Wednesday 08 January 2020 03:09 PM IST

‘ആ വേദനയിൽ നിന്നും ഇനിയും കരകയറിയിട്ടില്ല’; കണ്ണീരോർമ്മയിൽ മഞ്ജു; വികാരനിർഭരം

Roopa Thayabji

Sub Editor

manju-father

വനിത’യുടെ കവർ ഷൂട്ടിനു വേണ്ടി വെളുവെളുത്ത ഡ്രസ്സിട്ട് വന്നപ്പോൾ മ ഞ്ജു വാരിയർ, മഞ്ഞിനിടയിൽ മിന്നിചിരിക്കുന്ന കുഞ്ഞുനക്ഷത്രമായി. കണ്ണുകൊണ്ട് കഥ പറയുന്ന, കുറുമ്പുവിടാത്ത ചിരിക്ക് കുറേക്കൂടി ഭംഗി.

അഭിമുഖം നടന്നത് കാറിനുള്ളില്‍ ഇരുന്നാണ്. കറുത്ത പുത്തൻ റേഞ്ച് റോവറിന്റെ ഡ്രൈവിങ് സീറ്റിൽ സ്റ്റൈൽ ഒട്ടും വിടാതെ കൊച്ചിയുടെ തിരക്കുകൾക്കിടയിലൂടെ ആസ്വദിച്ച് മഞ്ജു വണ്ടിയോടിച്ചു. അതിനിടയില്‍ വാക്കുകളിലും ജീവിതത്തിലും പുതിയ പ്രകാശം നിറച്ചാണ് മ ഞ്ജു സംസാരിച്ചത്.

‘‘ഡ്രൈവിങ് നേരത്തേ അറിയാം. പക്ഷേ, വണ്ടി ഓടിച്ചിരുന്നില്ല. ലൈസൻസും എടുത്തില്ല. അഞ്ചുവർഷം മുൻപ്, രണ്ടാം വരവിലെ എന്റെ ‘ഹൗ ഓൾഡ് ആർ യൂ’ റിലീസാകുന്നതിനു തൊട്ടുമുൻപാണ് ലൈസൻസ് എടുത്തത്. അതിൽ പറയുന്നതു പോലെ, Age should never be an issue to go and get something you truly want. ഇതെല്ലാമാണ് എന്റെ സന്തോഷങ്ങൾ.’’

സിനിമയിൽ വന്നതാണ് ജീവിതത്തിലെ വഴിത്തിരിവ് ?

സ്കൂൾ കലാതിലകമായപ്പോൾ എന്റെ മുഖചിത്രം അച്ചടിച്ചുവന്ന വാരിക ലോഹിതദാസ് സാർ കണ്ടതു തന്നെയാകും ജീവിതത്തിലെ വഴിത്തിരിവ്. അങ്ങനെയാണ് ‘സ ല്ലാപ’ത്തിൽ നായികയായത്. അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അതാണ് ജീവിതത്തിലെ ആ നിർണായക ഘട്ടമെന്ന്. ‘സല്ലാപം’ ചെയ്ത ശേഷം പിന്നെ സിനിമ ചെയ്യണമെന്നു പോലും അന്നു കരുതിയിരുന്നില്ല.

manju-1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘ലൂസിഫറി’ന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിയുടെ ‘ഇൻക്രഡുലസ്നെസ് ’ കേട്ടപ്പോൾ എന്തുതോന്നി ?

ഞാനും വിവേക് ഒബ്റോയിയും കൂടിയുള്ള സീനാണ് എടുക്കുന്നത്. വിവേകിന്റെ ഡയലോഗ് കേൾക്കുമ്പോൾ എന്റെ മുഖത്ത് എക്സ്പ്രഷൻ വരണം. ആദ്യടേക്ക് കഴിഞ്ഞപ്പോൾ പൃഥ്വിയുടെ കറക്‌ഷൻ വന്നു, ‘അങ്ങനെയല്ല, മഞ്ജുവിന്റെ മുഖത്ത് ‘ഇൻക്രഡുലസ്’ ആയ നോട്ടമാണ് വേണ്ടത്.’ അങ്ങനെയാകട്ടെ എന്നു മറുപടി പറയുമ്പോൾ ഞാൻ കരുതിയത് സ്വന്തമായി ആലോചിച്ച് ആ വാക്കിന്റെ അർഥം കണ്ടുപിടിക്കാമെന്നാണ്. പക്ഷേ, എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. അവസാനം പൃഥ്വിയോടു തന്നെ ചോദിച്ചു, ‘അതെന്താ...’ രാജു അർഥം പറഞ്ഞു തന്നെങ്കിലും ഞാൻ ‘അതെന്താ...’ എന്നു ചോദിച്ച രീതി ഷൂട്ടിങ് തീരും വരെ സെറ്റിലെ വലിയ തമാശയായിരുന്നു.

അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിങ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്ന ആൾ അച്ഛൻ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്.

അഭിനയിക്കുന്നതിനു മുൻപ് കഥാപാത്രമാകാനായി തയാറെടുക്കുമോ?

അങ്ങനെ തയാറെടുപ്പ് നടത്താൻ അറിയില്ല, ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും. സീൻ കേട്ടുകഴിഞ്ഞാൽ ‘ആക്‌ഷൻ’ പറയുമ്പോൾ മനസ്സിൽ വരുന്നതു പോലെ അങ്ങ് അഭിനയിക്കും. അതു കണ്ടിട്ട് ഡയറക്ടർ പറഞ്ഞുതരുന്ന കറക്‌ഷൻ അടുത്ത ടേക്കിൽ വരുത്തും. ഡയറക്ടേഴ്സ് ആക്ടറാണ് ഞാൻ, To a T... (അക്ഷരംപ്രതി)

എങ്കിലും എല്ലാവരും അങ്ങനെയല്ല കേട്ടോ. നേരത്തേ തയാറെടുത്ത് കഥാപാത്രം നന്നാക്കുന്ന ആളുകളാണ് ഭൂരിപക്ഷവും. പക്ഷേ, ഏതു കഥാപാത്രം ചെയ്യുമ്പോഴും ഉള്ളിന്റെയുള്ളിൽ നിന്ന് ഞാൻ പരിശ്രമത്തിന്റെ നൂറുശതമാനവും പുറത്തെടുക്കാറുണ്ട്. അത്രമാത്രം സമർപ്പണത്തോടെയാണ് ചെയ്യുന്നത്.

അഭിനയത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് ആസ്വദിക്കാറുണ്ടോ ?

ഏതൊരു ആക്ടറെ സംബന്ധിച്ചും ഇതുവരെ ചെയ്യാത്തൊരു കാര്യം ചെയ്യാൻ പറ്റുന്നത് ത്രില്ലിങ്ങാകും. ‘പുഷിങ് ദി ലിമിറ്റ്’ എന്നൊക്കെ പറയുന്നത് വളരെ പ്രധാനമാണ്. ഓരോ സിനിമയിലും അഭിനയത്തിലെ നമ്മുടെ ലിമിറ്റ് ഉയർത്തുന്നത് നല്ലതല്ലേ? കുറച്ചുകൂടി ദൂരം മുന്നോട്ടുപോകാൻ സഹായിക്കുന്ന ഒരു വെല്ലുവിളി ഓരോ സിനിമയിലും ഉണ്ടാകുന്നത് അഭിനേത്രിക്കും നല്ലതാണ്. അടുത്ത കാലത്ത് എന്നെ തേടിവന്ന കഥാപാത്രങ്ങൾക്കെല്ലാം അങ്ങനെയൊരു ത്രിൽ ഉണ്ടായിട്ടുണ്ട്. സാധാരണ റോളല്ലാതെ, എന്തെങ്കിലുമൊരു എക്സൈറ്റിങ് ഫാക്ർ. ‘പ്രതി പൂവൻ കോഴി’യിലുമുണ്ട് അങ്ങനെ ചിലത്.സ്ത്രീ കഥാപാത്രത്തിനായാലും പുരുഷ കഥാപാത്രത്തിനായാലും പരീക്ഷണങ്ങൾക്ക് മുതിരാൻ തക്കവണ്ണം കഥകൾ ഉണ്ടാകുന്നതാണ് പ്രധാനം.

Tags:
  • Celebrity Interview