പിറന്നാൾ നിറവിൽ മലയാളത്തിന്റെ താരസൂര്യൻ മോഹൻലാൽ. പ്രിയപ്പെട്ട ലാലേട്ടന് ഹൃദയത്തിൽ നിന്നും പിറന്നാൾ മധുരം പങ്കുവയ്ക്കുമ്പോൾ സൂപ്പർ സ്റ്റാര്‍ വനിതയ്ക്കായി പങ്കുവച്ച ഹൃദ്യമായ നിമിഷങ്ങളെ ഓർത്തെടുക്കുകയാണ് വനിത. മോഹൻലാൽ വനിതയ്ക്കായി മാറ്റിവച്ച അപൂർവ നിമിഷങ്ങൾ, ഹൃദയംതൊടും ചിത്രങ്ങൾ. പിറന്നാൾ മധുരത്തിനൊപ്പം ഈ നല്ല നിമിഷങ്ങൾ കൂടി വായനക്കാർക്കായി...
––––
ഛായാമുഖി, മഹാഭാരത കഥയിലെ മാന്ത്രികകണ്ണാടിയാണ്. അതിൽ തെളിയുന്നതു നോക്കുന്നയാളുടെ പ്രതിബിംബമല്ല, മറിച്ച് അവർ ഹൃദയം െകാണ്ടു സ്േനഹിക്കുന്ന, പ്രണയിക്കുന്നവരുടെ മുഖമാണത്രെ.
നാലു പതിറ്റാണ്ടായി മലയാളിക്കു മുന്നിലേക്കു മോഹൻലാലെത്തുന്നത് ഛായാമുഖിയെന്ന കണ്ണാടിയുമായാണ്. ഒാരോ ലാൽ കഥാപാത്രങ്ങളും ഒാരോ ഛായാമുഖികളാണ്. അതിലേക്കു നോക്കുമ്പോൾ ഏ തൊക്കെയോ നിമിഷങ്ങളിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരെ കാണാനാകുന്ന മാന്ത്രികവിദ്യ.
അതുകൊണ്ടാണല്ലോ, സ്ക്രീനിലെ ലാൽപ്രണയങ്ങളിൽ നമ്മുടെ ‘ആ ആളെ’ കൊതിച്ചു പോകുന്നത്. ലാൽചിരികളിൽ ഏറ്റവും പ്രിയപ്പെട്ടവരുടെ ചിരി യോർമ വരുന്നത്. ലാൽസ്നേഹങ്ങളിൽ എന്നൊക്കെയോ ഹൃദയം തൊട്ടു പോയവരെ തൊട്ടടുത്തെന്ന പോലെ അറിയാനാകുുന്നത്. സങ്കടത്തിൽ വിറയ്ക്കുന്ന ആ വിരൽത്തുമ്പു കണ്ടാൽപോലും കണ്ണീരു പൊട്ടിപ്പോകുന്നത്. വിജയിച്ചാലും പരാജയപ്പെട്ടാലും ആ കഥാപാത്രങ്ങളൊന്നും മനസ്സിൽ നിന്നു മാഞ്ഞു പോകാത്തത്. ലാലോത്സവങ്ങൾക്കു മലയാളി എന്നും ഇങ്ങനെ ആർപ്പുവിളിച്ചുകൊണ്ടേയിരിക്കുന്നത്...
കൊച്ചിയിലെ മോഹൻലാലിന്റെ പുതിയ മെസൊണറ്റിെന്‍റ വാതില്‍ തുറന്നത് അതിശയങ്ങളിലേക്കായിരുന്നു. ഇരുനിലകളിലായി ഒരു മ്യൂസിയം പോലെ ഒരുക്കിയ പുതുപുത്തന്‍ അപാര്‍ട്മെന്‍റ്. വിലമതിക്കാനാകാത്ത ശിൽപങ്ങൾ, പെയിന്റിങ്ങുകൾ, കൗതുകവസ്തുക്കൾ. എല്ലാത്തിനും ഒാരോ കഥ പറയാനുണ്ട്.
വനിതയുടെ കവർ ചിത്രം സുചിത്രയെ കാണിച്ച്, ഇവർ ഇതിനു ‘ലാലിബനും സുചിയും’ എന്ന് അടിക്കുറിപ്പെഴുതുമെന്നു കുസൃതി പറഞ്ഞു മോഹൻലാൽ സംസാരിക്കാനിരുന്നു. മടിയിലേക്കു സിംബ എന്ന പൂച്ച അധികാരത്തോടെ ചാടിക്കേറി. പ്രണയവിരലുകൾകൊണ്ട് ലാല്‍ സിംബയെ തലോടിത്തുടങ്ങി.
വീട് ശരിക്കും ഒരു മ്യൂസിയം പോലെയുണ്ട്. പെയിന്റിങ്ങുകൾ, കൗതുക വസ്തുക്കൾ...
മലയാള സിനിമയ്ക്കായി ഒരു മ്യൂസിയം നിർമിക്കണം എന്നാഗ്രഹമുണ്ട്. അതിനൊരു സ്ഥലം കണ്ടെത്തണം. ഇപ്പോള്‍ നമുക്ക് അത്തരമൊരെണ്ണമില്ല. മലയാള സിനിമയുെട സമ്രഗമായ ഒരു ശേഖരം അവിെടയുണ്ടാകും. പലതും ചിതറിക്കിടക്കുകയാണ്. മൺമറഞ്ഞ പ്രതിഭകൾക്കുള്ള ആദരം കൂടിയാകും അത്.
നമ്പൂതിരി സാര്‍ വരച്ച നൂറോളം ചിത്രങ്ങൾ എന്റെ കയ്യിലുണ്ട്. തഞ്ചാവൂർ ചിത്രങ്ങളും ബുദ്ധിസ്റ്റ് സ്റ്റൈലിലുള്ള താങ് ക പെയ്ന്റിങ്ങുകളും ടൺ കണക്കിനു ഭാരമുള്ള ശിൽപങ്ങളുമൊക്കെയുണ്ട്. ചിലതൊക്കെ ഗിന്നസ് ബുക്കില്‍ വരെ ഇടം നേടാവുന്നവയാണ്.
‘വരൂ നമുക്കു കുറച്ചു കൗതുകങ്ങള്‍ കാണാം’ എന്നു പറഞ്ഞു മോഹൻലാൽ ക്ഷണിക്കുന്നു. മുകള്‍നിലയിലെ ചുവരിൽ ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ഗന്ധര്‍വന്‍റെ പെയിന്‍റിങ്. ഉപാസനകളുെട ഒടുവില്‍ ലാലിനു മാത്രമേ വരച്ചു കൊടുക്കൂ എന്നു പറഞ്ഞ് നമ്പൂതിരിയുെട വിരല്‍ത്തുമ്പുകള്‍ തീര്‍ത്ത മായാജാലം. ഇരുവശത്തുമുള്ള കണ്ണാടിച്ചുമരുകളിൽ ആ രൂപം പ്രതിബിംബിക്കുന്നു. മൂന്നു ഗന്ധർവ രൂപങ്ങൾക്കു നടുവിൽ നിന്നു ചിത്രമെടുത്താൽ നന്നാകുമെന്നു ലാൽ. ഒറ്റ ക്ലിക്കിൽ ‘നാലു ഗന്ധർവന്മാർ.’
കിടപ്പു മുറിയിൽ ത്രീഡി മായക്കാഴ്ചയുള്ള പെയിന്റിങ്.കുളി കഴിഞ്ഞിരിക്കുന്ന സുന്ദരിയെ മോഹത്തോടെ നോക്കി നിൽക്കുന്ന യക്ഷ ഗന്ധര്‍വ കിന്നരന്മാർ. വൈക്കം വിശ്വനാഥൻ എന്ന ചിത്രകാരൻ വരച്ചതാണ്. വർഷങ്ങൾ നീണ്ട വായനയ്ക്കും പഠനത്തിനും യാത്രകൾക്കും ശേഷമാണു വരയ്ക്കാൻ തുടങ്ങിയത്. കിന്നരന്മാരുടെ കയ്യിൽ നിന്നു വീഴുന്ന പൂക്കൾ മുന്നില്‍ ചിതറി വീഴും പോലെ. ലൈറ്റുകൾ ഒാഫ് ചെയ്താലും ചിത്രത്തിലെ ചന്ദ്രശോഭയിലും വിളക്കിന്‍റെ െവട്ടത്തിലും സുന്ദരിയുടെയും ഗന്ധര്‍വന്മാരുെടയും മുഖം തിളങ്ങുന്നു.
അടുത്ത മുറിയില്‍ കുണ്ഡലിനിയുടെ ഇന്ദ്രിയാതീതശക്തി ഉള്‍ക്കൊള്ളുന്ന നിഗൂഢമായ പെയിന്റിങ്. മൂന്നരച്ചുറ്റുള്ള സ്വർണനാഗവും െഎരാവതവും ആനകളും കുതിരകളും ശിരസ്സില്‍ വിരിയുന്ന സഹസ്രാരപത്മവും... ‘വാക്കുകൾക്ക് അപ്പുറം നിൽക്കുന്ന ഊർജം ഈ മുറിയിലുണ്ടല്ലോ’ എന്ന ചോദ്യത്തിനു ചെറുചിരിയോടെ ലാലേട്ടന്‍റെ മറുപടി. ‘രഹസ്യ സ്വഭാവമുള്ള ചിത്രമാണിത്. എന്റെ മനസ്സിലുള്ള കുണ്ഡലിനിയെക്കുറിച്ചുള്ള ചിന്തകൾ പറഞ്ഞു കൊടുത്തു വരപ്പിച്ചതാണ്.’
ഗോവണിക്കരികിലെ ചുമരിൽ ഒരേ വലുപ്പത്തിൽ ഫ്രെയിം ചെയ്തു വച്ച അൻപതിലധികം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. ഒാരോന്നിലുമുണ്ട് ഒാർമകളുടെ ചന്ദ്രോത്സവങ്ങൾ. കുട്ടിക്കാലത്തു നിക്കറും ഷർട്ടും ഇട്ട് അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്ന ലാൽ മുതല്‍ കുടുംബത്തിന്‍റെ ഒട്ടേറെ അപൂര്‍വഭംഗികള്‍. ഇതിൽ ഒരു ചിത്രത്തെക്കുറിച്ചു പറയാമോ എന്നു ചോദിച്ചപ്പോൾ കുഞ്ഞുപ്രണവിനുകുടപിടിച്ചു സുചിത്ര നിൽക്കുന്ന ചിത്രം കാട്ടി കുസൃതിച്ചിരിയോടെ പറഞ്ഞു, ‘‘ഒരിക്കല്‍ ഊട്ടിയാത്രയ്ക്കിടെ അപ്പുവിന് പെട്ടെന്നൊരു ‘ശങ്ക’. അതു തീർക്കാൻ ഇരുന്നപ്പോഴേക്കും ചാറ്റൽ മഴ. അതാണു സുചി കുടപിടിച്ചു നിൽക്കുന്നത്. ആന്റണിയാണ് (ആന്റണി പെരുമ്പാവൂർ) ഈ ചിത്രമെടുത്തത്.’’
ബംഗാളിൽ നിന്നും റഷ്യയിൽ നിന്നുമുള്ള പൂ ച്ചകൾ, അപൂർവമായ ജീവികള്‍, മത്സ്യങ്ങൾ... ഈ ക്രേസൊക്കെ എങ്ങനെയുണ്ടായി?
സ്കൂളിൽ പഠിക്കുന്ന കാലത്തു പലതരം മീനുകളെ വളർത്തിയിരുന്നു. ഒരു കാലത്ത് ഒൻപതോ പത്തോ പൂച്ചകൾ ഉണ്ടായിരുന്നു. ഹാലിക്കൻ ഗ്രേറ്റ് കെയിൻസ് പോലുള്ള നായ്ക്കളുണ്ടായിരുന്നു. പിന്നെ, പശുക്കൾ. മറൈൻ അക്വേറിയത്തില്‍ അപൂര്‍വമായ മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. രണ്ടു കടല്‍ക്കുതിരകള്‍ അതിലുണ്ടായിരുന്നു. ഒരിക്കല്‍ അതിലൊന്നു ഗര്‍ഭിണിയായി. കുഞ്ഞുങ്ങളും ഉണ്ടായി. ഇപ്പോള്‍ ഈ വീട്ടിൽ രണ്ടു തരം പൂച്ചകളുണ്ട്. ഒരെണ്ണം മെയ്ൻ കൂൺ (maine coon) വിഭാഗത്തിലുള്ളതാണ്. മുപ്പതു കിലോ വരെ ഭാരം വയ്ക്കും പ്രത്യേക രീതിയിലേ എടുക്കാനാകൂ. പിന്നെയുള്ളത് ബംഗാൾ കാറ്റ്സ്. വളർത്തു പൂച്ചയും ബംഗാളില്‍ മാത്രം കാണുന്ന കാട്ടുപൂച്ചയും തമ്മിലുള്ള ക്രോസ് ആണ്. ഇതിനെ വീടുകളില്‍ വളർത്താന്‍ തുടങ്ങിയിട്ടു പത്തു നാല്‍പതു വര്‍ഷമേ ആയുള്ളൂ.