മണർകാട് സെന്റ് മേരീസ് കോളജലെ ചങ്ങാതിമാർക്കൊപ്പം മീനാക്ഷി.
ഓണമെന്നും വീട്ടിൽ തന്നെ
ഐ. വിസ്മയ : മീനാക്ഷിയുടെ ഓണം സിനിമ ലൊക്കേഷനുകളിലായിരുന്നോ?
മീനാക്ഷി: ഇല്ലാട്ടോ. ഇതുവരെയും ലൊക്കേഷനിൽ ഓ ണം ആഘോഷിച്ചിട്ടില്ല. എവിടെയാണെങ്കിലും ഓണത്തിന് എല്ലാവരും തറവാട്ടിലുണ്ടാകണം എന്ന് അച്ചാച്ഛനു നിർബന്ധമാണ്. അതിൽ നോ കോംപ്രമൈസ്. സദ്യ ഒരുക്കുന്നതൊക്കെ തറവാട്ടിലാണ്. എല്ലാവരും ഒത്തുചേർന്നാൽ പിന്നെ, ഓണം വൈബാണ്.
അനിയന്മാർക്കു ഞാൻ ഓണക്കോടി കൊടുക്കും. ബാക്കി എല്ലാവരും എനിക്കു തരണം. മുതിർന്നവർക്കു കൊടുക്കാറില്ല. ആരേലും ചോദിച്ചാൽ, ‘അയ്യോ, അങ്ങനെ കൊടുത്താൽ ദോഷം കിട്ടും’ എന്നു പറഞ്ഞു മുങ്ങും.
വിസ്മയ : മുതിർന്നവർക്കു കൊടുക്കാറില്ലല്ലോ?
മീനാക്ഷി : എനിക്കറിയില്ല. ചുമ്മാ നമ്പറിട്ടതല്ലേ. കൃഷ്ണ യുപിയിൽ ഓണം ആഘോഷിച്ച കഥ പറഞ്ഞല്ലോ?
കൃഷ്ണ ജയകുമാർ : അച്ഛന് ഉത്തർ പ്രദേശിലായിരുന്നു ജോലി. ഞങ്ങൾ കുടുംബത്തോടെ അവിടെയായിരുന്നു. നാട്ടിലെ പോലെ വിശാലമായ ഓണാഘോഷമൊന്നുമില്ല അവിടെ. ഓണത്തിന് അച്ഛന്റെ സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിക്കും. ആ ഒത്തുകൂടലുകൾ നല്ല രസമായിരുന്നു. ഞങ്ങൾ കുട്ടികൾ കളിക്കാനായി ഓടും. ഉച്ചയ്ക്ക് ഇലയിട്ടാണു സദ്യ. സ്പൂൺ ഉപയോഗിച്ചു കഴിക്കുന്നതാണ് അവരുടെ ശീലം. എങ്കിലും സദ്യ കൈകൊണ്ടുകഴിക്കാൻ അവർ ശ്രമിക്കും. 14 വയസ്സുവരെയുള്ള എന്റെ ഓണം അവിടെയായിരുന്നു.
മീനാക്ഷി : നന്ദനയും വിസ്മയയും മലബാർ ഓണവിശേഷങ്ങൾ പറഞ്ഞില്ലല്ലോ?
നന്ദന ചന്ദ്രൻ : ഞങ്ങളുടെ സദ്യ മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്തമാണ്. മിക്കയിടങ്ങളിലും ഓണത്തിന് വെജിറ്റേറിയൻ മാത്രല്ലേ കഴിക്കൂ. ഞങ്ങൾടെ സദ്യയിൽ നോണ്‍ വെജ് വിഭവങ്ങൾ മസ്റ്റാണ്. തിരുവോണനാളിലും മീനോ ഇറച്ചിയോ എന്തെങ്കിലുമൊന്ന് ഉണ്ടാകും.
വിസ്മയ : മറ്റൊരു സന്തോഷം എന്താന്നു വച്ചാൽ ഓണം പല വീടുകളിലായിരിക്കും. കുടുംബക്കാരും അടുത്ത സുഹൃത്തുക്കളുമൊക്കെയുണ്ടാകും. ഓണത്തിന്റെ ഒരുക്കങ്ങ ൾ തുടങ്ങുമ്പോഴേ ഓരോ ദിവസവും എവിടെ ഒത്തുകൂടണമെന്ന് ഓരോരുത്തരായി പറഞ്ഞുവയ്ക്കും.
മീനാക്ഷി അനിൽകുമാർ: ഓണത്തിന് സിനിമയ്ക്കു പോകുന്ന പതിവുണ്ടോ?
മീനാക്ഷി: ഓണത്തിനു മാത്രമല്ല, ഇറങ്ങുന്ന സിനിമകളൊക്കെയും കാണുന്നതാണു ശീലം. ഇപ്പോൾ വീട്ടിൽ ഒരു മിനി തിയറ്റർ സെറ്റ് ചെയ്തിട്ടുണ്ട്. ഒടിടി റിലീസുകളൊക്കെ കുടുംബത്തോടൊപ്പം ഈ കുഞ്ഞു തിയറ്ററിലിരുന്നു കാണും. അച്ഛനാണ് അതിന്റെ ടെക്നിക്കല്‍ വശം കൈകാര്യം ചെയ്യുന്നത്. ഒരു ദിവസം എല്ലാവരും വീട്ടിലേക്കു വരണേ. നമുക്കൊരുമിച്ചിരുന്നു സിനിമ കാണാം.
കൃഷ്ണ : സിനിമയുടെയും ഷോയുടെയും തിരക്കുകൾക്കിടയിൽ എപ്പോഴാണു പഠിത്തമൊക്കെ?
മീനാക്ഷി : പഠനത്തെ ഓപ്ഷനലായി കാണുമ്പോഴാണു സമയമില്ലെന്നു തോന്നുന്നത്. എന്നെ സംബന്ധിച്ചു വിദ്യാഭ്യാസം വളരെ പ്രധാനമാണ്. എനിക്കിപ്പോൾ ജോലിയുണ്ട്. പക്ഷേ, ഈ കരിയർ എത്ര നാൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പു പറയാൻ പറ്റില്ല. ഡിഗ്രി കഴിഞ്ഞാൽ മാസ്റ്റേഴ്സ് ചെയ്യണം എന്നുണ്ട്. പ്ലസ് ടു വരെ സ്കൂളിൽ റെഗുലറായി പോകാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കോളജ് ലൈഫ് മിസ് ആകരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ബിഎ ഇംഗ്ലിഷ് ആയിരുന്നു മനസ്സിൽ. അങ്ങനെയാണു നമ്മുടെ കോളജിലേക്ക് എത്തിയത്. പിന്നെ, വീട്ടിൽ നിന്നു മാറി നിൽക്കുക എന്നത് എനിക്കു ചിന്തിക്കാനേ പറ്റില്ല. ഇതാകുമ്പോൾ വീട്ടിൽ നിന്ന് അധികം ദൂരമില്ലല്ലോ.
നന്ദന : കോളജിൽ ഈ സെലിബ്രിറ്റി ഇമേജ് ഒരു ഭാരമായി തോന്നുന്നുണ്ടോ?
മീനാക്ഷി : ഭാരം ആണോ എന്നൊന്നും എനിക്കറിയില്ലെടാ. സെലിബ്രിറ്റി സ്റ്റാറ്റസിനോടു താൽപര്യമില്ല. നിങ്ങളെപ്പോലെ റെഗുലർ സ്കൂൾ ലൈഫ് ഞാൻ എൻജോയ് ചെയ്തിട്ടില്ല. അതുകൊണ്ട് ഇവിടെ ഞാൻ അടിച്ചുപൊളിക്കുവാണ്. പലരും പറയാറുണ്ട്, മീനൂട്ടിക്ക് എന്തു സുഖമാ, ചെറിയ പ്രായത്തിൽ എന്തൊക്കെ സൗകര്യങ്ങളാ, സെലിബ്രിറ്റിയല്ലേ എന്നൊക്കെ. പക്ഷേ, എനിക്കു സമപ്രായത്തിലുള്ള കുട്ടികളുമായി കൂട്ടുകൂടി കറങ്ങി നടക്കാൻ സാധിച്ചിട്ടില്ല. നിങ്ങളുപോലും ആദ്യമായി എന്നെ കണ്ടപ്പോൾ അൽപം ഗ്യാപ് ഇട്ടില്ലേ? ബാക്കിയുള്ളവരോടൊക്കെ കൂൾ ആയി സംസാരിക്കുന്നവർപോലും എന്നോടു ഫോർമൽ ആകും. അതെനിക്കു വിഷമമാണ്.
പുറത്ത് എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ട്, കൂടുതലും ആൺകുട്ടികളാണ്. ഇവിടെ എങ്ങനെയായിരിക്കും, ആൺകുട്ടികൾ മിണ്ടുവോ എന്നൊക്കെ ഓർത്തിട്ടുണ്ട്. പ ക്ഷേ, ഇവിടെ എല്ലാവരും അടിപൊളി വൈബ് ആണ്.
അവരുടെ സ്നേഹം ഞാനിങ്ങെടുത്തു!
വിസ്മയ : ഏറ്റവും വലിയ സ്വപ്നം എന്താണ്?
മീനാക്ഷി : ഭാവി, ജോലി തുടങ്ങിയ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുന്നതിനു മുൻപുതന്നെ ഇഷ്ടമുള്ളൊരു ഇടത്തേക്ക് എത്താൻ സാധിച്ചു. എല്ലാവരും തരുന്ന സ്നേഹം ഇതുപോലെ എന്നും ഉണ്ടാകണേ എന്നാണ് ഇപ്പോൾ എന്റെ പ്രാർഥന.
അമ്മൂമ്മമാരും അപ്പൂപ്പന്മാരും ആന്റിമാരുമെല്ലാം കാണുമ്പോൾ പറയാറുണ്ട് ഞങ്ങളുടെ വീട്ടിലെ കുഞ്ഞാണ് മീനൂട്ടിയെന്ന്. അതു നിലനിർത്താൻ കഴിയണം. ഒരാളെക്കൊണ്ട് അഹങ്കാരിയാണ്, ജാഡയാണ് എന്നൊക്കെ പറയിക്കാ ൻ പെട്ടെന്നു സാധിക്കും.
അഭിനയത്തിലേക്കു വന്നനാൾ മുതൽ ഇന്നു വരേയും എനിക്ക് ഒരേ സ്നേഹമാണു കിട്ടിയത്. അതു നിലനിർത്താൻ കുറച്ചു ശ്രമം നമ്മുടേതായിട്ടും വേണ്ടി വരും. ഉദാഹരണത്തിന് ഒരു ഔട്ട് ഡോർ ഷൂട്ട് നടക്കുമ്പോൾ അതു കാണാനായി ഒരുപാടുപേർ വരും. അവർ നമ്മളോടു സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യും. പക്ഷേ, മറുവശത്ത് ഷൂട്ടിന് ഒരു ബുദ്ധിമുട്ടും ഞാൻ കാരണം സംഭവിക്കാനും പാടില്ല. പരമാവധി എല്ലാവരോടും നന്നായി പെരുമാറാനും ഹാപ്പിയാക്കാനും ശ്രദ്ധിക്കാറുണ്ട്.
ഇനിയൽപം സിനിമാ വിശേഷം
മീനാക്ഷി അനിൽകുമാർ: മീനൂട്ടിയുടെ പുതിയ സിനിമാ വിശേഷങ്ങൾ എന്തൊക്കെയാ?
മീനാക്ഷി : മാർട്ടിൻ അങ്കിളിന്റെ (മാർട്ടിൻ പ്രക്കാട്ട്) പുതിയ സിനിമ വരുന്നുണ്ട്. ചാക്കോച്ചന്റെയും പ്രിയാമണിയുടെയും മകളായിട്ടാണ്. സിനിമയുടെ പേര് ആയിട്ടില്ല. പൊലീസ് സ്റ്റോറി ആണ്. പക്ഷേ, എന്റർടെയ്നറുമാണ്.
കൃഷ്ണ : ചാക്കോച്ചന്റെ പൊലീസ് സ്റ്റോറി ആണെങ്കിൽ അടിപൊളിയായിരിക്കും. ചെറിയൊരു ഗ്യാപിന് ശേഷമാണല്ലേ മീനൂട്ടിയുടെ സിനിമ?
മീനാക്ഷി : അതേ, ചെറിയൊരു ഗ്യാപ് വന്നിട്ടുണ്ട്. ‘ഒപ്പം’ സിനിമയ്ക്കു ശേഷം അതിന്റെ കന്നഡ പതിപ്പിൽ അഭിനയിച്ചു. ഹിന്ദിയിൽ ഋഷി കപൂർ സാറിനും ഇമ്രാൻ ഹാഷ്മിക്കുമൊപ്പം ദി ബോഡി എന്ന മൂവി ചെയ്തു.
നന്ദന : അതൊരു റീമേക്ക് അല്ലേ?
മീനാക്ഷി : അതേയതേ. കണ്ടിട്ടുണ്ടോ?
നന്ദന : ഇല്ല, പഠിക്കാനുണ്ടായിരുന്നു. എഐയോട് ചോദിച്ചപ്പോ എഐ ആണ് പറഞ്ഞത് ഒരു മൂവിയുടെ റീമേക്ക് ആണെന്ന്. ഇപ്പോഴാണ് അറിയുന്നത് മീനൂട്ടി അഭിനയിച്ചിട്ടുണ്ടെന്ന്.
മീനാക്ഷി : ഓക്കേ. ജീത്തു ജോസഫ് അങ്കിളാണ് സംവിധാനം. 2012ൽ ഇറങ്ങിയ സ്പാനിഷ് ത്രില്ലർ മൂവിയുടെ റീമേക്ക് ആണ്. ഋഷി കപൂറിന്റെ അവസാന ചിത്രം കൂടിയാണത്. ഇനി കാണണേ...
നന്ദന, വിസ്മയ : ഉറപ്പായും കാണാം.
വിസ്മയ: ലാലേട്ടന്റെ തോളിലിരുന്ന് അഭിനയിക്കാൻ അവസരം കിട്ടിയ രണ്ടു പേർ എന്ന ട്രോൾ കണ്ടിരുന്നോ?
മീനാക്ഷി : കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്. ഒന്ന് മീനാക്ഷിയും മറ്റേതു ബിജുക്കുട്ടനും എന്നല്ലേ? ആ സിനിമയൊക്കെ ഇപ്പോഴായിരുന്നെങ്കിൽ എന്നെനിക്ക് തോന്നാറുണ്ട്. കാരണം ഒന്ന് മോഹൻലാലാണ്, മറ്റേത് പ്രിയദർശനാണ് എന്നൊന്നും അന്നെനിക്ക് അറിയില്ലല്ലോ.
ഒരുപാടു നാളുകൾക്ക് ശേഷമാണു പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ സംഭവിക്കുന്നത്. ആ ടീമിൽ വർക്ക് ചെയ്യാൻ പറ്റിയതു തന്നെ വലിയ കാര്യമല്ലേ. പക്ഷേ ഇതൊന്നുമറിയാതെ ഞാൻ വഴക്കിട്ടും തുള്ളിച്ചാടിയും നടന്നു.
കൃഷ്ണ : വഴക്കിട്ടോ? ആരോട്?
മീനാക്ഷി : ലാൽ അങ്കിളിനോടും പ്രിയൻ അങ്കിളിനോടുമൊക്കെ വഴക്കിട്ടു. ഷൂട്ടിങ് ലൊക്കേഷനടുത്ത് ഒരുപാട് ടോയ് ഷോപ്പുകൾ ഉണ്ടായിരുന്നു. അവിടെ കാണുന്നതൊക്കെ എനിക്കു വേണം. സംവിധാനം ചെയ്തോണ്ടിരുന്ന പ്രിയൻ അങ്കിളിനെക്കൊണ്ട് പൂമ്പാറ്റയെയും പശുവിനെയുമൊക്കെ വാങ്ങിപ്പിച്ചിട്ടുണ്ട്. ലാൽ അങ്കിൾ സെറ്റിൽ വരാൻ കാത്തിരിക്കുമായിരുന്നു. ഒരുപാടു മിഠായികളും ബിസ്ക്കറ്റുമൊക്കെയായിട്ടാണ് അങ്കിൾ വരുന്നത്. ടോയ്സും വാങ്ങിത്തരും.
നന്ദന : അഭിനയിച്ചതെല്ലാം വലിയ സ്റ്റാർസിനൊപ്പമാണല്ലോ? അവരുമായൊക്കെ ഇപ്പോഴും കോൺടാക്ട് ഉണ്ടോ?
മീനാക്ഷി : പിന്നേ... എല്ലാവരേയും ഇടയ്ക്കിടെ കാണാറുണ്ട്. ഞാൻ വലുതായതുകൊണ്ട് എന്നെ ഇനി കൊഞ്ചിക്കില്ലെന്നാണ് കരുതിയത്. പക്ഷേ, ഇപ്പോഴും അവരുടെ സ്നേഹത്തിൽ കുറവുവന്നിട്ടില്ല. ‘കടുവ’യിൽ പൃഥ്വി അങ്കിളിന്റെ മോനായി അഭിനയിച്ചത് എന്റെ അനിയൻ ആരിഷ് ആണ്. സെറ്റിൽ വച്ച് കണ്ടപ്പോൾ അങ്കിളിന് വലിയ സ്നേഹമായിരുന്നു. ‘അമർ അക്ബർ അന്തോണി’യുടെ സെറ്റിൽ ഒത്തിരി ദിവസം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു.
ഷൂട്ട് കഴിഞ്ഞു വീട്ടിലേക്കു പോകാറായപ്പൊ ഞാൻ ഭയങ്കര കരച്ചിലായിരുന്നു. അവിടെ എല്ലാവരും ഇങ്ങനെ കൊഞ്ചിച്ച് കൊഞ്ചിച്ച് എനിക്ക് അവിടുന്നു പോരേണ്ടായിരുന്നു. ‘ഒപ്പ’ത്തിന്റെ കാര്യം പറഞ്ഞതുപോലെയാണ്. ഞാൻ എന്തു പറഞ്ഞാലും അവരപ്പൊ സാധിച്ചു തരും. അ മർ അക്ബറിൽ ഒരു ടെഡി ബെയർ വാങ്ങിത്തരുമോ എ ന്നു ചോദിക്കുന്ന സീനുണ്ട്.
അനന്യ എന്നൊരു കുട്ടിയുടെ പാവയാണ് ഷൂട്ടിന് ഉപയോഗിച്ചത്. ഷൂട്ട് കഴിഞ്ഞ് അതു തിരികെ കൊടുക്കില്ലെന്നായി ഞാൻ. പിന്നെ, എന്നെ എങ്ങനെയൊക്കെയോ സമാധാനിപ്പിച്ചു വേറെ പാവ വാങ്ങിത്തന്നു. സിനിമ റിലീസായി കഴിഞ്ഞ് ഒരുപാടു പാവകൾ കിട്ടി.
വിസ്മയ: അമർ അക്ബർ ഒക്കെ പകുതി പേടിച്ചും ബാക്കി പകുതി ത്രില്ലടിച്ചുമാണ് കണ്ടത്. ആ വില്ലനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ട്.
മീനാക്ഷി അനിൽകുമാർ : അഭിനയിച്ച സിനിമകളിൽ മീനൂട്ടിക്ക് ഒരു പാട്ടുണ്ടല്ലോ?
മീനാക്ഷി : അതൊരു ഭാഗ്യമാണ്. അമർ അക്ബറിലായാലും ഒപ്പത്തിലായാലും നല്ല പാട്ടുകളാണ് കിട്ടിയത്. ചെറിയ കുട്ടികൾക്കുപോലും ഈ പാട്ടുകൾ അറിയാം.
നന്ദന : മീനാക്ഷി പാടുമോ?
മീനാക്ഷി : അയ്യോ ഒട്ടും പാടാറില്ല. പക്ഷേ, എന്റെ കൂട്ടുകാരെല്ലാം നല്ല പാട്ടുകാരാണ്. എനിക്ക് ചമ്മലൊന്നുമില്ലാത്തതുകൊണ്ട് അവരുടെ കൂടെയിരുന്നു ഞാനും പാടും. അപ്പൊ ഒച്ചയിടല്ലേ എന്നു പറഞ്ഞ് അവരെന്നെ ഓടിക്കും.
അതാണ് എന്റെ ശരിക്കുള്ള പേര്
വിസ്മയ: അനുനയ എന്ന പേര് ഓർക്കാറുണ്ടോ?
മീനാക്ഷി : രേഖകളിലൊക്കെ എന്റെ പേര് അനുനയ എ ന്നു തന്നെയാണ്. പക്ഷേ, ശരിക്കുള്ള ആ പേര് ആരും വിളിക്കാറില്ല എന്നതാണു സത്യം. ലാൽ അങ്കിളും പ്രിയൻ അങ്കിളും ഇപ്പോഴും നന്ദിനിക്കുട്ടിയെന്നാണു വിളിക്കുന്നത്. പൃഥ്വി അങ്കിളും ഇന്ദ്രജിത്ത് അങ്കിളും ജയസൂര്യ അങ്കിളുമൊക്കെ പാത്തു എന്നു വിളിക്കും. പരിചയക്കാരിൽ കൂടുതൽ പേരും മീനൂട്ടിയെന്നാണു വിളിക്കാറുള്ളത്.
നന്ദന: സിനിമയാണോ ആങ്കറിങ് ആണോ ഇഷ്ടം?
മീനാക്ഷി : തീർച്ചയായും സിനിമ തന്നെ. ആറ് വർഷമായി ടോപ് സിങ്ങറിൽ അവതാരകയാണ്. പിന്നെ, സംസാരമാണെന്റെ പ്രധാന ഹോബി. എത്ര നേരം വേണമെങ്കിലും സംസാരിക്കാം. അവതാരകയായപ്പോൾ അതു ഗുണമായി.
കൃഷ്ണ : പ്രോഗ്രാമിൽ പറയുന്ന കോമഡിയൊക്കെ സ്ക്രിപ്റ്റ‍് ആണോ?
മീനാക്ഷി : എല്ലാം ലൈവ് ആണ്. എംജി അങ്കിളും ശരത്ത് അങ്കിളുമൊക്കെ രാവിലെ ഷൂട്ടിന് വരുമ്പോഴേ പറയും ‘മീനൂട്ടിക്കുള്ളതും കൊണ്ടാണ് വന്നിട്ടുള്ളതെ’ന്ന്. എന്റെ ക യ്യിലും ചില നമ്പരൊക്കെ കാണും കേട്ടോ. വീട്ടിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അവിടെ. ഷൂട്ട് ഇല്ലെങ്കിലും മിക്കവരും വിളിക്കും. ഷോ ഡയറക്ടർ സിന്ധു ചേച്ചി എന്നും ഫോൺ ചെയ്യും. പഠിക്കുന്നുണ്ടോ, കോളജിൽ പോയോ എന്നൊക്കെ തിരക്കും.
കൂട്ടുകാരികൾ തകൃതിയായി വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നതിനിടെ ഓണപ്പരിപാടികളുടെ പ്രാക്ടീസിനു മ ഞ്ജുഷ ടീച്ചറിന്റെ വിളിയെത്തി. മീനാക്ഷിയും കൂട്ടരും ടീച്ചറിനൊപ്പം നടന്നുതുടങ്ങി.
അഞ്ജലി അനിൽകുമാർ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
കോസ്റ്റ്യൂം : ബ്ലൂം ബൈ പ്രിയങ്ക
ജ്വല്ലറി: കല്ലറയ്ക്കൽ ലേഡീസ് കളക്‌ഷൻസ്, കോട്ടയം