Tuesday 07 January 2025 12:52 PM IST

‘സൂക്ഷ്മദർശിനി വച്ചുനോക്കി ഫഹദിനെ അടുക്കിപ്പെറുക്കി വയ്ക്കാറുണ്ടോ?’: നസ്രിയയുടെ ക്യൂട്ട് മറുപടി

Vijeesh Gopinath

Senior Sub Editor

nazriya-fahadh

നസ്രിയ എന്ന ഉറുദു വാക്കിന്റെ അർഥം ‘നോക്കിയാൽ കണ്ണെടുക്കാൻ പറ്റില്ല’ എന്നാണ്. പേരു പോലെ തന്നെയാണ് നസ്രിയയും. മലയാളസിനിമയിൽ അഭിനയിച്ചിട്ട് നാലുവർഷമാകുന്നു. എന്നിട്ടും പ്രേക്ഷകർക്കു തോന്നുന്നു നസ്രിയ ഇവിടെയൊക്കെ തന്നെയുണ്ട്. നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ലെന്നു മാത്രമല്ല, അവർക്ക് അത്രമേൽ പ്രിയപ്പെട്ട ആളും കൂടിയാണ്.

രണ്ടു വർഷത്തിൽ ഒരു സിനിമ അതാണ് നസ്രിയയുടെ ഇപ്പോഴത്തെ പതിവ്. നാനിക്കൊപ്പമുള്ള തെലുങ്കു സിനിമയിലാണ് അവസാനം അഭിനയിച്ചത്. ഇപ്പോൾ എംസി ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’യിലൂടെ ബേസിലിന്റെ നായികയായി വീണ്ടും എത്തുന്നു. ബോൾഗാട്ടി പാലസിൽ വനിതയുടെ കവർ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ട്. കാണികൾ എത്തി നോക്കുന്നുണ്ട്. കാറ്റും കായലും നസ്രിയയും കൗമാര വൈബിൽ ഇളകി മറിയുന്നു. ഷൂട്ട് കണ്ടു നിന്ന ഒരു ചേച്ചി ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇടിച്ചു കയറി വന്നു ചോദിച്ചു,

‘‘അത് നസ്രിയ അല്ലേ? ഫഹദിന്റെ നസ്രിയ.’’

അതെയെന്ന് കേട്ടപ്പോൾ അടുത്ത ചോദ്യം. ‘‘ആ കൊച്ചിനോടു ചോദിക്കണം മുടി വെട്ടിക്കളഞ്ഞത് എന്തിനാണെന്ന്. പിന്നൊരു കാര്യം കൂടി പറഞ്ഞേക്കണം. രംഗണ്ണനെ മാത്രമല്ല ആ കൊച്ചിനേം സിനിമയിൽ ഞങ്ങൾക്ക് ഇടയ്ക്കു കാണണം.’’ ചേച്ചി കലിപ്പിച്ച് ഒറ്റപ്പോക്ക്. പേരറിയാത്ത ആ ചേച്ചിയുടെ ചോദ്യത്തിൽ നിന്നു തന്നെ തുടങ്ങാം.

ഇടയ്ക്കൊക്കെ സിനിമയിൽ അഭിനയിച്ചൂടെ?

സിനിമകൾക്കിടയിൽ വലിയ ഇടവേളകൾ വരുന്നുണ്ടെങ്കിലും എല്ലാ ദിവസവും സിനിമയിൽ തന്നെ ഉണ്ടെന്ന തോന്നലാണ് എനിക്ക്. പ്രേക്ഷകർക്കും അങ്ങനെ തന്നെ. അതൊരു വലിയ ഭാഗ്യമാണ്.

വിവാഹം കഴിഞ്ഞു മാറി നിന്നിട്ടും കരിയറിൽ ഇടവേളകളുണ്ടായിട്ടും ഒക്കെ എല്ലാവരുടെയും മനസ്സിൽ നിൽക്കാനാകുന്നത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. ഞാൻ തുടർച്ചയായി സിനിമകൾ ചെയ്ത് എന്റെ സ്ഥാനം പ്രൂവ് ചെയ്യുന്നില്ലല്ലോ. എന്നിട്ടും പലരുടെ മനസ്സിലും ബാംഗ്ലൂർ ഡെയ്സിലെ ദിവ്യയും ഒാംശാന്തി ഒാശാനയിലെ പൂജയും ഒക്കെയായി നിൽക്കാനാകുന്നു. അതുകൊണ്ടാകും തിരികെ വരുമ്പോൾ അതേ സ്നേഹം അവർ തരുന്നത്.

രണ്ടു വർഷത്തിൽ ഒരു സിനിമ, സൂക്ഷ്മദർശിനിയിലെ പ്രിയദർശിനി മനസ്സിൽ തൊട്ടത് എങ്ങനെ?

രണ്ടു വർഷത്തിൽ ഒരു സിനിമ എന്നൊന്നും പ്ലാൻ ചെയ്യുന്നതല്ല. കഥകൾ കേട്ട് ഇഷ്ടപ്പെട്ടു വരുമ്പോൾ വൈകുന്നു എന്നേയുള്ളൂ. വീട്ടിലിരിക്കേണ്ട സമയം മാറ്റി വച്ച്, ഫഹദിന്റെ അടുത്തു നിന്ന് ദിവസങ്ങൾ മാറി നിന്ന് ചെയ്യേണ്ട കഥയാണെന്നു തോന്നിയാലേ ‘യെസ്’ പറയൂ. സിനിമയ്ക്കപ്പുറം യാത്രകൾ പോകാനും കൂട്ടുകാർക്കൊപ്പം ഇരിക്കാനുമൊക്കെ ഇഷ്ടമാണ്. കേൾക്കുന്ന കഥ ഈ ഇഷ്ടങ്ങൾക്കൊക്കെ മുകളിൽ നിന്നാലെ ആ സ്പാർക്ക് ഉണ്ടാവൂ.

ആ മിന്നൽ തോന്നിയ സിനിമയാണ് സൂക്ഷ്മദർശിനി. പേരിൽ തന്നെയുള്ള കൗതുകമാണ് ആദ്യം ആകർഷിച്ചത്. സമീർക്കയാണ് (സംവിധായകനും നിർമാതാവുമായസമീർ താഹിർ‌) സിനിമയിലേക്കു വിളിച്ചത്. അദ്ദേഹമാണ് നിർമാതാവ്. സംവിധായകൻ എംസിയും (എം സി ജിതിൻ) തിരക്കഥാകൃത്തുക്കളായ അതുൽ രാമചന്ദ്രനും ലിബിനും നരേറ്റ് ചെയ്തു തന്നു.

ഇതുവരെ ഞാൻ ചെയ്യാത്ത കഥയാണിത്. പുതിയ കാലത്ത് പെൺകുട്ടികൾ വിവാഹം കഴിച്ചു ജീവിക്കുമ്പോഴുള്ള സംഭവങ്ങളാണ് സിനിമ. ന്യൂ ജെൻ വീട്ടമ്മമാരെന്നു പ റയാം. വളരെ അംബീഷ്യസ് ആയി ജോലിയും ജീവിതവും കൊണ്ടുപോവുന്നവർ. അവരിൽ ഒരാളാണു ഞാൻ.

പുതിയൊരു അയൽക്കാരൻ വരുന്നു. അതാണു ബേസി ൽ. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് കഥ. സൂപ്പർ വുമ ൺ ഒന്നുമല്ലെങ്കിലും ജീവിതത്തിൽ വിജയിക്കുന്ന പുതിയ കാലത്തെ പെൺകുട്ടിയുടെ കഥയാണിത്. അതുകൊണ്ടു തന്നെയാണ് ഞാൻ ഈ സിനിമ തിരഞ്ഞെടുത്തതും.

ജീവിതത്തില്‍ പ്രിയദർശിനിയെ പോലെ സൂപ്പർ വുമൺ ആണോ?

പ്രിയദർശിനി സൂപ്പർ വുമൺ ഒന്നുമല്ല. സാധാരണക്കാരിയാണ്. പക്ഷേ, ജീവിതത്തിൽ തന്റേടത്തോടെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിൽ വിജയിക്കുന്നുണ്ട്. ജീവിതത്തിൽ ഞാനും സൂപ്പർ വുമൺ അല്ല. സെൽഫ് മെയ്ഡ് വുമൺ ആണോ എന്നു ചോദിച്ചാൽ നൂറുശതമാനവും അതെ എ ന്നു പറയാം. എന്റെ കരിയർ എവിടെ നിന്നാണു തുടങ്ങിയതെന്നും അതിന്റെ യാത്രകളും നോക്കിയാൽ അങ്ങനെ പറയാനാകും.

പതിമൂന്നു വയസ്സു മുതൽ ജോലി ചെയ്യുന്നതല്ലേ. സിനിമയിൽ ഒരു പരിചയവും ഇല്ലാതെ വന്നയാളാണ്. ഏതു പെൺ‌കുട്ടിയും സെൽഫ് മെയ്ഡാകണം. വിവാഹം കഴിഞ്ഞാലും ആ ചിന്താഗതിയിൽ മാറ്റം വരരുത്.

നിർമാതാവു കൂടിയാണ് നസ്രിയ. ആവേശത്തിന്റെ ക ഥ കേട്ടപ്പോൾ എന്താണ് ആദ്യം മനസ്സിൽ പതിഞ്ഞത്?

രംഗണ്ണനായി ഫഹദിനെ ആ സിനിമയിൽ കാണാം എന്നതായിരുന്നു ആവേശം നിർമിക്കാനുള്ള ആദ്യ സ്പാർക്ക്. ഒരു സാധാരണ പ്രേക്ഷക എന്ന രീതിയിലാണ് ഞാൻ ചിന്തിച്ചത്. ഫുൾടൈം ജോളിയടിച്ച് പ്രാന്തനായി നടക്കുന്ന ആളെ സ്ക്രീനിൽ കാണാനൊരു മോഹം.

‘കുമ്പളങ്ങി നൈറ്റ്സി’ന്റെ കഥ കേട്ടപ്പോൾ ഷമ്മിയെ പോലെ ഒരാളെ നമ്മൾ കണ്ടിട്ടില്ല. സൗബിൻ ഇക്കയുടെ കഥാപാത്രവും അങ്ങനൊരു കുടുംബവും കണ്ടിട്ടില്ല. അ താണ് ആകർഷിച്ചത്. അതിനു മുൻപ് ‘സീ യൂ സൂൺ’. ലോ കം മുഴുവനും നിലച്ചു പോയ ദിവസങ്ങളിൽ ക്രിയേറ്റിവിറ്റി നിന്നു പോകരുതല്ലോ. അതുകൊണ്ടാണ് അത്രയും റിസ്ക് എടുത്ത് ‘സി യൂ സൂൺ’ നിർമിച്ചത്. ഇത്തരം തോന്നലുകൾക്കു പൊതുസ്വഭാവം ഒന്നുമില്ല. ആകാംക്ഷയാണ് പ്രൊഡ്യൂസര്‍ എന്ന രീതിയിൽ യെസ് പറയിക്കുന്നത്.

ജീവിതത്തിൽ രംഗണ്ണനെ പോലെ ബഹളമൊന്നും ഉ ണ്ടാക്കാതെ പതുക്കെ പോകാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഷാനു. പക്ഷേ, എന്റെ സ്വഭാവത്തിൽ കുറച്ച് രംഗണ്ണനുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കംഫർട്ടബിൾ ആയ കുറെ ചങ്ങാതിമാർക്കൊപ്പം ജോലി ചെയ്യാനാണ് ഇഷ്ടം.

സുഷിൻ ശ്യാമിന്റെ വിവാഹത്തിന്റെ ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോ വൈറൽ ആയിരുന്നല്ലോ...

എത്രയോ വർഷമായി ഇവരൊക്കെയാണു സുഹൃത്തുക്കൾ. അമൽ നീരദ്, അൻവർ റഷീദ്, ദുൽഖർ... അങ്ങനെ ഒരു‌കൂട്ടം ആൾക്കാർ. ഒരു കുടുംബം എന്നു തന്നെ പറയാം. വല്ലപ്പോഴും മാത്രം സിനിമയെക്കുറിച്ചു സംസാരിക്കുന്ന മ റ്റൊരു ലോകമാണത്.

സിനിമ ഒരു ഒഴുക്കാണ്. പല സൗഹൃദങ്ങളും ആ ‍യാത്രയിൽ ഇല്ലാതാകുമെന്നു കേട്ടിട്ടുണ്ട്. പക്ഷേ, ഒപ്പമുള്ളവര്‍‌ എന്നും അതുപോലെ നിൽക്കുന്നു എന്നത് എന്റെയും ഷാനുവിന്റെയും വലിയ ഭാഗ്യം തന്നെയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും കുടുംബാംഗങ്ങളെ പോലെ പെരുമാറാനാകുന്നു.

ഈ സൗഹൃദങ്ങളെല്ലാം എത്ര വർഷം കഴിഞ്ഞാലും അതുപോലെ നിലനിൽക്കണം എന്നാണ് പ്രാർഥിക്കാറുള്ളത്. കാലം കഴിയും തോറും ആരുടെയും കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാകരുത്. ഈ കൂട്ടത്തിൽ ഏറ്റവും ഇളയതു ഞാനായതുകൊണ്ടാകും അവരൊക്കെ എനിക്ക് ഒരു പ്രത്യേക പരിഗണനയും കെയറിങ്ങും നൽകുന്നുണ്ട്. അതു ‍ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.

nazriya-14

പക്ഷേ, മേഘ്ന രാജുമായുള്ള സൗഹൃദം അങ്ങനെയായി രുന്നില്ല അല്ലേ?

അത് സൗഹൃദം എന്നു പറയാനാവില്ല. എന്റെ ചോരതന്നെയെന്നാണു വിശ്വാസം. അമ്മയെന്നോ ചേച്ചിയെന്നോ പറയാം. ദിയ എന്നാണു വിളിക്കാറുള്ളത്. ഞാൻ ചെറിയ റോളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണു പരിചയപ്പെടുന്നത്. ദിയ അന്നു വലിയ നടിയാണ്. താരമാണ്. ഒന്നുമല്ലാതിരുന്ന കാലത്ത് എനിക്കു കിട്ടിയ ആ സ്നേഹവും പ്രയോറിറ്റിയും തന്ന പോസിറ്റീവ് എനർജി വലുതായിരുന്നു. ദിയക്ക് മകൻ ജനിക്കും മുൻപ് ഉണ്ടായ മകളാണു ഞാൻ എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ എന്തെങ്കിലും ചെറിയ കുരുത്തക്കേടൊക്കെ പോയി പറയാൻ പേടി ഇന്നുമുണ്ട്.

സൂക്ഷ്മദർശിനി വച്ചു നോക്കി ഫഹദിനെ അടുക്കിപ്പെറുക്കി വയ്ക്കാറുണ്ടോ?

ഒരിക്കലുമില്ല. കല്യാണം കഴിക്കുമ്പോൾ തന്നെ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചിരുന്നു. രണ്ടുപേരുടെയും സ്വഭാവത്തിൽ ഒരുമാറ്റവും വരുത്തരുത്. ഒരാളുടെ സ്വഭാവത്തെ മാറ്റിക്കളയാൻ‌ ഉള്ളതാണോ വിവാഹം? സുഹൃത്തുക്കളായിരിക്കുമ്പോൾ ഞങ്ങൾ എന്തായിരുന്നോ അത് ഇന്നും തുടരുന്നു. ഫഹദ് എന്നു പറയുന്നത് എന്റെ പ്രോപ്പർട്ടി ഒന്നുമല്ല. എനിക്ക് എഴുതി തന്ന സ്ഥലം ഒന്നുമല്ലല്ലോ. ഞാനും അതുപോലെ തന്നെ. രണ്ടു വ്യക്തികളായി നിൽക്കുന്നതു കൊണ്ടാണ് അന്നത്തെ അതേ വൈബ് തുടരാനാകുന്നത്.

ഫഹദിനെ സൂക്ഷ്മദർശിനിവച്ചു നോക്കാറില്ലെങ്കിലും എനിക്ക് വൃത്തിയെക്കുറിച്ചു കുറച്ചു വൃത്തികെട്ട സ്വഭാവമുണ്ട്. ഒരു വസ്തു വച്ച സ്ഥലത്തു നിന്നെടുത്താൽ അത് അവിടെ തന്നെ വയ്ക്കണം. ബഹളമുണ്ടാക്കുന്നത് ഈ കാര്യത്തിൽ മാത്രമാണ്.

രണ്ടുപേരെയും ഒന്നിച്ചു കാണുന്നത് പരസ്യങ്ങളിലാണ്. എന്നാണ് ഫഹദിനൊപ്പം ഒരു സിനിമ?

ആലോചന ഇല്ലെന്നു പറയുന്നില്ല. രണ്ടു പേർക്കും ഒന്നിച്ചു വരാനുള്ള കഥ ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം. ട്രാൻസിനു മുൻപ് സിനിമ ആലോചിച്ചെങ്കിലും നടന്നില്ല. ഞാനും ഷാനുവും ഒന്നിച്ചു വരുമ്പോൾ അതു ഗംഭീരമാവണം. ഭാര്യയും ഭർത്താവും കഥാപാത്രങ്ങളായ ഒരുപാടു കഥകൾ വരുന്നുണ്ട്. പക്ഷേ എന്തെങ്കിലും അദ്ഭുതപ്പെടുത്തുന്ന ഒരു ഘടകം വേണ്ടേ? ഒരുമിച്ച് ഒരു സിനിമ എന്നത് ചാലഞ്ചിങ് ആണ്. രണ്ടുപേരും വീട്ടിൽ നിന്നു വന്ന് അഭിനയിച്ചതു പോലെ തോന്നാൻ പാടില്ല. രണ്ടു കഥാപാത്രങ്ങള്‍ക്കും ഒറ്റയ്ക്ക് നിൽക്കാൻ പറ്റണം. ഈ കടമ്പകളൊക്കെ കടന്നാലേ ഒരുമിച്ചുള്ള സിനിമ സംഭവിക്കുകയുള്ളൂ.

nazriya-2

സിംഗപ്പൂരിലെ ലൊക്കേഷനിൽ നിന്ന് ഒരൊറ്റ രാത്രിയിൽ വീട്ടിൽ വന്നു തിരിച്ചു പോയ ആളാണ് ഫഹദ്. മുറിയിൽ നിന്ന് ഇറങ്ങാനേ ഇഷ്ടമില്ലാത്ത ആളാണ് നസ്രിയ. വീടിനോട് ഇത്രയും ഇഷ്ടം തോന്നിപ്പിക്കുന്നതെന്താണ്?

വീട് എന്നു പറഞ്ഞാൽ താമസിക്കുന്ന സ്ഥലം മാത്രമല്ലല്ലോ. ഞങ്ങളുടെ സ്പേസ് എന്നു കൂടിയാണ്. ആ സ്പേസിനോടാണ് ഞാനും ഷാനുവും അഡിക്ട് ആയിട്ടുള്ളത്. അതുകൊണ്ടു ഷൂട്ടിന് വീട്ടിൽ നിന്നിറങ്ങുക എന്നു പറയുന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാൽക്കണിയും അവിടെ നിന്നു നോക്കുമ്പോഴുള്ള ആകാശവുമൊക്കെ പത്തു വർഷമായി പ്രിയപ്പെട്ടതാണ്. യാത്രകൾ പോയാലും കുറച്ചു ദിവസം കഴിഞ്ഞാൽ നമ്മുടെ ബാൽക്കണി,നമ്മുടെ വീട് എന്നൊക്കെ പറഞ്ഞ് കൊതിച്ചിരിക്കാറുണ്ട്.

ഇതുപോലെയുള്ള ചില കിറുക്കുകൾ വേറെയുമുണ്ട്. യാത്രകൾ പോകുമ്പോൾ ഏതു സ്ഥലത്ത് എപ്പോള്‍ പോ യി ഇറങ്ങണം എന്നു മാത്രമേ തീരുമാനിക്കുകയുള്ളൂ. ചെന്നിറങ്ങി കഴിഞ്ഞാൽ‌ പിന്നെ, എങ്ങോട്ടു പോകണമെന്നതിന് ഒരു പ്ലാനും ഉണ്ടാവില്ല. രാവിലെ പോവാൻ തോന്നിയില്ലെങ്കിൽ റൂമിൽ തന്നെ കിടക്കും.

ഷൂട്ടിങ് എന്നും പ്ലാനിങ്ങിന് അനുസരിച്ചല്ലേ മുന്നോട്ടു പോവുന്നത്. അപ്പോൾ യാത്രയും കൂടി പ്ലാൻ ചെയ്താൽ അതു ബോറാകും. ചിലപ്പോൾ ഞങ്ങൾ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല. രണ്ടു മൂന്നു ദിവസം ഞങ്ങൾ മാത്രമായി വീട്ടിൽ തന്നെയിരിക്കും. ഫോണും ഒാഫ് ചെയ്തു വയ്ക്കും. ഇതൊക്കെ ജീവിതത്തിലെ ഹാപ്പിനസ് ആണ്.



സംവിധാനം നസ്രിയ, നായകൻ ഫഹദ്

ബേസിൽ

സൂക്ഷ്മദർശിനിയില്‍ നായകൻ ബേസിലാണ്. ഞങ്ങ ൾ‌ രണ്ടു പേരുടെയും എനർജി ലെവൽ ഒരുപോലെയാണ്. അത് സിനിമയിൽ വർക്ക് ഒൗട്ട് ആയിട്ടുണ്ട്.

ഫഹദിനെ ഞെട്ടിച്ച മൊമന്റ്

എനിക്ക് ഷാനുവിനെയും ഷാനുവിന് എന്നെയും എളുപ്പത്തിൽ പ്രെഡിക്ട് ചെയ്യാനാകും. അതുകൊണ്ടു ത ന്നെ വലിയ സർപ്രൈസ് പ്ലാനിങ് ഒക്കെ ചീറ്റി പോകും.

സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ

അതു വായിക്കാറില്ല. വാർത്തയാവുമ്പോഴാണ് അറിയുന്നത്. കല്യാണം കഴിഞ്ഞപ്പോൾ പ്രായവ്യത്യാസത്തിൽ നെഗറ്റീവ് കമന്റുമായി വന്നു. അതു കഴിഞ്ഞ് ഞാൻ തടിവച്ചപ്പോൾ മോശം കമന്റുകളിട്ടവരുണ്ട്. അവസാനം സുഷിന്റെ കല്യാണത്തിൽ തൃപ്പൂണിത്തുറ അമ്പലത്തിൽ പോയപ്പോഴുണ്ടായി. ആ ക്ഷേത്രത്തെകുറിച്ച് അറിയാവുന്ന ആരും വിവാദമുണ്ടാക്കിയവർക്കൊപ്പം നിൽക്കില്ല. ആർക്കാണ് പ്രശ്നം എന്നു മനസ്സിലാവുന്നില്ല. അതേസമയം ഞാനും ഷാനുവും എവിടെ ചെന്നാലും ആളുകൾ സ്നേഹത്തോടെയാണ് പെരുമാറുന്നത്.

ലൈഫിലെ ഇല്ലുമിനാറ്റികൾ

ഒറിയോ എന്ന നായ്ക്കുട്ടിയെ എല്ലാവർക്കും അറിയാം. വനിതയുടെ കഴിഞ്ഞ കവർഷൂട്ടിൽ ഒറിയോയും ഉണ്ടായിരുന്നു. അതുപോലെ മൂന്ന് പേർ കൂടി ഇപ്പോഴുണ്ട്. പിന്നെ നഗരത്തിനു പുറത്ത് കുറച്ചു സ്ഥലം വാങ്ങി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.

രംഗണ്ണനെ പോലെ

നെഗറ്റീവ് ഷെയ്ഡ്സ് ചെയ്യാൻ ഇഷ്ടമാണ്. ‘ഡാ മോനേ’ എന്നു വിളിച്ചു ചാടുന്ന പോലെയൊക്കെയുള്ള എനർജറ്റിക്കായ കഥാപാത്രങ്ങൾ മോഹം തന്നെയാണ്. ആവേശം 2 ഫീമെയിൽ രീതിയിൽ ആക്കിയാലോ?

സംവിധാനം നസ്രിയ നായകൻ ഫഹദ്

വൈ നോട്ട്? എന്നെങ്കിലും നടക്കുമായിരിക്കും.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: വിഷ്ണു തണ്ടാശേരി

ലൊക്കേഷൻ: ബോൾഗാട്ടി പാലസ് ആന്റ്

െഎലന്റ് റിസോർട്ട്, കൊച്ചി