Tuesday 21 May 2024 11:18 AM IST

മക്കൾക്ക് സര്‍വസ്വാതന്ത്ര്യവും കൊടുക്കുന്ന അച്ഛൻ... അവരുടെ ജീവിതവും യാത്രകളും മോഹിപ്പിക്കാറില്ലേ? മോഹൻലാലിന്റെ മറുപടി

Vijeesh Gopinath

Senior Sub Editor

mohanlal-74

പിറന്നാൾ നിറവിൽ മലയാളത്തിന്റെ താരസൂര്യൻ മോഹൻലാൽ. പ്രിയപ്പെട്ട ലാലേട്ടന് ഹൃദയത്തിൽ നിന്നും പിറന്നാൾ മധുരം പങ്കുവയ്ക്കുമ്പോൾ സൂപ്പർ സ്റ്റാര്‍ വനിതയ്ക്കായി പങ്കുവച്ച ഹൃദ്യമായ നിമിഷങ്ങളെ ഓർത്തെടുക്കുകയാണ് വനിത. മോഹൻലാൽ വനിതയ്ക്കായി മാറ്റിവച്ച അപൂർവ നിമിഷങ്ങൾ, ഹൃദയംതൊടും ചിത്രങ്ങൾ. ഇവിടെയിതാ മോഹൻലാൽ എന്ന കൂൾ ആൻഡ് സ്വീറ്റ് അച്ഛനെ വായനക്കാർക്കായി പരിചയപ്പെടുത്തുകയാണ്. പിറന്നാൾ മധുരത്തിനൊപ്പം ഈ നല്ല നിമിഷങ്ങൾ കൂടി വായനക്കാർക്കായി...

––––

മക്കൾക്ക് സര്‍വസ്വാതന്ത്ര്യം കൊടുക്കുന്ന പേരന്റിങ് ആണ് ലാലേട്ടനും ചേച്ചിയും െകാ ടുക്കുന്നത്. അവരുെട ജീവിതവും യാത്രകളും മോഹിപ്പിക്കാറില്ലേ?

ഒരു കാലത്തു ഞാനും ഇതു പോലെ യാത്ര ചെയ്തിട്ടുണ്ട്. എവിെട പോയാലും അപ്പുവുമായും മായയുമായും എപ്പോഴും കോൺടാക്ട് ഉണ്ട്. കുട്ടികൾ സുചിയെ എപ്പോഴും വിളിച്ച് എല്ലാ കാര്യങ്ങളും പറയും. ജീവിതത്തിൽ സന്തോഷങ്ങൾ കണ്ടെത്താൻ രണ്ടുപേർക്കും അറിയാം. അതല്ലേ വേണ്ടത്. അപ്പു ഇടയ്ക്കിടെ ഹംപിയിൽ പോകും. അവിെട കാഴ്ചകള്‍ കണ്ട്, റോക്ക് ക്ലൈംബിങും ഒക്കെ നടത്തി കുറേ ദിവസം കൂടും. ഒരിക്കൽ ഞാനവിടെ ഷൂട്ടിനെത്തിയപ്പോൾ അപ്പു അവിടെയുണ്ട്. ‘അച്ഛാ രാവിലെ വന്നു കാണാം’ എന്നവന്‍ പറഞ്ഞതു കേട്ടു കുറെ കാത്തിരുന്നു. മടങ്ങാന്‍ ഒരുങ്ങുമ്പോൾ നനഞ്ഞു കുതിർന്നു കയറി വരുന്നു. തുംഗഭദ്ര നദിക്ക് അക്കരെയായിരുന്നു അവന്‍റെ ക്യാംപ്. രാവിലെ ഇക്കരയ്ക്കു കടത്തു കിട്ടിയില്ല അതാ ലേറ്റ് ആയതെന്നു പറഞ്ഞു. ‘പിന്നെ എങ്ങനെയാ നീ വന്നത്.?’ ഞാന്‍ ചോദിച്ചു. കൂളായിട്ടായിരുന്നു അവന്‍റെ മറുപടി, ‘ഞാന്‍ നീന്തിയിങ്ങു പോന്നു...’

മകൾ വിസ്മയ എഴുതിയ ‘നക്ഷത്ര ധൂളികൾ’ വായിച്ചപ്പോൾ എന്താണു തോന്നിയത്?

പണ്ടും അവള്‍ കഥകളൊക്കെ എഴുതുമായിരുന്നു. ഇതുപോലെ കവിതകൾ എഴുതും എന്നറിയില്ലായിരുന്നു. നന്നായിട്ടു ചിത്രം വരയ്ക്കും. യുകെയില്‍ പോയി കുറെ നാൾ ചിത്രംവര പഠിച്ചതാണ്. പ്രാഗിലും പഠിച്ചിട്ടുണ്ട്. പിന്നെ, കുറെനാൾ ഇന്തൊനീഷ്യയിൽ കുട്ടികളെ പഠിപ്പിച്ചു. ഇപ്പോൾ തായ്‌ലൻഡിൽ ‘മോയ് തായ്’ എന്ന ആയോധനകല പഠിക്കുകയാണ്. അപ്പുവും എഴുതും. കവിതയല്ല, നോവല്‍. ഒരെണ്ണം എഴുതി പൂര്‍ത്തിയാകാറായി. സുചിയും ചിത്രങ്ങൾ വരയ്ക്കാറുണ്ട്. രസമുള്ള കാർഡുകൾ ഉണ്ടാക്കും. ചെന്നൈയിലെ വീട്ടിൽ സുചിക്ക് ഒരു ആർട് വർക്ക്ഷോപ്പുമുണ്ട്.

ആരെങ്കിലും നിർബന്ധിച്ചാൽ ‍ഞാനും വരയ്ക്കും. അടുത്തിടെ എന്റെയൊരു സുഹൃത്തു വീടു വച്ചു. ലാലേട്ടൻ എ നിക്കൊരു ചിത്രം വരച്ചു തരണം എന്നു പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊരു െപയിന്‍റിങ് ചെയ്തു. മൂന്നു ദിവസം കൊണ്ടാണു പൂർത്തിയാക്കിയത്.