Saturday 12 October 2019 11:44 AM IST

‘നിന്റെ അച്ഛൻ വഴിയും ചിറ്റപ്പൻ വഴിയും അറിയുന്നതല്ല ശരിക്കും സിനിമ’; ജീവിതം മാറ്റിമറിച്ച ഉപദേശം!

Roopa Thayabji

Sub Editor

mg00875

ശബ്ദമിശ്രണത്തിന് ദേശീയ അവാർഡ് നേടിയ എം.ആർ. രാജകൃഷ്ണൻ സംഗീതജ്ഞൻ എം.ജി. രാധാകൃഷ്ണന്റെ മകനാണ്...

മഞ്ചാടിക്കുരു...  

മഞ്ചാടിക്കുരു എന്ന ചിത്രത്തിനായിരുന്നു ആദ്യ സംസ്ഥാന അവാർഡ്. മാർ ഇവാനിയോസിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴേ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്യാമറ പഠിക്കണമെന്നാണ് എന്റെ മോഹം. ഒരു ദിവസം പ്രിയൻ മാമനെ (സംവിധായകൻ പ്രിയദർശൻ) വിളിച്ച് കാര്യം പറഞ്ഞു. പഠിച്ചിറങ്ങി മാമന്റെ സിനിമയ്ക്ക് ക്യാമറ ചെയ്യണമെന്നാണ് കണക്കുകൂട്ടൽ. ‘നിന്റെ അച്ഛൻ വഴിയും ചിറ്റപ്പൻ വഴിയും അറിയുന്നതല്ല ശരിക്കും സിനിമ. ആദ്യം സിനിമ എന്താണെന്ന് മനസ്സിലാക്ക്. അഞ്ചുവർഷം പഠിച്ചുകഴിഞ്ഞ് നീ വരുമ്പോൾ എനിക്ക് സിനിമ ഉണ്ടാകുമോ എന്ന് ആരറിഞ്ഞു...’ ജീവിതം മാറ്റിമറിച്ച ഉപദേശമായിരുന്നു അത്. 

രംഗസ്ഥല... 

ദേശീയ അവാർഡ് കിട്ടിയത് തെലുങ്ക് ചിത്രം ‘രംഗസ്ഥല’ യ്ക്ക് ആണ്.  പ്രിയൻ മാമൻ സിനിമ പോസ്റ്റ് പ്രൊഡക്ഷ ൻ ജോലികൾക്കായി ഫോർ ഫ്രെയിംസ് സ്റ്റുഡിയോ തുടങ്ങിയ കാലം മുതൽ ഞാൻ കൂടെയുണ്ട്. സിനിമ ഉണ്ടാകുന്നത് ശബ്ദവും വെളിച്ചവും ചേരുമ്പോഴാണ് മനസ്സിലായത് അവിടെനിന്നാണ്. പക്ഷേ, ശബ്ദം പലപ്പോഴും ദൃശ്യത്തിന്റെ പിന്നിലായി പോകും. മ്യൂട്ട് ചെയ്തുവച്ചിട്ട് സിനിമ കാണാന്‍ പറ്റുമോ എന്നാണ് ആദ്യം മനസ്സിൽ വന്ന സംശ യം.  സിനിമട്ടോഗ്രഫി പഠിക്കണമെന്നു മോഹിച്ച ഞാൻ അ ങ്ങനെ ശബ്ദത്തിലേക്ക് തിരിഞ്ഞു. ആ തീരുമാനമാണ് ജീവിതം മാറ്റിയത്. ശബ്ദവുമായി പ്രണയത്തിലാകുകയായിരുന്നു. ഫിംഗർ പ്രിന്റ് പോലെയാണ് ശബ്ദവും, ഓരോരുത്തരുടെ ശബ്ദത്തിനും അതിന്റേതായ ഐഡന്റിറ്റി ഉണ്ട്.

രാക്കിളിപ്പാട്ട്...  

‘കിലുക്കം’ മുതലുള്ള പ്രിയൻ സിനിമകൾ ചെയ്ത ദീപൻ ചാറ്റർജിയാണ് അവിടെ പ്രധാന സൗണ്ട് മിക്സർ. നാലു വർഷം ഗുരുമുഖത്തു നിന്ന് പഠിക്കുന്ന പോലെ ഞാൻ ശ ബ്ദമിശ്രണം പഠിച്ചു. ഡബ്ബിങ്ങിനുള്ള മൈക്ക് ഫിറ്റ് ചെയ്യുന്നതു മുതൽ കേബിൾ വലിക്കുന്നതും പ്രൊജക്ടറിൽ റീൽ ചുറ്റുന്നതും മിക്സർ തുടയ്ക്കുന്നതുമടക്കം എല്ലാ ജോലിയും എനിക്കുണ്ട്. മോണോ ഫോർമാറ്റിൽ നിന്ന് 5.1 ഡിജിറ്റൽ സൗണ്ടിലേക്കും ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്കും മാറുന്ന കാലമാണ്. അദ്ദേഹം പഠിക്കുന്ന കാര്യങ്ങൾ എനിക്കും പറഞ്ഞു തരും. ഫ്രീ ടൈമിൽ ചെറിയ ജോലികളൊക്കെ ഞാൻ ചെയ്യും, അദ്ദേഹം തെറ്റുകൾ തിരുത്തി തരും. ആദ്യം നേരിട്ടു കണ്ടത് ‘സ്നേഹിതിയേ’ എന്ന സിനിമയുടെ ഡബ്ബിങ്ങും എഡിറ്റിങ്ങുമാണ്. മലയാളത്തിൽ ‘രാക്കിളിപ്പാട്ട്’ എന്ന പേരിലിറങ്ങിയ സിനിമയാണത്. 

അപരിചിതൻ...  

‘അപരിചിത’നിലൂടെയാണ് ഞാൻ സ്വതന്ത്ര സൗണ്ട് മിക്സർ ആയത്. ആ സിനിമ കണ്ട അച്ഛൻ സന്തോഷം കാരണം തിയറ്ററിനു പുറത്തെ ചിലരോട് അഭിപ്രായം ചോദിച്ചു. ‘സൗണ്ട് സൂപ്പറായി...’ എന്ന മറുപടി കേൾക്കാനായി മാത്രം പലരോടും ചോദ്യം ആവർത്തിച്ചത്രേ. ‘അനന്തഭദ്ര’മാണ് അച്ഛൻ അവസാനം സംഗീതസംവിധാനം നിർവഹിച്ച സിനിമ. അതിന്റെ ശബ്ദമിശ്രണം ചെയ്തത് ഞാനാണ്, ആ സിനിമയ്ക്ക് ഞങ്ങൾക്കു രണ്ടുപേർക്കും അവാർഡും കിട്ടി. ‘കാക്കക്കുയിൽ’ ആണ് ആദ്യമായി ഞാ ൻ റിക്കോർഡ് ചെയ്യുന്ന ചിറ്റപ്പന്റെ പാട്ടുള്ള സിനിമ.

നേർകൊണ്ട പാർവൈ... 

തമിഴിലെ ‘പിസ്സ’യും മലയാളത്തിലെ ‘പ്രേമ’വും ‘ഉസ്താദ് ഹോട്ടലും’ ‘ബാംഗ്ലൂർ ഡേയ്സു’മൊന്നും മറക്കാനാകില്ല.  ‘പ്രേമം’ ചെയ്യുമ്പോൾ അൽഫോൺസ് പുത്രൻ ഒരു ഡിമാൻഡ് വച്ചു, ‘കണ്ണു കാണാത്തയാൾ കേട്ടാലും ഓരോ കഥാപാ ത്രവും എവിടെയാണെന്നു മനസ്സിലാകണം.’ ഏറ്റവും സ്വാതന്ത്ര്യത്തോടെ ചെയ്ത സിനിമയാണത്. ‘പ്രേമ’വും ‘മായ’യുമാണ് തെലുങ്കിലേക്കും കന്നഡയിലേക്കും എൻട്രി നൽകിയത്. യുടേൺ, അർജുൻ റെഡ്ഡി, ഡിയർ കോമ്രേഡ്... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, പഞ്ചാബി, ഹിന്ദി സിനിമകൾക്ക് വേണ്ടി സൗണ്ട് മിക്സിങ് ചെയ്തിട്ടുണ്ട്. തമിഴിൽ ‘നേർക്കൊണ്ട പാർവൈ’യും മലയാളത്തിൽ ‘പതിനെട്ടാം പടി’യും ‘കൽക്കി’യുമാണ് അവസാനം റിലീസായത്. 

അനന്തഭദ്രം...  

‘രംഗസ്ഥല’യിലെ നായകനു ചെവി കേൾക്കില്ല, അതായിരുന്നു ആ ചിത്രത്തിലെ വെല്ലുവിളിയും ത്രില്ലും. ത്രില്ലടിക്കുമ്പോഴാണ് ക്രിയേറ്റിവിറ്റി കൂടുക. ‘അനന്തഭദ്ര’ത്തിന്റെ അവസാനരംഗത്തിൽ രണ്ടു ദീപങ്ങൾ സംസാരിക്കുന്നുണ്ട്. സന്തോഷേട്ടൻ അതു പറഞ്ഞപ്പോൾ ഞാൻ വണ്ട റടിച്ചുപോയി. ‘ശിവമല്ലിക്കാവിൽ...’ എന്ന പാട്ട് റേഡിയോയിൽ നിന്നും കോളാമ്പിയിൽ നിന്നുമൊക്കെ കേട്ടശേഷം പാട്ടായി കേൾക്കുന്നതാണ്. ആ ഒഴുക്ക് തട്ടും തടവുമില്ലാതെ വരുത്തുമ്പോഴേ നമുക്ക് തൃപ്തി കിട്ടൂ. ‘മഞ്ചാടിക്കുരു’വിനും ‘ഉറുമി’ക്കും ‘ചാപ്പാ കുരിശി’നും, ‘ചാർലി’ക്കുമായി നേരത്തേ മൂന്നുവട്ടം സംസ്ഥാന അവാർഡും കിട്ടിയിട്ടുണ്ട്. 

മണിച്ചിത്രത്താഴ്...  

‘മണിച്ചിത്രത്താഴി’ന്റെ റിക്കോർഡിങ്ങിന് അച്ഛൻ എന്നെയും കൂട്ടി, അന്നു ഞാൻ ഒമ്പതാം ക്ലാസിലാ. ചെന്നൈയിലെത്തിയ പാടേ ദാസ് മാമൻ (യേശുദാസ്)  എന്നെ പ്രഭ  ആന്റിയെ ഏൽപ്പിച്ചു, എന്തു പറഞ്ഞാലും വാങ്ങി കൊടുക്കണമെന്നാണ് നിർദേശം. ചെന്നൈയിലെ പ്ലാസകൾ തോറും കറങ്ങിനടന്ന് ജീൻസും ടീഷർട്ടും ഷൂസുമൊക്കെ ആന്റി വാങ്ങിത്തന്നു. 

‘ഒരുവട്ടം കൂടിയാ...’ പോലെ തോന്നുമെന്നു പറഞ്ഞ് ‘വരുവാനില്ലാരുമീ...’ സംഗീതസംവിധാനം ചെയ്യാൻ അച്ഛന് താ ൽപര്യമില്ലായിരുന്നു. പകരമായി ബിച്ചു തിരുമലയെക്കൊണ്ട് മൂന്നു പാട്ടുകൾ എഴുതി കംപോസ് ചെയ്യുകയും ചെയ്തു. ആ മൂന്നെണ്ണത്തിനൊപ്പം ഇതുകൂടി കംപോസ് ചെയ്യണമെന്ന ഫാസിലങ്കിളിന്റെ നിർബന്ധം കാരണം റിക്കോർഡിങ്ങിന്റെ തലേ ദിവസം അഞ്ചുമിനിറ്റ് കൊണ്ടാണ് ട്യൂൺ ചെയ്തത്. ആ പാട്ടാണ് മറ്റുള്ളവയെക്കാൾ ഹിറ്റായതും.

ഡിയർ കോമ്രേഡ്... 

അച്ഛന്റെ കച്ചേരിക്ക് ഞാൻ പിന്നിലിരിക്കുമായിരുന്നു, കീർത്തനങ്ങൾക്കു പുറമേ ലളിതഗാനങ്ങളും അച്ഛൻ പാടും. അതുകേൾക്കാൻ ജനം തിങ്ങിക്കൂടും. ചിറ്റപ്പന്റെ ഗാനമേള വണ്ടിയിലും ഞാൻ കൂടെപ്പോകും. എന്നെ പാട്ടു പഠിപ്പിച്ച് തുടങ്ങിയത് അപ്പച്ചിയാണ്. എനിക്കു വേണ്ടി കുറേ കുട്ടികളെ കൂട്ടി വീട്ടിൽ ക്ലാസും തുടങ്ങി. കൂടെ പഠിച്ചവരൊക്കെ കീർത്തനം പഠിച്ചപ്പോഴും ഞാൻ ‘സാ... പാ...’ പാടിയിരുന്നേയുള്ളൂ. ‘അപരിചിതൻ’ കഴിഞ്ഞ സമയത്തായിരുന്നു എന്റെ ‘ഡിയർ കോമ്രേഡ്’ മഞ്ജുവുമായുള്ള വിവാഹം. 20 വർഷമായി ചെന്നൈയിലാണ് താമസം. മകൾ ഗൗരി പാർവതി ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. 

Tags:
  • Celebrity Interview
  • Movies