Saturday 31 August 2019 03:21 PM IST

23 വയസു വരെ പ്രണയിക്കരുതെന്ന് ഞാനവളോട് പറഞ്ഞിട്ടുണ്ട്; സഹോദരിമാരെ പോലെ ഒരമ്മയും മകളും

Roopa Thayabji

Sub Editor

neenaa
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അരക്കയ്യൻ ടോപ്പും മുട്ടുവരെയുള്ള പാവാടയുമിട്ട് ശാഠ്യക്കാരിയായി നീനാ കുറുപ്പ് സിനിമയിലേക്ക് കയറിവന്നത് വർഷങ്ങൾക്കു മുൻപാണ്. കുസൃതിക്കാരിയാണെങ്കിലും ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ ലെ അശ്വതിയെ മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതേ ചുറുചുറുക്കു തന്നെയാണ് നീനാ കുറുപ്പിന് ഇപ്പോഴും. സിനിമയിലെത്തിയിട്ട് 32 വർഷമായെന്നോ, ഇരുപതുവയസ്സുള്ള പവിത്രയുടെ അമ്മയാണെന്നോ കണ്ടാൽ തോന്നുകയേയില്ല.

‘വനിത’ വിവാഹ സ്പെഷലിന്റെ കവർ ഫോട്ടോഷൂട്ടിന് വിവാഹവേഷത്തിലെത്തിയ പവിത്രയെ കണ്ട് നീനയുടെ കൺകോണിൽ ഒരു മുത്തുമണിച്ചിരി വിടർന്നു. ഒരുങ്ങിനിന്ന പവിത്രയെ ചേർത്തുപിടിച്ച് നീന പറഞ്ഞതിങ്ങനെ, ‘‘ക്രിസ്ത്യൻ കല്യാണം കാണുമ്പോൾ പ്രാർഥിക്കും, പവിത്ര ഒരു ക്രിസ്ത്യാനിയെ കല്യാണം കഴിച്ചെങ്കിലെന്ന്. നോർത്ത് ഇന്ത്യൻ കല്യാണം കാണുമ്പോൾ തോന്നും വരൻ നോർത്ത് ഇന്ത്യൻ മതിയെന്ന്. ഹിന്ദു കല്യാണം കൂടുമ്പോൾ ഓർക്കും ഇതല്ലേ കൂടുതൽ നല്ലതെന്ന്. വിവാഹത്തലേന്നും വിവാഹത്തിനും റിസപ്ഷനുമായി ഈ ഡ്രസ്സുകളെല്ലാം പരീക്ഷിക്കാം എന്നു തീരുമാനിച്ചാണ് ആ കൺഫ്യൂഷൻ തീർത്തത്...’’

വനിതയോട് സംസാരിക്കുമ്പോഴും നീനയുടെ വാക്കുകളിൽ നിറഞ്ഞു നിന്നത് കുടുംബവും, സ്വപ്നങ്ങളും സിനിമയും ഒക്കെയായിരുന്നു. വനിത ഓഗസ്റ്റ് ലക്കത്തിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള നീനയുടേയും മകളുടേയും അഭിമുഖത്തിൻറെ പ്രസക്തഭാഗം ചുവടെ...

മോളുടെ കല്യാണത്തെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങിയല്ലേ ?

23 വയസ്സുവരെ പ്രണയത്തിൽ പെടരുതെന്ന് ക ർശനമായി പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഇനിയുള്ള കാലം കൂടെയുണ്ടാകേണ്ടയാളെ അത്ര നിസാരമായി തീരുമാനിക്കാൻ പറ്റില്ലല്ലോ. ജാതിയും മതവുമൊന്നും നോക്കാതെ, നല്ലൊരാളെ മോൾ കല്യാണം കഴിക്കണമെന്നേ ആഗ്രഹമുള്ളൂ. വിവാഹം വേണ്ട എന്നാണ് തീരുമാനമെങ്കിൽ അതിനെയും സപ്പോർട്ട് ചെയ്യും.

പവിത്ര: വിവാഹ സങ്കൽപങ്ങൾ മാത്രമല്ല, ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളും അമ്മയെ ഏൽപിച്ചിരിക്കുകയാണ്. നന്നായി ആലോചിച്ച്, ഏറ്റവും നല്ലയാളിനെയേ അമ്മ എനിക്കായി തിരഞ്ഞെടുക്കൂ എന്നുറപ്പാണ്.

കോളജ് കാലത്തെ കല്യാണ സ്വപ്നം ?

ഭാവിഭർത്താവിനെ കുറിച്ച് വ്യക്തമായ സങ്കൽപം പോലും അന്ന് ഇല്ലായിരുന്നു. ആഘോഷമായി കല്യാണം നടത്തുന്നതിനെ കുറിച്ചും ചിന്തിച്ചിട്ടേയില്ല. പ്രണയാഭ്യർഥനകളുമായി പയ്യന്മാർ പിന്നാലെ നടക്കുമ്പോൾ ഒന്നിലും പിടികൊടുക്കാതെ നടക്കുന്നതായിരുന്നു അന്നത്തെ പ്രധാന സന്തോഷം.

ആശ ചേച്ചിയുടെ വിവാഹമാണ് വീട്ടിൽ ആദ്യം നടന്നത്. അന്നു ഞാൻ പത്താംക്ലാസിലാണ്. മൂല്ലപ്പൂമാല ചൂടി നടന്നതു മാത്രമാണ് ആകെയുള്ള ഓർമ. ഗീത ചേച്ചിയുടെ കല്യാണത്തിന് ഗുരുവായൂരമ്പലത്തിലേക്ക് കൂട്ടുകാരിയായ ബ്രെറ്റലിനെ ‘ഗായത്രി’ എന്നു ഞങ്ങൾ തന്നെ പേരുമാറ്റിയാണ് കൊണ്ടുപോയത്. ആയിടെ പ്രോവിഡൻസ് കോളജിൽ കൂടെ പഠിച്ച ഒരു മുസ്‌ലിം കുട്ടിയുടെ വിവാഹം നടന്നു. കല്യാണം കഴിഞ്ഞ് ക്ലാസിൽ വന്ന ദിവസം ഞങ്ങളെല്ലാം അവളുടെ ചുറ്റുംകൂടി. ആദ്യരാത്രിയെ കുറിച്ച് അറിയുകയായിരുന്നു ഉദ്ദേശം. പക്ഷേ, നാണിച്ചു ചുവന്നുപോയ അവൾ ഒന്നും പറഞ്ഞേയില്ല.

1998ലായിരുന്നു സുനിലുമായുള്ള (കണ്ണൻ) എന്റെ വിവാഹം. കൊടുങ്ങല്ലൂർ അമ്പലത്തിലായിരുന്നു താലികെട്ട്, പിന്നീട് കൊച്ചിയിൽ റിസപ്ഷനും നടത്തി. സീഫുഡ് എക്സ്പോർട്ടിങ് ബിസിനസാണ് കണ്ണന്.

രണ്ടാളും ചേച്ചിയെയും അനിയത്തിയെയും പോലെ ?

എല്ലാ കുട്ടികളും ആദ്യം പറയുന്നത് ‘അമ്മ’ എന്നല്ലേ, പവിത്ര വിളിച്ചത് ‘കാക്ക’ എന്നാണ്. എന്നെ ‘നീന’ എന്നാണ് കുഞ്ഞുന്നാളിലേ വിളിക്കുക. വീട്ടിലെല്ലാവരും മെലിഞ്ഞാണ്. ഗർഭകാലത്ത് നാലു കിലോയേ എനിക്ക് കൂടിയുള്ളൂ. ജീൻസടക്കമുള്ള ഡ്രസ്സുകൾക്കും ചെരിപ്പിനുമെല്ലാം എനിക്കും പവിത്രയ്ക്കും ഒരേ സൈസാണ്, ശരിക്കും സിസ്റ്റേഴ്സിനെ പോലെ.

പവിത്ര: അമ്മ അഭിനയിച്ച ‘ലൂക്ക’ ഞങ്ങൾ ഒന്നിച്ചുകണ്ടു. ‘പഞ്ചാബി ഹൗസും’, ‘ഹേ ജൂഡു’മാണ് അമ്മയുടെ സിനിമകളിൽ എനിക്ക് ഏറെ ഇഷ്ടം. മോഡലിങ്ങും പാട്ടും ഡാൻസും അഭിനയവുമൊക്കെ ഇഷ്ടമാണ്. അഭിനയിക്കാൻ ചാൻസ് വന്നാൽ അമ്മയുടെ ഇഷ്ടം നോക്കി തീരുമാനിക്കും.

Tags:
  • Celebrity Interview