Saturday 05 February 2022 02:47 PM IST

ഓടുന്ന ബസിൽ നിന്നൊരാൾ തല പുറത്തേക്കിട്ടു ചോദിച്ചു, ‘എന്താ പ്രതികരിക്കാത്തത്?’: എം മുകുന്ദന്റെ എഴുത്ത് ജീവിതത്തിനൊപ്പം

Tency Jacob

Sub Editor

mukundan7786ghjkj ഫോട്ടോ: അജീബ് കൊമാച്ചി

ദൽഹിഗാഥകളിലൂടെ ജെസിബി പുരസ്കാരം നേടിയ എം. മുകുന്ദൻ. എൺപതിന്റെ ‘പുതുയൗവന’ത്തിലേക്ക് കടക്കുന്ന മുകുന്ദന്റെ എഴുത്ത് ജീവിതത്തിനൊപ്പം..

മയ്യഴിയുടെ ലഹരി പേനയിൽ നിറച്ച് മാണിയമ്പത്ത് മുകുന്ദൻ ഡൽഹിക്ക് പോയി. 40 വർഷത്തെ നഗരജീവിതം. വീണ്ടും മയ്യഴി തീരത്തേക്ക് മടക്കം. ഈ കാലവൃത്തത്തിൽ എം. മുകുന്ദൻ എന്ന് പേരെഴുതിയ ഒരുപാട് പുസ്തകങ്ങൾ പിറന്നു. പുരസ്കാരങ്ങൾ തേടിയെത്തി. ‘ദൽഹിഗാഥകൾ’ ക്ക് ലഭിച്ച ജെസിബി പുരസ്കാരം ഇതിൽ ഒടുവിലത്തേത്. 25 ലക്ഷമാണ് പുരസ്കാരത്തുക. എൺപതാം വയസ്സിൽ തിരക്കഥാകൃത്താകുന്ന മുകുന്ദന്റെ ചെറുപ്പത്തിനൊപ്പം.

എൺപതാം വയസ്സിൽ തിരക്കഥാകൃത്താകുന്നു ?

തികച്ചും വ്യത്യസ്തമായ അനുഭവമാണ്. കഥയുടേതു പോലെയല്ല, സിനിമയ്ക്കു വേണ്ടി എഴുതുമ്പോൾ ഓരോ വിഷ്വലും മനസ്സിൽ കണ്ടുകൊണ്ട് എഴുതണം. ബ്ലാക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ ‘സീത’ എന്ന കഥ സിനിമയായിട്ടുണ്ട്. ‘ദൈവത്തിന്റെ വികൃതികൾ’ പൂർണമായും എന്റെ തിരക്കഥയല്ല.

എന്റെ കഥയിൽ വേറൊരു സിനിമ കൂടി ഉടൻ പുറത്തിറങ്ങുന്നുണ്ട്. വലിയൊരു പശ്ചാത്തലത്തിലുള്ള സിനിമയാണ് ‘മഹാവീര്യർ’‌. എബ്രിഡ് ഷൈനാണ് സംവിധായകൻ.

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ തിരക്കഥാകൃത്തായപ്പോൾ ?

എനിക്കു പ്രായമാകുന്നു. ഏതെങ്കിലും കഥ സിനിമയാക്കണമെങ്കിൽ ഇതാണ് ശരിയായ സമയം. ഹരികുമാർ എന്ന സംവിധായകനെ ഇഷ്ടപ്പെടാൻ ‘സുകൃതം’ എന്ന സിനിമ മതിയല്ലോ. എനിക്കേറ്റവുമിഷ്ടപ്പെട്ട സുരാജുമുണ്ട് ഈ സിനിമയിൽ.

കഥ സിനിമയാകുമ്പോൾ?

ഞാനെഴുതുന്നത് എന്റേതു മാത്രമായി നിലനിൽക്കണം എന്ന ഈഗോ എനിക്കുണ്ട്. സിനിമയായാൽ അതു മറ്റുള്ളവരുടെയും കൂടിയാണ്.  

ജെസിബി പുരസ്കാരം നേടിയപ്പോൾ ?

ചെറുപ്പക്കാരുടെ കൂടെയാണ് മത്സരിച്ചത്. ഞാനിപ്പോഴും പുറത്തു പോയിട്ടില്ല എന്നറിഞ്ഞപ്പോൾ സന്തോഷം.

എഴുത്തുകാരുടെ സാമൂഹിക പ്രതികരണങ്ങൾ പഴയതു പോലെയൊന്നും കാണാറില്ല?

കേരളത്തിലെ എഴുത്തുകാർക്കു മാത്രം കിട്ടുന്ന സവിശേഷതയാണത്. ടി. പി. ചന്ദ്രശേഖരൻ വധം കഴിഞ്ഞ സമയത്ത് മാഹിപ്പള്ളിയുടെ അടുത്തു കൂടി നടന്നു പോകുമ്പോൾ ഓടുന്ന ബസിൽനിന്നൊരാൾ തല പുറത്തേക്കിട്ടു ചോദിച്ചു. ‘എന്താ പ്രതികരിക്കാത്തത് ?’ എപ്പോൾ, എങ്ങനെ പ്രതികരിക്കണം എന്ന് എഴുത്തുകാരൻ തീരുമാനിക്കണം. അതല്ലാതെ ബാധ്യതയാകരുത്.

എത്ര വർഷമുണ്ടായിരുന്നു ഡൽഹിയിൽ?

40 വർഷം. ആദ്യത്തെ നാലു വർഷം ചെറിയ ജോലികൾ ചെയ്ത് അലഞ്ഞു നടക്കലായിരുന്നു. എന്നിലെ എഴുത്തുകാരന് അതു സന്തോഷം തന്നു. പിന്നീടാണ് ഫ്രഞ്ച് എംബസിയിൽ ജോലി കിട്ടുന്നത്. അവർക്ക് സമയനിഷ്ഠ പ്രധാനമാണ്. അതോടെ അലഞ്ഞു നടക്കൽ കുറഞ്ഞു. അതും നല്ലതാണ്. വെറുതെ പറന്നു നടന്നിട്ടു കാര്യമില്ലല്ലോ.

ദൽഹിഗാഥകളിലേതിൽ നിന്ന് ഏറെ മാറിയില്ലേ ഇന്ന് ഇന്ത്യ?  

ഇന്ത്യയിൽ ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല. മാറ്റങ്ങളെന്നു നമ്മെ കാണിക്കുന്നത് മുഴുവൻ കെട്ടുകാഴ്ചകളാണ്. ഡൽഹിയിൽ ആകാശം മുട്ടുന്ന എടുപ്പുകളും വില കൂടിയ കാറുകളും കാണാം. പക്ഷേ, അതിനപ്പുറത്ത് പട്ടിണി കിടക്കുന്ന മനുഷ്യരുണ്ട്. യഥാർഥ ഇന്ത്യയെ കാണിക്കാനാണ് ഞാൻ ശ്രമിച്ചത്.

ഏറ്റവും അഭിമാനം തോന്നുന്നത്?

അതു കേരളീയനാണെന്നു പറയുന്നതിൽ തന്നെയാണ്. വളരെ സുരക്ഷിതമാണ് നമ്മുടെ നാട്. അതു മനസ്സിലാക്കണമെങ്കിൽ പുറത്തു പോയി കുറച്ചു കാലം ജീവിക്കണം.

നല്ല മനുഷ്യരെയാണോ ലോകം വെറുക്കുന്നത്?

നല്ല മനുഷ്യരെ ലോകം പെട്ടെന്നു മറന്നു പോകും. ഒരു ചടങ്ങെന്ന രീതിയിൽ ഇടയ്ക്ക് ഓർമിച്ചേക്കാം. നമ്മൾ ഓർക്കുന്നത് പണക്കാരെയാണ്.

ഏറ്റവും ഇഷ്ടമുള്ള കാര്യം?

ഭാവനാ ലോകത്തിലായിരിക്കുക. മാനസികമായ ആ അലച്ചിൽ ഇപ്പോഴും ഉണ്ട്. യാഥാർഥ്യത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയാണ് അത്.

എന്താണ് എഴുത്തനുഭവങ്ങൾ?

കേരളത്തിലെ സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. ‘നീ ഡൽഹിയിൽ വൈൻ കഴിച്ച് ശമ്പളവും വാങ്ങി രസിക്കുകയാണല്ലേ’ എന്ന്. പക്ഷേ, സ്ഥിതി അതായിരുന്നില്ല. ഓഫിസിൽ നല്ല ജോലിയുണ്ടായിരുന്നു. എഴുത്തിന് അതിനിടയിൽ സമയം കണ്ടെത്തണം. എഴുത്ത് തീപിടിക്കും പോലെ ഒരനുഭവമാണ്. എഴുതി മുഴുമിക്കുമ്പോഴേ ആ പൊള്ളലിൽ നിന്നു മോചനമുള്ളൂ. അതുവരെ ഓട്ടമാണ്.

മഹാനഗരം വിട്ടു വന്ന മുകുന്ദനെ മയ്യഴി എങ്ങനെ സ്വീകരിച്ചു?

ഞാൻ ഇവിടെ നിൽക്കുന്നതിൽ നാട്ടുകാർക്ക് സന്തോഷമാണ്. വിവാദങ്ങളിൽ പോലും അവരെന്നെ കൈവിട്ടില്ല. നാടിന്റെ സ്നേഹം ഇല്ലാതെ ഒരു എഴുത്തുകാരനും നിലനിൽക്കാൻ കഴിയില്ല.

ആദ്യത്തെ കഥ?

‘നിരത്തുകൾ’. മാതൃഭൂമിക്കയച്ചിട്ടു തിരിച്ചു വന്നു. അന്നെനിക്കു ഭയങ്കര വിഷമമായി. പിന്നീട് മനോരമയാണ് പ്രസിദ്ധീകരിച്ചത്. ഇരുപത്തിയൊന്നാം വയസ്സിൽ.

എന്തെങ്കിലും നിഗൂഢത ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?‍

ഒരു ദിവസം രാത്രി ഉറങ്ങാൻ കിടന്ന ഞാൻ കാലൻ കോഴി കൂവുന്നത് കേട്ടു. കുറച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മാഹി പള്ളിയിൽ നിന്നു ദുഃഖമണി കൊട്ടുന്നു. പിന്നെ, സെമിത്തേരിയിലേക്കുള്ള വിലാപയാത്രയാണ് കാണുന്നത്. ഈ അനുഭവം പലതവണ ആവർത്തിച്ചിട്ടുണ്ട്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നുള്ളത് മിസ്റ്ററിയാണ്.

mukundan6777

നാഗരികനാണോ നാട്ടുമനുഷ്യനാണോ?

നാട്ടുമനുഷ്യനാണ്. എംബസിയിൽ ഉണ്ടായിരുന്ന കാലത്ത് പാർട്ടികളിൽ നന്നായി ഭക്ഷണം കഴിക്കും. എന്നാലും വീട്ടിൽ തിരിച്ചെത്തിയാൽ ഭാര്യയുണ്ടാക്കിയ മീനും ചോറും അൽപം കഴിച്ചില്ലെങ്കിൽ തൃപ്തിയില്ല.

എഴുത്തും വായനയുമല്ലാത്ത ഇഷ്ടം?

ക്ലാസിക്, വെസ്റ്റേൺ സംഗീതം കേൾക്കാനിഷ്ടമാണ്.  മുണ്ടു മടക്കിക്കുത്തി ചായപ്പീടികയിൽ പോയിരുന്നു നാട്ടുകാരോട് സംസാരിക്കുന്നതും ഒരു സന്തോഷമാണ്.

ജെസിബി എന്ന പേരിൽ കഥയെഴുതിയിട്ടുണ്ട്?

വി. എസ്. അച്യുതാനന്ദന്റെ കാലത്ത് മൂന്നാർ ഇടിച്ചുനിരത്തിയപ്പോഴായിരുന്നു അത്. ജെസിബിയെ നമ്മൾ കാണുന്നത്  മണ്ണുമാന്തിയന്ത്രം ആയാണ്. അതു നിർമിച്ച അമേരിക്കക്കാർക്ക് ജെസിബി നിർമാണത്തിന്റെ പ്രതീകമാണ്. ഈ അവാർഡ്  നൽകുന്നതും ജെസിബി കമ്പനിയാണ്.

ഇഷ്ടനടി?

ഇപ്പോൾ പാർവതി തിരുവോത്താണ് ഇഷ്ടനടി. ആദ്യകാലത്ത് വഹീദ റഹ്മാനെ ഇഷ്ടമായിരുന്നു. ഫ്രഞ്ച് അംബാസഡർ നടത്തുന്ന പാർട്ടികളിൽ അവർ വരാറുണ്ട്. അന്നത്തെ പ്രമുഖരെല്ലാം എത്ര തിരക്കുണ്ടെങ്കിലും പാർട്ടികൾക്കു കൃത്യമായി വരും. അംബാസഡർ നിരന്തരമായി ക്ഷണിച്ചിട്ടും വരാത്ത ഒരാൾ അരുന്ധതി റോയിയാണ്.

വ്യക്തമായ രാഷ്ട്രീയം ഉണ്ടോ?

പാർട്ടി ഇല്ല. പുരോഗമനപരമായ ആശയങ്ങളുണ്ട്. പാർശ്വവത്‍കരിക്കപ്പെട്ടവരുടെ കൂടെയാണ് എന്നും നിന്നിട്ടുള്ളത്.  

നിരീശ്വരവാദിയാണോ?

ഒരിക്കലുമല്ല. തോളത്തു കയ്യിട്ടു നടക്കാവുന്ന ചങ്ങാതിയാണ് എനിക്കു ദൈവം.

പുതുതലമുറ എഴുത്തുകാരിലെ സുഹൃത്തുക്കൾ?

ഉണ്ണി ആർ, എസ്. ഹരീഷ്, ബെന്യാമിൻ, വി. ജെ. ജെയിംസ് ഇവരൊക്കെയായി നല്ല സൗഹൃദമാണ്.

പണ്ടേ ലാപ്ടോപ്പിൽ എഴുതുന്ന ശീലമുണ്ടല്ലേ?

ആദ്യം ബുദ്ധിമുട്ടായിരുന്നു. പിന്നെ, അതായി ശീലം.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല?

ആരൊക്കെ എന്നെ തെറി പറ‍ഞ്ഞെന്നറിയാൻ ഇടയ്ക്കൊന്ന് നോക്കാറുണ്ട്. എഴുത്തിനെ ഗൗരവപൂർവം കാണുന്ന പലരും സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരാണ്.

പ്രിയപ്പെട്ട എഴുത്തുകാരൻ?

മലയാളം, ഫ്രഞ്ച്, ഇംഗ്ലിഷ് മൂന്നു രീതിയിലാണ് എന്റെ വായന. എഴുത്തുകാരോടുള്ള ഇഷ്ടം കാലത്തിന് അനുസരിച്ച് മാറും. പക്ഷേ, എന്റെ വഴികാട്ടി ഞാൻ തന്നെയാണ്.

Jincy-copy മകൾ ഭാവന,മകൻ പ്രീതിഷ്, മരുമകൾ സിന്ധു,പേരക്കുട്ടികൾ

പ്രണയം ഉണ്ടായിരുന്നോ?

ഇല്ല. വിദേശത്തെ പോലെ ആണും പെണ്ണും സംസാരിച്ചിരിക്കുന്ന കാലം കേരളത്തിലും വരുമോ എന്ന് എഴുതിയിരുന്നു. ഈയടുത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പോയപ്പോൾ ഇതു വായിച്ച സ്ത്രീ എന്നെ ചായ കുടിക്കാൻ ക്ഷണിച്ചു. ‘പ്രായം കഴിഞ്ഞു പോയി’ എന്നു ഞാൻ മറുപടി കൊടുത്തു.

മനസ്സിൽ സൂക്ഷിക്കുന്ന കൗമാര കൗതുകം?

എന്റെ ഒരു സുഹൃത്ത് ബസ്സിൽ പോകുമ്പോൾ മുൻപി ൽ നിന്നിരുന്ന ഒരു പെൺകുട്ടിയുടെ തലമുടിചുരുളുകൾ അവന്റെ മൂക്കിനെ ഉരുമ്മി പോയി. ആ മുടിയുടെ സുഗന്ധം ഒരാഴ്ച അവനെ ഉറക്കിയില്ലത്രേ. അതുകേട്ടപ്പോൾ എനിക്കവനോട് അസൂയ തോന്നി.  എനിക്കങ്ങനെ ഒരു അനുഭവം ഉണ്ടാകാത്തതിൽ.

ആത്മകഥ എഴുതാത്തതെന്ത്?

എഴുതിയാൽ പലരെയും വേദനിപ്പിക്കേണ്ടി വരും. എന്റെ എല്ലാ കഥകളിലും ഞാനുണ്ട്. ചേർത്തു വായിച്ചാൽ മതി.

കൂട്ടുകാരുടെ വേർപാട് ഭയം ഉണർത്താറുണ്ടോ?

പുതിയ എഴുത്തുകാർ എന്നെ അതിൽനിന്നു കരകയറാൻ സഹായിക്കുന്നുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ ആരുമില്ല എന്ന തോന്നലുണ്ടാകുന്നെങ്കിൽ എനിക്കിപ്പോഴും എഴുത്തിൽ സജീവമായിരിക്കാൻ പറ്റില്ല. പുതുതലമുറ മുന്നിൽ നടക്കുന്നവരെ തകർക്കാനും ശ്രമിക്കുന്നില്ല.

വീണ്ടും കാണണമെന്നു തോന്നുന്ന ഒരാൾ?

അമ്മ. വെളുത്ത് ഉയരം കുറഞ്ഞ ഒരാളാണ് അമ്മ. അച്ഛനെ എപ്പോഴും തമാശയാക്കി പറയും.‘ഞാനിവരുടെ കൂടെയൊന്നും പോരണ്ടതല്ല. സിംഗപ്പൂര് നിന്ന് എത്ര ആലോചന വന്നതാ.’

എസ്.കെ. പൊറ്റക്കാട്ട് ഞങ്ങളുടെ വീടിനു മുന്നിലൂടെയാണ് ഭാര്യവീട്ടിലേക്കു പോകുന്നത്. ചിലപ്പോൾ ബഷീറുമുണ്ടാകും കൂടെ. അച്ഛൻ അവർ പോകുന്നതൊന്നും മൈൻഡാക്കാതെ ചാരുകസേരയിൽ കിടക്കും. പൊറ്റക്കാടിനു ജ്ഞാനപീഠം കിട്ടിയപ്പോൾ അച്ഛൻ അദ്ഭുതപ്പെട്ടു. മറ്റൊന്നും കൊണ്ടല്ല, പുരസ്കാരത്തുക ആയ ഒരു ലക്ഷം അന്ന് വലിയൊരു സംഖ്യയാണ്. മകന് 25 ലക്ഷം സമ്മാനം കിട്ടിയ വിവരം അറിഞ്ഞ് ഇപ്പോൾ അച്ഛൻ പൊറ്റക്കാടിനെ സൂത്രത്തിൽ നോക്കി സന്തോഷിക്കുന്നുണ്ടാകും.  

വായനക്കാര്‍ക്ക് എവിടെവരെ പ്രവേശിക്കാം?

എഴുത്തച്ഛൻ പുരസ്കാരം കിട്ടിയപ്പോൾ വായനക്കാര ൻ എഴുതി. ഈ 5 ലക്ഷം ഞങ്ങൾ വായനക്കാർക്കു കൂടി അവകാശപ്പെട്ടതാണ്. ഞാൻ മറുപടിയെഴുതി. താങ്കളടക്കം എനിക്ക് 10 ലക്ഷം വായനക്കാരുണ്ട്. വീതം വയ്ക്കുമ്പോൾ താങ്കളുടെ പങ്ക് 50 പൈസയാണ്. 55 വർഷത്തെ എഴുത്തിന്റെ അംഗീകാരമാണത്. ലോട്ടറിയടിച്ചതല്ല.

ഭാര്യ ശ്രീജയെ ഒറ്റ വാചകത്തിൽ പറഞ്ഞാൽ?

അവളില്ലെങ്കിൽ ഇവിടെ എത്താൻ പറ്റില്ലായിരുന്നു. ദൽഹിഗാഥകൾ അവൾക്കാണ് സമർപ്പിച്ചത്.

മക്കൾ?

പ്രീതിഷ്, ഭാവന. അവർ സകുടുംബം അമേരിക്കയിൽ.

അടുത്ത പുസ്തകം?

നോവൽ. തുടങ്ങിയിട്ടേയുള്ളൂ. പറയാറായിട്ടില്ല.

ഫ്ര‍ഞ്ചുകാർ മയ്യഴിയിൽ നിന്നു പോയപ്പോൾ കരഞ്ഞിരുന്നോ?

കടപ്പുറത്തു നിന്ന് അവരുടെ അവസാന കപ്പൽ യാത്രയാകുന്നതു കാണാൻ മയ്യഴിക്കാർ തടിച്ചു കൂടി. ചെറിയ കുട്ടിയായിരുന്ന ഞാൻ ദൂരെ നിന്നാണ് ആ കാഴ്ച കണ്ടത്. പലരും വാവിട്ടു കരഞ്ഞു. ഫ്രഞ്ചുകാർ ബ്രിട്ടീഷുകാരെ പോലെ കൊള്ളയടിക്കുന്നവരായിരുന്നില്ല. നാട്ടിലെ തെയ്യം കാണാനെല്ലാം വന്നിരിക്കും. ക്രിസ്മസിനു കേക്ക് തരും. വെളളക്കാരോടു പോകാൻ പറയുന്നതെന്തിനെന്നു മയ്യഴിക്കാർക്കു മനസ്സിലായിരുന്നില്ല.

പിന്നീട്, ഫ്രാൻസിൽ പോയപ്പോൾ പലരേയും കണ്ടുമുട്ടി. പ്രതാപത്തിൽ ജീവിച്ചിരുന്നവർ പോസ്റ്റ് ഒാഫിസിൽ സീലടിക്കുന്ന ചെറിയ ജോലികൾ െചയ്യുന്നു, സന്തോഷം കൈവിടാതെ.

എഴുത്തിന്റെ നേരം

പുലർച്ചെ നാലിന് വീട്ടിലിരുന്നുള്ള എഴുത്ത്, ഒാഫിസിൽ ലഞ്ച് ബ്രേക്കിന് കാറിലിരുന്നുളള എഴുത്ത്. ഉച്ചയ്ക്ക് വഴിയരുകിൽ സ്റ്റിയറിങ് വീലിൽ നോട്ട് പാഡ് വച്ചെഴുതുന്നത് കണ്ട് പലപ്പോഴും പൊലീസ് വന്നു ചോദിച്ചിട്ടുണ്ട്. ‘എന്താ പരിപാടിയെന്ന്.’ നോവലെഴുതുന്നു എന്ന് ഞാൻ മറുപടി പറയും. അമ്പരപ്പോടെ അവർ പിൻവാങ്ങും.

ഡൽഹിയിൽ രാജൻ കാക്കനാടന്റെ കൂടെ കുറച്ചുകാലം താമസിച്ചിട്ടുണ്ട്. അവിടെ കൂട്ടുകാർ വ ന്നു ചർച്ചയും ബഹളമായിരിക്കും. അതിനിടയിലും ഞാൻ സ്വസ്ഥമായിട്ടിരുന്നു എഴുതും. അങ്ങനെ എ ഴുതിയതാണ് ‘ആവിലായിലെ സൂര്യോദയം’.

അങ്ങനെയില്ല, മറ്റൊരാൾ

കൗമാരകാലം തൊട്ടേ എന്റെ ഉറ്റസുഹൃത്തായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. ജോലിക്കിടയിൽ എഴുതാൻ സമയം കിട്ടുന്നില്ലെന്നു പറഞ്ഞപ്പോൾ ഡോക്ടർ കൂടിയായ അവൻ ഒരു ഗുളിക പറഞ്ഞു തന്നു. അതു കഴിച്ചാൽ ഉറക്കം വരില്ല. അങ്ങനെ എഴുതി തീർത്തതാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ .

ഒരുമിച്ചു നോവലെഴുതി ഒരുമിച്ചു പുരസ്കാരം വാങ്ങാം എന്നൊക്കെ അവൻ പറയുമായിരുന്നു. സ്നേഹം കൊണ്ടാണ് അത്തരം സംസാരം. കഥ പറയുന്നതിൽ ജീനിയസായിരുന്നു കുഞ്ഞബ്ദുള്ള.‍ ജീവിതത്തിൽ ചിട്ടയില്ലാത്തതുകൊണ്ട് വീണുപോയ ഒരു നഷ്ടപ്രതിഭ.

ആദ്യകാലത്തെ എന്റെ കഥാനായകരെല്ലാം ദുരന്തകഥാപാത്രങ്ങളായിരുന്നു. എന്റെ ആത്മാർഥ സുഹൃത്തും അങ്ങനെയൊരു ദുരന്തകഥാപാത്രമായി. ഈയിടെയായി കൂടുതൽ അവനെ ഓർക്കുന്നു. ഞാൻ സൃഷ്ടിച്ച കഥാപാത്രമാണോ അവനെന്നു എനിക്കൊരു വിഭ്രാന്തി പലതവണ തോന്നിയിട്ടുണ്ട്.  അങ്ങനെയൊരാൾ ജീവിച്ചിരുന്നില്ലേ?

Tags:
  • Celebrity Interview
  • Movies