Wednesday 25 September 2019 12:52 PM IST

തലയിലടിക്കുന്ന ഡൈ, അതു കൊണ്ടല്ലേ ഇത്രയും ചെറുപ്പമായി തോന്നുന്നത്; കുട്ടേട്ടന്റെ ഗ്ലാമർ രഹസ്യം

Tency Jacob

Sub Editor

kuttettan-cover മകൻ ദേവദേവൻ, ഭാര്യ സുമ, മകൻ ജിനദേവൻ,പേരക്കുട്ടികളായ അദ്രിത് നാരായൺ, റിത്വിക് രാഘവ്, മരുമക്കൾ രാഖി, ശ്രുതി എന്നിവരോടൊപ്പം

ഡയണീഷ്യ’ എന്ന അപൂർവ പേരുള്ള വീടിന്‍റെ ഉമ്മറത്തിരുന്ന് വിജയരാഘവന്‍ പറഞ്ഞു തുടങ്ങിയത് അച്ഛന്‍ നാടകാചാര്യന്‍ എന്‍.എൻ പിള്ളയെക്കുറിച്ചുള്ള ഒാര്‍മപ്പൊട്ടുകളാണ്. ‘‘അച്ഛൻ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യൻ ദേവാലയത്തിലാണ്. ഗ്രീക്ക് പുരാണത്തില്‍ നാടകങ്ങളുടെ ദേവനാണ് ‘ഡയണീഷ്യ’. നാടകം ജീവശ്വാസമായിരുന്ന ഒരാൾ സ്വന്തം വീടിന് വേറെന്തു പേരിടാൻ.

അച്ഛൻ വിശ്വസിച്ചത് ദൈവത്തിലായിരുന്നില്ല, നാടകത്തിലായിരുന്നു. ശ്വാസം കിട്ടാതെ പിടയുമ്പോഴും കരയുകയല്ല, ‘ഇതൊന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ’ എന്ന് പറഞ്ഞു മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. ആ ദിവസങ്ങളില്‍ പരിചയത്തിലുള്ള ഒരു സ്ത്രീ അച്ഛനെ കാണാനെത്തി. ശ്വാസത്തിനു വേണ്ടിയുള്ള പെടാപ്പാടു കണ്ട് അവർ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു. അറയ്ക്കുന്ന എന്തോ കേട്ടതു പോലെ ‘ഹാ’ എന്നു പറഞ്ഞ് അച്ഛൻ തല വെട്ടിത്തിരിച്ചു. പന്തികേട് തോന്നി ഞാനവരെ പതുക്കെ പുറത്തേക്ക് കൊണ്ടുപോയി. മടങ്ങി വന്ന് ‘എന്താ അങ്ങനെ ചെയ്തത്’ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് ‘അവരെന്റെ ചെവിയിൽ ദൈവനാമം ജപിക്കുന്നു’ എന്നാണ്. രണ്ടു മണിക്കൂറിനുള്ളില്‍ അച്ഛൻ മരിച്ചു.

ഓണക്കാലത്തെ ഓർമകൾ

പണ്ട് ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിേശഷങ്ങള്‍ക്കെല്ലാം നാടകമുണ്ടാകും. തിരിച്ചു വന്നിട്ടാണ് ആ ഘോഷമൊക്കെ. അടുത്തൊക്കെയാണെങ്കിൽ സദ്യ ഉ ണ്ടിട്ട് പോകും. മക്കളായതോടെയാണ് സമയത്തും കാലത്തും ആഘോഷങ്ങള്‍ തുടങ്ങിയത്. കുടുംബമാണെന്റെ സന്തോഷം. കുറച്ചുനാൾ മുൻപുവരെ രണ്ടു പെങ്ങന്മാരുടെ കുടുംബവും ചേർന്ന് വലിയ കൂട്ടുകുടുംബമായിരുന്നു. അവരുടെ മക്കളുടെ കല്യാണമായപ്പോഴാണ് വേറെ വീടുവച്ചു മാറിയത്. എല്ലാവർക്കുമുണ്ടാകുമല്ലോ നല്ല സമയവും ചീത്ത സമയവും. കൂട്ടുകുടുംബമാകുമ്പോൾ അതു ബാലൻസ് ചെയ്തു പോകും.

രണ്ടാണ്‍മക്കളാണ് എനിക്ക്. ജിനദേവനും ദേവദേവനും. പെൺമക്കളെ എനിക്കിഷ്ടമായിരുന്നു. മരുമക്കൾ വന്നപ്പോഴാണ് ‘മോളെ’ എന്നൊന്നു വിളിക്കാൻ പറ്റുന്നത്. രണ്ടു മക്കളും എന്റെ കൂടെയുണ്ട്. മനസ്സിന്റെ നിറവ് അല്ലേ ഓണം. രണ്ടു പേരക്കുട്ടികളും കൂടിയായപ്പോൾ വീട്ടിലെത്തുമ്പോൾ എന്നും ഓണമാണ്.

kuttettan ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സിനിമയില്‍ എത്തിയിട്ട് 37 വര്‍ഷം. ഇപ്പോഴും ചെറുപ്പക്കാരനായി അഭിനയിക്കാൻ െറഡി. എന്താണ് യുവത്വത്തിന്റെ രഹസ്യം?

വേറൊന്നുമല്ല, തലയിലടിക്കുന്ന ഡൈ. അതു കൊണ്ടല്ലേ ഇത്രയും ചെറുപ്പമായി തോന്നുന്നത്. പിന്നെ, നമ്മുടെയെല്ലാം മനസ്സിൽ തോന്നുന്നതാണ് പ്രായം. രാജൻ പി. ദേവ് എന്നേക്കാൾ ഇളയതാണ്. പക്ഷേ, സിനിമയിൽ വന്ന കാലം മുതൽ കാരണവരായല്ലേ ഭാവിച്ചത്. ഞാൻ സെറ്റിലിരിക്കുമ്പോൾ പിള്ളേരോടൊപ്പം കൂടും. അവരുെട വര്‍ത്തമാനങ്ങള്‍ േകള്‍ക്കും. അവരിലൊരാളായി മാറും. അെതാക്കെ കൊണ്ടാണ് അവർക്ക് എന്നോട് അകൽച്ച തോന്നാത്തത്.

ന്യൂജെൻ സിനിമകളിൽ വേഷം ഉറപ്പാകുന്നതും അതുകൊണ്ടാണോ?

പ്രേക്ഷകർക്കും സിനിമക്കാർക്കും ഇഷ്ടമായതുകൊണ്ടു ത ന്നെയാണല്ലോ ഇത്രയും കാലം നിലനിൽക്കുന്നത്. അന്നും ഇ ന്നും പത്തില്‍ കൂടുതല്‍ സിനിമകള്‍ ഒരോ വര്‍ഷവും ചെയ്യാൻ പറ്റുന്നുണ്ട്. ഈ ഓണത്തിനു റിലീസാകുന്ന മൂന്നു സിനിമകളിൽ ഞാനഭിനയിക്കുന്നുണ്ട്. ‘ബ്രദേഴ്സ് േഡ’യില്‍ പൃഥ്വിരാജും ധര്‍മജനുമാണ് കൂടെ. ദുൽഖർ നിർമിക്കുന്ന സിനിമയില്‍ ഷൈൻ ടോം ചാക്കോയോടും ഗ്രിഗറിയോടുമൊപ്പം. ഇതെല്ലാം ഒരു രസമല്ലേ. നമ്മൾ ഒരാളെ എങ്ങനെ കരുതുന്നു അതുപോലെ നമ്മളെയും കരുതും. പഴയ തലമുറയും പുതിയ തലമുറയും ‘കുട്ടേട്ടാ’ എന്നാണു വിളിക്കുന്നത്. അതുമൊരു ഭാഗ്യം.