുപാട്ടു കൂടിയുണ്ട് അതു പിന്നീട് െചയ്യാമെന്ന് ജയരാജ് പറഞ്ഞു. എറണാകുളത്ത് ലാൽ സ്റ്റുഡിയോയിൽ വച്ചായിരുന്നു റിക്കോർഡിങ്. വിശ്വനാഥന്റെ സുഹൃത്തുകൂടിയായ കല്ലറ ഗോപനാണ് ദാസേട്ടനുവേണ്ടി ട്രാക്കു പാടിയത്.

Kaithapram-Viswanathan-wit

വരികളായി മാറിയ സ്നേഹം

ആ സിനിമയിലെ നാലു പാട്ടുകളും സൂപ്പർ‌ഹിറ്റായി. ‘കരിനീല കണ്ണഴകീ... കണ്ണകീ.... കാവേരിപ്പുഴയൊഴുകി...’  എന്ന പാട്ടാണ് ആദ്യം ചെയ്തത്. പിന്നീട് ‘എന്നു വരും നീ...എ ന്നു വരും നീ...’ അങ്ങനെ നാലു പാട്ടുകൾ ട്രാക്ക് പാടിക്കഴിഞ്ഞ് ഞാനും ജയരാജും ഒരു ചായ കുടിക്കാൻ പുറത്തിറങ്ങി. ‘തീവ്രമായ സ്നേഹം അനുഭവിപ്പിക്കുന്ന ഒരു ട്യൂൺ കൂടി ചെയ്യണം വിശ്വാ...’ എന്നു പറഞ്ഞാണ് ജയരാജ് എന്നോടൊപ്പം ചായ കുടിക്കാനിറങ്ങിയത്. ഞങ്ങൾ ചായ കുടിച്ച് തീരുംമുൻപ് വിശ്വനാഥൻ ഒരു ടേപ്പ് റിക്കോ ർഡറുമായി ചായക്കടയിൽ വന്നു. ആ ട്യൂൺ കേട്ടപ്പോഴേ ഞാൻ വരി കുറിച്ചു;

‘ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ....

സരയൂ.... തീരത്തു കാണാം....’

ഈ പാട്ടും ഹിറ്റായി. ‘കണ്ണകി’യിലെ പശ്ചാത്തലസംഗീതത്തിന് ആ വർഷത്തെ സംസ്ഥാന അവാർഡ് വിശ്വനാഥനു കിട്ടി. ‘ആദ്യത്തെ സിനിമയല്ല രണ്ടാമത്തെ സിനിമയാണു വെല്ലുവിളി...’ എന്നു പറഞ്ഞാണ് ജയരാജ് ‘തിളക്ക’ത്തിന്റെ ജോലികൾ വിശ്വനാഥനെ ഏൽപ്പിച്ചത്. ആ സിനിമയിൽ ‘നീയൊരു പുഴയായ് തഴുകുമ്പോൾ... ’ എന്ന പാട്ട് പാടിയ ജയേട്ടന് സംസ്ഥാന അവാർഡും കിട്ടി. ദാസേട്ടൻ പാടിയ ‘എനിക്കൊരു പെണ്ണുണ്ട്.... ’ എന്ന പാട്ടും സൂപ്പർ ഹിറ്റായി.

വിശ്വനാഥന്റെ സംഗീതസംവിധാനത്തിൽ എനിക്ക് ഗൃഹാതുരമായ വരികൾ എഴുതാൻ കഴിഞ്ഞ പാട്ടാണ് ‘കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം...’ മധു കൈതപ്രത്തിന്റെ ‘ഏകാന്തം’ എന്ന സിനിമയായിരുന്നു അത്.

ദാസേട്ടന് വിശ്വനാഥനെ വലിയ ഇഷ്ടമായിരുന്നു. ‘വിച്ചു’ എന്നാണു ദാസേട്ടൻ വിളിക്കുന്നത്. കണ്ണകിയിലെ ‘ഇ നിയൊരു ജന്മമുണ്ടെങ്കിൽ... ’ എന്ന പാട്ടു പാടിയിട്ട് ദാസേട്ടൻ പറഞ്ഞു;

‘നീ ഒരുപാടു പാട്ടൊന്നും ചെയ്തില്ലെങ്കിലും കുഴപ്പമി ല്ല. ഇതുപോലെയുള്ള പാട്ടുകളാണെങ്കിൽ കുറച്ചു പാട്ടുകൾ ചെയ്താലും മതി.’ ദാസേട്ടന്റെ വാക്കുകൾ അവൻ അക്ഷരം പ്രതി സ്വീകരിച്ചു. കുറച്ചുപാട്ടുകൾ മാത്രം ചെയ്തു. ചെയ്തതൊക്കെ ഹിറ്റായിരുന്നു. അവന്റെ മരണവാ ർത്ത അറിഞ്ഞ് അമേരിക്കയിൽ നിന്ന് ദാസേട്ടൻ വിളിച്ചു. ‘ഒരുപാട് നേരത്തെ ആയിപ്പോയി’ എന്നാണു ദാസേട്ടൻ പറഞ്ഞത്.

മലയാളത്തിലെ മൂന്നു മഹാഗായകർക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്തിരുന്നു വിശ്വനാഥന്റെ പാട്ടുക ൾ. 2009 ൽ മധു കൈതപ്രത്തിന്റെ ‘മധ്യവേനൽ’ എന്ന സിനിമയിലെ ‘സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്നു പോകാൻ...’ എന്ന ഗാനത്തിലൂടെ ദാസേട്ടൻ മികച്ച ഗായകനായി. ‘നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ...’ എന്ന ‘തിളക്ക’ത്തിലെ ഗാനത്തിന് ജയേട്ടന് 2003–ലെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വാങ്ങിക്കൊടുത്തു. തൊട്ടടുത്ത വർഷം ‘ആടെടീ... ആടാടെടീ... ആലിലക്കിളിയേ...’ എന്നു തുടങ്ങുന്ന ‘ഉള്ള’ത്തിലെ ഗാനത്തിലൂടെ വേണുഗോപാൽ സംസ്ഥാനത്തെ മികച്ച ഗായകനായി.

നാട്ടിടവഴിയിലൂെട കൈപിടിച്ചു നടത്തിക്കൊണ്ടുപോകുന്ന ഈണങ്ങളായിരുന്നു അവൻ എനിക്കു തന്നത്. അതുകൊണ്ടുതന്നെ വരികൾക്കു വേണ്ടി ഒരുപാടൊന്നും എനിക്ക് ആലോചിക്കേണ്ടി വന്നിട്ടില്ല. പാണപ്പുഴയും നാമം ജപിക്കുന്ന അരയാൽത്തറകളും, അമ്പലങ്ങളും തെയ്യവും തിറയും ചെങ്കൽപ്പടവുകളുമെല്ലാം എന്റെ ഓർമകളിൽ വന്നുപോയി.

Kaithapram-damodaran-Nambo

മരിച്ചു ജീവിച്ച കാലം

സിനിമയിലും ജീവിതത്തിലും പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ള ആളാണു ഞാൻ. രോഗം മൂർച്ഛിച്ച് മരണവക്കോളം പോയി തിരിച്ചുവന്നു. അപ്പോഴൊന്നും ഒരുപരിധി വിട്ട് ദുഃഖിച്ചിട്ടില്ല. ആശങ്കപ്പെട്ടിട്ടില്ല. ഉത്കണ്ഠപ്പെട്ടിട്ടില്ല. എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ മരിച്ചുജീവിച്ച മൂന്നമാസക്കാലമുണ്ട്. ഞാൻ മാത്രമല്ല ഞങ്ങളുടെ മുഴുവൻ കുടുംബാംഗങ്ങളും. ഇതുവരെ ആരോടും പറഞ്ഞിട്ടില്ല ആ സംഭവം; ഒരുദിവസം വിശ്വനാഥനെ കാണാതായി!!

എവിടെയാണെന്നറിയില്ലായിരുന്നു മൂന്നുമാസം. എ ന്താണ് പ്രശ്നമെന്നും അറിയില്ല. ഒരുദിവസം വീട്ടിൽ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു ആരോടും ഒന്നും പറയാതെ. ഒരാൾ മരിക്കുന്നതിനെക്കാൾ വേദനയാണ് അപ്രത്യക്ഷനാകുമ്പോൾ. മരിക്കുമ്പോൾ നമുക്കു മുന്നിൽ ചില യാഥാർഥ്യങ്ങളുണ്ട്. ഒരാളെ കാണാതാകുമ്പോൾ അതില്ല. മൂന്നുമാസം ഞങ്ങൾ തീ തിന്നു ജീവിച്ചു. അവന്റെ നല്ല ബുദ്ധി എപ്പോഴോ തെളിഞ്ഞു. വീട്ടിൽ തിരിച്ചുവന്നു. ഈ നിമിഷം വരെ ഞാൻ ഇതാരോടും പറഞ്ഞിട്ടില്ല.

ജന്മനാ അസുഖക്കാരനായിരുന്നു വിശ്വനാഥൻ. കുട്ടിക്കാലത്ത് ബാലാരിഷ്ടതകൾ വിട്ടുമാറിയിരുന്നില്ല. മുതിർന്നപ്പോൾ അസുഖങ്ങളൊക്കെ വിട്ടുപോയി. എങ്കിലും അവനൊരു ദുഃശീലമുണ്ടായിരുന്നു വെറ്റില മുറുക്ക്. എപ്പോഴും മുറുക്കാനുണ്ടാവും വായിൽ. ‘നിന്റെ ശരീരപ്രകൃതത്തിന് ചേർന്നതല്ല ഈ ശീലം’ എന്ന് ഞാൻ അവനോടു പറയാറുണ്ടായിരുന്നു. അതുമാത്രം അവൻ അനുസരിച്ചില്ല. ഒരുപക്ഷേ, അവന്റെ അകാലമരണത്തിനു കാരണമായത് ആ ശീലം തന്നെയായിരിക്കണം. അർബുദമായിരുന്നു മരണകാരണം. അതും തൊണ്ടയിൽ തന്നെ. പിന്നെ എല്ലാം വിധി എന്നുതന്നെ സമാധാനിക്കാം.

ഒരു ജീവിതം അന്വേഷിച്ച് ഞാൻ ദേശാടനം തുടങ്ങിയപ്പോൾ അവൻ ആടിക്കാറ്റായി കൈതപ്രം ഗ്രാമത്തിലൂടെ പായുകയായിരുന്നു. അമ്മക്കിളിയുടെ മടിയിൽ കിടന്ന് സ്വപ്നങ്ങൾ കാണുകയായിരുന്നു പിന്നീട് ‘ദേശാടന’ത്തിൽ തുടങ്ങിയ ഞങ്ങളുെട ഒരുമിച്ചുള്ള സംഗീതയാത്ര അവസാനിക്കുന്നത് സെക്‌ഷൻ 306ഐ.പി.സി.’ എന്ന സിനിമയിലാണ്. ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന ആ സിനിമയിൽ മൂന്നു പാട്ടുകളാണുണ്ടായിരുന്നത്. അതിൽ ഒരു പാട്ട് ഞങ്ങൾ ഒരുമിച്ചു െചയ്തു. രണ്ടുപാട്ടുകൾ ബാക്കിവച്ചാണ് വിശ്വനാഥൻ യാത്രയായത്. ആശുപത്രിയിൽ മരണക്കിടക്കയിൽ അവസാനശ്വാസം വരെയും അവന്റെ ഉള്ളിൽ സംഗീതമായിരുന്നു.

എന്നോടുള്ള സ്േനഹം അവൻ ചൊരിഞ്ഞത് എന്റെ മക്കളിലായിരുന്നു. ഒരു സംഭവം പറയാം. ‘ദേശാടനത്തിൽ എന്റെ മകൻ ദീപാങ്കുരൻ ഒരു ശ്ലോകം പാടുന്നുണ്ട്. ‘നാവാ മുകുന്ദാ ഹരേ....’ എന്നു തുടങ്ങുന്നത്. ദീപാങ്കുരൻ എത്ര പാടിയിട്ടും അതു ശരിയാകുന്നില്ല. പലപ്പോഴും ശ്രുതി പോകുന്നു. എനിക്കു ദേഷ്യം വന്നു. ഞാൻ ദീപാങ്കുരനെ വഴക്കു പറഞ്ഞു. അപ്പോൾ വിശ്വനാഥൻ പറഞ്ഞു. ‘ഏട്ടൻ ഇവിടെ നിൽക്കണ്ടാ. അതാ പ്രശ്നം. പൊയ്ക്കോ... ഞാൻ ശരിയാക്കിക്കൊള്ളാം.’ ഞാൻ പോയി ഒരുമണിക്കൂറിനുള്ളിൽ റിക്കോർ‍ഡിങ് പൂർത്തിയാക്കി. ദീപാങ്കുരൻ മനോഹരമായി പാടിയിരിക്കുന്നു. എനിക്കു തോന്നിയിട്ടുണ്ട് എന്നേക്കാൾ കുട്ടികൾക്ക് ഇഷ്ടം അവരുടെ ‘വിശ്വപ്പനെ’യാണെന്ന്. മരണസമയത്തും ദീപാങ്കുരൻ അടുത്തുണ്ടായിരുന്നു.

എന്റെ നേതൃത്വത്തിൽ കോഴിക്കോട് തിരുവണ്ണൂരിൽ പ്രവർത്തിക്കുന്ന സ്വാതിതിരുനാൾ കലാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും വിശ്വനാഥൻ സജീവമായിരുന്നു. ഇതിനടുത്തു തന്നെയാണ് ഞങ്ങളുടെ താമസം. പ്രശസ്തമായ ആലമ്പാടി തറവാട്ടിൽ നിന്നാണ് വിശ്വനാഥൻ വിവാഹം കഴിച്ചത്. ഗൗരിയെന്നാണ് ഭാര്യയുടെ പേര്. മൂന്നുമക്കളുണ്ട് അവർക്ക്. ‍ഞങ്ങളുെട അമ്മയുടെ പേരാണ് ഒരു മകൾക്ക്, അദിതി. മകന് ഞങ്ങളുടെ അച്ഛന്റെ പേരും. കേശവ്. മറ്റൊരു മകൾ നർമ്മദ.

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇതുപോെല നീ എന്റെ അനുജനായി പിറക്കണം. കുട്ടിക്കാലത്ത് നിന്നെ എടുത്തു നടക്കണം. വണ്ണാത്തിപ്പുഴ കാണിക്കണം. സംഗീതം പഠിപ്പിക്കണം. കൈതപ്രം ഗ്രാമത്തിൽ നമുക്കു ചുറ്റിക്കറങ്ങണം. മുതിരുമ്പോൾ എന്റെ സംഗീതസഹയാത്രികനായി കൂടെക്കൂട്ടണം. നമുക്ക് ഇനിയും നല്ല നല്ല പാട്ടുകൾ െചയ്യണം. ദാസേട്ടനെക്കൊണ്ടും ജയേട്ടനെക്കൊണ്ടും വേണുവിനെക്കൊണ്ടും ചിത്രയെക്കൊണ്ടുമൊക്കെ ആ പാട്ടുകൾ പാടിക്കണം.

ഞാൻ കാത്തിരിക്കുകയാണ് വിശ്വനാഥാ... ആ ജന്മത്തിനായി...

Tags:
  • Celebrity Interview
  • Movies