Thursday 13 December 2018 03:04 PM IST

ബല്ലാല ദേവനിൽ നിന്ന് ചുള്ളൻ ചെക്കനിലേക്ക്! ‘നെനെ രാജു നെനെ മന്ത്രി’യാവാൻ 14 കിലോ കുറച്ച് റാണ

Syama

Sub Editor

rana-inter

ബാഹുബലിയിൽ നായകനൊപ്പം കയ്യടി വാങ്ങിയ ആളാണ് വില്ലൻ. ബല്ലാലദേവനെ അവതരിപ്പിച്ച റാണ ദഗുബാട്ടി. മഹേന്ദ്ര ബാഹുബലിയെ കാലപുരിക്കയച്ച, മഹിഷ്മതിയിലെ ജനങ്ങളാൽ വെറുക്കപ്പെട്ട, കുടിലബുദ്ധിയായ രാജാവ്. പോസ്റ്റിലൂടെയും ലൈക്കിലൂടെയും ഷെയറിലൂടെയും ജനങ്ങൾ വാനോളം പുകഴ്ത്തുമ്പോഴാണ് റാണ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. തന്റെ  വലതു കണ്ണിനു കാഴ്ചശക്തിയില്ലെന്ന്. ശാരീരിക പരിമിതികളെ മറികടന്ന് വലിയ വിജയം കൈവരിക്കാമെന്ന് തെളിയിച്ച റാണയാണ് യഥാർഥ ഹീറോ എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

കാഴ്ചയില്ലെന്ന കാര്യം ഇത്രനാൾ മറച്ചു വച്ചതെന്തിനായിരുന്നു?

മറച്ചു വച്ചതൊന്നുമല്ല, ഇതൊക്കെ പറഞ്ഞ് വെറുതെ ആളുകളുടെ സിംപതി നേടാൻ ശ്രമിക്കുന്നത് ശരിയല്ലല്ലോ. ഒരു ചാനല്‍ പരിപാടിയിൽ വച്ചാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. ‘മെമു സൈതം’ എന്നൊരു തെലുങ്ക് ടിവി ഷോ ഉണ്ട്. വിഷമങ്ങൾ അനുഭവിക്കുന്ന ആളുകളെ സെലിബ്രിറ്റികൾ സഹായിക്കുന്ന പരിപാടിയാണത്. സഹായിക്കുന്നത് വെറുതെയല്ല, ബസ് കണ്ടക്ടർ, ചായ വിൽപന അങ്ങനെയുള്ള ജോലികൾ ചെയ്ത് അതിൽ നിന്ന് സമ്പാദിക്കുന്ന പണമാണ് പ്രധാനമായി അവർക്കു കൊടുക്കുന്നത്. കാഴ്ചയില്ലാത്ത ഒരു സ്ത്രീക്കും അവർ കഷ്ടതകൾ സഹിച്ച് ജോലി ചെയ്തു വളർത്തുന്ന കുട്ടികൾക്കും വേണ്ടിയായിരുന്നു ആ ഷോയിൽ ഞാൻ അതിഥിയായി ചെന്നത്. മാർക്കറ്റിൽ ചുമടെടുത്താണ് അവർക്കുള്ള പണം സ്വരൂപിച്ചത്. ആ അമ്മയ്ക്കും അവരുടെ മക്കൾക്കും ഒരു പ്രചോദനമായിട്ടാണ് വലതു കണ്ണിനു കാഴ്ചയില്ലാത്ത കാര്യം പറഞ്ഞത്. കോർണിയയിൽ ജന്മനാ വന്ന തകരാർ കാരണമാണ് കാഴ്ച പോയത്. പത്തു വർഷം മുൻപ് ശസ്ത്രക്രിയ ചെയ്തെങ്കിലും ഇപ്പോഴും ആ കണ്ണിലൂടെ നോക്കിയാൽ അവ്യക്തമായി ചിതറുന്ന നിറങ്ങൾ മാത്രമേ കാണാൻ കഴിയൂ. പക്ഷേ, ഇതൊന്നും ഒരു കുഴപ്പമായി കാണുന്നില്ല. ഞാൻ നല്ല ആരോഗ്യവാനാണ്.

ബല്ലാല ദേവ എന്ന കഥാപാത്രത്തെ കുറിച്ചും ബാഹുബലി എന്ന സിനിമയെക്കുറിച്ചുമുള്ള ഓർമകൾ?

അഞ്ചു വർഷത്തെ ഓർമകളാണ് ബാഹുബലി സമ്മാനിച്ചത്. അതിൽ അഭിനയിച്ചവർ, ആ സിനിമയിൽ പ്രവർത്തിച്ചവർ... അവരുടെയൊക്കെ ജീവിതം ബാഹുബലിക്കു മുൻപും ശേഷവും എന്നു തിരിക്കാവുന്നത്ര ത്രസിപ്പിക്കുന്ന അനുഭവങ്ങളാണ് ആ സിനിമ തന്നത്. എല്ലാവരുടേയും സ്കെയിലുകൾ ഉയർന്നു. അതിന്റെ ഏറ്റവും വലിയ വെല്ലുവിളി ഇനി ചെയ്യുന്നതൊക്കെ ഇതിലും മികച്ചതായി ചെയ്യുക എന്നതാണ്. ഒരു പ്രാദേശിക സിനിമയ്ക്ക് എത്ര ദൂരം വരെ സഞ്ചരിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബാഹുബലിയും ‘കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്’ എന്ന ചോദ്യവും.

സംവിധായകൻ രാജമൗലി സാറിനെ കുറിച്ച് എന്തെങ്കിലും പറയാൻ ഞാൻ ആളായിട്ടില്ല, അത്രയ്ക്കു നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. നന്നായി കഥ പറയുന്ന ആളാണ്. മനസ്സിൽ ആദ്യമേ സിനിമയുടെ ഓരോ ഫ്രെയിമും സെറ്റ് ചെ യ്ത് അത് എത്രയും പെർഫെക്‌ഷനോടെ എടുക്കാം എന്നു ചിന്തിക്കുന്ന സംവിധായകൻ. സിനിമ തിയറ്ററിൽ വന്നപ്പോഴാണ് ശരിക്കും അതിന്റെ വ്യാപ്തി മനസ്സിലായത്.

ഫൊട്ടോഗ്രഫർ, വിഷ്വൽ കോർഡിനേറ്റർ, പ്രൊഡ്യൂസർ, നടൻ... പല ലേബലുകൾ റാണയ്ക്കു സ്വന്തമായുണ്ട്. സിനിമയോട് ഇത്ര ഇഷ്ടം തോന്നാനുള്ള കാരണം?

വീട്ടുകാരെല്ലാം സിനിമാ മേഖലയിലാണ്. ഇതല്ലാതെ എനിക്കു വേറെ വഴിയില്ല. (റാണ പൊട്ടിച്ചിരിക്കുന്നു). മുത്തശ്ശൻ ദഗുബാട്ടി രാമനായിഡു അൻപതു വർഷത്തിലേറെ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന ആളാണ്. 13 ഭാഷകളിലായി 150ലേറെ സിനിമങ്ങൾ നിർമിച്ചതിന് ഗിന്ന സ് റെക്കോർഡ്സിൽ പേരുണ്ട്. ദാദാ സാഹിബ് ഫാൽകേ അവാർഡ് ജേതാവായിരുന്നു. അച്ഛൻ ദഗുബാട്ടി സുരേഷ് ബാബുവും പ്രൊഡ്യൂസറാണ്. സംവിധായകരും അവരുടെ അസിസ്റ്റന്റ്സും ക്യാമറാമാൻമാരുമൊക്കെയായിരുന്നു എന്റെ സുഹൃത്തുക്കൾ. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ ഡിടിഎസ് തിയറ്റർ പണിയാൻ തുടങ്ങിയത്. പഠിത്തത്തിൽ പുലിയായതുകൊണ്ട് പത്താം ക്ലാസ് രണ്ടു തവണ എഴുതി. പിന്നെ, ബികോമിനു ചേർന്നു. രണ്ടുമാസം  ക്ലാസ്സിൽ പോയപ്പോൾ തന്നെ ഇതെന്റെ വഴിയല്ലെന്നു മനസ്സിലായി. അങ്ങനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഇൻഡസ്ട്രിയൽ ഫൊട്ടോഗ്രഫി പഠിച്ചു. ഹൈദരാബാദിൽ വന്ന് മോഡലിങ് ചെയ്തു. പിന്നെ വിഷ്വൽ ഇഫക്ട്സ് പഠിച്ചു. അച്ഛനും ഞാനും കൂടി ഒരു വിഷ്വൽ ഇഫക്ട്സ് യൂണിറ്റ് തുടങ്ങി.

rana-inter2

അഞ്ചു കൊല്ലത്തോളം  ഞാനതു നോക്കിനടത്തി. 2007ൽ അതു വിറ്റു. ‘എ ബെല്ലി ഫുൾ ഓഫ് ഡ്രീംസ്’ എന്നൊരു സി നിമ തെലുങ്കിൽ പ്രൊഡ്യൂസ് ചെയ്തു. അതിനു ദേശീയ അ വാർഡും കിട്ടി. അതോടെ തീരുമാനിച്ചു എന്റെ വഴി സിനിമയാണെന്ന്. സിനിമയുടെ മറ്റെല്ലാ മേഖലകളിലും പിന്നീടും ജോലി ചെയ്യാം, അങ്ങനെ അഭിനയത്തിലൊരു കൈനോക്കാമെന്നു തീരുമാനിച്ചു. മുംബൈയിൽ ബാരി ജോണിനു കീഴിൽ ഞാൻ മാർഷ്യൽ ആർട്സ് അഭ്യസിച്ചു. ചെറുപ്പം മുതൽ യുഎസ്സ് സ്റ്റണ്ട് സ്കൂളിലും പോയിട്ടുണ്ട്. എന്റെ ബന്ധുവും സുഹൃത്തുമായ നാഗ ചൈതന്യ, സുഹൃത്തുക്കളായ രാം ചരൺ, അ ല്ലു അർജുൻ ഇവരൊക്കെ നേരത്തെ തന്നെ സിനിമയിലുണ്ട്. 2010 ൽ ലീഡർ എന്ന തെലുങ്ക് പടത്തിലൂടെയായിരുന്നു അഭിനയത്തിന്റെ തുടക്കം.

മുത്തച്ഛനുമായി നല്ല അടുപ്പമുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. അദ്ദേഹമാണ് എന്റെ സ്റ്റാർ. പത്തിൽ തോറ്റപ്പോൾ വീട്ടുകാർ മുഴുവൻ വഴക്കു പറഞ്ഞു. മുത്തച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല. ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് അതിൽ വിജയിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ചെറുപ്പക്കാരോട് സംസാരിക്കുന്ന എനർജിയാണ് മുത്തച്ഛനോട് സംസാരിക്കുമ്പോൾ കിട്ടുക. പല കാര്യങ്ങളിലും ഞങ്ങൾ തമ്മിൽ സാമ്യമുണ്ട്. ജയം, പരാജയം ഇതിനൊന്നും വേണ്ടി ടെൻഷനടിക്കാറില്ല. മറ്റുള്ളവർ എന്തു ചിന്തിക്കുമെന്നു കരുതി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വയ്ക്കാറില്ല. സിനിമയിൽ നിന്നു കിട്ടുന്ന പണം മുത്തച്ഛൻ സിനിമയിലേക്കു തന്നെ തി രിെക നൽകി. അക്കാര്യം ഞാനും പിൻതുടരാൻ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ വേർപാട് വല്ലാതെ വേദനിപ്പിക്കുന്നു.

അന്യഭാഷകളിൽ അഭിനയിക്കുന്നത് ഇഷ്ടമാണോ?

തീർച്ചയായും. പല ഭാഷകളിൽ അഭിനയിക്കുന്നത് എന്റെ കഴിവുകൾക്കുള്ള പരീക്ഷണമായിട്ടാണ് കണക്കാക്കുന്നത്. ഒരുപാട്  ആളുകളെ പരിചയപ്പെടാനും ഓരോരുത്തരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എങ്ങനെയെന്ന് അറിയുവാനുമുള്ള അവസരം കിട്ടും. ബാഹുബലിയുടെ പ്രമോഷൻ നടന്ന സമയത്ത് ആ സൗഹൃദങ്ങൾ നന്നായി പ്രയോജനം ചെയ്തു.

ആദ്യം ചെയ്ത ഹിന്ദി ചിത്രമാണ് ‘ദം മാരോ ദം’. ഹിന്ദി യിലും തെലുങ്കിലും ചെയ്ത സിനിമയായിരുന്നു ‘ഗാസി അ റ്റാക്ക്’. ഓം പുരി എന്ന മഹാനടന്റെ അവസാന സിനിമ. അത്തരം ഒരു പ്രതിഭയോടൊത്ത് ജോലി ചെയ്യാൻ സാധിച്ചത് ജീ വിതത്തിൽ വലിയ നേട്ടമായിട്ടാണ് കണക്കാക്കുന്നത്. എത്ര തൻമയത്വത്തോടെയാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്. കിട്ടുന്ന കഥാപാത്രം ഏറ്റവും മികച്ചതാക്കാനുള്ളതൊക്കെ അദ്ദേഹം ചെയ്യും. എല്ലാവരിൽ നിന്നും എന്തെങ്കിലുമൊക്കെ ഞാൻ പഠിക്കുന്നുണ്ട്.

ബല്ലാല ദേവനെ അവതരിപ്പിക്കാനുള്ളത്ര ശാരീരിക വലുപ്പമുണ്ടാക്കിയിട്ടും ഇപ്പോഴിതാ വണ്ണം കുറച്ച് ചുള്ളനായിരിക്കുന്നു. ഈ മാറ്റങ്ങൾ ശരീരത്തിനു ദോഷം ചെയ്യില്ലേ?

ഇത് എന്റെ ജോലിയുടെ ഭാഗമാണ്. മികച്ച ട്രെയ്നർമാരാണ് ഫിറ്റ്നസ് ട്രെയ്നിങ് ചെയ്യുന്നതും ഡയറ്റ് നിർദേശിക്കുന്നതും.12 ആഴ്ച കൊണ്ട് 18 കിലോയാണ് ബാഹുബലിക്കു വേണ്ടി കൂട്ടിയത്. ദിവസവും 40 മിനിറ്റ് നീണ്ടു നിൽക്കുന്ന രണ്ടു നേരത്തെ വർക്കൗട്ട്.  ഒൻപതു നേരം ഭക്ഷണം കഴിച്ചു. കാർഡിയോ വർക്കൗട്ടുകൾ കുറച്ച് ഹെവി വെയ്റ്റ് ലിഫ്റ്റിങ്ങിലാണ് ശ്രദ്ധിച്ചത്. ബാഹുബലിക്കു ശേഷം ‘ഗാസി അറ്റാക്ക് ’ ചെയ്യാൻ വണ്ണം കുറയ്ക്കണമായിരുന്നു. കുറച്ചു മാസത്തേക്കു സസ്യാഹാരം മാത്രം കഴിച്ചു. ഇപ്പോൾ 14 കിലോ കുറഞ്ഞു.  ഇനി ഇറങ്ങുന്നത് ‘നെനെ രാജു നെനെ മന്ത്രി’യാണ്. പിന്നെയുള്ളത് ബ്രിട്ടീഷ് ഇന്ത്യയുടെ കഥ പറയുന്ന ‘1945’ എന്ന ചിത്രമാണ്.

കേരളത്തിലും റാണയ്ക്ക് ആരാധികമാർ ഉണ്ട്. എന്താണ് റാണയുടെ വിവാഹ വാർത്തകൾ?

ആരാധികമാരെ നിരാശപ്പെടുത്തേണ്ട... വിവാഹത്തെക്കുറിച്ച് തൽക്കാലം നോ കമന്റ്സ്. കേരളവും മലയാള സിനിമകളും എനിക്കിഷ്ടമാണ്. ബാംഗ്ലൂർ ഡേയ്സ്, പുലി മുരുകൻ ഒക്കെ ഇഷ്ട ചിത്രങ്ങളാണ്. കൊതിപ്പിക്കുന്ന നാടാണ് കേരളം. കേരളത്തിൽ കിട്ടുന്ന ബീഫ് വരട്ടിയതിന്റെ ബിഗ് ഫാനാണു ഞാൻ. അല്ല, അതവിടെ ഇപ്പോഴും നിരോധിച്ചിട്ടില്ലല്ലോ ല്ലേ...?