Saturday 20 January 2018 02:36 PM IST

പറ്റില്ലെന്ന് അച്ഛനും അമ്മയും തീർത്തു പറഞ്ഞു! ‘മായാനദി’ നായിക ഐശ്വര്യലക്ഷ്മി

Rakhy Raz

Sub Editor

aishu1 ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യുടെ കാസ്റ്റിങ് കാൾ കണ്ട് അപ്ലൈ ചെയ്യുമ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, സെലക്റ്റ് ആയി. ‘മായാനദി’യിലേക്കും അങ്ങനെയാണ് എത്തിയത്. ടൊവീനോയാണ് ഇതിലെന്റെ നായകൻ. ടൊവീനോയോടും ആദ്യ നായകനായ നിവിനോടും ഞാൻ ചോദിച്ചിട്ടുണ്ട്, ഗോഡ് ഫാദർ ഇല്ലാതെ ഗോഡ് മാത്രം പിന്തുണച്ചാലും താരങ്ങളാകാമല്ലേ എന്ന്. രണ്ടു പേരും ചിരിച്ചതേയുള്ളൂ. സിനിമ ആഗ്രഹിക്കുന്ന, പിന്തുണയ്ക്കാൻ ആരുമില്ലാത്തവർക്ക് ഇവരെ റോൾ മോഡലാക്കാം. സിനിമ പാഷനാകണം എന്നു
മാത്രം.’ പറയുന്നത് മായാനദി എന്ന ആഷിഖ് അബു ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികാ സ്ഥാനമുറപ്പിക്കുന്ന വ്യത്യസ്തമുഖവും അഭിനയ ശൈലിയുമായി ഐശ്വര്യ ലക്ഷ്മി. ഡോക്ടറായ ഐശ്വര്യ കുസൃതിക്കാരിയായ ആഷുവാണ് സുഹൃത്തുക്കള്‍ക്ക്, മോഡലിങ്ങില്‍ നിന്നും നായികയായ വിശേഷങ്ങള്‍ വനിത വായനക്കാരുമായി പങ്കുവയ്ക്കുന്നു ഐശ്വര്യ.

Doctor Girl


സ്കൂളിൽ വച്ചേ നന്നായി പഠിക്കുമായിരുന്നു. മെറിറ്റിൽ അഡ്മിഷൻ നേടിയാലേ എംബിബിഎസ് പഠിപ്പിക്കൂ എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. കൊച്ചി ശ്രീനാരായണ മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് ഇപ്പോൾ. സിനിമയുടെ തിരക്കു കാരണം രണ്ടു വർഷം എടുത്താണ് ഹൗസ് സർജൻസി കംപ്ലീറ്റ് ചെയ്യുന്നത്. എംഡി എടുക്കാനുള്ള തയാറെടുപ്പും നടക്കുന്നുണ്ട്.

aishu3

Cinema Girl

മോഡലിങ്ങിൽ നിന്ന് സിനിമയിലെത്തിയപ്പോൾ വലിയ ടെൻഷനായിരുന്നു. ഇപ്പോൾ രണ്ട് സിനിമകൾ കഴിഞ്ഞപ്പോഴാ കോൺഫിഡൻസ് വന്നത്. സിനിമാമോഹം വന്നകാലത്തേ ധാരാളം സിനിമകൾ കാണുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ആദ്യ സിനിമയുടെ സംവിധായകൻ അൽത്താഫ്, ‘മായാനദി’യിൽ ആഷിക്, ശ്യാം പുഷ്ക്കരൻ, ദിലീഷ് നായർ... രണ്ടു സെറ്റും നല്ല സിനിമാ ക്ലാസുകളായിരുന്നു.

Exam Girl

എന്തു തിരക്കായാലും എക്സാം വന്നാൽ സൂപ്പർ ആയിട്ട് എഴുതും. ചിട്ടയായ പഠനം എന്റെ രീതിയല്ല. ക്ലാസിൽ നന്നായി ശ്രദ്ധിച്ച് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കും. എക്സാം അടുക്കുമ്പോൾ തിയറി കഷ്ടപ്പെട്ട് പഠിക്കും. ഫൈനൽ ഇയർ തുടക്കത്തിൽ തന്നെ സിനിമകൾ വന്നെങ്കിലും പരീക്ഷ കഴിയാതെ പറ്റില്ലെന്ന് അച്ഛനും അമ്മയും തീർത്തു പറഞ്ഞു. പാസ്സായ ശേഷമാണ് അഭിനയിക്കാൻ സമ്മതിച്ചതും.

aishu2

Dream Girl

സ്വപ്നം കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്. കല്യാണം കഴിച്ച് മക്കളൊക്കെയായി തിരക്കിട്ട് ഹോസ്പിറ്റലിലേക്ക് പോകുന്നതൊക്കെ എപ്പോഴേ സ്വപ്നം കണ്ട് തീർത്തിരിക്കുന്നു. കല്യാണം കഴിക്കാൻ ഞാൻ റെഡിയാണെങ്കിലും അച്ഛനും അമ്മയും പറയുന്നത് പക്വത എത്തിയിട്ടേ കല്യാണം കഴിപ്പിച്ച് വിടൂ എന്നാണ്. എന്നെങ്കിലും പക്വത എത്തുമോ എന്നാണ് എന്റെ ടെൻഷൻ

Sensitive Girl


അച്ഛൻ ഉണ്ണികൃഷ്ണൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ വിമല കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥയാണ്. ഒറ്റ മോളായതുകൊണ്ടാകാം, ഭയങ്കര സെൻസിറ്റീവ് ആണ് ഞാൻ. ചെറിയ കാര്യം മതി പിണങ്ങാനും സങ്കടം വരാനും. അച്ഛനും അമ്മയും വഴക്ക് പറഞ്ഞാൽ സഹിക്കില്ല. എന്നു വച്ച് മിണ്ടാതിരിക്കുകയൊന്നുമില്ല, അങ്ങോട്ട് വഴക്കിന് ചെല്ലും. എന്നിട്ട് പിന്നേം സങ്കടപ്പെടും. ഇങ്ങനെയൊക്കെ ആണെങ്കിലും ഞാനൊരു ഹാപ്പി ഗേൾ ആണ് കേട്ടോ..

Model Girl

മോഡലിങ്ങിലെ കരിയർ ഗ്രാഫ് ഒരുപാട് സന്തോഷം തന്നിട്ടുണ്ട്.  എനിക്ക് ഫോട്ടോ ഭ്രാന്ത് ഉള്ള ഒരു ഫ്രണ്ട് ഉണ്ട്, അഖിൽ. അവന് ഫോട്ടോ എടുത്ത് പഠിക്കാൻ ഞാൻ തകർത്ത് പോസ് ചെയ്തു. ആ ഫോട്ടോസ് കണ്ടിട്ട് ‘വനിത’യാണ് ആദ്യം എന്നെ വിളിക്കുന്നത്. ‘വനിത’യിലെ ഫാഷൻ പേജിലൂടെ പരസ്യചിത്രങ്ങളുടേയും ഓഫർ ലഭിച്ചു. ഞാൻ ഏറെ ആസ്വദിച്ചത് ടിവി പരസ്യങ്ങൾ ആണ്. ഇന്ന് ഏറ്റവും ആസ്വദിക്കുന്നത് സിനിമയും.