Saturday 07 September 2019 04:29 PM IST

കല്യാണത്തിന് കരുതി വച്ചിരിക്കുന്ന സ്വർണം അവളിടുമോ എന്ന കൺഫ്യൂഷനിലാണ് ഞാൻ; മകളുടെ വിവാഹ സ്വപ്നങ്ങളിൽ നീന

Roopa Thayabji

Sub Editor

neenaz

അരക്കയ്യൻ ടോപ്പും മുട്ടുവരെയുള്ള പാവാടയുമിട്ട് ശാഠ്യക്കാരിയായി നീനാ കുറുപ്പ് സിനിമയിലേക്ക് കയറിവന്നത് വർഷങ്ങൾക്കു മുൻപാണ്. കുസൃതിക്കാരിയാണെങ്കിലും ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ ലെ അശ്വതിയെ മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതേ ചുറുചുറുക്കു തന്നെയാണ് നീനാ കുറുപ്പിന് ഇപ്പോഴും. സിനിമയിലെത്തിയിട്ട് 32 വർഷമായെന്നോ, ഇരുപതുവയസ്സുള്ള പവിത്രയുടെ അമ്മയാണെന്നോ കണ്ടാൽ തോന്നുകയേയില്ല.

‘വനിത’ വിവാഹ സ്പെഷലിന്റെ കവർ ഫോട്ടോഷൂട്ടിന് വിവാഹവേഷത്തിലെത്തിയ പവിത്രയെ കണ്ട് നീനയുടെ കൺകോണിൽ ഒരു മുത്തുമണിച്ചിരി വിടർന്നു. ഒരുങ്ങിനിന്ന പവിത്രയെ ചേർത്തുപിടിച്ച് നീന പറഞ്ഞതിങ്ങനെ, ‘‘ക്രിസ്ത്യൻ കല്യാണം കാണുമ്പോൾ പ്രാർഥിക്കും, പവിത്ര ഒരു ക്രിസ്ത്യാനിയെ കല്യാണം കഴിച്ചെങ്കിലെന്ന്. നോർത്ത് ഇന്ത്യൻ കല്യാണം കാണുമ്പോൾ തോന്നും വരൻ നോർത്ത് ഇന്ത്യൻ മതിയെന്ന്. ഹിന്ദു കല്യാണം കൂടുമ്പോൾ ഓർക്കും ഇതല്ലേ കൂടുതൽ നല്ലതെന്ന്. വിവാഹത്തലേന്നും വിവാഹത്തിനും റിസപ്ഷനുമായി ഈ ഡ്രസ്സുകളെല്ലാം പരീക്ഷിക്കാം എന്നു തീരുമാനിച്ചാണ് ആ കൺഫ്യൂഷൻ തീർത്തത്...’’

വനിതയോട് സംസാരിക്കുമ്പോഴും നീനയുടെ വാക്കുകളിൽ നിറഞ്ഞു നിന്നത് കുടുംബവും, സ്വപ്നങ്ങളും സിനിമയും ഒക്കെയായിരുന്നു. വനിത ഓഗസ്റ്റ് ലക്കത്തിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള നീനയുടേയും മകളുടേയും അഭിമുഖത്തിൻറെ പ്രസക്തഭാഗം ചുവടെ...

മോൾക്കായി സ്വർണമൊക്കെ കരുതിയിട്ടുണ്ടോ ?

എന്റെ ചേച്ചിയുടെ മോൻ കുട്ടിക്കാലത്ത് ഭയങ്കര വികൃതിയായിരുന്നു. അതുകൊണ്ടാകും ജനിക്കുന്നത് ആൺകുട്ടി ആകല്ലേ എന്നു ഞാൻ പ്രാർഥിച്ചത്. മോളെ കുഞ്ഞുന്നാൾ തൊട്ടേ ഒരുക്കി കൊണ്ടുനടക്കാൻ എനിക്ക് ഇഷ്ടമാണ്. പക്ഷേ, അതൊന്നും അവൾക്ക് ഇഷ്ടമല്ല. ചെറിയ പെൺകുട്ടികൾ ചെയ്യുന്ന പോലെ ഷോൾ കൊണ്ട് സാരി ചുറ്റുക, നീട്ടിയിട്ട് പൂവ് ചൂടി നടക്കുക, കണ്ണാടിയുടെ മുന്നിൽ നിന്ന് മേക്കപ് ചെയ്യുക തുടങ്ങിവയൊന്നും അവൾക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ കരുതി വച്ചിരിക്കുന്ന ആഭരണങ്ങളെല്ലാം അവൾ ഇടുമോ എന്നും അറിയില്ല.

അമ്മയുടെ കയ്യിലുള്ള സ്വർണം ഞങ്ങൾ നാലു പെ ൺമക്കൾക്കും കൂടി വീതിച്ചപ്പോൾ എനിക്കു കിട്ടിയതൊക്കെ പവിത്രയ്ക്കു വേണ്ടി വച്ചിട്ടുണ്ട്. പാലയ്ക്കാ മാല, മണിമാല, ലക്ഷ്മി മാല, കടകം, വലിയ ലോക്കറ്റുകൾ തുടങ്ങിയവയൊക്കെ ആ കൂട്ടത്തിലുണ്ട്. ഇടയ്ക്ക് കുറച്ചുകാലം എനിക്ക് ഡയമണ്ട്സിനോട് ക്രേസ് ഉണ്ടായിരുന്നു. അന്നു പവിത്രയ്ക്കു വേണ്ടി ഡയമണ്ട് ആഭരണങ്ങളും വാങ്ങി വച്ചിട്ടുണ്ട്.

neena 1

നാലു പെൺമക്കളിലെ ഇളയയാളാണ് നീന ?

അമ്മ രാധാ പത്മത്തിന്റെയും അച്ഛൻ വിക്ടർ വി. ദാമോദറിന്റെയും അഞ്ചുമക്കളിൽ നാലാമതാണ് ഞാൻ, പെൺമക്കളിലെ ഏറ്റവും ഇളയവൾ, എനിക്കിളയതാണ് അജയ്. ചേച്ചിമാരുടെ പേര് ഗീത, ആശ, ഉജ്വല. അച്ഛന്റെ പേരു കേൾക്കുമ്പോൾ പലർക്കും സംശയമാണ് ക്രിസ്ത്യാനിയാണോ എന്ന്. അച്ഛന്റെ അച്ഛൻ ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ കെനിയയിലുള്ള ആശുപത്രിയിൽ ഡോക്ടറായിരുന്നു. അച്ഛൻ ജനിച്ചതും പഠിച്ചതുമൊക്കെ അവിടെയാണ്. സ്കൂളിൽ ചേർക്കുന്ന സമയത്ത് ‘വിജയ്’ എന്ന അച്ഛന്റെ പേര് അവിടത്തുകാർക്ക് വിളിക്കാൻ എളുപ്പത്തിനു വേണ്ടി വിക്ടർ എന്നാക്കിയതാണ്. ഞ ങ്ങളൊക്കെ ജനിച്ചതും വളർന്നതും കോഴിക്കോടാണ്.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

Tags:
  • Celebrity Interview