Thursday 11 October 2018 02:44 PM IST

‘അഭിനന്ദനങ്ങൾ സന്തോഷിപ്പിക്കും; പക്ഷേ, ഒരാളെങ്കിലും മോശം പറഞ്ഞാൽ തളർന്നുപോകും...’

Roopa Thayabji

Sub Editor

methil-mukesh21 ഫോട്ടോ: ശ്യാം ബാബു

കാലിൽ ചിലങ്ക കെട്ടിയ കാറ്റുവീശുന്ന വീട്. നൃത്തം ചെയ്യുന്ന പൊട്ടിച്ചിരികൾക്ക് സ്നേഹത്തിന്റെ മഞ്ചാടിപ്പൊട്ടുകളാണ് സമ്മാനം. പിന്നെ അഭിനയം ഒട്ടുമില്ലാത്ത അഭിനന്ദനങ്ങളും. പ്രശസ്ത നർത്തകി ഡോ. മേതിൽ ദേവികയുടെയും മ കൻ ദേവാംഗിന്റെയും കൈപിടിച്ച് നടൻ മുകേഷ് വലതുകാൽ വച്ച മ രടിലെ വീടാണിത്. രണ്ടരവർഷം പിന്നിടുന്നു. സ്വപ്നങ്ങൾ പോലും വരാൻ മടിച്ച ഈ വീട്ടിൽ ഇന്ന് കാറ്റും കിളികളും സന്തോഷവും കൂടു കൂട്ടിയിട്ടുണ്ട്. രാഷ്ട്രീയത്തിലേക്കു ചുവടുവയ്ക്കുന്ന സന്തോഷത്തിനിടെ മുകേഷും ദേവികയും സംസാരിച്ചു.

‘‘എല്ലാവരുടെ ജീവിതത്തിലും കയറ്റവും ഇറക്കവുമുണ്ടാകും. ഗോഡ്ഫാദറൊക്കെ റിലീസായ സമയത്താണ് മകൻ ജനിക്കുന്നത്. മകനുണ്ടായതിന്റെ ഐശ്വര്യമാണെന്ന് എല്ലാവരും പറഞ്ഞു. ഈ രണ്ടര വർഷത്തിനിടെ ഉണ്ടായ ഏറ്റവും ഗുണമുളള കാര്യം സംസാരിക്കാൻ ഒരാളെ കിട്ടി എന്നതാണ്. പുതിയ കഥ കേട്ടാൽ അഭിപ്രായം ചോദിക്കാനും ഓരോ ദിവസത്തെയും തമാശകൾ പങ്കുവയ്ക്കാനും വൈകുമെങ്കിൽ വിളിച്ചൊന്നു പറയാനും കൂടെ നിൽക്കുന്ന ആൾ. വളരെ സന്തോഷം. പിന്നെ, ഏതൊക്കെ കഥകൾ ഏതൊക്കെ സാഹചര്യത്തിൽ പറയാമെന്ന നമ്മുടെ വീണ്ടുവിചാരം പോലിരിക്കും ഭാവിയിലെ സന്തോഷം.’’ സന്തോഷത്തിന്റെ വഴിയിൽ ദേവികയുടെ കൈപിടിച്ച് മുകേഷ് പറഞ്ഞുതുടങ്ങി.

ഇക്കാലത്തിനിടെ ഏറ്റവും കൂടുതൽ കേട്ട ചോദ്യം എന്തായിരുന്നു?

മുകേഷ്: പലരും പലതും ചോദിക്കുന്നുണ്ടാകാം, പക്ഷേ, ഞാനൊന്നും കേൾക്കുന്നില്ല. നേരിട്ടു ചോദിക്കാനുള്ള പേടി കാണും. കലാകാരന്റെ മനസ് വളരെ സോഫ്റ്റാണ്. അഭിനന്ദനങ്ങൾ സന്തോഷിപ്പിക്കും. പക്ഷേ, ഒരാളെങ്കിലും മോശം പറഞ്ഞാൽ തളർന്നുപോകും. ഞാനും അങ്ങനെ തന്നെ. അച്ഛൻ തന്ന ഒരു ഉപദേശമുണ്ട്, ‘‘ദുഷ്ടൻമാർ ദൂരെ ദൂരെ...’’ നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാതിരിക്കുക. അതാണ് ഇപ്പോള്‍ ഞാൻ ശീലിച്ചിരിക്കുന്നത്.

ദേവിക: എനിക്ക് പെട്ടെന്ന് ദേഷ്യം വരുമായിരുന്നു. ഇപ്പോൾ അതു മാറി. മുകേഷേട്ടന്റെ സ്വഭാവത്തിലും അൽപം ശാന്തത വന്നിട്ടുണ്ട്. പരസ്പരം ശല്യമാകുന്ന പല ശീലങ്ങളും ഞങ്ങൾക്ക് രണ്ടുപേർക്കുമുണ്ട്, അതൊക്കെ അറിഞ്ഞുതന്നെ ഒഴിവാക്കുന്നുണ്ട് ഇപ്പോൾ.

നൃത്തവും യാത്രകളുമായി ദേവിക എപ്പോഴും തിരക്കിലാണല്ലോ?

ദേവിക: അടുത്തിടെ കിട്ടിയ ഏറ്റവും വലിയ അവസരമായിരുന്നു വേൾഡ് കൾച്ചറൽ ഫെസ്റ്റിവൽ. 1500 നർത്തകരെ ഒന്നിച്ചു കൊണ്ടുവന്ന് നൃത്തം എന്ന ആവശ്യം വന്നപ്പോൾ നോ എന്നായിരുന്നു എന്റെ മറുപടി. കളരിയിൽ 20 കുട്ടികളിൽ കൂടുതൽ പേരെ ഒന്നിച്ചു ഞാൻ പഠിപ്പിച്ചിട്ടില്ല. പിന്നെ ഞാൻ മാറ്റി ചിന്തിച്ചു. നാലു മുതൽ 60 വയസുവരെ ഉള്ളവർ വരുന്നതല്ലേ? അവർക്ക് എന്റേതായ പാഠങ്ങൾ പകർന്നുനൽകാനാകുമല്ലോ. അങ്ങനെയാണ് സമ്മതിച്ചത്.

പങ്കെടുത്ത 1500 പേരിൽ 1000 പേരും നോർത്തിന്ത്യയിൽ നിന്നായിരുന്നു. പലരും ആദ്യമായാണ് മോഹിനിയാട്ടം എന്നു കേൾക്കുന്നതു പോലും. ആദി ശങ്കരാചാര്യർ, ഇരയിമ്മൻ ത മ്പി, ചങ്ങമ്പുഴ എന്നിവരുടെ ഭക്തികാവ്യങ്ങളിൽ നിന്നെടുത്ത വരികൾ സംഗീത സംവിധാനം ചെയ്തത് ശരത് ആണ്. നൃത്തത്തിന്റെ ആശയം നടൻ വിനീതിന്റെ. കൊറിയോഗ്രഫി ഞാൻ ചെയ്തു. ഡൽഹിയിൽ പോയി ക്ലാസെടുത്തു. എല്ലാവരും ഒരേ സമയം ഒരു സ്റ്റെപ്പ് തന്നെ ചെയ്യുന്ന രീതി മാറ്റി. ആ ഡാൻസ് ഡിസൈനിങ്ങിലായിരുന്നു പരിപാടിയുടെ വിജയം.

എന്റെ ജീവിതത്തിൽ തന്നെ പുണ്യം നിറഞ്ഞ ഒരു നിമിഷവും അവിടെയുണ്ടായി. 60 വയസുള്ള ഒരു ആന്റി നൃത്തം ചെയ്യുന്നത് എനിക്ക് ഇഷ്ടപ്പെട്ടു, ഞാൻ അവരെ തോളിൽ തട്ടി അഭിനന്ദിച്ചു. അന്ന് മടങ്ങാൻ നേരം അവർ വന്നു പറഞ്ഞു, എന്റെ അച്ഛന്റെയും അമ്മയുടെയും പഴയ സുഹൃത്താണ് എന്ന്. ആ നിമിഷം എനിക്കവരെ ഓർമ വന്നു, ഗിരിജാന്റി. എന്റെ കുട്ടിക്കാലത്ത് ദുബായിലെ കൂട്ടായ്മകളിൽ അയ്യപ്പൻ പൂജ നടക്കും. രണ്ടോ രണ്ടരയോ വയസ്സാണ് എനിക്കന്ന്. എല്ലാവരും നിലത്തിരിക്കുമ്പോൾ തത്തിനടന്നു ക്ഷീണിച്ച് ഇഷ്ടപ്പെട്ട ആളിന്റെ മടിയിൽ ചെന്നിരിക്കുന്നതാണ് എന്റെ പതിവ്. അന്ന് ഗിരിജാന്റിയുടെ മടിയിൽ ഞാൻ ചെന്നിരുന്നിട്ടുണ്ട്. ‘തത്തക ഗിരിജം താ’ എന്നാണ് അവരെ ഞാൻ വിളിച്ചത്. 37 വർഷത്തിനുശേഷം ഞാൻ തിരിച്ചറിഞ്ഞപ്പോൾ അവർ പൊട്ടിക്കരഞ്ഞു.

ഖജുരാഹോയിൽ കഴിഞ്ഞ രണ്ടുവർഷമായി ഇന്റർനാഷനൽ ഡാൻസ് ഫെസ്റ്റിവലിലേക്ക് ക്ഷണിക്കുന്നുണ്ട്. പക്ഷേ, ഇത്തവണയാണ് നിയോഗമുണ്ടായത്. അമ്പലങ്ങളുടെ പട്ടണമാണത്. ആ ഊർജം പറഞ്ഞറിയിക്കാനാകില്ല. മനസ്സു നിറഞ്ഞ് ഒരു വിളക്ക് കൊളുത്തി തൊഴാൻ തോന്നും. ദൈവത്തെ വരിച്ച ദാസിയുടെ മനസ്സോടെയേ അവിടെ നൃത്തം ചെയ്യാനാകൂ. അർധനാരീശ്വരനെ സ്തുതിക്കുന്ന ഒരു കൃതിയാണ് ആദ്യം ഞാൻ ആടിയത്. ‘ശിവശക്ത്യാ യുക്തോ യദി ഭവതു ശക്തഃപ്രഭവിതും...’ ശിവനും ശക്തിയും ചേർന്നാലേ പൂർണത കൈവരൂ എന്നാണ് അർഥം. അതുതന്നെയാണ് ഖജുരാഹോ പറയുന്നതും. സ്ത്രീപുരുഷ സംഗമത്തിന്റെ ശിൽപനഗരം. സ്ത്രൈണതയും പൗരുഷവും വ്യക്തിത്വത്തിന്റെ ഭാഗമാണ്, പ്രകൃതിയുടെ അർഥവും. ആ ശ്ലോകത്തിനൊത്ത് നൃത്തം ചെയ്യാൻ എ ന്നെ തോന്നിപ്പിച്ചത് ഈശ്വരൻ തന്നെയാകും.  നൃത്തം ചെയ്തിറങ്ങുമ്പോൾ ഫെസ്റ്റിവൽ ഡയറക്ടർ രാഹുൽ രസ്തോഗി പറഞ്ഞു, ‘എല്ലാ ഡാൻസേഴ്സും ഖജുരാഹോയുടെ പിറകേ പോകും. ഇതാദ്യമായാണ് ഖജുരാഹോ ഒരു നർത്തകിക്ക് പിന്നാലെ പോകുന്നത്.’

mukhesh-methil4

ഏത് പെർഫോമൻസ് കണ്ടിട്ടാണ് മുകേഷ് കോംപ്ലിമെന്റ് തന്നത്?

ദേവിക: ഇതുവരെ മുകേഷേട്ടൻ എന്നെ അഭിനന്ദിച്ചിട്ടില്ല. നൃത്തത്തിലെന്നു മാത്രമല്ല, വീട് വൃത്തിയാക്കിയാലോ നല്ല ഭക്ഷണം വച്ചുകൊടുത്താലോ ഒന്നും ചേട്ടൻ ശ്രദ്ധിക്കുക പോലുമില്ല. ശ്രദ്ധിച്ചാലും കോംപ്ലിമെന്റ് തരാൻ വലിയ മടിയാണ്. ത ലയിൽ കയറ്റിവച്ച് ചീത്തയാക്കേണ്ട എന്നു കരുതിയാകും. എ ല്ലാ കലകളെയും പ്രോത്സാഹിപ്പിക്കുന്ന ആളാണ് മുകേഷേട്ടൻ. അടുത്തിടെ ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ഭഗവദ്ഗീത ഞങ്ങളൊന്നിച്ചു കണ്ടു. എന്റെ പിഎച്ച്ഡി വൈവ നടക്കു മ്പോഴും മുകേഷേട്ടൻ വന്നു. ട്രിച്ചി വരെ വന്നില്ലായിരുന്നെങ്കി ൽ ഇത്ര സുന്ദരമായ ഒരു കലയെ അടുത്തറിയാൻ സാധിക്കില്ലായിരുന്നു എന്നാണ് പറഞ്ഞത്. അന്ന് മുകേഷേട്ടൻ എനിക്കൊരു മെസേജ് അയച്ചു, ‘ഇനി മേലിൽ നിന്നെ ഞാൻ വഴക്ക് പറയില്ല.’ രണ്ടുദിവസം കഴിഞ്ഞ് വാക്കുമാറ്റിയെന്നു മാത്രം.

മുകേഷ്: ട്രിച്ചിയിൽ വച്ച് ഒരു തമാശ നടന്നു. വൈവ അറ്റൻഡ് ചെയ്യാൻ വന്നവരിൽ ഭൂരിഭാഗവും തമിഴ് കുട്ടികളാണ്. ഞാൻ ഹാളിലേക്ക് കടന്നുചെല്ലുമ്പോൾ കുട്ടികൾ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നു. മുൻനിരയിലെ സീറ്റിലെത്തുന്നതു വരെ കരഘോഷം തുടർന്നു. ഞാൻ ഞെട്ടി, മലയാളിയായ ഈ പാവം നടന് ഇത്ര കയ്യടിയോ? പിന്നീടാണ് ദേവിക കാര്യം പറഞ്ഞത്. സി.വി ചന്ദ്രശേഖർ എന്ന പ്രശസ്ത ഭരതനാട്യം മാസ്റ്ററാണ് വൈവ കണ്ടക്ട് ചെയ്യാൻ വന്നത്. അദ്ദേഹം വരുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് കിട്ടിയ നിർദ്ദേശങ്ങളിൽ ഒന്നാണ് എഴുന്നേറ്റു നിന്നുള്ള കയ്യടി. അദ്ദേഹത്തിനു കിട്ടേണ്ട കയ്യടിയാണ് എനിക്കു കിട്ടിയത്. പിന്നാലെയെത്തിയ ആ പാവം  കലാകാര ൻ ആരാലും ശ്രദ്ധിക്കപ്പെടാതെ സ്റ്റേജിലെത്തി എന്നതാണ് ആന്റി ക്ലൈമാക്സ്.

നൃത്തവും സിനിമയുമായി ഒന്നിച്ചു കുറേ യാത്രകളുണ്ടാകുമല്ലോ?

ദേവിക: ഇതുവരെ ഒന്നിച്ചു യാത്ര പോയിട്ടില്ല എന്നതാണ് സ ത്യം. തീരെ ഇല്ലെന്നു പറയുന്നില്ല, പക്ഷേ, അതൊക്കെ ഓരോരോ ആവശ്യങ്ങൾക്കായി മാത്രം. ഇവിടെയൊക്കെ കൂടെ വന്ന മോൻ ദേവാംഗിനോട് ചോദിച്ചാലറിയാം അതൊക്കെ എന്തു ബോറൻ യാത്രകളായിരുന്നു എന്ന്. സിനിമയ്ക്കു പോലും പോകാറില്ല. വിവാഹത്തിനു മുമ്പ് ഞാൻ കണ്ടിട്ടുള്ള മുകേഷേ ട്ടന്റെ സിനിമകൾ വളരെ കുറവായിരുന്നു. ഈയിടെ കണ്ടത് ‘അടി കപ്യാരേ കൂട്ടമണി’യാണ്.

മുകേഷ്: സിനിമയ്ക്കു പോലും പോകാൻ പറ്റാത്തതിൽ വിഷ മമുണ്ട്. മുമ്പ് പ്രിവ്യൂ ഷോ കാണാൻ പോകുമായിരുന്നു. മിക്കവാറും സെക്കൻഡ് ഷോയുടെ സമയത്താകും ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തുന്നത്. സിനിമയ്ക്കു പോകാമെന്നു വച്ചാലും സെൽഫിയെടുപ്പുകാരുടെ മേളം. പിന്നെ രണ്ടാൾക്കും തിരക്കുണ്ട്. രണ്ടാളും ഫ്രീയാകുമ്പോൾ മോന്റെ പരീക്ഷാക്കാലമാകും. അവന്‍ നാലാം ക്ലാസിലാണ്. പിന്നെ നമുക്ക് വെക്കേഷനുമില്ലല്ലോ.

ബഡായിക്കഥകൾ വീട്ടിലുമുണ്ടോ?

ദേവിക: വീട്ടിൽ എന്നെ കഥകളൊക്കെ പറഞ്ഞ് പറ്റിക്കാറുണ്ട്. അതൊക്കെ പറ്റിക്കലാണെന്നു മനസ്സിലായി തന്നെ ഞാൻ കേട്ടിരിക്കും. പിന്നെ, ടിവിയിൽ ബഡായി ബംഗ്ലാവ് വന്നാല്‍ കഴിഞ്ഞു. അവസാനത്തെ പഞ്ച് ഡയലോഗ് വരുമ്പോൾ ആരെങ്കിലും സംസാരിച്ചാലോ നമ്മൾ മറ്റെവിടേക്കെങ്കിലും പോയാലോ ആള് ചൂടാകും. സ്വന്തം പരിചയത്തിന്റെ പുറത്താണ് ആ പഞ്ച് വരുന്നത്. ഒരിക്കൽ ഗീതാഗോവിന്ദത്തിന്റെ  രചയിതാവ് ജയദേവന്റെയും ഭാര്യ പത്മാവതിയുടേയും കഥ ഞാൻ മുകേഷേട്ടനോട് പറഞ്ഞു. പത്മാവതി നർത്തകിയാണ്, ജയദേവൻ ഗായ കനും. കഥ മുകേഷേട്ടൻ ശ്രദ്ധിച്ചു എന്നുപോലും എനിക്കു തോന്നിയില്ല. പക്ഷേ, അതൊക്കെ കഴിഞ്ഞ് ഒരു ദിവസം ടിവി കാണുമ്പോൾ അതാ ഗായകൻ വിധു പ്രതാപും ദീപ്തിയും ഗസ്റ്റ്. അന്നത്തെ പഞ്ച് ഡയലോഗ് വിധുവിനെയും ദീപ്തിയേയും ജയദേവനോടും പത്മാവതിയോടും ഉപമിച്ചായിരുന്നു.

മുകേഷ്: അടുത്തിടെ നാദിയ മൊയ്തു ഗസ്റ്റായി വന്നു. ‘ശ്യാമ’യിൽ ഞങ്ങൾ നായികാനായകൻമാരാണ്. ആ കഥക ൾ വല്ലതും ഓർമയുണ്ടോ എന്നു ഞാൻ നാദിയയോട് ചോദിച്ചു. ഇല്ല എന്നാണ് മറുപടി. അന്ന് ബോംബെയിൽ നിന്നാണ് നാദിയ അഭിനയിക്കാൻ വരുന്നത്. മലയാളത്തിന് താൻ ആശയും ആവേശവുമാണെന്നൊന്നും അവർക്കറിയില്ല. സെറ്റിലുള്ളവർ നാദിയയോട് ഒരു വാക്കെങ്കിലും മിണ്ടാൻ തക്കം പാർത്തു നടക്കുന്നു. പക്ഷേ, ഞാൻ വിടുമോ? നാദിയയെ തമാശ പറഞ്ഞു ചിരിപ്പിക്കുകയാണ് എന്റെ പ്രധാന പണി. ബാക്കിയുള്ളവർ ഇതുകണ്ട് കലിയോടെ പല്ലിറുമ്മും.

മൂന്നാലു ദിവസം കഴിഞ്ഞ് നാദിയ ഒരു ഡയലോഗടിച്ചു, ‘‘മുകേഷിനെപ്പോലെ തമാശ പറയുന്ന ആരെയും കണ്ടിട്ടില്ല. അതുകൊണ്ട് ഇനി ഞാൻ ജോക്കർ എന്നേ വിളിക്കൂ.’’ സെറ്റിൽ വലിയ കരഘോഷം. ഞാനാകെ ഐസായി. നാദിയ എ ന്നെ ‘ജോക്കർ’ എന്നു വിളിക്കുമ്പോൾ ചുറ്റുമുള്ളവർ ചിരിയടക്കും. രക്ഷയില്ലാതെ അവസാനം ഞാനൊരു നമ്പരിട്ടു. ‘‘കാര്യം നേരു തന്നെ, തമാശയൊക്കെ പറയും. പക്ഷേ, നാദിയയ്ക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഒരു കാര്യം നടത്തുമെന്നു തീരുമാനിച്ചാൽ ഞാൻ നടത്തിയിരിക്കും. സംശയമുണ്ടെങ്കിൽ ലിസിയെയോ മേനകയെയോ വിളിച്ചു ചോദിക്കാം.’’ നാദിയ പുരികം ചുളിച്ചു. ‘‘അതെന്തിനാ ഇവിടെ പറയുന്നത്?’’ ‘‘ഇനി എന്നെ ജോക്കർ എന്നു വിളിച്ചാൽ ഞാൻ നാദിയയെ കെട്ടിപ്പിടിച്ച് കിസ് ചെയ്യും.’’ അവർ ഞെട്ടി. പിന്നെ വിളി ഉണ്ടായില്ല.

പിറ്റേ ദിവസം ഇതൊരു ആയുധമാക്കി ഞാൻ രംഗത്തിറങ്ങി. ‘‘നാദിയാ, ജോക്കർ എന്നൊന്നു വിളിക്കുമോ?’’ ചോദ്യം കേൾക്കുമ്പോൾ നാദിയ ഞെട്ടും. ഷൂട്ടിങ് തീർന്ന ദിവസം നാദിയ പോകാൻ കാറിൽ കയറി. കൽപക ഹോട്ടലിൽ നിന്ന് കാർ ഗേറ്റ് കടക്കുമ്പോൾ നാദിയ തല വെളിയിലിട്ട് ഒരു വിളി, ‘‘ജോക്കറേ...’’ കാറിനു പിന്നാലെ ചുണ്ട് നീട്ടിപ്പിടിച്ച് സ്ലോമോഷനിൽ ഞാനോടി. കാർ സ്പീഡിൽ വിടാൻ പറഞ്ഞ് നാദിയ പൊട്ടിച്ചിരിച്ചു. ഈ കഥ ഓർമിപ്പിച്ചപ്പോൾ നാദിയ ചിരിച്ചുകൊണ്ട് സമ്മതിച്ചു, അതെ, ശരിയാണ്. ഞാനത്ര  ഭീകരനൊന്നും അല്ലെങ്കിലും ആളുകൾക്ക് അങ്ങനെയൊരു വിചാരമുണ്ടെന്നു തോന്നുന്നു. ബഡായി ബംഗ്ലാവിലേക്ക് ഗസ്റ്റായി വിളിച്ചിട്ട് വരാതിരിക്കുന്ന താരങ്ങൾ പോലുമുണ്ട്. അവിടെ വന്നിട്ട്, വെറുതേ വേല വയ്ക്കാനല്ലേ എന്നാ ചോദിക്കുന്നത്.

കാളിദാസ കലാകേന്ദ്രയുടെ ‘നാഗ’യിൽ ഇരുവരും ഒന്നിച്ച് വേദിയിലെത്തിയല്ലോ?

മുകേഷ്: അതൊരു സ്വപ്നം സഫലമാക്കിയതാണ്. ദേവികയ്ക്ക് അൽപം ധൈര്യക്കുറവുണ്ടായിരുന്നു. ആദ്യസ്റ്റേജ് കാലടിയിലാണ്. തട്ടിൽ കയറും  മുമ്പ് ദേവിക പറഞ്ഞു, മനസ് ബ്ലാങ്കാണ്. അതായിരുന്നു എനിക്ക് വേണ്ടതും. നാഗ ആറ് വേദികളിൽ കളിച്ചു. പുത്തൂർ നാഷനൽ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ ആറാമത്തെ വേദിയായിരുന്നു. ഒരുപാട് അഭിനന്ദനം കിട്ടി. ഗിരീഷ് കർണാടിന്റെ കഥ, സുവീരന്റെ സംവിധാനം എന്നുവേണ്ട എല്ലാംകൊണ്ടും നല്ല നിലവാരമാണ് ‘നാഗ’ പുലർത്തിയത്. നാഗ ഇനിയും വേദികളിലെത്തിക്കണം. അതിനിടയിൽ പുതിയ ഒരെണ്ണം കൂടി ആലോചനയിലുണ്ട്.

mukesh-methi3

ദേവിക എപ്പോഴാണ് മലയാള സിനിമയിൽ അഭിനയിക്കുന്നത്?

മുകേഷ്: ഒരാൾ സിനിമയുടെ കഥയുമായി വന്നാൽ എല്ലാം വിശദമായി കേട്ടുകഴിഞ്ഞ് ‘നോ’ പറയുന്നതാണ് ദേവികയുടെ ഏറ്റവും വലിയ സന്തോഷം. എന്റെ തന്നെ ജോടിയായി കുറേ സിനിമകളിൽ ഓഫർ വന്നു. ഇപ്പോൾ വരുന്നവരോട് ഞാൻ മുൻകൂറായി പറയും, ഇതാണ് സംഭവം. പിന്നെ ഒരു സിനിമയിൽ അഭിനയിച്ചു. അത് റിലീസായിട്ടില്ല.

ദേവിക: ‘ഹ്യൂമൻസ് ഓഫ് സംവൺ’ എന്ന ഇംഗ്ലിഷ് സിനിമ ചെയ്തു. വളരെ രസകരമായി കഥ പറയുന്ന രീതിയാണ് അതിന്റേത്. കേട്ടപ്പോൾ രസം തോന്നി, പിന്നെ ഇംഗ്ലിഷല്ലേ? ഒരു ദിവസം മാത്രം മൂന്നാറിൽ വച്ച് ഷൂട്ട്. മോനെയും കൊണ്ട് മൂന്നാറിൽ പോകുന്നതിന്റെ ത്രില്ലുമുണ്ടായിരുന്നു. ‘നാഗ’യ്ക്കു ശേഷം മലയാളത്തിലും അൽപം ധൈര്യം വന്നിട്ടുണ്ട്. കുറേ ഓഫർ വരുന്നു. മിക്കതിന്റെയും കഥ കേൾക്കുമ്പോൾ തന്നെ തോന്നും വേണ്ടെന്ന്. വരട്ടെ, സമയമുണ്ടല്ലോ.

രാത്രി വൈകി ദേവിക വിളിച്ചാലും അന്തസ്സ് വേണമെടോ അന്തസ്സ് എന്നു പറയുമോ?

മുകേഷ്: ഈ അടുത്ത സമയത്താണ് ദേവിക അതിനെപ്പറ്റി അറിയുന്നത്. സിനിമയിൽ പോലും ക്യാച്ച് വേഡായി അത്. ആ ഓഡിയോ കേട്ടിട്ട് ഇന്നസെന്റ് പറഞ്ഞത് അമ്മയുടെ പേരിൽ എനിക്കൊരു അവാർഡ് തരുമെന്നാണ്. ‘വർഷങ്ങളായി ഞങ്ങൾ കലാകാരൻമാർ പറയാൻ ആഗ്രഹിക്കുന്ന മറുപടിയാണത്. നീ പറഞ്ഞ് എല്ലാവരും അറിഞ്ഞത് ഭാഗ്യം.’ സംവിധായകൻ രഞ്ജിത്ത് പറഞ്ഞത് ‘ആ മറുപടി ഒരു കവിതയായിരുന്നു’ എന്നാണ്. കാണാതെ പഠിച്ചു പറഞ്ഞാൽ പോലും ഇത്ര ഭം ഗിയാവില്ല. എല്ലാവരും സപ്പോർട്ട് ചെയ്യുമ്പോൾ സന്തോഷം.

തിരഞ്ഞെടുപ്പു ചൂടിലാണോ?

മുകേഷ്: ജനിച്ചതും വളർന്നതും ഒരു രാഷ്ട്രീയ കുടുംബത്തിലാണ്. രക്തത്തിൽ തന്നെയുണ്ട് പൊളിറ്റിക്സ്. അല്ലാതെ സിനിമാനടനായത് കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതല്ല. കലാരംഗത്ത് അല്ലായിരുന്നെങ്കിൽ പണ്ടേ രാഷ്ട്രീയക്കാരൻ ആയേനെ. നമ്മുടെ നാട്ടിൽ നിന്ന് മത്സരിച്ചാൽ അതിന് ഒരു യുക്തിയുണ്ട്. അഴിമതി നടത്താനോ വെട്ടിപ്പിനോ അല്ല മത്സരിക്കുന്നത്. ജയിച്ചാൽ എന്തൊക്കെ ചെയ്യണം എന്നുപോലും കൃത്യമായ പ്ലാനുണ്ട്. എല്ലാം വരുന്നിടത്തു വച്ച് കാണാം.

ദേവിക: ഇലക്‌ഷൻ സമയത്ത് ഞാനൊരു പരിപാടിക്ക് ഡൽഹിയിൽ പോകേണ്ടതാണ്. പക്ഷേ, കൂടെ നിൽക്കണമെന്ന് മുകേഷേട്ടൻ പറഞ്ഞു. രാഷ്ട്രീയമൊന്നും വലിയ പിടിയില്ലെങ്കിലും വോട്ടു ചെയ്യാറുണ്ട്. മത്സരിക്കുമെങ്കിൽ എന്തായാലും മുകേഷേട്ടനു വേണ്ടി പ്രചരണത്തിനിറങ്ങും. എനിക്കും ആളുകളുമായി ഇടപെടാനുള്ള സമയമായെന്നു തോന്നുന്നു.

‘നൃത്തമാണ് എന്റെ ആരാധന: ദേവിക

ഓർമ വന്ന കാലം മുതൽ ഡാൻസ് ചെയ്യുന്നുണ്ട്. നൃത്തമില്ലാത്ത ഒന്നുമില്ല. കുട്ടിയായിരുന്നപ്പോൾ മുതൽ അച്ഛൻ കേൾപ്പിച്ചു തന്നിരുന്ന സംഗീതം അത്ര സ്പിരിച്വൽ ആയിരുന്നു. എന്റെ മുത്തച്ഛൻ കാഞ്ഞങ്ങാട് കെ.സി നമ്പ്യാർ കോടോത്ത് തറവാട്ടുകാരനാണ്. ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന മുത്തച്ഛൻ സംസ്കൃത പ്രഭാഷണങ്ങൾ നടത്തുമായിരുന്നു. വീടു മുഴുവൻ ‘ഹരേ രാമ ഹരേ കൃഷ്ണ’ എന്നെഴുതിയിട്ടുണ്ട്. ഗുരു സമ്പ്രദായത്തിൽ നൃത്തം പഠിക്കാനുള്ള ഭാഗ്യമുണ്ടായതാണ് എന്റെ പുണ്യം. കലൈമാമണി എസ്. നടരാജനാണ് ആദ്യഗുരു. തഞ്ചാവൂരിലെ ഭാഗവതമേള നാടകത്തിന്റെ ആചാര്യനാണ് അദ്ദേഹം. നൃത്തത്തിലൂടെ കിട്ടുന്ന ദൈവാനുഗ്രഹം മറ്റെവിടെ നിന്നും കിട്ടില്ല. പാട്ടും നൃത്തവും അഭിനയവും ആത്മീയതയും ഇതിലുണ്ട്... നർത്തകിക്ക് മാത്രം അനുഭവിക്കാവുന്ന ഭാഗ്യം.  

ഒരിക്കൽ പുറത്തൊരിടത്ത് കണ്ണകി പ്രതിഷ്ഠയുള്ള അമ്പലത്തിൽ ചിലപ്പതികാരം അവതരിപ്പിച്ചു. മോഷ്ടാവെന്നു കരുതി ഭർത്താവിനെ ശിക്ഷിച്ചതിൽ കോപിച്ച് മധുരാപുരിയെയും രാജാവിനെയും ചുട്ടെരിച്ച കണ്ണകി. ആ ഭാഗമെത്തുമ്പോൾ കത്തിയമരുന്ന മധുരാപുരിയിലെ അഗ്നി നമ്മളെയും വിഴുങ്ങും. ഉഷ്ണം കൊണ്ടുരുകും. വിയർപ്പ് അടങ്ങി കോപം ശമിക്കുന്നതുവരെ ദുഃഖത്തിലും വിരഹത്തിലുമുരുകി ദേവി ഒന്നിരിക്കും. അന്നേരം ക്ഷേത്രത്തിനുള്ളിലെ കണ്ണകീവിഗ്രഹത്തിൽ ഉടുപ്പിച്ച പുടവ കൊണ്ടുവന്ന് അവരെന്നെ പുതപ്പിച്ചു. ഉള്ളിന്റെയുള്ളു പോലും കുളിർന്നുപോയി. വരമായി കിട്ടിയ ആ നിമിഷം കണ്ണകിയെ പോലെ ഞാനും സ്വർഗത്തിലെത്തി. നൃത്തം വെറും പ്രകടനം മാത്രമല്ല, അനുഷ്ഠാനമാണ് എനിക്ക്. ഈശ്വരാനുഗ്രഹമാണ് ഇങ്ങനെയുള്ള നിമിഷങ്ങളായി പകരം കിട്ടുന്നതും.

മൂന്നു മാസം മുമ്പ് ഒരു ദിവസം. അച്ഛൻ ആകെ വയ്യാതിരിക്കുന്നു. മരണം ഉടനേ ഉണ്ടാകുമെന്ന് ഡോക്ടർമാർ സൂചന തന്നിട്ടുണ്ട്. തുറവൂർ അമ്പലത്തിൽ ഒരു നൃത്തപരിപാടി. അച്ഛനെ ഓർത്ത് വിഷമത്തിലാണെങ്കിലും നേരത്തേ ഏറ്റിരുന്നതിനാൽ പോകാതെ തരമില്ല. നൃത്തം ചെയ്തു. നരസിംഹ സ്തോത്രം ചൊല്ലിയാണ് അന്നു നിർത്തിയത്, ‘ഭദ്രം മൃത്യു മൃത്യും നമാമഹം...’ അച്ഛന് സുഖമരണം കൊടുക്കണമെന്നു ആ നിമിഷം ഞാൻ കൺനിറഞ്ഞ് പ്രാർഥിച്ചു. ഈശ്വരാനുഗ്രഹം പോലെ ഒരു തുടിപ്പ് ഹൃദയത്തിൽ വന്നുതൊട്ടു. അതുകഴിഞ്ഞ് ഏഴുദിവസത്തിനുള്ളിൽ അച്ഛൻ പോയി. പുലരും മുമ്പ് ഒന്നുണർന്ന് രാമനാമം ജപിച്ച് സ്വച്ഛന്ദ മരണം.

mukesh-methil2