Saturday 28 August 2021 12:49 PM IST

‘മാനസികവും ശാരീരികവുമായി ഒരുപാട് ദുഃഖങ്ങൾ നേരിട്ട സമയത്ത് പിറവിയെടുത്ത അഹല്യ’: മേതിൽ ദേവിക പറയുന്നു

Roopa Thayabji

Sub Editor

ahalya-1

ലോകമെങ്ങും കോവിഡിന്റെ പിടിയിലായിട്ട് കാലം കുറേയായി. അത്ര ശ്രദ്ധയോടെയും കരുതലോടെയും ഇ രുന്നിട്ടും 2021 ജനുവരിയിൽ രോഗം എന്നെയും പിടികൂടി. പക്ഷേ, ആ ദിവസങ്ങളെ പേടിയോടെ കണ്ടില്ല. പുതിയ ചിന്തകളും അറിവുകളും നേടാനുള്ള 14 ദിവസങ്ങളായി മാറ്റിയെടുക്കാനുള്ള ഉത്സാഹമായിരുന്നു മനസ്സു നിറയെ.

ക്വാറന്റീനിൽ ഇരിക്കുന്നതിനിടെയാണ് പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ അന്നപൂർണാദേവിയെ കുറിച്ച് വീണ്ടും ചിന്തിച്ചത്. ഗംഭീര സംഗീതജ്ഞയായിരുന്ന അവർ വിവാഹമോചനത്തിനു ശേഷം എല്ലാത്തിൽ നിന്നും അകന്നു. പിന്നീട് ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല.

സ്വയം തീർത്ത ഏകാന്തതയിലേക്ക് ഇങ്ങനെ ഒതുങ്ങുന്നവരും സമൂഹം തീർത്ത ഏകാന്തതയിലേക്ക് ഒതുക്കപ്പെട്ടവരുമായ നിരവധി സ്ത്രീകളുണ്ട് നമുക്കു ചുറ്റും. പണ്ടുകാലത്ത് വലിയ കുറ്റം ചെയ്യുന്നവരെ ഇരുട്ടറയിൽ ഏകാന്തതടവിനു ശിക്ഷിച്ചിരുന്നെന്നു കേട്ടിട്ടുണ്ട്. ജയിൽ തന്നെ ഏകാന്തതയുടെ തടവറയാണ്. അപ്പോൾ ആരെയും കാണാതെ, പകലോ രാത്രിയോ എന്നറിയാതെ ഏകാന്തതടവിനു ശിക്ഷിക്കപ്പെട്ടാലോ. ഏകാന്തത വരിച്ചവരുടെ മനസ്സു കുറേക്കാലം കഴിയുമ്പോൾ കല്ലുപോലെ ആകുമെന്ന് എനിക്കു തോന്നി. ആ ചിന്തകളുടെ തുടർച്ചയായാണ് മുനിപത്നിയായ അഹല്യയും മനസ്സിലേക്കു വന്നത്.

അഹല്യയുടെ വഴികൾ

കണ്ണകിയുടെ കഥ പറഞ്ഞ നൃത്തശിൽപം മാറ്റിനിർത്തിയാൽ ഒരുപാടു സ്ത്രീകഥാപാത്രങ്ങളെ നൃത്താവിഷ്കാരം ചെയ്യാത്ത നർത്തകിയാണ് ഞാൻ. എന്റെ പെർഫോമൻസുകൾ കുറച്ചുകൂടി മിസ്റ്റിക്കൽ ആണു താനും. എന്ത് അവതരിപ്പിച്ചാലും ഫെമിനിൻ എനർജിയെ കുറിച്ചു പറയുമെന്നത് ഒഴിച്ചാൽ സ്ത്രീകഥാപാത്രങ്ങൾ അത്ര പതിവില്ല.

അഹല്യയെ കുറിച്ചുള്ള ചിന്തകളുടെ തുടർച്ചയായി ‘കല്ല്’ എന്ന വാക്ക് ഉച്ചരിച്ചപ്പോൾ തന്നെ മറ്റൊന്നുകൂടി തോന്നി, അഹല്യ ഒരിക്കലും കല്ലായിരുന്നില്ല, വികാരങ്ങളെ അടക്കി മനസ്സു കല്ലാക്കി ജീവിക്കുകയായിരുന്നു അവർ. നമ്മുടെ പുരാണങ്ങളും വേദങ്ങളുമെല്ലാം സിംബോളിക്കാണ്. പ്രതീകങ്ങളിലൂടെയേ അവ സംസാരിക്കാറുള്ളൂ. ചില പേരുകളിൽ പോലും പ്രതീകങ്ങളുണ്ട്. അഹല്യ എന്ന വാക്കിന്റെ അർഥം ‘ഹല്യം’ ചെയ്യപ്പെടാത്ത ഭൂമി എന്നാണ്. ഉഴുതു മറിക്കപ്പെടാത്ത മണ്ണ്. അങ്ങനെയുള്ള അഹല്യയുടെ ജീവിതമാണ് ഇന്ദ്രന്റെ വരവോടെ കുഴഞ്ഞുമറിഞ്ഞത്.

മറ്റുള്ളവർ പറഞ്ഞു വച്ചതിനെ എന്റേതായ വഴികളിലൂടെ ‘റീനരേറ്റ്’ ചെയ്യാൻ ഇഷ്ടമുള്ളതു കൊണ്ടുതന്നെ അ ഹല്യയെ കുറിച്ച് ഒരു ഹൈപോതിസീസ് എഴുതിയുണ്ടാക്കി. ഗൗതമ മഹർഷിയുടെ ഭാര്യയായ അഹല്യ. തീവ്രാനുഷ്ഠാനങ്ങൾ ചെയ്യുന്ന മുനിയുടെ ഭാര്യയും അത്രതന്നെ ചിട്ടകൾ അനുഷ്ഠിക്കുന്നവളാകും. പക്ഷേ, ലോകസുന്ദരിയുമാണ് അഹല്യ.

വ്രതനിഷ്ഠ തെറ്റിക്കാത്ത ഗൗതമ മഹർഷിയുടെ തണലിൽ ജീവിച്ച അഹല്യയുടെ മുന്നിലാണ് ഇന്ദ്രിയങ്ങളുടെ അധിപനായ ദേവേന്ദ്രൻ പ്രത്യക്ഷപ്പെടുന്നത്. ഭർത്താവിന്റെ വേഷത്തിൽ ഇന്ദ്രൻ വന്നപ്പോൾ തന്നെ അഹല്യ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. എല്ലാ ഭാര്യമാരും അങ്ങനെ തന്നെയാണ്. പക്ഷേ, അഹല്യയെ പറഞ്ഞുസമ്മതിപ്പിക്കാനുള്ള വഴി വികാരങ്ങളുടെ നാഥനായ ഇന്ദ്രന് അറിയാം. എല്ലാ മറിഞ്ഞ ഗൗതമമഹർഷി അഹല്യയെ ശപിക്കുന്നു, ‘നീ ആ യിരം സംവൽസരങ്ങൾ കല്ലായി തീരട്ടെ.’ പിന്നീട് ശ്രീരാമപാദമേറ്റാണ് അഹല്യയ്ക്കു മോക്ഷം കിട്ടുന്നതെന്നാണ് അധ്യാത്മരാമായണത്തിലെ കഥ.

അണിയറയിലെ ദിനങ്ങൾ

അഹല്യയുടെ കഥയിൽ എവിടെയെങ്കിലും എന്റെയീ പരികൽപന ശരിവയ്ക്കുന്നുണ്ടോ എന്ന അന്വേഷണമായി പിന്നീട്. അധ്യാത്മരാമായണവും കമ്പരാമായണവും അഹല്യയെ കുറിച്ച് ആധുനിക എഴുത്തുകാർ പറഞ്ഞുവച്ച കാര്യങ്ങളും വരെ വായിച്ചു. അതിലെല്ലാം അഹല്യ ‘കല്ലായി തീർന്നു’ എന്നു തന്നെയാണു പറയുന്നത്.

അന്വേഷണം ഒടുക്കം ‘വാൽമീകിരാമായണ’ത്തിൽ എ ത്തി. ഗൗതമ മഹർഷിയുടെ വേഷത്തിൽ മുന്നിലെത്തിയ ഇന്ദ്രനെ കണ്ടയുടനെ അതു വേഷപ്രച്ഛന്നനായ ആരോ ആണെന്നു മനസ്സിലാക്കുന്ന അഹല്യ, ഇന്ദ്രൻ ദേവേന്ദ്രനായതു കൊണ്ട് പ്രലോഭനത്തിനു വഴിപ്പെടുന്നു എന്ന് അതി ൽ വ്യക്തമായി പറയുന്നുണ്ട്. എല്ലാമറിഞ്ഞ ഗൗതമമഹർഷി അഹല്യയെ ശപിക്കുന്നത് ‘യുഗങ്ങളോളം, വായു ഭക്ഷിച്ച് ഭസ്മശായിനിയാകട്ടെ’ എന്നാണ്. എന്നുവച്ചാൽ ഏതു വികാരത്തിനാണോ അഹല്യ വഴിപ്പെട്ടത്, ആ വികാരങ്ങളെ എരിച്ചു ഭസ്മമാക്കി, നിർവികാരയായി ജീവിക്കണം എന്നർഥം. കാലങ്ങൾക്കു ശേഷം ശ്രീരാമൻ ആശ്രമത്തിലെത്തി അഹല്യയെ വലംവച്ചു തൊഴുതു എന്നാണ് വാൽമീകി എഴുതിയത്. ഇത്ര റിയലിസ്റ്റിക്കായതു കൊണ്ടുകൂടിയാണ് വാല‍്മീകിയെ ആദികവി എന്നു വിളിക്കുന്നതും.

അഹല്യയെ ശപിച്ച നിമിഷത്തിൽ മറ്റൊന്നു കൂടി സംഭവിച്ചു. കോപമെന്ന ഇന്ദ്രീയത്തിന് അടിപ്പെട്ട ഗൗതമ മഹർഷിക്ക് യാഗം പൂർത്തിയാക്കാനുള്ള യോഗ്യത ഇല്ലാതായി. അതു തന്നെയായിരുന്നു ദേവേന്ദ്രന്റെ ലക്ഷ്യവും.

ഒരുക്കങ്ങളും എഴുത്തും

അഹല്യയുടെ കഥയിൽ നിന്ന് ‘കല്ല്’ എടുത്തുകളഞ്ഞ് സ്റ്റോറി ബോർഡ് തയാറാക്കി. ആ സമയത്ത് കാനഡയിലെ സമ്പ്രദായ ഡാൻസ് ക്രിയേഷൻസിൽ നിന്ന് അവിചാരിതമായി വിളിയെത്തി. കോവിഡിന്റെ പശ്ചാത്തലത്തി ൽ തയാറാക്കുന്ന പരീക്ഷണ കലാരൂപങ്ങൾ അവതരിപ്പിക്കാൻ അവരൊരുക്കുന്ന പ്ലാറ്റ്ഫോമിലേക്ക് ക്ഷണിക്കാനായിരുന്നു അത്.

കഴിഞ്ഞ വർഷം ‘സർപതത്വം’ എന്ന നൃത്തശിൽപം ഞാൻ ഓൺലൈനിൽ റിലീസ് ചെയ്തിരുന്നു. ഓസ്കാറിലേക്കു മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് കൂടിയായിരുന്നു അത്. ആ വിഡിയോ കണ്ടിട്ടാണ് സമ്പ്രദായയിൽ നിന്നു വിളിച്ചത്.

മോഹിനിയാട്ടത്തിൽ ചെയ്ത നൃത്തരൂപം എന്നതിനെക്കാൾ ‘അഹല്യ’യെ സോളോ ആക്ട് എന്നു വിളിക്കാനാണ് ഇഷ്ടം. നൃത്തത്തിനു വേണ്ടിയുള്ള ആട്ടപ്രകാരം എഴുതി ചിട്ടപ്പെടുത്തിയ ശേഷം മ്യൂസിക്കും സംഗീതസംവിധാനവും അതിനു വേണ്ടിയുള്ള ചൊല്ലുകളും കണക്കുകളും പശ്ചാത്തല സംഗീതവും പ്രോഗ്രാമിങ്ങുമടക്കം ചെയ്തത് ഞാൻ തന്നെയാണ്. വാൽമീകിയുടെ രാമായണത്തിലെ വരികൾ തന്നെയാണ് ‘അഹല്യ’യ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയത്. അവസാനഭാഗത്തെ ശ്രീരാമദർശനം അധ്യാത്മരാമായണത്തിൽ നിന്നെടുത്തു. ഇടയ്ക്ക് രണ്ടുമൂന്നു വരികൾ സംസ്കൃതത്തിൽ ഞാൻ തന്നെ എഴുതി. ഒരു ഭാഗം പാടുകയും ചെയ്തു.

കോവിഡ് ആയതിനാൽ ചിട്ടപ്പെടുത്തിയ വരികൾ കംപോസ് ചെയ്ത് അയച്ചു കൊടുത്താണ് ഗായകനായ പയ്യന്നൂർ മഹേന്ദ്രനെ പഠിപ്പിച്ചത്. പലവട്ടം പാടി പഠിച്ച ശേഷം മഹേന്ദ്രൻ നേരിട്ടു വന്നു. പിന്നെയാണ് റിക്കോർഡ് ചെയ്തത്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് 30 മിനിറ്റു നീണ്ട വിഡിയോ ഷൂട്ട് ചെയ്തത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഛായാഗ്രാഹകൻ മധു അമ്പാട്ടാണ്. അദ്ദേഹത്തിന്റെ ക്യാമറയുടെ മികവു കൂടി ‘അഹല്യ’യുടെ സൗന്ദര്യത്തോടു ചേർത്തുവയ്ക്കണം.

ahalya-2 ഫോട്ടോ: ഹാഷിം ഖുറേഷി

അരങ്ങിലെ നിമിഷങ്ങൾ

കാവാലം നാരായണപണിക്കർ സാർ പറഞ്ഞിട്ടുണ്ട്, ‘വേദിയിൽ നിങ്ങൾ എന്തു ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതാണു പ്രധാനം’ എന്ന്. അഹല്യയുടെ കഥയെ താത്വികമല്ലാതെ, നാട്യത്തിന്റെ ചുവടുപിടിച്ച് അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. അഹല്യയ്ക്ക് ഗൗതമമഹർഷിയോടും ഇന്ദ്രനോടും ശ്രീരാമനോടും ഉള്ള സമീപനം മൂന്നു തരത്തിലാണ്. മുനിയായ ഗൗതമമഹർഷിക്ക് സർവകോപവുമെടുത്ത് അഹല്യയെ ശപിക്കാനാകില്ല. മിതത്വം വേണം. അതുപോലെയാണ് ഗൗതമമഹർഷി അഹല്യയുടെ അടുത്തു നിൽക്കുന്നതും ഇന്ദ്രൻ ഗൗതമമഹർഷിയായി അഹല്യയുടെ അടുത്തു നിൽക്കുന്നതും. ഇതൊക്കെ വേറിട്ട് കാഴ്ചക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ബോഡി ലാംഗ്വേജ് വ്യത്യാസപ്പെടുത്തി.

മുനിപത്നിയായ അഹല്യയ്ക്ക് ഇന്ദ്രനോടു പ്രണയം തോന്നിയെങ്കിൽ അത്ര ഗുണവാനാകണമല്ലോ. പ്രേക്ഷകർക്കും ഇന്ദ്രനോടു പ്രണയം തോന്നണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതു ഫലിച്ചു. ആ ഭാഗങ്ങളിൽ മിഴാവ് മാത്രമായിരുന്നു പശ്ചാത്തലത്തിൽ.

സമ്പ്രദായയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ടിക്കറ്റ് വ ച്ചാണ് ഡാൻസ് പെർഫോമൻസ് നടത്തിയത്. ഇന്ത്യയിൽ നിന്ന് പ്രമുഖ നർത്തകിമാരായ രമ വൈദ്യനാഥൻ, ബിജോയ്നി സത്പതി, അദിതി മംഗൾദാസ് എന്നിവരും നൃത്താവിഷ്കാരങ്ങൾ അവതരിപ്പിച്ചു. പ്ലേഗ് കാലത്ത് ആ മഹാവ്യാധിയുടെ ചുവടുപിടിച്ച് കുറേ ആർട് ഫോമുകൾ വന്നു. അഹല്യ ചെയ്യാനിറങ്ങിയ കോവിഡ് കാലവും അത്തരത്തിൽ കലാചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. മാനസികവും ശാരീരികവുമായി ഒരുപാട് ദുഃഖങ്ങൾ നേരിട്ട സമയത്താണ് അഹല്യ ചെയ്തത്. അതുകൊണ്ടുതന്നെ ആ അനുഭവം ‘തെറാപ്യൂട്ടിക്’ കൂടിയായി. ഇന്ദ്രിയങ്ങളുടെ ആനന്ദമല്ല പ്രധാനം, അവനവനിൽ തന്നെ ആനന്ദം കണ്ടെത്തണം എന്നല്ലേ അഹല്യയുടെ കഥയും പറയുന്നത്.’

രൂപാ ദയാബ്ജി