Friday 03 December 2021 11:57 AM IST

‘കുട്ടിമാ, ടെൻഷനടിക്കല്ലേ, എനിക്കൊന്നുമില്ല’: അവസാനമായി പറഞ്ഞു, ഒടുവിൽ കണ്ണടച്ചു... ആ നിമിഷം ഓർത്ത് മേഘ്ന

Roopa Thayabji

Sub Editor

meghna-raj-ivw

വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുകയാണ്. മകൻ റായന്റെ കളിചിരികളാണ് ഇന്ന് അവരുടെ ലോകം. പക്ഷേ ആ ഉള്ളൊന്നറിഞ്ഞാൽ അവരുടെ എല്ലാമെല്ലാമായ ചിരു ബാക്കിവച്ചു പോയ ഓർമകളുടെ അലകടലിരമ്പുന്നതു കേൾക്കാം. ഒരു ആശ്വാസ വാക്കുകൾക്കും ആ വിയോഗം അവശേഷിപ്പിക്കുന്ന ശൂന്യതയെ മറികടക്കാനുള്ള കരുത്തില്ല. അത്രത്തോളമായിരുന്നു ചിരുവിനോടുള്ള മേഘ്നയുടെ പ്രണയം. ഇപ്പോഴും അവസാനിക്കാതെ തുടരുന്ന സാമീപ്യമായി പ്രിയപ്പെട്ടവൻ അവർക്കൊപ്പമുണ്ട്.

മങ്ങാത്ത ആ ഓർമകളുടെ തീരത്തിരുന്നാണ് മേഘ്നയും ജൂനിയർ ചിരുവും ജീവിതത്തെ അറിയുന്നത്. മേഘ്ന ഇതാദ്യമായി മനസു തുറക്കുകയാണ്. ചിരുവിനെ കുറിച്ച്, റായനെ കുറിച്ച്, താൻ കടന്നുപോയ കനൽ വഴികളെ കുറിച്ച്. ജീവിതത്തിന്റെ യാഥാർഥ്യം നേരിൽ നിന്നനുഭവിച്ചതിന്റെ കരുത്തും വ്യക്തതയുമുണ്ട് ആ വാക്കുകൾക്ക്...

മകനൊപ്പം തിരക്കുകളിൽ മുഴുകിയാണോ സങ്കടങ്ങളെ പിന്നിലാക്കുന്നത് ?

അതുവരെ സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത് എന്നു പറയാം. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം.

ചിരു മരിക്കുമ്പോൾ ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യൽ മീഡിയ നിറയെ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്, ‘ആൺകുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടർ കുറച്ച് സസ്പെൻസ് ഇട്ടു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ‍ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയർ ചിരു’ എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു.

മോന്റെ ഓരോ ഫോട്ടോയ്ക്കു താഴെയും ചിരുവിനെ കുറിച്ച് എഴുതുന്ന കമന്റ്സ് കാണാം. ഫോട്ടോഷൂട്ടൊക്കെ റായനും ഇഷ്ടമാണ്. പക്ഷേ, ക്യാമറ കാണുമ്പോൾ കുറച്ച് ആറ്റിറ്റ്യൂഡ് ഇടും. എല്ലാ ദിവസവും എഴുന്നേൽപ്പിച്ച് മോനെ ചിരുവിന്റെ ഫോട്ടോയുടെ മുന്നിൽ കൊണ്ടുപോയി അപ്പയെ കാണിച്ചു കൊടുക്കും. നാലോ അഞ്ചോ മാസം മുതലുള്ള ശീലമാണത്. അങ്ങനെയിരിക്കെ ഒരു ദിവസം ടിവിയിൽ ചിരുവിന്റെ പാട്ടു കണ്ട് റായൻ തിരിച്ചറിഞ്ഞു. ഇപ്പോൾ എവിടെ കണ്ടാലും അപ്പ എന്നു പറഞ്ഞ് അവൻ എക്സൈറ്റഡ് ആകും. മറ്റൊരു തമാശ കൂടിയുണ്ട് കേട്ടോ. അമ്മ എന്നോ അപ്പ എന്നുമല്ല, താത്ത എന്നാണ് മോൻ ആദ്യം വിളിച്ചു തുടങ്ങിയത്. എന്റെ അച്ഛനാണ് അവന്റെ ബെസ്റ്റ് ഫ്രണ്ട്.

ഒറ്റയ്ക്കാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

ഷൂട്ടിങ് ഉള്ള ദിവസം ചിരുവിനെ കൃത്യമായി ലൊക്കേഷനിലേക്കു വിടുന്നത് എന്റെ ജോലിയായിരുന്നു. കുട്ടികളെ സ്കൂളിൽ വിടുന്നതു പോലെയാണത്. രാത്രി എത്ര വേണമെങ്കിലും ഉറങ്ങാതിരുന്ന് സിനിമ കാണും. പക്ഷേ, രാവിലെ ഓരോ പ്രാവശ്യം വിളിക്കുമ്പോഴും പത്തു മിനിറ്റ് കൂടി എന്നു പറഞ്ഞ് കണ്ണടച്ചു കിടക്കും.

meghna-1

ആ ദിവസം ചിരുവിന് ഷൂട്ടിങ് ഇല്ലായിരുന്നു. തലേദിവസം വൈകി കിടന്നതിനാൽ എഴുന്നേറ്റതു താമസിച്ചാണ്. ഫ്രഷ് ആയി വന്ന പാടേ ബോധം കെട്ടു വീണതാണ് ഞ ങ്ങൾ കണ്ടത്. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതിനിടെ ചിരുവിന് ബോധം വന്നു. ‘കുട്ടിമാ, ടെൻഷനടിക്കല്ലേ, എനിക്കൊന്നുമില്ല’ എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഗർഭിണിയായ ഞാൻ കൂടെയുള്ളപ്പോൾ സ്പീഡിൽ കാറോടിക്കുന്നതിന് ഡ്രൈവറോട് ദേഷ്യപ്പെട്ടു. പിന്നെ, ഒരു ദീർഘനിശ്വാസത്തോടെ ചിരു കണ്ണടച്ചു.

എന്താണു സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. കാഷ്വാലിറ്റിയിൽ വച്ച് ഡോക്ടർമാർ പരിശോധിച്ചിട്ട് ആദ്യം പറഞ്ഞത് ‘പൾസ് ഇല്ല’ എന്നാണ്. ഫിറ്റ്നസിൽ വളരെ ശ്രദ്ധിച്ചിരുന്ന ചിരുവിന്റെ ജീവനെടുത്ത ഹാർട്ട് അറ്റാക്കിനു കാരണം എന്തെന്ന് ഇപ്പോഴും ഡോക്ടർമാർ കണ്ടെത്തിയിട്ടില്ല. ഒരു രോഗവും ചിരുവിനില്ലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഞാനും ഗൂഗിളിൽ അതുതന്നെയാണ് തിരഞ്ഞുകൊണ്ടിരുന്നത്. ഒടുവിൽ എന്റെ അവസ്ഥ കണ്ട് ഡോക്ടർ തന്നെയാണ് അതു വിലക്കിയത്.