Friday 10 September 2021 11:50 AM IST

‘ഒന്നും പരിധിയിൽ ഒരു കൂടുതൽ എന്നെ ബാധിക്കാൻ അനുവദിക്കാറില്ല’: കഠിന ജീവിതകാലങ്ങളെ നേരിട്ട മഞ്ജു: വനിത അഭിമുഖം

Roopa Thayabji

Sub Editor

manju-b-day

മലയാളത്തിന്റെ ലേഡീ സൂപ്പര്ഡ സ്റ്റാർ മഞ്ജു വാരിയറുടെ പിറന്നാളാണിന്ന്. വനിത’യുടെ കവർ ഷൂട്ടിനു വേണ്ടി ഏറ്റവും ഒടുവിൽ മഞ്ജു എത്തുന്നത് 2020 ജനുവരിയിലാണ്. അന്ന് സിനിമയെയും ജീവിതത്തേയും കുറിച്ച് ഒത്തിരി സംസാരിച്ചു ആരാധകരുടെ ഈ പ്രിയപ്പെട്ട താരം... പിറന്നാൾ ദിനത്തിൽ ആ പ്രിയങ്കരമായ നിമിഷങ്ങൾ ഒരിക്കൽ കൂടി...

വെളുവെളുത്ത ഡ്രസ്സിട്ട് വന്നപ്പോൾ മ ഞ്ജു വാരിയർ, മഞ്ഞിനിടയിൽ മിന്നിചിരിക്കുന്ന കുഞ്ഞുനക്ഷത്രമായി. കണ്ണുകൊണ്ട് കഥ പറയുന്ന, കുറുമ്പുവിടാത്ത ചിരിക്ക് കുറേക്കൂടി ഭംഗി.

അഭിമുഖം നടന്നത് കാറിനുള്ളില്‍ ഇരുന്നാണ്. കറുത്ത പുത്തൻ റേഞ്ച് റോവറിന്റെ ഡ്രൈവിങ് സീറ്റിൽ സ്റ്റൈൽ ഒട്ടും വിടാതെ കൊച്ചിയുടെ തിരക്കുകൾക്കിടയിലൂടെ ആസ്വദിച്ച് മഞ്ജു വണ്ടിയോടിച്ചു. അതിനിടയില്‍ വാക്കുകളിലും ജീവിതത്തിലും പുതിയ പ്രകാശം നിറച്ചാണ് അന്ന് മഞ്ജു സംസാരിച്ചത്.

ലേഡീ സൂപ്പർ സ്റ്റാറിന്റെ പിറന്നാള്‍ സുദിനത്തിൽ ജീവിതവും സിനിമയും വാക്കുകളിൽ കാച്ചിക്കുറുക്കി അന്ന് വനിതയോട് പങ്കുവച്ച വാക്കുകൾ ഒരിക്കൽ കൂടി കൂടി പങ്കുവയ്ക്കുകയാണ്. 2020 ജനുവരിയിൽ പ്രസിദ്ധീകരിച്ച

‘‘ഡ്രൈവിങ് നേരത്തേ അറിയാം. പക്ഷേ, വണ്ടി ഓടിച്ചിരുന്നില്ല. ലൈസൻസും എടുത്തില്ല. അഞ്ചുവർഷം മുൻപ്, രണ്ടാം വരവിലെ എന്റെ ‘ഹൗ ഓൾഡ് ആർ യൂ’ റിലീസാകുന്നതിനു തൊട്ടുമുൻപാണ് ലൈസൻസ് എടുത്തത്. അതിൽ പറയുന്നതു പോലെ, Age should never be an issue to go and get something you truly want. ഇതെല്ലാമാണ് എന്റെ സന്തോഷങ്ങൾ.’’

കാത്തിരിപ്പ് സഫലമായെന്നാണ് കേട്ടത്, മമ്മൂട്ടി ചിത്രത്തിലെ വേഷം. ത്രില്ലിലാണോ ?

‘വനിത’യിലെ അവസാന അഭിമുഖത്തിലെ ഒരു ചോദ്യം ഇപ്പോഴും ഓർമയുണ്ട്, എപ്പോഴാണ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നത് എ ന്നായിരുന്നു അത്. ‘പണ്ടും മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ വലിയ ആഗ്രഹമായിരുന്നു, അന്നത് നടന്നില്ല. തിരിച്ചുവന്ന ശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെയൊപ്പം ഒരു ഫ്രെയിമിൽ നിൽക്കാൻ. ആ ഭാഗ്യം ഒന്നുവേറെ തന്നെയാണ്. അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ, കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ. ജീവിതത്തിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാഗ്യമാണത്’ എന്നായിരുന്നു അന്നെന്റെ മറുപടി.

2015ൽ വനിത ഫിലിം അവാർഡിൽ മമ്മൂക്കയും ഞാനുമായിരുന്നു മികച്ച നടനും നടിയും. അന്നു മമ്മൂക്കയോടൊപ്പം ക വർ പേജിൽ വന്നു. ഇത്ര നന്നായി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന, ഹാൻസമായ മെഗാസ്റ്റാർ വേറെ ആരുണ്ട്.

മമ്മൂക്കയ്ക്കൊപ്പമുള്ള വേഷമെന്ന സ്വപ്നം ഇപ്പോള്‍ സ ഫലമാകുകയാണ്. പുതിയ ചിത്രത്തിന്റെ കരാർ ഒപ്പിട്ടു. ആ എക്സൈറ്റ്മെന്റിലും ത്രില്ലിലുമൊക്കെയാണ്. ഓരോ ദിവസം ഉണരുമ്പോഴും ‘ദൈവമേ, മമ്മൂക്കയോടൊപ്പം അഭിനയിക്കാ ൻ പോകുകയാണല്ലോ’ എന്ന് ഓർത്ത് സന്തോഷിക്കാറുണ്ട്. വളരെ താൽപര്യത്തോെട കാത്തിരിക്കുകയാണ് ഷൂട്ടിങ് തുടങ്ങാൻ. ഈ അഭിമുഖം പ്രസിദ്ധീകരിച്ചു വരുമ്പോഴേക്കും ആ സിനിമയുടെ ഷൂട്ടിങ്ങിലായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.

ലേഡി മമ്മൂട്ടി’യെന്നു വിേശഷിപ്പിക്കാം അല്ലേ, ഓരോ ദിവസവും പ്രായം കുറഞ്ഞു വരുന്നു ?

മമ്മൂക്ക കേൾക്കണ്ട കേട്ടോ ഈ ചോദ്യം... (മറുപടി പൊട്ടിച്ചിരിയിൽ അലിഞ്ഞുപോയി.)

സിനിമയിലേക്കുള്ള രണ്ടാംവരവ് റോഷൻ ആ ൻഡ്രൂസ് ചിത്രത്തിലൂടെയായിരുന്നു. വീണ്ടും അതേ സംവിധായകനൊപ്പം ?

‘ഹൗ ഓൾഡ് ആർ യൂ’ ആയിരുന്നില്ല രണ്ടാം വരവിലെ എന്റെ ആദ്യചിത്രം ആകേണ്ടിയിരുന്നത്. അതു മാറിപ്പോയതു കൊണ്ടാണ് വളരെക്കാലമായി സുഹൃത്ത് കൂടിയായിരുന്ന റോഷന്റെ സിനിമ എനിക്കു കിട്ടിയത്. എന്തുകൊണ്ടും അതു നന്നായി എന്നു തെളിയിച്ചത് കാലമാണ്. അതിലും നല്ലൊരു കഥാപാത്രത്തിലൂടെ തിരിച്ചുവരവ് സാധിക്കുമോ എന്നു സംശയമാണ്.

‘ഹൗ ഓൾഡ് ആർ യൂ’വിലെ കഥാപാത്രത്തിന്റെ കരുത്തും ഇംപാക്ടുമാണ് തിരിച്ചുവരവിൽ കരുത്തായത്. ആ ഇംപാക്ട് എനിക്കു തന്ന കോൺഫിഡൻസ് വലുതായിരുന്നു. റോഷൻ ആൻഡ്രൂസിനൊപ്പം വീണ്ടും സിനിമ ചെയ്യുമ്പോൾ ‘പ്രതി പൂവൻ കോഴി’യിൽ ആദ്യത്തേതിനെക്കാൾ കരുത്തുറ്റ റോളാണ് കിട്ടിയത്, മാധുരി. അഞ്ചു വർഷത്തിനു ശേഷം എന്നെ വിളിക്കുന്നത് വെറുതെ ഒരു കഥാപാത്രത്തിനു വേണ്ടി ആകരുത് എന്ന നിർബന്ധം റോഷനായിരുന്നു.

സംവിധായകൻ കൂടെ അഭിനയിക്കുമ്പോൾ ജോലി എളുപ്പമുണ്ടോ ?

‘പ്രതി പൂവൻ കോഴി’യിൽ സംവിധായകൻ റോഷ ൻ ആൻഡ്രൂസ് കൂടെ അഭിനയിക്കുന്നു എന്ന വലിയ കൗതുകമുണ്ട്. എന്റെ സിനിമയുടെ സംവിധായകൻ തന്നെ കൂടെ അഭിനയിക്കുന്ന എക്സ്പീരിയൻസ് ഇതിനു മുൻ‌പ് ഉണ്ടായിട്ടേയില്ല. പക്ഷേ, ആ കൗതുകമൊക്കെ ‘ആക്‌ഷൻ’ പറയുന്നതു വരെയേ ഉണ്ടായിരുന്നുള്ളൂ. റോഷൻ നല്ല ആക്ടറാണ്. ആ കാര്യത്തിൽ ടെൻഷനേ ഇല്ല. ഷൂട്ടിങ് തുടങ്ങിയപ്പോൾ ബാക്കിയുള്ളവരുടെ സീനുകളാണ് ആദ്യം എടുത്തത്. റോഷന്റെ ഭാഗങ്ങൾ അവസാനത്തേക്കു വച്ചിരിക്കുകയായിരുന്നു.

ഡയറക്ടറുടെ സ്ഥാനത്ത് നിൽക്കുമ്പോൾ റോഷന്റെ ശബ്ദത്തിലുള്ള ‘ആക്‌ഷനും’ ‘കട്ടും’ കേൾക്കാനായില്ല എന്ന കുറവേ ആ സീനിൽ ഉണ്ടായിരുന്നുള്ളൂ.

manju

സിനിമയിൽ വന്നതാണ് ജീവിതത്തിലെ വഴിത്തിരിവ് ?

സ്കൂൾ കലാതിലകമായപ്പോൾ എന്റെ മുഖചിത്രം അച്ചടിച്ചുവന്ന വാരിക ലോഹിതദാസ് സാർ കണ്ടതു തന്നെയാകും ജീവിതത്തിലെ വഴിത്തിരിവ്. അങ്ങനെയാണ് ‘സ ല്ലാപ’ത്തിൽ നായികയായത്. അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അതാണ് ജീവിതത്തിലെ ആ നിർണായക ഘട്ടമെന്ന്. ‘സല്ലാപം’ ചെയ്ത ശേഷം പിന്നെ സിനിമ ചെയ്യണമെന്നു പോലും അന്നു കരുതിയിരുന്നില്ല.

ലൂസിഫറി’ന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിയുടെ ‘ഇൻക്രഡുലസ്നെസ് ’ കേട്ടപ്പോൾ എന്തുതോന്നി ?

ഞാനും വിവേക് ഒബ്റോയിയും കൂടിയുള്ള സീനാണ് എടുക്കുന്നത്. വിവേകിന്റെ ഡയലോഗ് കേൾക്കുമ്പോൾ എന്റെ മുഖത്ത് എക്സ്പ്രഷൻ വരണം. ആദ്യടേക്ക് കഴിഞ്ഞപ്പോൾ പൃഥ്വിയുടെ കറക്‌ഷൻ വന്നു, ‘അങ്ങനെയല്ല, മഞ്ജുവിന്റെ മുഖത്ത് ‘ഇൻക്രഡുലസ്’ ആയ നോട്ടമാണ് വേണ്ടത്.’ അങ്ങനെയാകട്ടെ എന്നു മറുപടി പറയുമ്പോൾ ഞാൻ കരുതിയത് സ്വന്തമായി ആലോചിച്ച് ആ വാക്കിന്റെ അർഥം കണ്ടുപിടിക്കാമെന്നാണ്. പക്ഷേ, എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. അവസാനം പൃഥ്വിയോടു തന്നെ ചോദിച്ചു, ‘അതെന്താ...’ രാജു അർഥം പറഞ്ഞു തന്നെങ്കിലും ഞാൻ ‘അതെന്താ...’ എന്നു ചോദിച്ച രീതി ഷൂട്ടിങ് തീരും വരെ സെറ്റിലെ വലിയ തമാശയായിരുന്നു.

അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിങ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്ന ആൾ അച്ഛൻ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്.

അഭിനയിക്കുന്നതിനു മുൻപ് കഥാപാത്രമാകാനായി തയാറെടുക്കുമോ ?

അങ്ങനെ തയാറെടുപ്പ് നടത്താൻ അറിയില്ല, ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും. സീൻ കേട്ടുകഴിഞ്ഞാൽ ‘ആക്‌ഷൻ’ പറയുമ്പോൾ മനസ്സിൽ വരുന്നതു പോലെ അങ്ങ് അഭിനയിക്കും. അതു കണ്ടിട്ട് ഡയറക്ടർ പറഞ്ഞുതരുന്ന കറക്‌ഷൻ അടുത്ത ടേക്കിൽ വരുത്തും. ഡയറക്ടേഴ്സ് ആക്ടറാണ് ഞാൻ, To a T... (അക്ഷരംപ്രതി)

എങ്കിലും എല്ലാവരും അങ്ങനെയല്ല കേട്ടോ. നേരത്തേ തയാറെടുത്ത് കഥാപാത്രം നന്നാക്കുന്ന ആളുകളാണ് ഭൂരിപക്ഷവും. പക്ഷേ, ഏതു കഥാപാത്രം ചെയ്യുമ്പോഴും ഉള്ളിന്റെയുള്ളിൽ നിന്ന് ഞാൻ പരിശ്രമത്തിന്റെ നൂറുശതമാനവും പുറത്തെടുക്കാറുണ്ട്. അത്രമാത്രം സമർപ്പണത്തോടെയാണ് ചെയ്യുന്നത്.

manju-1
ചിത്രം: ശ്രീകാന്ത് കളരിക്കൽ

അഭിനയത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് ആസ്വദിക്കാറുണ്ടോ ?

ഏതൊരു ആക്ടറെ സംബന്ധിച്ചും ഇതുവരെ ചെയ്യാത്തൊരു കാര്യം ചെയ്യാൻ പറ്റുന്നത് ത്രില്ലിങ്ങാകും. ‘പുഷിങ് ദി ലിമിറ്റ്’ എന്നൊക്കെ പറയുന്നത് വളരെ പ്രധാനമാണ്. ഓരോ സിനിമയിലും അഭിനയത്തിലെ നമ്മുടെ ലിമിറ്റ് ഉയർത്തുന്നത് നല്ലതല്ലേ? കുറച്ചുകൂടി ദൂരം മുന്നോട്ടുപോകാൻ സഹായിക്കുന്ന ഒരു വെല്ലുവിളി ഓരോ സിനിമയിലും ഉണ്ടാകുന്നത് അഭിനേത്രിക്കും നല്ലതാണ്. അടുത്ത കാലത്ത് എന്നെ തേടിവന്ന കഥാപാത്രങ്ങൾക്കെല്ലാം അങ്ങനെയൊരു ത്രിൽ ഉണ്ടായിട്ടുണ്ട്. സാധാരണ റോളല്ലാതെ, എന്തെങ്കിലുമൊരു എക്സൈറ്റിങ് ഫാക്ർ. ‘പ്രതി പൂവൻ കോഴി’യിലുമുണ്ട് അങ്ങനെ ചിലത്.

സ്ത്രീ കഥാപാത്രത്തിനായാലും പുരുഷ കഥാപാത്രത്തിനായാലും പരീക്ഷണങ്ങൾക്ക് മുതിരാൻ തക്കവണ്ണം കഥകൾ ഉണ്ടാകുന്നതാണ് പ്രധാനം.

വളരെ മോഡേണായ, ലൗഡ് ആയ, ക്യാരക്ടർ ചെയ്യണമെന്ന് ആഗ്രഹമില്ലേ ?

വരുന്ന റോളുകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നല്ലാതെ അങ്ങനെ ഒരു സ്വപ്നവും കൂടെ കൊണ്ടുനടക്കാറില്ല.

മഞ്ജു മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആണ്, മഞ്ജുവിന് ആരാധന തോന്നിയ ലേഡി സൂപ്പർസ്റ്റാർ ആരാണ് ?

എല്ലാ ലേഡീസും സൂപ്പർസ്റ്റാറാണ്. അവരവരുടേതായ രീതിയിൽ. അവരവരുടെ ജീവിതത്തിൽ, അവരവരുടെ ലോകത്ത് സൂപ്പർ സ്റ്റാർ അല്ലാത്ത ഏത് ലേഡിയാണുള്ളത്? ലേഡി സൂപ്പർസ്റ്റാർ എന്ന വിളി അതുകൊണ്ടു തന്നെ ഒരാൾക്കു മാത്രം അവകാശപ്പെട്ടതേയല്ല.

അമ്മയാണോ അടുത്തറിഞ്ഞ ‘സൂപ്പർസ്റ്റാർ’ ?

അമ്മയോടൊത്ത് സമയം ചെലവഴിക്കാൻ വളരെ കുറച്ചേ സാധിക്കാറുള്ളൂ. പക്ഷേ, ‘എന്റെ കൂടെയിരിക്കാൻ മഞ്ജുവിന് സമയം കിട്ടുന്നില്ലല്ലോ’ എന്ന് അമ്മ പരാതി പറയാറില്ല. എന്റെ തിരക്കിനനുസരിച്ച് മറ്റു കാര്യങ്ങളിൽ ബിസി ആയിരിക്കാൻ അമ്മയും ശ്രദ്ധിക്കുന്നുണ്ട്. പാട്ടും ഡാൻസും പഠിക്കുന്നുണ്ടിപ്പോൾ. ആർട് ഓഫ് ലിവിങ് പ്രവർത്തനങ്ങളിലും സജീവമാണ്. അങ്ങനെയൊക്കെ അമ്മ സ്വന്തം ലോകത്ത് സന്തോഷമായി ഇരിക്കുന്നതാണ് വലിയ കാര്യം. അമ്മ എനിക്കു തരുന്ന ഏറ്റവും വലിയ സപ്പോർട്ടും അതാണ്. വീട്ടിൽ നിന്നു കിട്ടുന്ന സപ്പോർട്ടിന്റെയും അണ്ടർസ്റ്റാൻഡിങ്ങിന്റെയും സന്തോഷമാണ് എന്റെ എനർജിക്കു പിന്നിൽ.

അച്ഛന് അസുഖം വന്നപ്പോഴും പിന്നീട് അമ്മയ്ക്ക് അ സുഖം വന്നപ്പോഴുമൊക്കെ അമ്മ കാണിച്ച ധൈര്യം കണ്ട് ഞാ ൻ അദ്‌ഭുതപ്പെട്ടതാണ്. അതിന്റെ പത്തു ശതമാനമെങ്കിലും വിൽ പവർ എനിക്കുണ്ടാകണം എന്നേ ആഗ്രഹിക്കുന്നുള്ളൂ. എന്നുകരുതി എല്ലാം കടിച്ചുപിടിച്ച് സഹിച്ചു എന്നല്ല. എല്ലാ കാര്യങ്ങളെയും ചിരിക്കുന്ന മുഖത്തോടെ, പോസിറ്റീവായി അമ്മ നേരിടുന്നതാണ് കണ്ടിട്ടുള്ളത്. അത് അറിഞ്ഞോ അറിയാതെയോ എന്റെ ജീവിതത്തെയും സ്വാധീനിച്ചു.

കഠിന ജീവിതത്തെ നേരിട്ട കാലത്ത് മഞ്ജു ‘കന്മദ’ത്തിലെ നായികയെപ്പോലെ ആയിരുന്നോ ?

അന്നും ഇന്നും എന്നും ഞാൻ വളരെ പോസിറ്റീവാണ്. ഒന്നും പരിധിയിൽ കൂടുതൽ എന്നെ ബാധിക്കാൻ അനുവദിക്കാറില്ല. അങ്ങനെ മനഃപൂർവം തടഞ്ഞു നിർത്തുന്നതൊന്നുമല്ല. ഇത്ര കാലത്തെ ജീവിതാനുഭവങ്ങൾ വച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കിലങ്ങനെ വിടുന്നു, അത്രമാത്രം.

സ്ത്രീപക്ഷ സിനിമകളാണ് കൂടുതലും വരുന്നത് ?

സ്ത്രീപക്ഷ സിനിമ എന്നല്ല, നായികാ കേന്ദ്രീകൃതമോ നായകനും നായികയ്ക്കും ഒരുപോലെ പ്രാധാന്യമുള്ളതോ ആയ റോളുകളാണ് കിട്ടിയിട്ടുള്ളത്. നായകൻ ഉണ്ടെങ്കിൽ കൂടി എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ല. അതൊരു വലിയ ഭാഗ്യവും അനുഗ്രഹവുമാണ്. നായകനിലോ നായികയിലോ കേന്ദ്രീകൃതമായല്ല സിനിമ നല്ലതാണോ ചീത്തയാണോ എന്ന് അളക്കേണ്ടത്. അതിന്റെ ആശയവും കഥയും സ്ക്രിപ്റ്റുമാണ് പ്രധാനം. അപ്പോഴാണ് സിനിമ വിജയിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഏറ്റവും നിർണായകമായ തീരുമാനം എടുത്തത് എന്നാണ് ?

അങ്ങനെയൊന്നും പറയാൻ അറിയില്ല. ഇനിയാണ് ജീവിതത്തിലെ നിർണായകമായ തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? ഇനി എന്തൊക്കെയാണ് ലൈഫിൽ വരാനിരിക്കുന്നത് എന്നൊന്നും ഇപ്പോൾ നമുക്ക് അറിയില്ലല്ലോ. ഇന്നുവരെ ഒരു കാര്യവും ആലോചിച്ച്, വളരെ പ്ലാൻ ചെയ്ത് കാച്ചിക്കുറുക്കി ചെയ്തിട്ടേയില്ല. പെട്ടെന്നുള്ള തീരുമാനങ്ങളേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. ഇനിയും അങ്ങനെയായിരിക്കും.

വിവാദങ്ങളെ അതിജീവിക്കുന്നത് എങ്ങനെ ?

വിവാദങ്ങളെ അതിജീവിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ലൈഫിൽ ഒരു ഫ്ലോയിൽ അങ്ങനെ പോകുന്നു. അതിനിടയിൽ വരുന്ന കാര്യങ്ങളാണിത്. അത്രയേ കണക്കാക്കുന്നുള്ളൂ. ഒന്നും പ്രതികരണം പോലും അർഹിക്കുന്നില്ല. സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കുന്നത്.

അഭിനയിച്ചു കഴിഞ്ഞിട്ടും കൂടെ പോന്ന കഥാപാത്രങ്ങളുണ്ടോ ?

അങ്ങനെ ഒന്നുമില്ല. സിനിമയുടെ അവസാനത്തെ ഷോട്ട് ഓക്കെയായി സംവിധായകൻ ‘കട്ട്’ പറയുമ്പോൾ ആ കഥാപാത്രത്തിൽ നിന്ന് പുറത്തുവരുന്നതാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. പക്ഷേ, അഭിനയിച്ച എല്ലാ കഥാപാത്രങ്ങളെയും എന്നും ഓർക്കാറുണ്ട്. ആ സിനിമ ടിവിയിൽ കാണുമ്പോഴോ, കൂടെ അഭിനയിച്ചവരെ കാണുമ്പോഴോ ഒക്കെ ഷൂട്ടിങ് ഓർമകൾ ഒന്നിനു പിറകേ ഒന്നായി മനസ്സിലേക്ക് വരും. സ്നേഹത്തോടെയാണ് അതൊക്കെ ഓർക്കുന്നത്.

ചേട്ടൻ മധു വാരിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജുവാണ് നായിക ?

വളരെ നാളായി ഞാൻ വളരെ സ്നേഹത്തോടെ കാത്തിരിക്കുന്ന പ്രോജക്ടാണത്. ചേട്ടന്റെയും ഒരുപാട് വർഷങ്ങളായുള്ള സ്വപ്നം. വളരെ നാളായി അതിനുവേണ്ടി ചേട്ടൻ അനുഭവിക്കുന്ന കഷ്ടപ്പാടുകളും തയാറെടുപ്പും നേരിട്ടു കണ്ടതാണ് ഞാൻ. പല ആഗ്രഹങ്ങളും ഈ സിനിമയ്ക്കുവേണ്ടി ചേട്ടൻ വേണ്ടെന്നു വച്ചിട്ടുമുണ്ട്. ചേട്ടന്റെ സിനിമയാകുമ്പോൾ അതെനിക്ക് സ്പെഷലാണല്ലോ. അപ്പോൾ ഞാൻ തന്നെ നായികയാകുന്നത് ബോണസല്ലേ. വരുന്ന ഫെബ്രുവരി– മാർച്ചിലാണ് ഷൂട്ടിങ് തുടങ്ങുന്നത്. ബിജുവേട്ടനാണ് അതിലെന്റെ നായകൻ. ആ സിനിമ തിയറ്ററിലെത്തുന്നത് എന്റെ വലിയ സ്വപ്നമാണ്.

മലയാളത്തിലെ ബാഹുബലിയായ ‘കുഞ്ഞാലി മരയ്ക്കാറി’ലുമുണ്ട് ?

പ്രിയൻ സാറിന്റെ സിനിമയിൽ ഇത്ര വർഷത്തിനിടയിൽ ആദ്യമാണ് അഭിനയിക്കുന്നത്. പ്രിയദർശൻ– മോഹൻലാൽ സിനിമകൾ കണ്ടുവളർന്ന കുട്ടിക്കാലമാണ് എന്റേത്. ആ കോംബിനേഷനിൽ സിനിമ ചെയ്യണമെന്നത് പണ്ടുതൊട്ടേയുള്ള വലിയ ആഗ്രഹമായിരുന്നു. രണ്ടാം വരവിലും ആ ആഗ്രഹം ആഗ്രഹമായി തന്നെ ഇത്രയും കാലം നിന്നു. ‘കുഞ്ഞാലി മരയ്ക്കാറി’ൽ എക്സ്റ്റന്റഡ് കാമിയോ വേഷമാണ്. കഥാപാത്രത്തിന്റെ നീളമല്ല, പ്രാധാന്യമാണ് എന്നെ സന്തോഷിപ്പിക്കുന്നത്.

ബോളിവുഡിലേക്ക് എപ്പോഴാണ് ?

സമയമാകുമ്പോൾ അതും ചെയ്യും. പല ബോളിവുഡ് പ്രോജക്ടുകളുടെയും ഡിസ്കഷൻ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഞാനൊരു തമിഴ് സിനിമയിൽ അഭിനയിക്കുമെന്ന് അതിന്റെ തലേവർഷം ചിന്തിച്ചിട്ടു കൂടി ഉണ്ടായിരുന്നില്ലല്ലോ. വളരെ ആകസ്മികമായാണ് എന്റെ ജീവിതത്തിൽ പല കാര്യങ്ങളും സാധാരണ സംഭവിക്കാറ്. ഇതും അങ്ങനെയാകട്ടെ.