Thursday 24 December 2020 01:17 PM IST

‘ജഗതിച്ചേട്ടൻ അതു കണ്ടത് കൊണ്ട് മാത്രം ലാലേട്ടൻ ഇപ്പോഴും നമുക്കിടയിലുണ്ട്’: ദൈവത്തെ കണ്ട നിമിഷം: നന്ദു പറയുന്നു

V R Jyothish

Chief Sub Editor

nandu-ivw ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

തേൻമാവിൻ കൊമ്പത്ത്’ എന്ന സിനിമയുടെ ഷൂട്ടിങ് പൊള്ളാച്ചിയിൽ നടക്കുന്നു. പ്രിയദർശനും മോഹ ൻലാലും ഉൾപ്പെട്ട സിനിമയിലെ പ്രധാനപ്പെട്ടവരൊക്കെ താമസിക്കുന്ന ഹോട്ടലിൽ ഒരാൾ ബാഗും പിടിച്ചു നിൽക്കുന്നു. ജൂനിയർ ആർട്ടിസ്റ്റാണ്. ദൂരെ ചെറിയ ഹോട്ടലിലാണ് ജൂനിയർ ആർട്ടിസ്റ്റുകൾക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്.

സംവിധായകൻ പ്രിയദർശൻ ഹോട്ടലിലേക്ക് വരുമ്പോൾ ഈ ജൂനിയർ ആർട്ടിസ്റ്റ് തനിക്ക് ഒരുക്കിയ താമസസ്ഥലത്തേക്ക് പോകാനൊരുങ്ങുന്നു. ഇതറിഞ്ഞ പ്രിയൻ പറയുന്നു,

‘‘നീ വേറെയെങ്ങും പോകണ്ട എന്റെ മുറിയിൽ താമസിക്കാം’’ ചിത്രീകരണം തീരുന്നതു വരെ പ്രിയദർശൻ ഒരാളെ തന്റെ മുറിയിൽ താമസിപ്പിക്കണമെങ്കിൽ അത് നന്ദു അല്ലാതെ മറ്റാരുമാകാൻ വഴിയില്ല.

ഏകദേശം നാലു പതിറ്റാണ്ടായി സിനിമയുടെ ഓരങ്ങളിലുണ്ട് ഈ നടൻ. മിന്നിമറയുന്ന ചെറിയ ചെറിയ കഥാപാത്രങ്ങളായി. അതിലുപരി ലൊക്കേഷനിലെ ഉത്സാഹക്കമ്മിറ്റിക്കാരനായി. ‘‘നാലുദിവസത്തെ ഷൂട്ടിങ്ങായിരിക്കും എനിക്ക്. എന്നാലും 40 ദിവസവും ഞാൻ ലൊക്കേഷനിൽ കാണും ’’നന്ദുവിന്റെ ജീവിതം അദ്ഭുതപ്പെടുത്തുന്ന ഒരു സിനിമയാണ്.

പറന്നു പോയ അമ്മക്കിളി

ഞാൻ ജനിച്ച് കൃത്യം അറുപതാം ദിവസം എന്റെ അമ്മ സുകുമാരി മരിച്ചു. പ്രസവത്തെ തുടർന്നുള്ള സങ്കീർണതകളായിരുന്നു കാരണം. മരിക്കും മുന്‍പ് അമ്മ എന്നെ സ്വന്തം അനുജത്തിയുടെ കൈകളിലേ ൽപ്പിച്ചു. അവരാണ് എന്നെ വളർത്തിയത്.

വിജയലക്ഷ്മി എന്നാണ് കുഞ്ഞമ്മയുടെ പേര്. എനി ക്ക് പത്ത് വയസ്സുള്ളപ്പോഴാണ് കുഞ്ഞമ്മയ്ക്ക് ഒരു മകൾ പിറക്കുന്നത്. എന്റെ ഒരേയൊരു പെങ്ങൾ ലക്ഷ്മി. അവളിപ്പോ ൾ ഖത്തർ എയർവേസിൽ ജോലി ചെയ്യുന്നു.

സ്വാതി തിരുനാൾ സംഗീത കോളജിൽ അധ്യാപികയായിരുന്നു അമ്മ. തിക്കുറിശ്ശിയുടെ ‘സ്ത്രീ’എന്ന സിനിമയിൽ അ മ്മ നാലു പാട്ടുകൾ പാടിയിട്ടുണ്ട്. ആ പാട്ടുകൾ ഞാൻ ഒരുപാട് അന്വേഷിച്ചു, കിട്ടിയില്ല. അതൊന്നു കിട്ടിയിരുന്നെങ്കിൽ എ നിക്ക് അമ്മയുടെ സ്വരമെങ്കിലും കേൾക്കാമായിരുന്നു. എന്റെ അച്ഛൻ കൃഷ്ണമൂർത്തി തമിഴ് ബ്രാഹ്മണനാ യിരുന്നു. തമിഴിൽ നായകനായും ഉപനായകനായും അഭിനയിച്ചിട്ടുണ്ട്. ‘ത്യാഗി’ എന്ന സിനിമയിൽ അച്ഛൻ നായകനായിരുന്നു. വി. എൻ ജാനകിയമ്മയായിരുന്നു നായിക.

ഞാൻ ഒരിക്കൽ ജാനകിയമ്മയെ കാണാൻ പോയി എംജിആറിന്റെ വീട്ടിൽ. കൃഷ്ണമൂർത്തിയുടെ മകൻ എന്ന പരിഗണനയിൽ വലിയ സ്വീകരണമാണ് തന്നത്. അച്ഛനോടൊപ്പമുള്ള ഒരു സിനിമാ സ്റ്റില്ലും ഞാൻ അവർക്ക് സമ്മാനിച്ചു.

കോഴിക്കോട് വച്ചായിരുന്നു അച്ഛന്റെ മരണം. ഞാൻ ചെന്നപ്പോൾ ആശുപത്രി അധികൃതർ 120 രൂപ എന്നെ ഏൽപ്പിച്ചു അച്ഛന്റെ പഴ്സിൽ ഉണ്ടായിരുന്ന പണം. എന്റെ ഓർമയിൽ അച്ഛൻ എനിക്കായി കരുതിയിരുന്ന സമ്പാദ്യം.

ഈശ്വരൻ കൺമുൻപിൽ

ഞാൻ ദൈവത്തെ കണ്ടിട്ടുണ്ട് ഒന്നല്ല രണ്ടു തവണ. കിലുക്കത്തിലെ ‘ഊട്ടിപട്ടണം’ എന്ന പാട്ട് ചിത്രീകരിക്കുന്നു. ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിന് മുകളിൽ ആണ്. പ്രിയൻ ചേട്ടനും ക്യാമറ സംഘത്തിനും ഒപ്പം ഞാനുമുണ്ട്. ട്രെയിൻ സാമാന്യം നല്ല വേഗത്തിലാണ്. ഒരു വളവ് തിരിഞ്ഞ് ട്രെയിൻ വരുന്നതും ഞങ്ങൾ ഒരു അലർച്ച കേൾക്കുന്നു ‘‘ലാലേ കുനിഞ്ഞോ’’ ജഗതിച്ചേട്ടനാണ് വിളിക്കുന്നത്. അടുത്ത നിമിഷം ഞങ്ങൾ കാണുന്നത് ലാലേട്ടനും ജഗതിച്ചേട്ടനും ട്രെയിനിന് മുകളിൽ കമിഴ്ന്നു കിടക്കുന്നതാണ്. പാളത്തിനു കുറുകെ ഒരു കമ്പി വലിച്ച് കെട്ടിയിരുന്നു. ഈ കാര്യം ആരും ശ്രദ്ധിച്ചില്ല. ജഗതിച്ചേട്ടൻ അതു കാണുകയും വിളിച്ചു പറയുകയും ചെയ്തു കൊണ്ട് മാത്രം ലാലേട്ടൻ ഇപ്പോഴും നമുക്കിടയിലുണ്ട്.

മറ്റൊരു സംഭവം അമേരിക്കയിൽ വച്ചാണ്. ‘‘അനിയൻ കുഞ്ഞും തന്നാലായത്’’ എന്ന സിനിമയുടെ സെറ്റ്. ഒരു നഴ്സറി സ്കൂളിലാണ് ഷൂട്ടിങ്. മൂന്നും നാലും വയസ്സുള്ള കുറെ കുട്ടികളുണ്ട്. ചിത്രീകരണത്തിനിടയിൽ നിർഭാഗ്യത്തിന് ക്യാമറ ഉ റപ്പിക്കുന്ന ട്രൈപോഡ് വേണ്ടവിധം സെറ്റ് ചെയ്തില്ല. ഒരു നിമിഷത്തെ അശ്രദ്ധ. നല്ല ഭാരമുള്ള ക്യാമറയാണ്. ക്യാമറാമാൻ മാറിയതും ക്യാമറ നിലത്തു വീണതും ഒരുമിച്ചായിരുന്നു. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ ക്യാമറ മാറിയിരുന്നെങ്കിൽ... ആ ക്യാമറയുടെ കിടപ്പും അതിനു താഴെ ഒന്നും അറിയാതെ കുഞ്ഞുങ്ങളുടെ ഇരിപ്പും കണ്ടപ്പോൾ എനിക്ക് തോന്നി, ദൈവം ഇവിടെ എവിടെയൊക്കെയോ ഉണ്ട്.

വിശദമായ വായന ഡിസംബർ ആദ്യ ലക്കത്തിൽ