Monday 22 October 2018 03:57 PM IST

‘മനസു മടുപ്പിക്കുന്ന അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്’; സൗ പറയുന്നു, ‘ഈ പെണ്ണുങ്ങളെ തടയാൻ ആർക്കുമാകില്ല’

Roopa Thayabji

Sub Editor

director

കൊച്ചിയിലെ വാടകവീട്ടിൽ ദീർഘ യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്തിരിക്കുകയാണ് ‘സൗ’ എന്ന് ചുരുക്കപ്പേരുള്ള സംവിധായിക സൗമ്യ സദാനന്ദൻ. ‘മാംഗല്യം തന്തുനാനേന’ എന്ന ആ ദ്യ ചിത്രം തിയറ്ററിലെത്തിയതിന്റെ സന്തോഷമുണ്ട് സൗമ്യയുടെ ഒാരോ വാക്കിലും. കുട്ടിത്തം വിട്ടുമാറാത്ത പെൺകുട്ടിയെന്നു തോന്നുമെങ്കിലും മനസ്സിലും ചിന്തയിലും സിനിമ നിറച്ചുവച്ച ഈ മുപ്പത്തിമൂന്നുകാരി ആദ്യ ഡോക്യുമെന്ററിക്കു തന്നെ ദേശീയ പുരസ്കാരം നേടിയ മിടുക്കിയാണ്. സഹസംവിധായികയായും അവതാരകയായും അഭിനേത്രിയായും ഷോർട് ഫിലിം ഡയറക്ടറായുമൊക്കെ സിനിമയ്ക്കൊപ്പം നടന്ന സൗമ്യ സന്തോഷങ്ങളെ നേഞ്ചോടു ചേർക്കുന്നതും സിനിമാറ്റിക്കായി തന്നെ.

ബുജി ലുക്കും പക്കാ കൊമേഴ്സ്യൽ സിനിമയും ?

മുടി വെട്ടിയ, കണ്ണട വച്ച പെൺകുട്ടികൾ ബുദ്ധിജീവിയാണെന്ന് എല്ലാരും പറയും. ഈ ലുക്കിനു പറ്റിയ ടൈപ്പേയല്ല ഞാൻ. അസിസ്റ്റന്റ് ഡയറക്ടറായ കാലത്താണ് ചുരുണ്ട മുടി പ്രശ്നമാണെന്നു തോന്നി വെട്ടിയത്. ടിവി അവതാരകയായ‘ഫിലിം ലോഞ്ചി’നു വേണ്ടി സിനിമ കാണൽ പതിവായതോടെ കണ്ണിനു പ്രശ്നം വന്നു, അതോടെ കണ്ണട വച്ചു.

അടിപൊളി സിനിമ കണ്ട് പുളകം കൊള്ളുന്ന ആളാണ് ഞാൻ. സിനിമയെടുക്കാൻ ഇറങ്ങിയ കാലം മുതലേ കയ്യിൽ അഞ്ചാറു സബ്ജക്ടുകളുണ്ട്. അതെല്ലാം ഏഴോ എട്ടോ കോ ടി രൂപയ്ക്ക് ചെയ്തു തീർക്കാവുന്നതാണ്. പുതിയ ഡയറക്ടർ എന്ന നിലയിൽ, ഒരു പെൺ സംവിധായികയുടെ പ്രോജക്ടിന്റെ പ്രൊഡ്യൂസറാകാൻ പലരും മടിക്കും. പ്രാക്ടിക്കലായ ആദ്യ പ്രോജക്ട് ചെയ്യണമെന്നു മനസ്സിനെ പഠിപ്പിക്കുമ്പോഴാണ് സുഹൃത്തായ ടോണി മഠത്തിൽ ഈ തിരക്കഥയെക്കുറിച്ച് പറഞ്ഞത്. ടോണിയുടെ ആ തിരക്കഥ പലരെയും കാണിച്ചെങ്കിലും ഒന്നും നടന്നിരുന്നില്ല. ഞങ്ങൾ നാലു വർഷമെടുത്ത് 12 ഡ്രാഫ്റ്റ് ഉണ്ടാക്കി.

നിർമാതാവിനെ കിട്ടും മുൻപേ തന്നെ ചാക്കോച്ചനെ ക ണ്ടിരുന്നു. പിന്നീട് യുണൈറ്റഡ് ഗ്ലോബൽ മീഡിയക്ക് വേണ്ടി ആൽ‌വിൻ ആന്റണി ചേട്ടൻ അഡ്വാൻസ് തന്നു. പിന്നാലെ ഓരോരോ കഥാപാത്രങ്ങൾക്കും ജീവൻ വച്ചു. ഈ സിനിമ ഫുൾ വർക് കഴിഞ്ഞ് ആദ്യമായി കണ്ടപ്പോൾ കിട്ടിയ ലഹരി. ഇതിനു വേണ്ടിയാണ് വർഷങ്ങളിത്രയും ഞാൻ പ്രയത്നിച്ചത്.

എൻജിനീയറിങ്ങിനിടയിൽ സിനിമ വന്നതെപ്പോഴാണ് ?

അച്ഛന്റെ സ്ഥലം പന്തളമാണ്, അമ്മ കൊല്ലം ശൂരനാട്ടുകാരി. അമ്മ ഊർമിളാദേവി ടീച്ചറായിരുന്നു, അച്ഛൻ സദാനന്ദൻ കെഎസ്ആർടിസിയിലും. രണ്ടുപേരും ജോലി സംബന്ധിച്ച് തിരുവനന്തപുരത്തായിരുന്നതിനാൽ പട്ടത്തെ കേന്ദ്രീയ വിദ്യാലയത്തിലാണ് ഞാൻ പഠിച്ചത്.

ദൂരദർശനും ആകാശവാണിയും മാത്രമുണ്ടായിരുന്ന കാല ത്തേ, ബ്ലാക് ആൻഡ് വൈറ്റ് മനോരമ വാരിക ഉണ്ടായിരുന്ന കാലത്തേ സിനിമകളും ഉള്ളിൽ കയറിയിരുന്നു. അന്നേ ഞാൻ കഥ പറച്ചിലിന്റെ ആളാണ്. അവധിക്കാലത്ത് അമ്മ വീട്ടിലേക്ക് പോയി വന്നാൽ അത്യാവശ്യം പൊടിപ്പും തൊങ്ങലും വച്ച് ആ കഥകൾ കൂട്ടുകാരോടു പറയും. ആ കഥകൾ കേട്ട് കൂട്ടുകാർ വണ്ടറടിക്കുന്നത് കാണാനായിരുന്നു ഇഷ്ടം.

ബിഎ ലിറ്ററേച്ചർ ചെയ്യണമെന്നായിരുന്നു മോഹം. പക്ഷേ, തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ചെയ്തു. രണ്ടാം വർഷം കഴിഞ്ഞപ്പോൾ വീണ്ടും സിനിമ വിളിക്കാൻ തുടങ്ങി. മൂന്നാം വർഷം പഠിക്കുമ്പോൾ വീട്ടിലാരും അറിയാതെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എൻട്രൻസ് എഴുതി. അടുത്ത വർഷം പരീക്ഷാ ഫീസ് അടയ്ക്കാൻ കാശ് ചോദിച്ചപ്പോൾ അമ്മയ്ക്ക് മനസ്സിലായി, എന്റെ ക്രേസ് സീരിയസാണെന്ന്. പഠനം കഴിഞ്ഞ് ബെംഗളൂരുവിലെ മൾട്ടി നാഷനൽ കമ്പനിയിൽ ജോലിക്കു ചേർന്ന വർഷവും പരീക്ഷയെഴുതി. അക്കുറി ഉറപ്പിച്ചിരുന്നെങ്കിലും റിസൽറ്റ് വന്നപ്പോൾ പേരില്ല. നിരാശ തോന്നി ആ മോഹം വിട്ടു. നാലു വർഷം ജോലി ചെയ്തു. പിന്നീട് വീട്ടിൽ പോലും വിവരം പറയാതെ രാജിവച്ചു.

ആദ്യസിനിമയിലേക്ക് എട്ടുവർഷത്തെ കാത്തിരിപ്പുണ്ട് ?

നാട്ടിലേക്കു വരുന്നതിനു മുൻപാണ് രാജിവച്ച കാര്യം അമ്മയോടു പറഞ്ഞത്. നാട്ടിലെത്തി കൈയിലുള്ള പൈസ തീരും വരെ യാത്ര ചെയ്തു. നീലഗിരിയെ കുറിച്ച് സുഹൃത്ത് ചെയ്ത ഡോക്യുമെന്ററിക്കു വേണ്ടി കാട്ടിനുള്ളിൽ ഒന്നര മാസം കഴിഞ്ഞു. അതോടെ സിനിമയല്ലാതെ ഒരു വഴിയില്ലെന്ന് ഉറപ്പിച്ചു. അട്ടപ്പാടിയിലുള്ള കൂട്ടുകാരിയെ കാണാൻ പോയതാണ് ട്വിസ്റ്റ്. സംവിധായകൻ മമാസ് അവരുടെ ബന്ധുവാണ്. അങ്ങനെ 2011ൽ ‘സിനിമാ കമ്പനി’യിൽ അസിസ്റ്റന്റ് ഡയറക്ടറായി. കുറേ സിനിമകളിൽ ജോലി ചെയ്തു. ലെനിൻ രാജേന്ദ്രൻ സാറിന്റെ ‘ഇടവപ്പാതി’, അനൂപ് കണ്ണന്റെ ‘ജവാൻ ഓഫ് വെള്ളിമല’, രാജീവ്നാഥ് സാറിന്റെ ‘ഡേവിഡ് ആൻഡ് ഗോലിയാത്ത്’... ‘ഡേവിഡി’ലും ‘ഓർമയുണ്ടോ ഈ മുഖ’ത്തിലുമൊക്കെ അഭിനയിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് ഒരു ചാനലിലെ അവതാരകയായി. നാലു വർഷത്തിനു ശേഷം അതും വിട്ടു.

ആദ്യ ഡോക്യുമെന്ററിക്കു തന്നെ ദേശീയ അവാൻഡ് ?

dir_2

റോഡിയോയിൽ യേശുദാസ് സാറിന്റെ പാട്ടുകൾ മാത്രം വന്നിരുന്ന കാലമുണ്ട്. അന്നേയുള്ള മോഹമാണ് അദ്ദേഹത്തിന്റെ കച്ചേരി കേൾക്കണമെന്ന്. മൂകാംബികയിലും ചെമ്പൈ സംഗീതോത്സവത്തിലുമൊക്കെ ദാസ് സാർ പാടുമെന്നു കേട്ട് പാ ലക്കാട്ടേക്ക് വച്ചുപിടിച്ചു. സംഗീതോത്സവത്തിന്റെ നൂറാം വർഷമാണത്, പക്ഷേ, ഒരൊറ്റ മീഡിയയും ഇല്ല. വലിയ വിഷമം തോന്നി. പാലക്കാടു നിന്ന് 15 കിലോമീറ്റർ ഉള്ളിലുള്ള ഗ്രാമത്തിൽ നടക്കുന്ന ഫെസ്റ്റിവൽ കവർ ചെയ്യാൻ ആർക്കാണു താൽപര്യം. മികച്ച പ്രതിഫലം വാങ്ങുന്ന സംഗീത രംഗത്തെ ലെജൻഡുകൾ ഇവിടെ വന്നു ഗുരുവന്ദനം ചെയ്യണമെങ്കിൽ എത്ര മുകളിലായിരിക്കും ആ ഗുരുവിന്റെ സ്ഥാനം.

അങ്ങനെ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച് പഠിക്കാനും ഡോക്യുമെന്ററിയെടുക്കാനും തീരുമാനിച്ചു. കുറച്ചു നന്നായി ഈ ഫെസ്റ്റിവൽ നടത്താൻ സർക്കാർ തയാറാകുമെങ്കിൽ നല്ലതല്ലേ എന്നും ഓർത്തു. രണ്ടര വർഷം കൊണ്ടാണത് പൂർത്തിയാക്കിയത്. ‘ചെമ്പൈ– മൈ ഡിസ്കവറി ഓഫ് എ ലെജൻഡ്’ എന്ന ഡോക്യുമെന്ററിക്ക് ദേശീയ അവാർഡ് കിട്ടി .

നേട്ടങ്ങൾക്കിടയിലും മനസ്സു മടുക്കുന്ന അനുഭവങ്ങൾ ?

എല്ലാവർക്കും സന്തോഷം മാത്രം അറിഞ്ഞാൽ മതി. വിജയത്തിനു പിന്നിലെ പ്രയാസം നിറഞ്ഞ ദിനങ്ങളെ ആരും ശ്രദ്ധിക്കാറില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പുണ്ട് എനിക്കീ അവസരം കിട്ടാൻ. ഒരുപാട് ‘നോ’ കേട്ടു. പലരും നിരുത്സാഹപ്പെടുത്തി. അവതാരക ജോലി വിട്ടത് എന്റെ വാലിനു തീപിടിപ്പിക്കാൻ വേണ്ടിയാണ്. പക്ഷേ, രണ്ടുമാസത്തേക്കു കൂടിയുള്ള വാടകയേ കൈയിലുള്ളൂ. അതു തീർന്നതോടെ നിരാശയായി. അമ്മയും അച്ഛനും തിരുവനന്തപുരത്താണ്. രണ്ടര മാസത്തോളം ഞാൻ വീട്ടിൽ തന്നെയിരുന്നു. അസുഖം വന്നിട്ട് ചേട്ടൻ മരിച്ചതിന്റെ വിഷമവും ഉണ്ടായിരുന്നു. ലൈഫിലും പ്രഫഷനിലും വിഷമങ്ങളും നഷ്ടങ്ങളും വന്ന് ഡിപ്രഷന്റെ വക്കോളമെത്തി.

‘സൈറാബാനു’ സിനിമയിൽ അമല അക്കിനേനിയെ മലയാളം ഡയലോഗ് പഠിപ്പിക്കുന്ന ജോലി ഞാനാണ് ചെയ്തത്. തെലുങ്ക് സിനിമയിലെ ഏറ്റവും റിച് ഫാമിലിയിലെ മരുമകൾ. യാതൊരു തലക്കനവും ഈഗോയുമില്ലാത്ത കൂൾ വ്യക്തിത്വം. ഞാൻ കുരുത്തക്കേട് കാണിക്കുമ്പോൾ അവർ പറയും, ‘നിന്റെ പ്രായത്തിൽ ഞാൻ ഇതിലും കുരുത്തക്കേടായിരുന്നു’ എന്ന്. എനിക്കത് വിശ്വസിക്കാനേ പറ്റിയില്ല. കുരുത്തക്കേടുകൾ മാറ്റി പുതിയ വ്യക്തിയാക്കിയത് വർഷങ്ങൾക്കു മുമ്പ് ചെയ്ത ‘ബിപാസന ധ്യാന’മാണ് എന്ന് അവർ പറഞ്ഞു. തിരക്കിനിടയിലൊക്കെ അവർ കണ്ണടച്ചിരുന്ന് ധ്യാനിക്കുന്നത് കണ്ടിട്ടുമുണ്ട്. അങ്ങനെ ഞാൻ ജോധ്പൂരിലേക്ക് വണ്ടി കയറി. ഫോണും തമാശയും സംസാരവും ഇല്ലാതെ പത്തു ദിവസം.എല്ലാം കഴിഞ്ഞ് പുറത്തുവന്നത് പുതിയ ഞാനായിരുന്നു.

നാട്ടിൽ വന്നതിന്റെ പിറകേ ബീന പോൾ വിളിച്ചു, ‘തിരുവനന്തപുരം ചലച്ചിത്ര മേളയുടെ ഇന്ത്യൻ സിനിമാ വിഭാഗം സെലക്‌ഷൻ കമ്മിറ്റിയിലേക്ക് വരാമോ’ എന്നു ചോദിച്ച്. നല്ല കാര്യങ്ങൾ സംഭവിച്ചു തുടങ്ങുന്നത് പതിയെ അറിയാൻ തുടങ്ങി. ഷൂട്ട് ചെയ്തു വച്ച ‘റാബിറ്റ് ഹോൾ’ എഡിറ്റ് ചെയ്ത് റിലീസ് ചെയ്തത് അതിനു ശേഷമാണ്. അലൻസിയറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിന്റെ തീം ‘ഡിപ്രഷൻ’ ആണ്.

സിനിമയിൽ സ്ത്രീകൾക്ക് സ്ഥാനം കുറവാണോ ?

സിനിമയിലേക്ക് വരാൻ കാത്തിരിക്കുന്ന കഴിവുള്ള ഒരുപാടുപേരുണ്ട്. പക്ഷേ, വീട്ടുകാർക്ക് ഇഷ്ടമില്ല. ഇപ്പോൾ വന്നുനിൽക്കുന്ന ഞാനുൾപ്പെടെയുള്ളവരെല്ലാം സിനിമയോടുള്ള ഇഷ്ടം മൂത്ത് വട്ടായി വന്നവരാണ്. ഞങ്ങളെ പ്രതിരോധത്തിലാക്കാൻ പല ശ്രമങ്ങൾ നടന്നിട്ടുണ്ട്. ശാരീരികമായ ആക്രമണമല്ല, മറിച്ച് മനസ്സു മടുപ്പിക്കുന്ന അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. വീട്ടുകാരെയും നാട്ടുകാരെയും അവനവനെ തന്നെയും വെല്ലുവിളിച്ചു വരുമ്പോൾ ഇത് പൊട്ടിത്തെറിയിലേ അവസാനിക്കു. ദൗർഭാഗ്യകരമായ ഒരു സംഭവം വേണ്ടിവന്നു അങ്ങനെയൊരു പൊട്ടിത്തെറി ഉണ്ടാകാൻ. അതാണ് പുതിയ സംഘടന. മാറ്റം എല്ലായിടത്തുമുണ്ട്, സിനിമയിലും. ഡബ്ല്യുസിസിയി ലെ അംഗമാണ് ഞാനും. വീടും കുടുംബവും കുട്ടികളുമുള്ള, നന്നായി ജോലി ചെയ്യാനറിയാവുന്ന സ്ത്രീകൾ ഒന്നിച്ചു നിൽക്കുമ്പോൾ ആർക്കും തടയാനാകില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ നല്ല മാറ്റങ്ങൾ സിനിമയിൽ കാണുന്നുണ്ട്. ഇങ്ങനെ പോയാൽ പേടിയില്ലാതെ നിരവധി സ്ത്രീകൾ സിനിമയിലേക്ക് വരും. അതിനാണ് ഞങ്ങളുടെ ഈ തുടക്കം.

dir_fam

അടുത്ത പ്ലാൻ ?

കല്യാണം കഴിക്കാനുള്ള നിർബന്ധം സജീവമായുണ്ട്. പക്ഷേ, സിനിമ മാത്രമേ മനസ്സിലുള്ളൂ. ഈ വിജയം ആസ്വദിക്കണമെന്നാണ് ഇപ്പോഴത്തെ ഏക മോഹം. എഴുത്തുകാരൻ റസ്കിൻ ബോണ്ടിന്റെ ഫാനാണ് ഞാൻ. ഈ യാത്രയിൽ അദ്ദേഹത്തെ കാണണം. തിരിച്ചുവന്നിട്ട് അടുത്ത സിനിമ.