Thursday 13 December 2018 10:43 AM IST : By വിജീഷ് ഗോപിനാഥ്

’ഈ സിനിമയ്ക്കു വേണ്ടിയാവാം ഞങ്ങൾ കാത്തിരുന്നത്..’ ആദ്യമായി ഒരുമിച്ച് അഭിനയിച്ചതിന്റെ ത്രില്ലിൽ ചാക്കോച്ചനും ഫഹദും

fahad15 ഫോട്ടോ: ശ്യാംബാബു

ഫാസിൽ ചങ്ങാതിക്കൂട്ടത്തിനു നടുവിലായിരുന്നു. ‘സിനിമകളുടെ മഞ്ഞിൽ’ വിരിഞ്ഞ പൂവുപോലെ ആലപ്പുഴയിലെ വീട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’െല നരേന്ദ്രനും ‘മണിവത്തൂരിലെ ആയിരം ശിവരാത്രികളി’ലെ ഡോ. വിനയചന്ദ്രനും നാഗവല്ലിയുമെല്ലാം ഇടയ്ക്കിടെ നീളൻ വരാന്തയിലൂടെ നടന്നുപോകുന്നുണ്ട്. എപ്പോഴും വീടു ശ്വസിക്കുന്നത് സിനിമ തന്നെയാണ്. ‘‘എങ്ങനെ വേണം അഭിമുഖം?’’ ഫാസില്‍ ചോദിക്കുന്നു.

ഒരു സസ്പെൻസ് ഒളിഞ്ഞിരിക്കുന്നുണ്ട്. ഈ വീട്ടിലേക്ക് ‘അനിയത്തിപ്രാവി’ലെ ‘സുധി’യാകാൻ കുഞ്ചാക്കോ ബോബനെത്തിയത് 20 വർഷം മുമ്പാണ്. ‘അനിയത്തി പ്രാവ്’ റിലീസ് ചെയ്ത അതേ മാർച്ചിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ‘ടേക്ക് ഒാഫ്’ പുറത്തിറങ്ങുന്നു. ഫാസിലിനൊപ്പം ഒരുമിച്ചിരിക്കാൻ അവർ വരുന്നുണ്ട്, ഫാസിലിന്റെ മനസ്സിൽ വിരിഞ്ഞ രണ്ടു പൂക്കൾ– കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും. ഈ വരവ് വീട്ടിലാർക്കും അറിയില്ലെന്നു മാത്രം.

ഗെയ്റ്റിൽ ഹോൺ മുഴങ്ങി. സസ്പെൻസ് പൊളിയുകയാണ്. ‘ചാക്കോച്ചാ’ എന്നു വിളിച്ച് അദ്ഭുതത്തോടെ ഫാസിൽ ഇറങ്ങി ചെല്ലുന്നു. തൊട്ടുപിന്നിലെ കാറിൽ നിന്ന് ആദ്യമിറങ്ങിയത് ‘ഒറിയോ’ ആണ്. ഫഹദ്, നസ്രിയയ്ക്കു സമ്മാനിച്ച കറുപ്പും വെളുപ്പും നിറഞ്ഞ നായ്ക്കുട്ടി. തൊട്ടുപിന്നിലായി കണ്ണിൽ ചിരി നിറച്ച് ഫഹദ് ഫാസിലും. അകത്തേക്കു കയറിയപ്പോൾ കുഞ്ചാക്കോ ബോബൻ ഫാസിലിനോടു ചോദിച്ചു, ‘‘പാച്ചിക്കാ, എന്റെ ആദ്യ ഷോട്ട് ഈ വാതിൽ കടന്ന് ഞാനകത്തേക്കു കയറുന്നതായിരുന്നു. സിനിമയിൽ ആദ്യമായി എന്റെ മുഖം പതിഞ്ഞത് ഈ മുറിയിൽ വച്ചാണ്. ഒാർക്കുന്നുണ്ടോ?’’

fahad2

ഫഹദാണ് ഉത്തരം പറഞ്ഞത്, ‘‘കറുത്ത ജീൻസും മെറൂണ്‍ നിറമുള്ള ഷർട്ടുമിട്ടാണ് അന്ന് ചാക്കോച്ചൻ വന്നത്. ഈ വീട്ടിലാദ്യമായി നടക്കുന്ന ഷൂട്ട്. ആ സിനിമയിൽ ചാക്കോച്ചൻ ഉണ്ടാക്കിയ ഒരു ഇംപാക്ട് പിന്നീടു വന്ന ഒരു നടന്റെയും ആദ്യ സിനിമയിൽ ഉണ്ടായില്ല, എന്റെ സിനിമയിൽ പോലും. ആ സിനിമ, കഥാപാത്രം, സ്റ്റൈൽ... എന്റെ സുഹൃത്തുക്കളെയൊക്കെ സ്വാധീനിച്ചിരുന്നു. ഞാനന്ന് ബൈക്ക് ഒാടിക്കാൻ പഠിച്ച സമയമായിരുന്നു. ഷൂട്ടിങ് സമയമാകുമ്പോൾ സിനിമയിലുപയോഗിച്ച ‘സ്പ്ലെൻഡർ ബൈക്ക്’ ക്യാമറയ്ക്കു മുന്നിൽ കൊണ്ടുവന്നു വയ്ക്കുന്നത് ഞാനാണ്. ചാക്കോച്ചൻ അതിൽ നിന്നിറങ്ങുമ്പോൾ ഞാനതിലൊന്നു കറങ്ങും. അന്ന് ചാക്കോച്ചന്റെ ഏറ്റവും വലിയ ആഗ്രഹം സിനിമയിൽ നിന്നുള്ള പ്രതിഫലം ഉപയോഗിച്ച് ഒാസ്ട്രേലിയയിൽ എംബിഎ പഠിക്കാൻ പോകുക എന്നതായിരുന്നു. ‘അനിയത്തി പ്രാവ്’ ഇറങ്ങിയതോടെ ചാക്കോച്ചൻ തിരക്കിലായി. ‘നിറം’ ഇറങ്ങിക്കഴിഞ്ഞാണ് പിന്നീട് ഞങ്ങൾ കാണുന്നത്. അന്നു ഞാൻ ആ ഒാസ്ട്രേലിയൻ സ്വപ്നത്തെക്കുറിച്ചു ചോദിച്ചു. ‘അതൊക്കെ ഗോപിയായി മോനേ’ എന്നായിരുന്നു ചാക്കോച്ചന്റെ ഉത്തരം.’’

‘ടേക്ക് ഒാഫ് ’ എന്ന സിനിമയിലൂടെ രണ്ടുപേരും ആദ്യമായി ഒരുമിക്കുന്നു. ഇങ്ങനെയൊരു കൂടിച്ചേരൽ വൈകിയെന്നു തോന്നുന്നുണ്ടോ?

കുഞ്ചാക്കോ ബോബൻ– ഇതിനു മുമ്പും ഒരുമിച്ചൊരു സിനിമ എന്ന ആലോചന പലപ്പോഴായി വന്നിരുന്നു. പല കാരണങ്ങളാൽ അതൊന്നും നടന്നില്ല. ‘ടേക്ക് ഒാഫ്’ എന്ന ഈ സിനിമ ഒരു കടമയായാണ് ഞങ്ങൾക്കു തോന്നുന്നത്. രാജേഷ് പിള്ള എന്ന സംവിധായകന്റെ ഒാർമ നിലനിർത്താൻ, അവരുടെ കുടുംബത്തിനായി ഞങ്ങളെല്ലവരും കൂടി ചെയ്യുന്ന സിനിമയാണിത്. അതുകൊണ്ടുതന്നെ ഒരു സാധാരണ സിനിമയായി ഇതു തോന്നുന്നില്ല. മനുഷ്യത്വം എന്ന വാക്കിന് ഒരുപാടു പ്രധാന്യം കൊടുക്കുന്ന സിനിമ. യുദ്ധത്തിനിടയിൽ പെട്ടുപോയ നഴ്സ്മാരുടെ ജീവിതം, അവരുടെ സഹനം, പുഞ്ചിരിക്കു പിന്നിലെ അവരുടെ കണ്ണീർ ഇതൊക്കെയാണ് ‘ടേക്ക് ഒാഫ്.’ ഒരുപാടു പേരുടെ ജീവിതത്തിലേക്കാണ് ഈ സിനിമ കടന്നു ചെല്ലുന്നത്. സിറിയയിലെ യുദ്ധഭൂമിയില്‍ മരണത്തെ അരികില്‍ നിന്നു കണ്ട ഒരുപാടു നഴ്സുമാർ നമുക്കു ചുറ്റും ഉണ്ട്. അതുവരെ സമ്പാദിച്ചതും സ്വപ്നങ്ങളുമെല്ലാം ഉപേക്ഷിച്ച് പോരേണ്ടി വന്നവർ അവരുടെയൊക്കെ ജീവിതം ഇതിൽ കടന്നുവരുന്നുണ്ട്.  

fahad5

ഫഹദ്– സിനിമയിൽ ചാക്കോച്ചന്റെ പ്രണയം നിറച്ച മുഖത്തെക്കാൾ ഒരുപാട് തലങ്ങളുള്ള കഥാപാത്രങ്ങളെയാണ് എനിക്കിഷ്ടം– ‘ട്രാഫിക്ക്’ പോലുള്ള സിനിമകൾ. അത്തരം സിനിമകളിലെ കഥാപാത്രങ്ങൾക്ക് അനവധി അടരുകളുണ്ട്, അതിമനോഹരമായാണ് ചാക്കോച്ചൻ അതെല്ലാം ചെയ്തുവച്ചിരിക്കുന്നത്. ‘ട്രാഫിക്കി’ലെ കഥാപാത്രം ഞാൻ ചെയ്താൽ  നന്നാകില്ല. അതെനിക്ക് വ്യക്തമായറിയാം. ‘ടേക്ക് ഒാഫും’ അതുപോലെ തന്നെ. അത്ര സുന്ദരമായാണ് ചാക്കോച്ചൻ അതിൽ അഭിനയിച്ചത്. ചാക്കോച്ചന്റെ മികച്ച രണ്ടുസിനിമകളിലൊന്ന് ഉറപ്പായിട്ടും ‘ടേക്ക് ഒാഫ്’ ആയിരിക്കും. ഈ സിനിമയ്ക്കു വേണ്ടിയാകാം ഞങ്ങൾ ഒരുമിച്ചഭിനയിക്കാൻ ഇത്രനാൾ കാത്തിരുന്നതെന്നു തോന്നുന്നു.

അപ്പോഴാണ് ഫാസിൽ 2001ലെ ആ പുതുവർഷ രാവ് ഒാർത്തത്, ‘കൈയെത്തും ദൂരത്ത്’  തുടങ്ങും മുമ്പേ ഫഹദും ഞാനും കൂടി ബോബൻ കുഞ്ചാക്കോയെ കാണാൻ പോയി. അദ്ദേഹത്തിന്റെ അടുത്തുനിന്ന് അനുഗ്രഹം വാങ്ങി തിരിച്ചിറങ്ങിയപ്പോൾ ചാക്കോച്ചൻ ഷൂട്ട് കഴിഞ്ഞ് വന്നു കയറുന്നു. ‘നീ വാ, എന്നിട്ടുവേണം നമുക്കൊരുമിച്ച് അഭിനയിക്കാൻ’ എന്ന് ഫഹദിനെ കെട്ടിപ്പിടിച്ച് അന്നു ചാക്കോച്ചൻ പറഞ്ഞു. അതിപ്പോഴാണ് നടക്കുന്നത്,  പതിനാറുവർഷത്തിനു ശേഷം.

ഒാർമച്ചിരിയൊതുക്കി കുഞ്ചാക്കോ ബോബൻ ‍ചോദിച്ചു.

എന്നെ പുതുമുഖ നായകനാക്കി സിനിമയെടുത്തത് അന്നു വലിയ ടെൻഷനുണ്ടാക്കിയിരുന്നോ?

ഫാസിൽ– എനിക്ക് അത്രയ്ക്ക് പരിചയമുള്ള കുടുംബം. പോരെങ്കില്‍ അവിടെ നിന്നാണ് ഞാൻ സിനിമ പഠിച്ചത്. ചാക്കോച്ചന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോ എന്റെ സുഹ‍ൃത്തായിരുന്നു. ആ കുടുംബം വഴിയാണ്  സിനിമ എന്ന സാമ്രാജ്യത്തിലേക്ക് എനിക്കു വഴിതുറന്നു കിട്ടുന്നത്. അപ്പോൾ സ്വാഭാവികമായും ടെൻഷനുണ്ടാകില്ലേ? അന്ന് ചാക്കോച്ചൻ ബികോം അവസാനവർഷ വിദ്യാർഥിയായിരുന്നു. പഠനവും പോയി, സിനിമയും വിജയിച്ചില്ലെങ്കിൽ...

fahad9

എന്നാൽ അനിയത്തിപ്രാവിന്റെ അവസാന രംഗങ്ങളിലെത്തിയപ്പോഴേക്കും നടനെന്ന നിലയിൽ കുഞ്ചാക്കോ ബോബൻ ഫ്ലൈ ചെയ്യുകയാണെന്ന് എനിക്ക് തോന്നി. പക്ഷേ, ഡബ്ബിങ് സമയത്ത് എനിക്കു വീണ്ടും സംശയമായി, ആൾ ഡബ്ബിങ് ട്രാക്കിലേക്ക് വീണിട്ടില്ല. അതിന്റെ പേരിൽ സിനിമ മോശമാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ‘അനിയത്തിപ്രാവി’ലെ ചാക്കോച്ചന്റെ കഥാപാത്രത്തിന് കൃഷ്ണചന്ദ്രനാണ്  ശബ്ദം നൽകിയത്.

ഫഹദിന്റെ ജീവിതത്തിൽ ഒരേ സമയം ഉപ്പയും സംവിധായകനുമാണ് ഫാസിൽ. ആ രണ്ടു റോളും തമ്മിലുള്ള വ്യത്യാസമെന്താണ് ?

ഫഹദ്– രണ്ടും ഏതാണ്ട് ഒരുപോലെ ആണെന്നാണ് എനിക്കു തോന്നുന്നത്. ‘അനിയത്തിപ്രാവി’ന്റെ സമയത്ത് ചാക്കോച്ചനോട് എങ്ങനെയാണോ പെരുമാറിയത് അതുപോലെ തന്നെയായിരുന്നു എന്നോടും. ഷൂട്ടിങ്ങിനിടയിൽ  വാപ്പ തന്നെ കഥാപാത്രമായി അഭിനയിച്ചു കാണിച്ചു കൊടുക്കും. എനിക്കുമാത്രം അങ്ങനെ അഭിനയിച്ചു കാണിച്ചുതന്നില്ല. ആ സിനിമയിൽ അതൊരു കുഴപ്പമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. ‘കൈയെത്തും ദൂരത്തി’ൽ അഭിനയിക്കാൻ നിൽക്കുമ്പോൾ എല്ലാവരും ഞാനറിയുന്ന ആൾക്കാരായിരുന്നു. ഇതുകൊണ്ടു തന്നെ ടെൻഷനും ആകാംക്ഷയും ഒന്നുമില്ലായിരുന്നു. ആദ്യ പടത്തിൽ തോന്നാത്തതു കൊണ്ടുതന്നെ പിന്നീടൊരു സിനിമയിലും  അതുണ്ടായുമില്ല.

കുഞ്ചാക്കോ ബോബൻ–   അഭിനയിച്ചു കാണിച്ചു തരുന്നതിന്റെ നാലിലൊന്നു പോലും എനിക്ക് തിരിച്ചു കൊടുക്കാൻ അന്നു കഴി‍ഞ്ഞിരുന്നില്ല. പാച്ചിക്കയുടെ കണ്ണുകളുടെ പ്രത്യേകത ഷാനു(ഫഹദ്)വിനു കിട്ടിയിട്ടുണ്ട്. ലൈഫുള്ള കണ്ണുകളാണവ.

ഫാസിൽ ആ കാലത്തിലാണെന്നു തോന്നി. രണ്ടു സിനിമകൾ. അതിനു പിന്നിൽ അനുഭവിച്ച ചിരിയും സങ്കടങ്ങളും. കണ്ണടയൂരി തുടച്ച് ഫാസില്‍ രണ്ടുപേരോടും ചോദിച്ചു.

fahad6

രണ്ടുപേരുടെ ജീവിതത്തിലും സമാനതകളേറെ. എന്റെ സിനിമയിലൂടെ വന്നു എന്നുമാത്രമല്ല, തിരിച്ചെത്തി വിജയിച്ചവരുമാണ്. അങ്ങനെ തോന്നിയിട്ടില്ലേ?

കുഞ്ചാക്കോ ബോബൻ– ഒളിച്ചോട്ടം കഴിഞ്ഞ് തിരിച്ചു വന്നവരാണ് ഞങ്ങൾ രണ്ടാളും. ഞാൻ ബിസിനസ് രംഗത്തേക്കിറങ്ങി. ഷാനു പഠിക്കാനായി അമേരിക്കയിലേക്ക് പോയി. ആ രണ്ടാംവരവിലാണ് നടൻ എന്ന രീതിയിൽ  രണ്ടുപേരും വളരാൻ തുടങ്ങിയത്. ആദ്യ സിനിമയിൽ അഭിനയിക്കുന്നു, അത് സൂപ്പർ ഹിറ്റാകുന്നു. അപ്പോഴേ എനിക്കറിയാമായിരുന്നു– ഇതു പെട്ടെന്നു വന്ന സംഭവമാണ്, അതുപോലെ തന്നെ പോകും. അതുകൊണ്ടുതന്നെ രണ്ടാം വരവിൽ ഒന്നുറപ്പിച്ചു, ചെറിയ റോളുകളിൽ തുടങ്ങി പിന്നെ, നായക കഥാപാത്രത്തിലേക്കെത്തണം. ആ തീരുമാനത്തിൽ ഞാൻ വിജയിച്ചു എന്നു തന്നെയാണു തോന്നുന്നത്, സ്റ്റാർ എന്നതിനേക്കാളും നടൻ എന്ന രീതിയിൽ കൂടുതലിടപെടാൻ തുടങ്ങിയത് രണ്ടാംവരവിലായിരുന്നു. ഷാനുവും അങ്ങനെ തന്നെയാണെന്നു തോന്നുന്നു. അഭിനയം പ്രഫഷനായി ആദ്യകാലത്ത് എടുത്തിരുന്നില്ല. ഇന്ന് സിനിമ ജീവിതത്തിന്റെ ഭാഗം എന്നതിനേക്കാൾ ജീവിതം തന്നെയാണെന്ന തോന്നൽ വന്നു. സങ്കടവും സന്തോഷവും സിനിമയുടെ ഭാഗമായി കാണാനുള്ള പാകം വന്നു. അതാണ് രണ്ടാം വരവിലുണ്ടായ മാറ്റം.

ഫഹദ്- സിനിമയിലേക്കു ഞാൻ തിരിച്ചുവരും എന്നെനിക്ക് ഒ രുറപ്പുമില്ലായിരുന്നു. വന്നുചേരുകയായിരുന്നു. ജീവിതത്തിൽ സംഭവിച്ചതെല്ലാം അങ്ങനെയാണ്. മനപ്പൂർവമായി ബ്രേക്ക് എടുത്തതല്ല. പഠിക്കാനുള്ള അവസരം കിട്ടി. വിദേശത്തു പോയി. തിരിച്ചു വന്നപ്പോൾ സിനിമ വീണ്ടു കിട്ടി, അഭിനയിച്ചു... എല്ലാം സംഭവിക്കുന്നതാണ്. രണ്ടുപേരും സിനിമാ പശ്ചാത്തലത്തിൽ നിന്നു വരുന്നതു കൊണ്ടു തന്നെ ഞങ്ങളെത്തുമ്പോൾ ആളുകളൊരുപാടു പ്രതീക്ഷിച്ചു. ‘നടൻ’ ആകാനുള്ള സാഹചര്യം തന്നില്ല. ചാക്കോച്ചന്‍ അതിനെ അതിജീവിച്ചു. എന്റെ കാര്യത്തിൽ ഇനിയും സമയം വേണ്ടി വരും എന്നു തോന്നുന്നു.

ഫാസിൽ– ആദ്യ ചിത്രം തന്നെ പരാജയമായപ്പോഴും പിന്നീട് സിനിമയിൽ നിന്ന് പോയപ്പോഴും എനിക്കുറപ്പുണ്ടായിരുന്നു, ഫഹദ് തിരിച്ചു വരും. ആ സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു ഫഹദ്. അത്തരമൊരു കഥാപാത്രത്തിനു വേണ്ടി കുറേ അന്വേഷിച്ചു. ഒഡിഷനുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് വന്നിരുന്നു. ആ സമയത്ത് കഥ പോലും ഉറപ്പിച്ചിരുന്നില്ല. എന്റെ മനസ്സിലുള്ള കഥാപാത്രത്തെക്കാൾ രാജുവിനു പ്രായം കുറച്ചു കൂടുതലായിരുന്നു. ചാക്കോച്ചനെ വച്ച് റിസ്ക് എടുത്തതു പോലെ പൃഥ്വിയുടെ കാര്യത്തിൽ ഒരു പരീക്ഷണം നടത്താന്‍ പേടിയായി എനിക്ക്. അപ്പോഴാണ് ഫഹദിനെ നോക്കിക്കൂടെ എന്ന് എന്റെ സുഹൃത്ത് ചോദിക്കുന്നത്, ഇടയിലേക്ക് ഫർഹാൻ ഫാസിൽ വന്നു. അടുത്തുതന്നെ പുറത്തിറങ്ങുന്ന ഫർഹാന്‍ നായകനായ ‘ബഷീറിന്റെ പ്രണയലേഖനം’ എന്ന സിനിമയ്ക്ക് കുഞ്ചാക്കോ ബോബൻ ഒാൾ ദ ബെസ്റ്റ് പറയുന്നു.‘‘ഞങ്ങളിവനെ ‘വച്ചു’ എന്നാണ് വിളിക്കുന്നത്. ‘അനിയത്തി പ്രാവി’ൽ അഭിനയിക്കാനെത്തുമ്പോൾ എന്റെ കൂട്ട് ഇവനായിരുന്നു. ഫഹദ് അന്ന് സിനിമയെക്കുറിച്ചൊക്കെയാണ് കൂടുതലും സംസാരിക്കുക. പക്ഷേ, വച്ചു നല്ല കുസൃതി.

fahad10

ഒരു ദിവസം ഷൂട്ടിങ്ങിനിടയിൽ കക്ഷി കറങ്ങി കറങ്ങി എന്റെ അരികിൽ വന്നു. എന്നിട്ട് എന്റെ വാച്ച് ചോദിച്ചു. അടുത്ത സീനിൽ അഭിനയിക്കുമ്പോൾ വാച്ചില്ലെങ്കിൽ കുഴപ്പമാകും. എന്നാലും ചോദിച്ചതല്ലേ കൊടുക്കാമെന്നു കരുതി, അപ്പോഴാണ് കക്ഷിയുടെ നിഷ്കളങ്കമായ കൂട്ടിച്ചേർക്കൽ, ‘ചാക്കോച്ചാ, ഒട്ടും പേടിക്കണ്ട. കളിച്ചു കഴിഞ്ഞ് വാച്ച് പൊട്ടിച്ചിട്ട് അപ്പോ തന്നെ തിരിച്ചു തന്നേക്കാം...’

കുഞ്ഞുചിരി പൊട്ടിച്ചിരിയായി. ഫാസിൽ എന്ന ‘സംവിധായകനോട്’ രണ്ടുപേരും ഒാരോ ചോദ്യം. ആവശ്യം കേട്ടപ്പോഴേ കുഞ്ചാക്കോ ബോബൻ രക്ഷപ്പെടുന്നു... ഒടുവിൽ ഫഹദ് ചോദിച്ചു.

ഞാൻ ഇനി എങ്ങനെയുള്ള സിനിമകളിലാണ് അഭിനയിക്കേണ്ടത്?

ഫാസിൽ–  ഒരു സംവിധായകനെന്ന രീതിയിലാണ് പറയുന്നത്. ഇവർ രണ്ടുപേരും തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് ഒരു സമാനതയുണ്ട്. രണ്ടുപേരും ഹീറോ എന്നതിനേക്കാൾ കഥാപാത്രം മികച്ചതാണോ എന്നേ നോക്കാറുള്ളു. അതേ അവരെ മോഹിപ്പിക്കാറുള്ളു. സ്നേഹം കൊണ്ട് പ്രേക്ഷകരാണ് ഒാരോ നടന്റെയും നടിയുടെയും മാസ്‌റ്റേഴ്സ്. അവർ പ്രതീക്ഷിക്കുന്നത് തിരിച്ചുനൽകണ്ടേ? ഇവർക്കു മുന്നിലേക്കും ‘നരസിംഹ’വും ‘രാജമാണിക്യ’വും പോലുള്ള സിനിമകള്‍ വരും. അതിൽ നിന്നു മാറി നിൽക്കരുത്. രണ്ടുതരം സിനിമകളും ചെയ്യേണ്ടതു തന്നെയാണ്.  

ഈ അടുപ്പം പ്രിയയും നസ്രിയയും തമ്മിലുണ്ടോ?

ഫഹദ്– രണ്ടു കുടുംബങ്ങളും തമ്മിൽ നല്ല സൗഹൃദത്തിലാണ്. അതു പണ്ടുമുതൽക്കേ അങ്ങനെയാണ്. ഞങ്ങൾ കുട്ടിക ളായിരിക്കുമ്പോൾ ഒരുമിച്ചെടുത്ത ഫോട്ടോ ആൽബത്തിലിപ്പോഴുമുണ്ട്.

കുഞ്ചാക്കോ ബോബൻ– വിവാഹത്തിന്റെ കാര്യത്തിലും ഞങ്ങൾക്കിടയിൽ സമാനതകളുണ്ട്. രണ്ടു വിവാഹങ്ങൾക്കും അറേഞ്ച്ഡ് ലൗമാരേജ് എന്ന ബോർഡ് ഉണ്ട്. ‘ഡോക്ടർ ലവ്’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ചാനലിനു വേണ്ടി നസ്രിയ എന്നെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. പ്രണയിക്കാനുള്ള ടിപ്സ് എന്തൊക്കെയാണ് എന്നായിരുന്നു ഒരു ചോദ്യം. ഇപ്പോൾ ഞാനത് തിരിച്ചു ചോദിക്കേണ്ടി വരും

ഫഹദിന്റെ ഏതൊക്കെ പൊസിറ്റീവ് മുഖങ്ങളാണ് കുഞ്ചാക്കോ ബോബൻ ഇഷ്ടപ്പെടുന്നത് ?

പരാജയത്തിൽ നിന്ന് അത്രയും ബുദ്ധിമുട്ടി തിരിച്ചു വരുന്നവരാണ് എപ്പോഴും എന്നെ സ്വാധീനിക്കുന്ന വ്യക്തികൾ. ഷാനു അതിലൊരാളാണ്. വീണ്ടും തിരിച്ചുവരുന്നു, നല്ല സിനിമകളുടെ ഭാഗമാകുന്നു, അതിലെ കഥാപാത്രങ്ങൾ ആളുകൾക്കിഷ്ടമാകുന്നു, ഇതിലൊക്കെ മത്സരിച്ചു വിജയിക്കുന്ന ഒരാളുടെ മനസ്സുണ്ട്. ഒരു പോരാളിയുടെ ജീൻ ഉള്ളിൽ കിടക്കുന്നതു കൊണ്ടാണ് ഈ തിരിച്ചുവരവ് നടക്കുന്നത് ഇഷ്ടമായ സിനിമ മാത്രമേ ഷാനു ചെയ്യാറുള്ളൂ. എനിക്കങ്ങനെ തീരുമാനിക്കാൻ പലപ്പോഴും പറ്റാതെ പോയിട്ടുണ്ട്, ഷാനു തിരഞ്ഞെടുത്ത സിനിമകൾ ചിലപ്പോൾ നമുക്ക് ഇഷ്ടപ്പെടാതെ പോകും. പക്ഷേ, ‘എനിക്കിഷ്ടമാണ്, ഞാനത് ചെയ്തു’ എന്നു പറഞ്ഞ് എടുത്ത തീരുമാനത്തിലുറച്ചു നിൽക്കാൻ ഷാനുവിനു പറ്റും. അതത്ര എളുപ്പമുള്ള കാര്യമല്ല. ഞെട്ടിച്ചു കളഞ്ഞത് മറ്റൊന്നാണ്. കുറച്ചു കാലം കഴിഞ്ഞ് ഞാനൊന്നു മാറ്റിപ്പിടിക്കാം എന്നു കരുതി ഇറക്കാനിട്ടിരുന്ന നമ്പർ പുള്ളി നേരത്തെ ചെയ്തു. അൽപം കഷണ്ടിയുള്ള ആ ലുക്ക് പുതിയ തലമുറ ഏറ്റെടുത്തില്ലേ?

fahad14

ഇനി ഫഹദ് പറയട്ടെ...

ചില നന്മകൾ എപ്പോഴും എന്നെ അദ്ഭുതപ്പടുത്തിയിട്ടുണ്ട്. ‘ടേക്ക് ഒാഫ്’ എന്ന ഈ സിനിമയിൽ ഒരു പൈസ പോലും വാങ്ങാതെയാണ് ചാക്കോച്ചൻ അഭിനയിച്ചിരിക്കുന്നത്. ആ മനസ്സ് അംഗീകരിച്ചേ പറ്റു. പറഞ്ഞു കേട്ട ഒരു കാര്യമുണ്ട്. മരിച്ചു പോയ നിതിൻ പോൾ മാനുവൽ എന്ന കൂട്ടുകാരന്റെ കുഴിമാടത്തിൽ പോയി പ്രാർഥിച്ചിട്ടാണ് ചാക്കോച്ചൻ മിന്നുകെട്ടാൻ പള്ളിയിലേക്കിറങ്ങിയത്. ബന്ധങ്ങൾക്ക് അത്രയും പ്രാധാന്യം കൊടുക്കുന്ന ആൾ. ഇതിലൊക്കെയുണ്ട് നന്മ തൊട്ട ഒരു മനസ്സ്. ആരേയും ഉപദ്രവിക്കാതെ പുള്ളിയുടെ കാര്യവും നോക്കി മുന്നോട്ടു പോകും. ഇതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

സംവിധാനം ഫാസിൽ, നിർമാണം കുഞ്ചാക്കോ ബോബൻ. ഫഹദും നസ്രിയയും ഒരുമിച്ചഭിനയിക്കുന്നു. എന്നാണ് അങ്ങനെയൊരു ചിത്രം ?

ചിരിയായിരുന്നു ഉത്തരം. ഒടുവിൽ കുഞ്ചാക്കോ ബോബൻ പറയുന്നു, ‘‘സാധ്യത ഇല്ല എന്നു പറയാനാവില്ല. ഉണ്ടായേക്കാം, അതല്ലേ സിനിമ... ഇത്ര അടുപ്പമുള്ളവരായിട്ടും ഒരു ‘ടേക്ക് ഒാഫ്’ ഉണ്ടാകാൻ ഇത്രയും വർഷം വേണ്ടി വന്നില്ലേ...’’

ചിരിയിൽ പൂക്കുന്നു വീണ്ടും സിനിമ തുടിക്കുന്ന വീട്.

fahad13