Thursday 06 April 2017 12:35 PM IST : By രാഖി റാസ്

പുലിക്കുട്ടികളോടാണോ കളി! അറിവിന്റെ തിളക്കത്തിൽ ആരെയും അമ്പരപ്പിക്കുന്ന കുട്ടിപ്പട്ടാളത്തിന്റെ വിശേഷങ്ങൾ

kutty2
ഫോട്ടോ: ശ്യാം ബാബു

ജയം മാത്രമാണ് മോഹമെങ്കിൽ രണ്ടുതവണ ആലോചിച്ചിട്ടു മതി ഇങ്ങോട്ടുള്ള വരവ്. കാരണം ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് തോൽക്കാൻ ഒരിക്കലും മനസ്സില്ലാത്ത കുട്ടികളാണ്. ഇവിടെ കുട്ടികൾ ജയിക്കുന്നത് വാശിയും കരച്ചിലും കൊണ്ടല്ല. അറിവിന്റെ ആയുധബലത്തിലാണ്. മഴവിൽ മനോരമയിലെ ‘കുട്ടികളാടാണോ കളി’ എന്ന ക്വിസ് ഗെയിം ഷോയാണ്  അറിവിന്റെ മൽസരം നടക്കുന്ന അങ്കത്തട്ട്.

ഇപ്പോൾ എല്ലാ കണ്ണുകളും അറിവിന്റെ ഈ കുട്ടി പോരാളികൾക്കു പിന്നാലെയാണ്. ഷോയിൽ പങ്കെടുക്കുന്ന അറിവിന്റെ താരങ്ങൾ ഇരുപത് പേർ. ഏറ്റവും കൂടുതൽ എപ്പിസോഡുകളിൽ വേദിയിലെത്തി മത്സരിച്ച സൂപ്പർതാരങ്ങൾ ആറുപേർ. സിദ്ധാർഥ്, എൽദോ, ആനന്ദ്, സാൻഫിയ, അൽഫിദ്, ജൊവിറ്റ. ക്വിസ് മൽസരത്തിൽ കുട്ടികളോട് മൽസരിക്കാനെത്തി  തോറ്റുമടങ്ങുന്നവർക്കും സന്തോഷം. ചെറിയ പ്രായത്തിൽ ഈ മിടുക്കരെങ്ങനെ ഇത്രയൊക്കെ പഠിച്ചെടുത്തു എന്ന അദ്ഭുതമുണ്ട് തോറ്റുമടങ്ങുന്നവരുടെ കണ്ണുകളിൽ. അപൂർവമായി ചിലർ കുട്ടികളോട് പൊരുതി ജയിക്കാറുമുണ്ട്. അവരും പുകഴ്ത്തുന്നത് കുട്ടികളുടെ അറിവിനെ തന്നെ.

വിവിധ മേഖലകളിൽ നിന്നുള്ളവർ വിജ്ഞാന പരീക്ഷ ഉയർന്ന സ്കോറോടെ പാസായാണ് പരിപാടിയിൽ കുട്ടികളോട് മത്സരിക്കാനെത്തുന്നത്. ഐഎഎസ്, ഐ എഫ്എസ് തുടങ്ങിയ മേഖലയിൽ നിന്നുള്ള പ്രശ്നോത്തരിയിലെ വമ്പന്മാർ പ്രത്യേക ക്ഷണപ്രകാരം എത്തിയും ഇവരോട്  മാറ്റുരയ്ക്കുന്നു. ശാസ്ത്രം, സാഹിത്യം, ചരിത്രം, രാഷ്ട്രീയം, ലോക നേതാക്കൾ, സംഭവങ്ങൾ, തീയതികൾ അങ്ങനെ വിശാല മേഖലകളിലുള്ള ചോദ്യങ്ങളാണ് ഈ ഷോയിൽ കുട്ടികൾ നേരിടുന്നത്. ഉത്തരം അതിവേഗത്തിൽ പറയുകയും വേണം. ചോദ്യങ്ങളെ ഞൊടിയിടെ കൊണ്ട് കീഴടക്കുന്ന അറിവിന്റെ കുട്ടിപ്പുലികളുടെ വിശേഷങ്ങൾ. 

ക്ലാസിൽ ഫസ്റ്റാണോ..?

സിദ്ധാർഥ് : പലരും ചോദിക്കാറുണ്ട് ഞങ്ങളെല്ലാം ക്ലാസിൽ ഫസ്റ്റാണോ എന്ന്. ഞങ്ങൾ സമാന്യം നന്നായി പഠിക്കുന്നവരാണ്, പക്ഷേ, ഗ്രേഡിൽ എപ്പോഴും ഏറ്റവും മുന്നിൽ നിൽക്കണം എന്നില്ല. എൽദോ, സാൻഫിയ, ഇപ്പു, ജൊവിറ്റ, ഇവർ ക്ലാസ് ഫസ്റ്റ് ആണ് കേട്ടോ. ഞാനും ആനന്ദും ആദ്യ പത്തിനകത്ത് ഉറപ്പായിട്ടും ഉണ്ടാകും. ആനന്ദിനെ വീട്ടിൽ വിളിക്കുന്ന ഓമനപ്പേര് രാജാജി എന്നാണ് കേട്ടോ. ഇവിടുത്തെ മറ്റൊരു ഓമനപ്പേരുകാരൻ അൽഫിദ് ആണ്. ഇപ്പുവെന്നാണ് അൽഫിദിന്റെ ചെല്ലപ്പേര്.

ആനന്ദ് : ഞാനും സിദ്ധുവും ഒരു സ്കൂളിലാണ് പഠിക്കുന്നത്. ഞങ്ങൾ പലരും തമ്മിൽ ആദ്യമായി ഇവിടെ വച്ചല്ല കാണു ന്നത്. ക്വിസ് കോംപറ്റീഷനുകൾക്ക് പോകുന്നവരായതു കൊ ണ്ട് പലർക്കും നേരത്തേ പരസ്പരം അറിയാം. ഇതുവരെ ഞങ്ങൾ കുട്ടികളെയാണ് നേരിട്ടത്. ഇവിടെ ക്വിസ്സിങ്ങിലെ െലജൻഡുകളെയാണ്, മികച്ച ക്വിസേഴ്സ് ഗാങ്ങിനെയാണ് നേരിടുന്നത്  അതിന്റെ സന്തോഷവും ടെൻഷനും ഒരുപോലെയുണ്ട്. ചന്ദ്രകാന്ത് നായർ, മുഹമ്മദ് ഹനീഷ്, ഡോ. ആൽബി, മറ്റനവധി ഐഎഎസ്, ഐഎഫ്എസ് ഓഫിസർമാർ. പ്രമുഖ ക്വിസ് പ്രോഗ്രാമിന്റെ കണ്ടന്റ് ഹെഡ് ആയിരുന്ന ഋഷികേശ് തുടങ്ങിയവരെല്ലാം മത്സരത്തിനെത്തിയിരുന്നു.

ജൊവിറ്റ  : ഇവരെപ്പോലെ ഞാൻ ക്വിസ് സർക്യൂട്ടിലൊന്നും ഇല്ല.  ഇപ്പോൾ ചേട്ടന്മാരെയും ചേച്ചിമാരെയും  പോലെ ആകണമെന്ന് എനിക്കും വല്യ ആഗ്രഹം തോന്നുന്നുണ്ട്.

അൽഫിദ്: മറ്റു ക്വിസ് മത്സരങ്ങൾക്കൊക്കെ ടോപിക് നേരത്തേ അറിയാൻ പറ്റും. ഇവിടെ അതില്ല. ഏത് ചോദ്യവും ഏത് നേരത്തും വരാം. നമ്മുടെ മുഴുവൻ അറിവും സദാ സജ്ജമായിരിക്കണം.

ജൊവിറ്റ : മാത്രമല്ല, ഇവിടത്തെ ഇവർ എടുക്കുന്ന ടോപ്പിക്കുകൾ ഭയങ്കരമാണ്. തലതിരിഞ്ഞ ചോദ്യങ്ങളൊക്കെയാ വരിക. കുപ്രസിദ്ധി, മരിച്ചവർ, വധിക്കപ്പെട്ടവർ ഇങ്ങനെയാക്കെ വിഷയങ്ങൾ വരെ ചിലപ്പോൾ വരും. 

എല്ലാ ഉത്തരവും അറിയാമോ..?

സാൻഫിയ: വൈവിധ്യമാർന്ന ടോപ്പിക്കുകൾ സന്തോഷമുള്ള വെല്ലുവിളികളാണ്. ദിവസവും  മൂന്നിലധികം പത്രം വായിക്കുന്നതിനാൽ ആനുകാലിക സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പക്ഷേ, ആനുകാലിക സംഭവങ്ങളിൽ ഇടപെടാനുള്ള അവസരം കുട്ടികൾക്ക് കുറവാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആയതുകൊണ്ട് ചെറിയ തോതിൽ എനിക്കത് സാധിക്കുന്നുണ്ട് എന്ന് മാത്രം.

അൽഫിദ്: ഈയിടെ എന്നെ വല്ലാതെ വിഷമിപ്പിച്ചൊരു സംഭവം ഉണ്ടായി. ഞാൻ ഒരു ക്വിസ് മത്സരത്തിന് പോയപ്പോൾ ഒരു ചേച്ചിയെ പരിചയപ്പെട്ടു. മിടുക്കിയായിരുന്നു ആ ചേച്ചി. അടുത്തിടെ കണ്ണൂരിൽ കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവർത്തകൻ സന്തോഷ് കുമാറിന്റെ മകളായിരുന്നു ആ ചേച്ചി. ആ ചേച്ചിയുടെ നഷ്ടത്തെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. കൊലപാതകം, അത് എന്തിന് വേണ്ടിയായാലും നീതീകരിക്കാൻ പറ്റില്ല.. പത്രങ്ങൾക്കായിരിക്കും ഇത്തരം സംഭവങ്ങൾക്കെതിരേ ശക്തമായി പ്രവർത്തിക്കാൻ കഴിയുക. അതുകൊണ്ടാണ് ഞാനൊരു പത്രപ്രവർത്തകനാകാൻ ആഗ്രഹിക്കുന്നത്.

ജൊവിറ്റ: എനിക്ക് ഡോക്ടറാകാനാണ് ഇഷ്ടം. ജനറൽ മെഡിസിനും ഓർത്തോയും പീഡിയാട്രിക്സും പഠിക്കണം. അതെല്ലാം കൂടി നടക്കുവോ.. ആവോ!

സിദ്ധാർഥ് : വേണമെന്ന് വച്ചാൽ എല്ലാം നടക്കും ജൊവീ, ഡോ. എപിജെ അബ്ദുൾ കലാം സർ ഒക്കെ നമ്മളെപ്പോലുള്ള കുടുംബത്തിൽ നിന്നുള്ളവരാണ്. ശ്രമം കൊണ്ടാണ് അദ്ദേഹം ഉയർന്നു വന്നത്. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ അമ്മ എനിക്കൊരു ബൈനോക്കുലേഴ്സ് വാങ്ങിത്തന്നു. അത് വച്ച് നക്ഷത്രങ്ങളെ നോക്കി നോക്കിയാണ് എനിക്ക് സ്പെയ്സ് സയന്റിസ്റ്റ് ആകണമെന്ന ആഗ്രഹം തോന്നിയത്.  അബ്ദുൾ കലാമിനെപ്പോലെ ഒരു വ്യക്തി മാതൃകയായതോടെ സയന്റിസ്റ്റാകുക എന്ന എന്റെ  ആഗ്രഹം ഇരട്ടിച്ചു.  

സാൻഫിയ:  എന്റെയും റോൾ മോഡൽ അദ്ദേഹമാണ് സിദ്ധു ചേട്ടാ. ഏത് മേഖലയിലായാലും ആത്മാർഥമായ പ്രവർത്തനം തീർച്ചയായും മാറ്റങ്ങൾ കൊണ്ടു വരും. അഴിമതിയും അനീതിയും തടയാൻ അത് തീർച്ചയായും സാധിക്കും.

എൽദോ: പക്ഷേ, ലീഗൽ ലൂപ് ഹോൾസ് ഉണ്ട് സാൻഫീ. അതാണ് പ്രശ്നം. വിജയ് മല്യയുടെ കാര്യം തന്നെ എടുത്ത് നോക്ക്. എല്ലാവർക്കും അറിയാം മല്യ എവിടെയാണെന്ന്.  പക്ഷേ, ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.

സാൻഫിയ : സൗമ്യ വധക്കേസ് നടന്ന സമയത്ത് ഞങ്ങൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ അതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നൽകും എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. അത് നടന്നില്ലെന്ന് മാത്രമല്ല,  ഇരയായ സൗമ്യക്ക് യാത്രയിൽ കിട്ടാത്ത സംരക്ഷണവും സൗകര്യങ്ങളും പ്രതിയായ ഗോവിന്ദച്ചാമിക്ക് ജയിലിൽ ലഭിക്കുന്നുവെന്നല്ലേ വാർത്തകൾ. ഐഎഎസ് ആണ് എന്റെ ലക്ഷ്യം. അത് നേടിയെടുത്ത് ഉറപ്പായും  ഞാൻ ഇത്തരം സംഭവങ്ങൾക്കെതിരേ പ്രവർത്തിക്കും. 

kutty1

ബസർ വീക്ക്നെസാണോ...?

ജൊവിറ്റ : നിങ്ങൾക്കൊക്കെ എല്ലാം അറിയാല്ലേ.. അതല്ലേ ചോദ്യം കേൾക്കുന്നതിന് മുൻപ് ബസർ അമർത്തുന്നത്.

എൽദോ: ബസർ ഒരേ സമയം അനുഗ്രഹവും ടെൻഷനുമാണ്. പലപ്പോഴും ഊഹത്തിന്റെ ബലത്തിൽ ബസർ അടിക്കേണ്ടി വരും. കാരണം ആലോചിച്ച് ഉത്തരം ഉറപ്പിച്ചാൽ ബസർ അടിക്കാൻ വൈകും, ബസർ അടിക്കാൻ വൈകിയാൽ എതിർ ടീം ഉത്തരം പറയും എന്നുറപ്പാണ്. പിന്നെ റിസ്ക് എടുക്കുകയേ നിവ‌ൃത്തിയുള്ളൂ.

ആനന്ദ് :  ഇവൻ ഗെസ് ചെയ്ത് പറയുന്നതിന്റെ ആളാ. കുരിശ്  വരയുടെയും. ചോദ്യം ചോദിക്കും മുൻപ് നല്ല ചോദ്യം കിട്ടാൻ കുരിശ് വരയ്ക്കും. ഉത്തരം അറിയാവുന്ന ചോദ്യം കിട്ടിയാൽ അപ്പോഴും കുരിശ് വരയ്ക്കും. ബസർ അടിക്കുന്നതിനു മുൻപ് കുരിശ്, ബസർ അടിച്ചു കഴിഞ്ഞാലും കുരിശ് വര. ഇതാണ് എൽദോയുടെ സ്റ്റൈൽ. ഒരു എപ്പിസോഡിൽ ‘ഇരുപത്തയ്യായിരം’ കുരിശെങ്കിലും എൽദോ വരച്ചിരിക്കും.

എൽദോ : ഞാനെങ്ങനെയാ ക്വിസിലേക്ക് വരുന്നേന്ന് അ റിയാമോ? ആരോഗ്യം പണ്ട് തീരെ കുറവായതു കൊണ്ട് സ്പോർട്സിൽ ‘ഗപ്പൊന്നും’ കിട്ടിയില്ല.  പഠിപ്പിസ്റ്റായാലോ എന്നായി. അതും ഫലിച്ചില്ല. മാർക്ക് വാങ്ങിക്കുന്ന കാര്യത്തിൽ ചേച്ചിയായിരുന്നു മിടുക്കി. അമ്മയ്ക്ക് ബൈബിൾ ക്വിസ് ആ ണ് ക്രെയ്സ്. അമ്മ ഇത് ചേച്ചിയിൽ ആദ്യം പരീക്ഷിച്ചെങ്കിലും വർക്ക് ആയില്ല. എന്നാൽ ഇവനെക്കൂടെ നോക്കിയേക്കാം എന്ന് അമ്മ. എനിക്ക് വേറെ വഴിയൊന്നും ഇല്ലാതിരിക്കുവല്ലേ.. ഒരു കൈ നോക്കാമെന്ന് ഞാനും വിചാരിച്ചു. അത് ക്ലിക്കായി. കർത്താവ് തുറന്നുതന്ന വഴിയായതു കൊണ്ട് വഴിക്ക് ഒരു കൈ സഹായം ചോദിക്കാനാണ് ഈ കുരിശ് വര.

അൽഫിദ് : എന്റെ ചേട്ടൻ ക്വിസിൽ സമ്മാനം വാങ്ങുന്നതും അ ഭിനന്ദനം കിട്ടുന്നതും കണ്ട് കൊതിപിടിച്ചാണ് ഞാൻ ഇതിലേക്കു വരുന്നത്. തൊണ്ടിക്കുഴ ഗവൺമെന്റ് യുപി സ്കൂളിലാണ് ഞാൻ പഠിക്കുന്നത്. സ്കൂളിൽ ഒരു ചോദ്യപ്പെട്ടിയും ഉത്തരപ്പെട്ടിയും ഉണ്ട്. ഉത്തരപ്പെട്ടിയിൽ സ്കൂളിൽ നിന്നു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയിടാം. ഒരു സ്കൂൾ വർഷം പൂർത്തിയാക്കുമ്പോൾ കിട്ടുന്ന അറിവ് വളരെ വലുതാണ്. അധ്യാപകർ  കുട്ടികളുടെ അറിവ് വർധിപ്പിക്കാൻ നടപ്പാക്കിയ ഈ രീതിയാണ് എന്റെ അറിവിന്റെ അടിസ്ഥാനം. മൂന്നു പത്രങ്ങൾ വായിക്കും. അധ്യാപകനായ അച്ഛന്റെ സഹായം കൂടിയായപ്പോൾ മത്സരിക്കാൻ ആത്മവിശ്വാസം തോന്നി.

എൽദോ: അൽഫിദിന്റെ ആത്മവിശ്വാസം ഭയങ്കരമാണ്. ചോദ്യം നേരിടേണ്ടി വരുന്ന സമയത്ത് മാത്രം അൽപം ടെൻഷൻ. ബാക്കി സമയത്ത്  തമാശയും ചളുവടിയും. ഓൺ ദി ഫ്ലോർ ആണെന്ന നോട്ടമൊന്നുമില്ല.

അൽഫിദ് : ചളുവടിയെന്ന് വെറുതേ പറയരുത് ബ്രോ. ഇന്റർനാഷനൽ ചളുവാ നമ്മൾ അടിക്കുന്നത്.

സിദ്ധു : തൽക്കാലം  ചളുവടി നിർത്ത് നീയെങ്ങനെയാ ക്വിസ് മൽസരങ്ങളിലെത്തുന്നത് പറയൂ,സാൻഫിയാ..?

സാൻഫിയ: എന്റെ അച്ഛൻ മത്സ്യത്തൊഴിലാളിയാണ്. അമ്മ വീട്ടമ്മയും. പക്ഷേ അവർ പഠിക്കുന്ന കാര്യത്തിൽ എന്നെ ശരിക്കും പ്രോത്സാഹിപ്പിച്ചു. ടീച്ചർമാരും. ഈ മത്സരത്തിൽ കാഴ്ചക്കാരായാണ് ടീച്ചർമാരുടെ കൂടെ ഞാൻ എത്തുന്നത്. മത്സരിക്കാൻ താൽപര്യമുണ്ടെന്നറിഞ്ഞാണ് എനിക്ക് ഒഡീഷനിൽ പങ്കെടുക്കാൻ അവസരം തരുന്നത്.

ആനന്ദ്  : ചേട്ടൻ ആണ് എന്നെ വായിക്കാൻ പ്രേരിപ്പിക്കുന്നത്. എനിക്ക്  ‘ടെൽ മീ വൈ’യും ബാലരമ ഡൈജസ്റ്റും വാങ്ങിത്തരുമായിരുന്നു. അതൊക്കെ ഇഷ്ടത്തോടെ വായിക്കുന്ന കണ്ടപ്പോൾ അമ്മ ക്വിസ് ബുക്ക് വാങ്ങിത്തന്നു. ദിവസവും  മലയാള മനോരമ , ഹിന്ദു, ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ് എന്നീ പത്രങ്ങൾ വായിക്കും. സാവധാനം ക്വിസ് മൽസരങ്ങളിൽ എത്തി.  

എൽദോ : ഒരു പച്ച ബുക്ക്. അതാണ് ഇവന്റെ വിജയരഹസ്യം. ഒരു ദിവസം ഞങ്ങളിലാരെങ്കിലും അത് അടിച്ചു മാറ്റും.

ആനന്ദ്  : നോട്ട് ചെയ്ത് വച്ചതുകൊണ്ട് ആയില്ല. വലിയ ലൈ ബ്രറിയിൽ നിന്ന് പെട്ടെന്ന് വളരെ ചെറിയ ഒരു ബുക്ക് കണ്ടെത്തുന്നതു പോലെയാണ് ക്വിസ്. അറിവുകൾ റിലേറ്റ് ചെയ്തും പാറ്റേൺ ആക്കിയും ഓർത്തു വച്ചാലേ പ്രയോഗിക്കാൻ പറ്റൂ.

സിദ്ധു : എന്റെ എല്ലാ ഇൻസ്പിരേഷനും അമ്മയാണ്. അമ്മാവനാണ് ആദ്യമായി എനിക്ക് ബുക്ക് വാങ്ങിത്തരുന്നത്. ആദ്യമായി ക്വിസിന് പോയപ്പോൾ ഞാൻ ദയനീയമായി തോറ്റു. പക്ഷേ, പ്രേമ, അംബിക എന്നീ ടീച്ചർമാർ പ്രോത്സാഹിപ്പിച്ചു. എന്റെ സുഹൃത്തും ക്വിസറുമായ അരുണാണ് ‘സ്ലൈഡ് ഷെ യർ’ എന്ന സൈറ്റിനെക്കുറിച്ചു പറഞ്ഞത്. അത് സഹായിച്ചു.  
ലോകത്ത് നടക്കുന്ന മിക്ക ക്വിസ് മത്സരങ്ങളുടെയും ചോദ്യങ്ങൾ അതിൽ അപ്‌ലോഡ് ചെയ്യും. അത് വായിക്കുന്നതിലൂടെ നമ്മുടെ അറിവ് അപ്ഡേറ്റ് ചെയ്യാനാകും.

ജൊവിറ്റ :  ജികെ എന്ന് കേൾക്കുന്നതേ എനിക്ക് ഇഷ്ടമല്ലായി രുന്നു. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു വിവരവും  ഇല്ലായി രുന്നെന്നേ. പക്ഷേ രണ്ടാം ക്ലാസ് മുതൽ വായിച്ചു തുടങ്ങി. മാജിക് പോട്ട് പോലുള്ളവ. പിന്നീട് ഉസ്ബോൺ റീഡിങ് പ്രാ ക്റ്റീസ് ചെയ്യാൻ തുടങ്ങി. കുട്ടികൾക്കായി 300 ബുക്കുകളുടെ കളക്‌ഷനടങ്ങിയ റീഡിങ് പ്രോഗ്രാമാണ് ഉസ്ബോൺ. എട്ട് ലെവൽ ആയി തിരിച്ച് ഭംഗിയുള്ള ചിത്രങ്ങളും എഴുത്തും ഉള്ള  ഇൻഫർമേറ്റീവ് റീഡിങ് പ്രോഗ്രാമാണത്. അതൊക്കെ ഞാൻ വായിച്ചു. വീട്ടിനടുത്തുള്ള ലൈബ്രറിയിൽ മെമ്പർഷിപ്പും എടുത്തു. അറിവ് നേടാൻ സഹായിക്കുന്ന ധാരാളം സൈറ്റുകളും ആപ്പുകളും ഒക്കെയുണ്ട്. സിവിൽ  സർവീസ് ഇന്ത്യ എന്നൊരു സൈറ്റുണ്ട്. ഞാൻ ചെറിയ കുട്ടിയാണെങ്കിലും അത് സ്ഥിരമായി നോക്കാറുണ്ട്. സെർച്ച് ചെയ്യുമ്പോൾ പു തിയ സൈറ്റുകൾ കിട്ടും.

കുട്ടികൾ വിശേഷങ്ങളുമായി മുന്നേറുമ്പോൾ ദൂരെ മണി മുഴങ്ങി.. വീണ്ടും അങ്കത്തട്ടിലേക്ക്...

എങ്ങനെ ക്വിസിൽ മിടുക്കരാകാം

അറിവിനോട് ആഭിമുഖ്യമുള്ളവരും, അത് നിരന്തരം  പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരുമാകണം ക്വിസേഴ്സ്. ചെസ് പോലെ തന്നെ ബുദ്ധിയും യുക്തിയും പരീക്ഷിക്കപ്പെടുന്ന ഗെയിം. എന്തും വായിക്കാനുള്ള താൽപര്യമുള്ള വരാണ് ക്വിസേഴ്സ്. പത്രങ്ങൾ മുതൽ ബ്ലോഗുകളും ട്വീറ്റുകളും കിട്ടുന്ന തെന്തും വായിക്കുകയും ഓർമ വയ്ക്കുകയും കുറിപ്പുകൾ തയാറാക്കുകയും ചെയ്യുന്നത് ജീവിതരീതിയാക്കണം. ശേഖരിച്ച അറിവ് മാറ്റുരയ്ക്കാനുള്ള വേദികളായ ക്വിസ് മത്സരങ്ങളിൽ നിരന്തരം പങ്കെടുക്കുക. ഓൺലൈനായും അല്ലാതെയും.
മലയാളിയായ പ്രമുഖ ക്വിസർ ചന്ദ്രകാന്ത് നായർ ആർമി ഡോക്ടറായിരുന്നു. ജോലി ഉപേക്ഷിച്ച് അദ്ദേഹം മുഴുവൻ സമയ ക്വിസറാണ് ഇപ്പോൾ. മുംൈബയിൽ നി ന്നുള്ള വിക്രം ജോഷി 2014 ൽ വേൾഡ് ക്വിസിങ് ചാംപ്യൻഷിപ്പ് കരസ്ഥമാക്കിയാളാണ്.

kutty3