Monday 07 March 2022 01:01 PM IST

‘ചെറിയൊരു സീൻ എടുക്കാൻ 27 ടേക്കായി, ഞാൻ തളരാൻ തുടങ്ങി’: തിങ്കളാഴ്ച ബംപറടിച്ച കുവൈത്ത് വിജയൻ

Shyama

Sub Editor

manoj-annur

താടിയും മുടിയുമെല്ലാം വെട്ടി ഇറക്കി, ഉള്ള വെള്ള മുടിയിലൊക്കെ ഡൈ അടിച്ച് ഞാനൊരു കിണ്ണംകാച്ചിയ ഫോട്ടോയെടുത്ത് അയച്ചു. പുതിയ സിനിമയുടെ ഓഡിഷനുള്ള വിളിയല്ലേ ഒട്ടും കുറച്ചില്ല. എന്നിട്ടോ... ‘തിങ്കളാഴ്ച’യുടെ ഓഡിഷന് പോകാൻ പറ്റീല്ല. ‘കപ്പേള’യു ടെ ഷൂട്ടുമായി കോഴിക്കോടിരിക്കുമ്പോഴാണ് ഇന്നായിരുന്നല്ലോ ഓഡിഷൻ എന്നോർക്കുന്നത്. ഉടനെ കാസ്റ്റിങ് ഡയറക്ടർ രാജേഷ് മാധവനെ വിളിച്ചു കാര്യം പറഞ്ഞു.‘ഓഡിഷന് വരേണ്ടിയിരുന്നു ചേട്ടാ. ഡയറക്ടർ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നോരെയാണ് എടുക്കുക. ഏതായാലും ഞാൻ നോക്കട്ടേ...’ എന്ന് പറഞ്ഞ് വച്ചു.

കുറച്ചു ദിവസം കഴിഞ്ഞൊരു വിളി വന്നു. സംവിധായകൻ സെന്ന ഹെഗ്ഡെയുടേത്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ അഭിനയം കണ്ടു. ഞങ്ങളൊരു സിനിമ എടുക്കുന്നുണ്ട്. അഭിനയിക്കാൻ താൽപര്യമുണ്ടോ?’ എന്ന്.

ഞാനപ്പോഴേ ഓകെ പറഞ്ഞു. അഭിനയിക്കാനൊരു ചാ ൻസും കൂടി കിട്ടിയല്ലോന്ന് മാത്രമാണ് ഓർത്തത്. ഷൂട്ടൊക്കെ തുടങ്ങി കുറേക്കഴിയുമ്പോഴാണ് ഇത്ര പ്രധാനപ്പെട്ടൊരു റോളാണ് എന്നറിയുന്നത്.’’ ‘കുവൈത്ത് വിജയൻ’ ചിരിച്ചുകൊണ്ട് തുടർന്നു. ‘‘എന്റെയുള്ളിലിപ്പഴും എനിക്ക് മുപ്പത് വയസ്സാണ്, ശരിക്ക് അൻപതാണെന്ന് തെളിയാൻ ഈ സിനിമ വേണ്ടി വന്നു.’’ വീണ്ടും ചിരി.

‘കപ്പേള’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, ‘ഓട്ടോർഷ’ തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകളിൽ നിന്ന് ‘കുവൈത്ത് വിജയൻ’ എന്നൊരു ഒപ്പ് മലയാള സിനിമയിൽ ഇട്ട മനോജ് കെ.യു തന്റെ ജീവിതം പറയുന്നു. ഇലക്ട്രീഷനും പ്ലമറുമായിരുന്ന ഒരു മനുഷ്യൻ നാടകം വഴി വെള്ളിത്തിരയിലെ തിളക്കമായി മാറിയ കഥ.

സഹൃദയരേ... കലാസ്നേഹികളേ...

ഇരുപതാം വയസ്സു തൊട്ടേ ലൈറ്റ് ഡിസൈനിങ് പണി ചെയ്യുന്നുണ്ട്. ഇലക്ട്രിക്കൽ – പ്ലമിങ് പണിക്കൊക്കെ പോകുമ്പോഴും നാടകത്തിലഭിനയിക്കണം എന്ന മോഹം ഉള്ളിലുണ്ടായിരുന്നു, അതിന് അല്ലറ ചില്ലറ പഴികളും കളിയാക്കലും കേട്ടിട്ടുമുണ്ട്. ആഗ്രഹിക്കുന്നത് നടക്കും എന്നൊന്നും അന്ന് കരുതിയതേയില്ല.

ജനിച്ചു വളർന്ന കണ്ണൂരിലെ അന്നൂര്‍ എന്ന ഗ്രാമത്തിലെ മണ്ണിലും ശ്വസിക്കുന്ന വായുവിലുമൊക്കെ നാടകവും ക ലയും അലിഞ്ഞിട്ടുണ്ട്. അങ്ങനെ സ്വാഭാവികമായി വന്നു കൂടിയൊരു ഇഷ്ടമായിരുന്നു കലയോട്. ഞാൻ വളർന്നപ്പോൾ ഇഷ്ടവും എനിക്കൊപ്പം വളർന്നു. മുപ്പതാം വയസ്സിലാണ് ആദ്യ നാടകാഭിനയം.

സുഹൃത്തുക്കളായ സുനിലും രാജേഷും ഞാനും ചേർന്ന് സാമുവൽ ബെക്കറ്റിന്റെ ‘വെയ്റ്റിങ് ഫോർ ഗോദോ’ നാടകമാക്കാൻ തീരുമാനിച്ചു. സുനിലാണ് എന്നോട് ‘വ്ലാഡിമറായി നീ അഭിനയിക്കണം, എസ്ട്രഗൺ ആയി ഞാനും’ എന്ന് പറയുന്നത്. ‘എനക്കാവൂല്ലെടാ. ഞാൻ ലൈറ്റ് ചെയ്തോളാം’ എന്ന് ആവത് പറഞ്ഞു. ‘ഈ നാടകത്തിൽ വ്ലാഡിമറായിട്ട് അഭിനയിച്ചിട്ട് നീ പോയാ മതി’ എന്ന് അവനും. എന്റെ നാടകക്കൊതി അവന് നന്നായറിയാം. അങ്ങനെയാണ് അഭിനയം തുടങ്ങിയത്.

ആദ്യത്തെ സ്റ്റേജിൽ തന്നെ ഉത്തരമേഖലാ‌ നാടക മ ത്സരത്തിൽ ഏറ്റവും നല്ല നടനുള്ള അംഗീകാരം കിട്ടി. പിന്നീടങ്ങോട്ട് കുറച്ച് നാടകങ്ങളിലഭിനയിച്ചു.

ദീപൻ ശിവരാമന്റെ നാടകം ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ അഭിനയിച്ചതാണ് അഭിനയത്തിന്റെ വേറൊരു തലം കണ്ടെത്താൻ സഹായിച്ചത്. ഒരു പക്ഷേ, ഇന്നീക്കാണുന്ന കുവൈത്ത് വിജയനൊക്കെ ഭംഗിയായി ചെയ്യാൻ സാധിച്ചതു പോലും ‘ഖസാക്കി’ലെ അഭിനയ പാഠങ്ങൾ കൊണ്ടാകാം.

പിന്നീട് സംവിധായകൻ പ്രിയനന്ദന്റെ സിനിമയിൽ ചി ല മുഖം കാണിക്കൽ പരിപാടിയൊക്കെ തുടങ്ങി. കെ. ആർ. മോഹൻ സാറിന്റെ ‘നായനാരുടെ കഥ’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്.

അടുത്തൊരു ബെല്ലോടു കൂടി...

സുജിത്ത് വാസുദേവിന്റെ ‘ഓട്ടോർഷയ്ക്ക്’ വേണ്ടിയാണ് ആദ്യം സിനിമ ഓഡിഷന് പോകുന്നത്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പനും’ ഓഡിഷൻ വഴിയാണ് കിട്ടുന്നത്. അത് കണ്ടാണ് ‘തിങ്കളാഴ്ച’യിലേക്കുള്ള വിളി. ഒരു സിനിമയിലെ കൊച്ച് സീൻ കണ്ടിട്ട് സെന്ന ഹെഗ്ഡെ എന്ന സംവിധായകൻ തന്റെ സിനിമയിലെ ഇത്രയും വലിയൊരു റോൾ തന്നു എന്നോർക്കുമ്പോൾ ഇന്നും അദ്ഭുതമാണ്.

സിനിമയുടെ അവസാനഭാഗത്ത് പാട്ടു പാടി ഡാൻസ് ചെയ്ത് കഴിഞ്ഞ് പണം നോക്കുന്നൊരു സീനുണ്ട്. അത് മൂന്നാമത്തെ ദിവസാണ് ഷൂട്ട് ചെയ്യുന്നത്. സന്തോഷത്തിൽ നിന്ന് വയലൻസിലേക്ക് പോകുന്ന സീനാണ്, ഒറ്റ ഷോട്ടാണ് എന്നൊക്കെ പറഞ്ഞു. ഞാൻ ചെയ്തു. എന്നിട്ടും കട്ട് പറയുന്നില്ല. കട്ട് പറയാത്തതു കൊണ്ട് അലമാരയുടെ വാതിൽ വലിച്ചടച്ച് ഞാൻ മുന്നോട്ട് നടന്നു. സെറ്റ് മൊത്തം നിശബ്ദം. പിന്നെ, കേട്ടത് വമ്പൻ കയ്യടിയാണ്. ഒന്നും മനസ്സികാതെ നിന്ന എന്റെയടുത്തേക്ക് വന്ന് സംവിധായകൻ പറഞ്ഞു ‘ഫന്റാസ്റ്റിക് മനോജ്. അമേസിങ്. ഒരുപക്ഷേ, എന്റെ എല്ലാ സിനിമയിലും മനോജിനൊരു വേഷമുണ്ടാകും.’ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് അത്.

അവസാനത്തെ സാധനങ്ങൾ അടിച്ചു പൊളിക്കുന്ന ഷോട്ട് ഒറ്റ ടേക്കിൽ പോകേണ്ടതാണ്, കഴിവതും റീടേക്ക് വരാതെ നോക്കണം എന്ന് പറഞ്ഞിരുന്നു. അന്നേരം എന്റെ മനസ്സിൽ വന്നത് ഞങ്ങടെ നാട്ടിലെ വൈതരാജൻ തെയ്യമാണ്. സതിയുടെ മരണത്തിന് പകരംവീട്ടാൻ ശിവൻ ജട പറിച്ചെറിഞ്ഞ വൈരത്തിൽ നിന്ന് ജനിച്ചെന്ന വിശ്വാസമാണ് വൈതരാജനെക്കുറിച്ച്. അതുപോലെയങ്ങ് ഉറഞ്ഞു തുള്ളി. ഭാഗ്യത്തിന് ഒറ്റ ടേക്കിൽ ഓകെ ആയി. സിനിമയിലെ റോൾ മൊത്തം ഇഷ്ടമാണെങ്കിലും ഈ രണ്ടു കാര്യങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്.

ഏറ്റവും ബുദ്ധിമുട്ടി ചെയ്ത ഷോട്ടുമുണ്ട്. ബെഡ്റൂമിലെ അലമാരയുടെ സീൻ കഴിഞ്ഞപ്പോൾ ഒരുപാട് അഭി നന്ദനം കിട്ടിയിരുന്നു. അതോടെ എനിക്ക് അതീവ ആഹ്ലാദമായി. ഉറങ്ങിയത് മൂന്ന് മണിക്ക്. സംവിധായകൻ എന്നെ അഭിനന്ദിച്ച സന്തോഷം അടുത്ത സുഹൃത്തുക്കളെയൊക്കെ വിളിച്ച് പറച്ചിലായിരുന്നു. പിറ്റേന്ന് ഒരു ചെറിയ സീൻ എടുക്കാൻ 27 ടേക്കായി. ഞാൻ തളരാൻ തുടങ്ങി. സംവിധായകൻ വന്ന് ചോദിച്ചു ‘ഇന്നലെ ഇതിലും വലിയ സീൻ ഒറ്റ ടേക്കിൽ ഓക്കെ ആക്കിയ ആളല്ലേ. ഇന്നിത് എന്ത് പറ്റി?’

manoj-11

‘എനക്ക് ചെറിയ അഹങ്കാരം വന്നുപോയിന്നാ തോന്നുന്നേ... ഇന്നലെ ഇങ്ങള് നന്നായീന്ന് പറഞ്ഞതിന്റെ...’ ഞാ ൻ പറഞ്ഞു.

‘നമുക്ക് പത്ത് മിനിറ്റ് ബ്രേക്കെടുക്കാം’ എന്നായി അദ്ദേ ഹം. എനിക്ക് വേണ്ടിയാണല്ലോ ബാക്കിയുള്ളവരും ബുദ്ധിമുട്ടുന്നേ എന്ന ചിന്തയായി എനിക്ക്. സാറ് പറഞ്ഞു ‘നൂറ് ടേക്കിനും ഞാൻ റെഡിയാണ്, നൂറിലും ശരിയായില്ലെങ്കിൽ പിറ്റേന്നും നൂറ് ടേക്ക് പോകും. നോ പ്രോബ്ലം.’ ആ വാക്കി ൽ തന്നെ ഞാൻ ഓകെയായി, എന്റെ കോംപ്ലെക്സ് പോ യി എന്നു പറയാം. വെള്ളം കുടിച്ച് വിശ്രമിച്ച് അടുത്ത ടേക്കിൽ ആ സീൻ ഓക്കെയായി.

തിരുവനന്തപുരം ഐഎഫ്എഫ്കെ ഫെസ്റ്റിവലിലാണ് ആ സിനിമ മുഴുവൻ കാണുന്നത്. കൊറോണക്കാലത്തും തിരുവനന്തപുരം ഐഎഫ്എഫ്കെയ്ക്ക് പോകാൻ ഒരു കാരണമുണ്ട്. 16 വർഷത്തോളം ഞാൻ ഐഎഫ്എഫ്കെയ്ക്ക് പോയിട്ടുണ്ട്. ഒരു സിനിമ തുടങ്ങും മുൻപ് സിനിമയുടെ പ്രവർത്തകരെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിക്കാറുണ്ട്. അന്നൊക്കെ വെറുതേ ആഗ്രഹിച്ചിട്ടുണ്ട് എനിക്കും എന്നെങ്കിലും ഒരെണ്ണം കിട്ടണം. ഈ ജന്മത്തിൽ പറ്റിയില്ലേൽ അടുത്ത ജന്മത്തിലെങ്കിലും എന്ന്...

സെന്നയും സംഘവും അവതരിപ്പിക്കുന്ന...

‘തിങ്കളാഴ്ച നിശ്ചയം’ ഫെസ്റ്റിവൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോഴേ സംവിധായകനോട് പറഞ്ഞിട്ടുണ്ടായിരുന്നു ഞാനെന്തായാലും പോകുമെന്ന്. സിനിമ പൂർണമായി കണ്ട് ഞെട്ടിപ്പോയി. ഞാനറിഞ്ഞ സിനിമയല്ല സ്ക്രീനിൽ വന്നപ്പോൾ. അറിഞ്ഞതിലും അപ്പുറത്തും കഥയുണ്ടെന്ന് മനസ്സിലാക്കി. എന്നെ തന്നെ ബിഗ് സ്ക്രീനിൽ കണ്ട സന്തോഷത്തിൽ അബോധാവസ്ഥയിലാകാഞ്ഞത് ഭാഗ്യം. സിനിമ കണ്ടിറങ്ങിയത് നിറയെ അഭിനന്ദനപ്രവാഹത്തിലൂടെയാണ്. പിന്നീട് എറണാകുളത്ത് വന്ന് ഒന്നൂടെ കണ്ടു.

പയ്യന്നൂർ അന്നൂരാണ് താമസം. വീട്ടിൽ ഭാര്യ ധന്യയും മക്കൾ ദേവരഞ്ജനും ജഗതും എന്റെ അമ്മയുമുണ്ട്. ഭാര്യയുടെ അച്ഛൻ നാടകത്തിലെ ഹാസ്യനടനായിരുന്നു. കല്യാണം കഴിക്കുമ്പോഴും നാടക പശ്ചാത്തലമുള്ള ഇടത്തു നിന്നായതു കൊണ്ട് ജീവിതത്തിൽ കലാപരമായ കാര്യങ്ങൾക്കൊന്നും വീട്ടിൽ നിന്ന് തടസ്സമുണ്ടായിട്ടില്ല.

ഗോകുലം പ്രൊഡക്‌ഷൻസിന്റെ ‘പകലും പാതിരാവും’ എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. രണ്ടു മൂന്ന് സിനിമകൾ വേറെയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

വലിയ വായനയൊന്നുമുള്ള ആളല്ല ഞാൻ. പക്ഷേ, ആയിരം പുസ്തകങ്ങൾക്കു പകരം വയ്ക്കാനാവുന്നത്ര സൗഹൃദങ്ങൾ ഒപ്പമുണ്ട്. അവരുടെ സംഭാഷണങ്ങളാണ് എന്റെ അറിവിന്റെ സ്രോതസ്.

ഞാൻ പൊതുവേ മടിയനാണ്. പക്ഷേ, അഭിനയത്തിനു വേണ്ടി വായിക്കും. ഖസാക്കിന്റെ ഇതിഹാസം 12 തവണ വായിച്ചിട്ടുണ്ട്. കഥാന്തരം വായിച്ച് കരഞ്ഞിട്ടുണ്ട്. അഭിനയം വായനയിലൂടെ രൂപപ്പെടുത്തുന്നതിനേക്കാൾ ചുറ്റുമുള്ള ആളുകളെയും സന്ദർഭങ്ങളെയും നോക്കി അതിൽ നിന്നൊക്കെ ഉൾക്കൊള്ളാറുണ്ട്.

‘കമലദളം’ കാണുമ്പോൾ ഓർത്തിട്ടുണ്ട് നൃത്തം പഠിക്കാത്ത മോഹൻലാൽ ഇതെങ്ങനെ ചെയ്തു എന്ന്. ആയിടയ്ക്ക് വന്ന അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്, സിനിമയ്ക്കു വേണ്ടി അതു പഠിച്ച് ചെയ്തു എന്ന്. ഒരാവശ്യം വന്നാ നമ്മളെക്കൊണ്ടും ചിലപ്പോൾ ഇതൊക്കെ പറ്റുമായിരിക്കും എന്ന് അന്ന് ഓർത്തിരുന്നു. ഉള്ളിലെ ഇത്തരം പറച്ചിലുകൾ കെട്ടു പോകില്ലല്ലോ. അതൊക്കെയാകും ആ സിനിമയിൽ എന്നെക്കൊണ്ടും നൃത്തം ചെയ്യിപ്പിച്ചത്.

ശ്യാമ

ഫോട്ടോ: പ്രേം ലാൽ പട്ടാഴി